ദേശീയതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കും വരെ സമരമുഖത്തുനിന്ന് പിന്മാറരുതെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഉപയോഗവും വില്‍പനയും നിരോധിച്ച കേരളത്തില്‍ ഉല്‍പാദനവും നിരോധിക്കാന്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധ.
എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സലിനും എച്ച്.ഐ.എല്ലിനും അനുകൂലമായ നിലപാടാണ് അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്്. ഈ നയം തിരുത്തി മണ്ണിനും മനുഷ്യനും കര്‍ഷകനും അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ തയാറാകണം. കേരള സര്‍ക്കാറാകട്ടെ ജലവും മണ്ണും മുലപ്പാലും മലിനമാക്കിയ ഈ കീടനാശിനിയുടെ ഉല്‍പാദനം തടഞ്ഞിട്ടില്ല. കേരളം ഉല്‍പാദനം നിരോധിക്കാത്തതുമൂലം എച്ച്.ഐ.എല്‍ കമ്പനിയുടെ എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുകയും അവിടെനിന്ന് തിരിച്ച് വീണ്ടും കേരളത്തിലെത്തുകയും ചെയ്യുകയാണ്്. ഇത് തടയണമെങ്കില്‍ കേരളം ഉല്‍പാദനം കൂടി നിരോധിക്കണം. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം ദേശീയ സമരമാക്കി പരിവര്‍ത്തിപ്പിക്കുന്നതിന് സോളിഡാരിറ്റിക്ക് നാഷനല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റിന്റെ പിന്തുണയുണ്ടായിരിക്കുമെന്നും ദേശീയതലത്തില്‍ ഈ സമരം ഇരുകൂട്ടര്‍ക്കും ഒരുമിച്ചുകൊണ്ടുപോകാമെന്നും മേധാ പട്കര്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധം ചര്‍ച്ച ചെയ്ത അന്തര്‍ദേശീയ വേദികളിലെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടതാണ് കാസര്‍കോട് ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ പ്രയോഗമെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത കാസര്‍കോട്ടുനിന്നുള്ള എം.പി പി. കരുണാകരന്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരും വിദഗ്ധരും അടങ്ങുന്ന നിരവധി സമിതികള്‍ പഠിച്ച റിപ്പോര്‍ട്ട് കൈയില്‍ വെച്ച് ഇനിയും മറ്റൊരു പഠനം നടത്തേണ്ട ആവശ്യമില്ല.
കോര്‍പറേറ്റും ഭരണകൂടവും എങ്ങനെ ഒന്നിക്കുന്നു എന്നതിനുള്ള തെളിവാണ് എന്‍ഡോസള്‍ഫാന്‍ എന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രഫ. എ.കെ. രാമകൃഷ്ണന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടി സ്വാഗതം ചെയ്ത സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ ഈ പാക്കേജ് പോരെന്നും നേരത്തേ പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണഫലം ദുരിതബാധിതര്‍ക്ക് ഇനിയും കിട്ടാത്ത കാര്യം പരിശോധിച്ച് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ നിരോധിക്കും വരെ എല്ലാവരുമായി യോജിച്ച് സമരം ശക്തിപ്പെടുത്തുമെന്നും മുജീബുറഹ്മാന്‍ പറഞ്ഞു.
മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം എസ്.ക്യു.ആര്‍. ഇല്യാസ്, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ശൂറാ അംഗം മുജ്തബ ഫാറൂഖ്, ബദീഉസ്സമാന്‍, അനീസ് റഹ്മാന്‍ എന്നിവരും സംസാരിച്ചു. എന്‍മകജെ പഞ്ചായത്തിലെ ദുരിതബാധിതനായ ദേവി കിരണ്‍ ഗാനം ആലപിച്ചു.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായി മരണപ്പെട്ട കാസര്‍കോട് ബദിയടുക്ക പഞ്ചായത്തിലെ കവിതയുടെ സഹോദരങ്ങളായ നാരായണന്‍, രാമചന്ദ്രന്‍, ബദിയടുക്കയിലെ അജിത് ഷാജി , അമ്മ സിന്ധു, ജീവന്‍ രാജ്, അവരുടെ മാതാപിതാക്കളായ ഈശ്വര്‍ നായിക്, പുഷ്പലത എന്നിവര്‍ പങ്കെടുത്തു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. ബഷീര്‍, എന്‍.കെ. അബ്ദുസ്സലാം, സമിതി അംഗങ്ങളായ കെ.ടി. ഹുസൈന്‍, മലയാളി ഹല്‍ഖ കണ്‍വീനര്‍ പി.കെ. നൗഫല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
No comments:
Post a Comment