വിഷമഴയില്‍ മരണം നനഞ്ഞവര്‍ -അംബികാസുതന്‍ മാങ്ങാട്
മനുഷ്യന്റെ വേദനകളെ പകര്‍ത്തുന്നതില്‍ ക്രൂരമായ ഒരാനന്ദമുണ്ട്. നരകയാതന അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും നിലവിളികളെ ഭാഷയില്‍ വര്‍ണ്ണിച്ചെടുക്കുന്നതിലും ക്രൂരമായ ആനന്ദമുണ്ട്. അതുകൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് ഒരു നോവല്‍ എഴുതില്ല എന്ന് ഞാന്‍ ആദ്യമേ തീര്‍ച്ചപ്പെടുത്തിയത്. ഒരു ദശകക്കാലം മുമ്പ്, മുടിനരച്ചു തുടങ്ങിയ ജയകൃഷ്ണനെന്ന കുഞ്ഞിനെ ആദ്യം കാണുമ്പോള്‍ ഞാനോര്‍ത്തതേ ഇല്ല, ഈ കുഞ്ഞ് മുടിമുഴുവന്‍ നരച്ച് ശരീരമാസകലം വ്രണങ്ങള്‍ നിറഞ്ഞ് മരിച്ചുപോകുമെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം നോവല്‍ എഴുതാനിരിക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് കയറിവന്ന് നോവലിലെ പ്രധാന'വേഷ'ങ്ങളിലൊന്ന് സ്വയം സ്വീകരിച്ച് എന്റെ സ്വാസ്ഥ്യം കെടുത്തുമെന്നും. നിയോഗവശാല്‍ അങ്ങനെ സംഭവിച്ചു. നോവലെഴുത്തിന് മുമ്പേ ജയകൃഷ്ണന്‍ മരിച്ചു. സുജിത്തും കലേഷുമൊക്കെ നോവലെഴുത്തിന് ശേഷം മരണപ്പെട്ട 'കഥാപാത്ര'ങ്ങളാണ്.
ഏറ്റവും ഒടുവില്‍, ഈയിടെയാണ് കവിത മരിച്ചത്. നോവലിലെ ഭാഗ്യലക്ഷ്മി, നാവ് ഉള്ളിലേക്ക് എടുക്കാനാവാതെ ഇരുപത്തിമൂന്ന് കൊല്ലം 'ജീവിച്ച' കുട്ടി. മരണത്തിലും അവളുടെ നാവ് പുറത്തേക്ക് നീണ്ട് കിടപ്പായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാഴ്്ച അതായിരുന്നു. നിസ്സഹായമായ ആ കിടപ്പിന് മുന്നില്‍ നിന്ന് ഞാന്‍ ആ കുഞ്ഞിനോട് നിശ്ശബ്ദം മാപ്പ് ചോദിച്ചു. അവളെ കഥാപാത്രമാക്കിയതിന്. ഇത് ലോകത്തിലൊരു നോവലിസ്റ്റിനും നേരിടാനില്ലാത്ത ദുരന്തവിധിയാണ്. സ്വന്തം കഥാപാത്രങ്ങള്‍ മരിച്ചുപോകുമ്പോള്‍ അവരുടെ മൃതദേഹങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി നിന്ന് മനസ്സില്‍ നിലവിളിക്കുക! മാപ്പ് ചോദിക്കുക!
നോവല്‍ ഒരു നിലവിളിയാണ്. മരക്കാപ്പിലെ തെയ്യങ്ങള്‍ ഒരു നിലവിളിയില്‍ നിന്നാരംഭിക്കുകയും മറ്റൊരു നിലവിളിയില്‍ അവസാനിക്കുകയും ചെയ്യുന്നു. രണ്ടു നിലിവിളികള്‍ക്കിടയില്‍ ബോധപൂര്‍വ്വം ഞാന്‍ നോവലിനെ നിബന്ധിക്കുകയായിരുന്നില്ല. അറിയാതെ സംഭവിച്ചതാണ്. തൊണ്ട പൊളിയുന്ന നിലവിളികള്‍ കൊണ്ടാണ് മനസ്സിന്റെ കഠിനമായ അശാന്തിയെ മനുഷ്യന്‍ വിവര്‍ത്തനം ചെയ്യുന്നത് എന്നാണ് മരക്കാപ്പിലെ ആരംഭവാക്യം.
