മണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരങ്ങള്‍
അധികാര രാഷ്‌ട്രീയവുമായി സന്ധിയാകുന്ന വിധം
മുഹ്‌സിന്‍ കോട്ടക്കല്‍
കേരളത്തിന്റെ പരിസ്ഥിതി, ഭൂ പ്രശ്‌നങ്ങളിലും ദളിത് ആദിവാസി പ്രശ്‌നങ്ങളിലും പ്രത്യക്ഷത്തില്‍ ഇടപെട്ടുകൊണ്ട് രൂപീകൃതമായ സംഘടനയാണ് സോളിഡാരിറ്റി. മാനുഷിക,പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് കേരളത്തിലെ മുന്നണി രാഷ്‌ട്രീയ സംവിധാനവും സംഘടനകളും അമ്പേ പരാജയമാണെന്ന് സോളിഡാരിറ്റി വിധിയെഴുതി. കേരളത്തിന്റെ ഭൂ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് ബദല്‍ രാഷ്‌ട്രീയ സംവിധാനമൊരുക്കുക എന്ന മഹത്തായ ഉത്തരവാദിത്തമാണ് സോളിഡാരിറ്റിയുടെ പ്രഖ്യാപിത നയമെന്നും അവര്‍ കേരളത്തില്‍ ധ്വനിയുയര്‍ത്തി.
എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രഖ്യാപിത നയനിലപാടുകള്‍ വലിയ വൈരുധ്യങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഇടവെച്ചു. അതിനുംപുറമെ തങ്ങളുടെ സമരങ്ങളെയൊക്കെ ഒളിഞ്ഞും തെളിഞ്ഞും പൊളിച്ചടക്കിയ ഇടതുപക്ഷ സര്‍ക്കാറിനു തന്നെ വീണ്ടും വീണ്ടും വോട്ട് മറിച്ചുനല്‍കുന്നതിലെ വിരോധാഭാസം ജമാഅത്ത് ബുദ്ധിജീവികള്‍ക്കിടയില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കുകയും ചെയ്‌തു. അടിസ്ഥാനപരമായി ജമാഅത്ത് വിരുദ്ധ സമീപനം കൈക്കൊള്ളുകയും സോളിഡാരിറ്റി ഏറ്റെടുത്ത് സഹകരിച്ച സമരങ്ങള്‍ അടിച്ചൊതുക്കുകയും ചെയ്‌ത കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ജമാഅത്ത് പാളയത്തിലെ വോട്ടുകള്‍ പരസ്യമായി പതിച്ചുനല്‍കിയതിലെ യുക്തി വിശദീകരിക്കും തോറും സങ്കീര്‍ണമാകുകയാണ് ചെയ്‌തത്.
ചെങ്ങറ, കിനാലൂര്‍ തുടങ്ങി സോളിഡാരിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരും കേരളത്തിലെ ഭൂ-പരിസ്ഥിതി സമരങ്ങള്‍ക്ക് പിന്തുണ കൊടുത്തവരുമായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സോളിഡാരിറ്റിയും അവരുടെ മാതൃ സംഘടനയും കൈക്കൊണ്ട നിലപാടിനെക്കുറിച്ച് പ്രതികരിക്കുകയാണ് ഈ ചര്‍ച്ചയില്‍:
കക്ഷിരാഷ്‌ട്രീയത്തിലെ സൂക്ഷ്‌മ വൈരുധ്യങ്ങള്‍
സി ആര്‍ നീലകണ്‌ഠന്‍
(ആക്‌ടിവിസ്റ്റ്, പരിസ്ഥിതിപ്രവര്‍ത്തകന്‍)
സി ആര്‍ നീലകണ്‌ഠന്‍
(ആക്‌ടിവിസ്റ്റ്, പരിസ്ഥിതിപ്രവര്‍ത്തകന്‍)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി എടുത്ത നിലപാട് മുമ്പൊരിക്കലുമില്ലാത്ത വിധം ഇത്തവണ ചര്‍ച്ചാവിഷയമായിരിക്കുന്നു. ഒരു രാഷ്‌ട്രീയ കക്ഷി, സമുദായ സംഘടന തുടങ്ങിയ നിലകളില്‍ ഒരു തെരഞ്ഞെടുപ്പില്‍ എന്തു നിലപാടെടുക്കാനും ഏതു സംഘടനക്കും അവകാശമുണ്ട്. കാര്യകാരണങ്ങള്‍ സ്വന്തം അണികളെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി. ഇന്നാട്ടില്‍ ജനപിന്തുണയുള്ളതും ഇല്ലാത്തതുമായ കാക്കത്തൊള്ളായിരം സംഘടനകള്‍ തെരഞ്ഞടുപ്പുകാലത്ത് `പിന്തുണ'പ്രഖ്യപനവുമായി വരാറുണ്ട്. അതിനെപ്പറ്റിയൊന്നും ചര്‍ച്ചയുണ്ടാകാറില്ല. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് ഇത്ര ചര്‍ച്ചയായതെന്തുകൊണ്ട്?
ഈ ലേഖകന്റെ അറിവനുസരിച്ച് 1977 വരെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ഇടപെടാതിരുന്ന ജെ ഐ എച്ച് അടിയന്തരാവസ്ഥക്കെതിരെ ആണ് ആദ്യമായി വോട്ടു ചെയ്‌തത്. പിന്നീടങ്ങോട്ട് ഇന്ത്യയിലും കേരളത്തിലും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമുള്ള പിന്തുണ ഇവര്‍ പ്രഖ്യാപിക്കാറുണ്ട്. അന്നൊന്നും ഈ വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതുയരുന്നതിനുള്ള പ്രധാന കാരണം, ഇവരുടെ യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയുടെ ഇടപെടലുകളാണെന്ന് ഈ ലേഖകന്‍ കരുതുന്നു. കേവലം മതത്തിലും ആത്മീയതയിലും മാത്രം ഒതുങ്ങാതെ മതേതര സമൂഹത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളിലും ജനകീയ സമരങ്ങളിലും സോളിഡാരിറ്റി ശക്തമായി ഇടപെട്ടിരുന്നല്ലോ. ഇത് പൊതു മണ്ഡലത്തെ ബാധിക്കുന്നതും അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ മതേതര ഇടപെടല്‍ സാധ്യമാക്കുന്നതുമായ നിലപാടുകളായിരുന്നു. ഇസ്‌ലാം മത വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും (ഇതവരുടെ നിലപാടാണ്, ഈ ലേഖകനറിയാത്ത കാര്യവുമാണ്) സമരങ്ങളിലുള്ളവര്‍ മിക്കപ്പോഴും `അന്യമത'സ്ഥരായിരിക്കും.

ബഹുരാഷ്‌ട്ര കമ്പനിയായ കോളയ്‌ക്ക് അനുമതി നല്‌കിയത് ഇടതു പക്ഷ സര്‍ക്കാരും അവരെ പിന്നീട് സംരക്ഷിച്ചത് വലതുപക്ഷ സര്‍ക്കാരുമാണ്. സ്വന്തം ജീവജലം തിരിച്ചുപിടിക്കാന്‍ നടത്തിയ ആ സമരത്തെ `മുഖ്യധാര'ക്കാര്‍ ആദ്യം പുച്ഛിച്ചുതള്ളി. ജല ദൗര്‍ലഭ്യം, സ്രോതസ്സുകളുടെ നാശം, മലിനീകരണം, ജലത്തിന്റെ വ്യാപാര വല്‌ക്കരണം തുടങ്ങിയവയൊന്നും `മുഖ്യധാര'ക്കാര്‍ക്കൊരിക്കലും വിഷയമായിരുന്നില്ലല്ലോ. (ഒടുവില്‍ സമരം ആഗോളപ്രശസ്‌തമായപ്പോള്‍ പലരും ഇതിന്റെ `വക്താക്കള്‍' ആയി വന്നുവെന്നത് മറ്റൊരു പ്രശ്‌നം). പ്ലാച്ചിമട പോലെയുള്ള സമരങ്ങള്‍ പിന്നീട് പലയിടത്തുമുണ്ടായി. ചെങ്ങറ, എന്‍ഡോ സള്‍ഫാന്‍, പാത്രക്കടവ്, അതിരപ്പള്ളി, ഞെളിയന്‍ പറമ്പ് (മാലിന്യം), പെരിയാര്‍ മലിനീകരണം, മൂലമ്പിള്ളി അടക്കമുള്ള കുടിയിറക്കലുകള്‍, കിനാലൂരും വിഴിഞ്ഞത്തും മറ്റും കുടിയിറക്കാനുള്ള നടപടികള്‍, ദേശീയ പാതകളുടെ സ്വകാര്യ വല്‌ക്കരണം, കരിമണല്‍-വെളച്ചിക്കാല തുടങ്ങിയ ഖനനപദ്ധതികള്‍ എന്നീ സമരങ്ങളെപ്പറ്റി മുഖ്യധാരക്കാര്‍ക്ക് നിലപാടില്ലാതെ വന്നു. എന്നാല്‍ ഈ ഇടങ്ങളിലെല്ലാം ഒരു ഇടതുപക്ഷ യുവജനസംഘടന നിര്‍വഹിക്കുമെന്ന് കേരളീയ സമൂഹം പ്രതീക്ഷിച്ച കടമകള്‍ ഏറ്റെടുത്തത്‌് സോളിഡാരിറ്റിയായിരുന്നു. ഇത് കേരളീയ സമൂഹത്തില്‍ അവര്‍ക്കു കാര്യമായ സ്വീകാര്യതയുണ്ടാക്കുകയും ചെയ്‌തു.
മാറി മാറി വരുന്ന ഇടതു-വലതു സര്‍ക്കാറുകള്‍ക്കെതിരെ ശക്തമായി നിലപാടെടുത്തുകൊണ്ടു മാത്രമേ ഇത്തരം സമരങ്ങള്‍ക്കു മുന്നോട്ടുപോകാനാകൂ. അടവെന്ന രീതിയില്‍ ചിലപ്പോള്‍ `പ്രതിപക്ഷം' പിന്തുണ നല്‌കിയേക്കാം. എന്നാല്‍ അതു സ്ഥായിയല്ല. സമരക്കാര്‍ക്കും അതിനോടൊപ്പം നില്‌ക്കുന്നവര്‍ക്കും ഈ നിലപാടുകള്‍ ഒട്ടനവധി ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും ഇരു മുന്നണികളായിത്തിരിഞ്ഞ് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ ഇവിടെ ഏതെങ്കിലും ഒരു `പക്ഷം' പിടിക്കേണ്ടി വരും. (മൂന്നാം പക്ഷമായി മത്സരിക്കാന്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു ശ്രമം ഇവര്‍ നടത്തിയിരുന്നു. മുഖ്യധാരക്കാര്‍ (മാധ്യമങ്ങളടക്കം) ശക്തമായി എതിര്‍ത്തു. അതു പ്രതീക്ഷിച്ചതുമാണ്. അതിനുമപ്പുറം മുന്നണി രാഷ്‌ട്രീയത്തിലെ ചതിക്കുഴികളില്‍ പലപ്പോഴും ഇവര്‍ തന്നെ പെട്ടുപോവുകയും ചെയ്‌തു.) മൂന്നാം മുന്നണി എന്ന ആശയം ദേശീയ സംസ്ഥാന തലങ്ങളില്‍ പലപ്പോഴും പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പഠിക്കേണ്ടതുണ്ട്. മുന്നണി രാഷ്‌ട്രീയത്തിലെ വൈരുദ്ധ്യാത്മകത തിരിച്ചറിയേണ്ടതുണ്ട്.

മൂലമ്പിള്ളിയില്‍ കുടിയിറക്കിയവരെ പിന്താങ്ങുന്നതില്‍ സ്വാഭാവികമായും സോളിഡാരിറ്റിയിലെ യുവാക്കള്‍ക്ക് പ്രതിഷേധമുണ്ടാകാം. എങ്കിലും അവര്‍ `അച്ചടക്കം'പാലിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിലുമുണ്ടായത്. കിനാലൂരില്‍, കുടിയിറക്കാന്‍ ജനങ്ങള്‍ക്കുമേല്‍ അക്രമം അഴിച്ചുവിടുകയും ഇപ്പോഴും ആ പദ്ധതിയെ ന്യായീകരിക്കുകയും ആ പ്രശ്‌നത്തില്‍ ഇടപെട്ടതിന്റെ പേരില്‍ സോളിഡാരിറ്റിയെ `ഭീകരവാദികളും വിദേശ ഫണ്ടുകാരും' ആയി അവതരിപ്പിക്കുകയും ചെയ്‌ത എളമരം കരീമിനെ അടക്കം തെരഞ്ഞെടുപ്പില്‍ പിന്താങ്ങാനാണവര്‍ തീരുമാനിച്ചത്. എന്നാല്‍ ഇടതുപക്ഷത്തിനു പകരം വലതു പക്ഷത്തെ പിന്താങ്ങണമായിരുന്നു എന്നു വാദിക്കുന്നവരോട് എനിക്ക് യോജിപ്പില്ല. ഇരുപക്ഷക്കാര്‍ക്കും തമ്മില്‍ കാര്യമായ വ്യത്യാസമില്ല.
പ്രശ്‌നം ലളിതമാണ്. പരിഹാരം സങ്കീര്‍ണവും. ആഗോളീകരണത്തിനും സാമ്രാജ്യത്വത്തിനും എതിരായി നിലപാടെടുക്കുന്നു എന്നതിനാലാണ് മിക്കപ്പോഴും ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്താങ്ങുന്നത്. ഇതു ഭാഗികമായി മാത്രം ശരിയാണ്. ഭരണത്തിലെത്തുമ്പോള്‍ ഇവര്‍ക്കിതൊന്നും പാലിക്കാനാകില്ലെന്ന് എ ഡി ബി വായ്‌പയും സ്വാശ്രയ നയവും ദേശീയപാത സ്വകാര്യവല്‌ക്കരണവുമെല്ലാം വ്യക്തമാക്കുന്നു. ആഗോളതലത്തിലെടുക്കുന്ന സ്ഥൂലതല നിലപാടുകള്‍ക്ക് വിരുദ്ധമായി ഇവിടെ നിലപാടെടുക്കുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്നത് സൂക്ഷ്‌മ നിലപാടുകളാണ് എന്നും ഓര്‍ക്കുക. ഈ വൈരുദ്ധ്യം തിരിച്ചറിഞ്ഞ് കക്ഷിരാഷ്‌ട്രീയത്തില്‍ ഇടപെടുക എന്നത് സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ഇതില്‍ പരാജയമടയുക മൂലമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങള്‍ എന്നു തോന്നുന്നു.
അവര്‍ വിശ്വാസ്യത കളഞ്ഞുകുളിച്ചു
ളാഹാ ഗോപാലന്‍ (ചെങ്ങറ സമരനായകന്‍)
ളാഹാ ഗോപാലന്‍ (ചെങ്ങറ സമരനായകന്‍)
സോളിഡാരിറ്റിയെക്കുറിച്ച് ഒരു പ്രത്യേക മതിപ്പാണ് എനിക്കുണ്ടായിരുന്നത്. ചെങ്ങറ സമരകാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനാല് ലോഡുകളിലായി ഭക്ഷണ സാധനങ്ങള്‍ അവര്‍ എത്തിക്കുകയുണ്ടായി. അതൊരു വലിയകാര്യമായി അന്ന് ഞങ്ങള്‍ കരുതിയിരുന്നു. ശേഷം, സോളിഡാരിറ്റിയുടെ വേദികളിലൊക്കെ ഞാന്‍ പങ്കെടുക്കാറുമുണ്ടായിരുന്നു. മര്‍ദ്ദിതരുടെയും പാവപ്പെട്ടവരുടെയും ഭാവി പ്രതീക്ഷയായി വരെ ഞാന്‍ സോളിഡാരിറ്റിയെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ ഏറ്റെടുത്ത സമരങ്ങളെപ്പോലും തുരങ്കംവെച്ച് തകര്‍ത്ത കമ്യൂണിസ്റ്റ് ഭരണകൂടത്തിന് വോട്ട് മറിച്ചുനല്‍കാനുള്ള സോളിഡാരിറ്റിയുടെ തീരുമാനം അവരിലുള്ള വിശ്വാസ്യത മുഴുവന്‍ നഷ്‌ടപ്പെടുത്തിയിരിക്കുന്നു.


വലിയ വൈരുധ്യം ജമാഅത്ത് ബുദ്ധിജീവികളും അണികളും തമ്മില്‍
സിവിക് ചന്ദ്രന്‍ (എഡിറ്റര്‍, പാഠഭേദം)
സിവിക് ചന്ദ്രന്‍ (എഡിറ്റര്‍, പാഠഭേദം)
ജമാഅത്തെ ഇസ്‌ലാമിയുടെ ഇടതുപക്ഷ ബാന്ധവത്തെപ്പറ്റി സോളിഡാരിറ്റി ഉണ്ടാകുന്നതിനുമുമ്പെ മുന്നറിയിപ്പ് നല്‍കിയിരുന്ന ഒരാളായിരുന്നു ഞാന്‍. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു ഇടതുപക്ഷ സ്വരം വേണമെന്ന് ശക്തമായി ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ ഞാനടക്കമുള്ളവര്‍ കേരളത്തില്‍ ഇടതുപക്ഷത്തെയാണ് പിന്തുണച്ചത്. ജമാഅത്തും സോളിഡാരിറ്റിയും ഇന്നനുഭവിക്കുന്നത് യഥാര്‍ഥത്തില്‍ അവരുടെ അന്ധമായ സിപിഐഎം ചായ്‌വിനുള്ള പിഴയാണ്. കിനാലൂരടക്കമുള്ള സമരങ്ങളില്‍ സോളിഡാരിറ്റിക്ക് സിപിഐഎം കേന്ദ്രങ്ങളില്‍നിന്ന് ശക്തമായ വെല്ലുവിളികളും മര്‍ദ്ദനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്.

ഇരകള്‍ക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും? കെ റഹ്‌മത്തുല്ല മാസ്റ്റര്‍ (കിനാലൂര്‍ ജനജാഗ്രത സമിതി)
പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ കൈവശത്തില്‍ കേവം 150 ഏക്കര്‍ ഭൂമിയും സ്വകാര്യ അധീനതയില്‍ 3000 ഏക്കറോളം ഭൂമിയും ഉള്ള കിനാലൂര്‍ എസ്റ്റേറ്റ് പ്രദേശത്തേക്ക് എന്‍ എച്ച് 17 ബൈപ്പാസില്‍, മാളിക്കടവില്‍ നിന്ന് തുടങ്ങി കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, ഉണ്ണികുളം പഞ്ചായത്തുകളിലൂടെ കടന്നെത്തുന്ന പ്രത്യേക സമര്‍പ്പിത പാത എന്ന ആശയത്തെതന്നെ ചോദ്യം ചെയ്‌തുകൊണ്ടാണ് ജനജാഗ്രതാ സമിതി എന്ന പേരില്‍ ഒരു സമര സമിതി രൂപീകരിക്കപ്പെട്ടത്. എന്‍ എച്ച് 212 ല്‍ നിന്നും ഏഴ് കിലോമീറ്റര്‍ നീളത്തില്‍ പുല്ലാഞ്ഞിമേട് എന്ന് സ്ഥലത്തുനിന്ന് കിനാലൂര്‍ പദ്ധതി പ്രദേശത്തേക്ക് എസ്റ്റേറ്റ് ഭൂമിയിലൂടെ തന്നെ ഹൈവേ കണക്‌ടിവിറ്റി സാധ്യമാണെന്നിരിക്കെ ഇരുപത്തിയാറ് കിലോമീറ്റര്‍ നീളത്തില്‍ അതും പതിനേഴ് കിലോമീറ്റര്‍ വയലുകളില്‍ കൂടി ഒരു പ്രത്യേക റോഡു തന്നെ വേണമെന്ന വ്യവസായവകുപ്പ് മന്ത്രിയുടെയും ജില്ലാ കലക്‌ടറുടെയും ധാര്‍ഷ്‌ട്യം കലര്‍ന്ന നിര്‍ബന്ധം ഇതു സംബന്ധിച്ച് കൂടുതല്‍ പഠിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. മലേഷ്യന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാ പത്രത്തിന്റെ കാലാവധി കഴിഞ്ഞിട്ട് വര്‍ഷങ്ങളായി എന്നും നിലവില്‍ ഒരു പ്രൊജക്‌ട് റിപ്പോര്‍ട്ടുപോലുമില്ലെന്നുമുള്ള യാഥാര്‍ഥ്യം വ്യവസായ വകുപ്പില്‍ നിന്നുതന്നെ വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ക്ക് ലഭിച്ച മറുപടിയിലൂടെ മനസ്സിലായി. ശേഷം വ്യാപകമായി ബോധവല്‌കരണത്തോടെ മുന്നോട്ടുപോയ സമരം അധികാരികള്‍ക്കു മുന്നില്‍ ശക്തമായ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തുകയായിരുന്നു.
അത്യന്തം ദുരൂഹമായിരുന്നു സമരത്തോടുള്ള സര്‍ക്കാറിന്റെ നിലപാട്. ജനങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ പരമാവധി മറച്ചുവെക്കാന്‍ ശ്രമമുണ്ടായി. റവന്യൂ അധികാരികള്‍ക്കും പി ഡബ്ലിയൂ ഡി വകുപ്പിനും ഇതു സംബന്ധിച്ച വിവരമൊന്നുമില്ലായെന്ന് ഞങ്ങള്‍ക്ക് എഴുതി നല്‌കിയ മറുപടി വ്യക്തമാക്കുന്നു. സര്‍വേ ജോലിക്ക് നിയോഗിക്കപ്പെട്ടത് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയെയാണ്. ഇതുമൂലം വില്ലേജ് ഓഫീസില്‍ പോലും സര്‍വേ നടപടി സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാതെ പോയി. മന്ത്രിയും ജില്ലാ കലക്‌ടറും വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഞങ്ങളെ ക്ഷണിച്ചെങ്കിലും സ്വകാര്യ സര്‍വേ ഉദ്യോഗസ്ഥരോടാണ് കൂടുതല്‍ സമയവും അവിടെ സംസാരിച്ചത്. ഞങ്ങളുടെ ബദല്‍ റോഡ് നിര്‍ദേശത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ മന്ത്രിയും കലക്‌ടറും തയ്യാറായതുമില്ല. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ സ്വകാര്യ കമ്പനിയുടെയും ബാലുശ്ശേരി എം എല്‍ എയുടെയും നേതൃത്വത്തില്‍ റോഡ് അലൈന്‍മെന്റ് സംബന്ധിച്ച് എല്‍ സി ഡി ഉപയോഗിച്ച് മെമ്പര്‍മാര്‍ക്ക് വിശദാംശങ്ങള്‍ നല്‌കിയിരുന്നു. പക്ഷെ, ഗ്രാമസഭയില്‍ ഇക്കാര്യങ്ങളെല്ലാം അവര്‍ തന്ത്രപൂര്‍വം മറച്ചുവെച്ചു.

വ്യവസായ മന്ത്രി എളമരം കരീമും ബാലുശ്ശേരി എം എല്‍ എ എ കെ ശശീന്ദ്രനും ജനപ്രതിനിധികള്‍ എന്ന നിലയില്‍ നിന്നും മാറി മറ്റാരുടെയോ താല്‌പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതായിട്ടാണ് ജനജാഗ്രതാ സമിതിക്ക് തോന്നിയിട്ടുള്ളത്. ഒരു പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍ ഒന്നാകെ ശുദ്ധജലം കുടിക്കാനും ശുദ്ധ വായു ശ്വസിക്കാനുമുള്ള അവകാശത്തിനുവേണ്ടി സംഘടിച്ചു മുന്നോട്ട് വന്നപ്പോള്‍ അതിനു നേരെ ഭീഷണിയുടെയും ധിക്കാരത്തിന്റെയും ഭാഷയില്‍ സംസാരിച്ചവരാണിവര്‍. മാത്രമല്ല, 2010 മെയ് 6ന് മുഖ്യമന്ത്രി ഡല്‍ഹിയിലും ആഭ്യന്തര മന്ത്രി വിദേശത്തുമായിരിക്കെ അതിക്രൂരമായി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് കേരളമാകെത്തന്നെ സാക്ഷിയാണ്. ഈ തരത്തില്‍ ജനങ്ങളെ വെല്ലുവിളിച്ച അവരോട്, ശത്രുരാജ്യത്തോട് കാട്ടുന്ന യുദ്ധനീതിപോലും മറന്നുകൊണ്ട് പെരുമാറിയവരെന്ന നിലയില്‍ അവരെ ഞങ്ങള്‍ക്കൊരിക്കലും പിന്തുണയ്‌ക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ എളമരം കരീമിനും എ കെ ശശീന്ദ്രനുമായി വോട്ടു നല്‌കണമെന്ന് ആഗ്രഹമുള്ളവര്‍ ആരായാലും അവരുടെ കൂടെ കിനാലൂര്‍ സമരം നയിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല.
ഈ സമരത്തില്‍ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികള്‍ക്കൊപ്പം സോളിഡാരിറ്റിയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളെ തീവ്രവാദികളെന്നു വരെ വിളിച്ചാക്ഷേപിച്ചവരാണ് മന്ത്രിയും ശശീന്ദ്രനും അടക്കമുള്ളവര്‍. ഇവര്‍ തുടക്കമിട്ട കുപ്രചരണം പിന്നീട് സംസ്ഥാന വ്യാപകമായി സി പി എം നേതൃത്വത്തില്‍ തന്നെ നടപ്പാക്കുകയായിരുന്നു. എന്തിനേറെ മുഖ്യമന്ത്രി ഉറപ്പുനല്‌കിയ സര്‍വകക്ഷി യോഗം പോലും നടക്കാതെ പോയത് സോളിഡാരിറ്റിക്കാരെ ഒഴിവാക്കി വരാന്‍ പറഞ്ഞതിന്റെ പേരിലായിരുന്നു. ഞങ്ങള്‍ക്കൊപ്പം നിന്നവരെ ആരെയും മാറ്റിനിര്‍ത്തിക്കൊണ്ട് സര്‍വ കക്ഷിയോഗത്തിന് പോകാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. മാത്രമല്ല, നൂറ്റി അന്‍പതോളം പേരുടെ നേര്‍ക്ക് വധശ്രമത്തിന് എടുത്ത കേസില്‍ അറസ്റ്റിലായ ഏക പ്രതിയും ഒരു ജമാഅത്ത് പ്രവര്‍ത്തകനാണെന്നത് ശ്രദ്ധേയമാണ്. ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അറസ്റ്റുചെയ്യാനായിരുന്നു പരിപാടി. പക്ഷേ, ജനജാഗ്രതാ സമിതിയും രാഷ്‌ട്രീയ കക്ഷികള്‍ ഉള്‍പ്പെട്ട ജനകീയ ഐക്യവേദിയും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് ഈ നീക്കം തടയുകയായിരുന്നു. ഈ രീതിയില്‍ ഐക്യത്തോടെയും കെട്ടുറപ്പോടെയും നീങ്ങിയ സമരസമിതിക്ക് താങ്ങാനാവുന്നതല്ല സോളിഡാരിറ്റിയുടെ പുതിയ നയം. മറ്റ് നൂറ്റി മുപ്പത്തിയെട്ട് മണ്ഡലങ്ങളില്‍ സോളിഡാരിറ്റി എല്‍ ഡി എഫിനെയോ യു ഡി എഫിനെയോ പിന്തുണയ്‌ക്കുന്നത് ഞങ്ങള്‍ക്ക് വിഷയമേ അല്ല.

വിവാദം സൃഷ്‌ടിക്കുന്നവരും വിളിച്ചുവരുത്തുന്നവരും
അശ്‌റഫ് കടയ്‌ക്കല്‍ (സാംസ്‌കാരിക നിരീക്ഷകന്‍)
കേരളത്തില്‍ തൊണ്ണൂറുകള്‍ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തീവ്രവാദം ഒരു വിഷയമാക്കുകയോ ആവുകയോ ചെയ്‌തിട്ടുണ്ട്. ഐ എസ് എസ്, പി ഡി പി, എന്‍ ഡി എഫ്, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനാ നാമങ്ങള്‍ ഇലക്‌ഷന്‍ പ്രചരണങ്ങള്‍ക്കുള്ള ആയുധങ്ങളായി ഇരു മുന്നണികളും തരാതരം പോലെ ഉപയോഗിച്ചുവരുന്നു. `മുസ്‌ലിം തീവ്രവാദ'ത്തെ ഒപ്പംകൂട്ടുകയോ കടന്നാക്രമിക്കുകയോ ചെയ്‌തുകൊണ്ട് ഇടതു-വലതു മുന്നണികള്‍ കാഴ്‌ചവെക്കുന്ന ആട്ടക്കഥാ `വധ'ങ്ങള്‍ക്ക് രംഗപടം സജ്ജമാക്കി നമ്മുടെ മാധ്യമ ലോകം നേരത്തെ തന്നെ റെഡിയാണ്. ഇനിയെങ്ങാനും നമ്മുടെ രാഷ്‌ട്രീയ കക്ഷികള്‍ `തീവ്രവാദം' വിട്ട് പുതിയ വിഷയം തേടാമെന്ന് വെച്ചാല്‍ നമ്മുടെ സംഘടനകളൊട്ടു സമ്മതിക്കുകയുമില്ല. അവര്‍ പിന്തുണ പ്രഖ്യാപനവും രഹസ്യചര്‍ച്ചയും വേദി പങ്കിടലുമായി രാഷ്‌ട്രീയ ചര്‍ച്ചയില്‍ തീവ്രവാദത്തെ മുഖ്യസ്ഥാനത്ത് വീണ്ടും പ്രതിഷ്‌ഠിക്കും. അങ്ങനെ മേക്കിട്ട് കേറാന്‍ അവസരം തേടിയിരിക്കുന്ന മാധ്യമങ്ങള്‍ക്ക് ആഘോഷമായി. കൃത്രിമമായി സൃഷ്‌ടിക്കപ്പെടുന്ന ഇത്തരം വിവാദങ്ങള്‍ ഇടതു-വലതു മുന്നണികള്‍ക്ക് താല്‌ക്കാലിക ലാഭം സമ്മാനിച്ചേക്കാം. പക്ഷേ, ആത്യന്തികമായി ഇത് കേരളത്തിന്റെ വര്‍ഗീയവല്‍കരണത്തിന് ആക്കം കൂട്ടാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ഇത് തിരിച്ചറിയാനും തദനുസൃതമായി നയ സമീപനങ്ങള്‍ സ്വീകരിക്കാനും രാഷ്‌ട്രീയ പരീക്ഷണത്തിന് ഒരുമ്പെട്ടിരിക്കുന്ന മുസ്‌ലിം സംഘടനകള്‍ക്കാവുന്നുമില്ല. ഇത്തരം രാഷ്‌ട്രീയ പരീക്ഷണങ്ങള്‍ ആത്മഹത്യാപരമാണ് എന്ന തിരിച്ചറിവ് സമുദായത്തിനുണ്ടെങ്കിലും നേതൃശിരോമണികള്‍ക്ക് ഇല്ലാതെ പോകുന്നു. കിനാലൂരില്‍ അടിപൊട്ടിയപ്പോള്‍ ഒരു ചാനലിന്റെ പ്രൈം ടൈം ന്യൂസിന്റെ അവതാരകന്‍ സി പി ഐ എം നേതാവിനോട് ചോദിച്ചു: ``ജമാഅത്തിന് ഒരടി പെന്റിങ്ങുണ്ടായിരുന്നു. അതങ്ങു കൊടുത്തുവല്ലേ.''
പുതിയ സംഭവങ്ങള്‍ കാണുമ്പോള്‍ വാര്‍ത്താ അവതാരകന്റെ ചോദ്യവും ഒപ്പം കണ്ട ദൃശ്യങ്ങളും മനസ്സില്‍ നിന്ന് മായുന്നേ ഇല്ല. `പോരിട'ങ്ങളില്‍ വലിച്ചിഴക്കപ്പെട്ട പര്‍ദ്ദാധാരണികളുടെ ദൃശ്യങ്ങളും അതിന് അകമ്പടിയായി എളമരം കരീമിന്റെ ഈ പ്രതികരണവും മനസ്സിനെ ഏറെ അസ്വസ്ഥമാക്കുന്നു.










![]() |
കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ സോളിഡാരിറ്റി സംഘടിപ്പിച്ച ബഹുജന മാര്‍ച്ച്. |












കടപ്പാട് ശബാബ് വാരിക
