ചങ്ങനാശ്ശേരിയില്‍ ബസിറങ്ങുമ്പോള്‍ സമയം പതിനൊന്നു കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍പനക്കിടെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പോയത്. ലോട്ടറി നിരോധത്തിനുശേഷം അധികമായങ്ങനെ ടൗണിലേക്ക് വരാറില്ലെന്ന് മനസ്സിലായതോടെ കിളിരൂരിലെ തൃക്കൊടിത്താനത്തുള്ള വീട്ടിലേക്കുതന്നെ തിരിക്കാമെന്ന് വെച്ചു.
''പത്രത്തീന്നാവൂംല്ലേ?''
വഴി ചോദിച്ചവരൊക്കെ ഏറെ പരിചിതനോടെന്നപോലെ തിരക്കി. ശരിയാണ്, അല്ലാതെ ആര് വരാനാണ് ഇവിടേക്ക്? ചങ്ങനാശ്ശേരിയിലെ ഒരു ലോട്ടറിവില്‍പനക്കാരനായ ഈ സാധാരണ മനുഷ്യന്റെ വീട്ടിലേക്ക് വരാന്‍ ആര്‍ക്കാണ് താല്‍പര്യം? ശബരിഗിരി സുരേന്ദ്രകുമാറെന്ന ഈ അമ്പത്തിയഞ്ചുകാരനെ ഇനി ആര്‍ക്കാണ് വേണ്ടത്?
ചാനലുകളിലെ റേറ്റിങ് കൂട്ടാനുള്ള എക്‌സ്‌ക്ലൂസിവ് വാര്‍ത്തകള്‍ക്കും പത്രങ്ങള്‍ക്ക് സെന്‍സേഷന്‍ സ്‌റ്റോറികള്‍ക്ക് നിറംപിടിപ്പിക്കാനും ഈ മനുഷ്യന്‍ അവിഭാജ്യഘടകമായിരുന്നു.
പക്ഷേ, ആറുവര്‍ഷം ആറു നൂറ്റാണ്ടുപോലെ കടന്നുപോയ ഈ കുടുംബം അനുഭവിച്ച വേദനകള്‍ മലയാളിയുടെ സമൂഹ മനഃസാക്ഷിയെ തെല്ലും അലോസരപ്പെടുത്തിയിട്ടില്ലെന്നതാ ണ് സത്യം.
2003ലെ 'മിസ് കോട്ടയം' കീരിടം ശാരി എസ്. നായര്‍ എന്ന ആ നിഷ്‌കളങ്കയായ പെണ്‍കുട്ടിയുടെ ശിരസ്സില്‍ ചൂടിക്കുന്നതോടെ തുടങ്ങുന്നു ഈ കൊച്ചു വീടിന്റെ ദുരന്തകഥ.
കാപട്യങ്ങള്‍, പുഞ്ചിരിക്കുന്ന സൗഹൃദങ്ങളായി ആ വീട്ടിലേക്ക് കടന്നുവന്നു. മകളെപ്പോലെ സംരക്ഷിക്കാനേല്‍പിച്ചവള്‍ ഇവളെ വില്‍പനച്ചരക്കാക്കുമെന്ന് ചിന്തിക്കാനുള്ള ലോകപരിചയം ഈ അച്ഛനും അമ്മക്കും ഇല്ലാതെപോയി. അമ്മയുടെ ചേടത്തിക്കൊപ്പമായിരുന്നു കുട്ടിക്കാലമൊക്കെയും ശാരി വളര്‍ന്നത്. അമ്മിഞ്ഞ നുകര്‍ന്നില്ലെങ്കിലും അമ്മയുടെ താരാട്ടുപാട്ടും സ്‌നേഹവും പകര്‍ന്നുനല്‍കിയ വളര്‍ത്തമ്മതന്നെ ഈ കുട്ടിയുടെ അന്തകയായി. കണ്ണഞ്ചിപ്പിക്കുന്ന മോഹവലയങ്ങള്‍ക്കൊപ്പം തീര്‍ത്ത മരണക്കുഴിയിലേക്കാണ് സ്വന്തം മകളെയിവര്‍ നയിക്കുന്നതെന്നറിയാതെ രക്തബന്ധങ്ങളുടെ വിശ്വാസ്യതയില്‍ സ്വപ്‌നങ്ങള്‍ നെയ്ത് കാത്തിരുന്നു.
നടന്നുനീങ്ങിയ ഇടവഴികള്‍ക്കപ്പുറം ശാരിയുടെ വീട്ടിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോള്‍ ഏത് ചാനലില്‍നിന്നാണെന്ന് ഏതോ കുടുംബശ്രീയുടെ യോഗം കഴിഞ്ഞ് കൂട്ടത്തോടെ മടങ്ങുന്ന സ്ത്രീകള്‍. വീണ്ടും വഴിചോദിച്ച് ഉറപ്പുവരുത്തി. ടാറിട്ട വീതികുറഞ്ഞ റോഡിന്റെ അറ്റത്തെ ഇടവഴിക്കപ്പുറം ഒരു നീണ്ട താടിരൂപം കൈവീശി കാണിച്ചു. വീട്ടിലേക്കുള്ള വഴിയൊക്കെ പുല്ലുമൂടി മറഞ്ഞിരിക്കുന്നു. ആരും വരാനും പോകാനുമില്ലാത്ത നിശ്ശബ്ദമായ വഴികളിലൂടെയായി പിന്നത്തെ നടപ്പ്്. മിനിറ്റുകള്‍ക്കുള്ളില്‍ ചെറിയ വാര്‍ക്കവീടിനു മുന്നിലെത്തി. വീടിന്റെ പിന്നാമ്പുറത്തൂടെ നീണ്ടൊഴുകുന്ന റെയില്‍പാത. ഇടക്കിടെ ഇവിടത്തെ നിശ്ശബ്ദത ഭേദിക്കുന്നത് ഈ പാളങ്ങള്‍ മാത്രമാണ്.
കാര്യമായിട്ടൊന്നും പുറത്തേക്കിറങ്ങാറില്ല. ലോട്ടറിവില്‍പനയായിരുന്നു ഉള്ള ജോലി. തല്‍ക്കാലം അതുമില്ല-തോളിലെ തോര്‍ത്തുമുണ്ടെടുത്ത് കസേരയിലെ പൊടിതട്ടി, നീട്ടിവളര്‍ത്തിയ താടിതടവി കസേര അരികിലേക്ക് അടുപ്പിച്ചിട്ട് അയാള്‍ പറഞ്ഞു.
സ്വീകരണമുറിയിലെ മേല്‍ച്ചുവരില്‍ചാരിയ ഫോട്ടോയിലെ നിഷ്‌കളങ്കമായ പുഞ്ചിരി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞുതുടങ്ങി: എന്റെ മകള്‍ക്കിപ്പോള്‍ 23 വയസ്സാകുമായിരുന്നു. ഇടറിയ വാക്കുകള്‍ക്കിടയില്‍ മുറിഞ്ഞ സംഭാഷണം നിര്‍ത്തി സുരേന്ദ്രന്‍ പഴയ വാര്‍ത്താകട്ടിങ്ങുകള്‍ കാണിച്ചുതന്നു. പത്രക്കാരോട് പറഞ്ഞുപറഞ്ഞ് മടുത്തിരിക്കുന്നു. വേദനനിറഞ്ഞ മനസ്സില്‍ രോഷം ജ്വലിക്കുന്ന കണ്ണുകളോടെ തന്റെ നിസ്സഹായത അദ്ദേഹം തുറന്നു പറഞ്ഞു.
സര്‍ക്കാര്‍ഭാഷയില്‍ പറഞ്ഞാല്‍, ഇദ്ദേഹമിന്ന് പെന്‍ഷന്‍കാശ് വാങ്ങി വീട്ടിലിരുന്ന് വിശ്രമജീവിതം നയിക്കേണ്ടയാളാണ്. പക്ഷേ, അവഹേളനങ്ങളാലും കൊടിയ വഞ്ചനകളാലും ശപിക്കപ്പെട്ട ഈ അച്ഛന്‍ ഹൃദയം വെന്തുരുകുന്ന വേദനകളുമായി നീതിക്കുവേണ്ടിയുള്ള അലച്ചിലിലാണ്.
'കിളിരൂര്‍ പെണ്‍വാണിഭ കഥ' നമ്മുടെ പത്രങ്ങള്‍ വെണ്ടക്ക നിരത്തി ആഘോഷിച്ചു. ചാനലുകള്‍ മത്സരിച്ച് പ്രകമ്പനംകൊള്ളിച്ചു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയുമൊക്കെ വലിയ വലിയ പ്രസ്താവനകള്‍. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഇടതുപക്ഷം ഭരണത്തിലെത്തിയാല്‍ പെണ്‍വാണിഭക്കാരെ കൈയാമംവെക്കുമെന്ന് പ്രസ്താവിച്ച അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കസേരയിലേറി സ്ഥാനമുറപ്പിച്ചതോടെ തന്റെ പ്രസ്താവന വെള്ളംതൊടാതെ വിഴുങ്ങി.
അതേ, പ്രതിപക്ഷത്തായിരിക്കുമ്പോള്‍ 2004 സെപ്റ്റംബറില്‍ സുരേന്ദ്രകുമാറിനെയും കുടുംബത്തെയും ആശുപത്രിയിലെത്തി സമാശ്വസിപ്പിച്ച, വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ അച്യുതാനന്ദനെയല്ല അഞ്ചുവര്‍ഷത്തിനുശേഷം 2009 നവംബര്‍ 13ന്, അഞ്ചുവയസ്സ് തികഞ്ഞ ശാരിയുടെ മകളുമായി മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ നീതിതേടി ചെന്ന സുരേന്ദ്രനും കുടുംബവും കണ്ടത്. കനത്ത പൊലീസ്‌സന്നാഹത്തോടെയാണ് ആ പിഞ്ചുകുഞ്ഞിനെയടക്കം അറസ്റ്റുചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. സാംസ്‌കാരിക പുരോഗമന കേരളം ഒന്നടങ്കം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട നിമിഷങ്ങളായിരുന്നു അത്. പക്ഷേ, ഒന്നുമുണ്ടായില്ല. നമ്മുടെ സമൂഹമനഃസാക്ഷിക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു ബുദ്ധിജീവിയും പരിശോധന നടത്തിയില്ല. സ്വന്തം അമ്മയുടെ ചിത്രവുമായി പൊലീസ്‌സ്‌റ്റേഷനിലിരിക്കുന്ന അഞ്ചുവയസ്സുകാരിയുടെ നിഷ്‌കളങ്കമായ മുഖം നമ്മുടെയാരുടെയും മനസ്സിനെ വേവലാതിപിടിപ്പിച്ചില്ല. എ.കെ.ജി സെന്ററിന്റെ ജനല്‍ചില്ലുകളില്‍ ഏതെങ്കിലുമൊന്നില്‍ ഒരു കല്ലുവീണാല്‍ സ്തംഭിക്കുന്നതല്ലേ നമ്മുടെ പൊതുജീവിതം?. ഗുരുപ്രതിമകളില്‍ ഏതെങ്കിലുമൊരു സാമൂഹികവിരുദ്ധന്‍ വിക്രിയകാണിച്ചാല്‍ തകരുന്നതല്ലേ നമ്മുടെ സമാധാന അന്തരീക്ഷം?,ഏതെങ്കിലുമൊരു പ്രാദേശിക നേതാവിന്, അതുമല്ലെങ്കില്‍ ഒരു ഗുണ്ടക്ക് മര്‍ദനമേറ്റാല്‍, ആരാധനാലയത്തില്‍ ഒന്നു ചെരിപ്പിട്ട് കയറിയിരുന്നെങ്കില്‍ എന്തുമാത്രം അസ്വസ്ഥമാകും നമ്മുടെ സമൂഹമനഃസാക്ഷി. ഇവിടെയാണ് ഒരു പെണ്‍കുട്ടി സമൂഹമധ്യത്തില്‍ പിച്ചിച്ചീന്തപ്പെട്ടത്. ചോദ്യങ്ങള്‍ കേട്ടുമാത്രം പരിചയിച്ചവര്‍ മറുചോദ്യങ്ങളുന്നയിച്ചാല്‍ നമുക്കുത്തരമില്ലാതാകുന്നു. വലിച്ച് വാരിയിട്ട പത്രവാര്‍ത്തകള്‍ നോക്കി ഈ ചോദ്യങ്ങളുയര്‍ത്തിയപ്പോള്‍ ചീറിപ്പാഞ്ഞുപോയ തീവണ്ടിയുടെ ഇരമ്പലിനെയും മറികടന്ന് ആരുടെയൊക്കെയോ അട്ടഹാസങ്ങള്‍ അവിടെ മുഴങ്ങുന്നുണ്ടായിരുന്നു.
പഴയ പത്രത്താളുകളിലെ അക്ഷരങ്ങള്‍ ആ അച്ഛനെ വല്ലാതെ നൊമ്പരപ്പെടുത്തി. മറക്കാനാഗ്രഹിച്ച ദുര്‍ദിനങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്തപ്പോള്‍ ആറുവര്‍ഷം മുമ്പിലെ വേദനനിറഞ്ഞ പകലിരവുകള്‍. കുറച്ചുനേരം ഇതൊക്കെ വായിച്ചിരിക്കൂ. ഇരുന്ന കട്ടിലിലേക്ക് കാലുനീട്ടി കിടന്നുകൊണ്ട് സുരേന്ദ്രന്‍ പറഞ്ഞു.
എല്ലാവരും രോഗികളാണിവിടെ- പാതിയില്‍ മുറിഞ്ഞ സംഭാഷണം തുടര്‍ന്നുകൊണ്ട് ശാരിയുടെ അമ്മ പറഞ്ഞുതുടങ്ങി. പട്ടിണിയാണോ? കഞ്ഞികുടിച്ചോ? മരുന്ന് വാങ്ങിയോ? ആരും അന്വേഷിക്കാനില്ല. ആദ്യമൊക്കെ എല്ലാവരുടെയും കുറ്റപ്പെടുത്തലുകള്‍ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പിന്നെ, കൂടെ ഒരുപാടുപേര്‍ സഹായിക്കാനുള്ളപോലെ തോന്നി. എന്റെ മോളെ കൊന്നവരെ ശിക്ഷിക്കാന്‍ എല്ലാവരുമുണ്ടാകുമെന്ന് കരുതി. ഇപ്പോ ഇവിടേക്ക് ആരുമില്ല. ഇടക്ക് നിങ്ങളെപ്പോലെ ഏതെങ്കിലും ചാനലുകാരോ പത്രക്കാരോ കേറിവരും. ശാരിയുടെ കൊച്ചിനെ കളിപ്പിച്ച് പഴയ ഫോട്ടോകളും വാര്‍ത്താ കട്ടിംഗുകളുമെടുത്ത് പോകും. സമരത്തിനും കേസിനുമൊക്കെ പോകാനുള്ള അറിവോ ആളുകളോ കൂടെയില്ല. തിരുവനന്തപുരത്ത് ഞങ്ങളെല്ലാവരുംകൂടി സമരത്തിന് പോകുമായിരുന്നു. ഇത്തവണ എനിക്കും കൊച്ചിനും പോകാന്‍ കഴിഞ്ഞില്ല. ആരോഗ്യസ്ഥിതി മോശമായിട്ടും ശാരിയുടെ അച്ഛന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിനു പോയി.
''ഒന്നു റോഡുമുറിച്ചുകടക്കുമ്പോള്‍പോലും ചേര്‍ത്തുപിടിക്കുമായിരുന്നു ഞാനവളെ...പക്ഷേ, എന്റെ ചേച്ചി തന്നെ...'' അതൊരു പൊട്ടിത്തകരലായിരുന്നു.
രക്തബന്ധങ്ങള്‍ക്കുപോലും വിലയിടുന്ന കാലത്ത് മകളെപ്പോലും ചതിക്കുമെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കാനേ ഈ കുടുംബത്തിനായുള്ളൂ. ആശുപത്രി കിടക്കയില്‍ കിടന്ന് അവള്‍ പറഞ്ഞ പേരുകള്‍ വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. ശാരിയുടെ അമ്മയുടെ ചേച്ചി ഓമനക്കുട്ടിക്കൊപ്പം വീട്ടിലേക്ക് വന്നിരുന്നവര്‍ ആസൂത്രിതമായി വീട്ടുകാരുമായി സൗഹൃദംസ്ഥാപിച്ചു. സംശയത്തിന്റെ ഒരു ലാഞ്ഛനപോലുമില്ലാതെ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റി. സീരിയലും സിനിമയുമെന്നുമുള്ള മായികലോകത്തിന്റെ കഥകളില്‍ ഈ പാവപ്പെട്ട കുടുംബവും വീണു. പിന്നെ, ചതിയില്‍നിന്ന് ചതിയിലേക്കുള്ള യാത്രകള്‍. തെരഞ്ഞെടുപ്പിന്റെ തലേനാള്‍വരെ ജനത്തിരക്കായിരുന്നു ഇവിടെ. അതിനുശേഷം ശരിക്കുപറഞ്ഞാല്‍ ഒരുകുഞ്ഞുപോലും എത്തിനോക്കിയിട്ടില്ല. വനിതാ നേതാക്കളും ഡി.വൈ.എഫ്.ഐക്കാരും വിശേഷങ്ങളും തിരക്കി എപ്പോഴുമെത്തുമായിരുന്നു. ഒരുനേരം കഞ്ഞിമുടങ്ങിയാല്‍പോലും അവരറിയും. വീട്ടുസാധനങ്ങളും മരുന്നും എത്തിക്കും. പക്ഷേ, ഒരു സുപ്രഭാതത്തില്‍ ഒരാളും വരാതായി. ഇടതുസര്‍ക്കാര്‍ അധികാരത്തിലുമായി.
ആരുമില്ലെങ്കിലും ഞാനും എന്റെ മോളും സമരംചെയ്യും. ഇനിയൊരു മക്കളെയും ഇങ്ങനെ വേട്ടയാടരുത്. എനിക്കെല്ലാം നഷ്ടപ്പെട്ടു. കൂലിപ്പണിയായിരുന്നെങ്കിലും രണ്ടുമക്കളടങ്ങുന്ന സന്തോഷ കുടുംബത്തിന്റെ എല്ലാ സ്വപ്‌നങ്ങളുമാണ് അവസാനിച്ചത്. ശാരിയുടെ അനിയന്‍ അന്യസംസ്ഥാനത്തെവിടെയോ പണിയെടുക്കുന്നു. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൊച്ചനിയനായി സമൂഹം ഒരുപാട് കാലം വേട്ടയാടി. പോകുന്നിടത്തെല്ലാം അവഹേളനങ്ങള്‍ പിന്തുടര്‍ന്നു. അന്നവന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. കരഞ്ഞുകരഞ്ഞ് തീരാനുള്ളതാണ് അവന്റെ ജീവിതമെന്ന് ഇടക്കിടെ തോന്നിയിട്ടുണ്ട്. ചേച്ചിയുടെ ഓര്‍മകളെപ്പോഴും അവന് കരച്ചിലായിരുന്നു. ശാരിയുടെ കാര്യം തിരക്കി ആരെങ്കിലും വന്നാല്‍ അവന്‍ കരയും. പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞു. എപ്പോഴും ശാരിയുടെ പടവുമായിരുന്ന് കരയുന്നത് കാണാമായിരുന്നു. തുറിച്ചുനോട്ടങ്ങളും അപവാദങ്ങളും താങ്ങാനവന് കഴിയില്ല. മകനെയും ഇതിന്റെ പേരില്‍ വേട്ടയാടാതിരിക്കട്ടെ എന്ന് ഞങ്ങളും കരുതി. അവന്‍ ബാംഗ്ലൂരിലേക്ക് ജോലിതേടി പോകുമ്പോള്‍ ഒരു കൈത്താങ്ങ് നഷ്ടപ്പെട്ടെങ്കിലും തടയാതിരുന്നത് അതുകൊണ്ടാണ്. ഞങ്ങള്‍ക്കിന്ന് കൂട്ട് ഇവളുണ്ട്- ശാരിയുടെ മകള്‍ സ്‌നേഹയുടെ ഫോട്ടോ കാട്ടി സുരേന്ദ്രന്‍ പറഞ്ഞു.
ഒരു വയസ്സു മുതല്‍ സ്‌കൂളിലെ കലാപരിപാടികളിലെവരെ നിരവധി ഫോട്ടോകള്‍. ഈ ലോകത്തെ ചതിയും വഞ്ചനയുമറിയാതെ, നിഷ്‌കളങ്കമായ പുഞ്ചിരിയുമായി ആരുടെയും കണെ്ണാന്നുടക്കുന്ന ചിത്രങ്ങള്‍. കുറെ ഫോട്ടോകളുണ്ടായിരുന്നു. ഇവിടെ വരുന്ന പത്രക്കാരൊക്കെ ഞങ്ങളുടെ, സ്‌നേഹയുടെ ഫോട്ടോയുമായി പോകും- തെല്ലൊന്നു പരാതിയോടെ പറഞ്ഞു: ശാരിയുടെ ഫോട്ടോ മുഴുവനും അങ്ങനെ പത്രക്കാര് കൊണ്ടുപോയി തീര്‍ത്തു.
ശാരി മരണപ്പെട്ടപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതാണ് ഈ അച്ഛന്‍. പക്ഷേ, ഏകമകള്‍ ഏല്‍പിച്ചുപോയ പൈതലിനെ അനാഥമായിവിടാന്‍ ഇവര്‍ക്കു മനസ്സുവന്നില്ല.
സ്വീകരണമുറിയില്‍ ഫ്രെയിംചെയ്തുവെച്ച ശാരിയുടെ ഫോട്ടോക്ക് സമീപം തെളിഞ്ഞുനില്‍ക്കുന്ന വൈദ്യുതിവിളക്കിന് മുന്നില്‍ സ്‌കൂള്‍ മത്സരങ്ങളില്‍ സ്‌നേഹക്ക് ലഭിച്ച സമ്മാനങ്ങളും നിരത്തിവെച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യാവിഷനിലെ ഒരു പരിപാടിക്കിടെ, ഞങ്ങളെ പൊലിസ്ജീപ്പില്‍ കയറ്റുന്നത് കണ്ട് സ്‌നേഹ വിളിച്ചുപറയുന്നുണ്ടായിരുന്നു- അമ്മേ, നമ്മളെ പൊലീസ് കൊണ്ടുപോകുന്നു. അന്ന് എന്തിനാണ് പൊലീസ് വന്നതെന്നോ സമരം ചെയ്തതെന്നോ അറിയാനുള്ള പ്രായമായിട്ടില്ല. പക്ഷേ, അമ്മയുടെ ചിത്രവുമായാണ് പൊലീസ്മാമന്മാര്‍ വാനില്‍ കയറ്റിക്കൊണ്ടുപോയതെന്ന് മാത്രം പാവം കുരുന്നിനറിയാം. വന്‍ സന്നാഹങ്ങളുമായുള്ള പൊലീസിന്റെ വരവ് കുട്ടിയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ്, ഇത്തവണ തിരുവനന്തപുരത്തേക്ക് അച്ഛനൊപ്പം പോകാന്‍ സ്‌നേഹ കൂട്ടാക്കാതിരുന്നത്.
******
നിറംകെട്ട പത്രക്കടലാസുകള്‍ക്കൊപ്പം ആറുവര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് തന്റെ പോരാട്ടത്തിന്റെ യാത്രകളും സുരേന്ദ്രന്‍ പറഞ്ഞുതുടങ്ങി. അതൊരു പോരാട്ടമായിരുന്നില്ല, നിസ്സഹായനായ ഒരച്ഛന്റെ നിലവിളിയായിരുന്നു. കൊല്ലം പൊലീസ് സൂപ്രണ്ടിന് 2004 ആഗസ്റ്റില്‍ നല്‍കിയ പരാതിമുതല്‍ കഴിഞ്ഞ നവംബര്‍ 13ലെ സെക്രട്ടേറിയറ്റ് ധര്‍ണയില്‍വരെ എത്തിനില്‍ക്കുന്ന ആറുവര്‍ഷക്കാലത്തെ നീതിക്കുവേണ്ടിയുള്ള സമരം.
ആഗസ്റ്റ് 13നാണ് കിളിരൂരിലെ നിര്‍ധനകുടുംബത്തിലേക്ക് ഇടിത്തീപോലെ ആ യാഥാര്‍ഥ്യമെത്തിയത്. ഒരച്ഛനും മകളില്‍ നിന്നൊരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്തത്... ചിരിയുടെ മുഖംമൂടിയണിഞ്ഞ ചെകുത്താന്മാര്ക്കൊപ്പമായിരുന് നു തന്റെ മകളെന്ന സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു.
അന്നുമുതലുള്ള അനുഭവങ്ങള്‍ എവിടെയെഴുതിയാലും തീരില്ല- പൊടിതട്ടിയെടുത്ത വേദനകള്‍ക്ക് മുഖവുരയെന്നോണം സുരേന്ദ്രന്‍ പറഞ്ഞു.
വയറുവേദനയുമായാണ് മകളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയത്.
ഒരു പത്താംക്ലാസുകാരിയുടെ സ്വാഭാവികമായ രോഗത്തിനപ്പുറത്ത് തങ്ങളെ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ തുടക്കമാണ് ആശുപത്രിയിലെന്ന് ആ സാധുകുടുംബമറിഞ്ഞില്ല.സ്‌കാന്‍ചെയ്യണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനുശേഷം ഫലം വന്നതോടെയാണ് മകള്‍ എട്ടുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്.
മരണത്തിനും ജീവിതത്തിനുമിടക്കുള്ള നിമിഷങ്ങള്‍ നേരിട്ടനുഭവിച്ചു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ സമയം. ജില്ലാ ആശുപത്രിയുടെ വരാന്തയില്‍ ചാരി മണിക്കൂറുകളോളം. ചിന്ത മുഴുവന്‍ മരണത്തെ ക്കുറിച്ചായിരുന്നു. ചേച്ചിക്ക് അരുതാത്തത് സംഭവിച്ചെന്ന കാര്യം അന്ന് വൈകിയിട്ടും ശാരിയുടെ അനിയന്‍ അറിഞ്ഞിരുന്നില്ല. ഞാനാകെ തളര്‍ന്ന് വരാന്തയിലിരിപ്പായതോടെ, ശാരിക്ക് എന്തോ കാര്യമായ അസുഖമാണെന്നാണ് അവന്‍ കരുതിയത്. അന്നുതന്നെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശാരിയുടെ അമ്മയും ജില്ലാ ആശുപത്രിയിലെത്തി. ജില്ലാ ആശുപത്രിയുടെ ഇടനാഴിയില്‍വെച്ച് ഞാനിക്കാര്യം പറഞ്ഞപ്പോള്‍ ശാരിയുടെ അമ്മ അലറിക്കരഞ്ഞതോര്‍മയുണ്ട്. ആ നിമിഷം മുതല്‍ ഇന്നുവരെ ആ കരച്ചിലിന്റെ പ്രതിധ്വനികളാണ് ജീവിതം.
ജീവനുതുല്യം സ്‌നേഹിച്ച മകള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഭയപ്പാടോടെ ആശുപത്രിക്കിടക്കയില്‍ കിടന്ന് എന്തൊക്കെയോ പറയുന്നു. ആരെ കണ്ടാലും അവള്‍ പൊട്ടിക്കരയും. അമ്മയുടെയും അനിയന്റെയും കുറ്റപ്പെടുത്തലുകള്‍ ഒരു നിമിഷംപോലും വിശ്രമമില്ലാതെ തുടര്‍ന്നു. ഇടക്ക് കരഞ്ഞുകൊണ്ടാകും, ചിലപ്പോ, ദേഷ്യത്തോടെയാകും. മാനസികനില തെറ്റിയപോലെ അവര്‍ രണ്ടുപേരും മകള്‍ക്കുനേരെ രോഷവാക്കുകള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു. ഞാനപ്പോഴും മുറിയിലെ മൊസൈക് തറയില്‍ എന്തുചെയ്യണമെന്നറിയാതെ മരവിച്ച മനസ്സുമായി ഇരിക്കുകയായിരുന്നു. ഉറക്കെയൊന്ന് കരയണമെന്നുണ്ടായിരുന്നു. പകയുടെയും പ്രതികാരത്തിന്റെയും ദുഃഖത്തിന്റെയുമൊക്കെ സമ്മിശ്രനിമിഷങ്ങള്‍. ഈ സമയമൊക്കെയും മോള് കരഞ്ഞ് പറയുന്നുണ്ടായിരുന്നു, ''അച്ഛാ, അമ്മയോടെന്നെ കുറ്റപ്പെടുത്തരുതെന്ന് പറ'' എന്ന്.
അമ്മയുടെയും അനിയന്റെയും കുത്തുവാക്കുകളില്‍ വെന്തുരുകി ആ പതിനാറുകാരി ലോകത്തെ മുഴുവനുമായിരിക്കും ശപിച്ചിട്ടുണ്ടാവുക. കൈപിടിച്ച് പിച്ചവെച്ച് നടക്കാന്‍ പഠിപ്പിച്ച കരങ്ങള്‍തന്നെ ചതിക്കുഴികളിലേക്ക് നയിച്ചത് തിരിച്ചറിയാതെപോയ പാവം പെണ്‍കുട്ടി.
ആശുപത്രിയിലെ മരവിച്ച അവസ്ഥയില്‍നിന്ന് മെല്ലെ മെല്ലെ യാഥാര്‍ഥ്യത്തിലേക്ക് മടങ്ങിവന്നു. അമ്മയെയും അനിയനെയും മാറ്റിനിര്‍ത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനിയുമവളുടെ മനസ്സ് വിഷമിപ്പിക്കരുത്...
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ വനിതാ മെഡിക്കല്‍ ഓഫിസര്‍ ശാരിയെ പരിശോധിച്ചു. മകളുടെ മുറിയിലെത്തുന്ന ഡോക്ടര്‍മാര്‍ മുതലുള്ള ഓരോ ജീവനക്കാരനും പരമപുച്ഛവും പരിഹാസത്തോടെയുമാണ് പെരുമാറിയതെന്ന് സുരേന്ദ്രന്‍ ഓര്‍ക്കുന്നു. കൊടുംപാതകം ചെയ്ത കുറ്റവാളികളോടെന്നപോലെയായിരുന് നു ഞങ്ങളോടുള്ള അവരുടെ പെരുമാറ്റം. ''വല്ലേടത്തും പോയി വയറ്റിലുണ്ടാക്കി വന്നോളും. പിന്നെ, അവിടെ വേദന ഇവിടെ വേദന''- മകള്‍ക്ക് വേദനകൂടിയപ്പോള്‍ വിളിച്ചുവരുത്തിയ ഡോക്ടറുടെ ധാര്‍മികരോഷം.
പ്രാണവേദനയില്‍ കിടന്നു കരയുന്ന മകള്‍...മകളുടെ ദുരവസ്ഥയില്‍ മനംനൊന്ത് ശരീരം തളര്‍ന്ന അമ്മ... ജീവിതയാഥാര്‍ഥ്യങ്ങളുടെ സ്‌ക്രീനില്‍ എല്ലാത്തിനും മൂകസാക്ഷിയായി ഒരച്ഛന്‍.
പ്രസവവേദനയാണെന്ന് പറഞ്ഞ് പ്രസവിക്കാനുള്ള കുത്തിവെപ്പ് നല്‍കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എട്ടാം മാസം കുത്തിവെപ്പിന്റെ പ്രേരണയാല്‍ പ്രസവിച്ച പെണ്‍കുട്ടി അവശനിലയിലായി. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ നില വഷളായിത്തുടങ്ങി. ഛര്‍ദിയും വയറുവേദനയും കൂടിക്കൊണ്ടിരുന്നു. രോഗം മൂര്‍ച്ഛിച്ച് തളര്‍ന്ന മകളെ ആഗസ്റ്റ് 28ന് ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് കൊണ്ടുപോകാനാകാത്തവിധം അവശനിലയിലായിരുന്നു. അതുകൊണ്ടുതന്നെ, അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍വെച്ചാണ് മകളോട് കാര്യങ്ങള്‍ തിരക്കിയത്. പ്രവീണാണ് കുട്ടിയുടെ അച്ഛനെന്നാണ് ആദ്യം പറഞ്ഞത്. അങ്ങനെ പറയണമെന്ന് ലതാനായര്‍ ഭയപ്പെടുത്തിയിരിക്കുകയായിരുന് നു. പക്ഷേ, പിന്നീടാണ് എല്ലാം തുറന്നു പറഞ്ഞത്. മാസങ്ങളോളം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടിയെയും കൊണ്ടുപോയതിന്റെ വിവരങ്ങള്‍. ഓമനക്കുട്ടിയും ലതാനായരും പ്രവീണുമൊക്കെയായിരുന്നു ആളുകളെന്ന് വ്യക്തമായി.
ആദ്യം പ്രവീണ്‍ പ്രശ്നമുണ്ടാക്കിയതാണെന്നായിരു ന്നു ലതാനായര്‍ പറഞ്ഞത്. അതനുസരിച്ച് പ്രവീണ്‍ മകളെ കല്യാണം കഴിക്കാമെന്നും മോള്‍ക്ക് വല്ലതും സംഭവിച്ചാല്‍ അഞ്ചു ലക്ഷം രൂപ തരാമെന്നും മുദ്രപത്രത്തില്‍ എഴുതിത്തന്നു. എന്നാല്‍, അതില്‍ ഒപ്പിടാനവര്‍ തയാറായില്ല. അതോടെയാണ്, കൊല്ലം എസ്.പിക്ക് പരാതി നല്‍കിയത്. പിന്നീട്, വിശദമായ പരാതി എഴുതിനല്‍കാന്‍ പറഞ്ഞതനുസരിച്ച് മോള്‍ പറഞ്ഞ എല്ലാരുടെയും പേരുകളും പോയെന്ന് പറഞ്ഞ സ്ഥലങ്ങളും വിശദമായിഎഴുതി നല്‍കി.
മെഡിക്കല്‍കോളജില്‍നിന്ന് സ്വകാര്യ ആശുപത്രിയിലെത്തിയതോടെ കുടലില്‍ അണുബാധയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് നീക്കാന്‍ ശസ്ത്രക്രിയ നടത്തി. എന്നിട്ടും, കാര്യമായ പുരോഗതിയുണ്ടായില്ല. ഒക്‌ടോബര്‍ 28ന് ഒരു വിദഗ്ധ മെഡിക്കല്‍ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ അയച്ചു. ഇവരുടെ നിര്‍ദേശമനുസരിച്ച് കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് വീണ്ടും മാറ്റി. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശമനുസരിച്ചാണ് അടിയന്തര ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തെല്ലൊരു പ്രതീക്ഷയോടെയാണ് വിദഗ്ധസംഘത്തിന്റെ നിര്‍ദേശമനുസരിച്ച് മെഡിക്കല്‍ കോളജിലെത്തിയത്. എന്നാല്‍, പ്രതീക്ഷകള്‍ക്ക് വിരുദ്ധമായിരുന്നു അവിടത്തെ പ്രതികരണം. മൂന്ന് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി രാവിലെ മുതല്‍ ആശുപത്രി വരാന്തയില്‍ മണിക്കൂറുകളോളം കാത്തിരുന്നു. രാത്രി ഒമ്പതരയോടെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ മാത്രമാണ് ഒരു മുറിയനുവദിച്ചത്.
അപ്പോഴേക്കും കിളിരൂര്‍വിവാദം കത്തിപ്പടര്‍ന്നിരുന്നു. ഇതൊന്നുമറിയാതെ, പ്രസവിച്ച കുഞ്ഞിനെപ്പോലും ഒരുനോക്കുകാണാതെ ശാരി മരണത്തോട് മല്ലടിക്കുകയായിരുന്നു.
പതിനാറുകാരിയുടെ ജീവിതദുരന്തങ്ങള്‍ രാഷ്ട്രീയ കേരളമേറ്റെടുത്തു...മാധ്യമങ്ങള്‍ കഥകളും ഉപകഥകളുമായി കിളിരൂര്‍ ആഘോഷിച്ചു. ലതാ നായരെയും പ്രവീണിനെയും പരാതിയില്‍ പറഞ്ഞ ഏതാനും പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പല ഉന്നതന്മാരുടെയും പേരുകള്‍ മാധ്യമങ്ങള്‍ പറഞ്ഞു. ലതാ നായരെ ഒളിവില്‍ പാര്‍പ്പിച്ച ക്ഷേത്രപൂജാരിയും കുടുംബവും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. ഇതോടെ, കിളിരൂര്‍ - കവിയൂര്‍ കേസുകള്‍ക്കുപിന്നിലെ ഗൂഢബന്ധങ്ങളും പുറത്തുവന്നു.
നമ്പൂതിരിയുടെ കുടുംബത്തെ അന്ന് ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല. ലതാ നായരെ ദിവസങ്ങളോളം ഒളിവില്‍ പാര്‍പ്പിച്ചത് ഇവരാണെന്നും പിന്നീട് ഇവരെ മരിച്ചനിലയില്‍ കാണുകയായിരുന്നുവെന്നുമാണ് അറിഞ്ഞത്. ചിലപ്പോള്‍ മോള്‍ക്ക് അനഘയെക്കുറിച്ചറിയുമായിരിക്കാം. പക്ഷേ, അതൊന്നും പറയാന്‍ അവളുണ്ടായിരുന്നില്ല. എന്റെ മകളെയും അവര്‍ കൊല്ലുകയായിരുന്നു. അതെനിക്കുറപ്പാണ.്
വര്‍ഷം ആറു കഴിഞ്ഞു-ലതാ നായരും പ്രതികളും മാന്യന്മാരായി വിലസുന്നു...ഒരാളെപ്പോലും തൊടാന്‍ ആര്‍ക്കും കഴിയുന്നില്ല...കുറ്റവാളികളെ കൈയാമംവെച്ചു നടത്തിക്കുമെന്ന് വീരവാദം മുഴക്കിയ നേതാവ് മുഖ്യമന്ത്രിയായി തിരുവനന്തപുരത്ത് വാണരുളുന്നു.
വിവാദങ്ങളുടെ കിളിരൂര്‍
ഒരു രാഷ്ട്രീയ മുതലെടുപ്പിനും ഞങ്ങള്‍ ശ്രമിച്ചിട്ടില്ല...എന്റെ മകളുടെ രക്തം ഒരുപാടുപേര്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിലും നന്നാകട്ടെ...പലര്‍ക്കുമൊരു ചവിട്ടുപടിയായിരുന്നു ഞങ്ങളെന്ന് പിന്നീട് മനസ്സിലായി.
ഒരുപാട് രാഷ്ട്രീയവിവാദങ്ങളിലെ കേന്ദ്രകഥാപാത്രമായാണ് ശാരി എസ്. നായര്‍ വിടപറഞ്ഞത്. ആദര്‍ശങ്ങളുടെ ചായംപൂശിയ വി.എസ് എന്ന രാഷ്ട്രീയക്കാരന്റെ തനിനിറം കൂടി പുറത്തുകാണിച്ചതാണ് രാഷ്ട്രീയ വിവാദങ്ങളിലെ നേട്ടം.
ആരോടും പരാതി പറയുന്നതല്ല. സത്യത്തിനും നീതിക്കുവേണ്ടി സംസാരിക്കാന്‍ ആരുമുണ്ടാകില്ലെന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ, എല്ലാവര്‍ക്കും എപ്പോഴും വിശുദ്ധന്മാരുടെ കുപ്പായമിടാന്‍ കഴിയില്ലെന്ന വിശ്വാസമാണ് നീതിക്കുവേണ്ടിയുള്ള സുരേന്ദ്രന്റെ ഈ ഒറ്റയാള്‍പോരാട്ടങ്ങളെ മുന്നോട്ടുനയിക്കുന്നത്.
വി.ഐ.പി വിവാദം മുഖ്യമന്ത്രിയുടെ സൃഷ്ടിയാണ്. അതുകൊണ്ട്, ആരാണ് വി.ഐ.പി എന്ന് തുറന്നുപറയേണ്ട മാന്യത അദ്ദേഹത്തിന്‍േറതാണെന്ന് ശാരിയുടെ അച്ഛന്‍ പറയുന്നു.
ശാരിയെ ചികിത്സിച്ച ഡോക്ടറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വി.ഐ.പിയെക്കുറിച്ച് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത്. പക്ഷേ, ആരാണ് ആ വി.ഐ.പി? ഇന്നുമത് ദുരൂഹമായി തുടരുന്നു. രാഷ്ട്രീയകേരളത്തെ പിടിച്ചുലച്ച വി.ഐ.പി വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ല.
അന്ന്, വി.എസ് പറഞ്ഞ വി.ഐ.പി ആരെന്ന് പറയാന്‍ ഞാനാളല്ല. എല്ലാവരും അന്നുമുതല്‍ എന്നോടും ചോദിക്കുന്ന പ്രധാന ചോദ്യമിതുതന്നെയാണ്. വി.ഐ.പി ആരാണ്? ഉത്തരം തേടേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ഒടുവില്‍ കേസന്വേഷിക്കുന്ന സി.ബി.ഐപോലും വി.ഐ.പിയെ തിരക്കിയിട്ടില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു.
വി.എസിനുമുമ്പേ ശ്രീമതി ടീച്ചറും ജോസഫൈനും വന്നിരുന്നു. ശ്രീമതി ടീച്ചര്‍ മോളെ കാണാന്‍ വരുന്നതിനു തൊട്ടുമുമ്പുവരെ അവള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്ന് ഞങ്ങളോട് സംസാരിക്കുകയും കുടിക്കാന്‍ കൊടുത്ത പാല്‍ സ്വയം കുടിക്കുകയും ചെയ്തതാണ്. കട്ടിലില്‍ എണീറ്റിരിക്കുമ്പോള്‍ ഭാര്യ മുടി ചീകിക്കൊടുത്തതാണ്. മോളങ്ങനെ ഇരിക്കുന്നത് കണ്ടാണ് ഞാന്‍ മരുന്നുവാങ്ങാന്‍ പുറത്തേക്കിറങ്ങിയത്. ഭാര്യ കാന്റീനിലേക്കും പോയി. ഈ സമയത്താണ് ശ്രീമതി ടീച്ചര്‍ വന്നത്. ഞങ്ങളെ അവര്‍ കണ്ടിരുന്നില്ല. മറ്റുള്ളവര്‍ പറഞ്ഞാണ് ശ്രീമതി ടീച്ചറൊക്കെ വന്നുപോയ വിവരം അറിയുന്നത്. അവരെന്തുകൊണ്ട് ഞങ്ങളെ കാണാതെപോയെന്ന് അന്ന് ചിന്തിച്ചിരുന്നില്ല.
മോള്‍ ഒറ്റക്കായ സമയത്തായിരുന്നു ഇവര്‍ വന്നതെന്നും തൊട്ടുപിന്നാലെയാണ് വീണ്ടും അവശനിലയിലായതെന്നും ബോധരഹിതയായതെന്നും സുരേന്ദ്രന്‍ വ്യക്തമായി ഓര്‍ക്കുന്നു.
ആരാണ് തൊട്ടുമുമ്പ് വന്നുപോയതെന്നാണ് ഡോക്ടര്‍ ആദ്യം തിരക്കിയത്. എന്തോ വല്ലാതെ ഭയന്നതായി ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. ഇതോടെ, സന്ദര്‍ശകരെ കര്‍ശനമായി നിയന്ത്രിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
അടുത്ത ദിവസമെത്തിയ അച്യുതാനന്ദനാണ് മാധ്യമങ്ങളോട് വി.ഐ.പിയെക്കുറിച്ച് പറയുന്നത്. ശ്രീമതി ടീച്ചറാണ് വി.ഐ.പി എന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്‍.
വി.ഐ.പി വിവാദം ആരാണ് വി.ഐ.പിയെന്ന ചോദ്യത്തിന് മുന്നില്‍ ഒരുപാട് പ്രമുഖരുടെ പട്ടികകള്‍ നമുക്ക് മുന്നില്‍ നിരന്നു. പക്ഷേ, ഒരു വി.ഐ.പിയുടെയെങ്കിലും തലയുരുളുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. വര്‍ഷം ആറുകഴിഞ്ഞിട്ടും ഒരു കുഞ്ഞിനെപ്പോലും തൊടാന്‍ ഒരു നിയമത്തിനുമായില്ല.
വി.എസിന്റെ വിവാദ പ്രസ്താവനക്കു പിന്നാലെ പിണറായി വിജയനും ആര്‍. വാസവനും ഒരുപാട് നേതാക്കളുമൊക്കെ ആശുപത്രിയില്‍ വന്ന് മോളെ കണ്ടു. ആരൊക്കെയാണ് നേരത്തേ മോളെ സന്ദര്‍ശിച്ചതെന്ന് പിണറായി ചോദിച്ചു. ഞങ്ങള്‍ എല്ലാ കാര്യവും അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു.
പിന്നീട്, ഈ പിണറായിയെ നേരില്‍ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു ചെറിയ ചിരിയായിരുന്നു സുരേന്ദ്രകുമാറിന്റെ ഉത്തരം. അവരൊക്കെ വലിയ ആളുകളല്ലേ എന്ന് നിഷകളങ്കമായ മറുചോദ്യവും.
വലിയ വലിയ ആളുകള്‍ ഈ പാവങ്ങളുടെ ശിരസ്സിനുമേലെനിന്ന് രാഷ്ട്രീയ നാടകമാടിയപ്പോള്‍ എല്ലാവരും കൈയടിച്ചു. കരയാനിനി കണ്ണീരുപോലുമില്ലാതെ, യാചിക്കാനിനി പ്രഭുക്കളില്ലാതെ, ഇനി പ്രാര്‍ഥിക്കാന്‍ ഒരു ദൈവവും ബാക്കിയില്ലാതെ ഒറ്റപ്പെട്ടുപോയ കുടുംബത്തിന്റെ രോദനം കേള്‍ക്കാന്‍ നമുക്കാര്‍ക്കുമായില്ല.
ശ്രീമതി ടീച്ചര്‍ വന്നുപോയതിനുശേഷം അസുഖംകൂടിയെന്നുതന്നെയാണ് അന്നും ഇന്നും ഞാന്‍ പറയുന്നത്. അത് എല്ലാ അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് പൊലീസല്ലേ...
ഒരുപാട് സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശാരിക്കും അനഘക്കുമാകുമായിരുന്നു. പക്ഷേ, ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാത്ത ലോകത്തേക്ക് അവരെ പറഞ്ഞയച്ചില്ലേ. എന്നിട്ടും, വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായില്ല.
നേതാക്കളുടെയും മറ്റും മക്കള്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടതായുള്ള ആരോപണമുയര്‍ന്നിരുന്നല്ലോ?
ഞങ്ങള്‍ക്ക് പറയാനുള്ളതെല്ലാം എല്ലാ അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുണ്ട്. അവരല്ലേ അതന്വേഷിക്കേണ്ടത്? ആലപ്പുഴയില്‍ കുവൈത്ത് ചാണ്ടി എന്നയാളുടെ റിസോര്‍ട്ടില്‍ പോയകാര്യം നേരത്തേ തന്നെ മോള്‍ പറഞ്ഞിരുന്നു. സീരിയലില്‍ അഭിനയിപ്പിക്കാനെന്നപേരില്‍ ലതാ നായരാണ് അവിടെ എത്തിച്ചത്. ടി.വിയില്‍ കെ.പി. മോഹനനെ കണ്ടസമയത്താണ് ഈ അങ്കിളിനെ ലതയാന്റി ആലപ്പുഴയില്‍വെച്ച് പരിചയപ്പെടുത്തിയെന്ന് പറഞ്ഞിരുന്നത്. രാവിലെ അവിടെയെത്തി വൈകീട്ടാണ് അവിടെനിന്ന് തിരിച്ചതെന്നും അന്ന് പറഞ്ഞിരുന്നു. പിന്നീട്, മോള്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ഇക്കാര്യം തിരക്കിയെങ്കിലും കരഞ്ഞുകൊണ്ട് എന്നെ നോക്കുകമാത്രമാണ് ചെയ്തത്. ഇനിയുള്ള കാര്യങ്ങള്‍ പറയേണ്ടത് ലതാ നായരാണ്. ഈ നിസ്സഹായനായ അച്ഛനുനേരെ ചോദ്യശരങ്ങളുമായെത്തുന്നവര്‍ ഒരിക്കലും അവരെതേടി പോയിട്ടുണ്ടാകില്ല. സമൂഹത്തിലെ മാന്യതയുടെ വിശുദ്ധപട്ടം ചാര്‍ത്തിയവരെ ചോദ്യങ്ങള്‍കൊണ്ടുപോലും ബുദ്ധിമുട്ടിക്കാന്‍ എല്ലാവരും മടിക്കുന്നു. പക്ഷേ, നീതിതേടിയുള്ള ഒരു കുടുംബത്തിന്റെ പോരാട്ടത്തെ അവഹേളനങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ആര്‍ക്കും ഒരു മടിയുമില്ല.
കഴിഞ്ഞ മാസമാണ് ഏഷ്യാനെറ്റുകാര് വന്ന് എന്റെ മോളുടെയുമൊക്കെ പടംപിടിച്ചുപോയത്. ഒറ്റത്തവണയേ കാണിച്ചുള്ളൂ. ഞാന്‍ എല്ലാം പറഞ്ഞിരുന്നു. ഇപ്പോ കേള്‍ക്കുന്നു, ഞാന്‍ ടി.വിയില്‍ പറയുന്നത് കേസിനെ ബാധിക്കുമെന്ന്. അതുകൊണ്ട്, ആ പരിപാടി കോടതി തടഞ്ഞെന്നാണ് അവര് പറയുന്നത്. ലതാ നായര് പരാതി കൊടുത്തത്രെ.
കഴിഞ്ഞയാഴ്ചയാണ് ഏഷ്യാനെറ്റിലെ ശാരിയുടെ കുടുംബത്തിന്റെ അഭിമുഖമടങ്ങിയ 'വിശ്വസിച്ചാലും ഇല്ലെങ്കിലു'മെന്ന പരിപാടിയുടെ തുടര്‍ലക്കങ്ങള്‍ കാണിക്കുന്നത് ലതാ നായരുടെ പരാതിയില്‍ കോടതി തടഞ്ഞത്. നീതിതേടിയുള്ള യാചനകള്‍ക്കിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതുപോലും കോടതി വിലക്കുന്നു. താന്‍ നല്‍കിയ നൂറുകണക്കിന് പരാതികള്‍ക്ക് ഒരു നടപടിയുമില്ലാതിരിക്കുമ്പോഴാണ് ഈ കേസിലെ പ്രധാന പ്രതിയുടെ പരാതിയില്‍ കോടതി ഉത്തരവുണ്ടാകുന്നത്. പത്രത്തിലെ ഒറ്റക്കോളം വാര്‍ത്തയില്‍ പ്രബുദ്ധകേരളം ഇത് വായിച്ചുതള്ളി. സുരേന്ദ്രന്റെ പോരാട്ടങ്ങള്‍ ആരുടെയൊക്കെയോ ഉറക്കംകെടുത്തുന്നു. ഏഷ്യാനെറ്റിലെ പരിപാടി വിലക്കിയ കോടതിവിധിയെക്കുറിച്ച് ഒരു മാധ്യമ വിചാരിപ്പുകാരനും ഒരക്ഷരം മിണ്ടിയില്ല. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്നവര്‍ സുരേന്ദ്രന്റെ അഭിമുഖം തടഞ്ഞ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്തില്ല.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നടങ്കം ശാരിയെക്കുറിച്ച് ബോധപൂര്‍വം മറവിനടിക്കുമ്പോഴും വിവാദങ്ങളുടെ രസച്ചരടില്‍മാത്രം പ്രതിഷേധവും പ്രതിരോധവും തീര്‍ക്കുന്ന മലയാളിക്ക് ചുട്ടുപൊള്ളുന്ന ഓര്‍മകള്‍ ഇടക്കിടെ സമ്മാനിക്കുന്നത് മാധ്യമങ്ങളാണ്. സത്യത്തിനുവേണ്ടിയുള്ള ശബ്ദത്തിന് ഏക പിന്തുണയും. ഇപ്പോള്‍ മാധ്യമങ്ങളെയും തനിക്കുവേണ്ടി സംസാരിക്കുന്നത് വിലക്കുകയാണെന്ന് സുരേന്ദ്രന്‍ പറയുന്നു. ആദ്യമൊക്കെ 'അന്വേഷി'യിലെ അജിതയൊക്കെ സഹായിച്ചിരുന്നു. ഇപ്പോ, കാര്യങ്ങള്‍ തിരക്കാന്‍ വിരലിലെണ്ണാവുന്നവര്‍മാത്രം. മുഖ്യധാരയില്‍നിന്ന് വിട്ടുമാറി ചിലരൊക്കെ സഹായിക്കാനെത്തിയാലും പരസ്‌പരമുള്ള ആരോപണങ്ങളുന്നയിച്ച് അവരും പിന്‍വാങ്ങുകയാണ് പതിവെന്ന് സുരേന്ദ്രന്‍ പറയുന്നു.
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഒന്നിലധികം വനിതാ സംഘടനകളും കാക്കത്തൊള്ളായിരം സ്വതന്ത്ര വനിതാസംഘടനകളുമുള്ള നാട്ടിലാണ് ശാരിയുടെ അച്ഛനെ സഹായിക്കാന്‍ ആരുമില്ലെന്ന യാഥാര്ഥ്യമെന്നുകൂടിയോര്ക്കുക.
കിളിരൂരിലെയും കവിയൂരിലെയും ദുരന്ത കഥകള്‍കേട്ട് മനസ്സുമരവിച്ചുപോയ മലയാളികള്‍ ഒന്നടങ്കമാണ് പെണ്‍വാണിഭക്കാരെ കൈയാമംവെക്കുമെന്ന ധീരമായ ശബ്ദം ഏറ്റെടുത്തത്. സത്യത്തിന്റെ അവസാന കണ്ണിയും നശിച്ചിട്ടില്ലെന്ന പ്രഖ്യാപനമായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഈ പ്രസ്താവന. വി.എസ് എന്ന പോരാളി മലയാളികളുടെ മുന്നില്‍ ധീരതയുടെയും നീതിയുടെയും തെളിയുന്ന മുഖമായി. ശാരിയുടെയും അനഘയുടെയും ഘാതകരെ കൈയാമംവെക്കുന്ന പോരാളിയായ മുഖ്യമന്ത്രിയെ കേരളം സ്വപ്‌നംകണ്ടു.
അന്ന് ഉമ്മന്‍ചാണ്ടിയാണ് മുഖ്യമന്ത്രി. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവും. ഇന്ന്, അത് നേരെ തിരിച്ചും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആശുപത്രിയിലെ ചികിത്സക്കും കുറച്ച് പൈസ സാഹയവുമായും തന്നിരുന്നു. എന്നാല്‍, വി.എസ് മുഖ്യമന്ത്രിയായതോടെ പട്ടിണിയായിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പോരാളിയില്‍നിന്ന് വി.എസ് എന്ന മുഖ്യമന്ത്രിയിലേക്കുള്ള ദൂരം സുരേന്ദ്രകുമാറിന്റെ ഈ ഒറ്റവാക്കില്‍നിന്ന് വ്യക്തമാണ്. സത്യത്തില്‍, ശാരിയെന്ന പാവം പെണ്‍കുട്ടിയുടെ ശവക്കുഴിക്കു മുകളില്‍ കെട്ടിയുണ്ടാക്കിയതാണ് വി.എസ്. അച്യുതാനന്ദന്റെ മുഖ്യമന്ത്രിക്കസേര.
വി.എസ് മുഖ്യമന്ത്രിയായതോടെ ഒരുപാട് മലയാളികള്‍ക്കൊപ്പം ഈ കുടുംബവും പ്രതീക്ഷയര്‍പ്പിച്ചു. ശാരിയുടെ മകള്‍ സ്‌നേഹക്കിന്ന് ആറു വയസ്സായി. ഇതിനിടക്ക് പതിനാലു തവണ കാണാന്‍ ശ്രമിച്ചിട്ട് നേരില്‍ കാണാന്‍ കഴിഞ്ഞത് അപൂര്‍വമായിമാത്രമായിരുന്നു. പലതവണയും അനുമതി ലഭിക്കാറില്ല. ഒരിക്കല്‍, സന്ദര്‍ശനാനുമതി നല്‍കിയിട്ടും കൃത്യസമയത്ത് ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം സ്ഥലംവിട്ടു. കണ്ടിട്ടേ പോകൂ എന്ന വാശിയില്‍ മുറിയെടുത്ത് തിരുവനന്തപുരത്തുതന്നെ തങ്ങി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാലിനെ വിളിച്ചു. അദ്ദേഹമാണ് പിറ്റേദിവസം കാണാന്‍ അവസരമൊരുക്കിയത്. നേരില്‍ കണ്ട് നിവേദനം നല്‍കി. അധികമൊന്നും സംസാരിക്കാന്‍ വി.എസ് തയാറായില്ല. എന്തോ, ഞങ്ങളെ വേഗം ഒഴിവാക്കാനുള്ള വ്യഗ്രതയാണ് മുഖ്യമന്ത്രി കാട്ടാറുള്ളത്. തിരക്കില്ലെങ്കിലും അദ്ദേഹം തിരക്കഭിനയിക്കുകയാണോ എന്ന് ഒരിക്കല്‍ ഭാര്യ ചോദിച്ചു. ഞങ്ങളെയെന്തിനാണ് വി.എസ് അകറ്റിനിര്‍ത്തുന്നത്?
ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് സഖാവ് വി.എസ്. അച്യുതാനന്ദനാണ്. നാഴികക്ക് നാല്‍പതുവട്ടം കിളിരൂരും പെണ്‍വാണിഭങ്ങളും ചൂണ്ടിക്കാട്ടി അനീതിക്കെതിരെ പടനയിച്ച അദ്ദേഹമിന്ന് എന്തിനാണ് മൗനിയാകുന്നത്? അദ്ദേഹം മൗനംവെടിഞ്ഞാല്‍ കസേരക്ക് ഇളക്കംതട്ടുമെന്ന സത്യം തിരിച്ചറിയാന്‍ ഈ പാവങ്ങള്‍ക്കാകുന്നില്ല. അദ്ദേഹം കസേരയില്നിന്നിറങ്ങുന്നതിനുമു മ്പ് ഒന്നുകൂടി കാണണം. ആരൊക്കെ മറക്കാന്‍ ശ്രമിച്ചാലും വി.എസ് എന്ന രാഷ്ട്രീയനേതാവിന് ശാരിയെയും കുടുംബത്തെയും മറക്കാന്‍ കഴിയുമോ? നീതി തേടി ഭരണാധികാരികളുടെ വാതിലില്‍ മുട്ടുമ്പോള്‍ എപ്പോഴെങ്കിലും നീതിലഭിക്കുമെന്ന പ്രതീക്ഷ, അത്രമാത്രം. വി.എസിനെ കാണാനുള്ള തീയതി തീരുമാനിച്ചിട്ടില്ല. ഇനി എന്നെ കാണാന്‍ മുഖ്യമന്ത്രി അനുവാദം തരുമോ? ഒരു ലോട്ടറി വില്‍പനക്കാരന്റെ സംശയമായി അതിനെ തള്ളാന്‍വരട്ടെ. മുന്‍കാലാനുഭവങ്ങളാണ് അദ്ദേഹത്തെക്കൊണ്ടിത് ചോദിപ്പിക്കുന്നത്.
മുഖ്യമന്ത്രിക്ക് നല്‍കിയ നിരവധി സങ്കടഹരജികള്‍ക്ക് ചവറ്റുകുട്ടയില്‍പോലും സ്ഥാനമുണ്ടായില്ലെന്ന ഞെട്ടിക്കുന്ന സത്യവും മലയാളി ഒടുവിലറിഞ്ഞു. ഭരണംമാറി കോണ്‍ഗ്രസ് പ്രതിപക്ഷത്തായിട്ടും ശാരിയുടെ വീടുതേടി ഒരു മഹിളാ കോണ്‍ഗ്രസുകാരിയും ഇവിടേക്ക് വന്നിട്ടില്ല. പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിക്കും മുഖ്യമന്ത്രിക്കും ഒരേ മൗനം.
ശാരിയുടെ മൃതദേഹവുമായി മെഡിക്കല്‍ കോളജില്‍നിന്ന് വിലാപയാത്ര പുറപ്പെട്ടപ്പോള്‍ ഡി.വൈ.എഫ്.ഐക്കാര്‍ പ്രകടനവുമായി മുന്നിലുണ്ടായിരുന്നു. ''കൊലയാളികളേ, നിങ്ങളെ ഞങ്ങള്‍ വെറുതെ വിടില്ല.'' കോട്ടയം നഗരത്തെ ഡി.വൈ.എഫ്.ഐക്കാരുടെ മുദ്രാവാക്യങ്ങള്‍ പ്രകമ്പനംകൊള്ളിച്ചു. ചോരതിളക്കുന്ന ഡിഫിസഖാക്കള്‍ അനീതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിച്ചു. ഡിഫിക്കാരുടെ ചോരത്തിളപ്പും തെരഞ്ഞെടുപ്പുവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പ്രതിഷേധം തിളച്ചുമറിയുന്ന കണ്ണുകളുമായി കോട്ടയം മെഡിക്കല്‍ കോളജിനുമുന്നില്‍ മുദ്രാവാക്യംമുഴക്കുന്ന ഡി.വൈ.എഫ്.ഐക്കാരുടെ ഫോട്ടോ ഇപ്പോഴും ഇവിടെയുണ്ട്. ആ ഫോട്ടോകളിലെ പ്ലക്കാര്‍ഡുകളില്‍ എഴുതിയിരിക്കുന്നത് വ്യക്തമായി കാണാം: 'കൊലയാളികളേ നിങ്ങള്‍ക്കു മാപ്പില്ല - ഡി.വൈ.എഫ്.ഐ'
ശാരിയുടെ മകള്‍ വലുതാകുമ്പോള്‍ ചോദിക്കുമായിരിക്കും, കുറെ മാമന്മാര്‍ കൊടിയുമായിനില്‍ക്കുന്ന ഗ്രൂപ്പ്‌ഫോട്ടോയെക്കുറിച്ച്. അന്നവള്‍ക്ക് കഥപറഞ്ഞുകൊടുക്കാന്‍ ചിലപ്പോള്‍ ഈ അച്ഛനുണ്ടായെന്നിരിക്കില്ല. പക്ഷേ, ഇടിമുഴക്കമായ മുദ്രാവാക്യങ്ങളുമായി കേരളത്തെ പ്രകമ്പനംകൊള്ളിച്ച സഖാക്കള്‍ അന്നുമുണ്ടാകില്ലേ...?
ആ ഡി.വൈ.എഫ്.ഐ എവിടെയാണെന്ന് ശാരിയുടെ അച്ഛനിന്നറിയില്ല. പ്രാദേശിക നേതാക്കള്‍പോലും ഈ വഴി മറന്നുപോയിരിക്കുന്നു. വോട്ടുതേടിപോലും ആരുമിവിടെ വരാറില്ല... വഞ്ചിക്കപ്പെട്ടവരുടെ വോട്ടിനുപോലും വിലയില്ലാതായിരിക്കുന്നു . ആദ്യമൊക്കെ സഹായിക്കാന്‍ ബി.ജെ.പിക്കാരുമെത്തുമായിരുന്നു . ബി.ജെ.പിയുടെ പ്രാദേശിക നേതാവായ ദേവദാസും ഈ ചതിയില്‍ പ്രതിയായതോടെ യുവമോര്‍ച്ചക്കാരും കൊടിചുരുട്ടി. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും ഐക്യമായിരുന്നു ഈ കേസിനെ ഇത്ര അട്ടിമറിയിലെത്തിക്കാനുള്ള കാരണം. എല്ലാവരുടെയും ഒറ്റലക്ഷ്യം സത്യം ജനമറിയാതിരിക്കുക എന്നത് മാത്രമായിരുന്നു. അതുകൊണ്ടാണ്, യുവമോര്‍ച്ചക്കാരും വിപ്ലവയുവത്വവും കൊടി മടക്കിക്കെട്ടിയത്.
ഇടക്കിടെ കാര്യങ്ങള്‍ തിരക്കാന്‍, വനിതാ രാഷ്ട്രീയപ്രവര്‍ത്തക മിനിഫിലിപ്പ് മാത്രമിവിടെയെത്തും. ഇടക്കിടെ കാര്യങ്ങള്‍ വിളിച്ചന്വേഷിക്കും. പിന്നെ, സഹായത്തിനായി ആക്ഷന്‍ കൗണ്‍സിലര്‍ ചെയര്‍മാന്‍ രാജുപുഴങ്കരയും എഴുത്തുകാരി ഗീതടീച്ചറും -നീതിതേടിയുള്ള യാത്രയില്‍ ആകെ കൂടെയുള്ളവര്‍ ഇത്രമാത്രം. പിന്നെ, പേരറിയാത്ത നിരവധി മാധ്യമസുഹൃത്തുക്കള്‍, ഒരുപാട് പേരുടെ പ്രാര്‍ഥനകള്‍...
******
കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ആദ്യമായി പരാതിനല്‍കിയത്. ആദ്യമൊക്കെ മാധ്യമങ്ങളുടെ സജീവ ഇടപെടലോടെ കാര്യമായ അന്വേഷണം പൊലീസ് നടത്തിയെങ്കിലും ഉന്നതരുടെ പേരുകളുയര്‍ന്നതോടെ എല്ലാം അട്ടിമറിക്കപ്പെട്ടു.
ഇപ്പോള്‍, സി.ബി.ഐ കേസന്വേഷിക്കുന്നു. മൂന്ന് തവണ തന്നെയും ഭാര്യയെയും ചോദ്യംചെയ്യാനായി സി.ബി.ഐ വിളിപ്പിച്ചിരുന്നു. വിവാദമായ കേസിലെ സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് ഈ അച്ഛനുമമ്മക്കുമറിയുന്നത് ഇത്രമാത്രം.
അന്വേഷണസംഘം പലതവണ മാറിയെങ്കിലും സംഘത്തിലെ അംഗങ്ങള്‍ക്ക് മാത്രം മാറ്റമുണ്ടായില്ല. തുടക്കത്തിലേതന്നെ സി.ബി.ഐ അന്വേഷണവും ശരിയായ രീതിയിലല്ലായിരുന്നെന്ന് സുരേന്ദ്രകുമാര്‍ പറയുന്നു. ഇപ്പോ കേള്‍ക്കുന്നു കേസില്‍ സി.ബി.ഐ അഭിഭാഷകന്‍ പലതവണ ഹാജരായിട്ടില്ലെന്ന്.
ലോക്കല്‍ പൊലീസു മുതല്‍ രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐവരെ നടത്തിയ അന്വേഷണങ്ങള്‍ പ്രഹസനമാവുകയാണോയെന്ന സംശയം ഈ മാതാപിതാക്കളെപോലെതന്നെ എല്ലാവരിലുമുണ്ട്.
ശ്രീലേഖ മാഡം കേസന്വേഷിച്ചപ്പോള്‍ കാര്യങ്ങള്‍ പലതും പുറത്തുവന്നതാണെന്ന് സുരേന്ദ്രന്‍. എന്നാല്‍, അന്വേഷണത്തിനിടെ അവിടെയും താളപ്പിഴകള്‍ സംഭവിച്ചു. എന്റെ മകളെ കൊണ്ടുപോയത് ലതാ നായരാണെന്ന് താന്‍ പലതവണ വിളിച്ചുപറഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ മടികാണിക്കുകയായിരുന്നു. ലതാനായര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈകോടതിയിലെത്തി. കേസിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് പ്രായപൂര്ത്തിയായില്ലെന്നതിന് റെ വിവരങ്ങളും അച്ഛന്റെ പരാതിയും ഹൈകോടതിയിലെത്തിയില്ല. അന്വേഷണരീതിയെ ഹൈകോടതി നിശിതമായി വിമര്‍ശിച്ചു.
അതോടെ, കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ഉമ്മന്‍ചാണ്ടിസര്‍ക്കാറിന്റെ നീക്കങ്ങള്‍ പകല്‍പോലെ വ്യക്തമായി.
പിന്നീട്, ലതാ നായര്‍ അടിമാലി കോടതിയില്‍ കീഴടങ്ങല്‍ നാടകം നടത്തി. പിന്നാലെ, മുഖ്യ പ്രതികളായ പ്രവീണും മനോജും ശാരിയുടെ അമ്മയുടെ സഹോദരി ഓമനക്കുട്ടിയും.
ഇവരെ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ആകെ അറസ്റ്റ് ചെയ്തത് ലതാ നായരെ ഒളിവില്‍ താമസിപ്പിച്ച 'കലക്ടര്‍' ലത്തീഫിനെ മാത്രം.
താന്‍ പറഞ്ഞ പേരുകള്‍ പലതും പൊലിസ് വെട്ടിമാറ്റുകയായിരുന്നെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പിന്നീട്, കേസില്‍ അറസ്റ്റുണ്ടായിട്ടില്ല. അനഘയുടെ കുടുംബമുള്‍പ്പെടെ ആറ് മനുഷ്യജീവനുകളെ ഇഞ്ചിഞ്ചായി ഇല്ലാതാക്കിയ ദാരുണമായ സംഭവത്തില്‍ പിടിക്കപ്പെട്ടത് അഞ്ചുപേര്‍.
മാസങ്ങള്‍ക്കുള്ളില്‍ അവര്‍ ജാമ്യത്തിലിറങ്ങി സസുഖം വാഴുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ശാരി ആശുപത്രിക്കിടക്കയിലായിരിക്കുമ് പോള്‍ ലതാ നായരെ കണ്ടതിനുശേഷം പിന്നീട് കണ്ടത് സി.ബി.ഐ ചോദ്യംചെയ്യലിനിടയിലാണ്. അന്ന് അവര്‍ക്കുനേരെ ശാരിയുടെ അമ്മയുടെ രോഷപ്രകടനം കണ്ടതുകൊണ്ടാകാം പിന്നീട് ഇവരെ ഒരുമിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചിട്ടില്ല. ഒരു കൂസലുമില്ലാതെയാണ് ലതാ നായര്‍ സി.ബി.ഐക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കിയിരുന്നതെന്ന് ശാരിയുടെ അമ്മ ഓര്‍ക്കുന്നു. ഞങ്ങളെ കണ്ടതായി ഭാവിക്കാതെ മുറിയില്‍ മാറിനില്‍ക്കുകയായിരുന്നു. അവരെ കണ്ടതോട ദുഃഖവും രോഷവുമൊക്ക പൊട്ടിത്തെറിയായിമാറി. പിന്നെ, അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ലതാ നായരെ മുറിയില്‍നിന്ന് മാറ്റുകയായിരുന്നു.
ശാരി ഉപയോഗിച്ചിരുന്ന റിലയന്‍സ് ഫോണിന്റെ ബില്ലുള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ആദ്യം കേസന്വേഷിച്ച സി.ഐ സുരേഷ്‌കുമാറിന് കൈമാറിയിരുന്നു. എന്നാല്‍, ഇതൊക്കെയെവിടെയാണെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ല. ഈ ഫോണ്‍ബില്‍ പരിശോധിച്ചാല്‍തന്നെ പ്രതികളുടെ കൃത്യമായ വിവരം ലഭിക്കുമായിരുന്നിട്ടും അത്തരത്തിലുള്ള അന്വേഷണം നടത്താന്‍ ഒരു ഏജന്‍സിയും തയാറായില്ല. അന്നൊക്കെ കേസിനെക്കുറിച്ചുള്ള അറിവില്ലായ്മയും പൊലീസിനോടുള്ള വിശ്വാസ്യതയും കാരണം അന്നു നല്‍കിയ രേഖകള്‍ സൂക്ഷിച്ചിരുന്നില്ല. എപ്പോള്‍ വിളിച്ചാലും കിട്ടണമെന്ന് പറഞ്ഞ് വീട്ടിലേക്ക് മൊബൈല്‍ഫോണ്‍ കൊണ്ടുവന്നത് ഓമനക്കുട്ടിയായിരുന്നു. ലതാ നായരാണ് ഇതിന്റെ ബില്ലടച്ചിരുന്നത്. ഓമനക്കുട്ടിവഴിയാണ് ലതാ നായരെ പരിചയപ്പെട്ടതും.
ഇപ്പോള്‍, സി.ബി.ഐ അന്വേഷണം എവിടെയെത്തിയെന്ന് ആര്‍ക്കുമറിയില്ല. കിളിരൂര്‍, കവിയൂര്‍ കേസെന്ന് രണ്ടായി വിഭജിച്ചാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ സി.ബി.ഐയെ കേസേല്‍പിച്ചത്. ഇതുതന്നെ അന്വേഷണം വഴിമുട്ടിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ശാരിയുടെ രക്തത്തില്‍ ചെമ്പിന്റെ അംശം കൂടുതലായിരുന്നെന്ന് കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ കാണുന്നു. എന്നാല്‍, ലബോറട്ടറിയുടെ ആ സമയത്തെ തകരാറായിരുന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
ഈ കേസില്‍ സി.ബി.ഐ മാപ്പുസാക്ഷിയാകാന്‍ അപേക്ഷകൊടുത്ത ഓമനക്കുട്ടി കഴിഞ്ഞനാള്‍വരെ കോടതിയിലെത്തിയിട്ടില്ല. ആര്‍ക്കോ വേണ്ടി ഒരു അന്വേഷണം -അതുതന്നെയാണ് സി.ബി.ഐ നടത്തുന്നത്. എങ്ങനെയെങ്കിലും കേസവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് സി.ബി.ഐക്കുള്ളതെന്ന ആശങ്കയാണ് സുരേന്ദ്രനും കുടുംബത്തിനും.
ആദ്യമൊക്കെ കേസിനൊന്നും പോകരുതെന്ന ഭീഷണികളും ഉപദേശങ്ങളുമുണ്ടായിരുന്നു. എന്നാലതൊന്നും വകവെക്കാതെയുള്ള ഈ അച്ഛന്റെ യാത്ര ആറുവര്‍ഷം പിന്നിട്ടിരിക്കുന്നു. അടുത്തയാഴ്ചയും തിരുവനന്തപുരത്തെ ഭരണസിരാകേന്ദ്രത്തിനുമുന്നില്‍ ഈ താടിക്കാരനെ കാണാം. അന്യമായ നീതിക്കുവേണ്ടിയുള്ള അവസാനിക്കാത്ത പോരാട്ടം. നീട്ടിവളര്‍ത്തിയ താടിയും ആറു വയസ്സായ സ്‌നേഹയെന്ന കൊച്ചുമകളും സുരേന്ദ്രനിന്നൊരു പ്രതീകമായാണ് കൊണ്ടുനടക്കുന്നത്. നഷ്ടപ്പെട്ട നീതിയുടെ അടയാളം. സര്‍ക്കാറില്‍നിന്ന് ലഭിച്ച ധനസഹായംകൊണ്ട് തീര്‍ത്ത ഈ ചെറിയവീടും ഇവര്‍ക്കിപ്പോള്‍ നഷ്ടപ്പെടുകയാണ്. റെയില്‍വേ വികസനത്തിന്റെ ഭാഗമായി താമസിയാതെ വീട് പൊളിച്ചുമാറ്റും. പിന്നെ, ശാരിയുടെ മൃതദേഹമടക്കിയ പറമ്പിലെ മൂലയില്‍ കാറ്റും മഴയും കൊള്ളാതെ കിടക്കാന്‍ ഒരു കൂരകെട്ടണം. മകളുടെ കുഴിമാടത്തിനുമേലെയായിരിക്കാം ഇനിയുള്ള ജീവിതം. അടക്കിപ്പിടിച്ച വേദനകളുമായി ഒരു കുടുംബം മകളുടെ കുഴിമാടത്തിനുമേലെ ജീവിതസ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുമ്പോള്‍ കുറ്റവാളികളെ കൈയാമംവെക്കാന്‍ നട്ടെല്ലുള്ള ഭരണാധികാരികളെ നമുക്ക് കാത്തിരിക്കാം.
കിളിരൂരെന്ന കൊച്ചുഗ്രാമത്തിലെ തൃക്കൊടിത്താനത്തെ വീട്ടില്‍നിന്നുമിറങ്ങുമ്പോള്‍ സമയം 5.30. ശാരിയുടെ മകള്‍ സ്‌നേഹയെ കണ്ടുമടങ്ങാമെന്ന് കരുതി കാത്തുനിന്നതാണിത്രയും നേരം. സ്‌നേഹക്കിന്ന് വയസ്സ് ആറേ ആയിട്ടുള്ളൂ. ഒന്നാം ക്ലാസിലേ എത്തിയിട്ടുള്ളൂ. തിരിച്ചറിവിന്റെ പ്രായമാകുന്നതേ ഉള്ളൂ...
പക്ഷേ, ആ കുഞ്ഞ് വളരും. മലയാളിയുടെ മനഃസാക്ഷിക്കുമുന്നില്‍ വലിയ ചോദ്യങ്ങളുമായി അവള്‍ നില്‍ക്കും. ഭാവിയില്‍ ഒരുപാട് ഉത്തരങ്ങള്‍ നാമവള്‍ക്ക് കൊടുക്കേണ്ടിവരും. ശരിയുത്തരങ്ങള്‍ ശീലമല്ലാത്ത നമുക്കിത് പ്രശ്‌നമല്ലായിരിക്കാം. പക്ഷേ, അനീതിയുടെ ഒരു കാലത്താണ് താന്‍ ജനിച്ചതും വളര്‍ന്നതുമെന്ന കാര്യം അവള്‍ തിരിച്ചറിയുകതന്നെ ചെയ്യും.
No comments:
Post a Comment