ഇസ്രായേല്‍ രാഷ്ട്രീയത്തിലെ മധ്യപക്ഷതരംഗം
പി.കെ. നിയാസ്
സ്വതന്ത്ര ഇസ്രായേലിന്റെ ചരിത്രത്തില്‍ ഏകകക്ഷി ഭരണം ഉണ്ടായിട്ടില്ല. അധിനിവേശവും പലസ്തീനും കുറച്ചുകാലമായി ഇറാന്റെ ആണവ പദ്ധതിയുമൊക്കെയാണ് ഭിന്നവീക്ഷണങ്ങള്‍ പുലര്‍ത്തുന്ന പാര്‍ട്ടികളെ ഏകോപിപ്പിക്കുന്ന ഘടകങ്ങള്‍. ഓരോ നാലുവര്‍ഷവും കൂട്ടുകക്ഷി സര്‍ക്കാര്‍ എന്നത് അലിഖിത സമ്പ്രദായമായി തുടര്‍ന്നുപോരുന്നു. രാജ്യത്തെ പഴക്കംചെന്ന ലേബര്‍ , ലിക്കുഡ് പാര്‍ട്ടികളും ഇരുപാര്‍ട്ടികളില്‍നിന്നുമുള്ള നേതാക്കള്‍ 2005-ല്‍ രൂപംകൊടുത്ത കാദിമയും കൈയാളിയിരുന്ന കൂട്ടുകക്ഷിഭരണം എന്നും തീവ്ര വലതുപക്ഷസ്വഭാവമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ , ഈ തിരഞ്ഞെടുപ്പ് വലിയൊരു മാറ്റത്തിന് നാന്ദികുറിച്ചെന്ന് വിലയിരുത്തപ്പെടുന്നു. ടെലിവിഷന്‍ അവതാരകനായിരുന്ന യെര്‍ ലാപിഡ് നേതൃത്വം നല്‍കുന്ന യെശ് അതിദ് (നമ്മുടെ ഭാവി) എന്ന നവജാത മധ്യപക്ഷപാര്‍ട്ടി നടത്തിയ ശക്തമായ മുന്നേറ്റം സകല തിരഞ്ഞെടുപ്പ് സര്‍വേകളെയും കാറ്റില്‍പ്പറത്തുന്നതായിരുന്നു.
തീവ്ര വലതുപക്ഷവിഭാഗമായ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും മുന്‍ വിദേശകാര്യമന്ത്രി അവിഗ്ദര്‍ ലെയ്ബര്‍മാന്‍ നേതൃത്വം നല്‍കുന്ന യിസ്രായേല്‍ ബെയ്തനുവും ചേര്‍ന്ന സഖ്യം (ലിക്കുഡ് ബെയ്തനു) നിലവിലുള്ള 42 സീറ്റുകളില്‍നിന്ന് 31-ലേക്ക് ചുരുങ്ങിയപ്പോള്‍ ലേബര്‍ പാര്‍ട്ടിയെ പിന്തള്ളി 19 സീറ്റുകളുമായാണ് യെശ് അതിദ് രണ്ടാമത്തെ കക്ഷിയായത്. ലേബര്‍പാര്‍ട്ടിക്ക് ലഭിച്ചത് 15 സീറ്റുകള്‍. 1969-ല്‍ 56 സീറ്റുകളുമായി റെക്കോഡ് ഭൂരിപക്ഷം നേടിയിരുന്ന ലേബര്‍പാര്‍ട്ടി വെറും എട്ടുസീറ്റുകളുമായി നന്നേ ദുര്‍ബലമായ അവസ്ഥയിലാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2009-ല്‍ 13 സീറ്റുകളുണ്ടായിരുന്ന പാര്‍ട്ടിയെ അതിന്റെ നേതാവും പ്രതിരോധമന്ത്രിയുമായിരുന്ന യഹൂദ് ബരാക് തന്നെ കൈയൊഴിയുന്നതാണ് കണ്ടത്. ബരാക് പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ നാല് എം.പി.മാരും ഒപ്പംകൂടി. അങ്ങനെയാണ് സീറ്റുകള്‍ എട്ടിലേക്ക് ചുരുങ്ങിയത്. ആറുവര്‍ഷംമുമ്പുമാത്രം അംഗത്വമെടുത്ത മുന്‍ പത്രപ്രവര്‍ത്തക ഷെല്ലി യാഷിമോവിച്ച് നേതൃത്വം ഏറ്റെടുത്തതോടെ ലേബര്‍പാര്‍ട്ടി കരുത്താര്‍ജിച്ചുവെന്നതാണ് ചെറുതായെങ്കിലുമുള്ള മുന്നേറ്റം നല്‍കുന്ന സൂചന. വര്‍ധിച്ചുവരുന്ന സാമൂഹികപ്രശ്‌നങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയും ഉയര്‍ത്തിക്കാട്ടിയാണ് പുതിയ നേതൃത്വത്തിനുകീഴില്‍ പാര്‍ട്ടി ഇലക്ഷനെ നേരിട്ടത്.
എന്നാല്‍, സെക്യുലറിസ്റ്റുകളെയും സാധാരണക്കാരെയും ആകര്‍ഷിക്കുന്നതില്‍ വിജയിച്ചതും നിരീക്ഷകരെ അമ്പരപ്പിച്ചതും ലാപിഡിന്റെ പാര്‍ട്ടിയാണ്. സെമിനാരിയില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് അതിയാഥാസ്ഥിതികരായ ജൂതന്മാരെ നിര്‍ബന്ധിത സൈനികസേവനത്തില്‍നിന്ന് നെതന്യാഹു സര്‍ക്കാര്‍ ഒഴിവാക്കുകയുണ്ടായി. ജൂത മതത്തെ സേവിക്കുകയും അതുവഴി രാജ്യതാത്പര്യം സംരക്ഷിക്കുകയും ചെയ്യുന്നവര്‍ എന്ന പരിഗണന നല്‍കി ഈ വിഭാഗത്തിന് സര്‍ക്കാര്‍ പ്രത്യേകഫണ്ടുകള്‍ അനുവദിക്കുകയും ചെയ്തു. 18 വയസ്സിന് മുകളിലുള്ളവര്‍ രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെ നിര്‍ബന്ധ സൈനികസേവനം അനുഷ്ഠിക്കണമെന്നാണ് ഇസ്രായേലിലെ നിയമം. എന്നാല്‍ , 1948-ല്‍ രാജ്യം നിലവില്‍വന്നയുടന്‍ പ്രഥമപ്രസിഡന്റ് ഡേവിഡ് ബെന്‍ഗൂറിയന്‍ ജൂത റബ്ബി നേതൃത്വവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം അതിയാഥാസ്ഥിതിക ജൂതന്മാരെ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കി. ആദ്യവര്‍ഷം 4000 പേര്‍ക്കാണ് ഇളവ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ ഈ ആനുകൂല്യം അനുഭവിക്കുന്നു. പൗരന്മാരെ രണ്ടുതട്ടിലായി കാണുന്ന വിവേചനത്തിനെതിരെ ജൂലായില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയരുകയുണ്ടായി. യെശ് അതിദ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രധാന വിഷയങ്ങളില്‍ ഇതും ഉള്‍പ്പെട്ടിരുന്നു. അതി യാഥാസ്ഥിതികരെയും സൈനിക സേവനത്തിന്റെ പരിധിയിലാക്കുമെന്നും സെമിനാരിയില്‍ ചടഞ്ഞിരുന്ന് സര്‍ക്കാര്‍ സ്റ്റൈപന്‍ഡ് കൈപ്പറ്റി ജീവിക്കുന്ന ഇത്തരക്കാരെ രാജ്യത്തിന്റെ തൊഴില്‍മേഖലയില്‍ കൊണ്ടുവരുമെന്നും ലാപിഡ് നടത്തിയ പ്രഖ്യാപനത്തോട് വോട്ടര്‍മാര്‍ അനുകൂലമായി പ്രതികരിച്ചിരിക്കുന്നു എന്നുറപ്പാണ്. അമേരിക്കയുടെ മേല്‍നോട്ടത്തില്‍ പലസ്തീനുമായുള്ള സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു. സഖ്യകക്ഷി സര്‍ക്കാറില്‍ പാര്‍ട്ടി ചേരണമെന്ന് ആഗ്രഹിക്കുന്നവര്‍ മേല്‍വിഷയങ്ങള്‍കൂടി കണക്കിലെടുക്കേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാവ് പ്രഖ്യാപിച്ചപ്പോള്‍, വിശാലസര്‍ക്കാറാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അതിനാല്‍ എല്ലാവരും അതിന്റെ ഭാഗമാകണമെന്നുമാണ് നെതന്യാഹു പ്രതികരിച്ചത്.
എന്നാല്‍ , ഇസ്രായേലിന്റെ ഇതഃപര്യന്തമുള്ള ചരിത്രം അറിയുന്നവര്‍ ഇതില്‍ വലിയ പുതുമ കാണുന്നില്ല. നെതന്യാഹു രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാറിന് സമാധാനത്തിന്റെ കപടമുഖം നല്‍കുമെന്നതില്‍ കവിഞ്ഞ് എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കേണ്ടെന്നാണ് പലസ്തീന്‍പത്രം 'അല്‍ ഖുദ്‌സ്' മുഖപ്രസംഗത്തില്‍ പറഞ്ഞത്. പതിവുപോലെ തീവ്ര വലതുപക്ഷ മതകീയ പാര്‍ട്ടികളെ കൂടെയിരുത്തിയാണ് നെതന്യാഹു വീണ്ടും അധികാരം കൈയാളുക. ചെറുപാര്‍ട്ടികളാണെങ്കിലും അങ്ങേയറ്റത്തെ പലസ്തീന്‍വിരുദ്ധവികാരം ആളിക്കത്തിച്ചാണ് ഇവ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഷാസ്, ജ്യൂയിഷ് ഹോം, യുണൈറ്റഡ് തോറ ജൂതായിസം എന്നീ മൂന്നുപാര്‍ട്ടികള്‍ക്ക് മൊത്തം 29 സീറ്റുകളുണ്ട്. ഷാസിന് സീറ്റുകളില്‍ വര്‍ധനയുണ്ടായില്ലെങ്കിലും മറ്റുരണ്ട് പാര്‍ട്ടികള്‍ക്ക് യഥാക്രമം നാലും രണ്ടും സീറ്റുകളാണ് കൂടിയത്. 1902-ല്‍ രൂപംകൊണ്ട തീവ്രവലതുപക്ഷ സയണിസ്റ്റ് നിലപാടുകാരുടെ ആഗോള സംഘടനയായ മിസ്‌റാഷിയില്‍ അംഗത്വമുള്ള ജ്യൂയിഷ് ഹോം പ്രധാനമായും അധിനിവേശ വെസ്റ്റ്ബാങ്കിലെ പ്രമുഖനഗരമായ ഹിബ്രോണിലെ കുടിയേറ്റക്കാരായ ജൂതന്മാരുടെ പാര്‍ട്ടിയാണ്. നെതന്യാഹുവിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് നഫ്താലി ബെന്നറ്റ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാക്കളിലേറെയും അവിടത്തെ സ്ഥിരതാമസക്കാരാണ്. ഇസ്രായേലിന്റെ സൈനിക നിയന്ത്രണത്തിലുള്ള വെസ്റ്റ്ബാങ്കിലെ 60 ശതമാനം പ്രദേശവും (സി ഏരിയ) ഇസ്രായേലിനോട് ചേര്‍ക്കണമെന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്. ജെറുസലേമിലെ മുസ്‌ലിം ആരാധനാലയമായ ഡോം ഓഫ് ദി റോക്ക് തകര്‍ത്ത് മൂന്നാമത്തെ ജൂതദേവാലയം പണിയുക, ഗാസയിലും വെസ്റ്റ്ബാങ്കിലും കൂടുതല്‍ കുടിയേറ്റകേന്ദ്രങ്ങള്‍ പണിയുക എന്നിവയും പാര്‍ട്ടിയുടെ പ്രധാന ആവശ്യങ്ങളാണ്. ഓരോ കുടുംബത്തിനും അഞ്ചുലക്ഷം ഡോളര്‍വീതം നല്‍കി വെസ്റ്റ്ബാങ്കിലെയും ഗാസയിലെയും പലസ്തീനികളെ കുടിയൊഴിപ്പിച്ച് പ്രസ്തുതപ്രദേശങ്ങള്‍ ഇസ്രായേലിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടത് നെതന്യാഹുവിന്റെ അടുത്ത അനുയായിയും ലിക്കുഡ് പാര്‍ലമെന്റംഗവുമായ മോശെ ഫെയ്ഗ്‌ലിനാണ്.
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രപ്രഖ്യാപനം അംഗീകരിക്കില്ലെന്ന് നെതന്യാഹുവും ഇസ്രായേലുമായി സമാധാനചര്‍ച്ചകളിലൂടെ രൂപംകൊള്ളേണ്ടതാണ് പ്രത്യേക പലസ്തീന്‍രാഷ്ട്രമെന്ന് അമേരിക്കയും പറയുന്നു. ഇവരുടെ സങ്കല്പത്തിലുള്ള പലസ്തീന്‍ ചിറകരിഞ്ഞ രാജ്യമായിരിക്കും. സ്വതന്ത്ര പലസ്തീന്റെ തലസ്ഥാനമാകേണ്ട കിഴക്കന്‍ ജെറുസലേം വിട്ടുനല്‍കില്ലെന്ന് ഇസ്രായേല്‍ തറപ്പിച്ചുപറയുന്നു. പുതിയ രാഷ്ട്രം പിറവിയെടുത്താലും കരയും കടലും ആകാശവുമൊക്കെ ഇസ്രായേലിന്റെ നിയന്ത്രണത്തിലായിരിക്കും. ഇത്തരമൊരു രാഷ്ട്രം ഹമാസിനുപോയിട്ട് മഹ്മൂദ് അബ്ബാസിനുപോലും സ്വീകാര്യമല്ല.
അതേസമയം, ഇസ്രായേലിന്റെ അധിനിവേശരാഷ്ട്രീയം പണ്ടേപോലെ ഫലിക്കുന്നില്ലെന്ന് നെതന്യാഹുവിനുമാത്രമല്ല, ഒബാമയ്ക്കും ബോധ്യമുണ്ട്. യു.എന്‍. ജനറല്‍ അസംബ്ലി 138 രാജ്യങ്ങളുടെ പിന്തുണയോടെ പലസ്തീനിന് അംഗീകാരം നല്‍കിയത് ഇരുരാജ്യങ്ങളെയും അമ്പരപ്പിച്ചെന്നത് നേര്. ഒമ്പതുരാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. അമേരിക്കയും ഇസ്രായേലും ഒഴിച്ചുനിര്‍ത്തിയാല്‍ പ്രമുഖരൊന്നും എതിര്‍ത്തവരുടെ പട്ടികയിലില്ല. സാധാരണ ഇസ്രായേലിനൊപ്പം നില്‍ക്കാറുള്ള ബ്രിട്ടന്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നാണ് അതൃപ്തി രേഖപ്പെടുത്തിയത്. നെതന്യാഹുവിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ ഇസ്രായേലിനെ അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഹോഗ് കഴിഞ്ഞദിവസവും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. മുന്‍ വിദേശകാര്യമന്ത്രി സിപ്പി ലിവ്‌നിയുടെ ഹത്‌നുവ പാര്‍ട്ടിയാകട്ടെ, ദ്വിരാഷ്ട്ര പരിഹാരത്തിന് അര്‍ഥവത്തായ ചര്‍ച്ചകള്‍ വേണമെന്ന പക്ഷക്കാരാണ്. എന്നാല്‍ , പുതിയ സാഹചര്യത്തില്‍ പലസ്തീനുമായി ചര്‍ച്ചകള്‍ നടന്നാലും വലിയ ഫലമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന നെതന്യാഹുവിന്റെ ഉദ്ദേശ്യം സമാധാനമല്ലെന്ന് ആര്‍ക്കാണറിയാത്തത്. കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് 2011 ഫിബ്രവരിയില്‍ യു.എന്‍.രക്ഷാസമിതിയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം വീറ്റോചെയ്ത അമേരിക്കയുടെ താത്പര്യവും വ്യക്തമാണ്.
സമാധാനചര്‍ച്ചകളേക്കാള്‍ ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കുകയെന്നതാണ് നെതന്യാഹുവിന്റെ അജന്‍ഡയില്‍ മുഴച്ചുനില്‍ക്കുന്നത്. പ്രധാനമന്ത്രിയായിരുന്നപ്പോഴൊക്കെ ഏതെങ്കിലും വിധത്തില്‍ സമാധാനഭംഗം വരുത്തുന്ന നടപടികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 1996-ല്‍ ആദ്യവട്ടം അധികാരത്തിലേറിയപ്പോള്‍ ഓസ്‌ലോ കരാര്‍ ചിവിട്ടിമെതിക്കാന്‍ ശ്രമിച്ചു. ഒപ്പം, ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ വധിക്കാന്‍ മൊസാദ് ചാരന്മാരെ ജോര്‍ദാനിലേക്കയച്ച് വിവാദമുണ്ടാക്കുകയും ഹുസൈന്‍ രാജാവുമായുള്ള നല്ലബന്ധങ്ങള്‍ വഷളാക്കുകയും ചെയ്തു. രണ്ടാമൂഴത്തിലാവട്ടെ, ഹമാസ് നേതാക്കളെ തിരഞ്ഞുപിടിച്ച് വധിക്കുകയും ഗാസയ്‌ക്കെതിരെ നിഷ്ഠുരയുദ്ധം അഴിച്ചുവിടുകയുമുണ്ടായി. ഇറാന്‍ വിഷയത്തില്‍ സൈനികനേതൃത്വവും അമേരിക്കയും സഖ്യരാജ്യങ്ങളും ഏകീകൃത നിലപാടിലെത്താത്തിടത്തോളം നെതന്യാഹുവിന്റെ നീക്കങ്ങള്‍ വിജയംകാണില്ല. ടെഹ്‌റാനെതിരായ ഏതു നീക്കങ്ങളും ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഒബാമയ്ക്ക് അറിയാം. ഇസ്രായേലിന്റെ ഇറാന്‍നയങ്ങളെ അംഗീകരിക്കാത്ത ചക്ക് ഹാഗലാണ് ഒബാമയുടെ പുതിയ പ്രതിരോധസെക്രട്ടറി. ടെഹ്‌റാനുമായി ചര്‍ച്ചവേണമെന്ന പക്ഷക്കാരനാണ് ഹാഗല്‍. മുസ്‌ലിം ബ്രദര്‍ഹുഡ്ഡിന്റെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാറുമായുള്ള ഭാവിബന്ധങ്ങളും ഇസ്രായേലിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രധാന ഘടകമാണ്. ഗാസയിലേക്ക് ജീവകാരുണ്യ ദൂതുമായി പോയ കപ്പലിനെ ആക്രമിച്ച് മേഖലയിലെ സുഹൃത്തായിരുന്ന തുര്‍ക്കിയുടെ വെറുപ്പ് സമ്പാദിച്ച നെതന്യാഹുഭരണകൂടം ക്യാമ്പ് ഡേവിഡ് എന്ന നേര്‍ത്തകരാറിന്റെ മറവിലാണ് ഈജിപ്തുമായി ഒത്തുപോകുന്നത്.
(ഖത്തറിലെ 'ദി പെനിന്‍സുല' പത്രത്തിന്റെ സീനിയര്‍ എഡിറ്ററാണ് ലേഖകന്‍ )
No comments:
Post a Comment