scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

May 7, 2011

ഒരാളെ കൊന്നവര്‍ കൊലയാളികള്‍ 400 പേരെ കൊന്നവരോ?


ഒരാളെ കൊന്നവര്‍ കൊലയാളികള്‍ 400 പേരെ കൊന്നവരോ?

ജനീവയിലെ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ ലോകതലത്തില്‍ നിരോധിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങളോട് കടപ്പാടുള്ള 81 രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ നേരത്തേതന്നെ അത് നിരോധിച്ചിരുന്നു. അവസാന നിമിഷംവരെ എന്‍ഡോസള്‍ഫാനുവേണ്ടി നിലകൊണ്ടത് മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ മാത്രമാണ്. എണ്ണമറ്റ മനുഷ്യരെ കൊന്നൊടുക്കി ലാഭംകൊയ്യുന്ന വിഷനിര്‍മാതാക്കള്‍ക്ക് കൂട്ടുനിന്നതിലൂടെ ഇന്ത്യ ലോകത്തിന്റെ മുന്നില്‍  അപമാനിതമായി.

എന്‍ഡോസള്‍ഫാന്‍ നിരോധത്തിലൂടെ ഒരു കാര്യം ലോകമാകെ അംഗീകരിച്ചിരിക്കുന്നു. അത് അത്യധികം മാരകമായ വിഷമാണ്. കുടിക്കുന്ന വെള്ളത്തിലോ കഴിക്കുന്ന ആഹാരത്തിലോ വിഷംകലര്‍ത്തി ആളെകൊല്ലുന്നത് നമ്മുടെ നാട്ടിലുള്‍പ്പെടെ ലോകത്തെങ്ങും കൊലക്കുറ്റമാണ്.  അങ്ങനെ ചെയ്യുന്നവരെ നിയമം പിടികൂടി ശിക്ഷിക്കും. എന്നിട്ടും കാസര്‍കോട്ടെ നൂറുകണക്കിനാളുകളെ വായുവിലും വെള്ളത്തിലും ഭക്ഷണത്തിലും വിഷംകലര്‍ത്തി  കൊല്ലുകയും വികലാംഗരാക്കുകയും ചെയ്തവരെ എന്തുകൊണ്ട് പിടികൂടുന്നില്ല? ആരൊക്കെയാണ് എന്‍ഡോസള്‍ഫാന്‍ കൂട്ടക്കൊലയിലെ പ്രതികള്‍? ആ വിഷം ഉല്‍പാദിപ്പിച്ചവര്‍, അതുണ്ടാക്കാനാവശ്യമായ ചേരുവകള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞര്‍, മരുന്നുകമ്പനിക്കാര്‍, കാസര്‍കോട്ട് അത് പ്രയോഗിക്കാന്‍ മുന്‍കൈയെടുത്തവര്‍,അനുവാദം നല്‍കിയ ഭരണാധികാരികള്‍, എന്‍ഡോസള്‍ഫാന്‍ മാരകമല്ലെന്ന് വിധിയെഴുതിയ വിദഗ്ധര്‍. എല്ലാവരും കൂട്ടുപ്രതികളാണ്. അവരെയൊക്കെ പിടികൂടി  വിചാരണ ചെയ്ത് കടുത്തശിക്ഷ നല്‍കണം. ചുരുങ്ങിയത് അവരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്റെ ഇരകള്‍ക്ക് വിതരണം ചെയ്യണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും പുനരധിവാസത്തിനും സംരക്ഷണത്തിനും ആവശ്യമായ തുക  പ്രതികളില്‍നിന്ന് ഈടാക്കണം. ഭരണാധികാരികള്‍ അതിന് സന്നദ്ധമായില്ലെങ്കില്‍ പൗരസമൂഹം  സമ്മര്‍ദം ചെലുത്തണം.

എന്‍ഡോസള്‍ഫാനെതിരെ കേരളീയ മനസ്സാക്ഷിയെ ഉണര്‍ത്തിയതും ജനവികാരങ്ങളെ ഉത്തേജിപ്പിച്ചതും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളല്ല, കൊടിയ കഷ്ടനഷ്ടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഇരയായ  സാധാരണക്കാരും അവരോട് അനുകമ്പതോന്നിയ ചില മനുഷ്യസ്‌നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും നവ സാമൂഹികപ്രസ്ഥാനങ്ങളും ദൈവിക ദര്‍ശനത്താല്‍ പ്രചോദിതരായ മനുഷ്യസ്‌നേഹികളുമാണ്. അവരുടെ മുന്നേറ്റം നാടിനെ ഇളക്കിമറിച്ചപ്പോള്‍ മുഖ്യധാരാ സംഘടനകളും നേതാക്കളും അതില്‍ പങ്കുചേരുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥപ്രതികളെ പിടികൂടി ശിക്ഷിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണം. ഒരാളെ കൊന്നവരെ വധശിക്ഷക്ക് വിധേയമാക്കുന്ന  നമ്മുടെ രാജ്യത്ത് 400 പേരെ കൊലപ്പെടുത്തുകയും ആയിരക്കണക്കിനാളുകള്‍ക്ക് അംഗവൈകല്യം വരുത്തുകയും ചെയ്തവരെ വെറുതെ വിടാവതല്ല. അങ്ങനെ ചെയ്യുന്നത് ഇത്തരം കൊടിയ കുറ്റകൃത്യങ്ങളുടെ  ആവര്‍ത്തനങ്ങള്‍ക്ക് കാരണമായിത്തീരും.

പൗരസമൂഹത്തിന്റെ അശ്രദ്ധയും അവഗണനയും ആലസ്യവും നാടിനെ കൊടിയ നാശത്തിലേക്ക് നയിക്കും. ആയിരങ്ങളെ കൊന്നവരും കോടികള്‍ കട്ടവരും ബഹുമാനപ്പെട്ടവരായി തുടരും. നമ്മുടെ നാട്ടില്‍ നൂറും ആയിരവുമൊക്കെ മോഷ്ടിക്കുന്നവര്‍ കള്ളന്മാരാണ്. പക്ഷേ,  ലക്ഷങ്ങളും കോടികളുമൊക്കെ കക്കുന്നവര്‍ ബഹുമാനപ്പെട്ടവരും. കാരണം, അവര്‍ ഉന്നത ഉദ്യോഗസ്ഥരും  കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമാണല്ലോ.

അതിനാല്‍, സാധാരണക്കാരുടെ പൗരബോധമുണരണം. ഭരണാധികാരികള്‍ നമുക്ക് കാവലിരിക്കുകയല്ല, നമ്മെ കൊള്ളയടിക്കുകയാണ്. കാക്കുകയല്ല, കക്കുകയാണ്. സുരക്ഷിതത്വം നല്‍കുകയല്ല, അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഭരണാധികാരികളും എല്ലാം ചെയ്തുകൊള്ളുമെന്ന് വിശ്വസിച്ച് ആശ്വസിക്കുന്നതില്‍ അര്‍ഥമില്ല. പൗരസമൂഹം സദാ  ജാഗ്രത പുലര്‍ത്തണം. മര്‍ദകരെ കണിശമായി വിചാരണ ചെയ്യണം. മൂടിവെച്ച സത്യങ്ങള്‍ വെളിപ്പെടുത്തണം. മൗനത്തിന്റെ വല്മീകം തകര്‍ത്ത് അനീതിക്കെതിരെ ഒച്ചവെക്കണം. ഇതിന്റെ തുടക്കം കാസര്‍കോട്ടുനിന്നാവട്ടെ.  

എന്‍ഡോസള്‍ഫാന്‍ കൊണ്ട് ഒരു ദോഷവുമില്ലെന്ന് പറഞ്ഞ് മനുഷ്യരാശിയെ പരിഹസിച്ച മന്ത്രി മാന്യന്മാരെപ്പോലെയുള്ളവര്‍ക്ക് പൊതുജീവിതത്തില്‍ ഇടം കിട്ടാത്തവിധം എങ്ങുനിന്നും പ്രതിഷേധങ്ങളുയര്‍ന്നുവരണം. അമ്പതോളം പഠനറിപ്പോര്‍ട്ടുകള്‍ വന്നിട്ടും ലോകത്തിന് മുഴുവന്‍ ബോധ്യമായിട്ടും എന്‍ഡോസള്‍ഫാന്‍ ഹാനികരമാണോ എന്നറിയാന്‍ പിന്നെയും പഠന റിപ്പോര്‍ട്ടിന് ശഠിച്ച പ്രധാനമന്ത്രിയെയും ശരദ്പവാറിനെയും പോലുള്ളവര്‍ അവ്വിധം ജനവിരുദ്ധരും മനുഷ്യരാശിയുടെ ശത്രുക്കളുമാവാതിരിക്കാന്‍ നിര്‍ബന്ധിതരാകുമാറ് കുറ്റവാളികള്‍ക്കെതിരെ പ്രതിഷേധവും നിയമനടപടികള്‍ക്കുള്ള മുറവിളിയും ഉയര്‍ന്നുവന്നെങ്കില്‍! ഒപ്പം ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കാനുള്ള ശക്തമായ സമ്മര്‍ദവും!


Share/Bookmark

No comments: