scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 27, 2011

അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗം- Endosulfan documentary by M.A Rahman


അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗം (ഡോക്യുമെന്ററി)


This documentary examines the effects of endosulfan poisoning on the inhabitants of Kasargod district in kerala. This documentary speak for itself,reflecting the magnitude of the tragedy.The documentary directed by Prof. M.A Rahman, covers a number of disfigured and mentally handicapped children who were born in the area due to the indiscriminate spraying of this poison by the Government.

Endosulfan documentary M അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗം (ഡോക്യുമെന്ററി)
എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍കോട്ടെ ഗ്രാമങ്ങളിലൂടെ ഈ ദുരന്തത്തിന്റെ ആഴങ്ങളിലേക്ക്, കാരണങ്ങളിലേക്ക് സമഗ്രമായ ഒരു അന്വേഷണം. പ്രൊഫസര്‍. എം എ റഹ്മാന്‍ സംവിധാനം ചെയ്ത ഡോക്യൂമെന്ററി
PART 1

Ara jeevithangalkku oru swargam Part 1 from malayalanatu on Vimeo.
PART 2

Ara jeevithangalkku oru swargam Part 2 from malayalanatu on Vimeo.
PART 3

Ara jeevithangalkku oru swargam Part 3 from malayalanatu on Vimeo.
courtesy - Endosulfan documentary by M.A Rahman | K Vartha

Share/Bookmark

മണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരങ്ങള്‍


മണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരങ്ങള്‍

അധികാര രാഷ്‌ട്രീയവുമായി സന്ധിയാകുന്ന വിധം

മുഹ്‌സിന്‍ കോട്ടക്കല്‍ 
കേരളത്തിന്റെ പരിസ്ഥിതി, ഭൂ പ്രശ്‌നങ്ങളിലും ദളിത്‌ ആദിവാസി പ്രശ്‌നങ്ങളിലും പ്രത്യക്ഷത്തില്‍ ഇടപെട്ടുകൊണ്ട്‌ രൂപീകൃതമായ സംഘടനയാണ്‌ സോളിഡാരിറ്റി. മാനുഷിക,പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന്‌ കേരളത്തിലെ മുന്നണി രാഷ്‌ട്രീയ സംവിധാനവും സംഘടനകളും അമ്പേ പരാജയമാണെന്ന്‌ സോളിഡാരിറ്റി വിധിയെഴുതി. കേരളത്തിന്റെ ഭൂ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം കാണുന്നതിന്‌ ബദല്‍ രാഷ്‌ട്രീയ സംവിധാനമൊരുക്കുക എന്ന മഹത്തായ ഉത്തരവാദിത്തമാണ്‌ സോളിഡാരിറ്റിയുടെ പ്രഖ്യാപിത നയമെന്നും അവര്‍ കേരളത്തില്‍ ധ്വനിയുയര്‍ത്തി.

മണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമ്മേളനങ്ങളിലൂടെയും വികസനഫോറങ്ങളിലൂടെയും പ്ലാച്ചിമട, ചെങ്ങറ, കിനാലൂര്‍, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ പരിസ്ഥിതി, ഭൂ സമരങ്ങളിലൂടെയും അവര്‍ തങ്ങളുടെ പ്രഖ്യാപിത ബദല്‍ രാഷ്‌ട്രീയത്തിന്റെ പ്രത്യക്ഷ ഇടപെടലുകള്‍ ആരംഭിച്ചു.

എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രഖ്യാപിത നയനിലപാടുകള്‍ വലിയ വൈരുധ്യങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഇടവെച്ചു. അതിനുംപുറമെ തങ്ങളുടെ സമരങ്ങളെയൊക്കെ ഒളിഞ്ഞും തെളിഞ്ഞും പൊളിച്ചടക്കിയ ഇടതുപക്ഷ സര്‍ക്കാറിനു തന്നെ വീണ്ടും വീണ്ടും വോട്ട്‌ മറിച്ചുനല്‍കുന്നതിലെ വിരോധാഭാസം ജമാഅത്ത്‌ ബുദ്ധിജീവികള്‍ക്കിടയില്‍ പൊട്ടിത്തെറികള്‍ക്ക്‌ ഇടയാക്കുകയും ചെയ്‌തു. അടിസ്ഥാനപരമായി ജമാഅത്ത്‌ വിരുദ്ധ സമീപനം കൈക്കൊള്ളുകയും സോളിഡാരിറ്റി ഏറ്റെടുത്ത്‌ സഹകരിച്ച സമരങ്ങള്‍ അടിച്ചൊതുക്കുകയും ചെയ്‌ത കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ ജമാഅത്ത്‌ പാളയത്തിലെ വോട്ടുകള്‍ പരസ്യമായി പതിച്ചുനല്‍കിയതിലെ യുക്തി വിശദീകരിക്കും തോറും സങ്കീര്‍ണമാകുകയാണ്‌ ചെയ്‌തത്‌.
ചെങ്ങറ, കിനാലൂര്‍ തുടങ്ങി സോളിഡാരിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരും കേരളത്തിലെ ഭൂ-പരിസ്ഥിതി സമരങ്ങള്‍ക്ക്‌ പിന്തുണ കൊടുത്തവരുമായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സോളിഡാരിറ്റിയും അവരുടെ മാതൃ സംഘടനയും കൈക്കൊണ്ട നിലപാടിനെക്കുറിച്ച്‌ പ്രതികരിക്കുകയാണ്‌ ഈ ചര്‍ച്ചയില്‍:

കക്ഷിരാഷ്‌ട്രീയത്തിലെ സൂക്ഷ്‌മ വൈരുധ്യങ്ങള്‍
സി ആര്‍ നീലകണ്‌ഠന്‍ 
(ആക്‌ടിവിസ്റ്റ്‌, പരിസ്ഥിതിപ്രവര്‍ത്തകന്‍)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി എടുത്ത നിലപാട്‌ മുമ്പൊരിക്കലുമില്ലാത്ത വിധം ഇത്തവണ ചര്‍ച്ചാവിഷയമായിരിക്കുന്നു. ഒരു രാഷ്‌ട്രീയ കക്ഷി, സമുദായ സംഘടന തുടങ്ങിയ നിലകളില്‍ ഒരു തെരഞ്ഞെടുപ്പില്‍ എന്തു നിലപാടെടുക്കാനും ഏതു സംഘടനക്കും അവകാശമുണ്ട്‌. കാര്യകാരണങ്ങള്‍ സ്വന്തം അണികളെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി. ഇന്നാട്ടില്‍ ജനപിന്തുണയുള്ളതും ഇല്ലാത്തതുമായ കാക്കത്തൊള്ളായിരം സംഘടനകള്‍ തെരഞ്ഞടുപ്പുകാലത്ത്‌ `പിന്തുണ'പ്രഖ്യപനവുമായി വരാറുണ്ട്‌. അതിനെപ്പറ്റിയൊന്നും ചര്‍ച്ചയുണ്ടാകാറില്ല. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്‌ ഇത്ര ചര്‍ച്ചയായതെന്തുകൊണ്ട്‌?

ഈ ലേഖകന്റെ അറിവനുസരിച്ച്‌ 1977 വരെ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ ഇടപെടാതിരുന്ന ജെ ഐ എച്ച്‌ അടിയന്തരാവസ്ഥക്കെതിരെ ആണ്‌ ആദ്യമായി വോട്ടു ചെയ്‌തത്‌. പിന്നീടങ്ങോട്ട്‌ ഇന്ത്യയിലും കേരളത്തിലും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമുള്ള പിന്തുണ ഇവര്‍ പ്രഖ്യാപിക്കാറുണ്ട്‌. അന്നൊന്നും ഈ വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതുയരുന്നതിനുള്ള പ്രധാന കാരണം, ഇവരുടെ യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയുടെ ഇടപെടലുകളാണെന്ന്‌ ഈ ലേഖകന്‍ കരുതുന്നു. കേവലം മതത്തിലും ആത്മീയതയിലും മാത്രം ഒതുങ്ങാതെ മതേതര സമൂഹത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളിലും ജനകീയ സമരങ്ങളിലും സോളിഡാരിറ്റി ശക്തമായി ഇടപെട്ടിരുന്നല്ലോ. ഇത്‌ പൊതു മണ്ഡലത്തെ ബാധിക്കുന്നതും അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ മതേതര ഇടപെടല്‍ സാധ്യമാക്കുന്നതുമായ നിലപാടുകളായിരുന്നു. ഇസ്‌ലാം മത വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കിലും (ഇതവരുടെ നിലപാടാണ്‌, ഈ ലേഖകനറിയാത്ത കാര്യവുമാണ്‌) സമരങ്ങളിലുള്ളവര്‍ മിക്കപ്പോഴും `അന്യമത'സ്ഥരായിരിക്കും.


കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി മുഖ്യധാരാ പ്രസ്ഥാനങ്ങളോ അവരുടെ യുവജന സംഘടനകളോ സജീവമായ ഒരു ജനകീയ പ്രശ്‌നങ്ങളിലും പങ്കെടുത്തിരുന്നില്ലെന്ന വസ്‌തുതയും ഇവിടെ ശ്രദ്ധേയമാണ്‌. ആഗോളീകരണ കാലത്ത്‌ കക്ഷി-മുന്നണി ഭേദമില്ലാതെ എല്ലാവരും `മൂലധന സൗഹൃദക്കാരാ'യി മാറി. ഇത്‌ വന്‍തോതിലുള്ള അധിനിവേശത്തിനും പ്രാന്തവല്‍കരണത്തിനും വഴിവെച്ചു. ഇവര്‍ കക്ഷിഭേദമന്യേ നിരവധി സമരമുഖങ്ങള്‍ തുറന്നു. കേരളത്തില്‍ പ്ലാച്ചിമടയിലെ കോളക്കമ്പനിക്കെതിരായ സമരമാണ്‌ ഇതിന്റെ തുറന്ന മുഖമായത്‌. 
ബഹുരാഷ്‌ട്ര കമ്പനിയായ കോളയ്‌ക്ക്‌ അനുമതി നല്‌കിയത്‌ ഇടതു പക്ഷ സര്‍ക്കാരും അവരെ പിന്നീട്‌ സംരക്ഷിച്ചത്‌ വലതുപക്ഷ സര്‍ക്കാരുമാണ്‌. സ്വന്തം ജീവജലം തിരിച്ചുപിടിക്കാന്‍ നടത്തിയ ആ സമരത്തെ `മുഖ്യധാര'ക്കാര്‍ ആദ്യം പുച്ഛിച്ചുതള്ളി. ജല ദൗര്‍ലഭ്യം, സ്രോതസ്സുകളുടെ നാശം, മലിനീകരണം, ജലത്തിന്റെ വ്യാപാര വല്‌ക്കരണം തുടങ്ങിയവയൊന്നും `മുഖ്യധാര'ക്കാര്‍ക്കൊരിക്കലും വിഷയമായിരുന്നില്ലല്ലോ. (ഒടുവില്‍ സമരം ആഗോളപ്രശസ്‌തമായപ്പോള്‍ പലരും ഇതിന്റെ `വക്താക്കള്‍' ആയി വന്നുവെന്നത്‌ മറ്റൊരു പ്രശ്‌നം). പ്ലാച്ചിമട പോലെയുള്ള സമരങ്ങള്‍ പിന്നീട്‌ പലയിടത്തുമുണ്ടായി. ചെങ്ങറ, എന്‍ഡോ സള്‍ഫാന്‍, പാത്രക്കടവ്‌, അതിരപ്പള്ളി, ഞെളിയന്‍ പറമ്പ്‌ (മാലിന്യം), പെരിയാര്‍ മലിനീകരണം, മൂലമ്പിള്ളി അടക്കമുള്ള കുടിയിറക്കലുകള്‍, കിനാലൂരും വിഴിഞ്ഞത്തും മറ്റും കുടിയിറക്കാനുള്ള നടപടികള്‍, ദേശീയ പാതകളുടെ സ്വകാര്യ വല്‌ക്കരണം, കരിമണല്‍-വെളച്ചിക്കാല തുടങ്ങിയ ഖനനപദ്ധതികള്‍ എന്നീ സമരങ്ങളെപ്പറ്റി മുഖ്യധാരക്കാര്‍ക്ക്‌ നിലപാടില്ലാതെ വന്നു. എന്നാല്‍ ഈ ഇടങ്ങളിലെല്ലാം ഒരു ഇടതുപക്ഷ യുവജനസംഘടന നിര്‍വഹിക്കുമെന്ന്‌ കേരളീയ സമൂഹം പ്രതീക്ഷിച്ച കടമകള്‍ ഏറ്റെടുത്തത്‌്‌ സോളിഡാരിറ്റിയായിരുന്നു. ഇത്‌ കേരളീയ സമൂഹത്തില്‍ അവര്‍ക്കു കാര്യമായ സ്വീകാര്യതയുണ്ടാക്കുകയും ചെയ്‌തു.

മാറി മാറി വരുന്ന ഇടതു-വലതു സര്‍ക്കാറുകള്‍ക്കെതിരെ ശക്തമായി നിലപാടെടുത്തുകൊണ്ടു മാത്രമേ ഇത്തരം സമരങ്ങള്‍ക്കു മുന്നോട്ടുപോകാനാകൂ. അടവെന്ന രീതിയില്‍ ചിലപ്പോള്‍ `പ്രതിപക്ഷം' പിന്തുണ നല്‌കിയേക്കാം. എന്നാല്‍ അതു സ്ഥായിയല്ല. സമരക്കാര്‍ക്കും അതിനോടൊപ്പം നില്‌ക്കുന്നവര്‍ക്കും ഈ നിലപാടുകള്‍ ഒട്ടനവധി ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്‌. പ്രത്യേകിച്ചും ഇരു മുന്നണികളായിത്തിരിഞ്ഞ്‌ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പു ഘട്ടങ്ങളില്‍ ഇവിടെ ഏതെങ്കിലും ഒരു `പക്ഷം' പിടിക്കേണ്ടി വരും. (മൂന്നാം പക്ഷമായി മത്സരിക്കാന്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു ശ്രമം ഇവര്‍ നടത്തിയിരുന്നു. മുഖ്യധാരക്കാര്‍ (മാധ്യമങ്ങളടക്കം) ശക്തമായി എതിര്‍ത്തു. അതു പ്രതീക്ഷിച്ചതുമാണ്‌. അതിനുമപ്പുറം മുന്നണി രാഷ്‌ട്രീയത്തിലെ ചതിക്കുഴികളില്‍ പലപ്പോഴും ഇവര്‍ തന്നെ പെട്ടുപോവുകയും ചെയ്‌തു.) മൂന്നാം മുന്നണി എന്ന ആശയം ദേശീയ സംസ്ഥാന തലങ്ങളില്‍ പലപ്പോഴും പരാജയപ്പെടുന്നത്‌ എന്തുകൊണ്ടാണെന്ന്‌ പഠിക്കേണ്ടതുണ്ട്‌. മുന്നണി രാഷ്‌ട്രീയത്തിലെ വൈരുദ്ധ്യാത്മകത തിരിച്ചറിയേണ്ടതുണ്ട്‌.


ഒരനുഭവം പറയാം. 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പു സമയം. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി 2008ല്‍ മൂലമ്പിള്ളിയില്‍ നിന്നടക്കം കുടിയിറക്കപ്പെട്ട 326 കുടുംബങ്ങളുടെ പുനരധിവാസം സമ്പൂര്‍ണ അനിശ്ചിതത്വത്തിലാണ്‌. അവിടെ ശക്തമായ സമരം നടക്കുന്നു. തങ്ങളുടെ സമരത്തിന്റെ ഭാഗമായി പൊതു സമൂഹത്തിന്‌ മുന്നില്‍ പ്രശ്‌നങ്ങളവതരിപ്പിക്കാനായി ഒരു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സമര സമിതി തീരുമാനിച്ചു. മേരി ഫ്രാന്‍സിസ്‌ സ്ഥാനാര്‍ഥിയായി. കുടിയിറക്കപ്പെട്ടവരുടെ താല്‌ക്കാലിക ഷെഡ്‌ നിര്‍മിച്ചു നല്‌കുന്നതടക്കം സമരത്തെ ശക്തമായി പിന്തുണച്ചവരാണ്‌ സോളിഡാരിറ്റി. എന്നാല്‍ ഏറണാകുളം മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ സിന്ധുജോയിയെ പിന്താങ്ങാനാണ്‌ ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചത്‌. 
മൂലമ്പിള്ളിയില്‍ കുടിയിറക്കിയവരെ പിന്താങ്ങുന്നതില്‍ സ്വാഭാവികമായും സോളിഡാരിറ്റിയിലെ യുവാക്കള്‍ക്ക്‌ പ്രതിഷേധമുണ്ടാകാം. എങ്കിലും അവര്‍ `അച്ചടക്കം'പാലിച്ചു. ഇതിന്റെ തുടര്‍ച്ചയാണ്‌ ഈ നിയമസഭാ തെരഞ്ഞെടുപ്പിലുമുണ്ടായത്‌. കിനാലൂരില്‍, കുടിയിറക്കാന്‍ ജനങ്ങള്‍ക്കുമേല്‍ അക്രമം അഴിച്ചുവിടുകയും ഇപ്പോഴും ആ പദ്ധതിയെ ന്യായീകരിക്കുകയും ആ പ്രശ്‌നത്തില്‍ ഇടപെട്ടതിന്റെ പേരില്‍ സോളിഡാരിറ്റിയെ `ഭീകരവാദികളും വിദേശ ഫണ്ടുകാരും' ആയി അവതരിപ്പിക്കുകയും ചെയ്‌ത എളമരം കരീമിനെ അടക്കം തെരഞ്ഞെടുപ്പില്‍ പിന്താങ്ങാനാണവര്‍ തീരുമാനിച്ചത്‌. എന്നാല്‍ ഇടതുപക്ഷത്തിനു പകരം വലതു പക്ഷത്തെ പിന്താങ്ങണമായിരുന്നു എന്നു വാദിക്കുന്നവരോട്‌ എനിക്ക്‌ യോജിപ്പില്ല. ഇരുപക്ഷക്കാര്‍ക്കും തമ്മില്‍ കാര്യമായ വ്യത്യാസമില്ല.

പ്രശ്‌നം ലളിതമാണ്‌. പരിഹാരം സങ്കീര്‍ണവും. ആഗോളീകരണത്തിനും സാമ്രാജ്യത്വത്തിനും എതിരായി നിലപാടെടുക്കുന്നു എന്നതിനാലാണ്‌ മിക്കപ്പോഴും ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്താങ്ങുന്നത്‌. ഇതു ഭാഗികമായി മാത്രം ശരിയാണ്‌. ഭരണത്തിലെത്തുമ്പോള്‍ ഇവര്‍ക്കിതൊന്നും പാലിക്കാനാകില്ലെന്ന്‌ എ ഡി ബി വായ്‌പയും സ്വാശ്രയ നയവും ദേശീയപാത സ്വകാര്യവല്‌ക്കരണവുമെല്ലാം വ്യക്തമാക്കുന്നു. ആഗോളതലത്തിലെടുക്കുന്ന സ്ഥൂലതല നിലപാടുകള്‍ക്ക്‌ വിരുദ്ധമായി ഇവിടെ നിലപാടെടുക്കുന്നു. ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്നത്‌ സൂക്ഷ്‌മ നിലപാടുകളാണ്‌ എന്നും ഓര്‍ക്കുക. ഈ വൈരുദ്ധ്യം തിരിച്ചറിഞ്ഞ്‌ കക്ഷിരാഷ്‌ട്രീയത്തില്‍ ഇടപെടുക എന്നത്‌ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്‌. ഇതില്‍ പരാജയമടയുക മൂലമാണ്‌ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങള്‍ എന്നു തോന്നുന്നു.

അവര്‍ വിശ്വാസ്യത കളഞ്ഞുകുളിച്ചു
ളാഹാ ഗോപാലന്‍ (ചെങ്ങറ സമരനായകന്‍)
[0878.jpg]
സോളിഡാരിറ്റിയെക്കുറിച്ച്‌ ഒരു പ്രത്യേക മതിപ്പാണ്‌ എനിക്കുണ്ടായിരുന്നത്‌. ചെങ്ങറ സമരകാലത്ത്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ പതിനാല്‌ ലോഡുകളിലായി ഭക്ഷണ സാധനങ്ങള്‍ അവര്‍ എത്തിക്കുകയുണ്ടായി. അതൊരു വലിയകാര്യമായി അന്ന്‌ ഞങ്ങള്‍ കരുതിയിരുന്നു. ശേഷം, സോളിഡാരിറ്റിയുടെ വേദികളിലൊക്കെ ഞാന്‍ പങ്കെടുക്കാറുമുണ്ടായിരുന്നു. മര്‍ദ്ദിതരുടെയും പാവപ്പെട്ടവരുടെയും ഭാവി പ്രതീക്ഷയായി വരെ ഞാന്‍ സോളിഡാരിറ്റിയെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ ഏറ്റെടുത്ത സമരങ്ങളെപ്പോലും തുരങ്കംവെച്ച്‌ തകര്‍ത്ത കമ്യൂണിസ്റ്റ്‌ ഭരണകൂടത്തിന്‌ വോട്ട്‌ മറിച്ചുനല്‍കാനുള്ള സോളിഡാരിറ്റിയുടെ തീരുമാനം അവരിലുള്ള വിശ്വാസ്യത മുഴുവന്‍ നഷ്‌ടപ്പെടുത്തിയിരിക്കുന്നു.


എല്‍ഡിഎഫ്‌ ആയാലും യുഡിഎഫ്‌ ആയാലും ബിജെപി ആയാലും പാവങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ അറുതിവരില്ലെന്നും പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വികസന നയങ്ങളില്‍ മാനുഷിക മുഖം നല്‍കുന്നതിനും ഒരു ബദല്‍രാഷ്‌ട്രീയം ആവശ്യമാണെന്നും വാതോരാതെ സംസാരിച്ച സോളിഡാരിറ്റി യഥാര്‍ഥത്തില്‍ സ്വയം പരിഹാസ്യരാവുകയും ഞങ്ങളെപ്പോലുള്ള സമാധാന രാഷ്‌ട്രീയത്തിന്റെ വക്താക്കളെ കബളിപ്പിക്കുകയുമാണ്‌ ചെയ്‌തത്‌. രാജഭരണ കാലത്തേക്കാള്‍ ഏകാധിപത്യ സ്വഭാവത്തോടുകൂടിയാണ്‌ ഇന്നത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നിലകൊള്ളുന്നത്‌. ഗവര്‍ണറെപ്പോലും അധിക്ഷേപിക്കുകയും സ്‌ത്രീകളെ മൂത്രാഭിഷേകം നടത്തുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകാര്‍ ഏകാധിപത്യ ഭരണമാണ്‌ കാഴ്‌ചവെക്കുന്നത്‌. കമ്യൂണിസ്റ്റുകാര്‍ കല്‌പിക്കുന്നത്‌ മാത്രം ശരി എന്നത്‌ ജനാധിപത്യമല്ല.
പ്രാസ്ഥാനികമായ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരിക്കെയും സോളിഡാരിറ്റിയുമായി സഹകരിച്ചിരുന്നത്‌ അവര്‍ മുന്നോട്ടുവെച്ചിരുന്ന വികസന അജണ്ടകളുടെയും മണ്ണിനും പരിസ്ഥിതിക്കും വേണ്ടിയുള്ള സമരങ്ങളുടെയും അടിസ്ഥാനത്തിലാണ്‌. എന്നാല്‍ സി പി ഐ എമ്മുമായി സോളിഡാരിറ്റി നടത്തിയിരിക്കുന്ന ഈ നടപടിയോടെ അവരുമായുള്ള സഹകരണം അബദ്ധമാണെന്ന്‌ ബോധ്യപ്പെട്ടിരിക്കുകയാണ്‌. അധികാരത്തിനു വേണ്ടി മാത്രമുള്ളവയായിരുന്നു അവരുടെ ഡയലോഗുകള്‍. സോളിഡാരിറ്റിയുടെ ബദല്‍ രാഷ്‌ട്രീയം എന്ന പ്രയോഗവും സമരങ്ങളുമൊക്കെയും കേവലം നിലനില്‌പിന്റെയും മുഖം മിനുക്കലിന്റെയും പ്രശ്‌നം മാത്രമായേ കാണാനാവൂ.

വലിയ വൈരുധ്യം ജമാഅത്ത്‌ ബുദ്ധിജീവികളും അണികളും തമ്മില്‍
സിവിക്‌ ചന്ദ്രന്‍ (എഡിറ്റര്‍, പാഠഭേദം)
ജമാഅത്തെ ഇസ്‌ലാമിയുടെ ഇടതുപക്ഷ ബാന്ധവത്തെപ്പറ്റി സോളിഡാരിറ്റി ഉണ്ടാകുന്നതിനുമുമ്പെ മുന്നറിയിപ്പ്‌ നല്‍കിയിരുന്ന ഒരാളായിരുന്നു ഞാന്‍. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു ഇടതുപക്ഷ സ്വരം വേണമെന്ന്‌ ശക്തമായി ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ ഞാനടക്കമുള്ളവര്‍ കേരളത്തില്‍ ഇടതുപക്ഷത്തെയാണ്‌ പിന്തുണച്ചത്‌. ജമാഅത്തും സോളിഡാരിറ്റിയും ഇന്നനുഭവിക്കുന്നത്‌ യഥാര്‍ഥത്തില്‍ അവരുടെ അന്ധമായ സിപിഐഎം ചായ്‌വിനുള്ള പിഴയാണ്‌. കിനാലൂരടക്കമുള്ള സമരങ്ങളില്‍ സോളിഡാരിറ്റിക്ക്‌ സിപിഐഎം കേന്ദ്രങ്ങളില്‍നിന്ന്‌ ശക്തമായ വെല്ലുവിളികളും മര്‍ദ്ദനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്‌.
ഇവിടെ നിലനില്‍ക്കുന്ന വലിയ വൈരുധ്യം ജമാഅത്തെ ഇസ്‌ലാമി ബുദ്ധിജീവികളും ജമാഅത്ത്‌ അണികളും തമ്മിലാണ്‌. ജമാഅത്തിലെ ബുദ്ധിജീവികള്‍ക്ക്‌ സിപിഐഎമ്മിനെ അംഗീകരിക്കുന്നതില്‍ ഇന്ന്‌ സ്വാഭാവികമായുംപ്രയാസം നേരിടുമ്പോള്‍ തന്നെ സ്വന്തം അണികളെ സിപിഐഎം അനുഭാവത്തില്‍നിന്ന്‌ പിന്തിരിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ സത്യം. അതുകൊണ്ടാണ്‌ ബേപ്പൂരിലും എലത്തൂരിലുമടക്കം കേരളത്തിന്റെ ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇടതുപക്ഷത്തിന്‌ പിന്തുണപതിച്ചു നല്‍കേണ്ടി വന്നത്‌. ഈയൊരു വലിയ വൈരുധ്യത്തിന്റെ അനന്തരഫലങ്ങളാണ്‌ ജമാഅത്ത്‌ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ഹമീദ്‌ വാണിമേലിന്റെ രാജി അടക്കമുള്ള സംഭവങ്ങള്‍.

ഇരകള്‍ക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും? കെ റഹ്‌മത്തുല്ല മാസ്റ്റര്‍ (കിനാലൂര്‍ ജനജാഗ്രത സമിതി)

പനങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ കൈവശത്തില്‍ കേവം 150 ഏക്കര്‍ ഭൂമിയും സ്വകാര്യ അധീനതയില്‍ 3000 ഏക്കറോളം ഭൂമിയും ഉള്ള കിനാലൂര്‍ എസ്റ്റേറ്റ്‌ പ്രദേശത്തേക്ക്‌ എന്‍ എച്ച്‌ 17 ബൈപ്പാസില്‍, മാളിക്കടവില്‍ നിന്ന്‌ തുടങ്ങി കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, ഉണ്ണികുളം പഞ്ചായത്തുകളിലൂടെ കടന്നെത്തുന്ന പ്രത്യേക സമര്‍പ്പിത പാത എന്ന ആശയത്തെതന്നെ ചോദ്യം ചെയ്‌തുകൊണ്ടാണ്‌ ജനജാഗ്രതാ സമിതി എന്ന പേരില്‍ ഒരു സമര സമിതി രൂപീകരിക്കപ്പെട്ടത്‌. എന്‍ എച്ച്‌ 212 ല്‍ നിന്നും ഏഴ്‌ കിലോമീറ്റര്‍ നീളത്തില്‍ പുല്ലാഞ്ഞിമേട്‌ എന്ന്‌ സ്ഥലത്തുനിന്ന്‌ കിനാലൂര്‍ പദ്ധതി പ്രദേശത്തേക്ക്‌ എസ്റ്റേറ്റ്‌ ഭൂമിയിലൂടെ തന്നെ ഹൈവേ കണക്‌ടിവിറ്റി സാധ്യമാണെന്നിരിക്കെ ഇരുപത്തിയാറ്‌ കിലോമീറ്റര്‍ നീളത്തില്‍ അതും പതിനേഴ്‌ കിലോമീറ്റര്‍ വയലുകളില്‍ കൂടി ഒരു പ്രത്യേക റോഡു തന്നെ വേണമെന്ന വ്യവസായവകുപ്പ്‌ മന്ത്രിയുടെയും ജില്ലാ കലക്‌ടറുടെയും ധാര്‍ഷ്‌ട്യം കലര്‍ന്ന നിര്‍ബന്ധം ഇതു സംബന്ധിച്ച്‌ കൂടുതല്‍ പഠിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. മലേഷ്യന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാ പത്രത്തിന്റെ കാലാവധി കഴിഞ്ഞിട്ട്‌ വര്‍ഷങ്ങളായി എന്നും നിലവില്‍ ഒരു പ്രൊജക്‌ട്‌ റിപ്പോര്‍ട്ടുപോലുമില്ലെന്നുമുള്ള യാഥാര്‍ഥ്യം വ്യവസായ വകുപ്പില്‍ നിന്നുതന്നെ വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ക്ക്‌ ലഭിച്ച മറുപടിയിലൂടെ മനസ്സിലായി. ശേഷം വ്യാപകമായി ബോധവല്‌കരണത്തോടെ മുന്നോട്ടുപോയ സമരം അധികാരികള്‍ക്കു മുന്നില്‍ ശക്തമായ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തുകയായിരുന്നു.

അത്യന്തം ദുരൂഹമായിരുന്നു സമരത്തോടുള്ള സര്‍ക്കാറിന്റെ നിലപാട്‌. ജനങ്ങളില്‍ നിന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ പരമാവധി മറച്ചുവെക്കാന്‍ ശ്രമമുണ്ടായി. റവന്യൂ അധികാരികള്‍ക്കും പി ഡബ്ലിയൂ ഡി വകുപ്പിനും ഇതു സംബന്ധിച്ച വിവരമൊന്നുമില്ലായെന്ന്‌ ഞങ്ങള്‍ക്ക്‌ എഴുതി നല്‌കിയ മറുപടി വ്യക്തമാക്കുന്നു. സര്‍വേ ജോലിക്ക്‌ നിയോഗിക്കപ്പെട്ടത്‌ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയെയാണ്‌. ഇതുമൂലം വില്ലേജ്‌ ഓഫീസില്‍ പോലും സര്‍വേ നടപടി സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാതെ പോയി. മന്ത്രിയും ജില്ലാ കലക്‌ടറും വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഞങ്ങളെ ക്ഷണിച്ചെങ്കിലും സ്വകാര്യ സര്‍വേ ഉദ്യോഗസ്ഥരോടാണ്‌ കൂടുതല്‍ സമയവും അവിടെ സംസാരിച്ചത്‌. ഞങ്ങളുടെ ബദല്‍ റോഡ്‌ നിര്‍ദേശത്തോട്‌ ക്രിയാത്മകമായി പ്രതികരിക്കാന്‍ മന്ത്രിയും കലക്‌ടറും തയ്യാറായതുമില്ല. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ സ്വകാര്യ കമ്പനിയുടെയും ബാലുശ്ശേരി എം എല്‍ എയുടെയും നേതൃത്വത്തില്‍ റോഡ്‌ അലൈന്‍മെന്റ്‌ സംബന്ധിച്ച്‌ എല്‍ സി ഡി ഉപയോഗിച്ച്‌ മെമ്പര്‍മാര്‍ക്ക്‌ വിശദാംശങ്ങള്‍ നല്‌കിയിരുന്നു. പക്ഷെ, ഗ്രാമസഭയില്‍ ഇക്കാര്യങ്ങളെല്ലാം അവര്‍ തന്ത്രപൂര്‍വം മറച്ചുവെച്ചു.


വ്യവസായ മന്ത്രി എളമരം കരീമും ബാലുശ്ശേരി എം എല്‍ എ എ കെ ശശീന്ദ്രനും ജനപ്രതിനിധികള്‍ എന്ന നിലയില്‍ നിന്നും മാറി മറ്റാരുടെയോ താല്‌പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതായിട്ടാണ്‌ ജനജാഗ്രതാ സമിതിക്ക്‌ തോന്നിയിട്ടുള്ളത്‌. ഒരു പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍ ഒന്നാകെ ശുദ്ധജലം കുടിക്കാനും ശുദ്ധ വായു ശ്വസിക്കാനുമുള്ള അവകാശത്തിനുവേണ്ടി സംഘടിച്ചു മുന്നോട്ട്‌ വന്നപ്പോള്‍ അതിനു നേരെ ഭീഷണിയുടെയും ധിക്കാരത്തിന്റെയും ഭാഷയില്‍ സംസാരിച്ചവരാണിവര്‍. മാത്രമല്ല, 2010 മെയ്‌ 6ന്‌ മുഖ്യമന്ത്രി ഡല്‍ഹിയിലും ആഭ്യന്തര മന്ത്രി വിദേശത്തുമായിരിക്കെ അതിക്രൂരമായി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്‌ കേരളമാകെത്തന്നെ സാക്ഷിയാണ്‌. ഈ തരത്തില്‍ ജനങ്ങളെ വെല്ലുവിളിച്ച അവരോട്‌, ശത്രുരാജ്യത്തോട്‌ കാട്ടുന്ന യുദ്ധനീതിപോലും മറന്നുകൊണ്ട്‌ പെരുമാറിയവരെന്ന നിലയില്‍ അവരെ ഞങ്ങള്‍ക്കൊരിക്കലും പിന്തുണയ്‌ക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ എളമരം കരീമിനും എ കെ ശശീന്ദ്രനുമായി വോട്ടു നല്‌കണമെന്ന്‌ ആഗ്രഹമുള്ളവര്‍ ആരായാലും അവരുടെ കൂടെ കിനാലൂര്‍ സമരം നയിക്കാന്‍ ഞങ്ങള്‍ക്ക്‌ സാധിക്കുകയില്ല.
ഈ സമരത്തില്‍ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികള്‍ക്കൊപ്പം സോളിഡാരിറ്റിയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ട്‌ ഞങ്ങളെ തീവ്രവാദികളെന്നു വരെ വിളിച്ചാക്ഷേപിച്ചവരാണ്‌ മന്ത്രിയും ശശീന്ദ്രനും അടക്കമുള്ളവര്‍. ഇവര്‍ തുടക്കമിട്ട കുപ്രചരണം പിന്നീട്‌ സംസ്ഥാന വ്യാപകമായി സി പി എം നേതൃത്വത്തില്‍ തന്നെ നടപ്പാക്കുകയായിരുന്നു. എന്തിനേറെ മുഖ്യമന്ത്രി ഉറപ്പുനല്‌കിയ സര്‍വകക്ഷി യോഗം പോലും നടക്കാതെ പോയത്‌ സോളിഡാരിറ്റിക്കാരെ ഒഴിവാക്കി വരാന്‍ പറഞ്ഞതിന്റെ പേരിലായിരുന്നു. ഞങ്ങള്‍ക്കൊപ്പം നിന്നവരെ ആരെയും മാറ്റിനിര്‍ത്തിക്കൊണ്ട്‌ സര്‍വ കക്ഷിയോഗത്തിന്‌ പോകാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. മാത്രമല്ല, നൂറ്റി അന്‍പതോളം പേരുടെ നേര്‍ക്ക്‌ വധശ്രമത്തിന്‌ എടുത്ത കേസില്‍ അറസ്റ്റിലായ ഏക പ്രതിയും ഒരു ജമാഅത്ത്‌ പ്രവര്‍ത്തകനാണെന്നത്‌ ശ്രദ്ധേയമാണ്‌. ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ അറസ്റ്റുചെയ്യാനായിരുന്നു പരിപാടി. പക്ഷേ, ജനജാഗ്രതാ സമിതിയും രാഷ്‌ട്രീയ കക്ഷികള്‍ ഉള്‍പ്പെട്ട ജനകീയ ഐക്യവേദിയും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച്‌ ഈ നീക്കം തടയുകയായിരുന്നു. ഈ രീതിയില്‍ ഐക്യത്തോടെയും കെട്ടുറപ്പോടെയും നീങ്ങിയ സമരസമിതിക്ക്‌ താങ്ങാനാവുന്നതല്ല സോളിഡാരിറ്റിയുടെ പുതിയ നയം. മറ്റ്‌ നൂറ്റി മുപ്പത്തിയെട്ട്‌ മണ്ഡലങ്ങളില്‍ സോളിഡാരിറ്റി എല്‍ ഡി എഫിനെയോ യു ഡി എഫിനെയോ പിന്തുണയ്‌ക്കുന്നത്‌ ഞങ്ങള്‍ക്ക്‌ വിഷയമേ അല്ല.

ഇരകള്‍ക്കൊപ്പം നില്‌ക്കുകയും അതേ സമയം വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന ദ്വിമുഖ വ്യക്തിത്വമുള്ളവരുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്ക്‌ കഴിയുകയില്ല. അവര്‍ക്ക്‌ അവരുടെ മാര്‍ഗം; ഞങ്ങള്‍ക്ക്‌ ഞങ്ങളുടേതും.






വിവാദം സൃഷ്‌ടിക്കുന്നവരും വിളിച്ചുവരുത്തുന്നവരും 


അശ്‌റഫ്‌ കടയ്‌ക്കല്‍ (സാംസ്‌കാരിക നിരീക്ഷകന്‍)
കേരളത്തില്‍ തൊണ്ണൂറുകള്‍ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തീവ്രവാദം ഒരു വിഷയമാക്കുകയോ ആവുകയോ ചെയ്‌തിട്ടുണ്ട്‌. ഐ എസ്‌ എസ്‌, പി ഡി പി, എന്‍ ഡി എഫ്‌, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനാ നാമങ്ങള്‍ ഇലക്‌ഷന്‍ പ്രചരണങ്ങള്‍ക്കുള്ള ആയുധങ്ങളായി ഇരു മുന്നണികളും തരാതരം പോലെ ഉപയോഗിച്ചുവരുന്നു. `മുസ്‌ലിം തീവ്രവാദ'ത്തെ ഒപ്പംകൂട്ടുകയോ കടന്നാക്രമിക്കുകയോ ചെയ്‌തുകൊണ്ട്‌ ഇടതു-വലതു മുന്നണികള്‍ കാഴ്‌ചവെക്കുന്ന ആട്ടക്കഥാ `വധ'ങ്ങള്‍ക്ക്‌ രംഗപടം സജ്ജമാക്കി നമ്മുടെ മാധ്യമ ലോകം നേരത്തെ തന്നെ റെഡിയാണ്‌. ഇനിയെങ്ങാനും നമ്മുടെ രാഷ്‌ട്രീയ കക്ഷികള്‍ `തീവ്രവാദം' വിട്ട്‌ പുതിയ വിഷയം തേടാമെന്ന്‌ വെച്ചാല്‍ നമ്മുടെ സംഘടനകളൊട്ടു സമ്മതിക്കുകയുമില്ല. അവര്‍ പിന്തുണ പ്രഖ്യാപനവും രഹസ്യചര്‍ച്ചയും വേദി പങ്കിടലുമായി രാഷ്‌ട്രീയ ചര്‍ച്ചയില്‍ തീവ്രവാദത്തെ മുഖ്യസ്ഥാനത്ത്‌ വീണ്ടും പ്രതിഷ്‌ഠിക്കും. അങ്ങനെ മേക്കിട്ട്‌ കേറാന്‍ അവസരം തേടിയിരിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ ആഘോഷമായി. കൃത്രിമമായി സൃഷ്‌ടിക്കപ്പെടുന്ന ഇത്തരം വിവാദങ്ങള്‍ ഇടതു-വലതു മുന്നണികള്‍ക്ക്‌ താല്‌ക്കാലിക ലാഭം സമ്മാനിച്ചേക്കാം. പക്ഷേ, ആത്യന്തികമായി ഇത്‌ കേരളത്തിന്റെ വര്‍ഗീയവല്‍കരണത്തിന്‌ ആക്കം കൂട്ടാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. ഇത്‌ തിരിച്ചറിയാനും തദനുസൃതമായി നയ സമീപനങ്ങള്‍ സ്വീകരിക്കാനും രാഷ്‌ട്രീയ പരീക്ഷണത്തിന്‌ ഒരുമ്പെട്ടിരിക്കുന്ന മുസ്‌ലിം സംഘടനകള്‍ക്കാവുന്നുമില്ല. ഇത്തരം രാഷ്‌ട്രീയ പരീക്ഷണങ്ങള്‍ ആത്മഹത്യാപരമാണ്‌ എന്ന തിരിച്ചറിവ്‌ സമുദായത്തിനുണ്ടെങ്കിലും നേതൃശിരോമണികള്‍ക്ക്‌ ഇല്ലാതെ പോകുന്നു. കിനാലൂരില്‍ അടിപൊട്ടിയപ്പോള്‍ ഒരു ചാനലിന്റെ പ്രൈം ടൈം ന്യൂസിന്റെ അവതാരകന്‍ സി പി ഐ എം നേതാവിനോട്‌ ചോദിച്ചു: ``ജമാഅത്തിന്‌ ഒരടി പെന്റിങ്ങുണ്ടായിരുന്നു. അതങ്ങു കൊടുത്തുവല്ലേ.''
പുതിയ സംഭവങ്ങള്‍ കാണുമ്പോള്‍ വാര്‍ത്താ അവതാരകന്റെ ചോദ്യവും ഒപ്പം കണ്ട ദൃശ്യങ്ങളും മനസ്സില്‍ നിന്ന്‌ മായുന്നേ ഇല്ല. `പോരിട'ങ്ങളില്‍ വലിച്ചിഴക്കപ്പെട്ട പര്‍ദ്ദാധാരണികളുടെ ദൃശ്യങ്ങളും അതിന്‌ അകമ്പടിയായി എളമരം കരീമിന്റെ ഈ പ്രതികരണവും മനസ്സിനെ ഏറെ അസ്വസ്ഥമാക്കുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ സോളിഡാരിറ്റി സംഘടിപ്പിച്ച ബഹുജന മാര്‍ച്ച്‌.
കടപ്പാട് ശബാബ് വാരിക 

Share/Bookmark

Apr 25, 2011

മരണത്തെക്കുറിച്ചുള്ള ചില വിചാരങ്ങള്‍

മരണത്തെക്കുറിച്ചുള്ള ചില വിചാരങ്ങള്‍



അബ്ദുല്വദൂദ്


നിങ്ങളൊരു കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന്‌ പറയുന്നത്‌ നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടില്ലല്ലോ? ഇല്ല. പണം അതിന്റെ സമയത്ത്‌ ലഭിക്കുന്നതാണ്‌ നമുക്കിഷ്‌ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും. അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ; അല്ലാഹുവിന്‌ നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ്‌ `നാളെയാക്കാം', `പിന്നെയാക്കാം' എന്ന്‌ പറഞ്ഞ്‌ നാം നീട്ടിവെച്ചത്‌! അവനോടുള്ള എത്രയെത്ര കടമകളാണ്‌ നാം നിര്‍വഹിച്ചുതീര്‍ക്കാതെ നീട്ടിവലിച്ചത്‌!



ഈ ലോകത്തിന്റെ കാര്യങ്ങളൊന്നും നമ്മള്‍ നീട്ടിവെക്കാറില്ല. കടം വാങ്ങിയിട്ടെങ്കിലും എല്ലാം വേഗം ചെയ്‌തുതീര്‍ക്കും. അപ്പോഴും അല്ലാഹുവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കും. ഒരു കാര്യം നാം ഓര്‍ത്തുവെക്കുക; ദുനിയാവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കി നാം മരിച്ചുപോയാലും അതെല്ലാം ആരെങ്കിലും ഭംഗിയായി നിര്‍വഹിക്കും. പക്ഷേ, അല്ലാഹുവുമായി ചെയ്‌തുതീര്‍ക്കേണ്ട ബാധ്യതകള്‍ ബാക്കിയാക്കിയാല്‍ നിര്‍വഹിക്കപ്പെടാതെ അത്‌ പിന്നെയും നീണ്ടുകിടക്കും. അതുകൊണ്ടാണ്‌ അല്ലാഹു ഇങ്ങനെ ഉണര്‍ത്തിയത്‌: ``നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതികാണിക്കുക.'' (3:133)

ഇമാം ഗസ്സാലി വിവരിക്കുന്നത്‌ കേള്‍ക്കാം: ``മരിച്ചുകഴിഞ്ഞവര്‍ക്ക്‌ ഏറ്റവും വലിയ ആഗ്രഹമെന്തായിരിക്കും? ഒരു ദിവസമെങ്കിലും ഭൂമിലോകത്തേക്കൊന്ന്‌ തിരിച്ചുവരണമെന്ന്‌ അവര്‍ കൊതിക്കുന്നുണ്ടാവും. എങ്കില്‍, ഒരു ദിവസം കൂടി ജീവിക്കാന്‍ ഒരാള്‍ക്ക്‌ അല്ലാഹു ആയുസ്സ്‌ നല്‍കിയാല്‍ അയാള്‍ ആ ദിവസം മുഴുവനും എന്താണ്‌ ചെയ്യുക? സംശയമില്ല, അയാള്‍ അമലുസ്സ്വാലിഹാത്തുകള്‍ ചെയ്യും. കാരണം, മരിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി അമലുസ്സ്വാലിഹാതുകള്‍ കൊണ്ടേ കാര്യമുള്ളൂ എന്ന്‌!'' (ഇഹ്‌യാഉലൂമിദ്ദീന്‍ 2:301)

നമ്മളും നമ്മുടെ കര്‍മങ്ങളും മാത്രം ബാക്കിയാകുന്ന നിമിഷമാണ്‌ മരണം. അതോളമുള്ളതെല്ലാം അതോടെ വേര്‍പെടും. സമ്പത്ത്‌, സ്ഥാനമാനങ്ങള്‍, സ്‌നേഹജനങ്ങള്‍... എല്ലാം വിട്ടൊഴിഞ്ഞ്‌ ചെയ്‌തുകൂട്ടിയ കര്‍മങ്ങളും കൂട്ടിപ്പിടിച്ച്‌ നാം ഓരോരുത്തരും തനിച്ചാകുന്ന ആ നിമിഷത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കൂ.

തിരുനബി(സ)യും സ്വഹാബികളും നടന്നുപോകുമ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. അതെന്താണെന്ന്‌ തിരുനബി അന്വേഷിച്ചപ്പോള്‍, ``അവിടെ ഖബ്‌ര്‍ കുഴിക്കുകയാണ്‌'' എന്ന്‌ ആരോ പറഞ്ഞു. അതോടെ ആ തിരുമുഖം വിവര്‍ണമായി. റസൂല്‍(സ) പേടിച്ചുവിറയ്‌ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന്‌ ഖബ്‌റിന്നരികില്‍ മുട്ടുകുത്തിയിരുന്നു. താഴെയുള്ള മണ്ണ്‌ നനയുവോളം അവിടുന്ന്‌ കരഞ്ഞു. എന്നിട്ടിങ്ങനെ പറഞ്ഞു: കൂട്ടുകാരേ, ഇതുപോലൊരു ദിവസത്തിനു മുമ്പ്‌ ഒരുക്കങ്ങള്‍ നടത്തിക്കോളൂ.'' (ഇബ്‌നുമാജ സുനന്‍ 4195)

``ജനങ്ങളില്‍ കൂടുതല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ ആരാണ്‌ റസൂലേ?'' തിരുനബി പറഞ്ഞു: ``മരണത്തെ കൂടുതല്‍ ഓര്‍ക്കുകയും അതിന്നുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നവരാണ്‌ ഏറ്റവും ബുദ്ധിമാന്മാര്‍. ദുന്‍യാവില്‍ അവര്‍ക്ക്‌ മാന്യത ലഭിക്കും. പരലോകത്ത്‌ ശ്രേഷ്‌ഠതയും ലഭിക്കും.'' (ഹൈഥമി, മജ്‌മൂഉസ്സവാഇദ്‌ 10:308)

സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ദൗര്‍ബല്യങ്ങളും ആര്‍ത്തിയും ഇല്ലാത്തവരോട്‌ എല്ലാവര്‍ക്കും ആദരവുണ്ടാകുന്നു. അതോടെ അല്ലാഹുവിന്റെ കാരുണ്യവും അവരുടെ മേല്‍ ചൊരിയുന്നു. ഇരുലോകത്തും അവര്‍ വിജയിക്കുന്നു. മരണത്തെക്കുറിച്ച ഓര്‍മ ജീവിതത്തെക്കുറിച്ച ആര്‍ത്തിയില്‍ നിന്ന്‌ നമ്മെ രക്ഷിക്കുന്നു. ഇവിടെയുള്ളതൊന്നും വലുതല്ല എന്ന്‌ മരണം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. നമ്മള്‍ തന്നെ എത്ര ചെറിയവരാണെന്ന്‌ മരണം തെളിയിക്കുന്നു.

ഈ ഓട്ടവും ധൃതിയും മത്സരങ്ങളും ആഘോഷങ്ങളുമെല്ലാം അവസാനിക്കും. ഒരൊറ്റ തീരുമാനം കൊണ്ട്‌ അല്ലാഹു എല്ലാം തീര്‍ക്കും. നാം ആര്‍ക്കു വേണ്ടിയാണോ ജീവിച്ചത്‌ അവരെല്ലാം നമ്മെ വേര്‍പിരിയുന്നു. മരണമെത്തുന്നതോടെ നമ്മുടെ പേരുപോലും ഇല്ലാതാവുന്നു. പ്രിയമുള്ളവര്‍ പോലും `മയ്യിത്ത്‌' എന്ന്‌ വിളിക്കുന്നു. മണ്ണിട്ടു മൂടി അവസാനത്തെ മണ്‍തരിയും കൈയില്‍ നിന്ന്‌ തട്ടിക്കളഞ്ഞ്‌ അവരെല്ലാം നമ്മുടെ ഖബ്‌റിന്നരികില്‍ നിന്ന്‌ നടന്നുനീങ്ങുന്നു. പതുക്കെപ്പതുക്കെ നമ്മെ മറക്കുന്നു! കര്‍മങ്ങള്‍ മാത്രം നമ്മോടൊപ്പം ബാക്കിയാവുന്നു. നോക്കൂ, നമ്മെ വേര്‍പിരിയാനിരിക്കുന്ന ഈ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പണത്തിനും വേണ്ടിയാണല്ലോ, വേര്‍പിരിയാത്ത കര്‍മങ്ങളെ നാം നഷ്‌ടപ്പെടുത്തുന്നത്‌. തിരുനബി(സ) ഉണര്‍ത്തുന്നു: ``സുഖങ്ങളെയെല്ലാം തകര്‍ക്കുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രയാസമുണ്ടാവുമ്പോള്‍ മരണത്തെ ഓര്‍ത്താല്‍ സമാധാനം കൈവരും. സുഖങ്ങളില്‍ മരണത്തെ ഓര്‍ത്താല്‍ അശാന്തിയും കടന്നുവരും.'' (ഇബ്‌നു അബ്‌ദ്ദുന്‍യാ, കിതാബുല്‍ മൗത്ത്‌ 104)

``മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. അപ്പോള്‍ അല്ലാഹു നിങ്ങളുടെ ഹൃദയത്തെ ഉണര്‍ത്തുകയും മരണത്തെ എളുപ്പമുള്ളതാക്കുകയും ചെയ്യും.'' (ദൈലമി, മുസ്‌നദുല്‍ ഫിര്‍ദൗസ്‌ 41)

ഹൃദയകാഠിന്യത്തെക്കുറിച്ച്‌ പരാതി പറഞ്ഞ സ്‌ത്രീയോട്‌ ആഇശ(റ) ഉപദേശിക്കുന്നു: ``മരണത്തെ ഓര്‍ക്കുക. ഹൃദയം ലോലമാകും'' ഈ ഉപദേശം അനുസരിച്ച ആ സ്‌ത്രീ പിന്നീട്‌ ആഇശ(റ)യുടെ അടുക്കല്‍ വന്ന്‌ നന്ദി പറഞ്ഞു.

മരണശേഷം വരാനിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന്‌ മനുഷ്യന്‍ അറിഞ്ഞാല്‍ അവന്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കി മാറത്തടിച്ച്‌ കരയുമായിരുന്നുവെന്നു പോലും തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌.

ഒരു കാര്യം പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും നമ്മള്‍ ആലോചിക്കുക; ഈ നിമിഷം ഞാന്‍ മരണപ്പെട്ടാല്‍ ഈ കാര്യത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ ചോദ്യമെന്തായിരിക്കും? ഞാന്‍ കുറ്റക്കാരനാകുമോ? ജനങ്ങളും കുടുംബവും എന്ത്‌ പറഞ്ഞാലും അല്ലാഹുവിന്റെ ചോദ്യങ്ങളെ നാം ഭയന്നാല്‍ ജീവിതം ശരിയായ ദിശയിലാകും. തിരുനബിയുടെ ഈ ഉപദേശം കൂടി കേള്‍ക്കാം: ``നീ ഖബ്‌റുകള്‍ സന്ദര്‍ശിക്കുക. അത്‌ പരലോകത്തെ ഓര്‍മിപ്പിക്കും. മരണപ്പെട്ടവരെ കുളിപ്പിക്കുക. അതൊരു താക്കീതാണ്‌. ജനാസ നമസ്‌കരിക്കുക. അത്‌ നിന്നെ സങ്കടപ്പെടുത്തും.'' (ഹാകിം 4:330)

Share/Bookmark

എന്‍ഡോസള്‍ഫാന്‍ തളിച്ചോരിരയുടെ പേരിലും രാഷ്ട്രീയം തന്നെ മുന്നണികള്‍ക്കു ....


ഇന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനം
Hafeezullah Kv



"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും" എന്ന് പറഞ്ഞത്  പോലെയായി ഇരു മുന്നണികള്‍ക്കും എന്‍ഡോസള്‍ഫാന്‍ വിഷയം..

കാസര്‍കോട്ടെ ജനങ്ങളെ വെച്ച് വിലപേശുക എന്ന് തന്നെ ഇതിനെ പച്ചക്ക് പറയാം.


രണ്ടു പതിറ്റാണ്ടിലധികം  കാലം എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്‌ തളിചിട്ടുണ്ട്, (അതും നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്, പ്രാഥമിക മുന്‍ഗണനകള്‍ പോലും സ്വീകരിക്കാതെ) അതായത്‌ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇരു മുന്നണികള്‍ക്കും ഒഴിഞ്ഞു മാറാന്‍ സാധിക്കുകയില്ല, രണ്ടു പേരും കുറ്റക്കാരാണ് എന്നര്‍ത്ഥം. എന്നാല്‍  അതിന്റെ പഴി പ്ലാന്റേഷന് കോര്‍പറേഷന്റെ തലയില്‍ മാത്രം കെട്ടി വെച്ച് കൈ കഴുകാന്‍ ആണ് ഇവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

എന്നിട്ടിപ്പോള്‍ ചര്‍ച്ച ഞങ്ങളുടെ സര്‍ക്കാര്‍ ഇത് നിരോധിച്ചു (വലിയ കര്യമായിപ്പോയി)  ഞങ്ങളുടെ സര്‍ക്കാര്‍ അവര്‍ക്ക് വേണ്ട ദുര്ധശ്വാസം നല്‍കി (എത്ര പേര്‍ ഗുണഭോക്താക്കളായി എന്ന് മഷിയിട്ടു നോക്കണം) അവര്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ്‌ നടത്തി (മണ്ണാങ്കട്ട). അതിന്റെ പേരില്‍ വാഗ്വാദവും.

"നിങ്ങള്‍ ഇരു കൂട്ടര്‍ക്കും ഈ വിഷയത്തില്‍ ആത്മാര്‍ഥമായിട്ടാണ് ഞങ്ങള്‍ ഈ വിഷയത്തില്‍ ഇടപെട്ടത്‌ എന്ന് പറയാന്‍ സാധിക്കുമോ കൂട്ടരേ".

ഒരിക്കലും പറ്റില്ല , കാരണം അതിനു തെളിവുകള്‍ ഞങ്ങളുടെ നാട്ടില്‍ നിരവധിയുണ്ട്. വെറുതെ മാധ്യമ പ്രോപഗണ്ട ഉണ്ടാക്കുക എന്നതല്ലാതെ ഈ വിഷയത്തില്‍ ഒരു മുന്നണിയും ഇത് വരെ ആത്മാര്‍ഥമായി ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഇനി അത് ഒട്ടും സ്വീകരിക്കാന് പോകുന്നുമില്ല.

ഓരോ ദിവസവും പത്ര സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് വാക്കുകള്‍ കൊണ്ട് വാഗ്വാദം നടതുനന്തിനു പകരം ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്ക് , സ്റ്റോക്ക്‌ഹോം കണ്വെന്‍ഷന്‍ - അതില്‍ ഇന്ത്യയുടെ നിലപാട് എന്താണ് എന്നാണ് ജനം ഉറ്റു നോക്കുന്നത്. അത് ഒരുക്കലും എന്‍ഡോസള്‍ഫാന്‍ എതിരാവാനുള്ള ഒരു സാധ്യതയും കാണുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ അതിനെ മഹാത്ഭുതം എന്ന് തന്നെ വിളിക്കേണ്ടി വരും. കാത്തിരുന്നു കാണാം


"ഇത് ഞങ്ങളുടെ ജില്ലയില്‍ ആയത് കൊണ്ടാണ് നിങ്ങള്‍ ഇത്തരം ചിറ്റമ്മ നയം എടുക്കുന്നത് എന്ന പൂര്‍ണ്ണ വിശ്വാസം ഞങ്ങള്‍ക്കുണ്ട്. അത് തിരുത്താന്‍ നിങ്ങള്ക്ക്  പറ്റുമോ? കാസര്‍കോട്‌ ജില്ലയുടെ ഭരണകൂട അവഗണനയുടെ പട്ടികയില്‍ ഒന്ന് കൂടി "

യൂഫ്രെട്ടീസിന്റെ തീരത്ത് ഒരു ആടിന്കുട്ടി വിശന്നു ചത്താല്‍ പോലും അതിനു ദൈവത്തിന്റെ മുന്നില്‍ സമാധാനം പറയേണ്ടി വരുമെന്ന് ഭയപ്പെട്ട ഉമറിന്റെ നീതി രാഷ്ട്രം ഇന്ത്യയില്‍ പുനര്‍ജനിക്കണം എന്നാശിച്ച ഒരു അര്‍ദ്ധ നഗ്നനായ ഫഖീറിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന ഒരു നാട്ടില്‍, അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്ന ഭരണവര്‍ഗം തന്നെയാണ്, മനുഷ്യ ജന്മത്തിന് തന്നെ ഭീഷണിയാകുന്ന ഈ മാരകവിഷം നിരോധിക്കുന്നതിനെ മുടന്തന്‍ ന്യായങ്ങള്‍ ഉയര്‍ത്തി എതിര്‍ക്കുന്നത്. പ്രിയ യുവ സമൂഹമേ നിങ്ങള്‍ മുന്നോട് വരൂ. നമുക്കൊന്നിച്ച്‌ എതിര്‍ക്കാം. അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങികുളിച്ച രാഷ്ട്രീയ നേതാക്കളുടെ വാല്‍ ആകാതെ, മാനവരാശിയുടെ തന്നെ നിലനില്പിനെ ബാധിക്കുന്ന ഈ മാരകവിപത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ നമുക്ക് പോരാടാം. എന്ടോസള്‍ഫാന്‍ എന്ന മാരകവിഷം നമ്മുടെ നാട്ടില്‍ നിന്നും കേട്ട്‌ കെട്ടിക്കാന്‍ അവസാന ശ്വാസവും നിലക്കുന്നതു വരെ നമുക്ക് പോരാടാം.









ഇപ്പോള്‍ ചിത്രം തെളിഞ്ഞിരിക്കുകയാണ്. ഇതുവരെ ശരദ്പവാര്‍ മാത്രമായിരുന്നു പ്രതിക്കൂട്ടില്‍. സര്‍വകക്ഷി സംഘം ദല്‍ഹിയിലെത്തിയപ്പോഴാണ് അണിയറക്ക് പിന്നിലുള്ളവര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കേന്ദ്രമന്ത്രാലയത്തിന്റെ ഉള്ളിലിരിപ്പ് എന്‍ഡോസള്‍ഫാന് അനുകൂലമാണെന്ന് വ്യക്തമായി.

കൃഷി പ്രശ്‌നത്തെക്കാള്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഒരു പരിസ്ഥിതി പ്രശ്‌നമാണെന്നിരിക്കെ 
കേന്ദ്രപരിസ്ഥിതി മന്ത്രി ജയ്‌റാം രമേശിന്റെ നിഗൂഢപരിവേഷവും പുറത്തായി. പ്രധാനമന്ത്രിയും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ല.

കാസര്‍കോട്ട് ഒരു മഹാദുരന്തം നടന്നിട്ടും ഇപ്പോഴും നിലവിളിക്കുന്ന ജീവിതങ്ങള്‍ നീതിക്കുവേണ്ടി കാത്തിരിക്കുമ്പോഴും കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. ഭരണകൂട ഭീകരതയില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിട്ടും നാലായിരത്തിലധികം പേര്‍ ഗുരുതരമായ അവസ്ഥയിലായിരുന്നിട്ടും പതിനാറായിരത്തിലധികം പേര്‍ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയിട്ടും അധികാരികളുടെ കണ്ണുകളില്‍ നിര്‍വികാരതയാണ് നിറഞ്ഞിരിക്കുന്നത്.

തെളിവു വേണം, തെളിവു വേണം എന്നാണ് കീടനാശിനി ലോബിയെ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കേന്ദ്രം പറഞ്ഞുകൊണ്ടിരിക്കുന്നത്. ആരാണ് തെളിവ് നല്‍കേണ്ടത്? നിസ്വരായ, ദരിദ്രരായ പാവം ഇരകളാണോ?.

തെളിവുകള്‍ ഇല്ലാഞ്ഞിട്ടാണോ? നൂറുകണക്കിന് ശാസ്ത്രീയ പഠനങ്ങള്‍ ലോകത്തില്‍ ഉണ്ടായിട്ടുണ്ട്. ആ പഠനങ്ങളിലെല്ലാം ഈ കാളകൂടവിഷം ഏതൊക്കെ വിധത്തിലാണ് മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക് അപകടം വരുത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു ദശകം മുമ്പ് മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശമനുസരിച്ച് ഐ.സി.എം.ആറിന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.ഒ.എച്ച് നടത്തിയ പഠനവും സി.എസ്.ഇ നടത്തിയ പഠനവുമൊക്കെത്തന്നെ ഈ വിഷത്തിന്റെ കരാളത ബോധ്യപ്പെടുത്തിയതാണ്. ഇങ്ങനെ ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഇപ്പോള്‍ കേന്ദ്രം പറയുന്നത് വീണ്ടും ഐ.സി.എം.ആര്‍ പഠിക്കട്ടെ എന്നാണ്. എന്തിന്?. മനുഷ്യരെ കബളിപ്പിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യ നിര്‍ണായക തീരുമാനം എടുക്കേണ്ട ഘട്ടത്തില്‍ ഒളിച്ചോടാനുള്ള ശ്രമമാണിത്.

കസ്തൂര്‍ബാ മെഡിക്കല്‍ കോളജിന്റെ വിദഗ്ധ സംഘം പെഡ്രെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ പ്രത്യുല്‍പാദന വ്യവസ്ഥയിലടക്കം ഉണ്ടാക്കുന്ന അപകട സ്ഥിതിയെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. 2005ല്‍ ഈപഠനം ഐ.സി.എം.ആറിന് സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ, ഇന്നുവരെ ഈ ഫലം പുറത്തുവിട്ടിട്ടില്ല. എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്ക് അനുകൂലമായ പഠനഫലങ്ങളെ സ്വീകരിക്കുകയും അല്ലാത്തവയെ തമസ്‌കരിക്കുകയും ചെയ്യുക എന്നത് ഒരു ദശകമായി ഇവിടെ അരങ്ങേറുന്ന നാടകമാണ്.

മാറിമാറി ഭരിച്ച കേരളത്തിലെ ഭരണകൂടങ്ങള്‍ക്ക് കീഴിലെ പ്ലാന്‍േറഷന്‍ കോര്‍പറേഷന്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടാണ് ജില്ലയിലെ അയ്യായിരത്തോളം ഹെക്ടറില്‍ കാല്‍നൂറ്റാണ്ടു കാലത്തോളം വിഷം കോരിയൊഴിച്ചത്. ഒരു വിഷംതന്നെ മൂന്നു കൊല്ലത്തിലധികം പാടില്ല എന്ന പ്രാഥമിക തത്ത്വം തന്നെ ഇവര്‍ തള്ളിക്കളഞ്ഞു.
93ന് ശേഷം ഹെലികോപ്ടര്‍ വഴി തളിക്കാന്‍ അനുവാദം ഇല്ലാതിരുന്നിട്ടും വിഷം പ്രയോഗിച്ചു. മനുഷ്യനും ഇതര ജൈവവൈവിധ്യങ്ങള്‍ക്കും നേരെ നടന്ന ക്രൂരമായ ഒരു വ്യോമാക്രമണമാണ് കാസര്‍കോട്ട് അരങ്ങേറിയത്.

കുഞ്ഞുങ്ങളും അമ്മമാരുമാണ് ഏറെ അനുഭവിച്ചത്. 'അമ്മേ' എന്ന് വിളിക്കുമോ എന്ന് പ്രതീക്ഷിച്ച് പത്തും ഇരുപതും കൊല്ലം അമ്മമാര്‍ മടിയിലിരുത്തിയ കുഞ്ഞുങ്ങളില്‍ പലരും മരിച്ചുപോയി. കുറേപ്പേര്‍ വിവിധ യാതനകള്‍ അനുഭവിച്ചുകൊണ്ട് ജീവിച്ചിരിക്കുന്നു.
ഇപ്പോള്‍ പുറത്തുവന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പഠനസംഘത്തിന്റെ റിപ്പോര്‍ട്ടും മനുഷ്യസ്‌നേഹികളെ ഞെട്ടിപ്പിക്കുന്നതാണ്.

മനുഷ്യ ശരീരത്തിലും ജൈവ പ്രകൃതിയിലും ഇപ്പോഴും അപകടകരമായ അളവില്‍ ഈ വിഷം ഉണ്ടെന്ന കണ്ടുപിടിത്തം എന്തുകൊണ്ട് കേന്ദ്ര ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുന്നില്ല?. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം, ഉറക്കം നടിച്ചു കിടക്കുന്നവരെയോ?.
കേന്ദ്ര സര്‍ക്കാറിന്റെ ഇപ്പോഴത്തെ ജനവിരുദ്ധ നയത്തിനെതിരെ എല്ലാവരും യോജിച്ച് സമരത്തിനിറങ്ങേണ്ട സമയം സമാഗതമായിരിക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ :സമരമുഖത്തെ വിസ്മയക്കാഴ്ച്ചകള്‍ -  ജലീല്‍ പടന്ന
കാസര്‍ഗോഡ്‌ ജില്ലയിലെ പതിനൊന്നോളം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പ്ലാ ന്റെഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ രണ്ടരപ്പതിട്ടാണ്ടുകാലം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ വിഷം തളിച്ചതിന്റെ ഫലമായി ഒരു ജനവിഭാഗത്തെ മുഴുവന്‍ അതിജീവനം പോലും അസാധ്യമാകും വിധത്തില്‍ ദുരിതത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരതക്കെതിരെയുള്ള സമരം അന്തിമഘട്ടത്തോടടുത്തിരിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ ഓടിക്കിതച്ചെത്തി സമരക്കോലം കെട്ടിയാടുന്ന മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ താളത്തിനൊത്ത്‌ തുള്ളുന്ന മത-മതേതര -സാംസാരിക പ്രവര്‍ത്തകരും ഇക്കാലമത്രയും ഈ വിഷയത്തില്‍ സ്വീകരിച്ചിരുന്ന നിലപാട് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.നമ്മള്‍ പൗരസമൂഹം വിഡ്ഢികളെല്ലന്നു ബോധ്യപ്പെടുത്താനെങ്കിലും.


ഈ സമരമുഖത്ത്‌ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും നമ്മള്‍ കാസര്‍കോട്ടുകാര്‍ നാളിതുവരെയായി കണ്ടിട്ടില്ല .മാത്രവുമല്ല എന്താണ് എന്‍ഡോസള്‍ഫാന്‍ ? ഇതുണ്ടാക്കിവെച്ച കെടുതികള്‍ എന്താണ് ? ഇങ്ങനെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ പോലും ഇവര്‍ ഇതുവരെ തയ്യാറായിരുന്നില്ല എന്നത് അനിഷേദ്ധ്യമായ വസ്തുതയാണ് . പി കരുണാകരന്‍ എം പിയും സി എച്ച് കുഞ്ഞമ്പു എം എല്‍ എയും മാത്രമാണ് ഇതിനൊരപവാദം . കൂട്ടായ്മ എന്നനിലയില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരസമിതിയും ഒപ്പം സോളിഡാരിറ്റി യുത്ത് മൂവ്മെന്റും ബോവിക്കാനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുഞ്ചിരി ക്ലബ്ബും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം കത്തിച്ചുനിര്‍ത്തുന്നതില്‍ നിതാന്ത ജാഗ്രതപുലര്‍ത്തി .ഒപ്പം പ്രൊഫ:എം എ റഹ്മാന്‍, ഡോ:അംബികാസുതന്‍ മാങ്ങാട്,കെ എം അഹ്മദ്, പി വി സുധീര്‍, ഡോ:മോഹന്‍കുമാര്‍ ശ്രീ പഡ്റെ , കുമാര്‍, ലീലാകുമാരിയമ്മ, നാരായണന്‍ പേരിയ തുടങ്ങിയവര്‍ സമരജ്വാല കെടാതെ സൂക്ഷിക്കാന്‍ കണ്ണും കാതും കൂര്‍പ്പിചിരുന്നവരാണ് . എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത്പോലും ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെ വായില്‍നിന്നു അറിയാതെ പോലും എന്‍ഡോസള്‍ഫാന്‍ എന്ന് വീഴാറില്ല .

ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന് അന്നും ഇന്നും എന്‍ഡോസള്‍ഫാന്‍ വിഷവുമല്ല ഒരു വിഷയവുമല്ല .കാസര്‍കോട്ടെ ദുരന്ത ഭൂമിയില്‍ വന്നു എന്‍ഡോസള്‍ഫാന് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ കേരളീയ പൊതു സമൂഹത്തിന്റെ മുഴുവന്‍ വെറുപ്പും അനിഷ്ടവും നേടിയെടുത്ത മന്ത്രി കെ വി തോമസിന് പിന്തുണ പ്രഖ്യാപിച്ചു പ്രമേയം പാസാക്കിയവരാണ് ഇവിടത്തെ ഡി സി സി നേതൃത്വം .ഏകദേശം ഒരുവര്‍ഷം മുന്‍പ് അന്നത്തെ യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് എം ലിജു ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ എന്‍ഡോസള്‍ഫാനെതിരെ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്നും വിഷയം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും പറഞ്ഞിരുന്നു . എന്നാല്‍ ഈ പ്രശ്നത്തില്‍ ഒരു പ്രസ്താവനപോലും നല്‍കാന്‍ യുത്ത് കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം ഇക്കാലമത്രയും തയ്യാറായിരുന്നില്ല .എന്‍ഡോസള്‍ഫാന്‍ മനുഷ്യ ശരീരത്തില്‍ ഒരു കുഴപ്പവും ഉണ്ടാക്കില്ല എന്ന കേന്ദ്ര കൃഷിവകുപ്പിന്റെ നിലപാട് തന്നെയാണ് കോണ്‍ഗ്രസ്സിനും യൂത്ത് കോണ്‍ഗ്രസ്സിന്നും ഉള്ളതെങ്കില്‍ രാഷ്രീയ ഗിമ്മിക്കിന്നു വേണ്ടിയാണെങ്കില്‍ പോലും പാവപ്പെട്ടവരോടൊപ്പം അന്തിയുറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കാസര്‍ഗോടിനെയും വേദിയാക്കാമായിരുന്നു.വാണിനഗറിലെ ഉദയന്റെയും, എന്കമജയിലെ ദേവി കിരണിന്റെയും കുടിലില്‍ അവരുടെ കിണറില്‍ നിന്നും വെള്ളം കുടിച്ച് അവരുണ്ടാക്കിയ ഭക്ഷണം കഴിച്ച് അവരോടൊപ്പം കിടന്നുറങ്ങട്ടെ.എന്നിട്ടാവാം എന്‍ഡോസള്‍ഫാന് ക്ലീന്‍ ചീട്ടു നല്‍കാന്‍.നന്നേ ചുരുങ്ങിയത് കെ വി തോമസിനെ വെള്ളപൂശാന്‍ തിടുക്കം കാട്ടിയ വെളുത്തമ്പുവെങ്കിലും ധൈര്യം കാട്ടട്ടെ അവരുടെ കിണറില്‍ നിന്നും വെള്ളം കുടിക്കാന്‍ .

സി. പി .എമ്മും, ഡി. വൈ .എഫ്. ഐ യും, എസ്. എഫ് .ഐ യുമൊക്കെ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ സമരമുഖത്ത്‌ തിമിര്‍ത്താടുകയാണ് .ഇതുകണ്ടാല്‍ തോന്നുക ഇക്കഴിഞ്ഞമാസം ഉണ്ടായ എന്തോ പ്രശ്നത്തിന്മേലുള്ള സമരകോലാഹലമാണെന്നാണ് .25 വര്‍ഷക്കാലം ഉറക്കം നടിച്ചു കിടന്നവര്‍ പെട്ടന്ന് ചാടി എഴുന്നേറ്റു കാട്ടിക്കൂട്ടുന്ന ഈ സമര വിഭ്രാന്തി കൌതുകമുളവാക്കുന്നുണ്ട്.വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ ചിത്രീകരിക്കാന്‍ ഡോക്ക്യുമെന്റെരി സംവിധായകനും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരനായകനുമായ എം എ റഹ്മാന്‍ ക്യാമറയുമായി ദുരന്ത ഭൂമിയിലേക്ക്‌ ചെന്നപ്പോള്‍ ആട്ടിയോടിക്കാന്‍ ശ്രമിച്ച വിപ്ലവ പാര്‍ട്ടികളുടെ ഇപ്പോഴത്തെ സമരാവേശം കൊള്ളാം. വൈകിയുദിച്ച വിവേകത്തിനും നന്ദി പറയാതെ വയ്യ.അപ്പോഴും എവിടെയായിരുന്നു സഖാക്കളേ ഇക്കാലമത്രയും എന്ന് ചോദിക്കാന്‍ കാസര്‍കോടിന്റെ പൌരബോധത്തെ നിങ്ങള്‍ അനുവദിക്കണം.

മുസ്ലിം ലീഗിന്ന് പക്ഷെ, ഇക്കാലമത്രയും ഇതൊരു സാമൂഹികമോ,രാഷ്ട്രീയമോ ആയ പ്രശ്നമാനെന്നുള്ള തിരിച്ചറിവേ ഉണ്ടായിരുന്നില്ല. “യാരോതളിക്കുന്ന യന്തോസള്‍ഫാന്‍”.. എന്ന ഭാവമായിരുന്നു അവര്‍ക്ക് . തികച്ചും ശാസ്ത്രീയവും,നൂതനവുമായ രീതിയില്‍ ഒരു കോടി ചെലവഴിച്ച് സോളിഡാരിറ്റി നടപ്പിലാക്കിയ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപന സമ്മേളനത്തില്‍ പോലുംപാര്‍ട്ടിയുടെ എം. എല്‍. എ ക്ക് പങ്കെടുക്കാനായില്ല.പരിപാടിയില്‍ പദ്ധതി രേഖ കയ്മാറാംഎന്ന് ഏറ്റ എം. എല്‍. എ പക്ഷെ അന്ന് വിദേശത്തു നിന്നും വരുന്ന മകളെ സ്വീകരിക്കാന്‍ പോകുന്ന തിരക്കിലായിരുന്നു. തല വളര്‍ന്നും തൊലികള്‍ വിണ്ടു കീറിയും കൈകാലുകള്‍ വളഞ്ഞും ഇഴഞ്ഞു നീങ്ങുന്ന നൂറുക്കണക്കിനു കുട്ടികള്‍ക്കുമുണ്ട് അച്ഛനും അമ്മയും.അവരുടെ വേദന പങ്കിട്ടു,ആശ്വാസ വര്‍ത്തമാനങ്ങള്‍ പറഞ്ഞു അല്‍പസമയം അവരോടു ചെലവഴിക്കാനുള്ള മനുഷ്യത്വപരമായുള്ള ഹൃദയ വിശാലത എന്തേ ജനപ്രതിനിധികള്‍ക്ക് ഇല്ലാതെ പോയിഎന്ന കണ്ണീരണിഞ്ഞ ചോദ്യം കസര്‍ഗോടിന്റെ അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാതെ ഇപ്പോഴും അലയുന്നുണ്ട് .ഇതേ ലാഘവത്വം തന്നെയായിരുന്നു അദ്ധേഹത്തിന്റെ പാര്‍ട്ടിക്കും . കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയം നടന്ന ചാനല്‍ ചര്‍ച്ചക്കിടെ പാര്‍ട്ടിയുടെ ജില്ല നേതാവ് എന്‍ഡോ സള്‍ഫാനേക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് “എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് ” ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നായിരുന്നു .നിരവധി സമരങ്ങളെ തുടര്‍ന്ന് മരുന്ന് തളി നിര്‍ത്തി പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് നേതാവ് പറയുന്നത് “തളിക്കുന്നത് ” ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന്. അജ്ഞത ഇത്രത്തോളം ആകാമോ എന്ന് ദയവു ചെയ്തു ആരും ചോദിച്ചു പോയേക്കരുത്‌ ..പകരം മത്സര ഓട്ടം ഫിനിഷിംഗ് പോയന്റില്‍ എത്തുന്നതിന്റെ തൊട്ടു മുന്‍പ് ട്രാക്കില്‍ ചാടിക്കയറി ഓടിക്കൊണ്ടിരിക്കുന്ന അവരുടെ അതിസാമര്‍ത്യത്തെ പ്രശംസിക്കുക …… ……….

ഇനി ബി.ജെ.പി. യുടെ കാര്യവും ഒട്ടും വ്യതസ്തമല്ല .നേരത്തെ പാര്‍ട്ടി കേന്ദ്രം ഭരിക്കുമ്പോഴും പിന്നീടും സമുന്നതരായ ദേശീയ-സംസ്ഥാന നേതാക്കളൊക്കെയും പലവുരു കാസര്‍ഗോഡ് വന്നിട്ടുണ്ട്.പക്ഷെ എന്ടോസള്‍ഫാന്‍ ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല.സോളിഡാരിറ്റി നടത്തിയ ബഹുജന മുന്നേറ്റത്തില്‍ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളെ പങ്കെടുപ്പിക്കാന്‍ ഒന്നിലധികം തവണ ശ്രമം നടത്തിയതാണ്.നടന്നില്ല.സ്വന്തം നിലക്ക് ഒരു പ്രക്ഷോഭവും ഇവര്‍ സംഘടിപ്പിച്ചതുമില്ല.എന്നാല്‍ ഇപ്പോള്‍ ബി ജെ പി യും സമരമുഖത്ത്‌ ആരുടെയും പിന്നിലല്ല.ധര്‍ണയും ഉപവാസവുമൊക്കെയായി സമര രംഗം കൊഴുപ്പിക്കുന്നുണ്ട്‌ അവരും.ഒരു കാലത്ത് കേരളത്തിലെ സകലമാന പരിസ്ഥിതി പ്രശ്നങ്ങളിലും ഇടപെടലുകള്‍ നടത്തിയിരുന്ന ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുംപെങ്ങാനോ ഒരു സര്‍വ്വേ നടത്തി പോയതിനു ശേഷം പിന്നെ ഈ ഭാഗത്ത് കണ്ടിരുന്നില്ല.ദാ,ഇപ്പോള്‍ അവരും തിരിച്ചെത്തിയിരിക്കുന്നു.പിന്നെ പു.സ.ക. മാത്രമായി എന്തിനു മാറി നില്‍ക്കണം.അവരുമുണ്ട് ഇപ്പോള്‍ സമര മുന്നണിയില്‍.സാഹിത്യ-നാടക അക്കടമിസ്ടുകള്‍ ബാന്റു വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വളരെ ആഘോഷപൂര്‍വ്വമാണ് സമര മുഖത്ത് എത്തിയിരിക്കുന്നത്.

ഇതിനെക്കാള്‍ ഏറെ കൌതുകം ചില മത സംഘടനകളുടെ രംഗപ്രവേശം കാണുമ്പോഴാണ്. എന്ടോസള്‍ഫാന്‍ എന്ന് കേള്‍ക്കുമ്പോഴേ കൃമികടി തുടങ്ങുന്നവരായിരുന്നു ഇക്കൂട്ടരില്‍ ചിലര്‍.സോളിഡാരിറ്റി ദുരിത മേഖലയില്‍ സമര-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പരിഹസിക്കുകയും അതിനെ മതദര്‍ശനവുമായി ബന്ധമില്ലാത്ത വെറും ഭൌതിക പ്രശ്നമായി ചുരുക്കുകയും ചെയ്തു ഇവര്‍. ഒരു കൂട്ടര്‍ കുറെ കൂടിക്കടന്നു മറ്റു കീടനാശിനി കമ്പനികളില്‍ നിന്ന് പണം വാങ്ങി എന്‍ഡോസള്‍ഫാനെ തകര്‍ക്കാന്‍ വേണ്ടിയാണ് സോളിഡാരിറ്റി സമരം ചെയ്യുന്നത് എന്ന് കൂടി പറഞ്ഞു കളഞ്ഞു. എന്നാല്‍ നേരത്തെ പറഞ്ഞതൊന്നും തിരുത്താതെ തന്നെ ജാള്യത ലവലേശം ഇല്ലാതെ ഇപ്പോള്‍ ഇവരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രസ്താവനാ യുദ്ധം തുടങ്ങിയിരിക്കുന്നു. ഒരു കൂട്ടര്‍ എന്‍ഡോസള്‍ഫാനെതിരെ മൗനം പാലിക്കാന്‍ നമുക്ക് എന്തുണ്ട് ന്യായം എന്ന് ചോദിക്കുമ്പോള്‍ ,വേറൊരു കൂട്ടര്‍ സമ്പൂര്‍ണ്ണ നിരോധം എന്നതില്‍ കവിഞ്ഞ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലത്രേ !!! കാലം പോയോരുപോക്കെ ,ഇത് ഏതായാലും ആദര്‍ശ വ്യതിയാനമല്ല പ്രോത്സാഹിപ്പിക്കപ്പെടെണ്ട ധീരമായ നിലപാട് മാറ്റം തന്നെയാണ് ..


സോളിഡാരിറ്റി അതിന്റെ രൂപീകരണത്തിന്റെ ഒന്നാം തിയതി മുതല്‍ തന്നെ ഈ മേഖലയില്‍ സമര -സേവന പ്രവര്ത്തനഗളില്‍ സക്രിയമാണ്.പ്രശ്നത്തിന്റെ വ്യാപ്തിയം സങ്കീര്‍ണ്ണതയും ബോധ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റി നേരിട്ട് തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് . കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി കരുണ വറ്റാത്ത കേരളത്തിലെ സുമനസ്സുകളില്‍ നിന്നും ശേഖരിച്ച തുകയോടൊപ്പം സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കയികധ്വാനവും ചെലവഴിച്ചു ഏകദേശം ഒരുകോടി രൂപയിലധികം വരുന്ന എന്ടോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. 



കയറിക്കിടക്കാന്‍ വീടില്ലതിരുന്ന ഇരുപതോളം കുടുമ്പങ്ങള്‍ക്ക് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ തന്നെ വീട് നിര്‍മ്മിച്ചു നല്‍കി. 


നൂറുക്കണക്കിന് കുടുംബങ്ങള്‍ക്ക് കഴിഞ്ഞ രണ്ടര വര്‍ഷമായി മുടങ്ങാതെ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്തു വരുന്നു. 


ദുരിത ബാധിതരുടെ മക്കളുടെയും ഒപ്പം ദുരിതം പേറുന്ന കുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയൂന്നി. 


അംഗവൈകല്യം ബാധിച്ച കുട്ടികളെ സ്കൂളിലെത്തിക്കാന്‍ വാഹന സൌകര്യവും പുറത്തിറങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീട്ടില്‍ വെച്ചു തന്നെ വിദ്യ പകര്‍ന്നു കൊടുക്കുവാനുള്ള സൌകര്യവും ഏര്‍പ്പെടുത്തി.


തൊഴില്‍ പരിശീലന പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. 


ചികിത്സയാണ് പദ്ധതിയിലെ എടുത്തു പറയേണ്ട വകുപ്പ്. വിവിധ കേന്ദ്രങ്ങളില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ എത്തിയ രോഗികള്‍ക്ക് ഇപ്പോഴും തുടര്‍ ചികിത്സ നല്‍കി വരികയാണ് . വിദഗ്ദ ചികിത്സ നിര്‍ദ്ദേശിച്ച രോഗികള്‍ക്ക് മംഗലാപുരത്തെ ആശുപത്രികളിലാണ് ചികിത്സ നല്‍കി വരുന്നത്. കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത വാണി നഗറിലെ ഉദയന് ഇപ്പോള്‍ കൈപിടിച്ചു നടക്കാനാവും. 


സമൂഹത്തില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു പോയ ദുരിത ബാധിതരുടെ മാനസികാരോഗ്യ വളര്‍ച്ച ലക്ഷ്യംവെച്ച് കമ്മ്യുനിട്ടി ഡെവലപ്മെന്റ് എന്ന വകുപ്പ് കൂടി പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി. വിദഗ്ദരെ പങ്കെടുപ്പിച്ചു ഇവര്‍ക്ക് ആവശ്യമായ കൌണ്സെലിംഗ് -വിനോദ പരിപാടികള്‍ നടത്തി വരുന്നുണ്ട്.

ഇപ്പോള്‍ ഏതായാലും ഒരു കാര്യം വ്യക്തമാണ്‌ .കാസര്‍കോട്ടെ എന്ടോസള്‍ഫാന്‍ വിരുദ്ധ സമര സമിതിയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും അതിശക്തമായ സമര പോരാട്ടം വളരെ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു .വാര്‍ത്ത മാധ്യമങ്ങളും ഈ വിഷയം ഗൌരവപൂര്‍വ്വം ഏറ്റെടുത്തു കഴിഞ്ഞു. സോളിഡാരിറ്റി ഒരു പടികൂടി മുന്നോട്ടു കടന്നു സമരത്തെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു. 



ദുരിത ബാധിതരെ നേരിട്ട് തന്നെ ദേശീയ -അന്തര്‍ ദേശീയ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ എത്തിച്ച് അവരുടെ ദുരിത കഥ വിശദീകരിക്കുകയും അവരെ പങ്കെടുപ്പിച്ച് പാര്‍ലമെന്‍റ് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ ജി ബാലകൃഷ്ണന്റെ മുന്നില്‍ ദുരിത ബാധിതരെ ഹാജരാക്കി ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തി.

മാത്രമോ ,ഇനിയൊരു പഠന സംഘത്തെയും കാസര്‍ഗോടിന്റെ മണ്ണിലേക്ക് കാലു കുത്താന്‍ അനുവദിക്കില്ലന്നു ദുരിത ബാധിതരെ ഇരുവശത്തും ഇരുത്തിക്കൊണ്ട് രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെയും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തിക്കൊണ്ട് തന്നെ സോളിഡാരിറ്റിയുടെ സംസ്ഥാന പ്രസിഡണ്ട് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചു കഴിഞ്ഞു . ഈ ഇച്ചാശക്തിയും ചങ്കുറപ്പും മാത്രം മതി ഈ സമരം തോല്‍ക്കാനുള്ളതല്ല എന്ന് എന്‍ഡോസള്‍ഫാന്റെ കുഴലൂത്തുകാര്‍ക്കും ഒപ്പം നടേ പറഞ്ഞ കൂട്ടര്‍ക്കും ബോധ്യം വരാന്‍ .പിന്നെ എങ്ങിനെ മാറിനില്‍ക്കാനാവും, സമര വിജയത്തിന്റെ പങ്കു പറ്റണം.എട്ടുകാലി മമ്മൂഞ്ഞുമാര്‍ അപ്പോഴും ഒരു കാര്യം തുറന്നു പറയാന്‍ മറക്കരുത് ,ഇത്രയും കാലം എന്തേ നിങ്ങളുടെ നാവിറങ്ങിപ്പോയി ??

പിന്‍കുറി:സമരം ശക്തിപ്പെടുന്നതോടെ ഗത്യന്തരമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഒരു പക്ഷെ എന്ടോസള്‍ഫാന്‍ നിരോധിച്ചേക്കും.അതോടെ സമര മുഖത്ത് വൈകിയെത്തിയ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ യുവജന വിദ്യാര്‍ഥി പോരാളികളും മുഷ്ടി താഴ്ത്തി കൊടി അഴിച്ചു സ്ഥലം വിടും.എന്നാല്‍ ദുരിത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കി സമ്പൂര്‍ണ്ണ പുനരധിവാസം ഉറപ്പു വരുത്തുന്നത് വരെ സോളിഡാരിറ്റി സമരമുഖത്ത്‌ തന്നെ ഉണ്ടാകും. കാസര്‍ഗോഡ്‌ ജില്ലയിലെ അവസാന പ്രവര്‍ത്തകനും മരിച്ചു വീഴുന്നത് വരെ.

ചില പത്ര പ്രസ്താവനകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം...

എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പഠന റിപ്പോര്‍ട്ട് വരാതെ എന്‍ഡോസള്‍ഫാന്‍ ദേശവ്യാപകമായി നിരോധിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ സ്വീകരിച്ച നിലപാട് ഈ മാസം നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ തിരുത്താന്‍ കഴിയില്ലെന്ന സൂചനയും പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ളള പ്രതിനിധി സംഘത്തിന് നല്‍കി.

ഒട്ടും മുനധാരണയില്ലാതെയാണ് കേരളത്തിന്റെ ആവലാതികള്‍ കേള്‍ക്കുന്നതെന്ന് പറഞ്ഞ ശേഷമാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടായി പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തോട് പറഞ്ഞത്്.
എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വരാതെ നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇതിന് മുമ്പ് നടന്ന നിരവധി പഠന റിപ്പോര്‍ട്ടുകളുടെ കാര്യം കേരള സംഘം ബോധിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന 2002ലെ റിപ്പോര്‍ട്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 'മാധ്യമം' ഇന്ന് പുറത്തു വിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഏറ്റവും പുതിയ എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ടും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.
ഈ റിപ്പോര്‍ട്ടുകളൊന്നും താന്‍ ഇത് വരെ കണ്ടിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ തുടര്‍ന്നുള്ള പ്രതികരണം. ഇപ്പോള്‍ നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ കേരളം ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടുകളും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി  സര്‍വകക്ഷി സംഘത്തോട് പറഞ്ഞു. 

എന്‍ഡോസള്‍ഫാന്‍: വീണ്ടും പഠനം നടത്തണമെന്ന നിലപാട് പൈശാചികം-മുഖ്യമന്ത്രി

2002ല്‍ ഐ.സി.എം.ആര്‍.നടത്തിയ പഠന റിപ്പോര്‍ട്ട് കേന്ദ്രത്തിലുണ്ട്. വീണ്ടുമൊരു പഠനത്തിന് കാലവും സമയവും നിശ്ചയിച്ചിട്ടില്ല.അതുവരെ സഹോദരങ്ങള്‍ മരിച്ച് വീഴട്ടെയെന്നും കുത്തകകള്‍ തടിച്ച് കൊഴുക്കട്ടെയെന്നുമാണോ കേന്ദ്ര നിലപാടെന്ന് അദ്ദേഹം ചോദിച്ചു. മരിക്കുന്നവരുടെ എണ്ണം കണക്ക് കൂട്ടി പ്രധാനം,അപ്രധാനം എന്നിങ്ങനെ വിലയിരുത്തുന്നത് ശരിയാണോയെന്ന് പ്രധാനമന്ത്രിയും കേരളത്തില്‍ നിന്നുള്ള ആറ് മന്ത്രിമാരും ചിന്തിക്കണം.എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ കൃഷി മന്ത്രാലയവും മന്ത്രി ശരത് പവാറും എതിര്‍ക്കുന്നുവെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെയും  സര്‍വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെയും പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് യു.പി.എ, കോണ്‍ഗ്രസ് നിലപാടുകള്‍ എന്‍ഡോസള്‍ഫാന് അനുകൂലമാണെന്നാണ്. കേരളത്തിലെ 11 പഞ്ചായത്തുകള്‍ മാത്രമല്ല,തെക്കന്‍ കര്‍ണാടകത്തിലെ 96 ഗ്രാമങ്ങളും എന്‍ഡോസള്‍ഫാന്‍ ബാധിതമാണ്.കര്‍ണാടകക്കാരനായ  മന്ത്രി ജയറാം രമേശ് വലിയ പരിസ്ഥിതി വാദിയായിട്ടാണ് അറിയപ്പെടുന്നത്.എന്നിട്ടും അദ്ദേഹം പറയുന്നത് എന്‍ഡോസള്‍ഫാന്‍  അപകടകരമല്ലെന്നാണ്. ജയറാം രമേശ് പരിസ്ഥിതി വിരുദ്ധനും ജനവിരുദ്ധനുമാണെന്ന് തെളിയിച്ചിരിക്കുകയാണ്്.


സംയുക്ത സമരത്തില്‍നിന്ന് യു.ഡി.എഫ് പിന്മാറി-ചെന്നിത്തല  

എന്‍ഡോസള്‍ഫാന്‍ സമരം രാഷ്ട്രീയവത്കരിക്കുന്നുവെന്ന്
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പുതിയ പഠന റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം കോണ്‍ഗ്രസും യു.ഡി.എഫും അംഗീകരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ന്യൂദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ : പ്രധാനമന്ത്രിയെ വലിച്ചിഴച്ചത് നിര്‍ഭാഗ്യകരം- ഉമ്മന്‍ ചാണ്ടി 

എന്‍ഫോസള്‍ഫാന്‍ നിരോധം സംബന്ധിച്ച വിവാദത്തിലേക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ വലിച്ചിഴച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. പ്രശ്‌നം രാഷ്ട്രീയവല്‍കരിക്കാനാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധം കൊണ്ടുവന്നത്. എന്‍ഡോസള്‍ഫാനെതിരെ വളരെ നിരുത്തരവാദപരമായാണ് വി.എസ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കാസര്‍കോട്ട് ദുരിതമുണ്ടായത് എന്‍ഡോസള്‍ഫാന്‍ മൂലമല്ലെന്ന്  പറഞ്ഞത് മന്ത്രി മുല്ലക്കര രത്‌നാകരന്‍ ആണ്. നിരോധനം നിലനില്‍ക്കെയും കേരളത്തിന്‍ എന്‍ഡോസള്‍ഫാന്‍ സുലഭമാണിന്ന്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കാത്തത്. ഇത് സംബന്ധിച്ച ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അധികാരമുണ്ടായിട്ടും അത് ഒട്ടടും വിനിയോഗിക്കാത്ത വി.എസ് ആണ് പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കുടിവെള്ളത്തിലും എന്‍ഡോസള്‍ഫാന്‍ കോഴിക്കോട്: കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്റെ അംശങ്ങള്‍ കുടിവെള്ളത്തിലും. വയനാട്ടിലെ മാനന്തവാടിയില്‍ കുടിവെള്ളത്തില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തി. കോഴിക്കോട്ടെ CWRDM ഇവിടത്തെ കുടിവെള്ളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ജനങ്ങള്‍ കുടിക്കാനായി ആശ്രയിക്കുന്ന വെള്ളത്തിലാണ് എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തിയത്.

ഇവിടത്തെ കുടിവെള്ളത്തില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് ജില്ലാ സബ് കലക്ടര്‍ പ്രശാന്താണ് വെള്ളം പരിശോധിക്കാന്‍ ഉത്തരവിട്ടത്. തുടര്‍ന്നാണ് പരിശോധന നടത്തിയത്.

അതേസമയം എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ 
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ന്യൂദല്‍ഹിയില്‍ വ്യക്തമാക്കി. ആകാശത്തുനിന്ന് കീടനാശിനി പ്രയോഗിച്ചതാണ് കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ വി.എം.കടോച്ച് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ ഐ.സി.എംആറിന്റെ പ്രത്യേകസംഘം മൂന്നാഴ്ചയ്ക്കകം കേരളത്തിലെത്തും.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അഡ്വക്കേറ്റ് എം. ഗംഗാധരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വീണ്ടും പഠനം നടത്തേണ്ട ആവശ്യമില്ല. നടപടിയാണ് ഇനി ആവശ്യമെന്നും
എന്‍ഡോസള്‍ഫാന്‍ അമൃതാണെന്ന് പ്രചരിപ്പിക്കുന്നു: അഴീക്കോട്തൃശൂര്‍: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ രാഷ്ട്രീയ കക്ഷികള്‍ രണ്ടായി തിരിഞ്ഞ് മാറിനില്‍ക്കുകയാണെന്നും ചിലര്‍ എന്‍ഡോസള്‍ഫാന്‍ അമൃതാണെന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നും ഡോ.സുകുമാര്‍ അഴീക്കോട്.

മലപ്പുറം: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യ നിലപാട് കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് സംഘടിപ്പിച്ച 'ഒപ്പ് മരം' പരിപാടിയില്‍ മലപ്പുറത്ത് മത- രാഷ്ട്രീയ - സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കൈയൊപ്പ് ചാര്‍ത്തി

എന്‍ഡോസള്‍ഫാന്‍: കെ.എസ്.യു കേന്ദ്ര മന്ത്രിമാരുടെ കോലം കത്തിച്ചു. 
മലപ്പുറം: എന്‍ഡോസള്‍ഫാന്‍ ദേശീയ തലത്തില്‍ നിരോധിക്കാന്‍ വിമുഖത കാട്ടുന്ന കേന്ദ്ര മന്ത്രിമാരുടെ സമീപനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരായ ജയറാം രമേശിന്റെയും ശരത്പവാറിന്റെയും കോലം കത്തിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുംവരെ സമരം തുടരുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.


എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിരാഹാരം ആരംഭിച്ചു

 എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിരാഹാരം ആരംഭിച്ചുതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമ്രന്തി വി.എസ്. അച്ചുതാന്ദന്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ടപത്തില്‍ നിരാഹാര സമരം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ നിരാഹാരത്തില്‍ പങ്കാളിളാകുന്നുണ്ട്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ദുരന്തത്തിന്റെ പിടിയിലമര്‍ന്ന് ഒന്നടങ്കം നിരോധനത്തിന് ആവശ്യശപ്പടണമെന്ന നിലാപട് പ്രധാനമന്ത്രി തിരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യെപ്പട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധത്തിനായി സംസ്ഥാനങ്ങളെ ഏകോപിപ്പിക്കുമെന്നും അദ്ദേഹമ പറഞ്ഞു.
സമരത്തില്‍ നിന്നും പ്രതിപക്ഷം വിട്ടു നില്‍ക്കുകയാണ്.

എന്നും ഇരകളുടെ പക്ഷം ചേരുന്ന മുസ്ലിം മത പണ്ഡിതന്‍ കാന്തപുരം അബൂബകര്‍ മുസ്ലിയാര്‍ ഒപ്പ് മരത്തില്‍ ഒപ്പ് ചാര്‍ത്തുന്നു...
എന്ടോന്‍ സള്‍ഫാന്‍ നിരോധിക്കാന്‍ ഇനിയും ഭരണകൂടം വയ്കുന്നത് ജങ്ങളോട് ചെയ്യുന്ന നീതികെടനന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍: കെ.പി.സി.സി നിലപാട് ജനവിരുദ്ധം - ചന്ദ്രപ്പന്‍
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം നേടിയെടുക്കാന്‍ യോജിച്ച പ്രക്ഷോഭം നടത്തുന്നതിനെ എതിര്‍ക്കുന്ന കെ.പി.സി.സി. നേതൃത്വത്തിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ പറഞ്ഞു.


എന്‍ഡോസള്‍ഫാന്‍ സമരം: ബി.ജെ.പി. പങ്കെടുക്കും

എന്‍ഡോസള്‍ഫാന്‍: നശിച്ച കാസര്‍കോട് ഉദാഹരണമാക്കനാവില്ലെന്ന് ചെംഗല്‍ റെഡ്ഡിന്യൂ ദല്‍ഹി: കാസര്‍കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്നും നാശംപിടിച്ച കേരളമോ നശിച്ച കാസര്‍കോടോ ഉദാഹരണമാക്കി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി ചെംഗല്‍ റെഡ്ഡി.
സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നതിനു മുമ്പുതന്നെ എന്‍ഡോസള്‍ഫാന്റെ ഗുണഗണങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിനു കത്തു നല്‍കിയതായി ചെംഗല്‍ റെഡ്ഡി വെളിപ്പെടുത്തി. തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി പവാര്‍ ഉറപ്പു നല്‍കിയതായും ചെംഗല്‍ റെഡ്ഡി വ്യക്തമാക്കി.
സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാനെതിരായി നിലപാടെടുത്താല്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തുമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ഭീഷണിയുണ്ട്. കഴിഞ്ഞതവണ സ്‌റ്റോക്‌ഹോം സമ്മേളനത്തിന്റെ അവലോകനയോഗത്തിന്റെ തൊട്ടുമുമ്പും എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേന്ദ്രം കീടനാശിനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
കേരളത്തിലെ എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരങ്ങള്‍ക്കു പിന്നില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാപിത താല്‍പര്യങ്ങളാണ്. ചൈനയിലെ കീടനാശിനി പ്രയോഗത്തെ എതിര്‍ക്കാത്ത സി.പി.ഐ.എം, കേരളത്തില്‍ എന്‍ഡോസള്‍ഫാനെ നിരോധിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രവുമല്ല, സി.പി.ഐ.എം ഭരിക്കുന്ന പശ്ചിമബംഗാളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലേക്കുള്ള തക്കാളി അധികവും ഇറക്കുമതി ചെയ്യുന്നത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു കൃഷി നടത്തുന്ന ആന്ധ്രയില്‍നിന്നാണ്. 30 വര്‍ഷത്തോളമായി ഈ തക്കാളി ഉപയോഗിക്കുന്ന കേരളീയര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന വാദവും അദ്ദേഹം ഉയര്‍ത്തുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം സാധ്യമല്ലെന്നും നാളെ നടക്കാനിരിക്കുന്ന സ്‌റ്റോക്‌ഹോം കണ്‍വെഷനില്‍ ഇന്ത്യ ഇക്കാര്യം ആവശ്യപ്പെടില്ലെന്നുമുള്ള ശരത്് പവാറിന്റെ ഉറപ്പിന്‍മേലാണ് മൊണ്‍സാന്റോ ജനിതകവിത്തുകളുടെ പ്രചാരകന്‍ കൂടിയായ ചെംഗല്‍ റെഡ്ഡി.
എന്‍ഡോസള്‍ഫാന്‍ എതിരായ  പ്രതിഷേധം ആളിപ്പടരണം ...... 

ആ ആളുന്ന തീ ചൂടില്‍ വിഷ കുത്തകകളും അവരുടെ മൂടുതാങ്ങികകും വെന്തു വെന്നീരാകണം....

ഈ പോരാട്ടത്തില്‍ നമുക്കൊരിക്കലും സന്ധിചെയ്യാനകില്ല ....കാരണം ഇത് ആയിരങ്ങളുടെ ജീവന്‍ടെ പ്രശ്നമാണ്
ഒന്നുറക്കെ കരയാന്‍ പോലുമാകാത്ത ആയിരങ്ങള്‍ക്ക് വേണ്ടി ജാതി മത രാഷ്ട്രീയ ചിന്തകള്‍ നമുക്കിവിടെ മാറ്റിവെക്കാം
"ഇന്ന് സംസ്ഥാന സര്‍ക്കാരിന്ടെ നേത്രത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ ഭാഗവാക്കാവുക ...." (ഇത് കേവലം ഒരു ദിവസത്തെ സമരം മാത്രമാകി ഒതുക്കിക്കളയരുത്‌ എന്ന ഒരപെക്ഷയുന്ദ്‌)
ഒരു നാടിന്ടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തിനു എന്ടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍

പോരാട്ടമാണ് ജീവിതം ..കീഴടങ്ങല്‍ മരണവും.



എൻഡോസൾഫാനെതിരെയുള്ള പ്രധിഷേധത്തിന്റെ ശക്തി കണ്ട് പരേതാത്മാക്കൾ വരെ കല്ലറകളിൽ നിന്നും കൂട്ടത്തോടെ ഇറങ്ങി മുദ്രാവാക്യമുയർത്തുമ്പോൾ,നമുക്കെങ്ങനെ നിശ്ശബ്ദരാകുവാൻ കഴിയും.ക്ഷേത്ര സമുച്ചയങ്ങളിൽ നിന്നും.പള്ളിമിനാരങ്ങളിൽ നിന്നും,അരമനകളിൽ നിന്നുമുയരട്ടെ പ്രധിഷേധത്തിന്റെ മണിമുഴക്കങ്ങൾ.തോൾക്കുവാൻ മനസ്സില്ലാത്ത ഒരു ജനതയുടെ ആത്മവിര്യത്തിനു മുമ്പിൽ നമുക്കും കൈകോർക്കാം.....ഇത്തിരി വെട്ടത്തിനായ്...

ദൈവം അനുഗ്രഹിക്കട്ടെ. 

Islamic Banking Courses

Share/Bookmark