തള്ളേ... ജമാഅത്ത് പെളര്‍ന്നില്ലേ...!!
വടകര ലോകസഭാ മണ്ഡലത്തിലെ സര്‍വകാല സ്വതന്ത്രനായിരുന്നു കലന്തന്‍ ഹാജി. തന്നെ വിജയിപ്പിച്ചാല്‍ കുറ്റ്യാടിപ്പുഴ കടലാക്കുമെന്നു വരെ പറഞ്ഞ് നോക്കിയിട്ടും ഒരിക്കല്‍ പോലും കെട്ടിവെച്ച കാശ് ഹാജിയാര്‍ക്ക് തിരിച്ചുകിട്ടിയിരുന്നില്ല. എന്നിട്ടും നിരാശനാവാതെ മത്സരം തുടരവേ ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഹാജിയുടെ പ്രചരണവാഹനം വടകരക്ക് പോകുംവഴി ചോറോട് റെയില്‍വേ ഗേറ്റില്‍ കുടുങ്ങി. നീണ്ട കാത്തിരിപ്പിനൊടുവില്‍ ട്രെയിന്‍ കടന്നു പോയി ഗേറ്റ് തുറന്നു യാത്ര പുനരാരംഭിച്ചപ്പോള്‍ ഹാജിയാരുടെ മൈക്ക് അനൌണ്‍സറും നല്ലൊരു തമാശക്കാരനുമായ വെള്ളൂര്‍ പിയുടെ വാക്കുകള്‍ മൈക്കിലൂടെ ഒഴുകിയെത്തി. "വടകരയുടെ പൊന്നോമന പുത്രന്‍ കലന്തന്‍ ഹാജി നയിക്കുന്ന വാഹന പ്രചരണ ജാഥയിതാ, നൂറുക്കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ വടകരയെ ലക്‌ഷ്യം വെച്ച് നീങ്ങുകയാണ്... അനുഗ്രഹിക്കുക.. ആശീര്‍വദിക്കുക..." കേട്ടവരെ മുഴുവന്‍ പൊട്ടിച്ചിരിപ്പിച്ച, ഹാജിയുടെ വാഹനമായ ഓട്ടോയുടെ പുറകില്‍ കുടുങ്ങിയ വടകരയെന്നും കൊയിലാണ്ടിയെന്നും കോഴിക്കൊടെന്നും ബോര്‍ഡ് വെച്ച ബസ്സുകളിലെയും മറ്റു വാഹനങ്ങളിലേയും യാത്രക്കാരെ സ്വന്തം അനുയായികളാക്കി മാറ്റിയ ചരിത്ര പ്രസിദ്ധമായ ആ അനൌണ്സ് മെന്റിന്റെ തനിയാവര്‍ത്തനം ഇന്നലെ പലയിടങ്ങളിലും കേള്‍ക്കേണ്ടി വന്നതിനാലാണ് ഇത് വായനക്കാരുമായി പങ്കുവേക്കേണ്ടി വന്നത്.
പറഞ്ഞു വരുന്നത് ജമാഅത്തിലെ 'പൊട്ടിത്തെറി'യെക്കുറിച്ചാണ്. ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും ഹമീദ് വാണിമേല്‍ രാജിവെച്ചുവെന്ന് കേട്ടപാടെ ഒരു പോസ്റ്റെഴുതാന്‍ തുനിഞ്ഞ എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചത് ജമാഅത്തില്‍ ഉണ്ടാവുമെന്ന് പ്രചരിപ്പിക്കപ്പെട്ട സ്ഫോടന വാര്‍ത്തകളായിരുന്നു. ഓണ്‍ലൈന്‍ പത്രങ്ങളും ചാനലുകളും മാറി മാറി പരതിയിട്ടും പുറത്തു വന്ന സ്ഫോടന വാര്‍ത്തകളില്‍ ഒന്നു പോലും ഹിറാ സെന്ററില്‍ നിന്നായിരുന്നില്ല എന്നത് മറ്റു പലരെയുമെന്ന പോലെ എന്നെയും 'നിരാശപ്പെടുത്തി'.
നാദാപുരത്തെ സ്ഫോടനം വഴി അഞ്ച് യുവാക്കളെ ബലികൊടുത്തതിന്റെ പേരില്‍ അറസ്റ്റിലായ ലീഗ് പ്രവര്‍ത്തകനെ കുറിച്ചും മലബാര്‍ ലീഗെന്ന കേരള സ്റ്റേറ്റ് മുസ്ലിം ലീഗിലും പേരില്‍ മാത്രമുള്ള 'ഇന്ത്യന്‍' യൂണിയന്‍ മുസ്ലിം ലീഗിലും ഇരട്ട 'പൌരത്വം' നേടിയവര്‍ക്കെതിരെ ആ പാര്‍ട്ടിയില്‍ ഉണ്ടായ പൊട്ടിത്തെറിയെക്കുറിച്ചുമല്ലാത്ത വാര്‍ത്തകള്‍ ലഭികാതെ വരികയും കേഡര്‍ പാര്‍ട്ടിയില്‍ നിന്നും ഒരാളെ പോലും പ്രതീക്ഷിക്കുന്നില്ലയെന്ന് ഹമീദ് സാഹിബ് തന്നെ മനോരമയിലൂടെ സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.
ഹമീദിന്റെ ഓട്ടോയുടെ പുറകെ പാഞ്ഞ ബസ്സുകളിലെ യാത്രക്കാരില്‍ ഒരാള്‍ പോലും ഹിറാ സെന്ററില്‍ നിന്നും കയറിയവരായിരുന്നില്ല. വെള്ളിമാടുകുന്നില്‍ സ്റ്റോപ്പുണ്ടായിരുന്നിട്ടും ഒരാള്‍ പോലും കൈ കാണിച്ചിട്ടുമില്ല. പിന്നെയോ, കോഴിക്കോട്ടെ മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നും മലപ്പുറത്ത് നിന്നും പുറപ്പെട്ട കുറേ പേര്‍ ഗേറ്റില്‍ കുടുങ്ങിയത് കണ്ടു ഏതോ വിദൂഷകന്‍ നടത്തിയ അനൌണ്സ് മെന്റ് മാത്രമായിരുന്നു ഇന്നലെ കേട്ടതത്രയും.
സമീപകാലത്ത് പാര്‍ട്ടികളില്‍ നിന്നുമുള്ള കൂടുവിട്ടു കൂടുമാറ്റം വല്ലാതെ കൂടി വന്നിട്ടുണ്ട്. എണ്ണിപ്പറഞ്ഞാല്‍ ഒടുങ്ങാത്തവിധം വലുതാണ് കാലുമാറ്റ വിദഗ്ധനിര. കാലുമാറ്റം ഏറ്റവും കൂടുതല്‍ സംഭവിച്ചിട്ടുള്ളത് സി പി എമ്മില്‍ നിന്നു തന്നെയാണ്. തൊട്ടു മുമ്പിലത്തെ നിമിഷത്തില്‍ പറഞ്ഞത് പോലും ഓര്‍മയില്ലാത്ത വിധം അല്ഷിമേഴ്സ് ബാധിതരായി മാറിയ യുവജനങ്ങളാണ് ഈ കൂട്ടത്തില്‍ ബഹുഭൂരിപക്ഷവുമെന്നത് കേരളീയ സമൂഹത്തെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഓന്ത് പോലും തോറ്റു പോകും വിധം നിറം മാറാനുള്ള ഇവരുടെ കഴിവിനെ 'അംഗീകരിക്കാതെ' വയ്യ. ഈ ഗണത്തിലെ ഒടുവിലത്തെ കണ്ണിയാണ് ഹമീദ് വാണിമേല്‍. അദ്ദേഹം ജമാഅത്തിന് നേരെ ഉന്നയിച്ച ആരോപണം തന്നെയാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
പിണറായി വിജയന്‍ എന്ന സി പി എം നേതാവുമായി ജമാഅത്ത് അമീര്‍ 'രഹസ്യ' ചര്‍ച്ച നടത്തിക്കളഞ്ഞുവത്രേ! നോക്കണം തമാശ. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വന്തം പഞ്ചായത്തായ വാണിമേലില്‍ പോലും സി പി എമ്മുമായി ചര്‍ച്ച നടത്തി അവരുട പിന്തുണയോടെ സ്വതന്ത്രയെ മത്സരിപ്പിക്കാന്‍ മുന്‍കൈ എടുത്ത സാഹിബ് ഹമീദിന് ഇപ്പോള്‍ മാത്രം ഒരു ചര്‍ച്ച അപ്രസക്തമായി തോന്നുന്നത് എന്തടിസ്ഥാനത്തിലാണ്! മുസ്ലിം ലീഗുമായി കോഴിക്കോട്ടു നടത്തിയ, മുനീര്‍ പരസ്യമാക്കികളഞ്ഞ രഹസ്യ ചര്‍ച്ചയുടെ 'മുന്‍കൈ' ആരുടെതായിരുന്നു? അതിനും മുമ്പ് ഇടതും വലതും മുന്നണികളുമായി നിരന്തര ചര്‍ച്ചകള്‍ നടത്തുമ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ആരായിരുന്നു? ചോദ്യങ്ങള്‍ തിരിഞ്ഞു വരുന്നത് ഹമീദ് സാഹിബ് അറിയുന്നുണ്ടാവും.
ജമാഅത്ത് അമീര്‍ പറയുന്നത് വിശ്വസിക്കാതിരിക്കാന്‍ ന്യായമില്ല. പലരോടും ചര്‍ച്ച നടത്തുന്ന കൂട്ടത്തില്‍ പിണറായിയോടും സംസാരിച്ചിട്ടുണ്ട്. കോണ്ഗ്രസ്സിന്റെ ഭാഗത്ത് നിന്നും സാക്ഷാല്‍ എം. ഐ. ഷാനവാസ് തന്നെ ഹിറാ സെന്ററില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടുണ്ട്. യു ഡി എഫിലെ ഇപ്പോള്‍ പേര് വെളിപ്പെട്ടിട്ടില്ലാത്ത പലരും സംസാരിച്ചിട്ടുണ്ട്. എന്തിനു, ജമാഅത്തിന്റെ നിശിത വിമര്‍ശകന്‍ സാക്ഷാല്‍ വയനാടന്‍ ഷാജി വരെ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ ആപ്പീസില്‍ പോയി സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്.
ഒരു പ്രബല മുസ്ലിം സംഘടന എന്ന നിലയില്‍ അവരുമായി സംസാരിക്കാത്തവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരുമില്ല എന്നതാണ് സത്യം. തീവ്രവാദിയെന്നും ഭീകരവാദിയെന്നുമൊക്കെ പേര് ചൊല്ലി വിളിക്കുമെങ്കിലും നാളിതുവരെ ഒരു ഭീകര പ്രവര്‍ത്തനത്തിലും ആ സംഘടന ഉള്‍പ്പെട്ടതായി ഒരു വിമര്‍ശകര്‍ പോലും പറയില്ല. ജനകീയ പ്രശ്നങ്ങളില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുമ്പോഴും അക്രമ സമരങ്ങളിലേക്ക് അവര്‍ പോയിട്ടില്ല. ഈയൊരു ബോധ്യം അവരെ കുറ്റം പറയുന്നവര്‍ക്ക് പോലും നന്നായുള്ളത് കൊണ്ടാണ് ചര്‍ച്ചകളും സംസാരങ്ങളും നിര്‍വിഘ്നം നടക്കുന്നതും.
ഇതൊക്കെയും ഹമീദിനും അറിയാം. പിന്നെയെന്താണിവിടെ സംഭവിച്ചത്? ആര്‍ക്കു പിന്തുണ കൊടുക്കണം എന്നു അന്തിമ പ്രഖ്യാപനം വരുന്നതിനു മുമ്പേ പാര്‍ട്ടി രഹസ്യങ്ങള്‍ പരസ്യമാക്കിയത് ആര്‍ക്കു വേണ്ടിയാണ്? മണ്ഡലങ്ങള്‍ തോറും കണ്‍വെന്ഷനുകള്‍ വിളിച്ചു പ്രവര്‍ത്തകരുടെ അഭിപ്രായം തേടിക്കൊണ്ടിരിക്കുന്ന വേളയില്‍ ഇങ്ങനെയൊരു പ്രഹസനം നടത്തുക വഴി ഹമീദ് ലക്‌ഷ്യം വെച്ചത് എന്തായിരിക്കും? ഉത്തരം കിട്ടാന്‍ കാത്തിരിപ്പല്ലാതെ മാര്‍ഗമില്ല. കാരണം, ജമാഅത്തിന്റെ ആശയ - ആദര്‍ശങ്ങളോട് അദ്ദേഹം വിയോജിപ്പ് പ്രകടപ്പിച്ചിട്ടില്ല. അവരെ തീവ്രവാദി എന്നു വിളിച്ചവര്‍ക്ക് നേരെയാണ് രോഷം. തെരുവില്‍ വെച്ച് ശാരീരികമായി നേരിട്ടവര്‍ക്ക് വോട്ട് നല്‍കുന്നതിലാണ് പരിഭവം. അങ്ങിനെയെങ്കില്‍ ജമാഅത്ത് ആരെ തുണക്കും? യു ഡി എഫിനെയോ? ഷാജിയേയും മുനീറിനെയും ആര്യാടനെയും രവിയെയുമൊക്കെ മറന്ന് കൊണ്ട്, രണ്ടു പ്രാവശ്യം അകാരണമായി അവരെ നിരോധിച്ചു നേതാക്കളെ ജയിലിലടച്ചു പീഡിപ്പിച്ച കോണ്ഗ്രസ്സിന്റെ ചെയ്തികളെ വെള്ളപൂശിക്കൊണ്ട്, കോട്ടക്കലില്‍ വെച്ച് പടിയടച്ചു പിണ്ഡം വെച്ച, വേളത്തു വെച്ച് ബോംബെറിഞ്ഞും തെരുവില്‍ തല്ലിയും കൃഷി നശിപ്പിച്ചും 'സൗഹൃദം' കാട്ടിയ ലീഗിനെ മാറോടു ചേര്‍ത്ത് കൊണ്ട് യു ഡി എഫിനൊരു സമ്പൂര്‍ണ്ണ പിന്തുണ അവര്‍ക്ക് സാധ്യമാണോ? എനിക്ക് തോന്നുന്നില്ല. ഇതൊന്നുമല്ലാതെ തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കാന്‍ കഴിയുമോ?
ഇവിടെ ജമാഅത്തിന് സാധ്യമായത് ഇത് മാത്രമാണ്. പരമാവധി തോമ്മന്മാരെ കണ്ടു പിടിക്കുക. തല്‍ക്കാലം അവരെ പിന്തുണക്കുക. അവിടെ ഇടതിന് മുന്‍തൂക്കം വന്നാല്‍ പോലും അതൊരു പ്രശ്നമാക്കേണ്ടതില്ല. കാരണം ഇതിനു മുമ്പും തൊമ്മന്‍മാര്‍ക്ക് അവര്‍ വോട്ട് കൊടുത്തിട്ടുണ്ട്. ഷാനവാസും ഇ ടി ബഷീരുമൊക്കെ ജയിച്ചു വന്നതും അങ്ങിനെയാണ്. അന്നൊന്നും തൊമ്മനെ തിരഞ്ഞപ്പോള്‍ ഇടതിന് മുന്‍തൂക്കം വന്നിട്ടും ഇല്ലാതെ പോയൊരു തുമ്മല്‍ ഇപ്പോള്‍ മാത്രം ഹമീദ് സാഹിബിനു ഉണ്ടായതെങ്ങിയാണെന്ന് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല.
ഒരു കാര്യം വ്യക്തമാണ്. ജമാഅത്തിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി മറ്റു പല പാര്‍ട്ടിക്കാരുടെയും മനസ്സില്‍ ചില്ലറ അങ്കലാപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിഷ്കൃയരായ യുവജന സംഘടനകളുടെ ഇടയില്‍ ശക്തമായ സാന്നിധ്യം വിളിച്ചറിയിച്ച സോളിഡാരിറ്റി പോലെ 'വെല്‍ഫെയര്‍ പാര്‍ട്ടിയും' വളരുകയാണെങ്കില്‍ അതിന്റെ അലയൊലികള്‍ പലരെയും അസ്വസ്ഥപ്പെടുത്തും. ഇത് മുന്‍കൂട്ടി കണ്ട ആരൊക്കെയോ ചേര്‍ന്ന് നടത്തിയ നാടകത്തിന്റെ ഒന്നാം രംഗമാണ് നാം കണ്ടത്. പക്ഷേ, കഥയിലെ നായകന് വേണ്ടി കുറേ ഫാന്‍സ് ക്ലബ്ബുകള്‍ രൂപം കൊള്ളുമെന്നും അവരെ വെച്ച് പുതിയ കഥകള്‍ രചിക്കാമെന്നുമുള്ള സംവിധായകരുടെയും നിര്‍മാതാക്കളുടെയും വ്യാമോഹം തുടക്കത്തിലേ തകര്‍ന്നത് നാടകത്തിലെ മറ്റു രംഗങ്ങളുടെ ത്രില്ല് വല്ലാതെ കുറച്ചു കളഞ്ഞേക്കാം.
No comments:
Post a Comment