നിയമനിര്‍മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യം
ഇന്ത്യയിലെ പല പ്രധാന സംസ്ഥാനങ്ങളിലെയും നിയമസഭകളില്‍ മുസ്‌ലിം പ്രാതിനിധ്യമില്ലെന്നും ചിലേടങ്ങളില്‍ നാമമാത്ര പ്രാതിനിധ്യം മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട്, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സംവരണം ഏര്‍പ്പെടുത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് കഴിഞ്ഞദിവസം ലോക്‌സഭയുടെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട 14 സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭയില്‍ ഒരേയൊരു മുസ്‌ലിം എം.പിയാണുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്‍റെ സാമൂഹിക,സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിരല്‍ചൂണ്ടിയ അതേ വസ്തുത തന്നെയാണ് മുലായംസിങ്ങിന്‍റെ പ്രസ്താവനയിലും കാണാനാവുക. ദേശീയ ജീവിതത്തിന്‍റെ നാനാതുറകളില്‍ അതീവ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ശാക്തീകരണവും തദ്വാര വികസനവും ഉറപ്പുവരുത്തണമെങ്കില്‍ നിയമനിര്‍മാണവേദികളില്‍ അവക്ക് അര്‍ഹമായ പങ്ക് ലഭിച്ചേ തീരൂ.
പക്ഷേ, സ്വാതന്ത്ര്യം ലഭിച്ചിട്ട് ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി അര്‍ഹിക്കുന്നതിന്‍റെ പകുതി പോലുമില്ല. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളുടെ നിയമസഭകളില്‍ മുസ്‌ലിം പ്രാതിനിധ്യം പേരിനുപോലും ഇല്ല. ദല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നാമമാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. മുസ്‌ലിം ജനസംഖ്യ ഗണ്യമായുള്ള അസം, പശ്ചിമബംഗാള്‍, യു.പി, ബിഹാര്‍,
ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും അവരുടെ നിയമസഭാ പ്രാതിനിധ്യം അര്‍ഹിക്കുന്നതിനേക്കാള്‍ കുറവോ വളരെ കുറവോ ആണ്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംഘ്പരിവാര്‍ ഒഴികെ രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഈ കക്ഷികള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ,അണ്ടിയോടടുത്താല്‍ അറിയാം മാങ്ങയുടെ പുളി എന്ന് പറഞ്ഞപോലെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ അറിഞ്ഞു മതേതര പാര്‍ട്ടികളുടെ ന്യൂനപക്ഷ പ്രേമം.
പശ്ചിമബംഗാളില്‍ ഇത്തവണ ഭരണകുത്തക നഷ്ടപ്പെടുമെന്ന ഭീതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതല്‍ മുസ്‌ലിം പേരുകള്‍ സ്ഥലം പിടിച്ചിട്ടുണ്ട്. അതിനെ നേരിടാന്‍ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു.
കേരളത്തിലും ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്‌ലിം പ്രാതിനിധ്യം അവഗണിക്കപ്പെട്ടിട്ടില്ല.അതേസമയം യു.ഡി.എഫിലെ ഒന്നാംപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നപ്പോള്‍ മുതിര്‍ന്ന മുസ്‌ലിം നേതാക്കളെയും യുവാക്കളെയും ഒരുപോലെ തഴഞ്ഞു എന്ന മുറവിളി ശക്തമാണ്. പാര്‍ട്ടി വക്താവ് എം.എം. ഹസന്‍ മുതല്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ് വരെ വെട്ടിനിരത്തപ്പെട്ടു എന്നാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും ഉയരുന്ന പ്രതിഷേധം. ചിലേടങ്ങളില്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഈ അവഗണനക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
നായര്‍ സമുദായവും ക്രിസ്ത്യന്‍ സമൂഹവും കോണ്‍ഗ്രസ് പട്ടികയില്‍ അര്‍ഹിക്കുന്നതിലധികം നേടിയെടുത്തപ്പോള്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹിക്കുന്നതിന്‍റെ പകുതിപോലും ലഭിച്ചില്ലെന്നാണ് പരാതി. പട്ടികയില്‍ ഇടംപിടിച്ച മുസ്‌ലിം കോണ്‍ഗ്രസുകാരില്‍തന്നെ മുക്കാലേമുണ്ടാണിയും തോല്‍വി സുനിശ്ചിതമായ മണ്ഡലങ്ങളിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുസ്‌ലിം ലീഗ് യു.ഡി.എഫിലുള്ള സ്ഥിതിക്ക് ഇത്രയേ പ്രായോഗികമാവൂ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുള്ള മറുപടി. എന്നാല്‍, പിന്നെ മുസ്‌ലിം കോണ്‍ഗ്രസുകാരൊക്കെ പാര്‍ട്ടി വിട്ട് ലീഗില്‍ ചേക്കേറുകയാണോ വേണ്ടത് എന്നാണ് രോഷാകുലരുടെ ചോദ്യം. കേരള കോണ്‍ഗ്രസ് പട്ടികയില്‍ മുഴുക്കെ ക്രിസ്ത്യാനികള്‍ നിറഞ്ഞിട്ടും അവരോടെന്തുകൊണ്ട് കോണ്‍ഗ്രസിന് വ്യത്യസ്തമായ സമീപനം എന്നുമവര്‍ ചോദിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയം അറിയുന്നവര്‍ക്ക് ഇതിലൊന്നും അദ്ഭുതമില്ല. മഹാനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇ. മൊയ്തു മൗലവി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സി.കെ. ഗോവിന്ദന്‍നായരോട് തോറ്റുതൊപ്പിയിട്ടതാണല്ലോ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പാരമ്പര്യം.
മതേതരത്വത്തെക്കുറിച്ച ഹിമാലയന്‍ അവകാശവാദങ്ങള്‍ക്കൊരു കുറവും ഇല്ലെങ്കിലും ജാതി-സമുദായ സമവാക്യങ്ങള്‍ തന്നെയാണ് ഇന്നും മതേതര പാര്‍ട്ടികളെ നിയന്ത്രിക്കുന്ന ശക്തമായ ഘടകം. ലിംഗസമത്വത്തെ പറ്റിയുള്ള പ്രഘോഷങ്ങളെ പരിഹസിച്ചുകൊണ്ട് സ്ഥാനാര്‍ഥി പട്ടികയിലെ പരമദയനീയമായ സ്ത്രീ പ്രാതിനിധ്യം അനാവരണം ചെയ്യുന്ന വൈരുധ്യം പോലെത്തന്നെ. യു.ഡി.എഫിന്‍റെ 140 അംഗ സ്ഥാനാര്‍ഥി പട്ടികയില്‍ വെറും അഞ്ച് ശതമാനമാണ് സോണിയഗാന്ധിയുടെ വര്‍ഗത്തിന്; ഇടതുപട്ടികയില്‍ 10 ശതമാനവും. പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണത്തിനായി മാനംമുട്ടെ ഒച്ചവെച്ച് തൊണ്ടയടച്ചവരുടെ നഗ്‌നമായ കാപട്യത്തിന് ഇതില്‍പരം സാക്ഷ്യം വേണോ?
യാഥാസ്ഥിതിക മതപണ്ഡിത കൂട്ടായ്മകളാവുന്ന അമ്മിയുടെ ചുവട്ടില്‍ വാല്‍ കുടുങ്ങിപോയ മതേതര മുസ്‌ലിംലീഗിന്‍റെ 24 അംഗ പട്ടികയില്‍, കണേ്ണറിന്‌പോലും ഒരു നൂര്‍ബീനയോ മറിയുമ്മയോ കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി ലിസ്റ്റും നൂറുശതമാനം സ്ത്രീ മുക്തമാണെന്നഭിമാനിക്കാം. അതിനാല്‍ കാര്യം വ്യക്തവും സംശയാതീതവുമാണ്. സംവരണം നിയമം മൂലം കൊണ്ടുവന്നാല്‍ മാത്രമേ സ്ത്രീകള്‍ക്കായാലും മുസ്‌ലിം ന്യൂനപക്ഷത്തിനായാലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കൂ. അധികാരം നാളിതുവരെ കൈയടക്കിവെച്ചിരിക്കുന്ന പുരുഷന്മാരാകട്ടെ, മുന്നാക്ക സമുദായങ്ങളാകട്ടെ നിയമം മൂലം നിര്‍ബന്ധിക്കപ്പെട്ടാലല്ലാതെ വിട്ടുവീഴ്ചയും വിശാലമനസ്‌കതയും കാണിക്കുന്ന പ്രശ്‌നമില്ല. പട്ടികജാതി-പട്ടികവര്‍ഗ സംവരണം അനിശ്ചിതമായി നീണ്ടുപോവുന്നതിന്‍റെന്‍റെ കാരണവും ഇതുതന്നെ. 33 ശതമാനം സ്ത്രീ സംവരണം വ്യവസ്ഥ ചെയ്യുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അതിനുള്ളില്‍ പ്രത്യേക ക്വോട്ട വേണ്ട ആവശ്യത്തിന്‍റെ പ്രസക്തി ഇനിയാര്‍ക്കും ചോദ്യം ചെയ്യാനുമാവില്ല.
No comments:
Post a Comment