ലവ് ജിഹാദ് : കേസ് ഡയറി പൂട്ടുമ്പോള്‍ ....
ലവ് ജിഹാദുമായി ബന്ധപ്പെട്ട അവസാന കേസും കേരള ഹൈക്കോടതി അവസാനിപ്പിച്ചു. പക്ഷെ അത് കേരളീയ സമൂഹത്തില്‍ ഏല്‍പ്പിച്ച മുറിവ് ഉണങ്ങുമോ എന്ന ചോദ്യം അവശേഷിക്കുന്നു.
കേരളത്തിലും കര്‍ണ്ണാടകയിലും മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രേമം നടിച്ച് മതം മാറ്റത്തിന് പ്രേരിപ്പിക്കുന്നു. ഇവര്‍ക്ക് ഒരു സംഘടന ഉണ്ട്. കോളേജുകളിലും ജോലി സ്ഥലത്തും മറ്റും ഇവര്‍ സജീവമാണ്. കോളേജ് കുമാരി മാരെയും ഉദ്യോഗസ്ഥര്‍ ആയ യുവതികളെയും ആണ് ഇവര്‍ നോട്ടം ഇട്ടിരിക്കുന്നത്. ഇതര മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിക്കുവാനും, വലയില്‍ വീഴ്ത്തി വിവാഹത്തിലേക്ക് എത്തിക്കുവാനും ആണ് സന്ഘടനയുടെ നിര്‍ദേശം. രണ്ടു ആഴ്ചയ്ക്കുള്ളില്‍ പ്രണയത്തില്‍ വീഴാത്ത പെണ്‍കുട്ടികളെ ഉപേക്ഷിക്കുവാനും, പ്രണയിച്ചു എത്രയും വേഗം തന്നെ വിവാഹത്തില്‍ എത്തിക്കുവാനും, അത് കഴിഞ്ഞു ഏതാനും മാസക്കാലം കൊണ്ടു മത പരിവര്‍ത്തനം ചെയ്യുവാനും, വീട്ടുകാരില്‍ നിന്നും അകറ്റി നിര്‍ത്തുവാനും, കുറഞ്ഞത് മൂന്നു നാല് കുട്ടികള്‍ എങ്കിലും ഉണ്ടാക്കുവാനും ആണ് ഈ സംഘടന നിഷ്കര്‍ഷിക്കുന്നത്. ഇവര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ ആണ് ആസ്ഥാനം. മുസലിം ചെറുപ്പക്കാര്‍ക്ക് ഈ സംഘടന മൊബൈല്‍ഫോണും ബൈക്കും എല്ലാം സൌജന്യമായി നല്‍കും. ഇങ്ങനെ ഒരു പെണ്‍കുട്ടി വലയിലായാല്‍ ലക്ഷം രൂപ പ്രതിഫലം. നാലായിരത്തോളം പെണ്‍കുട്ടികള്‍ ഇങ്ങനെ ഇസ്ലാമീകരിക്കപ്പെട്ടു കഴിഞ്ഞു. എന്നിങ്ങനെയായിരുന്നു പ്രചാരണങ്ങള്‍ . ഹിന്ദുസ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്നും മുജാഹിദികളെ (ജിഹാദ് ചെയ്യുന്നവര്‍) സൃഷ്ടിക്കാന്‍ ആണ് ലൗ ജിഹാദ് പ്രസ്ഥാനം ആരംഭിച്ചത് എന്നും 2007 മുതല്‍ ഇതര മതസ്ഥരായ 4000 പെൺകുട്ടികളെ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കി എന്നുപോലും ക്ഷേത്രസംരക്ഷണസമിതി ആരോപിച്ചു.
തങ്ങളുടെ മക്കളെ എങ്ങനെ ഈ ജിഹാദികളില്‍ നിന്ന് രക്ഷിക്കുമെന്ന് മാതാപിതാക്കള്‍ വ്യാകുലപ്പെട്ടു. മുസ്ലിം ചെറുപ്പക്കാരെ സൂക്ഷിക്കണമെന്ന് മാതാ പിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് ഉപദേശം നല്‍കിത്തുടങ്ങി. ക്ലാസിലെ മുസ്ലിം കുട്ടികളോട് ഇടപെടുന്നത് സൂക്ഷിച്ചുവേണം. അവരെ വിശ്വസിച്ചുകൂടാ. കാമ്പസുകളില്‍ ലഘുലേഖകളും മറ്റും വിതരണം ചെയ്യപ്പെട്ടു. പത്രങ്ങള്‍ മത്സരിച്ച് പരമ്പരകള്‍ എഴുതി. ചാനലുകള്‍ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു. ഒരു പ്രത്യേക സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തികച്ചും വര്‍ഗീയമായ പ്രചാരണങ്ങള്‍ ഒട്ടേറെ നടന്നു. സാംസ്കാരിക നായകന്മാരെ പതിവുപോലെ 'അമ്പല നടയിലും കണ്ടില്ല പിന്നെ അരയാല്‍ തറയിലും കണ്ടില്ല'. ഒരു മുസ്ലിം യുവാവ് അമുസ്ലിം യുവതിയോട് സംസാരിക്കുന്നത് പോലും സംശയത്തോടെ നോക്കിക്കാണാന്‍ തുടങ്ങി. കോടതിക്കും സംശയമായി. അന്വേഷിക്കണമെന്ന് ജഡ്ജി. അങ്ങനെ അന്വേഷണം തുടങ്ങി. എന്നിട്ടോ?
അങ്ങനെയൊരു സംഘടന പ്രവര്‍ത്തിക്കുന്നതായി ഒരു ചെറിയ തെളിവ് പോലും കിട്ടിയില്ല. നാലായിരത്തോളം "ഇരകളെ " മനോരമ 'കണ്ടെത്തി'യെങ്കിലും കോടതിയില്‍ ഒന്നും നിലനിന്നില്ല. അവസാനം അങ്ങനെയൊന്നില്ല എന്ന തീര്‍പ്പിലുംഎത്തി.
ഇത് കേട്ട് നിങ്ങള്‍ തെറ്റിദ്ധരിക്കരുത് ഈ പ്രചാരണങ്ങള്‍ തുടങ്ങിയതും നടത്തിയതും ഹിന്ദു വര്‍ഗീയ വാദികളാണെന്നു. ലവ് ജിഹാദ് കാമ്പയിന്‍ ആരംഭിച്ചതു മലയാള മനോരമയും കലാ കൌമുദിയും കേരള ശബ്ദവുമാണ്. ക്രൈസ്തവ സഭയും ഹിന്ദു ഐക്യവേദിയും പിന്നീട് ഇത് ഏറ്റുപിടിച്ചു. ക്രിസ്ത്യന്‍ ജാഗ്രതാ സമിതി ലഘുലേഖ പ്രസിദ്ധീകരിച്ചു.
ഇത്രക്കും അസംബന്ധമായ ഒരു ആരോപണം ഒരു ജനതയുടെ മേല്‍ കെട്ടിവച്ച് ആഘോഷിക്കുമ്പോള്‍ മാധ്യമങ്ങള്‍ അല്‍പം കൂടി പക്വത കാണിക്കണമായിരുന്നു. മനോരമ പത്രം അതിന്റെ ചരിത്രത്തില്‍ ഇത്രത്തോളം അധ;പതിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പമ്പര വിഡ്ഢിത്തങ്ങള്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു. കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച്(മനോരമ സ്റ്റൈല്‍ ) വിവരിച്ചു. ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന ഏര്‍പ്പാട് കുറെ കാലം അവര്‍ തുടര്‍ന്നു. സംഘ പരിവാര്‍ പോലും അവരുടെ ലഘുലേഖയില്‍ ഉദ്ധരിച്ചതു മനോരമ വിവരണങ്ങള്‍ ആണ്..
ഇപ്പോഴിതാ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ലവ് ജിഹാദുമായി ബന്ധപ്പെട്ട അവസാന കേസും കോടതി നിര്‍ത്തുന്നു. ഫയലുകള്‍ അടക്കുന്നു. മനോരമയുടെ ജിഹാദ് കെട്ടടങ്ങി. നാലായിരത്തിന്റെ കണക്കൊന്നും കേള്‍ക്കുന്നില്ല. അസംബന്ധം പ്രചരിപ്പിച്ച ആ പത്രങ്ങളൊക്കെ 'മലയാളത്തിന്റെ സുപ്രഭാതം' ആയും 'പത്രത്തോടൊപ്പം ഒരു സംസ്കാരം പ്രചരിപ്പിച്ചും' ഇന്നും നമ്മുടെ വീട്ടുപടിക്കല്‍ എത്തുന്നു. മാധ്യമങ്ങള്‍ നടത്തിയതൊക്കെ നുണപ്രചരണം ആണെന്ന് വ്യക്തം. പക്ഷെ അപ്പോഴേക്കും പലരുടെയും മനസ്സുകളില്‍ പലരെ കുറിച്ചും പല ധാരണകളും രൂപപ്പെട്ടിരുന്നു. മനസ്സുകളില്‍ സംശയവും അവിശ്വാസവും വളര്‍ന്നിരിക്കുന്നു. അത് തന്നെയാണ് 'ലവ് ജിഹാദിന്റെ ' ഉപജ്ഞാതാക്കള്‍ ലക്‌ഷ്യം വച്ചതും.
കടപ്പാട് --
ഹഫീസിന്റെ ബ്ലോഗില്‍ നിന്നും
No comments:
Post a Comment