scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Dec 13, 2010


മുഹര്‍റം മാസവും ആശുറാഇന്‍റെ ശ്രേഷ്ഠതയും

     
     ഹിജ്റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായ മുഹര്‍റം മാസവുമായി ബന്ധപ്പെട്ട്‌ ഒരുപാട് അബദ്ധധാരണകള്‍ ഇന്ന് സാധാരണക്കാര്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്നു എന്നതു ഒരു ദുഃഖ സത്യമാണ്. എന്നാല്‍ മത പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും പരിശോധിക്കുമ്പോള്‍ മുഹര്‍റം അനുഗ്രഹീതവും, പുണ്യം നിറഞ്ഞതുമായ മസമായിട്ടാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌.അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത് ശ്രദ്ധിക്കുക:  "തീര്‍ച്ചയായും ആകാശഭൂമികളുടെ സൃഷ്ടിപ്പ് ദിവസം രേഖപ്പെടുത്തിയത് അനുസരിച്ച് മാസങ്ങളുടെ എണ്ണം അല്ലാഹുവിങ്കല്‍ പന്ത്രണ്ടു മാസങ്ങളാകുന്നു. അവയില്‍ നാലെണ്ണം(യുദ്ധം വിലക്കപ്പെട്ട ) പവിത്ര മാസങ്ങള്‍ ആകുന്നു. അതാണ് നേരായ മതം. അതിനാല്‍ പ്രസ്തുത മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌” (സൂറ: തൗബ: 36).
അപ്രകാരം തന്നെ ഹദീസിലും കാണാവുന്നതാണ്.അബൂബക്കര്‍(റ) പറയുന്നു, നബി (സ്വ) പറഞ്ഞു "വര്‍ഷത്തില്‍ പന്ത്രണ്ടു മാസങ്ങളാണ് അതില്‍ നാലു മാസങ്ങള്‍ പവിത്ര മാസങ്ങളാണ്, ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നീ തുടര്‍ച്ചയായി വരുന്ന മൂന്നു മാസങ്ങളും മറ്റൊന്ന് റജബ് മാസവുമാകുന്നു” (ഹദീസ് ബുഖാരി).
മുഹര്‍റം മാസത്തെ ഇമാം മുസ്‌ലിം(റ) റിപ്പോര്ട് ചെയ്ത ഹദീസില്‍ ശഹ്റുല്ലഹി (അല്ലാഹുവിന്റെ മാസം) എന്നാണ് നബി(സ്വ)വിശേഷിപ്പിച്ചിരിക്കുന്നത് എന്നതും പ്രസ്തുത മാസത്തിനു മറ്റു മാസങ്ങളുടെ കൂട്ടത്തിലുള്ള ശ്രേഷ്ടതയാണ് വ്യക്തമാക്കിത്തരുന്നത്‌.
മേല്‍ വചനങ്ങളില്‍ നിന്നെല്ലാം മുഹര്‍റ മാസം ആദരിക്കപ്പെടേണ്ട മാസമാണ് എന്ന് നിസ്സംശയം മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം അല്ലാഹുവിന്റെ ചിഹ്നങ്ങളെയും അല്ലാഹു ആദരിക്കാന്‍ പറഞ്ഞ മാസങ്ങളെയും നിങ്ങളൊരിക്കലും അനാദരിക്കരുതെന്ന് അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നതും കാണുക; ”സത്യവിശ്വാസികളെ അല്ലാഹുവിന്റെ ചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത് പവിത്രമായ മാസങ്ങളെയും” (മാഇദ ;2)
മുഹര്‍റം നഹ്സിന്റെ മാസമോ ?
ഖുര്‍ആനും ഹദീസും പുണ്യ മാസമെന്നും അല്ലാഹുവിന്റെ മാസമെന്നും വിശേഷിപ്പിക്കുകയും, അനാദരിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തിട്ടും; ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ സമുദായത്തിലെ ഭൂരിഭാഗം ജനങ്ങളും മുഹര്‍റം മാസം പിറക്കുന്നത്‌ തന്നെ നഹ്സ്(അശുഭ മായിട്ടാണ്) കാണുന്നത്.!? യഥാര്‍ത്ഥത്തില്‍ ഇസ്ലാമുമായി ഇത്തരം വിശ്വസാചാരങ്ങള്‍ക്ക് ബന്ധമൊന്നുമില്ല.
ഇസ്ലാമില്‍ നിന്നും വ്യതിചലിച്ചു പോയ ശിയാക്കളുടെ വിശ്വാസത്തില്‍ നിന്നും കടമെടുത്തവയാണ് അത്തരം വിശ്വാസങ്ങള്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌. നബി(സ്വ) യുടെ പൗത്രന്‍ ഹുസൈന്‍(റ) കര്‍ബലയില്‍ വെച്ച്‌ അതിദാരുണമായി കൊല ചെയ്യപ്പെട്ടതിന്റെ ദുഃഖ സൂചകമായി ശിയാക്കള്‍ പ്രസ്തുത മാസം നഹ്സിന്റെ മാസമായി കാണുകയും ഹുസൈന്‍(റ) ന്റെ പ്രീതിക്കായി സ്വന്തം ശരീരത്തെ പീഡിപ്പിക്കുകയും പ്രസ്തുത മാസത്തില്‍ ദുഃഖം ആചരിക്കുകയും മറ്റും ചെയ്യാറുള്ളത് കുപ്രസിദ്ധമാണ്.എന്നാല്‍ അതാകട്ടെ വിശ്വാസികള്‍ക്ക് അനുകരിക്കാന്‍ പാടില്ലാത്തതുമാണ്‌.
നഹ്സ് നോക്കല്‍ ജൂതായിസം
നഹ്സ് വിശ്വാസവുമായി, ജീവിക്കല്‍ മുസ്ലിമിന് പാടുള്ളതല്ല. സത്യവിശ്വാസി അവന്റെ ജീവിതം സദാ സമയവും അല്ലാഹുവില്‍ ഭാരമെല്‍പ്പിച്ചു ജീവിക്കാന്‍ കടപ്പെട്ടവരാണ്. അവനെ സംബന്ധിച്ചേടത്തോളം ഏതെങ്കിലും മാസത്തെയോ ദിവസത്തെയോ ദുഷിച്ചു പറയുക എന്നതു പോലും പാടില്ലാത്തതാണ്. അത് പോലെ തന്നെ ചിലയാളുകള്‍, നശിച്ചനേരം, ലക്ഷണം കെട്ട നേരം എന്നിങ്ങനെ അനങ്ങിയാല്‍ കാലത്തെ ദുഷിച്ചു പറയുന്നതും ശരിയല്ല. അത് അല്ലാഹുവിലെക്കാണ് ചെന്നെത്തുക. അല്ലാഹു പറയുന്നതായി നമുക്ക് ഇപ്രകാരം ഹദീസുകളില്‍ കാണാവുന്നതാണ് "നിങ്ങള്‍ കാലത്തെ ചീത്ത പറയരുത്(അല്ലാഹുവാകുന്ന)ഞാനാകുന്നു കാലം”. (ബുഖാരി).തന്നെയുമല്ല സുബഹി നമസ്കാരം ജമാഅത്തായി നമസ്കരിക്കുന്നവന്‍ അല്ലാഹുവിന്റെ കാവലിലാണ് എന്ന് നബി(സ്വ) പഠിപ്പിച്ച് തരികയും ചെയ്തിരിക്കുന്നു. നഹ്സില്‍ വിശ്വസിക്കുന്നത് സംബന്ധിച്ച്
ശാഫി ഈ പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നത് കാണുക:
"നഹ്സ് നോക്കല്‍ ജൂതന്മാരുടെ നടപടിയില്‍ പെട്ടതാണ്. സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന മുസ്ലിംകളുടെ മാര്‍ഗത്തില്‍ പെട്ടതല്ല” (ഫതാവല്‍ ഹദീസിയ്യ പേജ് 23).
ജാഹിലിയ്യത്ത് വീണ്ടും !
ജാഹിലിയ്യ കാലത്ത് പതിവുണ്ടായിരുന്നതും കുഫ്ര്‍ ആണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതുമായ ഒരു ദുരാചാരമാണ് നസീഅ’. "വിലക്കപ്പെട്ട മാസം പുറകോട്ട് മാറ്റുക എന്നതു സത്യനിഷേധത്തിന്റെ വര്‍ദ്ധനവ്‌ തന്നെയാകുന്നു”(തൗബ :37).
കലഹപ്രിയരായിരുന്ന ജാഹിലിയ്യ കാഫിറുകള്‍ മൂന്നു മാസം തുടര്‍ച്ചയായി യുദ്ധത്തില്‍ നിന്ന് വിട്ട് നില്ക്കാന്‍ കഴിയാതെ വരുമ്പോള്‍ പകരം മറ്റേതെങ്കിലും ഒരു മാസത്തെ പവിത്രമാസമായി നിശ്ചയിച്ച്,അല്ലാഹു ആദരിക്കാന്‍ പറഞ്ഞ മാസത്തെ അനാദരിക്കുമായിരുന്നു. ഇതാണ് മേല്‍ സൂചിപ്പിച്ച ‘നസീഅ’ കൊണ്ട് ഉദ്ധേശിക്കുന്നത്. ഏകദേശം അതെ നസീഇന് തുല്യമായ ആചാരമാണ് ഇക്കാലത്തെ പുരോഹിത വര്‍ഗ്ഗവും, അറിവില്ലാത്ത സാധാരണക്കാരെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. മുഹര്‍റ മാസത്തെ നഹ്സായി, ഒന്നിനും കൊള്ളാത്ത മാസമായി പഠിപ്പിക്കുകയും അതിന് പകരമെന്നോണം ഖുര്‍ആനോ സുന്നത്തോ യാതൊരു പ്രത്യേകതയും കല്പിച്ചിട്ടില്ലാത്ത റബീഉല്‍ അവ്വലിനെ പുണ്യ മാസമായി ആദരിക്കുകയും ചെയ്യുന്നു! എന്തൊരു വിരോധാഭാസം! പഴയ ജഹിലിയ്യത്ത് തന്നെ!.
