scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jan 20, 2013

എണ്ണയ്ക്കു തീ പിടിച്ച വഴി




എണ്ണയ്ക്കു തീ പിടിച്ച വഴി


1948 മുതല്‍ 1970 വരെ രാജ്യാന്തര ക്രൂഡ് ഒായില്‍ വിലയില്‍ സ്ഥിരത പ്രകടമായിരുന്നു. എണ്ണയുല്‍പാദക രാജ്യങ്ങളും അമേരിക്കയുമായുള്ള പ്രശ്നങ്ങളും ഗള്‍ഫ് മേഖലയിലെ മറ്റു പ്രശ്നങ്ങളുമെല്ലാം എണ്ണവില ക്രമേണ ഉയര്‍ത്തി. ഉല്‍പാദനവും ആവശ്യവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതും ഇന്ത്യ, ചൈന ബ്രസീല്‍ തുടങ്ങിയ അതിവേഗം വളരുന്ന ശക്തികളുടെ വര്‍ധിച്ച ആവശ്യവും എണ്ണവില പുതിയ ഉയങ്ങളിലെത്തിച്ചു.

1948 മുതല്‍ 1970 വരെ മൂന്നു യുഎസിനെ ചുറ്റിപ്പറ്റിയായിരുന്നു ക്രൂഡ് ഒായില്‍ വില. 1960ല്‍ എണ്ണയുല്‍പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിന്റെ പിറവിയാണ് എണ്ണ വിപണിയിലെ പ്രധാന സംഭവം. അതുവരെ ഗള്‍ഫ് മേഖലയിലെ എണ്ണപ്പാടങ്ങള്‍ നിയന്ത്രിച്ചിരുന്നത് പ്രധാനമായും അമേരിക്കന്‍ കമ്പനികളായിരുന്നു. സംഘടനയുടെ രൂപീകരണ സമയത്ത് ഇറാഖ്, ഇറാന്‍, സൌദി അറേബ്യ, കുവൈത്ത്, വെനസ്വേല എന്നിവയായിരുന്നു അംഗങ്ങള്‍. പിന്നീട് മറ്റനേകം രാജ്യങ്ങളും അംഗങ്ങളായി. പലരും പുറത്താവുകയും ചെയ്തു. 
ചരിത്ര വഴിയിലെ ഒട്ടേറെ സംഭവങ്ങള്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഒായില്‍ വില വര്‍ധനയ്ക്ക് വഴിവച്ചു. 

1, ഇസ്രയേല്‍- അറബ് യുദ്ധം(1973-78)

1973ല്‍ ഈജിപ്ത് സൂയസ് കനാല്‍ വഴിയും സിറിയ ഗോലാന്‍ കുന്നുകള്‍ വഴിയും ഒരേ സമയം ഇസ്രയേലിനെ ആക്രമിച്ചു. പെട്ടെന്നുള്ള ആക്രമണത്തില്‍ പതറിയ ഇസ്രയേല്‍ അമേരിക്കയുടെ സഹായം തേടി. ഇസ്രയേലിന്റെ ആയുധപ്പുരകള്‍ നിറച്ചുകൊടുത്ത് അമേരിക്ക സഹായിച്ചു. എണ്ണ ഉല്‍പാദനവും കയറ്റുമതിയും നിയന്ത്രിച്ചുകൊണ്ടാണ് അറബ് രാജ്യങ്ങള്‍ തിരിച്ചടിച്ചത്. അമേരിക്കയ്ക്കുമേല്‍ അറബ് ഉപരോധവും ഉണ്ടായി. 1972ല്‍ മൂന്ന് യുഎസ് ഡോളറായിരുന്ന ക്രൂഡ് ഒായില്‍ വില 1974 അവസാനത്തോടെ 12 ഡോളറായി. 

2. ഇറാനിലെ വിപ്ളവവും യുദ്ധവും(1979-1980)
1979ല്‍ ഇറാനിലെ വിപ്ളവം എണ്ണവില വീണ്ടും ഉയര്‍ത്തി. ഇറാനിലെ എണ്ണ ഉല്‍പാദനം പ്രതിദിനം 25ദശലക്ഷം ബാരലായി കുറഞ്ഞു. തൊട്ടു പിന്നാലെ 1980 ല്‍ ഇനാനുമേല്‍ ഇറാഖ് യുദ്ധം അടിച്ചേല്‍പിച്ചത് വിപണിക്കു താങ്ങാനായില്ല. എണ്ണയുല്‍പാദനം വീണ്ടും ഇടിഞ്ഞു. 1978ല്‍ രണ്ടു രാജ്യങ്ങളും കൂടി പ്രതിദിനം 65 ലക്ഷം ബാരല്‍ ക്രൂഡ് ഒായില്‍ ഉല്‍പാദിപ്പിച്ചിരുന്നത് 1980ല്‍ പത്തു ലക്ഷം ബാരലായി കുറഞ്ഞു. ഇത് ആഗോള ഉല്‍പാദനത്തില്‍ പത്തു ശതമാനം ഇടിവാണ് ഉണ്ടാക്കിയത്. എണ്ണവില ബാരലിന് 35 യുഎസ് ഡോളറായി. 

3. എണ്‍പതുകളിലെ ഊര്‍ജ ക്ഷാമം
വ്യവസായവല്‍കൃത രാജ്യങ്ങള്‍ എണ്‍പതുകളുടെ ആദ്യം കടുത്ത ഊര്‍ജ പ്രതിസന്ധിയാണ് നേരിട്ടത്. ഇതിനെത്തുടര്‍ന്ന് പല രാജ്യങ്ങളും എണ്ണയുടെ കരുതല്‍ ശേഖരം ഉണ്ടാക്കാന്‍ തുടങ്ങി. സ്വാഭാവികമായും എണ്ണ ഉല്‍പാദനവും കൂടി. ഈ അമിത ഉല്‍പാദനം എണ്ണയുടെ വിലയിടിച്ചു. അമേരിക്ക 1977ല്‍ തങ്ങളുടെ ആവശ്യത്തിന്റെ 46.5% ഇറക്കുമതി ചെയ്തിടത്ത് 1982-83ല്‍ ഇറക്കുമതി 28% ആയി കുറച്ചു. 1980ല്‍ ബാരലിന് 35 ഡോളറിലെത്തിയ അസംസ്കൃത എണ്ണവില ആറു വര്‍ഷം കൊണ്ട് പത്തു ഡോളറിലെത്തി. 

4. ശേഖരമില്ല, ആവശ്യമേറുന്നു
ഗള്‍ഫ് യുദ്ധത്തിനു ശേഷം ശരാശരി 25 യുഎസ് ഡോളറില്‍നു താഴെ  നിന്നിരുന്ന എണ്ണവില രണ്ടായിരത്തിനു ശേഷമാണ് കാര്യമായി ഉയര്‍ന്നത്. ഗള്‍ഫ് മേഖലയിലെ പ്രശ്നങ്ങളും പുതിയ എണ്ണപ്പാടങ്ങള്‍ കാര്യമായി കണ്ടെത്താതുമാണ് പ്രധാന കാരണം. ഒപ്പം കൂടിവരുന്ന ആവശ്യവും ഊഹക്കച്ചവടവും. 2003ല്‍ വില 30 ഡോളര്‍ കടന്നു. 2005 ഒാഗസ്റ്റില്‍ 60ല്‍ എത്തി. 2008 ജൂലൈയില്‍ സര്‍വകാല റിക്കോര്‍ഡായ 147.30 ഡോളര്‍ വില രേഖപ്പെടുത്തി. ഇപ്പോള്‍ മാന്ദ്യത്തിലമര്‍ന്ന വിപണിയുടെ പിന്തുണയില്ലാത്തതിനാലാണെന്നു വിദഗ്ധര്‍ പറയുന്നു, വില 100 ഡോളറില്‍ താഴെ നില്‍ക്കുന്നു. പുതിയ ഉയരങ്ങള്‍ കാണാനുള്ള കാത്തിരിപ്പാണോ ഇതെന്ന ആധിയാണ് ഇപ്പോള്‍ വിപണിക്കുള്ളത്.


Share/Bookmark

No comments: