scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Feb 6, 2013

ആ മനുഷ്യഹൃദയം ഉറങ്ങിയില്ല

ഇ.വി. അബ്ദു

മനുഷ്യനായ പ്രവാചകനാണ് മുഹമ്മദ് നബി. ദൈവത്തിന്റെ അടിമയായ ദൈവദൂതന്‍ . തനി മനുഷ്യനെന്ന നിലയില്‍ ആ വ്യക്തിത്വത്തെ പഠിക്കുമ്പോള്‍ നാം കാണുന്നത് പരിപൂര്‍ണത പ്രാപിച്ച ഒരു മനുഷ്യനെയാണ്. ഈ മാനവികമായ പൂര്‍ണതയോടു മാത്രമേ ചേരുകയുള്ളൂ പ്രവാചകത്വം എന്ന ദിവ്യദാനം. ഇതാണു ഖുര്‍ആന്‍ പറയുന്നത്: 'തന്റെ സന്ദേശം എവിടെ വെക്കണമെന്ന് അല്ലാഹുവിനറിയാം'. വിണ്ണിലെ നക്ഷത്രത്തിന്റെ പ്രകാശവും മണ്ണിലെ നറുമണമുള്ള പൂവിന്റെ ലാവണ്യവും ഒത്തുചേരുമ്പോള്‍ ഒരു യുഗപ്പിറവി നടക്കുന്നു; യുഗങ്ങളുടെ മാതൃകയായ ഒരു യുഗം, എക്കാലത്തെയും മനുഷ്യ കാമന പൂവണിയുന്ന വസന്തം!

പ്രവാചകത്വം എന്ന പദവി മുഹമ്മദ് എന്ന മനുഷ്യനെ മനുഷ്യരായ നമ്മില്‍ നിന്നകറ്റി ആകാശത്ത് നിര്‍ത്തുന്നതല്ല. മനുഷ്യരോട് എറ്റവുമധികം സംവദിക്കാന്‍ ഒരു മനുഷ്യനെ അല്ലാഹു തെരഞ്ഞെടുക്കുകയാണ്. മാനവികതയുടെ ദിവ്യമതത്തെ ഭൂമിയില്‍ വേരുറപ്പിക്കാനുള്ള ഉത്തരവാദിത്വമാണ് പ്രവാചകനിയോഗം. മനുഷ്യഹൃദയത്തിലൂടെയല്ലാതെ അല്ലാഹുവിലേക്ക് വഴിയില്ല ആര്‍ക്കും.


നബി തന്റെ വിചാരവികാരങ്ങള്‍ പ്രകാശിപ്പിച്ച വാക്കുകള്‍കൊണ്ടും മനുഷ്യരോടും മനുഷ്യപ്രശ്നങ്ങളോടും സ്വീകരിച്ച നിലപാടുകള്‍കൊണ്ടും ശോഭയാര്‍ന്നുനില്‍ക്കുന്ന മാനുഷിക പരിവേഷത്തിലൂടെ ആ വ്യക്തിത്വം അറിയുമ്പോള്‍ അതിനോട് വൈകാരികമായി താദാത്മ്യം പ്രാപിക്കാനുള്ള ഒരു ദാഹം നമുക്കുളവാകുന്നു. മാനുഷികതയാണല്ലോ നബി മറ്റുള്ളവരുമായി പങ്കിടുന്നത്. അതാണല്ലോ നബിയെ നമ്മില്‍ ഒരുവനാക്കുന്നത്. ഈ ഗാഢമായ വൈകാരിക ബന്ധം നമ്മെ കൂടുതല്‍ നന്നാക്കും.

മനുഷ്യത്വത്തോട് നമുക്ക് അളവറ്റ ആദരവുണ്ടാക്കുകയും ചെയ്യും. ചെറുപ്പത്തില്‍ അനുഭവിച്ച കൊടിയ ദുഃഖങ്ങളും കഷ്ടപ്പാടുകളും സാധാരണ മനുഷ്യരില്‍ അസൂയയും പകയും വിദ്വേഷവും നിറക്കുന്നു. പലരും മനുഷ്യദ്രോഹികളായി മാറുന്നു. ബുദ്ധിമാന്മാരായ ചില സൂത്രശാലികള്‍ സാമൂഹിക സിദ്ധാന്തങ്ങള്‍ ചമക്കുകയും അതു പകവീട്ടുംപോലെ നടപ്പാക്കി ആശ്വസിക്കുകയും ചെയ്യുന്നു. ഇത്തരം അശുദ്ധ തലങ്ങളില്‍നിന്ന് വളം വലിച്ചു വളരുന്ന സിദ്ധാന്തങ്ങള്‍ക്ക് കാരുണ്യത്തിന്റയും മനുഷ്യസ്നേഹത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും നിറവും മണവുമുണ്ടാകില്ല. സിദ്ധാന്തങ്ങള്‍ വാചാലമാകുന്ന ഇടങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ, അവയുടെ മൌനങ്ങള്‍ എവിടെയെല്ലാം എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മൌനത്തിന്റെ ഇരുട്ടുമുറികളില്‍ വന്യജന്തുക്കള്‍ വളരുന്നുണ്ടോ എന്ന് പരിശോധിച്ചേ പറ്റൂ!

അത്യഗാധമായ ദുഃഖങ്ങള്‍ കാരുണ്യത്തിന്റെ അനന്തമായ ഉറവകളായിമാറുമോ? ഈ വിസ്മയമാണ് മുഹമ്മദ് നബിയുടെ ജീവിതത്തില്‍ നാം കാണുന്നത്. കാരുണ്യത്തിന്റെ രണ്ടു പ്രവാചകന്മാര്‍ക്ക് അനാഥത്വം വിധിച്ചതില്‍ വല്ല രഹസ്യവുമുണ്ടോ? അന്ത്യപ്രവാചകനായ മുഹമ്മദ് നബിയും തൊട്ടുമുമ്പു വന്ന യേശുവും..... യേശുവിന്പിതാവേ ഇല്ല എന്നാണ് വിവരം അറീച്ചത്! യേശു ആകാശത്തിലുള്ള പിതാവേഎന്നു വിളിച്ചു. അനാഥനായി ഭൂമിയില്‍ കണ്ണുതുറന്ന മുഹമ്മദിന് പിതാവിനെ വിളിക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല. മുഹമ്മദ് 'യാ റബ്ബുല്‍ ആലമീന്‍ ' (സര്‍വലോക രക്ഷിതാവേ) എന്നു വിളിച്ചു.

ഒരിക്കല്‍ ഉമ്മ ആമിന ആറു വയസ്സുള്ള മകനെയും ഒരു വേലക്കാരിയെയും കൂട്ടി ഭര്‍ത്താവ് അബ്ദുല്ലയുടെ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ മദീനയിലേക്ക് പോയി. മടക്കത്തില്‍ ആമിനക്ക് കഠിനമായ പനി ബാധിച്ചു. ഇരുപത്തിരണ്ട് വയസ്സ് മാത്രമുള്ള ആ യുവതി അനന്ത മായ മരുഭൂമിയുടെ മാറില്‍ കിടന്ന് കൊച്ചുമകന്റെ കണ്ണില്‍ നോക്കിക്കൊണ്ട് അന്ത്യശ്വാസം വലിച്ചു. ആ കുട്ടിയുടെ ഹൃദയം പൊട്ടുന്ന കരച്ചില്‍ മണല്‍ക്കുന്നും വടക്കന്‍ കാറ്റും മാത്രം കേട്ടു! ഉമ്മയുടെ ശരീരം ആ കുഞ്ഞും വേലക്കാരിയും കൂടി പൊള്ളുന്ന മണലില്‍ കണ്ണുനീരില്‍ നനച്ചു മറവുചെയ്തു. അപ്പോള്‍ അനാഥത്വത്തിന്മേല്‍ ഒരനാഥത്വം കൂടി ഏറ്റുവാങ്ങുകയായിരുന്നു! (ദുഃഖിക്കാനൊന്നുമില്ലാത്ത അത്രയും വിജയിച്ചുകഴിഞ്ഞ അറുപതാം വയസ്സിലും പ്രവാചകന്‍ ഈ ഖബ്റിങ്കല്‍ ഇരുന്നു ഏറെനേരം കരഞ്ഞു). പിന്നെയുള്ള രക്ഷിതാവായ പിതാമഹനും രണ്ടു കൊല്ലമായപ്പോള്‍ ഇഹലോകം വെടിഞ്ഞു. മൂന്നാമതും അനാഥത്വം! ഈ വേദനകളിലൂടെ മുഹമ്മദ് മനുഷ്യനെ എല്ലാ
ആഴത്തിലും തൊട്ടറിഞ്ഞു. ഇവിടെവെളിച്ചം ദുഃഖമല്ല, ദുഃഖം വെളിച്ചമായിമാറുന്നു! അനന്തമായ നീലാകാശത്തിന്റെ താഴെ കണ്ണെത്താത്ത മരുഭൂമിയില്‍ ഒരു തണലുമില്ലാതെ ചൂടും വെളിച്ചവും തട്ടി പൂര്‍ണ സ്വതന്ത്രനായി മുഹമ്മദ് വളര്‍ന്നു. ദുരാചാരങ്ങളില്‍നിന്നകലെ, കുലദൈവങ്ങളില്‍നിന്നകലെമുഹമ്മദ് ജീവിച്ചു. മാനവിതകയുടെ വെളിച്ചത്തില്‍ തന്റെ അസ്തിത്വം കണ്ടെത്താനും പൂര്‍ണതയെ എത്തിപ്പിടിക്കാനുമുള്ള കണിശമായ പരിശ്രമമായിരുന്നു ആ ജീവിതം. സ്വാര്‍ഥതയും വഞ്ചനയും കാപട്യവും ഇല്ലാത്ത ഒരു മനുഷ്യന്‍. മനുഷ്യത്വത്തിന്റെ ആ മായാത്ത മന്ദസ്മിതം മരുഭൂമിയിലെ പനിനീര്‍പൂ പോലെ മനോഹരമായ ഒരു വിസ്മയമായിരുന്നു. മക്കയിലെ നിവാസികള്‍ മുഹമ്മദിനെഅല്‍അമീന്‍ (വിശ്വസ്തനായ മനുഷ്യന്‍ ) എന്നു വിളിച്ചു. സാധിക്കുമെങ്കില്‍ ഒരുപ്രവാചകനാകാന്‍ ഇന്നു തയാറാണ് എല്ലാവരും! എല്ലാ അര്‍ഥത്തിലും വിശ്വസ്തനായ ഒരു മനുഷ്യനാകാന്‍ തയാറില്ല ആരും! മനുഷ്യന്‍ സ്വയം വഞ്ചനയില്‍ വീണിരിക്കുന്നു. 'മൂക്ക് ആകാശത്തും മൂട് വെള്ളത്തിലു'മെന്ന അറബിമൊഴി ഈ ലോകത്തിന്റെ ചിത്രം കാണിക്കുന്നു.

ഖദീജയുടെ ഭക്ഷണപ്പാതിയുമായി പര്‍വതത്തിലേക്ക് പോയ മുഹമ്മദ് കണ്ണില്‍ പുതിയൊരു പ്രഭാതത്തിന്റെ പ്രകാശവും ചുണ്ടില്‍ അല്ലാഹുവിന്റെ ശബ്ദവുമായി, പ്രവാചകനായി പര്‍വതത്തില്‍നിന്നിറങ്ങിവന്നു. അതോടെ ഹൃദയത്തില്‍ മുമ്പേ വളര്‍ത്തി യെടുത്ത മാനവിക വീക്ഷണവും മൂല്യബോധവും കൂടുതല്‍ കരുത്താര്‍ജിക്കുകയും വിശ്വവിമോചനത്തിന്റെ സന്ദേശമായി വികസിക്കുകയും ചെയ്തു. മരുഭൂമിയുടെ മര്‍മങ്ങളില്‍ പ്രവാചകന്‍ കാലൂന്നി നടന്നപ്പോള്‍ ഭൂമിക്ക് കോരിത്തരിപ്പും കോളിളക്കവും അനുഭവപ്പെട്ടു. ഭൂമി അതിന്റെ ജീര്‍ണിച്ച പുറംതോടുകള്‍ ഊരിമാറ്റുകയായിരുന്നു. പ്രവാചകന്‍ തന്റെ ത്യാഗങ്ങള്‍ക്ക് ആരോടും വില ചോദിച്ചില്ല. ഒരവകാശവാദവും ഉന്നയിച്ചില്ല. 'ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യനാണ്. എനിക്കു ദിവ്യബോധനം നല്‍കപ്പെടുന്നു, ബോധനം നല്‍കപ്പെടുന്നു എന്നതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നല്ലാതെ ആ ബലത്തില്‍ മനുഷ്യന്റെ തലയില്‍ കയറി ഇരുന്നില്ല. കൃത്യവും ശക്തവുമായ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മനുഷ്യഹൃദയങ്ങളിലേക്ക് കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, സമത്വത്തിന്റെ, നീതിയുടെ സന്ദേശം പകര്‍ന്നുകൊടുത്തു.

നബി ജനങ്ങള്‍ക്കു കാണിച്ചുകൊടുത്ത അല്ലാഹു കരുണാമയനാണ്. കാരുണ്യമാണ് അല്ലാഹുവില്‍ മികച്ചുനില്‍ക്കുന്ന ഗുണം. നബി പറയുന്നു: "കാരുണ്യത്തെ അല്ലാഹു നൂറായിപ്പകുത്തു. തൊണ്ണൂറ്റൊമ്പത് ഓഹരിയും അല്ലാഹു തനിക്കായെടുത്തു. ഒരോഹരി ഭൂമിയിലിറക്കി. ആ ഒരോഹരികൊണ്ട് സൃഷ്ടികളായ സൃഷ്ടികളെല്ലാം കാരുണ്യം കാണിക്കുന്നു. എത്രത്താളമെന്നാല്‍ ഒരു മൃഗം അതിന്റെ കുഞ്ഞിന്റെ ദേഹത്ത് കുളമ്പു തട്ടുമെന്നു കണ്ടാല്‍ അതു പൊക്കിപ്പിടിച്ചുകൊണ്ടേ നില്‍ക്കുന്നു.'' ഒരോഹരി കൊണ്ടു ഇത്രയും കാരുണ്യം സൃഷ്ടികള്‍ കാണിക്കുന്നുവെങ്കില്‍ തൊണ്ണൂറ്റൊമ്പതും സ്വന്തമാക്കിയ അല്ലാഹുവിന്റെ കാരുണ്യത്തിന് അതിരുകളില്ല. അല്ലാഹുവിന് മനുഷ്യരോടുള്ള കരുണയെപ്പറ്റി നബി പറയുന്നു: "ഓരോ ദിനത്തിലും സൂര്യനുദിക്കുമ്പോള്‍ ആകാശം അല്ലാഹുവിനോട് പറയുന്നു: നാഥാ, സമ്മതം തരൂ, ഞാന്‍ മനുഷ്യന്റെ മേല്‍ പൊളിഞ്ഞുവീഴാം. അവന്‍ നിന്റെ അനുഗ്രഹങ്ങള്‍ തിന്നുകയും നന്ദികേട് കാണിക്കുകയും ചെയ്യുന്നു. ഭൂമി പറയുന്നു: നാഥാ, സമ്മതം തരൂ, ഞാന്‍ മനുഷ്യനെ വിഴുങ്ങിക്കളയാം. അവന്‍ നിന്റെ അനുഗ്രഹങ്ങള്‍ തിന്നുകയും നന്ദികേട് കാണിക്കുകയും ചെയ്യുന്നു. പര്‍വതങ്ങള്‍ പറയുന്നു: നാഥാ, സമ്മതം തരൂ, ഞാന്‍ മനുഷ്യന്റ മേല്‍ അമര്‍ന്നുകൊള്ളാം. അവന്‍ നിന്റെ അനുഗ്രഹങ്ങള്‍ തിന്നുകയും നന്ദികേട് കാണിക്കുകയും ചെയ്യുന്നു. എല്ലാവരോടുമായി അല്ലാഹു പറയുന്നു: നിങ്ങളാണവനെ സൃഷ്ടിച്ചതെങ്കില്‍ നിങ്ങളവനോട് കരുണ കാണിച്ചേനെ. എന്നെയും എന്റെ ദാസന്മാരെയും നിങ്ങള്‍ വെറുതെവിടൂ!''

കാരുണ്യം അതിന്റെ പച്ചക്കൊടി കാണിക്കാതെ ആരാധനകളെപ്പോലും മുമ്പോട്ടു നീങ്ങാന്‍ നബി അനുവദിച്ചില്ല. നബിക്ക് ഏറെ ആനന്ദം പകര്‍ന്നിരുന്ന നമസ്കാരം, പിന്നില്‍നിന്ന് ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു. ഒരു നോമ്പുകാലത്തെ യാത്രയില്‍ സഹയാത്രികര്‍ക്ക് വിഷമമുണ്ടെന്നു മനസ്സിലായ പ്രവാചകന്‍ വെള്ളപ്പാത്രം ഉയര്‍ത്തിക്കാണിക്കുകയും അതില്‍നിന്ന് വെള്ളം കുടിക്കുകയും ചെയ്തു. എന്നിട്ടും ചിലര്‍ നോമ്പു മുറിച്ചില്ലെന്നറിഞ്ഞപ്പോള്‍ നബി പറഞ്ഞു: "അവര്‍ കുറ്റവാളികളാകുന്നു. കാരണം അവര്‍ ആരാധന പീഡനമാക്കി മാറ്റി.'' നബി അനുയായികളെ തങ്ങളോടു തന്നെ കാരുണ്യം കാണിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. കാരുണ്യം ആരാധനക്ക് വഴിമാറുമ്പോള്‍ ആരാധന ആത്മപീഡനമായി മാറും. ഒരാള്‍ക്ക്ത ന്നോടുതന്നെ കാരുണ്യമില്ലെങ്കില്‍ മനുഷ്യര്‍ക്ക് കാരുണ്യം ആവശ്യമുണ്ടെന്ന് അയാള്‍ക്ക് മനസ്സിലാവില്ല. മനുഷ്യരോടും ജീവികളോടും കാരുണ്യം കാണിക്കുന്നതിന്റെ മഹത്വം വാക്കിന്റെയും പ്രവൃത്തിയുടെയും എല്ലാ ശക്തിയും കൊണ്ട് പ്രവാചകന്‍ ഹൃദയങ്ങളില്‍ ഉറപ്പിച്ചു. നബി പറഞ്ഞ അനേകം കാരുണ്യത്തിന്റെ കൊച്ചുകൊച്ചു കഥകള്‍ പ്രസിദ്ധങ്ങളാണല്ലോ. " ഭൂമിയിലുള്ളവരോട്കരുണ കാണിക്കൂ. ആകാശത്തിലുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും''. "അല്ലാഹു കനിവുള്ളവനാകുന്നു. എല്ലാ കാര്യത്തിലും കനിവിനെ അവന്‍ ഇഷ്ടപ്പെടുന്നു.'' ഈ വാക്കുകളുടെ അര്‍ഥം പ്രവാചകന്റെ ജീവിതചലനങ്ങളിലൂടെ ജനങ്ങള്‍ കണ്ടു പഠിച്ചതാണ്. 

വിശ്വാസിയുടെ ഓരോ കര്‍മവും തുടങ്ങേണ്ടത് പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിലാവണമെന്ന് പ്രവാചകന്‍ പറയുമ്പാള്‍ മനുഷ്യജീവിതം പരിപാവനവും കാരുണ്യത്തില്‍ പടുത്തുയര്‍ത്തപ്പെട്ടതുമാകണമെന്നാണ് വിവക്ഷിക്കുന്നത്. കാരുണ്യത്തിന്റെ അടിസ്ഥാനമില്ലെങ്കില്‍ സ്നേഹം സ്വാര്‍ഥമായും സമത്വം താണ തട്ടില്‍ പെട്ടുപോയവനു മാത്രം പ്രിയപ്പെട്ടതായും നീതി മനുഷ്യനിന്ദയുടെ സമമായ വിതരണമായും അധഃപതിക്കും, തീര്‍ച്ച.

ഓരോ വിപ്ളവവും പ്രതിവിപ്ളവത്തിന്റെ ബീജങ്ങള്‍ പേറുന്നു. കാരുണ്യത്തിന്റെ കുളിരുറ്റ വിരലുകള്‍ക്കല്ലാതെ അതിനെ നിര്‍വീര്യമാക്കാനാവില്ല. പ്രവാചകന്റെ പിതൃവ്യന്റെ കരളെടുത്ത് കടിച്ചവര്‍ക്ക് മക്കാവിജയത്തെത്തുടര്‍ന്നു മാപ്പു കൊടുക്കുകയും സ്വതന്ത്രരായി നടക്കാനനുവദിക്കുകയും ചെയ്തു. പ്രവാചകനെ കൊല്ലാനും കുടുംബത്തെ തകര്‍ക്കാനും ഗൂഢാലോചന നടത്തിയ കപടവിശ്വാസികളെ ഒന്നും ചെയ്തില്ല. 'മുഹമ്മദ് തന്റെ കീഴിലുള്ളവരെ കൊല്ലുന്നു എന്നു ജനങ്ങള്‍ പറയുന്നതിനെ ഞാന്‍ ഭയപ്പെടുന്നു' എന്നാണ് പ്രവാചകന്‍ പറഞ്ഞത്. അത്യഗാധമായ ക്ളേശങ്ങള്‍ സഹിച്ചു വളര്‍ത്തിയെടുത്ത മാനുഷിക മഹത്വത്തിന്റെ പ്രതിഛായ തകര്‍ന്നാല്‍ പ്രവാചകനിയോഗം തന്നെ നിഷ്ഫലമാകും എന്നതില്‍ പ്രവാചകന്  സംശയമുണ്ടായിരുന്നില്ല. കാരുണ്യത്തിന് അജയ്യമായ ശക്തിയുണ്ട്. അത് ദുര്‍ബലന്റെ കണ്ണീര്‍ത്തുള്ളികളല്ല. ക്രൂരതക്കെതിരായി പടവെട്ടേണ്ടത് മറ്റൊരു ക്രൂരതയല്ല, കാരുണ്യത്തിന്റെ കൈകളാകുന്നു.

ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ മനുഷ്യരെയെല്ലാം പ്രവാചകന്‍ ഗാഢമായി സ്നേഹിച്ചു. 'നമ്മുടെ സഹോദരങ്ങളെ കാണാന്‍ എനിക്കാശയാകുന്നു' - പ്രവാചകന്‍ പറഞ്ഞു. 'ഞങ്ങള്‍ അങ്ങയുടെ സഹോദരങ്ങളല്ലേ?'- അനുയായികള്‍ ചോദിച്ചു. 'നിങ്ങള്‍ എന്റെ കൂട്ടുകാരാകുന്നു. നമ്മുടെ സഹോദരങ്ങള്‍ ഇനിയും വന്നിട്ടില്ല.' തലമുറകളിലേക്ക് അനന്തമായിനീളുന്നു ആ മനുഷ്യസ്നേഹം.

ഒരിക്കല്‍ ഒരു സ്ത്രീ അടുത്തുവന്നപ്പോള്‍ പ്രവാചകന്‍ തന്റെ കുപ്പായം വിരിച്ചു കൊടുത്ത് അതില്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അവര്‍ പോയപ്പോള്‍ അതാരാണെന്നു അനുയായികള്‍ ചോദിച്ചു. 'ഖദീജയുള്ള കാലത്ത് അവര്‍ ഞങ്ങളുടെ അടുത്തു വരുമായിരുന്നു'- നബി പറഞ്ഞു. പരിചയപ്പെട്ടമനുഷ്യരെ മാത്രമല്ല, നിര്‍ജീവ വസ്തു ക്കളെപ്പോലും നബി സ്നേഹിച്ചു: 'ഈ ഉഹുദ് പര്‍വതത്തെ നാം സ്നേഹിക്കുന്നു. അത് നമ്മെയും സ്നേഹിക്കുന്നു.' മാനുഷികഭാവങ്ങള്‍ നിറഞ്ഞ ഒരു ഹൃദയത്തെയാണ് നാമീ വാക്കുകളില്‍ കാണുന്നത്. ചെന്നായ്ക്കള്‍ ഓരിയിടുന്ന ആ മരുഭൂമിയുടെ ഹൃദയം ഈ വിശുദ്ധമായ സ്നേഹത്തിന്റെ തെളിനീരു കൊണ്ടല്ലാതെ പൂവണിയുകയില്ല.
ഞാന്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കണമെന്നല്ല പ്രവാചകന്‍ പറഞ്ഞുകൊണ്ടിരുന്നത്. നിങ്ങളും ഭാവി തലമുറകളും ഈ മരുഭൂമിയും നീല മലകളും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ ആ ഹൃദയം സ്ഥലകാലങ്ങളെ അതിവര്‍ത്തിക്കുകയും മനുഷ്യഹൃദയങ്ങളില്‍ തുടിക്കുകയും ചെയ്യും. നമസ്കാരത്തിന്റെ ശേഷം പ്രവാചകന്‍ ചൊല്ലിയിരുന്ന പ്രാര്‍ഥനയില്‍ ഒരു വചനമുണ്ട്: 'എന്റെ നാഥാ, സര്‍വ ചരാ ചരങ്ങളുടെയും നാഥാ, മനുഷ്യരെല്ലാം സഹോദരങ്ങളാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.' ഇത് സ്വാതന്ത്യ്രദിനത്തിലെ പ്രസംഗമല്ല. ഏകാന്തമായ ദിവ്യാനുഭവത്തിന്റെ മുഹൂര്‍ത്തത്തില്‍ ഏറ്റുപറഞ്ഞതാണ്! ഇവിടെ മനുഷ്യസാഹോദര്യവും സ്നേഹവും ആത്മീയതയില്‍ വേരുറച്ചുനില്‍ക്കുന്നു.

ഒരു ജൂതന്റെ ശവമഞ്ചം വരുന്നതു കണ്ടപ്പോള്‍ പ്രവാചകന്‍ ആദരവോടെ എഴുന്നേറ്റുനിന്നു! കൂട്ടുകാരില്‍ ഒരാള്‍ ചോദിച്ചു: 'അതൊരു ജൂതന്റെ ശവമല്ലേ?' പ്രവാചകന്‍ പറഞ്ഞു: 'അതൊരു മനുഷ്യന്റയാണല്ലോ.' നാം ഏതിനെയാണാദരിക്കേണ്ടത്? ഈ ചോദ്യത്തെയോ ഉത്തരത്തെയോ? നമുക്കു വേണ്ടത് ചോദിച്ച മനസ്സോ ഉത്തരം പറഞ്ഞ മനസ്സോ? 
ആദരണീയമായ മനുഷ്യമുഖത്ത്  മുറിവേല്‍പിക്കരുത് എന്ന് ഭടന്മാര്‍ക്ക് പ്രവാചകന്‍ കണിശമായ നിര്‍ദേശം നല്‍കി. ഈ നിര്‍ദേശത്തിലടങ്ങിയ ആദരവിനും കനിവിനുമാണ് ആറ്റംബൊംബുകളുടെയും ചാവേര്‍പ്പടകളുടെയും ഈ യുഗത്തിലെ മനുഷ്യന്‍ ദാഹിക്കുന്നത്. 

മഹാരാജാക്കന്മാര്‍ക്ക് ജനമര്‍ദനങ്ങളവസാനിപ്പിക്കാന്‍ താക്കീതുകള്‍ നിറഞ്ഞ കത്തുകളെഴുതിയ ശക്തനായ ആ ഭരണകര്‍ത്താവിനോട് ഒരു കാട്ടറബി ചോദിക്കുന്നു: 'മുഹമ്മദേ, ഈ ധനം നിന്റെ ബാപ്പാന്റേതോ അതോ അല്ലാഹുന്റതോ?' പൊതുസ്വത്തില്‍നിന്നു തനിക്കു തൃപ്തി വരുവോളം കിട്ടിയില്ല എന്നതാണ് കാരണം. ഈ പരുക്കന്‍ തട്ടിക്കറ്റം സഹിക്കാഞ്ഞ് ചിലര്‍ വാളൂരി. നബി പറഞ്ഞു: 'അയാളെ വെറുതെ വിടൂ. അവകാശിക്കു ചിലതു പറയാനും അവകാശമുണ്ട്.' ഈ നിലപാടിനോട് ഇന്ന് ആര്‍ക്കും വലിയ മതിപ്പില്ല. പ്രവാചകന്‍ തുടച്ചുനീക്കിയ ആ ഗോത്രമൂല്യങ്ങളുടെ കണ്ണിലൂടെയാണ് ഇന്ന് കാര്യങ്ങള്‍ കാണുന്നത്! താഴ്ചയെയും ഉയര്‍ച്ചയെയും കുറിച്ച മനുഷ്യരുടെ മാനദണ്ഡങ്ങള്‍ മാനുഷികമോ ധര്‍മനിഷ്ഠമോ അല്ലാതായിപ്പോയി. യഥാര്‍ഥമായ മോചനം ലഭിച്ച ജനങ്ങളും അവരുടെ ഭരണകര്‍ത്താവും തമ്മില്‍ ഇവ്വിധം ഒരു മറയുമില്ലാതെ പരിപൂര്‍ണ സമത്വം പ്രാപിച്ചിരിക്കും.

ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു തുറന്ന സമൂഹമാണ് പ്രവാചകന്‍ സ്ഥാപിച്ചത്. ഒരു യാത്രയില്‍ ഭക്ഷണം പാകം ചെയ്യേണ്ടിവന്നപ്പോള്‍ ഓരോരുത്തരും ഓരോ ജോലി ഏറ്റു. പ്രവാചകന്‍ പറഞ്ഞു: 'ഞാന്‍ വിറക് ഒടിച്ചുകൊണ്ടുവരാം.' കൂട്ടുകാര്‍ പറഞ്ഞു: 'അതൊക്കെ ഞങ്ങള്‍ തന്നെ ചെയ്യും.' പ്രവാചകന്‍ പറഞ്ഞു: 'എനിക്കറിയാം നിങ്ങള്‍ ചെയ്യുമെന്ന്. പക്ഷേ, നിങ്ങളില്‍നിന്ന് വ്യത്യസ്തനായിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.' സദസ്സുകളില്‍ ഒഴിവുള്ള സ്ഥലത്ത് ചെന്ന് പ്രവാചകന്‍ ഇരിക്കുമായിരുന്നു. പേര്‍ഷ്യയിലെ ജനങ്ങള്‍ അവരുടെ നേതാക്കളെ ആദരിക്കുന്നപോലെ എഴുന്നേറ്റുനിന്ന് തന്നെ ആദരിക്കരുതെന്ന് പ്രവാചകന്‍ ജനങ്ങളെ ഉപദേശിച്ചു. ഞാന്‍ നിങ്ങള്‍ക്ക് തുല്യനാണെന്ന് പ്രവാചകന്‍ തന്റെ ജീവിതത്തിന്റെ ഓരോ ചലനങ്ങളിലൂടെയും വെളിപ്പെടുത്തുമ്പോള്‍ എല്ലാവരും എല്ലാവര്‍ക്കും തുല്യരാണെന്ന് സാര്‍വത്രികമായി തെളിയിക്കപ്പെടുന്നു. ഇതാണ് സമത്വം. ഇതാണ് സ്വാതന്ത്യ്രം. ഇതാണ് അല്ലാഹുവിന്റെ ഭരണം. ഇന്ന് വിമോചന പ്രസ്ഥാനങ്ങള്‍ അര്‍ധ അടിമകളായ ജനങ്ങളോട് പറയുന്നു: നിങ്ങള്‍ ഞങ്ങളുടെ പൂര്‍ണ അടിമകളാകൂ. അതാണ് നിങ്ങളുടെ മോചനം!

ഒരിക്കല്‍ പ്രസംഗപീഠത്തില്‍ കയറി പ്രവാചകന്‍ പറഞ്ഞു: "ഞാന്‍ ആരുടെയെങ്കിലും ധനം അപഹരിച്ചിട്ടുണ്ടങ്കില്‍ ഇതാ എന്റെ ധനത്തില്‍നിന്ന് എടുത്തുകൊള്ളൂ. ഞാന്‍ ആരുടെയെങ്കിലും മുതുകത്ത് പ്രഹരിച്ചിട്ടുണ്ടെങ്കില്‍ ഇതാ എന്റെ മുതുകത്ത് പ്രഹരിക്കൂ.'' മനുഷ്യര്‍ക്കുവേണ്ടി ഉരുകുന്ന ഒരു മഹാത്മാവിനല്ലാതെ ഇങ്ങനെപറയാന്‍ കഴിയില്ല. 'എന്റെ കണ്ണുകള്‍ ഉറങ്ങുന്നു. എന്റെ ഹൃദയം ഉറങ്ങുന്നില്ല.' ഇത് സാമൂഹിക ജീവിതത്തിലെ വിശുദ്ധി  എന്താണെന്ന് ലോകത്തെ പഠിപ്പിക്കുകയാണ്. തനിക്കെതിരായ ആയുധം ജനങ്ങളുടെ കൈയില്‍ കൊടുക്കുന്നവന്‍ മാത്രമേ മനുഷ്യസ്നേഹിയായ, സ്വാര്‍ഥമില്ലാത്ത ജനനായകനാകൂ. 'എന്നോട് ആരും ആരെപ്പറ്റിയും ഒന്നും പറയരുത്. ഞാന്‍ തുറന്ന മനസ്സുകൊണ്ട് മനുഷ്യരെ സമീപിക്കട്ടെ' എന്ന പ്രവാചകന്റെ പ്രഖ്യാപനം ചുറ്റും ഗൂഢ സംഘങ്ങള്‍ (കോക്കസ്) ജനിക്കരുതെന്ന് വിചാരിക്കുന്ന എല്ലാ അധികാരികളും നടത്തേണ്ടതുണ്ട്. പ്രവാചകന്‍ നിരോധിച്ച ചാരവൃത്തിയിലാണു ഇന്നു നായകന്മാര്‍ ഉറങ്ങുന്നത്. പ്രവാചകന്റെ വിശ്വമാനവികതയെ എല്ലാവര്‍ക്കും മാതൃകയാക്കാം. പ്രവാചകന്‍ ആരുടേതുമല്ല. ലോകത്തിന്റെ അനുഗ്രഹമാണ്. ഇതൊരു സമുദ്രമാണ്. ഏറ്റവും അടുത്തവര്‍ക്ക് മുത്തുകള്‍ നല്‍കും. അകന്നവര്‍ക്ക് മഴമേഘങ്ങള്‍ നല്‍കും. 

പാപങ്ങളില്‍ വീണുപോയ മനുഷ്യരെ ശപിക്കുകയും പാതാളത്തിലേക്കാഴ്ത്തുകയും ചെയ്തില്ല പ്രവാചകന്‍. ഹൃദയങ്ങളില്‍ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വളര്‍ത്തി മനുഷ്യരെ എടുത്തുയര്‍ത്തി. ഒരാള്‍ പാപം ചെയ്യുകയും പാപമോചനത്തിന് പ്രാര്‍ഥിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു പറയും: "എന്റെ ദാസന്‍ തനിക്കു പൊറുത്തുകൊടുക്കുന്ന നാഥനുണ്ടെന്ന് അറിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഞാന്‍ അവനു പൊറുത്തുകൊടുത്തിരിക്കുന്നു.'' 

നബി പറഞ്ഞുതന്ന അല്ലാഹു മനുഷ്യന്റ സംരക്ഷകനായ, കനിവുള്ള കൂട്ടുകാരനാണ്. ഭീതിയുടെ പ്രതീകമല്ല. നബിയുടെ വാക്കിലൂടെ അല്ലാഹു പറയുന്നു: "ഒരാള്‍ ഒരു ചാണ്‍ എന്നിലേക്കടുക്കുമ്പോള്‍ ഞാന്‍ ഒരു മുഴം അവനിലേക്കടുക്കും..... ഒരാള്‍ എന്നിലേക്ക് നടന്നടുക്കുമ്പോള്‍ അവനിലേക്കു ഞാന്‍ ഓടിയടുക്കും.'' ഏറ്റവും ഒടുവില്‍ പ്രവാചകന്‍ ഉയരേ നോക്കിക്കൊണ്ടു പറഞ്ഞു: 'അത്യുന്നതനായ കൂട്ടുകാരനിലേക്ക്....' ആ കണ്ണുകള്‍ മെല്ലെയടഞ്ഞു. ആത്മാവ്ശരീരത്തില്‍നിന്നുയര്‍ന്നു. പുഷ്പത്തില്‍ നിന്നുയരുന്ന സുഗന്ധം പോലെ.

courtesy - പ്രബോധനം മുഹമ്മദ് നബി വിശേഷാല്‍പതിപ്പ്

Share/Bookmark

No comments: