scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Dec 7, 2010

സുജൂദിന്റെ മഹത്വം





ഒരു അറബിസ്ത്രീ എഴുതിയ സംഭവകഥയാണിത്. അംറ്ഖാലിദ് സൈറ്റില്‍ വായിച്ചതാണ് എന്നാണെന്റെ ഓര്‍മ. 
അവര്‍ റെസ്റ്റോറന്റില്‍ കയറിയപ്പോള്‍ അഭിമുഖമായി ഒരു പര്‍ദ്ദാധാരിണി. കണ്ണുകളിലൂടെ അവര്‍ ഒരു യൂറോപ്യന്‍ സ്ത്രീയാണെന്ന് മനസ്സിലായി. അവര്‍ ഇസ്‌ലാം സ്വീകരിച്ചവരാണെന്ന് തോന്നിയപ്പോള്‍ അറബിസ്ത്രീ ചോദിച്ചത്രെ, നിങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ നിങ്ങളുടെ കഥ ഞാനുമായി ഒന്ന് പങ്കിടാമോ? സോഫി (അതായിരുന്നു അവരുടെ പേര്) പറയാന്‍ തുടങ്ങി:


ഞാന്‍ ഹോളണ്ടില്‍ ജനിച്ചുവളര്‍ന്ന ഒരു ക്രിസ്ത്യന്‍ സ്ത്രീയായിരുന്നു. എന്റെ മാതാപിതാക്കള്‍ എന്നെ സന്യാസിനിയാക്കണമെന്നാണാഗ്രഹിച്ചിരുന്നത്. ഞാന്‍ സ്‌കൂള്‍പഠനം കഴിഞ്ഞ് പ്ലസ്ടുവിന് അടുത്തുള്ള ഒരു സ്‌കൂളില്‍ ചേര്‍ന്നു.
അതിനിടെ സോഫി മറ്റൊരു കാര്യം പറഞ്ഞു: 'ഞാന്‍ പറയട്ടെ, മുസ്‌ലിംകളെപ്പറ്റിയുള്ള എന്റെ ധാരണ വളരെ മോശമായിരുന്നു. കാരണം, ഞങ്ങളുടെ നാട്ടില്‍ ഒരു അറബിയെയോ മുസ്‌ലിമിനെയോ ഞാന്‍കണ്ടിട്ടില്ല. എന്റെ മാതാവില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, മുസ്‌ലിംകള്‍ മനുഷ്യരെ കൊല്ലുന്നവരും ഒട്ടകസവാരി നടത്തുന്നവരും ആണ്. യാതൊരു കാരണവശാലും അവരോടടുക്കരുത് (ഈ പ്രസ്താവനകള്‍ ഞാന്‍ കുട്ടിക്കാലത്തേ കേട്ടത്തിനാല്‍ മുസ്‌ലിംകളെക്കുറിച്ചുള്ള എന്റെ മനസ്സിലെ ചിത്രവും മറ്റൊന്നായിരുന്നില്ല).



പ്ലസ്ടു പഠനത്തിനുശേഷം ഞാനൊരു കെ.ജി. അധ്യാപികയായി. അതാ, അവിടെയൊരു മുസ്‌ലിം വിദ്യാര്‍ഥിനി. അമ്മ പറഞ്ഞ കാര്യങ്ങള്‍ വെച്ച് എനിക്കാ കുട്ടിയെ സ്‌നേഹിക്കാന്‍ പോലും കഴിഞ്ഞില്ല. കാണുമ്പോള്‍ത്തന്നെ നേരിയ ഭയം. പരമാവധി അടുക്കാതെ തന്നെ കഴിച്ചുകൂട്ടി.



ഒരു വര്‍ഷത്തിനുശേഷം ഹോളണ്ട് യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്നു. ഹോസ്റ്റലിലാണ് താമസം. അവിടെയും എന്നെ പേടിപ്പെടുത്തുന്ന ഒരു കാര്യമുണ്ടായിരുന്നു. ഒരു ഈജിപ്ഷ്യന്‍ യുവാവ് സഹപാഠിയായി ഉണ്ട്. അമ്മ പറഞ്ഞുതന്ന ഓര്‍മകള്‍ എന്റെ മനസ്സിലുണ്ട്. ഞാന്‍ പരമാവധി ഒഴിഞ്ഞുനിന്നു. പക്ഷേ, അദ്ദേഹം ചില സമയങ്ങളില്‍ കൂടുതല്‍ സുന്ദരനായും വല്ലാതെ ആകര്‍ഷണീയനായും കാണപ്പെട്ടു. അദ്ദേഹം ഒരു എക്‌സര്‍സൈസ് (സുജൂദ്) ചെയ്തുവരുമ്പോഴാണ് ആ ഭാവമാറ്റം. അവരുടെ മതപരമായ കാര്യമാണതെന്ന് പിന്നീടെനിക്ക് മനസ്സിലായി. എന്റെ ഹൃദയം അദ്ദേഹം കവരാന്‍ തുടങ്ങി. അദ്ദേഹം ഈ പണി (സുജൂദ്) ചെയ്യുന്നതോടൊപ്പം ഞങ്ങളോടൊപ്പം ബിയര്‍ കുടിക്കുകയും നൃത്തംവെക്കുകയും ചെയ്യുമായിരുന്നു. ഇദ്ദേഹത്തിന്റെ കൂടെ ജീവിക്കണം എന്ന മോഹം എന്നിലുദിച്ചു. പക്ഷേ, എന്റെ അമ്മ കുട്ടിക്കാലത്ത് പറഞ്ഞ ആള്‍ക്കാരുടെ കൂട്ടത്തിലുള്ള ആളാണല്ലോ എന്നു കരുതി ആ ബന്ധത്തെ ഞാന്‍ നിഷ്‌കരുണം അറുത്തുമാറ്റി. പക്ഷേ, സുജൂദ് ചെയ്യുമ്പോള്‍ മുഖത്ത് കളിയാടിയിരുന്ന ആ ഭാവം എന്റെ ഹൃദയത്തിന്റെ ഒരു കോണില്‍ കനലായി കിടന്നു.



അതിനിടെ, ഞാനൊരു ജൂതയുവാവുമായി അടുപ്പത്തിലായി. ഞങ്ങള്‍ ആദ്യത്തെ കൊല്ലത്തെ വെക്കേഷന്‍ ഇസ്രായേലില്‍ കഴിച്ചുകൂട്ടാന്‍ വേണ്ടി അങ്ങോട്ട് പോയി. എന്റെ ബോയ്ഫ്രണ്ടിന്റെ വീട് അവിടെയായിരുന്നു. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ നാടുകാണാനിറങ്ങും. അവിടെ വെച്ച് ഞാന്‍ ബാങ്ക് കേള്‍ക്കാനിടയായി. ചെറുപ്പം മുതലേ സംഗീതാസ്വാദകയായിരുന്ന എന്നെ ബാങ്ക് വല്ലാതെ ആകര്‍ഷിച്ചു.



ഒരു ദിവസം ഞങ്ങള്‍ ഒരു വലിയ മുസ്‌ലിം ദേവാലയ(മസ്ജിദുല്‍ അഖ്‌സ)ത്തിനടുത്തെത്തി. അപ്പോള്‍ അഞ്ചാറ് മുസ്‌ലിം യുവതികള്‍ അവിടേക്ക് കടക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, പട്ടാളക്കാര്‍ അവരെ തടയുന്നു. എന്റെ മനസ്സിനെ അത് വല്ലാതെ ആശയക്കുഴപ്പത്തിലാക്കി. 
ഞാനെന്റെ ബോയ്ഫ്രണ്ടിനോട് അതിന്റെ കാരണമന്വേഷിച്ചപ്പോള്‍ തികച്ചും അനീതിപരമായ ഉത്തരമാണ് ലഭിച്ചത്. എന്റെയുള്ളില്‍ എന്തോ കയ്പനുഭവപ്പെട്ടു. തിരിച്ച് വീട്ടിലെത്തി അയാളുമായി വഴക്കടിച്ചു. അയാള്‍ എനിക്ക് ചാര്‍ത്തിയിരുന്ന ഷഡ്‌കോണ്‍ നക്ഷത്രമാല പൊട്ടിച്ച് അയാളുടെ മുമ്പില്‍ വലിച്ചെറിഞ്ഞു. എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് പിറ്റേന്നുതന്നെ ഹോളണ്ടിലേക്ക് യാത്രയായി.



കോളേജ് രണ്ടാംകൊല്ലത്തിലേക്ക് പ്രവേശിച്ചു. കയ്‌പേറിയ ദിനങ്ങള്‍. വീണ്ടും ഈജിപ്ഷ്യന്‍ യുവാവ് എന്റെ ഹൃദയത്തില്‍ കരടായിത്തുടങ്ങി. എന്തിന് പറയുന്നു, ഞാന്‍ അദ്ദേഹവുമായി അടുക്കാന്‍ തുടങ്ങി. അവസാനം ജീവിതം അദ്ദേഹവുമായി പങ്കിടാമെന്ന് തീരുമാനിച്ച് പഠനം കഴിഞ്ഞ് അദ്ദേഹത്തോടൊപ്പം ഈജിപ്തിലെത്തി. മുഹമ്മദ് എന്നാണദ്ദേഹത്തിന്റെ പേര്. കഥ കേട്ട് ഞാന്‍ നെടുവീര്‍പ്പിട്ടു. പറയൂ, ബാക്കി കൂടി പറയൂ. ഞാന്‍ സോഫിയെ പ്രോത്സാഹിപ്പിച്ചു. സോഫി തുടര്‍ന്നു:



മുഹമ്മദ് ഈജിപ്തിലെത്തിയപ്പോഴും മദ്യം കഴിക്കും, നൃത്തം വെക്കും, സുജൂദും ചെയ്യും. അങ്ങനെ സന്തോഷകരമായ നാളുകള്‍ കഴിഞ്ഞുപോകവേ ഒരു ദിവസം മുഹമ്മദ് കുറേ സമയം പുറത്തായിരുന്നു. എനിക്ക് ഒരു തോന്നല്‍. മുഹമ്മദ് ചെയ്യുന്ന ഈ സുജൂദ് ഒന്ന് പരീക്ഷിച്ചുനോക്കിയാലോ? ഞാന്‍ രണ്ടും കല്പിച്ച് സുജൂദ് ചെയ്തു! എനിക്കാ അനുഭവം വിവരിക്കാനാകുന്നില്ല. ഞാന്‍ സുജൂദിലനുഭവിച്ച സുഖം. ഞാനിതുവരെ അത്തരം ഒരു സുഖം അനുഭവിച്ചിട്ടില്ല. ഞാനതില്‍ കിടന്ന് പൊട്ടിക്കരയാന്‍ തുടങ്ങി. എന്റെ ശരീരവും മനസ്സും ഭാരരഹിതമായ പോലെ. എന്നെ മാലാഖമാര്‍ വന്ന് പൊതിയും പോലെ. അന്വേഷിച്ച സന്തോഷം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. യഥാര്‍ഥ സന്തോഷം ഇതാണ്, ഇത് മാത്രമാണ്. ഞാനെത്ര സമയം അങ്ങനെ കിടന്നുവെന്നെനിക്ക് അറിയില്ല. ''സോഫീ, നീയെന്താണ് ഈ ചെയ്യുന്നത്? സോഫീ, സോഫീ, നിനക്കിതാരാണ്‌ പഠിപ്പിച്ചുതന്നത്?''



മുഹമ്മദിന്റെ വിളികേട്ടാണ് ഞാനെഴുന്നേറ്റത്. എനിക്ക് മുസ്‌ലിമാകണം. ഞാനുറക്കെ പറഞ്ഞു. അപ്പോള്‍ത്തന്നെ മുഹമ്മദ് എന്നെയും കൂട്ടി അസ്ഹര്‍ ഇമാമിന്റെ അടുത്തെത്തി. ശഹാദത്ത് ചൊല്ലിത്തന്നു. രണ്ടുകൊല്ലമാകുന്നു ഇപ്പോള്‍. ഞാന്‍ ഇസ്‌ലാമിനെപ്പറ്റി പഠിച്ചു. ഖുര്‍ആനും ഹദീസും പഠിച്ചു. മുഹമ്മദിനെയും കുടുംബത്തെയും ഇപ്പോള്‍ ഞാന്‍ ദീനുല്‍ ഇസ്‌ലാമിനെപ്പറ്റി പഠിപ്പിച്ചുകൊണ്ടിരിക്കുന്നു!


സുബ്ഹാനല്ലാഹ്! ഞാനാരുടെ മുമ്പിലാണ് ഇരിക്കുന്നത്? നിഖാബിനിടയിലൂടെ കണ്ട രണ്ട് നീലക്കണ്ണുകളില്‍ ഇത്ര ദീര്‍ഘമായ കഥകള്‍ കാത്തിരിപ്പുണ്ടായിരുന്നുവോ?


സോഫീ, നീ തീര്‍ച്ചയായും ലോകത്തെ അതീവ ഭാഗ്യവതികളില്‍ ഒരാളാണ്.


അതെ, സഹോദരീ, ഞാനെന്റെ ഭാഗ്യം തിരിച്ചറിയുന്നു. മരണംവരെ ആ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാന്‍ നീയും പ്രാര്‍ഥിക്കണം.


തീര്‍ച്ചയായും - റസ്റ്റോറന്റില്‍നിന്ന് ഞാന്‍ സോഫിയോട് യാത്രപറഞ്ഞെങ്കിലും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായി മാറി.



കഥ അല്പം നീണ്ടുപോയി അല്ലേ. ഇതിലധികം ചുരുക്കിപ്പറഞ്ഞാല്‍ ഇതിന്റെ ഭംഗി നഷ്ടപ്പെടും. ചിന്തിക്കുക, നാമാരാണ്? മുസ്‌ലിംകള്‍ എന്ന വര്‍ഗത്തെ ലോകം എങ്ങനെയൊക്കെയാവും വീക്ഷിച്ചുകൊണ്ടിരിക്കുന്നത് അല്ലേ? കുടിയനായിരുന്നെങ്കിലും മുഹമ്മദിന്റെ സുജൂദ് അവനെയും നന്മയുടെ വഴിത്താരയിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്നു.


* * * * *


കോഴി കൊത്തുന്ന പോലെ സുജൂദ് ചെയ്യുന്ന നമ്മള്‍ സുജൂദിന്റെ മഹത്വം ഒന്ന് പരീക്ഷിച്ചുനോക്കുക. ഭൂമിയിലെ ഏറ്റവും സുഖകരമായ കാര്യം ഏതാണ് എന്നതിന് സുജൂദ് എന്ന് മറുപടി പറയാന്‍ നമ്മില്‍ എത്രപേര്‍ക്കാവും? ഞാനിടക്കോര്‍ക്കും, ഈ സുജൂദ് ഉണ്ടായിരുന്നില്ലെങ്കില്‍ പടച്ചവനേ, നമ്മുടെ അവസ്ഥ എന്തായിരിക്കും? വല്ല സന്തോഷവും ഉണ്ടാകുമോ? 



"സുജൂദിലായിരിക്കുമ്പോള്‍ നാഥാ ഞാന്‍ നിന്നോട് കൂടുതല്‍ അടുക്കുന്ന പോലെ എനിക്ക് തോന്നുന്നു..
നിന്റെ കാല്പാദങ്ങളില്‍ ഞാനെന്റെ ചുണ്ടമര്‍ത്തി കണ്ണീരൊലിപ്പിക്കുമ്പോള്‍ ഞാനെത്ര സുരക്ഷിതനെന്ന്
എന്റെ മനം എന്നെ ബോധ്യപ്പെടുത്തുന്നു.."


തീര്‍ച്ചയായും സുജൂദിന്റെ മഹത്ത്വം വര്‍ണ്ണനാതീതമാണു...
അതില്‍ മുഴുകി പ്രാര്‍ത്ഥിക്കുമ്പോഴുള്ള മന:സംതൃപ്തി മറ്റൊന്നിനും പകരമാവില്ല തന്നെ..
പ്രത്യേകിച്ചും ഇരു ഹറമുകളിലും   വെച്ചുള്ള  റമദാനിലെ ഖിയാമുല്‍ ലൈല്‍ നമസ്സ്ക്കാരത്തില്‍ നീണ്ടു നില്‍ക്കുന്ന സുജൂദില്‍ അതിന്റെ ആനന്ദം വിവരണാതീതമാണ്സുജൂദിലുണ്ടാകുന്ന  മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത് നമ്മുടെ ഇമാനിനെ കൂടിയാണ് എന്നതില്‍ സംശയമില്ല. 


പ്രാര്‍ഥനക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കുന്ന സന്ദര്‍ഭമാണ് സുജൂദ്, അതിനെ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. സുജൂദ് സ്വീകരിക്കപ്പെടുന്ന ഭാഗ്യവാന്മാരില്‍ റബ്ബ് നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.





സബിത  ടീച്ചറുടെ ബ്ലോഗില്‍ നിന്നും പകര്‍ത്തിയത് 

Share/Bookmark

No comments: