വൈകാരിക വിക്ഷോഭങ്ങള്‍ക്കിടയില്‍
വിസ്മരിക്കപ്പെടുന്ന സത്യങ്ങള്‍
എ.ആര്‍
കുറ്റകൃത്യം ചെയ്യാത്ത വല്ല പുണ്യാത്മാവുമുണ്ടെങ്കില്‍ അയാളെ തിരഞ്ഞുപിടിച്ച് ഭാരതരത്നം സമ്മാനിക്കണം! അത്രക്ക് ദുഷിച്ചുപോയിരിക്കുന്നു സര്‍ക്കാറും സമൂഹവും. സമ്പൂര്‍ണമായി മതേതരവത്കരിക്കപ്പെട്ട, ധര്‍മനിരപേക്ഷമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്ന് തുടങ്ങുന്നു മഹാപാതകം. തലമുറകളെ മാനവിക, നൈതിക, ധാര്‍മിക മൂല്യങ്ങളില്‍നിന്ന് നിശ്ശേഷം മുക്തരാക്കി അവരെ വെറും ഉദരത്തൊഴിലാളികളാക്കി വളര്‍ത്താന്‍ മാത്രമുതകുന്ന വിദ്യാഭ്യാസമാണ് പ്രായപൂര്‍ത്തി പോലുമെത്താത്ത ആണ്‍കുട്ടിയെ ദല്‍ഹിയിലെ ഭീകര ബലാത്സംഗ പ്രതികളില്‍ ഒന്നാമനാക്കിയത്. അതോടൊപ്പം 24 മണിക്കൂറും യുവാക്കളെ ഭ്രാന്തുപിടിപ്പിക്കുന്ന ലൈംഗിക അരാജകത്വം ആഘോഷമാക്കുന്ന മീഡിയയും സിനിമയും. കുടിവെള്ളത്തേക്കാള്‍ സുലഭമായ മദ്യത്തിന്‍െറ പുറത്താണ് സര്‍ക്കാറുകളുടെ ഖജനാവ്. രാജ്യത്തെ ഏറ്റവും സംഘടിത ക്രിമിനല്‍ സംഘമെന്ന അപകീര്‍ത്തി സമ്പാദിച്ച പൊലീസ്. അവര്‍ സ്വയം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതോടൊപ്പം അവിഹിത സമ്മര്‍ദങ്ങള്‍ക്കും കൈക്കൂലിക്കും വഴങ്ങി കൊടുംകുറ്റവാളികളെ വെറുതെ വിടുകയും നിരപരാധികളെ പ്രതിക്കൂട്ടില്‍ കയറ്റുകയും ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയോ? അഞ്ചും പത്തും വര്‍ഷം വിചാരണ നീട്ടുന്ന, ശിക്ഷ വൈകിക്കുന്ന, അഭിഭാഷകരുടെ കള്ളക്കളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ജുഡീഷ്യറിക്ക് കുറ്റകൃത്യങ്ങളില്‍ പങ്കില്ലേ? ന്യായാധിപന്മാരില്‍പോലുമുണ്ട് കള്ളന് കഞ്ഞിവെക്കുന്നവര്‍. സ്ത്രീസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ യുവതികളുടെ അപഥസഞ്ചാരത്തിന് ന്യായീകരണവും പ്രോത്സാഹനവും നല്‍കുന്ന അരാജകത്വവാദികളായ ബുദ്ധിജീവികളും സാഹിത്യകാരന്മാരും കലാകാരന്മാരും തെളിവെള്ളത്തില്‍ മുങ്ങാന്‍ അര്‍ഹരാണോ എന്നതാണ് അടുത്ത ചോദ്യം. എല്ലാറ്റിനും പുറമെ, കൊടും കുറ്റവാളികള്‍ക്ക് നല്‍കപ്പെടുന്ന ശിക്ഷപോലും ലഘുവോ നിസ്സാരമോ ആയതിന്‍െറ പേരില്‍ ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍തന്നെ വീണ്ടും വീണ്ടും പിടിയിലാവുന്ന അവസ്ഥ സര്‍വസാധാരണമാണ്.പാകിസ്താന്‍ നിലവില്‍വന്ന് ഏറെനാള്‍ കഴിയുംമുമ്പാണ് സംഭവം. നവജാത മുസ്ലിം രാഷ്ട്രത്തിന് ഒരു ഭരണഘടന വേണമെന്നും അത് ഇസ്ലാമിക ശരീഅത്തില്‍ അധിഷ്ഠിതമായിരിക്കണമെന്നും മതപണ്ഡിതന്മാരും അവര്‍ നേതൃത്വം നല്‍കുന്ന സംഘടനകളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. അതിനായി പ്രക്ഷോഭരംഗത്തിറങ്ങി. അന്നേരം പഞ്ചാബ് മുഖ്യമന്ത്രിയും മുസ്ലിംലീഗിന്‍െറ മുതിര്‍ന്ന നേതാവുമായിരുന്ന മിയാന്‍ മുംതാസ് ദൗലത്താന പ്രതികരിച്ചതിങ്ങനെ: ഈ ഘട്ടത്തില്‍ പാകിസ്താനില്‍ ഇസ്ലാമിക ശരീഅത്ത് നടപ്പാക്കിയാല്‍ തൊണ്ണൂറു ശതമാനം ആളുകളുടെയും കൈകാണില്ല!
മഹാഭൂരിപക്ഷവും ‘കള്ളന്മാരായ’ ഒരു ജനതയെക്കൊണ്ട് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജിന്നാ സാഹിബും കൂട്ടുകാരും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ തുനിഞ്ഞതിലെ വൈരുധ്യവും പരിഹാസ്യതയും തല്‍ക്കാലം അവഗണിക്കാം. ദൗലത്താന പറഞ്ഞതിലെ പ്രായോഗിക വീക്ഷണമാണ് നമുക്ക് പാഠമാവേണ്ടത്. രാജ്യത്തെ ആകമാനം ഇളക്കിമറിക്കുകയും അഭൂതപൂര്‍വമായ ജനകീയ പ്രക്ഷോഭത്തിന് വഴിമരുന്നിടുകയും ചെയ്ത തലസ്ഥാനനഗരിയിലെ കൂട്ടബലാത്സംഗ ദുരന്തത്തെ തുടര്‍ന്ന് അത്തരം ഘോരകൃത്യങ്ങള്‍ക്ക് ശിക്ഷ അതികഠിനമാക്കണമെന്ന ആവശ്യം നാനാഭാഗത്തുനിന്നും ഉയരുന്നു. വധശിക്ഷയില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടാന്‍ പല മഹിള കൂട്ടായ്മകളും സാമൂഹിക പ്രവര്‍ത്തകരും തയാറല്ല. ശരീഅത്തിലെ ചില കടുത്ത ശിക്ഷാവിധികളുടെ പേരില്‍ ഇസ്ലാമിനെ സ്ഥിരമായി പ്രതിക്കൂട്ടില്‍ കയറ്റുന്ന പല മഹാന്മാരും ദല്‍ഹിയില്‍ നടന്നതുപോലുള്ള അത്യാചാരങ്ങള്‍ക്ക് വിരാമമിടാന്‍ ശരീഅത്തുതന്നെ നടപ്പാക്കണമെന്ന് അഭിപ്രായപ്പെടുന്നു.
മതേതര ബഹുസ്വര ഇന്ത്യയില്‍ ഇസ്ലാമിക ഭരണക്രമത്തെക്കുറിച്ച് മിണ്ടാനേ പാടില്ലെന്നും അതൊക്കെ അവാര്‍ഡായി കിട്ടേണ്ടതാണെന്നും വാദിച്ചുവന്ന കേരളത്തിലെ മുജാഹിദ് നേതൃത്വം മാറിയ സാഹചര്യത്തില്‍ ആവശ്യപ്പെടുന്നതിങ്ങനെ: ലൈംഗികാതിക്രമങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ വാഗ്ദാനം ചെയ്യുന്ന ഇസ്ലാമിക നീതിവ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ ദല്‍ഹി പീഡനത്തില്‍ മാത്രം വധശിക്ഷ ആവശ്യപ്പെടുന്നത് വിചിത്രമാണ്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ ലക്ഷ്യത്തിലെത്താന്‍ ഇസ്ലാമിക നീതിവ്യവസ്ഥക്കനുസൃതമായ ശിക്ഷാവിധികള്‍ രാജ്യത്ത് നടപ്പാക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ ഭരണകൂടങ്ങളും പ്രക്ഷോഭകാരികളും തയാറാവണം!
