scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 25, 2011

മരണത്തെക്കുറിച്ചുള്ള ചില വിചാരങ്ങള്‍

മരണത്തെക്കുറിച്ചുള്ള ചില വിചാരങ്ങള്‍



അബ്ദുല്വദൂദ്


നിങ്ങളൊരു കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന്‌ പറയുന്നത്‌ നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടില്ലല്ലോ? ഇല്ല. പണം അതിന്റെ സമയത്ത്‌ ലഭിക്കുന്നതാണ്‌ നമുക്കിഷ്‌ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും. അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ; അല്ലാഹുവിന്‌ നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ്‌ `നാളെയാക്കാം', `പിന്നെയാക്കാം' എന്ന്‌ പറഞ്ഞ്‌ നാം നീട്ടിവെച്ചത്‌! അവനോടുള്ള എത്രയെത്ര കടമകളാണ്‌ നാം നിര്‍വഹിച്ചുതീര്‍ക്കാതെ നീട്ടിവലിച്ചത്‌!



ഈ ലോകത്തിന്റെ കാര്യങ്ങളൊന്നും നമ്മള്‍ നീട്ടിവെക്കാറില്ല. കടം വാങ്ങിയിട്ടെങ്കിലും എല്ലാം വേഗം ചെയ്‌തുതീര്‍ക്കും. അപ്പോഴും അല്ലാഹുവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കും. ഒരു കാര്യം നാം ഓര്‍ത്തുവെക്കുക; ദുനിയാവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കി നാം മരിച്ചുപോയാലും അതെല്ലാം ആരെങ്കിലും ഭംഗിയായി നിര്‍വഹിക്കും. പക്ഷേ, അല്ലാഹുവുമായി ചെയ്‌തുതീര്‍ക്കേണ്ട ബാധ്യതകള്‍ ബാക്കിയാക്കിയാല്‍ നിര്‍വഹിക്കപ്പെടാതെ അത്‌ പിന്നെയും നീണ്ടുകിടക്കും. അതുകൊണ്ടാണ്‌ അല്ലാഹു ഇങ്ങനെ ഉണര്‍ത്തിയത്‌: ``നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതികാണിക്കുക.'' (3:133)

ഇമാം ഗസ്സാലി വിവരിക്കുന്നത്‌ കേള്‍ക്കാം: ``മരിച്ചുകഴിഞ്ഞവര്‍ക്ക്‌ ഏറ്റവും വലിയ ആഗ്രഹമെന്തായിരിക്കും? ഒരു ദിവസമെങ്കിലും ഭൂമിലോകത്തേക്കൊന്ന്‌ തിരിച്ചുവരണമെന്ന്‌ അവര്‍ കൊതിക്കുന്നുണ്ടാവും. എങ്കില്‍, ഒരു ദിവസം കൂടി ജീവിക്കാന്‍ ഒരാള്‍ക്ക്‌ അല്ലാഹു ആയുസ്സ്‌ നല്‍കിയാല്‍ അയാള്‍ ആ ദിവസം മുഴുവനും എന്താണ്‌ ചെയ്യുക? സംശയമില്ല, അയാള്‍ അമലുസ്സ്വാലിഹാത്തുകള്‍ ചെയ്യും. കാരണം, മരിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി അമലുസ്സ്വാലിഹാതുകള്‍ കൊണ്ടേ കാര്യമുള്ളൂ എന്ന്‌!'' (ഇഹ്‌യാഉലൂമിദ്ദീന്‍ 2:301)

നമ്മളും നമ്മുടെ കര്‍മങ്ങളും മാത്രം ബാക്കിയാകുന്ന നിമിഷമാണ്‌ മരണം. അതോളമുള്ളതെല്ലാം അതോടെ വേര്‍പെടും. സമ്പത്ത്‌, സ്ഥാനമാനങ്ങള്‍, സ്‌നേഹജനങ്ങള്‍... എല്ലാം വിട്ടൊഴിഞ്ഞ്‌ ചെയ്‌തുകൂട്ടിയ കര്‍മങ്ങളും കൂട്ടിപ്പിടിച്ച്‌ നാം ഓരോരുത്തരും തനിച്ചാകുന്ന ആ നിമിഷത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കൂ.

തിരുനബി(സ)യും സ്വഹാബികളും നടന്നുപോകുമ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. അതെന്താണെന്ന്‌ തിരുനബി അന്വേഷിച്ചപ്പോള്‍, ``അവിടെ ഖബ്‌ര്‍ കുഴിക്കുകയാണ്‌'' എന്ന്‌ ആരോ പറഞ്ഞു. അതോടെ ആ തിരുമുഖം വിവര്‍ണമായി. റസൂല്‍(സ) പേടിച്ചുവിറയ്‌ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന്‌ ഖബ്‌റിന്നരികില്‍ മുട്ടുകുത്തിയിരുന്നു. താഴെയുള്ള മണ്ണ്‌ നനയുവോളം അവിടുന്ന്‌ കരഞ്ഞു. എന്നിട്ടിങ്ങനെ പറഞ്ഞു: കൂട്ടുകാരേ, ഇതുപോലൊരു ദിവസത്തിനു മുമ്പ്‌ ഒരുക്കങ്ങള്‍ നടത്തിക്കോളൂ.'' (ഇബ്‌നുമാജ സുനന്‍ 4195)

``ജനങ്ങളില്‍ കൂടുതല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ ആരാണ്‌ റസൂലേ?'' തിരുനബി പറഞ്ഞു: ``മരണത്തെ കൂടുതല്‍ ഓര്‍ക്കുകയും അതിന്നുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നവരാണ്‌ ഏറ്റവും ബുദ്ധിമാന്മാര്‍. ദുന്‍യാവില്‍ അവര്‍ക്ക്‌ മാന്യത ലഭിക്കും. പരലോകത്ത്‌ ശ്രേഷ്‌ഠതയും ലഭിക്കും.'' (ഹൈഥമി, മജ്‌മൂഉസ്സവാഇദ്‌ 10:308)

സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ദൗര്‍ബല്യങ്ങളും ആര്‍ത്തിയും ഇല്ലാത്തവരോട്‌ എല്ലാവര്‍ക്കും ആദരവുണ്ടാകുന്നു. അതോടെ അല്ലാഹുവിന്റെ കാരുണ്യവും അവരുടെ മേല്‍ ചൊരിയുന്നു. ഇരുലോകത്തും അവര്‍ വിജയിക്കുന്നു. മരണത്തെക്കുറിച്ച ഓര്‍മ ജീവിതത്തെക്കുറിച്ച ആര്‍ത്തിയില്‍ നിന്ന്‌ നമ്മെ രക്ഷിക്കുന്നു. ഇവിടെയുള്ളതൊന്നും വലുതല്ല എന്ന്‌ മരണം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. നമ്മള്‍ തന്നെ എത്ര ചെറിയവരാണെന്ന്‌ മരണം തെളിയിക്കുന്നു.

ഈ ഓട്ടവും ധൃതിയും മത്സരങ്ങളും ആഘോഷങ്ങളുമെല്ലാം അവസാനിക്കും. ഒരൊറ്റ തീരുമാനം കൊണ്ട്‌ അല്ലാഹു എല്ലാം തീര്‍ക്കും. നാം ആര്‍ക്കു വേണ്ടിയാണോ ജീവിച്ചത്‌ അവരെല്ലാം നമ്മെ വേര്‍പിരിയുന്നു. മരണമെത്തുന്നതോടെ നമ്മുടെ പേരുപോലും ഇല്ലാതാവുന്നു. പ്രിയമുള്ളവര്‍ പോലും `മയ്യിത്ത്‌' എന്ന്‌ വിളിക്കുന്നു. മണ്ണിട്ടു മൂടി അവസാനത്തെ മണ്‍തരിയും കൈയില്‍ നിന്ന്‌ തട്ടിക്കളഞ്ഞ്‌ അവരെല്ലാം നമ്മുടെ ഖബ്‌റിന്നരികില്‍ നിന്ന്‌ നടന്നുനീങ്ങുന്നു. പതുക്കെപ്പതുക്കെ നമ്മെ മറക്കുന്നു! കര്‍മങ്ങള്‍ മാത്രം നമ്മോടൊപ്പം ബാക്കിയാവുന്നു. നോക്കൂ, നമ്മെ വേര്‍പിരിയാനിരിക്കുന്ന ഈ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പണത്തിനും വേണ്ടിയാണല്ലോ, വേര്‍പിരിയാത്ത കര്‍മങ്ങളെ നാം നഷ്‌ടപ്പെടുത്തുന്നത്‌. തിരുനബി(സ) ഉണര്‍ത്തുന്നു: ``സുഖങ്ങളെയെല്ലാം തകര്‍ക്കുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രയാസമുണ്ടാവുമ്പോള്‍ മരണത്തെ ഓര്‍ത്താല്‍ സമാധാനം കൈവരും. സുഖങ്ങളില്‍ മരണത്തെ ഓര്‍ത്താല്‍ അശാന്തിയും കടന്നുവരും.'' (ഇബ്‌നു അബ്‌ദ്ദുന്‍യാ, കിതാബുല്‍ മൗത്ത്‌ 104)

``മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. അപ്പോള്‍ അല്ലാഹു നിങ്ങളുടെ ഹൃദയത്തെ ഉണര്‍ത്തുകയും മരണത്തെ എളുപ്പമുള്ളതാക്കുകയും ചെയ്യും.'' (ദൈലമി, മുസ്‌നദുല്‍ ഫിര്‍ദൗസ്‌ 41)

ഹൃദയകാഠിന്യത്തെക്കുറിച്ച്‌ പരാതി പറഞ്ഞ സ്‌ത്രീയോട്‌ ആഇശ(റ) ഉപദേശിക്കുന്നു: ``മരണത്തെ ഓര്‍ക്കുക. ഹൃദയം ലോലമാകും'' ഈ ഉപദേശം അനുസരിച്ച ആ സ്‌ത്രീ പിന്നീട്‌ ആഇശ(റ)യുടെ അടുക്കല്‍ വന്ന്‌ നന്ദി പറഞ്ഞു.

മരണശേഷം വരാനിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന്‌ മനുഷ്യന്‍ അറിഞ്ഞാല്‍ അവന്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കി മാറത്തടിച്ച്‌ കരയുമായിരുന്നുവെന്നു പോലും തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌.

ഒരു കാര്യം പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും നമ്മള്‍ ആലോചിക്കുക; ഈ നിമിഷം ഞാന്‍ മരണപ്പെട്ടാല്‍ ഈ കാര്യത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ ചോദ്യമെന്തായിരിക്കും? ഞാന്‍ കുറ്റക്കാരനാകുമോ? ജനങ്ങളും കുടുംബവും എന്ത്‌ പറഞ്ഞാലും അല്ലാഹുവിന്റെ ചോദ്യങ്ങളെ നാം ഭയന്നാല്‍ ജീവിതം ശരിയായ ദിശയിലാകും. തിരുനബിയുടെ ഈ ഉപദേശം കൂടി കേള്‍ക്കാം: ``നീ ഖബ്‌റുകള്‍ സന്ദര്‍ശിക്കുക. അത്‌ പരലോകത്തെ ഓര്‍മിപ്പിക്കും. മരണപ്പെട്ടവരെ കുളിപ്പിക്കുക. അതൊരു താക്കീതാണ്‌. ജനാസ നമസ്‌കരിക്കുക. അത്‌ നിന്നെ സങ്കടപ്പെടുത്തും.'' (ഹാകിം 4:330)

Share/Bookmark

No comments: