നടുവേദന അകറ്റാം
ഡോ.ബി.പത്മകുമാര്‍, അസോ.പ്രൊഫസര്‍, മെഡി.കോളേജ്, ആലപ്പുഴ
വിട്ടുമാറാത്ത നടുവേദന സ്ത്രീകളുടെ, പ്രത്യേകിച്ചും മധ്യവയസ്സു കഴിഞ്ഞ സ്ത്രീകളുടെ മുഖ്യ പ്രശ്‌നമാണ്. 80-ശതമാനത്തോളം സ്ത്രീകള്‍ക്കും ജീവിതത്തിലൊരിക്കലെങ്കിലും നടുവേദനയനുഭവിക്കേണ്ടിവരുന്നുണ്ട്. നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം, പേശികളുടെ പ്രശ്‌നങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍, കൂടാതെ അപൂര്‍വമായി നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദം, ക്ഷയരോഗം തുടങ്ങിയവയും നടുവേദനയ്ക്ക് കാരണമാകാറുണ്ട്.
ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ അളവ് കുറയുന്നതിനെത്തുടര്‍ന്ന് കശേരുക്കള്‍ക്കുണ്ടാകുന്ന അസ്ഥിശോഷണം (ഓസ്റ്റിയോ പൊറോസിസ്) സ്ത്രീകളിലെ നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. മറ്റെന്തെങ്കിലും അസുഖത്തെത്തുടര്‍ന്ന് അണ്ഡാശയം നീക്കംചെയ്യേണ്ടിവരുന്ന സ്ത്രീകളിലും അസ്ഥിശോഷണം നേരത്തേയാരംഭിക്കുന്നു. കാത്സ്യത്തിന്റെ അഭാവത്തെത്തുടര്‍ന്നാണ് അസ്ഥികള്‍ക്ക് തേയ്മാനം സംഭവിക്കുന്നത്. വളരെ ചെറിയ പരിക്കുകളെത്തുടര്‍ന്നുപോലും കശേരുക്കള്‍ക്ക് പൊട്ടലുണ്ടാകാം.
ഒരു ആധുനിക ജീവിതശൈലീരോഗമായും നടുവേദനയെ കണക്കാക്കാവുന്നതാണ്. ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യേണ്ടിവരുക, തെറ്റായ കിടപ്പ്, പ്രത്യേകിച്ചും ഫോം ബെഡിന്റെ ഉപയോഗം, ഇരുചക്രവാഹനങ്ങളില്‍ ദീര്‍ഘയാത്ര, വ്യായാമരഹിതമായ ജീവിതചര്യ ഇവയൊക്കെ പേശികളുടെ ബലക്ഷയത്തിനും വിട്ടുമാറാത്ത നടുവേദനയ്ക്കും കാരണമാകാം. അമിതവണ്ണമുള്ളവരില്‍ ഇടുപ്പിലെ മാംസപേശികള്‍ക്ക് അമിത സമ്മര്‍ദം നേരിടേണ്ടിവരുന്നതും നടുവേദനയുണ്ടാക്കാം.
നട്ടെല്ലിന്റെ തേയ്മാനവും കശേരുകകള്‍ക്ക് ഇടയിലുള്ള ഡിസ്‌കിന്റെ സ്ഥാനചലനവുമാണ് നടുവേദനയ്ക്കുള്ള മറ്റൊരു കാരണം. മുറ്റം അടിച്ചുവാരുക, തുണി അലക്കുക, നിലം തുടയ്ക്കുക തുടങ്ങി കുനിഞ്ഞുനിന്ന് ചെയ്യുന്ന ജോലികളെത്തുടര്‍ന്ന് നട്ടെല്ലിലെ കശേരുകകള്‍ക്ക് തേയ്മാനവും ഡിസ്‌കിന് സ്ഥാനഭ്രംശവും ഉണ്ടാകാം. ശക്തമായ നടുവേദനയും കാലിന്റെ പുറകുവശത്തുകൂടി കണങ്കാല്‍വരെ വ്യാപിക്കുന്ന കഠിനമായ വേദനയും ഈ പ്രശ്‌നത്തിന്റെ സാമാന്യ ലക്ഷണങ്ങളാണ്.
തുടര്‍ച്ചയായ പ്രസവം, ഗര്‍ഭാശയത്തില്‍ ഉണ്ടാകുന്ന അണുബാധ, ഗര്‍ഭപാത്രത്തിന്റെ താഴേക്കുള്ള ഇടിവ്, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭാശയ അര്‍ബുദം, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്‌നങ്ങളും നടുവേദനയ്ക്ക് കാരണമാകാം.
കൃത്യമായി വ്യായാമംചെയ്യുന്നത് നടുവിലെ പേശികളെ ബലപ്പെടുത്തും. കൂടാതെ അസ്ഥിശോഷണത്തെയും പ്രതിരോധിക്കും. സൂര്യപ്രകാശമേറ്റ് രാവിലെ നടക്കുന്നതുതന്നെ ഉത്തമമായ വ്യായാമം. നടുവേദനയുള്ളവര്‍ കഴിയുന്നതും ഇരുചക്രവാഹന യാത്ര ഒഴിവാക്കണം. കിടക്കാന്‍ പലകക്കട്ടില്‍ ഉപയോഗിക്കുന്നതും നന്ന്. അമിതവണ്ണവും ഒഴിവാക്കണം.
അസ്ഥിയുടെ ആരോഗ്യത്തിനായി കാത്സ്യം ധാരാളമടങ്ങിയ പാല്‍, മത്സ്യം, റാഗി, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മിക്കവാറും നടുവേദനകള്‍ മൂന്നോ നാലോ ദിവസം വിശ്രമമെടുത്താല്‍ മാറാനാണ് സാധ്യത. നടുവേദന നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടണം.
No comments:
Post a Comment