അല്ലാഹുവിന്റെ പ്രഖ്യാപനം എത്ര വ്യക്തമായി പുലരുന്നു!?
"സത്യവിശ്വാസികളെ പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു”(തൗബ :34)
അല്ലാഹു, ഖുര്‍ആനും സുന്നത്തുമാകുന്ന പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത, എല്ലാ വിധ അന്ധ വിശ്വാസങ്ങളില്‍ നിന്നും നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ (ആമീന്‍ ).
ആശുറാഅ’ (മുഹര്‍റം 10) നോമ്പ് 
റമദാനിനു ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റം മാസത്തിലെ നോമ്പ് ആകുന്നു”. (മുസ്‌ലിം).
"ഖുറൈശികള്‍ ജാഹിലിയ്യ കാലത്ത് മുഹര്‍ റം പത്തിന് നോമ്പ് അനുഷ്ടിക്കാരുണ്ടായിരുന്നു. റമദാനില്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെടുന്ന്തു വരെ നബി(സ്വ)യും പ്രസ്തുത നോമ്പ് എടുക്കുകയും സ്വഹബികളോട് നോമ്പ് നോല്‍ക്കാന്‍ കല്‍പിക്കുകയും ചെയ്തു”.(ബുഖാരി)
"മദീനയില്‍ ജൂതന്മാര്‍ ആശൂറാനോമ്പ് അനുഷ്ടിക്കുന്നത് കണ്ടപ്പോള്‍ അവിടുന്ന് ചോദിച്ചു ഇതെന്താണ്? അവര്‍ പറഞ്ഞു ഇതൊരു പുണ്യദിനമാണ്. മൂസാ നബി(അ)യെയും ഇസ്രാ ഈല്യരെയും അല്ലാഹു ശത്രുക്കളില്‍ നിന്ന് രക്ഷിച്ച ദിവസമാണിന്ന്; അതിനാല്‍ മൂസാ നബി(അ) ആ ദിവസം നോമ്പ് എടുത്തിരുന്നു . അപ്പോള്‍ നബി (സ്വ) പറഞ്ഞു: മൂസാ(അ) യോട് നിങ്ങളെക്കാള്‍ കടപ്പെട്ടവന്‍ ഞാനാണ്‌. തുടര്‍ന്ന് അവിടുന്ന് ആ ദിവസത്തില്‍ നോമ്പ് എടുക്കുകയും അനുചരന്മാരോട് നോമ്പ് നോല്‍ക്കാന്‍ കല്‍പിക്കുകയും ചെയ്തു”.(ബുഖാരി).
മുഹര്‍റം ഒമ്പതിനും:(താസുആഉ)
"നബി(സ്വ) ആശുറാഉ ദിവസം നോമ്പ് നോല്‍ക്കാന്‍ കല്പിച്ചപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: പ്രവാചകരെ,ജൂതന്മാരും ക്രിസ്ത്യാനികളും ആദരിക്കുന്ന ദിവസമാണല്ലോ അത്. അപ്പോള്‍ പ്രവാചകന്‍ (സ്വ) പറഞ്ഞു: ഇന്‍ശഅല്ലഹ് അടുത്ത വര്‍ഷം നാം ഒമ്പതിന് നോമ്പ് അനുഷ്ടിക്കുന്നതാണ്. പക്ഷെ അടുത്ത വര്‍ഷം വരുന്നതിനു മുമ്പായി നബി(സ്വ) മരണപ്പെടുകയുണ്ടായി”(മുസ്‌ലിം)
ഇമാം ബൈഹഖിയുടെ ഹദീസില്‍ നിങ്ങള്‍ ഒമ്പതിനും പത്തിനും നോമ്പ് നോറ്റ് ജൂതന്മാരോട് എതിരാവുക”. (ബൈഹഖി 4 ;287)
അതിനാല്‍ മുഹര്‍റം ഒമ്പതിനും പത്തിനും നാം നോമ്പ് അനുഷ്ടിക്കലാണ് കൂടുതല്‍ ഉത്തമം എന്ന് മനസിലാക്കാം.
പാപങ്ങള്‍ പൊറുക്കപ്പെടുന്നു
ആശുറാഉ ദിവസത്തിലെ നോമ്പിന്റെ മഹത്വത്തെ സംബന്ധിച്ച് നബി(സ്വ) യോട് ചോദിച്ചപ്പോള്‍ അവിടുന്ന് ഇങ്ങനെ പറഞ്ഞു: "കഴിഞ്ഞു പോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അത് മൂലം പൊറുക്ക പ്പെടുന്നതാണ്”(മുസ്‌ലിം)
അതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ കഴിഞ്ഞു പോയ ഒരു വര്‍ഷത്തില്‍ സംഭവിച്ച പൊറുപ്പിക്കാന്‍ കൈവന്ന ഈ സുവര്‍ണ്ണാവസരം നാം ഉപയോഗപ്പെടുത്തുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുക.
തൗഹീദിന്റെ വിജയദിനം
മുഹര്‍റ മാസം, വിശേഷിച്ചും മുഹര്‍റം പത്ത് വിശ്വാസികള്‍ക്ക് സന്തോഷിക്കാനുള്ള ദിവസമാണ്. മൂസാ നബി(സ്വ) യെയും അനുയായികളെയും ഫിര്‍ഔനിന്റെ മര്‍ദനത്തില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയ ദിനമാണ്. അതുകൊണ്ട് പ്രസ്തുത ദിവസം നോമ്പ് നോറ്റു കൊണ്ട് നാം നമ്മുടെ സന്തോഷം രേഖപ്പെടുത്താന്‍ തയ്യാറെടുക്കുക. കാരണം അത് തൗഹീദിന്റെ വിജയദിനമാണ്. അതോടൊപ്പം ധിക്കാരിയായ ഫിര്‍ ഔനിന്റെ പതനത്തെ കുറിച്ച് ചിന്തിച്ച് നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുവാനും നാം അവസരമുണ്ടാക്കുക. അല്ലാഹു പറയുന്നു: "എന്നാല്‍ നിന്റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുന്നതിനു വേണ്ടി നിന്റെ ശരീരത്തെ നാം ഇന്ന് രക്ഷപ്പെടുത്തി എടുക്കുന്നതാണ്(പക്ഷെ മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ പറ്റി അശ്രദ്ധരാണ് ” (യൂനുസ്:92)
നാമും ഹിജ്രക്കായി ഒരുങ്ങുക നാം ഒരു പുതിയ ഹിജ്റ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഈ സന്ദര്‍ഭത്തില്‍, പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് നമ്മുടെ മുന്‍ഗാമികള്‍ പ്രത്യേകിച്ചും പ്രവാചകന്‍ മുഹമ്മദ്‌(സ്വ) യും അനുയായികളും(മുഹജിറുകളും അന്സ്വാറുകളും) ഹിജ്റയുടെ പേരില്‍ മതരംഗത്ത്‌ അനുഭവിക്കേണ്ടതായി വന്ന ത്യാഗത്തിന്റെ കയ്പ്പേറിയ കഥകള്‍ അനുസ്മരിക്കുകയും അതോടൊപ്പം മുഹജിറുകളെപ്പോലെ പരലോകമാഗ്രഹിച്ചു ത്യാഗമനുഷ്ടിക്കാനും അനസാറുകളെപോലെ മതത്തെ സഹായിക്കാനും നാം പ്രതിജ്ഞ എടുക്കുക! അല്ലാഹു പറയുന്ന വിജയം നേടിയെടുക്കുക:
"മുഹജിറുകളില്‍ നിന്നും അന്സ്വാര്കളില്‍ നിന്നുമാദ്യമായി മുന്നോട്ടു വന്നവരും സുകൃതം ചെയ്തു കൊണ്ട് അവരെ പിന്തുടര്ന്നവരുമാരോ അവരെ പറ്റി അല്ലാഹു സംതൃപ്തനയിരിക്കുന്നു. അവനെ പറ്റി അവരും സംത്രുപ്തരയിരിക്കുന്നു .താഴ്ഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. അവരതില്‍ നിത്യ വാസികള്‍ ആയിരിക്കും അതത്രേ മഹത്തായ ഭാഗ്യം” (സൂറ തൗബ :100)
നാം ഖബറിലേക്ക് അടുക്കുന്നു!
സഹോദരങ്ങളെ, നാം ഒരു പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നു. എന്നാല്‍, അതോടൊപ്പം അല്ലാഹു നമുക്ക് നിശ്ചയിച്ച ആയുസ്സ് ചുരുങ്ങി ക്കൊണ്ടിരിക്കുന്നു, ഓരോ വര്‍ഷം പിന്നിടുമ്പോഴും നമ്മുടെ, ഖബറിലേക്ക് ഉള്ള ദൂരം കുറയുകയും നാം മരണത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയും ചെയ്യുകയാണ് എന്നത് മറക്കാതിരിക്കുക.

മുന്‍ കഴിഞ്ഞു പോയ സമുദായങ്ങളുടെ പാഠങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്.
 അത് കൊണ്ട് ഭൂമിയില്‍ വളരെ വിനീത ദാസന്മാരായി ചരിക്കുക, ധിക്കാരവും, ഗര്‍വ്വും, തന്പോരിമയുമൊക്കെ നമ്മെ നാശതിലേക്കെ കൊണ്ട് ചെന്നെതിക്കൂ എന്നറിയുക ,
എന്റെ പൂര്‍വികര്‍ നടന്ന വഴിയിലൂടെയാണ് ഞാനും നടക്കുന്നത്, എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്കാര്‍ക്കും അധികാരമില്ല എന്ന മനോഭാവത്തോടെയാണ് പലരും ഇന്ന് ജീവിക്കുന്നത്. സമ്പത്ത് വര്‍ദ്ധിക്കുന്നതിനനുസരിച്ച്, അനുസരണക്കേടും വര്‍ധിക്കുന്നു. അത് പിശാചിന്റെ ഒരുതരം 'കളിയാണ്' എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്
നാളെ പടച്ചവന്റെ മുന്‍പില്‍ തനിക്കു ലഭിച്ച  എല്ലാ 'നിഅമാത്തുകള്‍ക്കും'  ഉത്തരം നല്‍കേണ്ടതുണ്ട് എന്നാ പൂര്‍ണ ബോധ്യത്തോടെ പ്രവര്‍ത്തിക്കുക ജീവിക്കുക. ജീവിത വിജയത്തിന് ഒരു വിധ 'shortcut' കളും ഇല്ല എന്ന് കൂടി മനസ്സിലാക്കുക, കാരണം നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് അത്തരം കാലഘട്ടത്തിലാണല്ലോ, എങ്ങനെ എളുപ്പം പണവും സ്ഥാന മാനങ്ങളും സ്വന്തമാക്കാം എന്നിത്യാതി കാര്യങ്ങള്‍...
എപ്പോഴും തന്റെ താഴെയുള്ളവരെ ശ്രദ്ദിക്കുക, തനിക്കു അവരെക്കാളും കൂടുതല്‍ ലഭിച്ചല്ലോ എന്നതില്‍ ആശ്വസിക്കുകയും അതില്‍ നന്ദി കാണിക്കുകയും ചെയ്യുക
ഈ പുതുവര്‍ഷത്തില്‍ ഞാന്‍ ഇന്ന ഇന്ന നല്ല കാര്യങ്ങളൊക്കെ ചെയ്യും എന്ന പ്രതിഞ്ഞയെടുത്തു മുന്നേറുക
പടച്ചവന്‍ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ ...
ആമീന്‍
പ്രവാചകന്‍ (സ്വ)യുടെ മാര്‍ഗ്ഗം പിന്‍പറ്റി ജീവിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖു നല്‍കട്ടെ(ആമീന്‍ ).

Share/Bookmark

2 comments:

Unknown said...

nice article....d last part about new yr n remindin f death was really suprb
......all d best ma aangale....

majeed said...

very nice ....keep posting good msgs