scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 19, 2011

സോറി, ഞങ്ങള്‍ തിരക്കിലാണ് - ഒരു പ്രവാസിയുടെ പരിഭവം




സോറി, ഞങ്ങള്‍ തിരക്കിലാണ് -ഒരു പ്രവാസിയുടെ പരിഭവം


പ്രവാസി മെഴുകുതിരി പോലെയാണ് , സ്വയം പ്രകാശിച്ചു, മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്നു എരിഞ്ഞു ഒടുങ്ങുക എന്നതാണല്ലോ മെഴുകുതിരിയുടെ ദൌത്യം. അത് പോലെ തന്നെയാണ്  പ്രവാസികളില്‍ മിക്കവരും. ഓരോ കണക്ക് കൂട്ടലുകള്‍ക്കും / ആവശ്യങ്ങല്‍ക്കുമിടയില്‍ നഷ്ടപ്പെടുന്ന വര്‍ഷങ്ങളും ബന്ദങ്ങളും സന്തോഷങ്ങളും അവര്‍ ഓര്‍ക്കാറില്ല. അല്ലെങ്കിലും മനപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു. നാട്ടില്‍ നടക്കുന്ന കല്യാണവും / മരണവും, മറ്റു പരിപാടികളും ഒക്കെ  അവരുടെ സ്വകാര്യ ദു:ഖ മായി അവശേഷിക്കുന്നു. ഇക്കരെ നില്‍കുമ്പോള്‍ നമുക്ക്‌ പ്രവാസി ഒരു പണം കായ്ക്കുന്ന മരവും, എല്ലാ സുഖ സൌകര്യത്തിലും അര്‍മാദിച്ചു നടക്കുന്ന 'ഭാഗ്യവാനും'. അണ്ടിയോടടുക്കുംബോഴേ മാങ്ങയുടെ 'പുളി' അറിയൂ എന്നാണല്ലോ പ്രമാണം. അത് തന്നെയാണ് പ്രാവ്സിക്ക് ഏറ്റവും യോചിച്ച സംഞ്ഞ .  കെ എം മുസ്തഫ് രിസാലയില്‍ എഴുതിയ എഴുത്ത്‌ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു. ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്ത പ്രവാസികള്‍ വളരെ കുറവായിരിക്കും. എന്നിട്ടും പഴി കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു വിഭാഗമായി ഇവര്‍ ഇന്നും ജീവിക്കുന്നു, നമുക്കിടയിലൂടെ, നമ്മളില്‍ ഒരുവനായി.






thuya.jpg

ഉച്ചതിരിഞ്ഞ നേരം ഓഫീസിലേക്ക് ഒരാള്‍ കയറിവന്നു. മുന്നില്‍ കണ്ട ആളോട് എന്നെ തിരക്കുന്നത് കേട്ടപ്പോഴാണ് ഞാനയാളെ ശ്രദ്ധിച്ചത്. തുടുത്ത കവിളുകളില്‍ വിരിയുന്ന ചിരി. അകാലത്തില്‍ അടര്‍ന്നുപോയ മുടി വച്ചു പിടിപ്പിച്ചതാണ്. തടിച്ച ദേഹത്ത് ഒരു കൊച്ചു കുമ്പ എടുത്ത് കാണിക്കുംവിധം ഷര്‍ട്ട് ഇന്‍സൈഡ് ചെയ്തിരിക്കുന്നു. അയാള്‍ സീറ്റിനടുത്തേക്ക് വന്നപ്പോള്‍ നല്ല പരിചയം. പക്ഷേ, എവിടെ എപ്പോള്‍ എങ്ങനെ എന്നു മാത്രം പിടികിട്ടിയില്ല. 

"എന്നെ മനസ്സിലായില്ലേ...?'' ആഗതന്‍ പ്രതീക്ഷയോടെ ചോദിച്ചു. 

ഞാന്‍ അയാളുടെ കണ്ണുകളില്‍ നോക്കി. ഓഫീസില്‍ വരുന്നവരെല്ലാം അക്ഷമരായ ആവശ്യക്കാരാണ്. ഇയാളുടെ കണ്ണിലാവട്ടെ ആവോളം ക്ഷമയുണ്ട്. അതു കൊണ്ടു തന്നെ അയാള്‍ ഒരു അത്യാവശ്യക്കാരനാണെന്ന് എനിക്ക് മനസ്സിലായി.

"എന്തേ വന്നത്?'' ഞാന്‍ അയാളോട് തിരക്കി. 

"കൊറേ കാലായില്ലേ... ഒന്നു കാണാമെന്നു വച്ചു.'' 

പൊടുന്നനെ എന്റെയുള്ളില്‍ അപകടത്തിന്റെ അലാറം മുഴങ്ങി. വന്നിരിക്കുന്നത് ഔദ്യോഗിക ആവശ്യക്കാരനല്ല. സൂക്ഷിക്കണം. ഇന്‍ഷുറന്‍സ്, നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ്, ജീവകാരുണ്യം തുടങ്ങി പരകോടി പരകീശവൈറസുകള്‍ മഹാമാരികള്‍ വിതയ്ക്കുന്ന കാലമാണ്. ഏത് നിമിഷവും ഒരു വൈറസ് എന്റെ പ്രതിരോധശേഷിയെ തകര്‍ത്ത് അകത്ത് കടന്നേക്കാം. സുരക്ഷിതമായ ഒരു അകലം പാലിക്കാനായി ഞാന്‍ കസേരയില്‍ നിന്നെണീറ്റു. ഇപ്പോള്‍ എന്റെ മുഖം അയാളുടെ മുഖത്തിന് അരികെയാണ്. എന്റെ കണ്ണുകള്‍ അയാളുടെ മുഖത്തിന്റെ ഭൂരേഖകളിലൂടെ അരിച്ചുനടന്നു. താടിയെല്ലിനു താഴെ പഴയ പാറ മാര്‍ക്ക് പോലെ ഒരു മറുകില്‍ അവ ഉടക്കി നിന്നു. മസ്തിഷ്കകോശങ്ങളിലൂടെ ഒരു വൈദ്യുത സിഗ്നല്‍ കടന്നുപോയി. യാത്രക്കാരെ കുത്തിനിറച്ച് മുന്നോട്ട് പായുകയായിരുന്നു തീവണ്ടി. ആരോ അലാറം വലിച്ചിട്ടെന്ന പോലെ കിതച്ചു നിന്നു. ഒരു ഞരക്കത്തിനു ശേഷം അത് പിറകോട്ട് ചലിച്ചു തുടങ്ങി. പിന്നിട്ട പാതയിലൂടെ സാവധാനം അത് നീങ്ങിക്കൊണ്ടിരുന്നു. കടന്നു വന്ന റെയില്‍വെ സ്റേഷനുകളിലെ ഇരിപ്പിടങ്ങളില്‍ താടിയില്‍ കറുത്ത മറുകുള്ള ഒരാളെ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നു. തീവണ്ടി വര്‍ഷങ്ങള്‍ പിറകോട്ട് സഞ്ചരിച്ച് ഒരു കലാലയത്തിനു മുന്നിലെത്തി. 

"അല്ലാ... ഇതവനല്ലേ... അവന്‍...'' 

മസ്തിഷ്ക തന്തുക്കള്‍ക്കിടയിലെവിടെയോ കുരുങ്ങിക്കിടന്ന ഒരു പേരിനെ നാക്കിന്‍തുമ്പിലെത്തിക്കാന്‍ ഞാനൊരു വിഫലശ്രമം നടത്തി. മറവി ഞാനറിയാതെ എന്റെ ഭൂതകാലത്തെ ചുരണ്ടിക്കൊണ്ടിരിക്കുകയാണെന്ന് ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. വാക്കുകള്‍ പലതും നഷ്ടപ്പെട്ടല്ലോ എന്ന ആശങ്കയിലും കാഴ്ച മങ്ങിയിട്ടില്ലല്ലോ എന്ന് സമാധാനിച്ചു. താരമായിരുന്നു അവന്‍. ആറടി ഉയരം. ബലിഷ്ഠമായ വെളുത്ത ശരീരം. സുന്ദരന്‍. വെളുത്ത മുഖത്ത് താടിയെല്ലിനു കീഴെ ഒരു കണ്ണേറുപോലെ കൊത്തിവച്ച കറുത്ത മറുക് അവനെ കൂടുതല്‍ വശ്യനാക്കി. 

നന്നായി പാടും. മനോഹരമായി പെയിന്റ് ചെയ്യും. മരച്ചുവട്ടില്‍ അവന്റെ പാട്ടുകേള്‍ക്കാന്‍ കലാലയം മുഴുവന്‍ ഒത്തുകൂടും. പാട്ടില്ലാത്ത പകലുകളില്‍ മറ്റുള്ളവരുടെ മുഖം കടലാസിലേക്ക് പകര്‍ത്തി അവന്‍ കയ്യടി നേടും. സുഹൃത്തുക്കളല്ല, ആരാധകരായിരുന്നു അവന് കൂടുതല്‍. കലാലയത്തിലെ ഓരോ കണ്ണിലും അവന്റെ പ്രതിബിംബമുണ്ടായിരുന്നു. ഓരോ നെഞ്ചിലും അവനോടുള്ള പ്രണയമുണ്ടായിരുന്നു. പഠനം പൂര്‍ത്തിയാക്കും മുമ്പെ കലാലയം വിടേണ്ടി വന്ന എനിക്ക് അകാലത്തില്‍ അവനെ പിരിയേണ്ടി വന്നു. കാലം എന്റെ മണ്ണില്‍ പുതിയ വിളകള്‍ കൃഷി ചെയ്തു. 

"നീയെന്താ ഇവിടെ?'' ഞാന്‍ വിസ്മയത്തോടെ ചോദിച്ചു. 

"നിന്നെത്തേടിത്തന്നെ വന്നതാ...'' "

ഞാനിവിടെയുണ്ടെന്ന് എങ്ങനെ അറിഞ്ഞു?'' 

"അന്വേഷിക്കുവിന്‍, കണ്ടെത്തും.. മുട്ടുവിന്‍, തുറക്കപ്പെടും എന്നല്ലേ മഹദ്വചനം.'' 

വേദാന്തം ആസ്വദിക്കാവുന്ന ഒരു സമയമായിരുന്നില്ല അത്. അപേക്ഷകളും പരാതികളുമായി ഒരുപാട് കക്ഷികള്‍ അക്ഷമരായി കാത്തിരിക്കുന്നു. അതിനിടയില്‍ കടന്നുവന്ന് കൊച്ചുവര്‍ത്തമാനം പറയുന്ന ഇയാളോടുള്ള ഈര്‍ഷ്യ ആളുകളുടെ മുഖത്ത് ഇളിച്ചു നില്‍ക്കുന്നു. ചിലരൊക്കെ ദേഹത്ത് ചൊറിഞ്ഞ് തുടങ്ങിയിരിക്കുന്നു. വിലപ്പെട്ട ഒരു ദിവസം മെനക്കെടുത്തി കാത്ത് കെട്ടിക്കിടക്കുന്ന അവരെ കൂടുതല്‍ മുഷിപ്പിക്കുന്നത് ശരിയല്ല. "നീയിവിടെയിരിക്ക്... ഞാനിവരെയൊക്കെയൊന്ന് പിരിച്ചുവിട്ടുവരാം.'' ഞാന്‍ ആഗതനോട് പറഞ്ഞു. 

"എനിക്ക് തിരക്കില്ല. ഞാനീ വരാന്തയിലുണ്ടാവും. സാവകാശം വന്നാല്‍ മതി.'' അയാള്‍ പുറത്തു പോയി. 

യന്ത്രം കണക്കെ കുത്തിക്കുറിക്കുന്നതിനിടയില്‍ ഞാന്‍ ആഗതനെ വീണ്ടും മറന്നു. അഞ്ച് മണികഴിഞ്ഞ് ഓഫീസ് അടക്കുമ്പോഴും ആളുകള്‍ വിട്ടൊഴിഞ്ഞിരുന്നില്ല. പതിവു മറുപടികള്‍ പറഞ്ഞ് പുറത്ത് കടക്കുമ്പോള്‍ വേഗത്തിലൊരു ബസ്സില്‍ കയറിപ്പറ്റുക എന്നുമാത്രമായിരുന്നു ലക്ഷ്യം. ബാഗുമെടുത്ത് ബസ്സ് സ്റോപ്പിലെത്തിയപ്പോഴുണ്ട് പിറകില്‍ നിന്നൊരാള്‍ തോണ്ടുന്നു. അയാള്‍ തന്നെ. 

"ഞാന്‍ വരാന്തയില്‍ നില്‍പുണ്ടായിരുന്നു.'' 

"സോറി... തിരക്കിനിടയില്‍ ഞാന്‍ വിട്ടുപോയി.'' 

"എനിക്കറിയാം... ഞാനും ജോലി ചെയ്യുന്നതല്ലേ...'' 

"ആ... ചോദിക്കാന്‍ വിട്ടു. എന്താണിപ്പോള്‍ പരിപാടി...?'' 

"കാമ്പസ് വിട്ട് കുറച്ച് കാലം ഇവിടെ തെണ്ടി നടന്നു. ഒരു പാട്ടുകാരനാകാനായിരുന്നു മോഹം. പല വാതിലിലും മുട്ടിനോക്കി. ഒന്നും തുറന്നില്ല. പൈസയുണ്ടെങ്കില്‍ അവസരവുമുണ്ടെന്ന് ആരാധ്യനായ ഒരു സംഗീതസംവിധായകന്‍ പറഞ്ഞു. ചില്ലറയൊന്നുമല്ല ചോദിച്ചത്. ചങ്കിലൊതുങ്ങാത്തത്. അതോടെ ഇതൊന്നും നമുക്ക് വിധിച്ചിട്ടില്ലാന്ന് സമാധാനിച്ചു. അളിയന്‍ ഒരു വിസ നീട്ടി. അടിച്ചുവാരുന്ന പണിയാണ്. അരലക്ഷം കൊടുത്താല്‍ മതി. അല്ലറ ചില്ലറ കടം വാങ്ങിയും പണയപ്പെടുത്തിയും അക്കരെ കടന്നു. സൌദീലാ... ഇത് മൂന്നാമത്തെ വരവാ.. 

"കല്യാണം...?'' 

"ആദ്യവരവില്‍ തന്നെ കെട്ടി... കുട്ടികള്‍ രണ്ട്.'' 

"ജീവിതം...?'' 

"ക്ളച്ചുപിടിച്ചു വരുന്നു.'' 

ആ സംഭാഷണം അവിടെ വഴിമുട്ടി നിന്നു. മൌനം പരസ്പരം നോക്കാനനുവദിക്കാതെ ഞങ്ങളുടെ കണ്ണുകളെ റോഡിലേക്ക് പറിച്ചു നട്ടു. അങ്ങാടിയില്‍ ആളുകള്‍ അര്‍മാദിച്ചു നടക്കുന്നു. ഏറെകാലത്തിനു ശേഷം കണ്ടുമുട്ടുന്ന സുഹൃത്തിനോട് എന്തെല്ലാം സംസാരിക്കാനുണ്ടാവേണ്ടതാണ്! പക്ഷേ, കാലം ഞങ്ങളെ പാലമില്ലാത്ത രണ്ട് ദ്വീപുകളാക്കി മാറ്റിയിരിക്കുന്നു. അയാളോട് യാത്ര പറയാന്‍ വെമ്പിനില്‍ക്കുകയായിരുന്നു മനസ്സ്. വീടെത്തിയിട്ട് എനിക്ക് പലപല കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഇയാള്‍ എന്റെ വിലപ്പെട്ട സമയം വെറുതെയാക്കുകയാണ്. 
"പ്രത്യേകിച്ചെന്തെങ്കിലും...'' ഞാന്‍ അബോധമായി അയാളില്‍ നിന്ന് അടര്‍ന്നുമാറാന്‍ ആഗ്രഹിച്ചിരിക്കണം. 

"ഒരു ഗള്‍ഫുകാരന് പ്രത്യേകിച്ചെന്തുണ്ടാവാനാണ്... ഓരോ വരവിലും ഞാന്‍ അന്വേഷിച്ചു നടക്കാറുണ്ട്...''
"എന്നെയോ...!'' 
പഴയ സുഹൃത്തുക്കളെ ഓരോരുത്തരെയും ... പക്ഷേ...'' 

"എല്ലാവരും പല വഴിക്കായിപ്പോയി അല്ലേ...'' 

"അതല്ലെടോ... തേടിനടന്നവരെയെല്ലാം എനിക്ക് കാണാന്‍ കഴിഞ്ഞു... എന്നാല്‍ കാലം എല്ലാവരെയും അപരിചിതരാക്കിയിരിക്കുന്നു. ഞാന്‍ വന്നത് നിന്നോട് കുറച്ച് നേരം വര്‍ത്തമാനം പറഞ്ഞിരിക്കാനാണ്. നിനക്ക് തിരക്കില്ലെങ്കില്‍...'' 
അയാള്‍ പറഞ്ഞു തീരും മുമ്പെ എന്റെ കീശയില്‍ മണിയടിച്ചു. കെട്ടിയോളാണ്. ഗ്യാസ് തീര്‍ന്നിരിക്കുന്നു. അയല്‍പക്കത്തൊന്നും കുറ്റി കടമെടുക്കാനില്ല. അട്ടത്ത് കത്താത്ത മുട്ടിയാണുള്ളത്. രാത്രി വല്ലതും ഞണ്ണണമെങ്കില്‍ രണ്ട് കെട്ട് വിറകുമായി പോരേ...'' പേരുപോലും മൃതിയടഞ്ഞ ആ പഴയ സുഹൃത്തിനു മുന്നില്‍ രണ്ടും കെട്ട് ഞാന്‍ നിസ്സഹായനായി നിന്നു. 

"വീട്ടില്‍ നിന്നാണെന്ന് തോന്നുന്നു...'' 

"അതെ.'' 

"അത്യാവശ്യമെന്തെങ്കിലും കാണും. പൊയ്ക്കോളൂ...'' 

ഒരു ഞായറാഴ്ച വീട്ടില്‍ വരാന്‍ പറഞ്ഞ് ഞാന്‍ അയാളോട് വിടവാങ്ങി. വിളിച്ചിട്ടേ വരാവൂ എന്ന് ഫോണ്‍ നമ്പര്‍ കൊടുത്ത് പ്രത്യേകം പറയുകയും ചെയ്തു. അടുത്ത ഞായറാഴ്ച തന്നെ അയാള്‍ വിളിച്ചു. 
"മോന് പനി... രണ്ടീസായി വിട്ടിട്ടില്ല. ഒരു ഡോക്ടറെ കാണിക്കണം.'' ഞാന്‍ ഖേദപൂര്‍വ്വം പറഞ്ഞു. 

"സാരംല്ല... നമുക്ക് അടുത്ത ഞായറാഴ്ചയാക്കാം.'' അയാള്‍ ഔചിത്യപൂര്‍വം പറഞ്ഞു. പിറ്റെ ഞായറാഴ്ച അയാള്‍ വിളിച്ചപ്പോള്‍ ഞാന്‍ ഭാര്യയുടെ ഒരു അകന്ന ബന്ധുവിന്റെ വീട്ടില്‍ കല്യാണത്തിന് പോകാന്‍ ഒരുങ്ങുകയായിരുന്നു. തിരിച്ചെത്തുമ്പോള്‍ രാത്രിയാകും. ഒരിക്കല്‍ കൂടി അയാള്‍ വിളിച്ചു. അന്ന് പക്ഷേ, ഒരു മതഭൌതിക വിദ്യാഭ്യാസ സ്ഥാപനത്തിലെ പഠിതാക്കള്‍ക്ക് സര്‍ഗാത്മകതയെ കുറിച്ച് ക്ളാസെടുക്കുകയായിരുന്നുഞാന്‍. അന്ന് അയാള്‍ ഇത്രയും കൂടി പറഞ്ഞു. 

"നിങ്ങളൊക്കെ വല്ല്യ വല്ല്യ ആളുകള്‍... വല്ല്യ വല്ല്യ കാര്യങ്ങള്‍.. നമ്മള് ഒരു ശല്യാവണില്ല.'' 

ഒരു ഒഴിവുദിവസം പേരില്ലാത്ത പഴയസുഹൃത്തിനൊപ്പം ചെലവഴിക്കാന്‍ മറ്റിവയ്ക്കുമെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു. സേവ് ചെയ്യാനിടമില്ലാത്ത ഫോണില്‍ നിന്ന് പതിവ് വിളിയില്ലാത്ത ഒരു നമ്പര്‍ ഡെലിറ്റ് ചെയ്ത് അയാളുടെ നമ്പറിന് ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പേരില്‍ സ്ഥാനം അനുവദിച്ചിരുന്നു. എന്നാല്‍ ഒഴിവു വന്നപ്പോഴെല്ലാം 'പഴയ സ്വര്‍ണ്ണം' പെട്ടിയില്‍ തന്നെ വിസ്മൃതമായി കിടന്നു. അങ്ങനെ മാസം രണ്ടു കഴിഞ്ഞു. അപ്പോഴേക്കും കടലെടുത്ത കരപോലെ എന്റെ ഭൂമിശാസ്ത്രമാകെ മാറിമറിഞ്ഞിരുന്നു. ആ കറുത്ത മറുകും ഒരു തരിപോലും ബാക്കിയില്ലാതെ തിര കവര്‍ന്നെടുത്തിരുന്നു. മഴ അകന്നു നിന്നൊരു ദിവസം. ഡ്യൂട്ടി തീര്‍ന്നപ്പോള്‍ സഹപ്രവര്‍ത്തകന്‍ താന്‍ പുതുതായി നിര്‍മിച്ച വീട് കാണാന്‍ ക്ഷണിച്ചു. അയാള്‍ തന്റെ ജീവിതത്തിലെ സമ്പാദ്യമെല്ലാം ചെലവഴിച്ച് നിര്‍മിച്ച വീട്. നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പെയിന്റിങ്ങും പോളീഷുമൊക്കെയാണ് നടക്കുന്നത്. സഹപ്രവര്‍ത്തകന്‍ സ്വന്തമായി ഒരു വീടാക്കിയെടുക്കാന്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ വള്ളിപുള്ളി വിടാതെ വിവരിക്കുകയാണ്. കഷ്ടപ്പാടുണ്ടെങ്കിലേ സൃഷ്ടിക്ക് മൂല്യമുള്ളൂ എന്ന് എഴുത്തുകാരന് മാത്രമല്ല വീടു കെട്ടുന്നവനും അറിയാം. എന്റെ ശ്രദ്ധ പക്ഷേ വീടിന്റെ പെയിന്റിങ്ങിലായിരുന്നു. മുമ്പെവിടെയും കണ്ടിട്ടില്ലാത്ത വ്യത്യസ്ത രീതിയിലുള്ള പെയിന്റിങ്ങ് എന്നില്‍ മതിപ്പുണ്ടാക്കി. 

"ആരാണ് പെയിന്റു ചെയ്യുന്നത്?'' 

സഹപ്രവര്‍ത്തകന്‍ പെയിന്റു ചെയ്യുന്നവര്‍ക്കിടയിലേക്ക് കൊണ്ടുപോയി. അവര്‍ പെയിന്റു ചെയ്യുന്നതും നോക്കി ഞാന്‍ കൌതുകത്തോടെ നിന്നു. അപ്പോഴാണ് മുകളില്‍ പെയിന്റു ചെയ്തിരുന്ന ഒരാള്‍ കോണിയിറങ്ങി വന്നത്. കള്ളിത്തുണിയും ടീഷര്‍ട്ടുമണിഞ്ഞ് കിളരം കൂടിയ ഒരാള്‍. മുഖത്ത് ഇറ്റിവീണുണങ്ങിയ ചായപ്പൊട്ടുകള്‍ക്കിടയില്‍ തിളക്കമുള്ള കറുത്ത ബിന്ദുവില്‍ കണ്ണുടക്കിയതും വിസ്മയത്തോടെ ഞാനറിഞ്ഞു. അത് അവനാണ്. ഓള്‍ഡ് ഈസ് ഗോള്‍ഡ്. എന്തു പറയണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്ന എന്റെ അരികിലെത്തി അവന്‍ പറഞ്ഞു. 

"കഷ്ടപ്പെട്ടാ രണ്ടു മാസം തള്ളിനീക്കിയത്. ഇനി നാലുമാസം കൂടി തള്ളിനീക്കാന്നു വച്ചാ മനുഷ്യന് ഭ്രാന്തായിപ്പോവും. ഒന്നു മിണ്ടിപ്പറയാന്‍ ഒരാളെ കിട്ടാന്‍ ഞാനെത്ര നടന്നെന്നോ... എല്ലാവരും അവരവരുടേതായ ഓട്ടത്തിലാ... പഴയ സുഹൃത്തുക്കള്‍ക്കൊന്നും നമ്മളെ വേണ്ടാ... കാറും കീറും കുപ്പിയുമുണ്ടെങ്കില്‍ കൂട്ടുകൂടാന്‍ അങ്ങാടിയില്‍ ആളെക്കിട്ടും. അതിനുള്ള വക നമ്മളെ കയ്യിലില്ല. കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും ഒപ്പം മിണ്ടിപ്പറഞ്ഞിരിക്കാമെന്ന് വച്ച പെറ്റ തള്ളിം പെങ്ങ•ാരും സമ്മതിക്കൂലാ. ഓന്‍ എപ്പളും ഓളെ അകിട്ട് തന്നേന്നാ പരാതി. ഇനി വല്ല കുടുംബവീട്ടിലും ചെന്നാലോ... ജ്ജെന്നാ മടങ്ങ്ണ്ന്നാ ചോദ്യം. അതോണ്ട് നമ്മള് നമ്മളടെ പഴേ പണിക്കിറങ്ങി. ചില്ലറ കിട്ടുംന്ന് മാത്രമല്ല നേരം പോയിക്കിട്ടും. ആറുമാസത്തെ ലീവ്ന്നൊക്കെ പറഞ്ഞാ... ഗള്‍ഫുകാരന്‍ നാട്ടുകാര്‍ക്കൊരു ഭാരാ... ഏറിയാല്‍ രണ്ടുമാസം... നിവൃത്തിയുണ്ടെങ്കില്‍ ലീവേ വേണ്ട എന്നു വയ്ക്കുന്നതാ നല്ലത്...'

മുഖത്തെ വര്‍ണ്ണപ്പാടുകളെ പടര്‍ത്തിക്കൊണ്ട് രണ്ടു തുള്ളികള്‍ അവന്റെ താടിയെല്ലിലെ മറുകിലേക്ക് ഒലിച്ചിറങ്ങി അപ്രത്യക്ഷമാകുന്നതും നോക്കി ഞാന്‍ നിശ്ചലം നിന്നു. 

 ചെക്ക് നമ്മള്‍ക്ക് തിരക്കുണ്ടാക്കിതന്നത് അവരാണ്. തിരക്കിനിടയില്‍ അവര്‍ക്ക് വേണ്ടി മാറ്റി വയ്ക്കാന്‍ ഇത്തിരി സമയം നമുക്ക് കണ്ടെത്താനാവില്ലേ?

Share/Bookmark

No comments: