അറബ് പ്രക്ഷോഭങ്ങളുടെ പ്രചോദനങ്ങള്‍
കെ.ടി മുഹമ്മദ് അശ്‌റഫ്
ഇസ്‌ലാം കടന്നുചെന്നിടത്തൊക്കെ, അവിടെയുള്ള അറിവുകളെ നിഷ്‌കാസനം ചെയ്യുകയല്ല ചെയ്തത്. സംസ്‌കാരങ്ങളിലെയും ചിന്തകളിലെയും ഏകദൈവാംശങ്ങളെ കണ്ടെത്തി കൂടുതല്‍ പ്രശോഭിപ്പിക്കുകയായിരുന്നു അത്. സ്‌പെയിനിലൂടെ യൂറോപ്പില്‍ പ്രവേശിച്ച മുസ്‌ലിംകള്‍ യവന നാഗരികതയേയും ചിന്തകളേയും കൂടുതല്‍ പ്രചോദിപ്പിക്കുകയായിരുന്നു. പൗരാണിക യവന നാഗരികതയിലെ ഗ്രന്ഥങ്ങള്‍ മുഴുവന്‍ അറബിയിലേക്ക് ഭാഷാന്തരം നടത്തി അത് വീണ്ടും ലോകത്തെത്തിച്ചുകൊടുത്തത് മുസ്‌ലിംകളായിരുന്നു. ഇവിടയൊന്നും ഒരു മുസ്‌ലിം ഏകശിലാ സമ്പ്രദായം അടിച്ചേല്‍പിക്കാന്‍ മുസ്‌ലിംകള്‍ ശ്രമിച്ചില്ല. യൂറോപ്പില്‍ നവോത്ഥാനത്തിന് തിരികൊളുത്തിയ, ഇസ്‌ലാമിക മുന്നേറ്റത്തില്‍ ജൂത പണ്ഡിതനായ ഫറാസ്ബ്‌നു സലീം, ക്രിസ്ത്യന്‍ പണ്ഡിതനായ മൈക്കള്‍ സ്‌കോട്ട് എന്നിവരെല്ലാം സജീവ പങ്ക് വഹിച്ചിരുന്നു. ഇവരെല്ലാം മുസ്‌ലിം സര്‍വ്വകലാശാലകളിലെ ആദ്യകാല വിദ്യാര്‍ത്ഥികളും പിന്നീട് അധ്യാപകരുമായിരുന്നു.
പോയ വര്‍ഷം ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് അറബ് വസന്തം. ട്വിറ്റര്‍, ബ്ലോഗുകള്‍, ഇന്റര്‍നെറ്റ്, ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍, നാട്ടുകൂട്ടങ്ങള്‍ എല്ലാം ഈ വിപ്ലവത്തെ വേണ്ടുവോളം ഇഴകീറി പരിശോധിക്കുകയും ചെയ്തു.
ഈജിപ്ത്, ടുനീഷ്യ, ലിബിയ, യമന്‍ , മൊറോക്കോ, തുടങ്ങിയ അറബ് രാജ്യങ്ങളില്‍ സ്വേച്ഛാധിപത്യ ഭരണങ്ങള്‍ക്കെതിരെ കത്തിപ്പടര്‍ന്ന പ്രക്ഷോഭങ്ങളും ഞൊടിയിടയിലുണ്ടായ മര്‍ദ്ദക ഭരണാധികാരികളുടെ നിഷ്‌കാസനങ്ങളും അതിശയോക്തിയോടെയാണ് ജനങ്ങള്‍ നോക്കിക്കണ്ടത്.
അനീതിക്കും അതിക്രമങ്ങള്‍ക്കുമെതിരെ ലോകമൊന്നാകെ പടര്‍ന്നുപിടിച്ച പ്രതിഷേധാഗ്നിയുടെ നാമ്പുകളായിരുന്നു പുരാതന നാഗരികതയെ താലോലിച്ചു വളര്‍ത്തിയ, നൈലിന്റെ നാട്ടിലും കൈറോ ചത്വരത്തിലും നിന്നുയര്‍ന്നു പൊങ്ങിയത്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ മുതല്‍ ഇതിന്റെ അലയൊലികള്‍ ഫ്രാന്‍സിലും ചൈനയിലും ഇന്ത്യയില്‍ വരെയും നാം കണ്ടു.
ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെയും തുനീഷ്യയില്‍ ബിന്‍ അലിയേയും ലിബിയയില്‍ മുഅമ്മര്‍ ഖദ്ദാഫിയെയും ദിവസങ്ങള്‍ക്കുള്ളിലാണ് പ്രക്ഷോഭകാരികള്‍ നിലംപരിശാക്കിയത്. ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലെല്ലാം പല സാമൂഹിക ഘടകങ്ങളുണ്ടായിരുന്നുവെങ്കിലും ഇവയുടെ ആന്തരികശക്തി ഇസ്‌ലാമിന്റെ വിപ്ലവമുദ്രകളാണെന്ന് മനസ്സിലാക്കാനാവും.
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് നംറൂദിനെതിരെ പടനയിച്ച ഇബ്രാഹിം നബിക്കും ഫറോവാ ചക്രവര്‍ത്തിക്കെതിരെ ഈജിപ്തില്‍ വിപ്ലവാഹ്വാനമുയര്‍ത്തിയ മൂസാനബിക്കും ആന്തരികപ്രചോദനമായി ഇസ്‌ലാം വര്‍ത്തിച്ചു. ഈ ഇസ്‌ലാം തന്നെയാണ് 21ാം നൂറ്റാണ്ടിലെ അഭിനവ നംറൂദുമാര്‍ക്കും ഫറോവമാര്‍ക്കുമെതിരെ വിപ്ലവ വസന്തങ്ങള്‍ വിരിയിക്കാന്‍ കരുത്തേകിയതെന്ന് ഇവിടെ നാം കാണുന്നു.
പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു, മുഹമ്മദ് നബിയിലൂടെ ഒരു സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥ തന്നെ മാനവരാശിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ വൈയക്തികവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ എല്ലാ കാര്യങ്ങളും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.
നമ്മുടെ പള്ളി ദര്‍സുകളില്‍, നൂറ്റാണ്ടുകളായി ഓതിക്കൊണ്ടിരിക്കുന്ന കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ , ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തെ, ഇബാദാത്ത് (ആരാധന), മുഅമലാത്ത് (ഇടപാടുകള്‍ ), മുനാകഹാത്ത് (വൈവാഹിക കാര്യങ്ങള്‍ ), ജിനായാത്ത് (കുറ്റകൃത്യങ്ങള്‍ ) എന്നിങ്ങനെ തരംതിരിച്ചതായി കാണാം. അഥവാ മനുഷ്യനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഴുവന്‍ ഇസ്‌ലാമിന് വ്യക്തമായ നിയമനിര്‍ദ്ദേശങ്ങളുണ്ടെന്ന് ഇവ തെളിയിക്കുന്നു.
ഡിസംബര്‍ 22ന് ഈജിപ്തില്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി നടത്തിയ ഹിതപരിശോധനയിലും രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ ഇസ്‌ലാമിനെ തങ്ങളുടെ ജീവിതവ്യവസ്ഥയായി നിലനിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാമിക ശരീഅത്തെന്ന് പറയുമ്പോഴേക്ക് അഫ്ഗാനിസ്ഥാനിലെ ഗോത്ര മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചില കാടന്‍ നിയമങ്ങള്‍ , വീണ്ടും ആധുനിക ലോകത്തേക്ക് കടന്നുവരുന്നുവെന്ന രീതിയിലുള്ള തെറ്റായ പ്രചരണങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ഇത്തരം ഭരണത്തില്‍ ഇസ്‌ലാമേതര ന്യൂനപക്ഷ സമൂഹങ്ങള്‍ സുരക്ഷിതരായിരിക്കുമോ എന്ന ആശങ്ക മലയാളത്തിലെ പത്രമുത്തശ്ശിമാരടക്കം നിരീക്ഷണം നടത്തിക്കഴിഞ്ഞു.
ഇസ്‌ലാം കടന്നുചെന്നിടത്തൊക്കെ, അവിടെയുള്ള അറിവുകളെ നിഷ്‌കാസനം ചെയ്യുകയല്ല ചെയ്തത്. സംസ്‌കാരങ്ങളിലെയും ചിന്തകളിലെയും ഏകദൈവാംശങ്ങളെ കണ്ടെത്തി കൂടുതല്‍ പ്രശോഭിപ്പിക്കുകയായിരുന്നു അത്. സ്‌പെയിനിലൂടെ യൂറോപ്പില്‍ പ്രവേശിച്ച മുസ്‌ലിംകള്‍ യവന നാഗരികതയേയും ചിന്തകളേയും കൂടുതല്‍ പ്രചോദിപ്പിക്കുകയായിരുന്നു. പൗരാണിക യവന നാഗരികതയിലെ ഗ്രന്ഥങ്ങള്‍ മുഴുവന്‍ അറബിയിലേക്ക് ഭാഷാന്തരം നടത്തി അത് വീണ്ടും ലോകത്തെത്തിച്ചുകൊടുത്തത് മുസ്‌ലിംകളായിരുന്നു. ഇവിടയൊന്നും ഒരു മുസ്‌ലിം ഏകശിലാ സമ്പ്രദായം അടിച്ചേല്‍പിക്കാന്‍ മുസ്‌ലിംകള്‍ ശ്രമിച്ചില്ല. യൂറോപ്പില്‍ നവോത്ഥാനത്തിന് തിരികൊളുത്തിയ, ഇസ്‌ലാമിക മുന്നേറ്റത്തില്‍ ജൂത പണ്ഡിതനായ ഫറാസ്ബ്‌നു സലീം, ക്രിസ്ത്യന്‍ പണ്ഡിതനായ മൈക്കള്‍ സ്‌കോട്ട് എന്നിവരെല്ലാം സജീവ പങ്ക് വഹിച്ചിരുന്നു. ഇവരെല്ലാം മുസ്‌ലിം സര്‍വ്വകലാശാലകളിലെ ആദ്യകാല വിദ്യാര്‍ത്ഥികളും പിന്നീട് അധ്യാപകരുമായിരുന്നു.
ലോകം മുഴുവന്‍ ഇസ്‌ലാം പടര്‍ന്നു പന്തലിച്ചു. ഇസ്‌ലാമിക നിയമങ്ങള്‍ രാജ്യങ്ങളുടെ നിയമമായി മാറി. പക്ഷെ 1200ഓളം വര്‍ഷങ്ങള്‍ ലോകത്തിന്റെ നെറുകയില്‍ വാണ ഇസ്‌ലാമിന് ചില പിന്‍മാറ്റങ്ങള്‍ നടത്തേണ്ടി വന്നു. മുസ്‌ലിം സ്‌പെയിനില്‍നിന്നു ഇസ്‌ലാമിന്റെ നിഷ്‌കാസനം, യവന തത്വചിന്തയുടെ കടന്നുകയറ്റം, താര്‍ത്താരികളുടെ ആക്രമണം, കുരിശുയുദ്ധങ്ങള്‍ , സാമ്രാജ്യത്വ അധിനിവേശങ്ങള്‍ , തുര്‍ക്കി ഖിലാഫത്തിന്റെ തകര്‍ച്ച – ഇവയെല്ലാം മുസ്‌ലിംകളെ ഇസ്‌ലാമിന്റെ ചതുര്‍കോണ ഫ്രെയിം വര്‍ക്കില്‍ നിന്ന് ഉള്‍വലിയാന്‍ നിര്‍ബന്ധിതമാക്കി. അത് വൈയക്തിക പദ്ധതികളായി രൂപമാറ്റം ചെയ്യപ്പെട്ടു. ഈ കാലഘട്ടത്തില്‍ രൂപമെടുത്ത ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും ചിന്തകളും അതിന്റെ രാഷ്ട്രീയ സാമൂഹിക വശത്തെ അവഗണിച്ചു.
മുസ്‌ലിംകളെ വിദ്യാഭ്യാസപരമായും ബുദ്ധിപരമായും തകര്‍ക്കാന്‍ ഇവിടേക്ക് കടന്നുവന്ന സാമ്രാജ്യത്വ ഭരണാധികാരികള്‍ ശ്രമിച്ചു. അതിനവര്‍ സിയോണിസത്തേയും ഓറിയന്റിലിസത്തേയും ഉപയോഗിച്ചു. ഇസ്‌ലാമിക ലോകത്ത് ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും പൂര്‍വഗാമികളുടെയും ചിന്ത അടിസ്ഥാനമാക്കിതന്നെ നടക്കേണ്ട ഇജ്തിഹാദ് അഥവാ ഗവേഷണ സപര്യ തമസ്‌കരിക്കപ്പെട്ടു. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന് ധൈഷണിക അടിത്തറയൊരുക്കിയ അലി ശരീഅത്തി പറഞ്ഞതുപോലെ ഖുര്‍ആനിനെ രാഷ്ട്രീയത്തിലും നയതന്ത്രതലത്തിലും രാഷ്ട്ര ഭരണത്തിലും ഉപയോഗിക്കുന്നതിന് പകരം പള്ളിക്കാട്ടിലേക്കും പള്ളി അലമാരകളിലേക്കും മാത്രമുള്ളതായി ചുരുക്കി.
എന്നാല്‍ പില്‍ക്കാലത്ത് പല പരിഷ്‌കര്‍ത്താക്കളും ഇസ്‌ലാമിന്റെ അജയ്യത ലോകത്തോട് വിളിച്ചുപറഞ്ഞു. 1979ലെ ഇറാനിലെ ഇസ്‌ലാമിക വിപ്ലവം, ഇപ്പോഴത്തെ ഇസ്‌ലാമിക ലോകത്തെ ഉയര്‍ച്ച, റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള ആധുനിക മുസ്‌ലിം തുര്‍ക്കിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, ഈജിപ്ത്, ലിബിയ, മൊറോക്കോ, തുനീഷ്യ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളിലെ അധികാര ഗതിമാറ്റം, ഇവയെല്ലാം മുസ്‌ലിം ലോകത്തെ നവോത്ഥാനത്തിന്റെ നാമ്പുകളായാണ് കാണേണ്ടത്. ഒരു സ്വതന്ത്രമായ തെരഞ്ഞെടുപ്പ് മുസ്‌ലിം രാജ്യങ്ങളില്‍ നടക്കുകയാണെങ്കില്‍ ഇസ്‌ലാമിനെ തന്നെയാണ് അവരുടെ ജീവിത പദ്ധതിയായി തെരഞ്ഞെടുക്കുക. അതുതന്നെയാണ് ഇസ്‌ലാമിന്റെ അജയ്യതയും.
No comments:
Post a Comment