അനീതിയുടെ വാര്‍ഷികങ്ങള്‍
ഇന്ത്യയിലെ മതേതരമനസുകള്‍ ഒരിക്കലും മറന്നു പോകാന്‍ പാടില്ലാത്ത ദിവസമാണ് ഡിസംബര്‍ 6. പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ് രാജ്യത്തെ നിയമ-സുരക്ഷാ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി ഹിന്ദു തീവ്രവാദികള്‍ അയോധ്യയിലെ ബാബ്റി മസ്ജിദ് പൊളിച്ചു മാറ്റിയത്. ഒരുപക്ഷേ, ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ സംഘടിത കുറ്റകൃത്യം. ഈ രാജ്യത്തെ നിയമവാഴ്ച എന്നു പറയുന്നത് ആപേക്ഷികമാണെന്ന് ഈ തലമുറയോട് മുഴുവന്‍ വിളിച്ചു പറയാന്‍ ഒരു സംഘം തീവ്രവാദികള്‍ക്കായെന്നു മാത്രമല്ല, വെറുപ്പും അക്രമവും പ്രത്യയശാസ്ത്രമായുള്ള ഒരു രാഷ്ട്രീയം രാജ്യത്തെ നെടുകെ പിളര്‍ക്കുക കൂടി ചെയ്തു. ഒരുപക്ഷേ, ബാബ്റി മസ്ജിദ് പൊളിക്കപ്പെട്ടില്ലായിരുന്നെങ്കില്‍, അല്ലെങ്കില്‍ പൊളിച്ചു മാറ്റിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് മതേതര നിയമവാഴ്ചയെ ഭരണകൂടം ശക്തിപ്പെടുത്തിയിരുന്നെങ്കില്‍, 2002ലെ ഗുജറാത്ത് വംശഹത്യ നടക്കുമായിരുന്നില്ല. ബാബ്റി പള്ളി പൊളിച്ചവരെ മാത്രമല്ല, വംശഹത്യ ആസൂത്രണം ചെയ്തവരേയും തൊടാനുള്ള ആരോഗ്യവും നമ്മുടെ ജനാധിപത്യ റിപബ്ലിക്കിനില്ലാതെ പോകുന്നത് തീര്‍ച്ചയായും അതിന്റെ സംരക്ഷിക്കേണ്ടവരുടെ പിടിപ്പുകേടുകൂടിയാണ്.
ഇത്തവണത്തെ പള്ളിപൊളിക്കല്‍ വാര്‍ഷികത്തിന് മുന്‍പില്ലാത്ത പ്രത്യേകതയുണ്ട്. അയോധ്യാ ഭൂമിക്കേസില്‍ വിധിയുണ്ടായതിനു ശേഷം വരുന്ന ആദ്യ വാര്‍ഷികമാണിത്. പള്ളി പൊളിക്കുന്നതിനും മുന്‍പേ തുടങ്ങിയ കേസാണെങ്കിലും, അലഹാബാദ് ഹൈക്കോടതിയുടെ വിധി പരോക്ഷമായി പള്ളി പൊളിച്ചു മാറ്റിയതിനെ ന്യായീകരിക്കുന്നതായിരുന്നു എന്ന കടുത്ത ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പള്ളി നിലനിന്നിരുന്ന സ്ഥലമുള്‍പ്പെടെയുള്ള ‘തര്‍ക്കഭൂമി’ മൂന്നായി ഭാഗിച്ച് രണ്ടു ഭാഗം പൊളിച്ചവര്‍ക്കും, ഒരുഭാഗം ആരുടെ ആരാധനാലയമാണോ പൊളിക്കപ്പെട്ടത് അവര്‍ക്കും നല്‍കണമെന്ന് ഉത്തരവിട്ട കോടതിവിധിയെ പിന്നെ എങ്ങിനെയാണ് സാമാന്യബുദ്ധികള്‍ വ്യാഖ്യാനിക്കേണ്ടതെന്ന് ആര്‍ക്കും ചോദിക്കേണ്ടിവരും. പള്ളി ആരൊക്കെ ചേര്‍ന്നു പൊളിച്ചു മാറ്റി എന്ന് വ്യക്തമായി പറയുന്ന ജസ്റ്റിസ് ലിബര്‍ഹാന്റെ ലിബര്‍ഹാന്‍ ആയിരത്തി ഇരുന്നൂറ്റി ഒന്‍പതു പേജുള്ള അന്വേഷണ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ കട്ടപ്പുറത്തിരിക്കുമ്പോള്‍ തന്നെയാണ് അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നത് എന്നതാണ് ശ്രദ്ധേയം. 2009 ജൂണ്‍ 30നാണ് ലിബര്‍ഹാന്‍ പതിനേഴു വര്‍ഷത്തെ അന്വേഷണപര്‍വമവസാനിപ്പിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നത്. അതേ വര്‍ഷം നവംബറില്‍ റിപോര്‍ട്ട് വിശദവിവരങ്ങളോടെ പത്രങ്ങളിലെത്തുകയും ചെയ്തു. ബിജെപി നേതാക്കളായ അടല്‍ ബിഹാരി വാജ്പായി, മുര്‍ളി മനോഹര്‍ ജോഷി, എല്‍കെ അദ്വാനി എന്നിങ്ങനെ രാജ്യത്തെ കൊമ്പന്മാരെല്ലാമുള്‍പ്പെടുന്ന 68 പേര്‍ ബാബ്റി പള്ളി പൊളിച്ചതില്‍ കുറ്റക്കാരാണെന്ന് ലിബര്‍ഹാന്‍ കണ്ടെത്തിയിട്ടുണ്ട്. ആര്‍എസ്എസ്, സംഘപരിവാര്‍ നേതൃത്വമാണ് അയോധ്യയില്‍ ക്ഷേത്രം പണിയാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഒരു സങ്കീര്‍ണ്ണ ശസ്ത്രക്രിയയേക്കാളും ആസൂത്രിതവും മുന്‍കൂര്‍ തയ്യാറാക്കപ്പെട്ടതുമായിരുന്നു ഈ പദ്ധതികളെല്ലാം. ഇവര്‍ മതേതര ഇന്ത്യയ്ക്ക് പകരം ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം കൊണ്ടുനടക്കുന്നവരാണ് എന്നും ലിബര്‍ഹാന്‍ പറയുന്നു. ഈ റിപോര്‍ട്ടിന്മേല്‍ മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്നറിയാന്‍ ഇന്ത്യയുടെ സെക്കുലര്‍ മനസ്സിനു ആകാംക്ഷയുണ്ട്? അലഹാബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍, വിധി പള്ളി പൊളിച്ചതിന്റെ ന്യായീകരണമല്ലെന്നു പറഞ്ഞയാളാണ് ആഭ്യന്ത്ര മന്ത്രി പി ചിദംബരം. ആ ആര്‍ജവത്തെ അഭിനന്ദിക്കുമ്പോള്‍ തന്നെ മാസങ്ങളായി തന്റെ മേശപ്പുറത്തിരിക്കുന്ന അന്വേഷണ റിപോര്‍ട്ടിനെ ആഭ്യന്തര മന്ത്രാലയം എന്തു തീരുമാനിച്ചു എന്നു ജനങ്ങളോട് പറയാനുള്ള ഉശിരും കാണിക്കേണ്ടിയിരുന്നു, അദ്ദേഹം.
അനീതിയുടെ വാര്‍ഷികങ്ങള്‍ അമര്‍ഷത്തോടെ എത്രകാലം നാം ആചരിച്ചു കൊണ്ടിരിക്കും? കുറ്റം ചെയ്തത് ആരൊക്കെയാണെന്ന് സര്‍ക്കാര്‍ തന്നെ നിയമിച്ച ഒരു കമ്മിഷന്‍ കണ്ടെത്തിയിട്ടും ഒരുനടപടിയുമെടുക്കാന്‍ ഭരണകൂടം തുനിയാത്തതെന്തു കൊണ്ട്? ആര്‍ ആരെയാണ് ഭയക്കുന്നതു? ആര്‍ ആര്‍ക്കാണ് ഒത്താശ ചെയ്യുന്നതു? നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആരാധനാലയം ഒരു സംഘം തീവ്രവാദികള്‍ പൊളിച്ചു മാറ്റിയത് ഒരു ക്രൈം പോലുമല്ലെന്ന് നിയമവ്യവസ്ഥയ്ക്ക് തോന്നുന്നതെന്തുകൊണ്ട്? ഹിന്ദുത്വ തീവ്രവാദം ഇന്ത്യന്‍ ലിബറലിസത്തില്‍ അനുവദനീയമാണെന്നാണോ അതു സൂചിപ്പിക്കുന്നത്? ഇതില്‍ പലതിന്റെയും ഉത്തരം പകല്‍ പോലെ വ്യക്തമാണ്. അതാണു ഇന്ത്യന്‍ ജനാധിപത്യം അനുഭവിക്കുന്ന വേദനയും. 1992 ഡിസംബര്‍ ആറിന് തീവ്രവാദികള്‍ കത്തി വച്ചത് ബാബ്റി മസ്ജിദിന്റെ മേല്‍ മാത്രമല്ല, ഇന്ത്യന്‍ റിപബ്ലിക്കിന്റെ കടയ്ക്കലാണ്. പടിപടിയായി ഒരു മൂല്യവ്യവസ്ഥയെ തച്ചുടക്കപ്പെടുമ്പോള്‍ അതു ആദ്യം തിരിച്ചറിയേണ്ടതും ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരുകളാവേണ്ടിയിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതു സംഭവിക്കാത്തതു കൊണ്ടാണ് ക്രിമിനലുകള്‍ ഇപ്പോഴും വാഴുന്നോര്‍കളായി തുടരുന്നത്. ഡിസംബര്‍ 6 കൊണ്ടു വരുന്ന ഏറ്റവും വലിയ ഓര്‍മയും അതു തന്നെ.
courtesy By dillipost
No comments:
Post a Comment