മാറ്റത്തിന്റെ ചത്വരത്തില്‍ ചോരപ്പാടുകള്‍
Published on Tue, 04/12/2011 - 21:53 ( 17 hours 24 min ago)
പശ്ചിമേഷ്യന്‍ രാജ്യമായ യമനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം പരിഹരിക്കാന്‍ വിവിധ രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങളൊന്നും ഇനിയും വിജയിച്ചിട്ടില്ല. 33 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന് എതിരെ തുനീഷ്യ, ഈജിപ്ത് വിപ്ലവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട വിദ്യാര്‍ഥി സമൂഹം തുടങ്ങിയ സമരം ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണ്.
മൂന്നാഴ്ചയായി സര്‍ക്കാര്‍ അനുകൂലികളുടെയും പ്രതികൂലികളുടെയും ശക്തിപ്രകടനങ്ങള്‍ കൊണ്ട് മുഖരിതമായിരുന്നു ഈ തലസ്ഥാന നഗരി. പ്രസിഡന്റിനെ അനുകൂലിച്ചും കഴിഞ്ഞ വെള്ളിയാഴ്ച വന്‍ പ്രകടനം നടന്നു. പ്രകടനക്കാരെ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് അഭിസംബോധന ചെയ്തു. താന്‍ സ്ഥാനം ഒഴിയാന്‍ തയാറാണെന്നും എന്നാല്‍ പകരം ആരാണ് വരുകയെന്ന് സമരക്കാര്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം നാഥനില്ലാ കളരിയാകാന്‍ അനുവദിക്കില്ലെന്നും ഇപ്പോള്‍ പ്രതിപക്ഷത്തുള്ളവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സ്വാലിഹ് പറയുന്നത് ഈ ലേഖകനും കേട്ടുനിന്നു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം പറഞ്ഞതു വിഴുങ്ങി- 'ഞാന്‍ സ്ഥാനമൊഴിയാന്‍ തയാറല്ല'.
സന്‍ആ സര്‍വകലാശാല പരിസരത്ത് 'മാറ്റത്തിന്റെ ചത്വരം' എന്നു പേരിട്ട മൈതാനത്ത് തടിച്ചു കൂടുന്നവരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മാത്രം നടന്നിരുന്ന പ്രകടനങ്ങള്‍ ഇപ്പോള്‍ എല്ലാ ദിവസവും നടക്കുന്നു.
ഇതുവരെ സമരം ആവേശിച്ചിട്ടില്ലായിരുന്ന ഹുദൈദ പോലുള്ള നഗരങ്ങളിലും പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനം ചൊവ്വാഴ്ച നടന്നു. സമരം രക്തത്തില്‍ ചുവന്നത് മാര്‍ച്ച് 18നായിരുന്നു. വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞു മാറ്റത്തിന്റെ ചത്വരത്തില്‍ ഒത്തു ചേര്‍ന്നവരെ, സൈനിക വേഷത്തില്‍ എത്തിയ തോക്കു ധാരികള്‍ വെടിവെച്ചു. അമ്പതിലധികം പേര്‍ മരിച്ചു വീണു. മുന്നൂറോളംപേര്‍ക്ക് പരിക്കേറ്റു. മിക്കവര്‍ക്കും വെടിയേറ്റത് നെഞ്ചിനും തലക്കുമാണ്. അക്രമികളില്‍ നാലു പേരെ പിടികൂടി. അവരെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ച വീണ്ടും രക്തച്ചൊരിച്ചിലുണ്ടായി. തയിസ് നഗരത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 17 പേരാണ് മരിച്ചത്. പിറ്റേന്ന് ഹുദൈദയില്‍ വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചു. ഏദന്‍ അടക്കമുള്ള മറ്റു പട്ടണങ്ങളിലും സംഘര്‍ഷം ഉണ്ടായി. സന്‍ആയില്‍ കഴിഞ്ഞ ദിവസം പരക്കെ അക്രമം അരങ്ങേറി, മൂന്നു പേര്‍ മരിച്ചു.
പ്രക്ഷോഭത്തെ തുടര്‍ന്ന് വിപണിയില്‍ അവശ്യ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടി. ഭക്ഷ്യക്ഷാമം പ്രകടമായി. നേരത്തെ ആയിരം റിയാലിന് ലഭിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ ഇപ്പോള്‍ അയ്യായിരം കൊടുത്താലും കിട്ടുന്നില്ല. ടാങ്കര്‍ലോറികള്‍ സൈന്യം തടഞ്ഞതാണ് ക്ഷാമ കാരണം. മത്സ്യ സമ്പത്തിന് പേരു കേട്ട യമന്‍ ഇപ്പോള്‍ മത്സ്യ ക്ഷാമവും നേരിടുന്നു. ഇതൊക്കെ സമരം പൊളിക്കാനുള്ള സര്‍ക്കാറിന്റെ തന്ത്രമാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനിടെ, പ്രതിസന്ധി പരിഹരിക്കാന്‍ ജി.സി.സി രാജ്യങ്ങള്‍ മുന്നോട്ട് വന്നു. മൂന്നു മാസത്തിനകം പ്രസിഡന്റ് അധികാരം അദ്ദേഹത്തിന്റെ ഡെപ്യൂട്ടിക്ക് നല്‍കാനും, അതിനു ശേഷം ആറുമാസത്തിനുള്ളില്‍ പുതിയ നേതൃത്വം തെരഞ്ഞെടുപ്പു വഴി അധികാരമേല്‍ക്കാനുമുള്ള സംവിധാനമാണ് അവര്‍ മുന്നോട്ടു വച്ചത്. എന്നാല്‍, ചൊവ്വാഴ്ച നടന്ന പ്രകടനത്തിലെ പ്രസംഗത്തില്‍, ഈ നിര്‍ദേശം പ്രസിഡന്റ് തള്ളി. സ്വാലിഹിന്റെ ടീമിലെ ആര്‍ക്കും അധികാരം കൈമാറുന്നത് തങ്ങള്‍ക്കു സ്വീകാര്യമല്ല എന്ന് സമരക്കാരും പറഞ്ഞു. ഇതോടെ സന്ധിനീക്കം വഴിമുട്ടി.
സമരത്തിന്റെ തുടക്കത്തില്‍ സര്‍ക്കാറിനു മൗനപിന്തുണ നല്‍കിയിരുന്ന അമേരിക്ക ഇപ്പോള്‍ മെല്ലെ ചുവടു മാറ്റി. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് യു.എസ് ആവശ്യപ്പെട്ടു കഴിഞ്ഞു. യൂറോപ്യന്‍യൂനിയനും ഇതേ നിലപാടിലാണ്. ആവശ്യം സ്വാലിഹ് കേട്ടയുടന്‍ തള്ളിക്കളഞ്ഞു. അല്‍ഖാഇദ ഭീഷണി കൂടുതലുള്ള രാജ്യം എന്ന നിലക്ക് വര്‍ഷങ്ങളായി ആയുധവും മറ്റു സൗകര്യങ്ങളും നല്‍കി യമന്‍ സര്‍ക്കാറിനെ അമേരിക്ക സഹായിച്ചിരുന്നു. സ്വാലിഹ് രഹസ്യമായി മുന്നോട്ടു വെക്കുന്ന പ്രധാന ആവശ്യം, സുരക്ഷിതവും മാന്യവുമായ ഇറങ്ങിപ്പോക്കും അതിനുശേഷം തന്നെയും കുടുംബത്തെയും പിന്തുടരില്ല എന്ന ഉറപ്പുമാണ്. ഇതുണ്ടായാല്‍ വൈകാതെ യമനിലും അധികാരകൈമാറ്റം ഉണ്ടായേക്കും.
April 12 നു മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധികരിച്ചത്
February 5നു മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധികരിച്ചത്
യമനില്‍ റാലികള്‍ അവസാനിക്കുന്നില്ല
Published on Sat, 02/05/2011 - 07:41 ( 10 weeks 3 days ago)
തുനീഷ്യക്കും ഈജിപ്തിനും പിന്നാലെ യമനും പ്രതിഷേധറാലികളുടെ തരംഗത്തിലാണിപ്പോള്‍. പ്രതിപക്ഷനിരയില്‍ ഇസ്‌ലാമിസ്റ്റുകളും സോഷ്യലിസ്റ്റുകളും പ്രഖ്യാപിച്ച റാലികള്‍ക്ക് പുറമെ ഭരണകക്ഷികൂടി റാലിയുമായി രംഗത്തെത്തി. വ്യാഴാഴ്ച മൂന്നു റാലികള്‍ക്കാണ് തലസ്ഥാനമായ സന്‍ആ സാക്ഷ്യം വഹിച്ചത്. അടുത്തയാഴ്ച ഇതിലും ഗംഭീരമായ റാലി സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കുകയാണ്.
No comments:
Post a Comment