വധശിക്ഷ വ്യവസ്ഥ ചെയ്തില്ലെങ്കിലും മാനഭംഗക്കേസുകളില്‍ കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്ക് മരുന്ന് നല്‍കി ലൈംഗികശേഷി ഇല്ലാതാക്കല്‍, പരോളില്ലാതെ 30 വര്‍ഷംവരെ നീളുന്ന തടവ് തുടങ്ങിയ ശിക്ഷകള്‍ ഉറപ്പാക്കുന്ന ക്രിമിനല്‍ നിയമഭേദഗതി ബില്ലിന് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി രൂപംനല്‍കിയിരിക്കുകയാണ്. ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് ഷണ്ഡീകരണം എന്ന അതിക്രൂരമായ ശിക്ഷയാണ് പല മഹിള സംഘടനകളും ആവശ്യപ്പെട്ടിരിക്കുന്നത്. വൈകാരികത മുറ്റിനില്‍ക്കുന്ന അന്തരീക്ഷത്തില്‍, ശിക്ഷാനിയമം കര്‍ശനമാക്കുന്ന ബില്‍ പാര്‍ലമെന്‍റില്‍ പാസായെന്നുംവരും. ഇവിടെയാണ് മുംതാസ് ദൗലത്താനയുടെ വാക്കുകള്‍ പ്രസക്തമാവുന്നത്.
പ്രവാചകജീവിതത്തിന്‍െറ 23 വര്‍ഷക്കാലത്തില്‍ ആദ്യത്തെ 13 വര്‍ഷവും അദ്ദേഹം കഴിച്ചുകൂട്ടിയ മക്കയില്‍ ശരീഅത്തിലെ ഒരു ശിക്ഷാവിധിയും കൊണ്ടുവന്നില്ല, അത് പ്രായോഗികവുമായിരുന്നില്ല. പകരം കുറ്റകൃത്യങ്ങള്‍ ജീവിതചര്യയാക്കിയവരെ ആത്മീയമായി സംസ്കരിച്ച് തിന്മകളെക്കുറിച്ച് ബോധവത്കരിച്ചു. ഹിജ്റക്കുശേഷം മദീനയില്‍ താന്‍ കെട്ടിപ്പടുത്ത ഇസ്ലാമിക സ്റ്റേറ്റിലും ആദ്യഘട്ടത്തില്‍ പ്രവാചകന്‍ കര്‍ശന ശിക്ഷാനിയമങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. ലഘുവായ ശിക്ഷകള്‍ ഘട്ടംഘട്ടമായി നടപ്പാക്കുകമാത്രം ചെയ്തു. അതോടൊപ്പം ജനങ്ങള്‍ക്ക് സ്വമേധയാ കുറ്റകൃത്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള ധാര്‍മിക ശിക്ഷണം അങ്ങേയറ്റം ശക്തവും ഫലപ്രദവുമായി നല്‍കി. തെറ്റിലേക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്ന നിമിത്തങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കി. മദ്യത്തെ വൃത്തികേടുകളുടെ മാതാവായി പ്രഖ്യാപിച്ച് ഘട്ടംഘട്ടമായി നിരോധിച്ചു. തൊഴിലെടുത്ത് ജീവിക്കാന്‍ ശേഷിയുള്ളവരെ അതിന് പ്രേരിപ്പിച്ചു. സമ്പന്നര്‍ സമ്പത്തില്‍ നിശ്ചിത വിഹിതം ദരിദ്രര്‍ക്ക് നല്‍കേണ്ടത് നിര്‍ബന്ധമാക്കി. അങ്ങനെ പട്ടിണി മാറ്റി, ലൈംഗിക സദാചാരം ഉറപ്പാക്കാന്‍ വിവാഹം പരമാവധി ലളിതമാക്കി, യജമാനന്മാര്‍ അടിമസ്ത്രീകളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നത് തടഞ്ഞു. ഒന്നിലധികം വിവാഹം ചെയ്തിട്ടെങ്കിലും പുരുഷന്മാര്‍ അവിഹിതബന്ധത്തിന് നിര്‍ബന്ധിതരാവരുതെന്ന് നിഷ്കര്‍ഷിച്ചു. നീതിന്യായ വ്യവസ്ഥ അങ്ങേയറ്റം സുതാര്യവും സുഗമവുമാക്കി. കള്ളസാക്ഷിത്വവും വ്യഭിചാരാരോപണവും കര്‍ശനമായി നിരോധിച്ചു. രാഷ്ട്രത്തലവന്‍പോലും സാധാരണ പൗരനെപ്പോലെ നീതിപീഠത്തില്‍ ഹാജരാവേണ്ടവരാണെന്ന് വിധിച്ചു. തെറ്റുകളും കുറ്റങ്ങളും ചുഴിഞ്ഞന്വേഷിക്കുന്നത് വിലക്കി. അശ്ളീലത്തിന് പ്രചാരം നല്‍കുന്നത് കര്‍ക്കശമായി തടഞ്ഞു. സ്ത്രീ-പുരുഷ സംസര്‍ഗത്തിന് പരിധിയും നിയന്ത്രണവുമേര്‍പ്പെടുത്തി. ഇവ്വിധം കുറ്റകൃത്യങ്ങളുടെ കവാടങ്ങള്‍ ഭദ്രമായി അടച്ചശേഷം ധിക്കാരപൂര്‍വം ലംഘിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷയും ഏര്‍പ്പെടുത്തി.
കുറ്റവാളികള്‍ നന്നാവാനല്ല; സമൂഹത്തിന് അവരില്‍നിന്ന് രക്ഷകിട്ടാന്‍. ഇതിന്‍െറയൊക്കെ ഫലമോ? പ്രവാചക കാലഘട്ടത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരേയൊരു ബലാത്സംഗക്കേസ്! പ്രഭാതനമസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഒരു വനിതയെ ഒരാള്‍ കടന്നുപിടിച്ചു. അവള്‍ നിലവിളിച്ചു. കേട്ടയാള്‍ രക്ഷക്കെത്തി. അക്രമി ഓടിരക്ഷപ്പെട്ടു. ഇര തെറ്റിദ്ധരിച്ചത് രക്ഷകനായി വന്നവനെയാണ്. അയാള്‍ പ്രവാചകന്‍െറ മുന്നില്‍ ഹാജരാക്കപ്പെട്ടു. പള്ളിയില്‍ വിചാരണ നടക്കെ യഥാര്‍ഥ കുറ്റവാളി എഴുന്നേറ്റു പറഞ്ഞു. നിരപരാധിയെ ശിക്ഷിക്കരുത്. ഞാനാണ് കുറ്റവാളി! നമ്മുടെ കാലത്ത് വിശ്വസിക്കാനാവാത്ത പശ്ചാത്താപത്തിന്‍െറ ഉദാത്ത മാതൃക. അയാള്‍ ശിക്ഷക്ക് വിധേയനാവുകയും ചെയ്തു. ഖലീഫ ഉമറിന്‍െറ ഭരണകാലത്ത് മോഷണക്കുറ്റത്തിന് ഒരാള്‍ ഹാജരാക്കപ്പെട്ടു. അയാള്‍ കുറ്റം സമ്മതിച്ചു. എന്തിനീ കുറ്റം ചെയ്തു എന്ന ചോദ്യത്തിന് മോഷ്ടാവിന്‍െറ മറുപടി: ദിവസങ്ങളോളം പട്ടിണി കിടന്നു, ചാവുമെന്നായപ്പോഴാണ് അന്യായക്കാരന്‍െറ തോട്ടത്തില്‍ കയറി കുറച്ച് ഈത്തപ്പഴം പറിച്ചുതിന്നാന്‍ നിര്‍ബന്ധിതനായത്. വരള്‍ച്ചയും ക്ഷാമവും പടര്‍ന്നുപിടിച്ച കാലമായിരുന്നു. ഉമര്‍ പ്രതിയെ വെറുതെ വിട്ടു. കാരണം, അയാളെ കുറ്റകൃത്യം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടായിരുന്നെന്ന് നീതിമാനായ ആ ഭരണാധികാരിക്ക് അറിയാമായിരുന്നു.
ഇവിടെയോ? കുറ്റകൃത്യം ചെയ്യാത്ത വല്ല പുണ്യാത്മാവുമുണ്ടെങ്കില്‍ അയാളെ തിരഞ്ഞുപിടിച്ച് ഭാരതരത്നം സമ്മാനിക്കണം! അത്രക്ക് ദുഷിച്ചുപോയിരിക്കുന്നു സര്‍ക്കാറും സമൂഹവും. സമ്പൂര്‍ണമായി മതേതരവത്കരിക്കപ്പെട്ട, ധര്‍മനിരപേക്ഷമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്ന് തുടങ്ങുന്നു മഹാപാതകം. തലമുറകളെ മാനവിക, നൈതിക, ധാര്‍മിക മൂല്യങ്ങളില്‍നിന്ന് നിശ്ശേഷം മുക്തരാക്കി അവരെ വെറും ഉദരത്തൊഴിലാളികളാക്കി വളര്‍ത്താന്‍ മാത്രമുതകുന്ന വിദ്യാഭ്യാസമാണ് പ്രായപൂര്‍ത്തി പോലുമെത്താത്ത ആണ്‍കുട്ടിയെ ദല്‍ഹിയിലെ ഭീകര ബലാത്സംഗ പ്രതികളില്‍ ഒന്നാമനാക്കിയത്. അതോടൊപ്പം 24 മണിക്കൂറും യുവാക്കളെ ഭ്രാന്തുപിടിപ്പിക്കുന്ന ലൈംഗിക അരാജകത്വം ആഘോഷമാക്കുന്ന മീഡിയയും സിനിമയും. കുടിവെള്ളത്തേക്കാള്‍ സുലഭമായ മദ്യത്തിന്‍െറ പുറത്താണ് സര്‍ക്കാറുകളുടെ ഖജനാവ്. (ദല്‍ഹി ബലാത്സംഗക്കേസിലെ പ്രതികളില്‍ പലരും മദ്യലഹരിയിലായിരുന്നുവെന്നോര്‍ക്കുക). രാജ്യത്തെ ഏറ്റവും സംഘടിത ക്രിമിനല്‍ സംഘമെന്ന അപകീര്‍ത്തി സമ്പാദിച്ച പൊലീസ്. അവര്‍ സ്വയം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതോടൊപ്പം അവിഹിത സമ്മര്‍ദങ്ങള്‍ക്കും കൈക്കൂലിക്കും വഴങ്ങി കൊടുംകുറ്റവാളികളെ വെറുതെ വിടുകയും നിരപരാധികളെ പ്രതിക്കൂട്ടില്‍ കയറ്റുകയും ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയോ? അഞ്ചും പത്തും വര്‍ഷം വിചാരണ നീട്ടുന്ന, ശിക്ഷ വൈകിക്കുന്ന, അഭിഭാഷകരുടെ കള്ളക്കളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ജുഡീഷ്യറിക്ക് കുറ്റകൃത്യങ്ങളില്‍ പങ്കില്ലേ? ന്യായാധിപന്മാരില്‍പോലുമുണ്ട് കള്ളന് കഞ്ഞിവെക്കുന്നവര്‍. സ്ത്രീസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ യുവതികളുടെ അപഥസഞ്ചാരത്തിന് ന്യായീകരണവും പ്രോത്സാഹനവും നല്‍കുന്ന അരാജകത്വവാദികളായ ബുദ്ധിജീവികളും സാഹിത്യകാരന്മാരും കലാകാരന്മാരും തെളിവെള്ളത്തില്‍ മുങ്ങാന്‍ അര്‍ഹരാണോ എന്നതാണ് അടുത്ത ചോദ്യം. എല്ലാറ്റിനും പുറമെ, കൊടും കുറ്റവാളികള്‍ക്ക് നല്‍കപ്പെടുന്ന ശിക്ഷപോലും ലഘുവോ നിസ്സാരമോ ആയതിന്‍െറ പേരില്‍ ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍തന്നെ വീണ്ടും വീണ്ടും പിടിയിലാവുന്ന അവസ്ഥ സര്‍വസാധാരണമാണ്. ഗോവിന്ദച്ചാമി എത്രാമത്തെ തവണ ജയില്‍മോചിതനായപ്പോഴാണ് തീവണ്ടിയില്‍ സൗമ്യയെ പിച്ചിച്ചീന്തിയത്?
ഇതാണ് നിലനില്‍ക്കുന്ന സാഹചര്യമെങ്കില്‍ വൈകാരികത അങ്ങേയറ്റം മൂര്‍ച്ഛിച്ച ഒരു സന്ദിഗ്ധഘട്ടത്തില്‍, ബലാത്സംഗത്തിനും സ്ത്രീപീഡനത്തിനും പരമാവധി ശിക്ഷ നല്‍കാന്‍ സര്‍വരും ഒച്ചവെച്ച് നിയമഭേദഗതി നടപ്പാക്കിയാല്‍തന്നെ സ്ഥിതിഗതികളില്‍ കാതലായ മാറ്റം പ്രതീക്ഷിക്കാന്‍ വയ്യ. നന്നെക്കവിഞ്ഞാല്‍ ഏതാനും പേര്‍ തൂക്കിലേറും, അല്ലെങ്കില്‍ മരണംവരെ ജയിലില്‍ കഴിയും. ജയിലില്‍ അവര്‍ക്ക് മയക്കുമരുന്നു മുതല്‍ സ്ത്രീകള്‍വരെ സര്‍വതും തരപ്പെടുമെന്നതും അനുഭവസത്യം മാത്രം. അതിനാല്‍ , മനുഷ്യസ്നേഹികള്‍ ഒന്നടങ്കം രംഗത്തിറങ്ങേണ്ടത് സമഗ്രവും നൈതികവും ധാര്‍മികവുമായ ഒരഴിച്ചുപണിക്ക് വേണ്ടിയാണ്, തല്‍ക്കാലത്തെ മുട്ടുശാന്തിക്കല്ല.
No comments:
Post a Comment