അസാധാരണമായ നിശ്ശബ്ദതയാണ് എന്‍മകജെ എന്ന നോവലിന്റെ ആരംഭത്തിലും അവസാനത്തിലും. എന്നാല്‍ നോവല്‍ നിലവിളിയാണ് എന്ന് എനിക്ക് ശരിക്കും ബോധ്യപ്പെട്ടത് എന്‍മകജെയുടെ രചനാകാലത്താണ്. ഇതിലെ അനുഭവങ്ങളെ നോവല്‍ രൂപത്തില്‍ ആഖ്യാനം ചെയ്യില്ലെന്ന് ഉറപ്പിച്ചിരുന്നു. മരക്കാപ്പിനുശേഷം രണ്ട് മൂന്ന് പ്രമേയങ്ങള്‍ ആവിഷ്‌കാരത്തിന് വേണ്ടി മനസ്സില്‍ തിരതല്ലുന്നത് കൊണ്ടായിരുന്നില്ല, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ (എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയുടെ ആദ്യത്തെ ചെയര്‍മാന്‍ എന്ന ഉത്തരവാദിത്ത്വവും) ഒരു ദശകക്കാലമായി എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ച ദുരന്തഭൂമിയിലൂടെ സഞ്ചരിക്കേണ്ടി വന്നപ്പോഴൊക്കെ ഞാന്‍ എന്നോട് ഉറപ്പിച്ചിരുന്നു പാപമാണ്, നീ ഇത് എഴുതരുത്.
അന്യഗ്രഹജീവികളെപ്പോലെ വിചിത്രമായ ഉടലുകളുമായി പിറന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍, അവരുടെ മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ അനുഭവിച്ച ദുഃഖം ഒരു ഭാഷയിലും പകര്‍ത്താനാവുകയില്ല എന്നും ഒരു നിലവിളി കൊണ്ടും അളക്കാനാവുകയില്ല എന്നും എനിക്കറിയാമായിരുന്നു. ഉടലിന്റെ ഇരട്ടിവലിപ്പമുള്ള തലയുള്ള, പയര്‍വള്ളിപോലെ നേര്‍ത്ത കൈകാലുകളുള്ള, നാവ് പുറത്തായ, കൃഷ്മണി മറിഞ്ഞ് പോയ, മൂത്രസഞ്ചി ശരീരത്തിന് വെളിയിലായ, വിരലുകള്‍ നീരാളിയുടേത് പോലെ നേര്‍ത്ത് ചുരുണ്ട് പോയ, ശരീരം നിറയെ കുരുക്കള്‍ പൊന്തിയ കുഞ്ഞുങ്ങളുടെ മഹാസങ്കടത്തെ ഒരു ഭാഷയിലും വിവര്‍ത്തനം ചെയ്യാനാവുകയില്ല.
സമരം വിജയിച്ചു. രോഗികള്‍ക്ക് ശുശ്രൂഷയും സഹായവും കിട്ടി. മരിച്ച വീടുകളില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം എത്തി. ദുരന്തം എന്‍ഡോസള്‍ഫാന്‍ കൊണ്ടാണെന്ന് തീര്‍ച്ചപ്പെട്ടു. അതോടെ സജീവമായ ഇടപെടലുകളില്‍ നിന്നും ഞാന്‍ പതുക്കെ പിന്‍വാങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് ഈ ദുരന്തത്തെക്കുറിച്ച് എഴുതേണ്ടതുണ്ടെന്ന് മനസ്സ് നിര്‍ബന്ധിക്കാന്‍ തുടങ്ങിയത്. രാസകീടനാശിനികള്‍ക്കെതിരെയുള്ള ഒരു പരിസ്ഥിതി വിവേകം സൃഷ്ടിക്കാനുള്ള കര്‍ത്തവ്യത്തില്‍ നിന്നും പാപബോധത്താല്‍ മാറിനില്‍ക്കരുതെന്ന് ഞാന്‍ സ്വയം ബോധ്യപ്പെടുത്തി. ഇങ്ങനെ വീണ്ടും ദുരന്തഭൂമികളിലൂടെ യാത്ര തുടങ്ങി. ദുരന്തം ഏറ്റവും ബാധിച്ച എന്‍മകജെയിലെ സ്വര്‍ഗ്ഗയിലാണ് യാത്ര അവസാനിച്ചത്.
സ്വര്‍ഗ്ഗയുടെ ചുറ്റും പരന്നുകിടക്കുന്ന എന്‍മകജെ അത്ഭുതലോകമാണ്. ഇത്രമാത്രം ജാതികളും, ഭാഷകളും മതങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അധിനിവേശചരിത്രവും ഉള്ള മറ്റൊരു സ്ഥലം കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല. കൂടുതലറിയാന്‍ തോന്നിയപ്പോള്‍ എന്റെ ആവേശം പെരുത്തു. സ്വര്‍ഗ്ഗ, ഭൂമിയിലെ നരകമായതിന്റെ കഥയാണ് എന്‍മകജെ. ഇതിലെ ഒട്ടുമിക്കവാറും സംഭവങ്ങളും കഥാപാത്രങ്ങളും യഥാര്‍ത്ഥമാണ്.
ഇങ്ങനെ എന്‍മകജെയില്‍ ചുറ്റുമ്പോള്‍ എന്റെ നെഞ്ച് പിളര്‍ന്നൊരു അനുഭവമുണ്ടായി. ഡോ. വൈ.എസ്. മോഹന്‍കുമാറിന്റെ (ദൈവത്തെപ്പോലെ ഒരു മനുഷ്യന്‍) ക്ലിനിക്കിലിരിക്കുമ്പോള്‍ ഒരു യുവതി കുഞ്ഞുമായി വന്നു. സ്‌കൂളില്‍ ചേര്‍ത്ത സന്തോഷം, മൂന്നുവരെ കുട്ടി എണ്ണാന്‍ പഠിച്ച സന്തോഷം, അറിയിക്കാന്‍ വന്നതാണ്.
കുഞ്ഞിനെ കണ്ടപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയി. ചേഷ്ടകളും രൂപവുമെല്ലാം കുരങ്ങനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. വല്ലാതെ നേര്‍ത്ത കൈകാലുകള്‍, മച്ചിങ്ങ പോലെ മുന്നോട്ടുന്തിയ മുഖം. എട്ടൊമ്പത് വയസ്സ് ആയെങ്കിലും രണ്ട് വയസ്സേ തോന്നിക്കുന്നുള്ളൂ. സ്‌കൂളില്‍ അമ്മ കൂടെ ബഞ്ചിലിരിക്കണമത്രെ. മറ്റൊരു സന്തോഷം കൂടി അമ്മയ്ക്ക് പറയാനുണ്ട്. പേന പിടിക്കാനും ചിത്രം വരക്കാനും തുടങ്ങിയിട്ടുണ്ട്. ഞാന്‍ കീശയിലുണ്ടായിരുന്ന പേനയെടുത്ത് നീട്ടി. തട്ടിപ്പറിക്കുന്നത് പോലെയാണ് കുട്ടി പേന സ്വീകരിച്ചത്.
അവര്‍ പോയപ്പോള്‍ ഞാന്‍ ചോദിച്ചു. ''എന്താ ഡോക്ടര്‍ കുട്ടിയുടെ രൂപം ഇങ്ങനെ?'' ഡോക്ടര്‍ വിളറിയ ഒരു ചിരിചിരിച്ചു.
''ജനിച്ചപ്പോള്‍ ശരിക്കും ഒരു കുരങ്ങനെപ്പോലെയായിരുന്നു. ഇപ്പഴാണ് മനുഷ്യക്കോലമായത്'' കാലിനടിയില്‍ നിന്നും ഒരു വിറ എന്റെ മൂര്‍ദ്ധാവിലേക്ക് പൊങ്ങിവന്നു. എന്‍ഡോസള്‍ഫാന്റെ മറ്റൊരു ഇര! ഒച്ചയില്ലാത്ത ഒരു നിലവിളി ഉള്ളിലുണരുന്നത് ഞാനറിഞ്ഞു. കുരങ്ങനില്‍ നിന്നും മനുഷ്യനുണ്ടാകുമെന്ന ഡാര്‍വിന്‍ തിയറിയെ മറിച്ചിടുന്ന രാസകീടനാശിനിയുടെ മാരകശക്തിയെക്കുറിച്ചോര്‍ത്തപ്പോഴുണ്ടായ നടുക്കം നോവല്‍ എഴുതാനിരിക്കുമ്പോഴും എന്നെ വിട്ടുപോയിരുന്നില്ല.
ആ കുഞ്ഞ് മാത്രമല്ല, മരിച്ചുപോയ, ജീവിച്ചിരിക്കുന്ന മറ്റനേകം കുഞ്ഞുങ്ങള്‍ നോവലിലേക്ക് കയറി വന്നു. ഒരു തെറ്റും ചെയ്യാത്ത പാവം കുഞ്ഞുങ്ങള്‍. എന്‍മകജെയിലെ പുരാതനമായ ജൈനന്‍ സന്ധ്യക്ക് വിളക്ക് കത്തിച്ചിരുന്നില്ലത്രേ. പ്രാണികള്‍ ചത്തുപോവാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു. നന്മയുടെ ആ ദേശത്തിലാണ് ബുദ്ധി വികസിച്ച പരിഷ്‌കൃത മനുഷ്യന്‍ തന്റെ ശാസ്്ത്രീയവിഷം മൂന്നു ദശകത്തോളം കാലം കോരിയൊഴിച്ചു കൊണ്ടിരുന്നത്.
ഒരു സത്യമുണ്ട്. എന്‍മകജെയുടെ ദുഃഖം നിലവിലുള്ള ഒരു ഭാഷയിലും വിവരിക്കാനാവുകയില്ല. ഒരു നോവലും അതിനു മതിയാവുകയില്ല. ആ ദുഃഖത്തിനു പകരം വെയ്ക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നുമില്ല. 'എന്‍മകജെ' വായനക്കാരിലെത്തിയിട്ട് വര്‍ഷം ഒന്നു പൂര്‍ത്തിയായി. നല്ല പ്രതികരണം ഉണ്ടായി. നിരവധി സെമിനാറുകള്‍ നടന്നു. ഒരു കൊല്ലത്തിനുള്ളില്‍ മുപ്പത്തഞ്ചോളം പഠനങ്ങള്‍ വന്നുകണ്ടു. ഡി.സി. ബുക്‌സിന്റെ 'എന്‍മകജെ പഠനങ്ങളും' പുറത്തിറങ്ങുകയാണ്. വലിയൊരു തമാശയുണ്ട്. നോവലെഴുതിക്കഴിഞ്ഞപ്പോള്‍ ഞാനത് ഒരു മാസത്തോളം പുറത്തെടുക്കാതെ വെച്ചു. ഒട്ടും നന്നായിട്ടില്ല എന്ന തോന്നല്‍ കൊണ്ട് അച്ചടിക്കേണ്ടതില്ല എന്നു തീരുമാനിച്ചിരുന്നു.
മന്ത്രി കെ.വി. തോമസിന്റെ പ്രസ്്താനയോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. മന്ത്രി കാസര്‍കോട്ടെത്തുന്നതിന് തലേന്നാള്‍ ഞങ്ങള്‍ ദുരന്തബാധിതരുടെ അമ്മമാരെ കാസര്‍കോട്ടെത്തിച്ച് സങ്കടഹരജി വായിപ്പിച്ചിരുന്നു. സുജാത, ചന്ദ്രന്‍ എന്നീ കുഞ്ഞുങ്ങളും വന്നിരുന്നു. ഇത് വായിച്ചിട്ടാണ് മന്ത്രി കൊടുംക്രൂരമായ ആ പ്രസ്താവന നടത്തിയത്. കാസര്‍കോട്ടെ അമ്മമാരുടെ മുഖത്ത് തുപ്പുന്നത് പോലെയാണ് മന്ത്രി അപമാനിച്ചത്. കാസര്‍കോട്ട് വന്ന് നിരുപാധികം മാപ്പ് ചോദിച്ചാലല്ലാതെ (കടലാസില്‍ ആര്‍ക്കോ വേണ്ടിയെന്നോണം എഴുതിവായിച്ചാല്‍ മാത്രം പോര) ഈ അമ്മമാരുടെ ശാപത്തില്‍ നിന്നും മന്ത്രി ഒരിക്കലും രക്ഷപ്പെടുകയില്ല എന്ന് കരുതുന്നത് നന്നായിരിക്കും. എനിക്ക് ലജ്ജ തോന്നുന്നു, ഒരു പ്രൊഫസറും എഴുത്തുകാരനുമാണ് ഞാന്‍ എന്ന് പറയാന്‍. അദ്ദേഹം അതായതുകൊണ്ട്.
ഇപ്പോഴത്തെ വിവാദം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ മാത്രം നിരോധിക്കണം എന്ന മട്ടിലാണ്. പക്ഷേ അതുകൊണ്ട് കാര്യമില്ല നോവലില്‍ ജയരാജന്‍ പറയുന്നത് പോലെ ''നമ്മുടെ സമരം എല്ലാത്തരം രാസകീടനാശിനികള്‍ക്കും എതിരെയുള്ള സമരമാണ്''. ഈ കോലാഹലം അടുത്ത ഇലക്ഷന്‍ വരെയുള്ള പൊറാട്ട് നാടകമായി അവസാനിച്ചുകൂടാ. പരിസ്ഥിതി ദുരന്തങ്ങള്‍ക്കുള്ള ശാശ്വത പരിഹാരങ്ങള്‍ തേടുകയും നേടുകയും ചെയ്യുന്നില്ലെങ്കില്‍ സമരങ്ങള്‍ക്ക് അര്‍ത്ഥമില്ല. അതോടൊപ്പം കാസര്‍കോട്ട് നടന്ന കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും യഥാര്‍ത്ഥമായ നഷ്ടപരിഹാരം അവരില്‍ നിന്നും ഈടാക്കാനും സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
No comments:
Post a Comment