scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Mar 1, 2011

ഇത് നിലപാടില്ലായ്മയുടെ അനിവാര്യ ദുരന്തം



Founder President,
Indian Union Muslim League
(1948-72)
രണ്ടാഴ്ച മുമ്പുവരെ മുസ്‌ലിംലീഗ് കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലത്തിലൂടെ ആര്‍ത്തുല്ലസിച്ച് ആമോദപൂര്‍വ്വം കടന്നു പോവുകയായിരുന്നു.  കേരളത്തിന്റെ പൊളിറ്റിക്കല്‍ സൈക്കനുസരിച്ച്  നിയമസഭയില്‍ അടുത്ത ഊഴം യു.ഡി.എഫിന്റേതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം അതിന്റെ പ്രഖ്യാപനമായിരുന്നു.  തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം അതിന് അടിവരയിട്ടു.  ലീഗിതര മുസ്‌ലിം രാഷ്ട്രീയ ഗ്രൂപ്പുകളെ തകര്‍ത്ത് കയ്യില്‍ കൊടുക്കുന്നതില്‍ ലീഗ് അസാമാന്യ മിടുക്ക് കാട്ടി.  ലീഗിതര മുസ്‌ലിം രാഷ്ട്രീയ മഖ്ബറയിലെ പുതിയ മീസാന്‍ കല്ലുകളെ ചൂണ്ടി ലീഗിതര മുസ്‌ലിം രാഷ്ട്രീയം അസാധ്യതയുടെ രാഷ്ട്രീയ നാമമാണെന്ന് അവര്‍ ആവര്‍ത്തിച്ചു.  ഐ.എന്‍.എല്‍ രൂപീകരിക്കപ്പെട്ട  സമയത്ത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അതിനു പറഞ്ഞ ഒരു പൂര്‍ണ്ണ നാമമുണ്ടായിരുന്നു.  'ഇന്നല്ലെങ്കില്‍ നാളെ ലീഗിലേക്ക്' അത് ഒരു പകുതി മുക്കാല്‍ ശരിയെന്ന്  ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കുടുംബത്തെ തന്നെ അണിനിരത്തി തെളിയിക്കാന്‍ ലീഗിനു കഴിഞ്ഞു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഭരണം വിടാതിരുന്ന ലീഗ് വലിയ പ്രതിരോധത്തിലായിരുന്നു.  1992 ല്‍ നിന്ന് 2008 ഉം 10ഉം ആകുമ്പോഴേക്ക് ആ നിലപാടായിരുന്നു ശരിയെന്ന് ചളപ്പില്ലാതെ പറയാനുള്ള ആത്മധൈര്യം ലീഗിന് തിരിച്ചു കിട്ടി.  കുറേ വലതുപക്ഷ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ ലീഗിന്റെ 'മിതവാദ'ത്തെ പാടിപ്പുകഴ്ത്താന്‍തുടങ്ങി.  ലീഗിനറിയില്ലെങ്കിലും ലീഗ് മഹാസംഭവമാണെന്നവര്‍ ഉപന്യസിച്ചു.  ലീഗിന്റെ ആദര്‍ശമില്ലായ്മ അത്യുജ്വലമായ ആദര്‍ശമാണെന്നവര്‍ പ്രബന്ധിച്ചു.  ലീഗിന്റെ നിലപാടില്ലായ്മ എന്ന ഏറ്റവും മതേതരവും ജനാധിപത്യപരവുമായ നിലപാടുകാരണമാണ് കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ തടുത്തുനിര്‍ത്തപ്പെടുന്നവര്‍ നിരീക്ഷിച്ചു.  പാണക്കാട് മുഹമ്മദലി 
ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോള്‍ തങ്ങളുള്ളതു കൊണ്ടാണ് കേരളം കത്താതെ പോയതെന്ന്  കേരളീയ പൊതുബോധം അനുശോചന പ്രമേയം പാസാക്കി.

ഒരു പാര്‍ട്ടിക്ക് ആനന്ദതുന്ദിലരാവാന്‍ ഇതിനപ്പുറമൊക്കെ എന്താണ് വേണ്ടത്.  ഇക്കാര്യത്തിലൊക്കെ ലീഗ് ഒറ്റക്കെട്ടായിരുന്നു.  പാളയത്തില്‍ പടയില്ല.  തെരഞ്ഞെടുപ്പ് നടക്കുക എന്ന ഒറ്റ കാര്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.  ലീഗ് നിയ്യത്തുകൊണ്ട് ഭരണകക്ഷിയായി കഴിഞ്ഞിട്ട് മാസങ്ങള്‍ കുറേ കഴിഞ്ഞിരുന്നു.  ആര്‍ക്കും തടുക്കാനാവാത്ത ജൈത്രയാത്രയുടെ ലഹരിയിലായിരുന്നു പാര്‍ട്ടി.  ആ സുന്ദര സ്വപ്നത്തിനിടയിലാണ് അളിയന്‍ റഊഫ് ലീഗിനെ വിളിച്ചുണര്‍ത്തിയത്. ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളിലേക്ക്. അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കുകയോ ജയിക്കാതിക്കുകയോ ചെയ്യാം.  പക്ഷെ ഒരു കാര്യം ഉറപ്പ്.  വഴി അത്ര എളുപ്പമല്ല.  ലീഗ് മാഹാത്മ്യം വഞ്ചിപ്പാട്ടുപാടിയ സാംസ്‌കാരിക നായകര്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രശ്‌നം.

കേരളീയ രാഷ്ട്രീയത്തില്‍ അടുത്ത കാലത്ത് ഉയര്‍ന്ന് ഏറ്റവും ഗുരുതരമായ ആരോപണമിശ്രിതമാണ് ലീഗ് നേതാവിനെതിരെ ഇപ്പോള്‍  സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ ഉയര്‍ന്നിരിക്കുന്നത്.  ഒരു വ്യഭിചാര കേസ് എന്നതിനേക്കാള്‍ വലിയ ഗൗരവം ഇതിനു വന്നു ചേര്‍ന്നിരിക്കുകയാണ്.  കൈകൂലി മുതല്‍ കൊലപാതകം വരെ അധികാര ദുര്‍വിനിയോഗം ജുഡീഷ്യറിയെ സ്വാധീനിക്കല്‍ ഉള്‍പ്പെടെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലുണ്ട്.  എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുണ്ടെന്ന് തന്നെയാണിപ്പോള്‍ കേരളം വിശ്വസിക്കുന്നത്.  ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ വിശദാംശങ്ങളും യാഥാര്‍ഥ്യ പരിശോധനയും ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല.  പകരം എന്താണ് ഒരു സംഘടന എന്ന നിലക്ക് ലീഗിന് സംഭവിച്ചത് എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. 

"മുസ്‌ലിം ലീഗിനെ സംബന്ധിച്ചെടുത്തോളം സിദ്ധാന്തമൊന്നുമില്ല.  കോണ്‍ഗ്രസ്‌പോലെ കേരളാ കോണ്‍ഗ്രസ്‌പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണത്.  പക്ഷെ ആ പാര്‍ട്ടി നിലനില്‍ക്കേണ്ടത് എന്റെയും നിങ്ങളുടെയും ആവശ്യമാണ്.  ആ പാര്‍ട്ടി ഇല്ലെങ്കില്‍ സ്ഥിതി ഇപ്പോഴത്തേതിനേക്കാള്‍ മോശമാകും.'' അഡ്വ: എ. ജയശങ്കര്‍. മാതൃഭൂമി ആഴ്ച്ചപതിപ്പ് 

ആദര്‍ശമില്ലായ്മയും നിലപാടില്ലായ്മയും ഒരു മഹാകാര്യമാണെന്ന് പൊതുബോധ ഉപാസകരായ സാംസ്‌കാരിക പ്രവര്‍ത്തര്‍ ലീഗിനെക്കുറിച്ച് പറഞ്ഞു.  പൊതുസമൂഹത്തെ പഠിപ്പിച്ചു.  ലീഗില്ലാതായാല്‍ തീവ്രവാദികള്‍ കേരള മുസ്‌ലിംകളെ റാഞ്ചുമെന്നവര്‍ മുന്നറിയിപ്പു നല്‍കി.   ഇതേ കാര്യമാണ് ഈജിപ്ത് ഉള്‍പ്പടെയുള്ള മുസ്‌ലിം രാജ്യങ്ങളിലെ മര്‍ദ്ധക സേഛാധിപത്യ ഭരണ കൂടങ്ങള്‍ അവരുടെ ഭരണത്തിനു ന്യായമായി പറഞ്ഞിരുന്നത്.  ഞങ്ങള്‍ അധികാരമൊഴിഞ്ഞാല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തില്‍ വരും.  മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം സേഛാധിപത്യവും എത്ര രാഷ്ട്രീയ ജീര്‍ണതയും എത്ര മതേതരമാണെന്നാലോചിക്കുക.

മുസ്‌ലിംലീഗിന്റെ നിലപാടില്ലായ്മകള്‍.

ലോക വ്യാപകമായ് ഇന്ന് മുസ്‌ലിം സമൂഹം അങ്ങേയറ്റം വൈമ്പ്രന്റ്റായ ഒരു സമുദായമാണ്.  സാമ്രാജ്യത്താല്‍ ടാര്‍ഗേറ്റ് ചെയ്യപ്പെടുന്ന സമുദായം, സാമ്രാജ്യത്വത്തെ ഏറ്റവും ശക്തമായ് പ്രതിരോധിക്കുന്ന ജനത.  പക്ഷെ ഇതൊന്നും മുസ്‌ലിംലീഗിന് ബാധകമായ കാര്യമേ അല്ല.  സാമ്രാജത്വം, അങ്ങനെ ഒരു സാധനമുണ്ടോ എന്ന് ലീഗ് നേതാക്കള്‍ പരസ്യമായും രഹസ്യമായും ചോദിക്കാറുണ്ട്.  സാമ്രാജത്വ  അധിനിവേശങ്ങളും വിരുദ്ധ പോരാട്ടങ്ങളും കേരളത്തില്‍ അടുത്ത കാലത്ത് പലപ്പോഴും തെരഞ്ഞെടുപ്പ് വിഷയം വരെ ആയിട്ടുണ്ട്.  ലീഗപ്പോഴെല്ലാം മിഴിച്ചു നോക്കുകയോ അല്ലെങ്കില്‍ അതിലൊന്നും വലിയ കാര്യമില്ലെന്ന നിലപാടിലോ ആയിരുന്നു. 

ഉത്തരേന്ത്യയില്‍ നടന്ന ഭീഭത്‌സമായ വര്‍ഗീയാക്രമണങ്ങളോട് നിസ്സംഗത പുലര്‍ത്തുക എന്നതായിരുന്നു ലീഗ് നയം.  ഈ നിസ്സംഗതയെ നമ്മുടെ ചില സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ മിതവാദമെന്ന നാമധേയത്തില്‍ ആഘോഷിച്ചു.  ബാബരി ആക്രമണാനന്തര കേരളം കത്താതിരുന്നത് പാണക്കാട് തങ്ങള്‍ ഉണ്ടായിരുന്നത്‌കൊണ്ടാണെന്നു പറഞ്ഞത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു.  പിന്നീട് വലതു പക്ഷ മതേതര മുഖ്യധാര അതേറ്റെടുത്തു.  പിന്നീട് ലീഗത് ഒരഭിമാനമായി കൊണ്ടുനടന്നു.  പാണക്കാട്ടെ തങ്ങള്‍ ഇല്ലാത്ത ഉത്തരേന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിനുപുറത്തുള്ള മുസ്‌ലിംകള്‍ ബാബരി ആക്രമണാന്തരം വമ്പിച്ച കലാപം അഴിച്ചു വിടുകയായിരുന്നു എന്ന അവാസ്തവത്തിനു മുകൡലാണ് ഈ ലീഗ് മഹാത്മ്യം നിലനില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ലീഗിന് കഴിയുമായിരുന്നില്ല.

ഉത്തരേന്ത്യയിലെങ്ങാനും ഒരു പള്ളിപൊളിച്ചതിന് കേരളത്തില്‍ എന്തിനാണ് ഭരണം വിടുന്നതെന്നതായിരുന്നു ലീഗിന് ഒരിക്കലും മനസ്സിലാവാത്ത യുക്തി.  അത് ഒരു പ്രതിഷേധവും സമരവുമാണെന്ന് സ്വന്തം അഖിലേന്ത്യ പ്രസിഡന്റും പാര്‍ട്ടിയിലെ ഒരു വിഭാഗവും പറഞ്ഞത് ലീഗ് അംഗീകരിക്കാതിരുന്നത് അധികാര ലഹരികാരണമാണെന്നതിനൊപ്പം സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷ മനസ്സിലാക്കാനുള്ള ശേഷിയില്ലായ്മ കൊണ്ടുകൂടിയാണ്.  അധികാരത്തിന്റെ രാഷ്ട്രീയമല്ലാതെ പ്രതിഷേധത്തിന്റെയും പ്രഷോഭത്തിന്റെയും രാഷ്ട്രീയം ലീഗിന് വഴങ്ങുന്ന കാര്യമായിരുന്നില്ല.  രാഷ്ട്രീയമെന്നാല്‍ നിലപാടിനുവേണ്ടിയുള്ളതല്ല അധികാരത്തിനുവേണ്ടിയുള്ളതാണെന്ന സമവായത്തിലേക്ക് ലീഗെത്തി എന്നതാണ് 92ല്‍ സംഭവിച്ചത്.

91 ലെ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലും വടകരയിലും ബി.ജെ.പി ആവശ്യപ്പെട്ട സ്ഥാനാര്‍ഥികളെ ലീഗ് മുന്‍കൈയ്യില്‍ ബി.ജെ.പി പിന്തുണയുള്ള യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിപ്പിച്ചു.  ലീഗീ തര മുസ്‌ലിം- രാഷ്ട്രീയം അതിനെതിരെ ആഞ്ഞടിച്ചു.  ആ ക്യാംപയിന്‍ വടകര ബേപ്പൂര്‍ ലോകസഭാനിയമസഭാ മണ്ഡലങ്ങളിലെ മുസ്‌ലിം സാമാന്യജനത്തിനു മതേതര സമൂഹത്തിനും മനസ്സിലായി.  ലീഗിനത് ഇപ്പോഴും മനസ്സിലായിരിക്കാനിടയില്ല.  ലീഗ് ആലോചിച്ചിട്ടുണ്ടാവുക സ്ഥിരമായ് എല്‍.ഡി.എഫ് ജയിക്കുന്ന ഒരു ലോകസഭ മണ്ഡലത്തിലും നിയമസഭാമണ്ഡലത്തിലും ബി.ജെ.പി വോട്ട് കൂടി വാങ്ങി യു.ഡി.എഫ് സ്വതന്ത്രര്‍ ജയിക്കുക എന്നത് രാഷ്ട്രീയമായി ഗുണകരമായ കാര്യമല്ലേ? അതിലെന്താണ് കുഴപ്പം? അത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും ഹൈന്ദവഫാസിസം പരോക്ഷമായ് നിയമസഭയില്‍ എക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുകയാണ് എന്ന നിരീക്ഷണങ്ങളൊന്നും ലീഗിന്റെ റെയ്ഞ്ചിനകത്തുള്ള കാര്യങ്ങളല്ല.   കാരണം ഫാസിസത്തെക്കുറിച്ച നിതാന്ത ജാഗ്രത ഒരു രാഷ്ട്രീയ കാഴച്ചപ്പാടായ് ഒരു വിഭാഗത്തിനില്ലാതാവുന്നതോടെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഏത് ഫാസിസവുമായ ധാരണയാവാമെന്ന നിലപാടില്ലായ്മയിലേക്ക് അവര്‍ എത്തിച്ചേരും.

2004 ലെ തെരഞ്ഞെടുപ്പില്‍ സ്വന്തം അഖിലേന്ത്യാ പ്രസിഡന്റിന് മഞ്ചേരിയില്‍ സീറ്റ് നിഷേധിച്ചു.  തുടര്‍ന്നൊഴിവുവന്ന രാജ്യസഭയിലും അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയില്ല.  പകരം ലീഗിലെ വ്യവസായ പ്രമുഖന് നല്‍കി.  സീറ്റ് നിഷേധിക്കപ്പെട്ട ജി.എം ബനാത്‌വാല ഇന്ത്യയിലെ തന്നെ മികച്ച പാര്‍ലമെന്റ് മെമ്പര്‍മാരില്‍ ഒരാളാണ്.  പാര്‍ലമെന്റിലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ശക്തമായ പ്രതിനിധാനമാണ്.  85 ലെ ശരീഅത്ത് വിവാദവുമായ് ബന്ധപ്പെട്ട രണ്ട് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മികച്ച പര്‍ലമെന്റേറിയന്‍ ജി.എം. ബനാത്‌വാലയെക്കുറിച്ച് മുസ്‌ലിംലീഗിന്റെ ചരിത്രകാരനും സൈദ്ധാന്തികനുമായ എം.സി വടകര എഴുതുന്നു.

''ഇന്ന് നടക്കുന്ന സംവാദത്തിന്റെ ശ്രദ്ധാ ബിന്ദു. ജ:ജി.എം ബനാത്ത്‌വാല സാഹിബാണല്ലോ.  രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രീയ സംഘടനയുടെ ജനറല്‍ സിക്രട്ടറിയാണദ്ദേഹം.  ഭരണഘടനയില്‍ നിന്ന് നാല്‍പത്തിനാലാം. അനുച്ഛേദം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട്‌കൊണ്ട് അദ്ദ്ഹം ലോക്‌സഭയില്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലും പുതിയ സുപ്രീം കോടതിവിധിയുടെ വെളിച്ചത്തില്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 125 വകുപ്പിന്റെ ആക്രമണത്തില്‍ നിന്ന് മുസ്‌ലിം വ്യക്തി നിയമത്തെ സംരക്ഷിക്കാനുദ്ദേശിച്ചുകൊണ്ട് അദ്ദേഹം തന്നെ അവതരിപ്പിച്ച മറ്റൊരു ബില്ലും സമകാലീന മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്.  ഇത് സംബന്ധമായി അദ്ദേഹം ലോക്‌സഭയില്‍ ചെയ്ത ആലോചനാമൃതങ്ങളായ അഞ്ച് പ്രാഭാഷണങ്ങള്‍ ശരീഅത്തിന്റെ ശത്രുക്കളെപ്പോലും വിസ്മയിപ്പിക്കത്തക്കതായിരുന്നു.  മഹാരാഷ്ട്രത്തിന്റെ ആ വീര പുത്രന്‍ ഇന്ന് മുസ്‌ലിം ഭരതത്തിന്റെ മുഴുവന്‍ വാത്സല്യ ഭാജനമായിക്കഴിഞ്ഞു.  ഖാഇദമില്ലെത്തിന്റെ കാല്‍പാടുകളിലൂടെ ലക്ഷ്യബോധത്തിന്റെ വെട്ടം വിതറിയ കാല്‍പടവുകൡലൂടെ ധീരമായി മുന്നേറിക്കൊണ്ട് സാഹസികനായ ആ മെലിഞ്ഞ് വിളര്‍ത്ത മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പോരാട്ടം നമ്മുടെ ചരിത്രത്തിന്റെ പുളകമാണ്.''(ശരീഅത്തിന്റെ രാഷ്ട്രീയം 1985)

ഇന്നത്തെ മുസ്‌ലിംലീഗിനെ സംബന്ധിച്ചെടുത്തോളം ഒരാളെ പാര്‍ലമെന്റംഗമാക്കുന്നതിന്റെ മാനദണ്ഡം പാര്‍ലമെന്ററി പ്രാത്ഭമല്ല.  കാരണം പാര്‍ലമെന്റില്‍ പോയിട്ട് അങ്ങനെ കാഴ്ച്ചപ്പാടോടെ എന്തെങ്കിലും ചെയ്യണമെന്ന് അത് ആഗ്രഹിക്കുന്നേയില്ല.  ഇന്ത്യന്‍ മുസ്‌ലിംകള്‍ ലീഗിന്റെ പരിഗണനയേ അല്ലാതായിട്ട് കൊല്ലങ്ങള്‍ കുറേയായി.  അങ്ങനെയാണ് സേട്ടു സാഹിബെന്ന അഖിലേന്ത്യാ പ്രസിഡന്റ് പാര്‍ട്ടിക്ക് പുറത്താവുന്നത്.  ബനാത്‌വാല എന്ന പ്രസിഡണ്ടിന് പാര്‍ലമെന്റില്‍ സീറ്റ് നിഷേധിക്കപ്പെടുന്നത്.  ഒരു പാര്‍ലമെന്റേറിയനേ അല്ലാത്ത വലിയ ഒരു പൊതു പവര്‍ത്തകന്‍പോലുമല്ലാത്ത ലീഗ് വ്യവസായി പാര്‍ലമെന്റംഗമാവുന്നത്.


കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളായി മുസ്‌ലിം സമൂഹം കടന്നു പോയ സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങളുണ്ട്.  പ്രത്യേകിച്ച് ആഗോളവത്ക്കരണത്തിനും ഇസ്രായേലുമായുള്ള നയതന്ത്രബന്ധസ്ഥാപനത്തിനും ശേഷം അരങ്ങേറിയ സമുദായത്തിനെതിരായ ഭരണകൂടഭീകരതകള്‍. ബട്‌ല ഹൗസ് മുതല്‍ അബ്ദുന്നാസര്‍ മഅ്ദനി വരെയുള്ള.  അതിനപ്പുറവും ഇപ്പുറവുമുള്ള നിരവധി സംഭവങ്ങള്‍.  പൗരാവകാശ പ്രവര്‍ത്തകരുടെയും മുസ്‌ലിം സമൂഹത്തിലെ ചില ഗ്രൂപ്പുകളുടെയും സാഹസികവും നിരന്തരവുമായ ശ്രമഫലമായ് ഇപ്പോള്‍ ഇക്കാര്യം പൊതുസമൂഹത്തിനും ഒടുവില്‍ സര്‍ക്കാരിനു തന്നെയും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.  ഈയടുത്ത കാലത്ത് ഏറ്റവുമധികം രക്തസാക്ഷികള്‍ സൃഷ്ടിക്കപ്പെട്ട ജനാധിപത്യ പോരാട്ടമാണത്.  ഇന്റലിജന്‍സിന്റെയും പോലീസിന്റെയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കേസ് നടത്തിയ ബോംബയിലെ
 ഷാഹിദ് ആസമി എന്ന യുവ അഭിഭാഷകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.  കൊല്ലപ്പെടുന്ന വിവരാവകാശ പ്രവര്‍ത്തകരുടെ സംഖ്യ വര്‍ദ്ധിക്കുകയാണ്.  ഭരണകൂട ഭീകരതക്കെതിരെ മുസ്‌ലിംലീഗ് ചെറുവിരലനക്കിയതായി കാണാന്‍ കഴിയില്ല.  എന്നല്ല അത്തരം ഘട്ടങ്ങളില്‍ ഭരണകൂടത്തിന്റെ പക്ഷത്തുനിന്നു ഇരകളെ ഭര്‍ത്സിക്കുക എന്നതായിരുന്നു ലീഗിന്റെ നയം.  രാജ്യത്ത് ഇനിയും കടുത്ത കരിനിയമങ്ങള്‍ വേണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് ലേഖനം എഴുതുന്നു.  ഒപ്പം ലീഗ് വിദ്യാര്‍ഥി സംഘടന ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ ഇറോം ശര്‍മിളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്് എ.എഫ്.എഫ്.സി.എ എന്ന കരിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന സാംസ്‌കരിക പരിപാടി നടത്തുന്നു.

സപ്തംബര്‍ 11ന് ശേഷം കൊടുമ്പിരിക്കൊണ്ട ഇസ്‌ലാമോ ഫോബിയയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാനല്ല ലീഗ് ശ്രമിച്ചത് അതിനെ ഉപയോഗപ്പെടുത്തി സാമ്രാജത്യത്തിനും മുഖ്യധാരക്കും പ്രിയപ്പെട്ട 'നല്ല മുസ്‌ലിം' ആയിത്തീരാനാണ്.  ഇസ്‌ലാമോ ഫോബിയയുടെ ഉഷ്ണകാലത്ത് വെയിലത്ത് നിര്‍ത്തപ്പെടുന്ന ഇതര മുസ്‌ലിം സംഘടനകളെ സാമ്രാജ്യത്വത്തിനും മുഖ്യധാരകളുമൊപ്പം നിന്ന് അക്രമിക്കാനാണ്.  ഇത് ധാര്‍മ്മിക ജീര്‍ണത എന്നതിനേക്കാള്‍ ഗൗരവത്തിലും സത്യസന്ധമായും സൈദ്ധാന്തികമായും സാഹചര്യങ്ങളെ വിശകലനം ചെയ്ത് നിലപാടു സ്വീകരിക്കാതിരിക്കുന്നതിന്റെ അനിവര്യ ഫലമാണ്.

ലോകത്തിലെ പുതിയ വൈജ്ഞാനിക രാഷ്ട്രീയ പ്രവണതകളോട് ഏറ്റവും ഉയര്‍ന്ന സംവേദനം പുലര്‍ത്തുന്നവരാണ് വര്‍ത്തമാന മുസ്‌ലിം സമൂഹം.  പരസ്ഥിതി, സ്ത്രീ, ദളിത് സമീപനങ്ങളുമായ്,  മനുഷ്യാവകാശ ആക്റ്റിവിസവുമായ് ഒക്കെ വലിയ ബന്ധങ്ങള്‍ ഒരു സമൂഹം എന്ന നിലക്ക് തന്നെ അവര്‍ പുലര്‍ത്തുന്നുണ്ട്.  ലീഗുമായ് ബന്ധമുള്ളതുതന്നെയായ മതസംഘടനകള്‍ പ്രകടിപ്പിക്കുന്ന നവീനതയും  ചലനാത്മകതയും പോലും ലീഗിനോ അതിന്റെ പോഷക സംഘടനകള്‍ക്കോ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല.  എല്ലാവരും എന്തൊക്കയോ ചെയ്യുന്നു എന്ന തോന്നലിന്റെ പേരില്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്തുനോക്കാറുണ്ട്.  അതിന് ഒരു മുനയോ മുഖമോ തുടര്‍ച്ചയോ ഉണ്ടാവാറില്ല.  ഉണ്ടാകാനാവശ്യമായ ഒരു സാംസ്‌കാരിക മൂലധനവും ലീഗിന്റെ വശമില്ല.

കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ മത്സരിച്ച് സാംസ്‌കാരിക പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും തങ്ങളുടെ പരമ്പരാഗത പത്രമാസികകളെ ആ സ്വഭാവത്തില്‍ പുനക്രമീകരിക്കുകയും ചെയ്യുന്ന കാലത്ത് ഏറെ പാരമ്പര്യമുണ്ടായിരുന്ന ചന്ദ്രിക ആഴ്ചപതിപ്പ് അടച്ചു പൂട്ടുകയാണ് ലീഗ് ചെയ്തത്.  പി.സുരേന്ദ്രന്‍ ഒരിക്കല്‍ എഴുതിയ പോലെ ഭരണത്തില്‍ വരുമ്പോഴെല്ലാം സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മുതലായ ഔദ്ധ്യോഗിക സാംസ്‌കാരിക സ്ഥാപനങ്ങളില്‍  നിന്നെല്ലാം സുരക്ഷിതമായ അകലം പാലിക്കാന്‍ ലീഗ് ശ്രമിച്ചു പോരാറുണ്ട്.  കേരളത്തിലെ മുസ്‌ലിം മത സാമൂഹ്യ സംഘടനകളുടെ സര്‍ഗാത്മകതയുടെ അളവ് ലീഗുമായുള്ള അകലത്തിന്റെ അനുപാതതിനുസരിച്ചാണെന്ന് അവയെ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ബോധ്യമാവും.

പരിസ്ഥിതി വികസന വിഷയത്തില്‍ ഇടപെടമണെന്ന ചെറിയ ആഗ്രഹങ്ങള്‍ ഇപ്പോള്‍ ലീഗിനുണ്ട്.  കേരള വികസനവുമായ് ബന്ധപെട്ട ചില പരിപാടികള്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.  വികസനത്തെക്കുറിച്ച്  ലീഗിന് സവിശേഷമായ് എന്താണ് പറയാനുള്ളതെന്ന് കേരളത്തിനിതുവരെ ബോധ്യമായിട്ടില്ല.  ലീഗിനുതന്നെയും ബോധ്യമായിട്ടുണ്ടാവില്ല.  കെ.ടി. ജലീല്‍ ലീഗിലുണ്ടായിരുന്ന അവസാന കാലത്ത് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് യോഗത്തില്‍ പറഞ്ഞതായി പത്ര വാര്‍ത്ത വന്നിരുന്നു.  ''ജലീലെന്തോ പരിസ്ഥിതി എന്നൊക്കെ പറയുന്നുണ്ട്, അതും ലീഗും തമ്മിലെന്താണ് ബന്ധമെന്നെനിക്ക് മനസ്സിലായിട്ടില്ല.''

അഞ്ചു വര്‍ഷം മുമ്പ് ലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോള്‍, കുഞ്ഞാലിക്കുട്ടി മുതല്‍ മുനീര്‍ വരെ എല്ലാ സമുന്നത നേതാക്കളും ജനവിധിക്കു മുന്നില്‍ അടിയറവു പറഞ്ഞപ്പോള്‍ ലീഗിന് ചില ബോധോദയങ്ങള്‍ ഉണ്ടായ പോലെ അനുഭവപ്പെട്ടിരുന്നു.  മുസ്‌ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും മറ്റും തൃശൂരില്‍ വിളിച്ചു കൂട്ടിയിരുന്നു.  അതിനു മുമ്പ് കോട്ടക്കലില്‍ യോഗം ചേര്‍ന്ന് തെറ്റു തിരുത്താനും പുതിയ നയ സമീപനങ്ങള്‍  സ്വീകരിക്കാനും തീരുമാനിച്ചിരുന്നു.  അതു നടപ്പിലാക്കാനുള്ള ജൈവശേഷി ലീഗിനില്ല എന്നതായിരുന്നു അതു നടപ്പിലാവാതെ പോയതിന്റെ ഒന്നാമത്തെ കാരണം.  രണ്ടാമതായി കാലം ഇത്തിരി മുന്നോട്ട് പോയപ്പോള്‍ രാഷ്ട്രീയ കാലവസ്ഥയില്‍ സാരമായ മാറ്റം വന്നതായി ലീഗിനു ബോധ്യമായി.  അടുത്ത ഭരണം യു.ഡി.എഫിനു തന്നെ. ഇനി തിരിഞ്ഞു നോക്കേണ്ടതില്ല.  പുനര്‍ വിചാരത്തിന് പ്രസക്തിയില്ല.  ആവശ്യമില്ല, ലീഗിന്റെ വിവാദ നയങ്ങളെല്ലാം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു.

അനുഭവം  മികച്ച ഗുരുനാഥനാണ്.  പക്ഷേ ഏറ്റവും ക്രൂരമായാണ് അത് പഠിപ്പിക്കുക എന്നു മാത്രം. അതേ അഞ്ചുവര്‍ഷം കറങ്ങി പൂര്‍ത്തിയാവും മുമ്പ് ലീഗിലെന്തെക്കേയോ പുഴുക്കുത്തുകളുണ്ടെന്ന പ്രതീതി അവഗണിക്കാനാവാത്ത വിധം. വീണ്ടും ശക്തിപ്പെട്ടിരിക്കുന്നു.  കേവല പ്രായോഗികതയില്‍ കെട്ടിപ്പടുത്താല്‍ കുറേ കഴിയുമ്പോള്‍ അത് അപ്രായോഗികമായിത്തീരും.  കാരണം കേവല പ്രായോഗികത എന്നാല്‍ ജീര്‍ണതയെയും അധാര്‍മികതയെയും ചെറുക്കാനുള്ള മുഴുവന്‍ പ്രതിരോധശേഷിയും നഷ്ടപ്പെടുന്ന അവസ്ഥയാണ്.  അധാര്‍മികതയുടെ പ്രതിരോധം തത്വാധിഷ്ഠിത നിലപാടുകളാണ്. 

ഇപ്പോഴെത്തെ ലീഗിനേക്കാള്‍ ധാര്‍മ്മികതയും സാംസ്‌കാരിക നിലവാരവും വര്‍ത്തമാന കേരളത്തിലെ മുസ്‌ലിം സമൂഹത്തിനുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഭാവുകത്വ വികാസത്തിനൊപ്പം വളരാന്‍  ലീഗിനു കഴിഞ്ഞില്ല.  ലീഗിനേക്കാള്‍ നല്ല  രാഷ്ട്രീയ പ്രതിനിധാനം കേരളത്തിലെ മുസ്‌ലിം സമൂഹം അര്‍ഹിക്കുന്നുണ്ട്.
ഇപ്പോഴെത്തെ വെളിപ്പെടുത്തലുകളില്‍, അല്ല ഇതിനു മുമ്പുള്ള അനാവരണങ്ങളിലും സത്യത്തിന്റെ എത്രയെങ്കിലും അംശമുണ്ടെങ്കില്‍ 92 ഡിസംബര്‍ 6 ശേഷം മുസ്‌ലിം സമൂഹം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ നാളുകളില്‍ ലീഗ് നേതൃത്വം എന്തെടുക്കുകയായിരുന്നു എന്നതിന്റെ നഗനവാര്‍ത്തകളായിരിക്കുമത്.  നിലപാടില്ലായ്മ ഒരുപാര്‍ട്ടിക്ക്  അലങ്കാരമാണെങ്കില്‍ ഈ വിവാദം അതിന്റെ തൊങ്ങലും.  തോരണങ്ങളുമാണ്.

മുസ്‌ലിം ലീഗ് നേതൃനിരിയില്‍ തന്നെയുള്ള എന്റെ സുഹൃത്ത് പറഞ്ഞത് പോലെ "ദൗത്യമവസാനിച്ചു പോയ, അജണ്ട തീര്‍ന്നു പോയ പ്രസ്ഥാനമാണ് ലീഗ്.  വെള്ളം കോരികളും വിറകുവെട്ടികളുമായിരുന്ന ഒരു സമുദായത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതായിരുന്നു അതേറ്റടുത്ത ദൗത്യം. ലീഗിനാവുന്ന അളവില്‍ ലീഗത് ചെയ്തു കഴിഞ്ഞു.  അതിനുവേണ്ടി നേതാക്കള്‍ ത്യാഗം ചെയ്തു.  ലീഗിനെക്കൊണ്ടാവുന്ന വിധത്തില്‍ അവര്‍ സമുദായത്തെ മുഖ്യധാരയില്‍ കൊണ്ടു വന്നു.  ഇനി ഇതിലപ്പുറം എന്തെങ്കിലും ചെയ്യാനുള്ള ഉള്‍ക്കാഴ്ച്ചയോ സര്‍ഗശേഷിയോ ലീഗിനില്ല.  മിഷനും അജണ്ടയും തീര്‍ന്നപ്പോള്‍ ഒരു സംഘടന എന്ന നിലക്ക് ജീര്‍ണ്ണിച്ചു തീരുക എന്നതുമാത്രമാണ് അതിനു മുന്നിലെ ഏക വഴി.

മുസ്‌ലിം സമൂഹത്തില്‍ നിന്നും കോണ്‍ഗ്രസ്സും കേരളകോണ്‍ഗ്രസ്സും പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അഡ്വ: ജയശങ്കറിനും വലതുപക്ഷ പൊതുബോധത്തിനും ആവശ്യമുണ്ടായിരിക്കാം.  പക്ഷെ മുസ്‌ലിം സമൂഹത്തിന് അതാവശ്യമേയില്ല.  അതായിരുന്നു അവരുടെ ആവശ്യമെങ്കില്‍ അവര്‍ ലീഗ് കെട്ടിപ്പടുക്കുകയോ അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല.  കോണ്‍ഗ്രസ്സിലോ കേരളാകോണ്‍ഗ്രസ്സിലോ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മതിയായിരുന്നു.  മുസ്‌ലിം സമൂഹത്തിന്റെ സവിശേഷമായ ഉല്‍ക്കര്‍ഷങ്ങളും അഭിലാഷങ്ങളും പ്രതിനിധീകരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ മാത്രമേ അവരെ സംബന്ധിച്ചെടുത്തോളം ഇത്തരമൊരു പാര്‍ട്ടിക്ക് പ്രസക്തിയുള്ളൂ.

My Photo
T Mohammed Velam


Share/Bookmark

No comments: