scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Mar 19, 2011

സാര്‍ഥകം ഈ ജയില്‍വാസം...


ചെയ്യാത്ത കുറ്റത്തിന് പതിനെട്ട് മാസം കൊടിയ പീഡനങ്ങളേറ്റ് ജയിലില്‍. പിന്നെ, കുറ്റക്കാരനല്ലെന്ന് പറഞ്ഞ് കോടതി വിട്ടയക്കുന്നു. ഒന്നര വര്‍ഷത്തിനുശേഷം ജയിലിലുള്ള സഹോദരനെ സന്ദര്‍ശിച്ചുവെന്ന മഹാകുറ്റത്തിന് വീണ്ടും ഒരുവര്‍ഷം ജയിലില്‍. ഉയര്‍ന്ന മാര്‍ക്കുവാങ്ങി യോഗ്യത സ്വന്തമാക്കി ആശിച്ച് നേടിയ വൈദ്യശാസ്ത്ര പഠനം പാതിവഴിയില്‍ മുടങ്ങല്‍. ഏറെ ബുദ്ധിമുട്ടി വീണ്ടുമാരംഭിച്ച നിയമപഠനം പെരുവഴിയിലാകല്‍. അതിനിടെ, തന്നെ ഏത് കുറ്റത്തിനാണോ ജയിലിലടയ്ക്കുകയും ഭീകരമായി പീഡിപ്പിക്കുകയും ചെയ്തത്, യഥാര്‍ഥത്തില്‍ അതേ കുറ്റം ചെയ്തയാളെ ജയിലില്‍വെച്ച് കണ്ടുമുട്ടുകയെന്ന വിധിവൈപരീത്യവും. 23 വയസ്സിനിടെ ഇത്രയൊക്കെ അനുഭവിച്ച ഒരു ചെറുപ്പക്കാരന്റെ ജീവിതം വെറുതെയാകാന്‍ ഇതിനപ്പുറം കാരണങ്ങള്‍ വേണോ? പക്ഷേ, ഹൈദരാബാദ് സ്വദേശി അബ്ദുല്‍ കലീമിന്റെ ജീവിതം ഈ കാരണങ്ങളാല്‍ അര്‍ഥപൂര്‍ണമാവുകയാണ് ചെയ്തത് എന്നത് കാലം കാത്തുവെച്ച കാവ്യനീതി.
ഇന്ത്യയില്‍ എല്ലാരുമറിഞ്ഞിട്ടും ആരുമറിയാത്ത രഹസ്യമുണ്ട്; രാജ്യത്ത് ഇടക്കിടെ നടക്കുന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന്. ആ രഹസ്യത്തിന്റെ പൂട്ട് തുറക്കാനുള്ള താക്കോലായി മാറി അബ്ദുല്‍ കലീമിന്റെ ജയില്‍വാസം. അതുകൊണ്ടുതന്നെ, ജീവിതംകൊണ്ട് ഈ യുവാവ് നടത്തിയ ബലിദാനം സാര്‍ഥകമാവുകയാണ്; ഒരു സമുദായത്തിനും അതുവഴി ഒരു മഹാരാജ്യത്തിനും.
രണ്ടാംവട്ടവും ജയില്‍മോചിതനായി 15ാംദിവസം സോളിഡാരിറ്റി  സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കൊച്ചിയിലെത്തിയ കലീം ജയിലില്‍ താന്‍ അനുഭവിച്ച പീഡനങ്ങളുടെ കഥ ആഴ്ചപ്പതിപ്പുമായി പങ്കുവെക്കുന്നു. ഇത് ഒരു കഥയല്ല, ചോരയുറഞ്ഞുപോകുന്ന പീഡനങ്ങളുടെ അനുഭവസാക്ഷ്യമാണ്; ഒപ്പം സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച സ്വാമി അസിമാനന്ദയെന്ന സംഘ്പരിവാര്‍ നേതാവിനെ പശ്ചാത്താപത്തിന്റെ വഴിയിലൂടെ കൈപിടിച്ച് നടത്തി തുറന്നുപറച്ചിലെന്ന വെളിപാടിലേക്ക് എത്തിച്ച മനഃപരിവര്‍ത്തനത്തിന്റെ വിവരണംകൂടിയാണ്.
ജയിലിലേക്കുള്ള വഴി
2007 മേയ് 18നാണ് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടനമുണ്ടാകുന്നത്. സ്‌ഫോടനം നടന്ന് അരമണിക്കൂറിനകം പൊലീസ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ ബ്രെയിന്‍ ഏതെന്ന് 'തിരിച്ചറിഞ്ഞു'. സൗദിയില്‍ ജോലി ചെയ്യുന്ന ഷാഹിദ് ബിലാല്‍. യഥാര്‍ഥത്തില്‍ ഇയാളുടെ പേര് മുഹമ്മദ് അബ്ദുല്‍ ഷാഹിദ് എന്നാണ്. പേരിന് ഒരു കനംകിട്ടാന്‍ പൊലീസ്തന്നെ കൂട്ടിച്ചേര്‍ത്തതാണ് ബിലാല്‍ എന്ന വാക്ക്. സൗദിയില്‍ കഴിയുന്ന ഇയാളാണ് സമീപകാലത്ത് നടന്ന ഒട്ടുമിക്ക സ്‌ഫോടനങ്ങളുടെയും ആസൂത്രകനെന്ന് പൊലീസ് ഭാഷ്യം. ആസൂത്രകനെ കിട്ടിയാല്‍ പിന്നെ പദ്ധതി നടപ്പാക്കിയയാളെ കണ്ടെത്തലാണല്ലോ അടുത്ത പടി. ഷാഹിദിന്റെ ബന്ധുവും അയല്‍വാസിയുമായ ഞാനാണ്  മുഖ്യപ്രതിയെന്ന് അന്ന് വൈകുന്നേരത്തോടെതന്നെ പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രഖ്യാപനം വന്നു. സ്‌ഫോടനക്കേസ് പ്രതിയെ നേരെ വീട്ടില്‍വന്ന് വെറുതെയങ്ങ് അറസ്റ്റുചെയ്യുന്നത് നല്ല രീതിയല്ലല്ലോ. അതുകൊണ്ട്, അറസ്റ്റിലും ചേര്‍ത്തു അല്‍പം നാടകീയത. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന  എന്റെ ബൈക്കില്‍ ഓംനി വാന്‍കൊണ്ടിടിക്കുകയായിരുന്നു. ബാലന്‍സ്‌തെറ്റി റോഡില്‍ വീണതും വാനിലേക്ക് വലിച്ചിട്ടു. പിന്നെ, നാലഞ്ചുമണിക്കൂര്‍ കണ്ണുകെട്ടിയുള്ള യാത്രയായിരുന്നു. ഇതിനിടെ, നാല് വാനുകളില്‍ മാറിമാറി സഞ്ചരിച്ച് ഒടുവില്‍ ഒറ്റപ്പെട്ട പ്രദേശത്തെ ഫാംഹൗസില്‍ എത്തിച്ചു. അവിടെ എത്തിയപ്പോഴാണ്  അറിയുന്നത് മക്കാ മസ്ജിദ് സ്‌ഫോടനം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാണ് ഞാനെന്ന്. പിടിയിലാകുമ്പോള്‍ ഈ അഖിലേന്ത്യാ ഭീകരന്റെ പ്രായം 19! ഹൈദരാബാദ് കാമിനേനി മെഡിക്കല്‍കോളജ് വിദ്യാര്‍ഥി.  എന്നെ മാത്രമല്ല,  170 പേരെ ഈ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. എല്ലാവരും മെഡിക്കല്‍, എന്‍ജിനീയറിങ്, എം.ബി.എ തുടങ്ങിയ പ്രഫഷനല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍.  പരസ്‌പരം കാണാത്തവിധം പല കേന്ദ്രങ്ങളിലാണ് ഞങ്ങളെ എത്തിച്ചത്.

ഇനി പീഡനപര്‍വം
കുറ്റാന്വേഷണത്തിന് ലോകമെങ്ങും നടപ്പുള്ളൊരു രീതിയുണ്ട്. ആദ്യം തെളിവ് ശേഖരിക്കുക, അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുക, കുറ്റം തെളിയിക്കുക, ശിക്ഷിക്കുക. ഇത് അതേപടി പിന്തുടര്‍ന്നാല്‍ അനുകരണമാകും. അതുകൊണ്ട്, നമ്മുടെ അന്വേഷണസംവിധാനങ്ങള്‍ മിക്കപ്പോഴും നേരെ എതിരായാണ് കാര്യങ്ങള്‍ ചെയ്യുക. ആദ്യം കുറെപേരെ പിടിക്കുക. പിന്നെ, അവരില്‍നിന്ന് ആരെയൊക്കെ പ്രതികളാക്കണമെന്ന് തീരുമാനിക്കുക. അതിനനുസരിച്ച് തെളിവുകളുണ്ടാക്കുക. കോടതിയില്‍ ഹാജരാക്കി ശിക്ഷിക്കുക. അതിന് ആദ്യം വേണ്ടത് പ്രതിയാണെന്ന് തങ്ങള്‍ തീരുമാനിച്ചയാള്‍ കുറ്റം സമ്മതിച്ചുകിട്ടുക എന്നതാണ്. അതിന് ഏറ്റവും എളുപ്പവഴി മൂന്നാംമുറയാണ്. എന്റെ കാര്യത്തില്‍ പ്രയോഗിച്ചതിനെ മൂന്നാംമുറ എന്ന് പറയാമോ എന്നറിയില്ല. എന്തു വിളിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുക; ഇത് വായിച്ചശേഷം.

പിടികൂടി ഫാംഹൗസില്‍ എത്തിച്ച ശേഷം അന്വേഷണസംഘം ആദ്യം ചെയ്തത്  പൂര്‍ണ നഗ്‌നനാക്കുകയാണ്. അടിവസ്ത്രമടക്കമുള്ള മുഴുവന്‍ വസ്ത്രങ്ങളും അഴിച്ചുമാറ്റി. അതിനുശേഷമാണ് ചോദ്യംചെയ്യല്‍ തുടങ്ങിയത്. ചോദ്യംചെയ്യലെന്നാല്‍, ഒറ്റക്കാര്യം മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. ചില തീവ്രവാദ സംഘടനകളുടെ നിര്‍ദേശപ്രകാരം ഞാനാണ് മക്കാ മസ്ജിദില്‍ സ്‌ഫോടനം നടത്തിയതെന്ന് സമ്മതിച്ചാല്‍ മതി. ഓരോ പ്രാവശ്യം നിഷേധിക്കുമ്പോഴും പിരടിയില്‍ ശക്തമായി അടി. മൂന്നര മണിക്കൂര്‍ ഇങ്ങനെ ചോദ്യവും അടിയും തുടര്‍ന്നതോടെ ഞാന്‍ കുഴഞ്ഞുവീണു. അതോടെ വെറും തറയില്‍ നഗ്‌നനായ നിലയില്‍ ഉപേക്ഷിച്ച് മുറിപൂട്ടി സംഘം മടങ്ങി. പിറ്റേദിവസം സംഘമെത്തിയത് ചെറിയൊരു പെട്ടിയുമായാണ്. അത് പ്ലഗില്‍ കുത്തി ഷോക്കടിപ്പിക്കലായിരുന്നു അന്നത്തെ ശിക്ഷാരീതി. അപ്പോഴും ആവശ്യം ഒന്നുമാത്രം: സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കണം. തലമുതല്‍ കാല്‍പാദംവരെ ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഷോക്കടിപ്പിച്ചു. നാല്‍പതോളം പ്രാവശ്യം ഇങ്ങനെ ഷോക്കടിപ്പിച്ചതോടെ  ഞാന്‍ ജീവന്‍ അവശേഷിപ്പില്ലെന്ന് തോന്നുംവിധം തളര്‍ന്നുവീണു. അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം എത്തിയ ഡോക്ടര്‍ വിശദമായി പരിശോധിച്ച്‌വിധിയെഴുതി- ഒരു കുഴപ്പവുമില്ല, പൂര്‍ണ ആരോഗ്യവാന്‍. അതോടെ ഷോക്ക് നല്‍കലും ചോദ്യംചെയ്യലും വീണ്ടും തുടങ്ങി. മൂന്നാം ദിനം പുതിയൊരു രീതിയാണ് പരീക്ഷിച്ചത്. കയറില്‍കെട്ടി മുകളിലെ കൊളുത്തില്‍ തൂക്കിയിട്ടശേഷം കട്ടിയുള്ള ബെല്‍റ്റുകൊണ്ട് അടിക്കുക. അടികൊണ്ട് ശരീരം മുഴുവന്‍ ചോരയൊലിക്കാന്‍ തുടങ്ങിയതോടെ സംഘത്തിലെ ഒരു വിദഗ്ധന്‍ ഏതോ ഒരു ഓയിന്റ്‌മെന്റ് പുരട്ടി. അതോടെ വേദന അസഹനീയമായി മാറി.
സംഘത്തിലൊരാളുടെ ഭാവനയിലുദിച്ചതായിരുന്നു നാലാം ദിനത്തിലെ ശിക്ഷാരീതി. അഞ്ച് ലിറ്ററിന്റെ കാനില്‍ വെള്ളംനിറച്ചശേഷം ലിംഗത്തില്‍ കെട്ടിത്തൂക്കുക. ഒപ്പം ഷോക്കടിപ്പിക്കലും. വിരലുകള്‍ പിന്നോട്ട് വളച്ച് ഒടിക്കലും ഇതിനൊപ്പം നടന്നു.

കൈ രണ്ടും കസേരയില്‍ പിന്നോട്ട് കെട്ടിവെച്ചശേഷം കാല്‍മുട്ടില്‍ രണ്ടുപേര്‍ കയറിനില്‍ക്കുന്ന രീതിയായിരുന്നു അടുത്ത ദിനത്തിലെ സ്‌പെഷല്‍. അപ്പോഴേക്കും അറിയിപ്പെത്തി; ഉന്നത ഉദ്യോഗസ്ഥന്‍ മൊഴിയെടുക്കാന്‍ വരുന്നുവെന്ന്. ഉന്നത ഉദ്യോഗസ്ഥന് മുന്നില്‍ കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെറ്റമ്മയെയും സഹോദരിയെയും നിന്റെ മുന്നിലിട്ട് മാനഭംഗപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പക്ഷേ, ഉന്നത ഉദ്യോഗസ്ഥന്റെ മുന്നിലും ഞാന്‍   നിലപാട് ആവര്‍ത്തിച്ചു; നിരപരാധികളെ കൊല്ലാന്‍ എന്റെ വിശ്വാസം എന്നെ അനുവദിക്കുന്നില്ല. ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം   കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നുപോലും ആരായാതെ കോടതി  ജയിലിലേക്ക് അയക്കുകയായിരുന്നു. സ്‌ഫോടനം നടത്തിയത് ഞാന്‍തന്നെയെന്ന് ഉറപ്പിക്കാന്‍ അന്വേഷണസംഘം കോടതിയുടെ അനുമതിയോടെ ബംഗളൂരുവിലെത്തിച്ച് നുണപരിശോധനയും നടത്തി. ഒരു പ്രാവശ്യം നടത്താനാണ് കോടതി നിര്‍ദേശിച്ചതെങ്കിലും ഉദ്യോഗസ്ഥര്‍ രണ്ടു പ്രാവശ്യമാണ് നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്തിയത്. ഈ ദിവസങ്ങളിലെല്ലാം ഹൈദരാബാദിലെയും ബംഗളൂരുവിലെയും പത്രങ്ങളുടെ ഒന്നാം പേജില്‍ വെണ്ടക്ക നിരന്നു, 'മക്കാ മസ്ജിദ് സ്‌ഫോടനം: കലീം കുറ്റമേറ്റു' എന്ന വാര്‍ത്തയുമായി. ഇതിനിടെ, വീട്ടിലെത്തിയ പൊലീസ് എന്റെ മാതാപിതാക്കളില്‍നിന്ന് നിര്‍ബന്ധപൂര്‍വം ഒരുകാര്യം എഴുതിവാങ്ങിയിരുന്നു, എനിക്ക് ഐ.എസ്.ഐ ബന്ധമുണ്ടെന്ന്. സഹോദരനെ സൗദിയിലേക്ക് യാത്രയയക്കാന്‍ മുംബൈയില്‍ പോയത് ഐ.എസ്.ഐ ബന്ധത്തിന് തെളിവായി മാറുകയും ചെയ്തു. ഇതോടെ ഞങ്ങളുടെ വീട്ടുകാരും സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു. താമസിച്ചിരുന്ന വാടകവീട്ടില്‍നിന്ന് വീട്ടുടമ ഇറക്കിവിട്ടു. തീവ്രവാദിയുടെ കുടുംബത്തിന് വാടകക്ക് വീട് നല്‍കാന്‍   ആരും തയാറായതുമില്ല. ഞാന്‍ അന്വേഷണസംഘത്തിന്റെ പീഡനത്തില്‍ നരകിക്കുമ്പോള്‍ തലചായ്ക്കാനൊരു ഇടംതേടി അലയുകയായിരുന്നു എന്റെ കുടുംബം. പൊലീസ് രണ്ട് കേസുകളാണ് എന്റെ മേല്‍ ചുമത്തിയത്. സ്‌ഫോടനത്തിന് ആവശ്യമായ ആര്‍.ഡി.എക്‌സ് വിതരണംചെയ്തതിനും സ്‌ഫോടനം ആസൂത്രണംചെയ്തതിനുള്ള സിംകാര്‍ഡുകള്‍ വിതരണം ചെയ്തതിനും. ഒന്നര വര്‍ഷം നീണ്ട വിചാരണക്കും ജയില്‍വാസത്തിനും ശേഷം ഒരു കേസില്‍ കോടതിയെന്നെ വെറുതെ വിട്ടു. രണ്ടാമത്തെ കേസില്‍ ജാമ്യവും അനുവദിച്ചു.

വീണ്ടും ജീവിതം തളിര്‍ക്കുമെന്നും പൂക്കുമെന്നുമുള്ള മോഹവുമായി പഴയ മെഡിക്കല്‍ കോളജില്‍ പഠനം പുനരാരംഭിച്ചപ്പോള്‍ അവിടെയും പൊലീസ് വില്ലനായെത്തി. എനിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കോളജ് അധികൃതരെ അറിയിച്ചു പൊലീസ്. ഒരു ദിവസം ക്ലാസിലെത്തിയ  എന്നെ കോളജ് സെക്രട്ടറി വിളിപ്പിച്ചു. തീവ്രവാദ ബന്ധമുള്ളവരെ ഇവിടെ പഠിക്കാനനുവദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ടി.സി നല്‍കാനായിരുന്നു അത്. ടി.സിയുമായി നിരാശനായി വീട്ടിലേക്ക് മടങ്ങി. എന്റെ മുഖം വാടിയിരിക്കുന്നത് കണ്ട്  വന്ന ഉമ്മ പറഞ്ഞു, ''ഇനി  ഡോക്ടറായി ആളുകളെ ചികിത്സിക്കലല്ല, ഒരു കുറ്റവും ചെയ്യാതെ ജയിലിലടയ്ക്കപ്പെട്ടവര്‍ക്ക് നീതി നേടിക്കൊടുക്കലാണ് നിന്റെ നിയോഗം'' എന്ന്.  അങ്ങനെ  ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് നിയമബിരുദത്തിന് ചേരാന്‍ തീരുമാനിച്ചത്. പ്രവേശനനടപടികള്‍ അതിനകം പൂര്‍ത്തിയായിരുന്നെങ്കിലും തൊട്ടടുത്തുള്ള മഹാത്മാ ഗാന്ധി ലോ കോളജ് കലീമിന് മാനേജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശനം നല്‍കി. നിയമപഠനം തുടരവെയാണ് സഹോദരന്‍ ശൈഖ് ഖാജ സൗദിയില്‍നിന്ന് അവധിക്ക് നാട്ടിലേക്ക് തിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ ശൈഖ് ഖാജയെ പക്ഷേ, പൊലീസ് കുടുക്കി, ഷാഹിദ് ബിലാലിന്റെ കൂട്ടാളി എന്ന പേരില്‍. ഹൈദരാബാദില്‍നിന്നാണ് പിടികൂടിയതെങ്കിലും ശ്രീലങ്കയില്‍നിന്ന് അറസ്റ്റ് ചെയ്തതായാണ് രേഖകള്‍. പാകിസ്താനിലും ബംഗ്ലാദേശിലും തീവ്രവാദ പരിശീലനം നേടിയയാളാണെന്ന് പൊലീസ് വിശദീകരിക്കുകയും ചെയ്യുന്നു.
ജയിലിലായ സഹോദരനെ സന്ദര്‍ശിക്കാന്‍ പോയതാണ്  രണ്ടാംവട്ടവും എന്നെ ജയിലിലെത്തിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി അനുമതി വാങ്ങി സഹോദരനെ സന്ദര്‍ശിച്ചിറങ്ങവെ പൊലീസ് പിടികൂടുകയായിരുന്നു. കോടതി വെറുതെ വിട്ടിട്ടും നീയെന്തിനാണ് ഈ കേസിന്റെ പിന്നാലെ കൂടിയിരിക്കുന്നതെന്ന് ചോദിച്ച് മര്‍ദനമായിരുന്നു പിന്നീട്. ഇത് ചോദ്യംചെയ്തതോടെ പൊലീസ്  രണ്ട് കേസുകള്‍കൂടി ചുമത്തി. ജയിലിലുള്ള സഹോദരന് സിം കാര്‍ഡ് എത്തിച്ചുവെന്ന്. അതിക്രമിച്ച് കടക്കല്‍ (സെക്ഷന്‍ 448), തടവുപുള്ളികളെ രക്ഷപ്പെടാന്‍ സഹായിക്കല്‍ (സെക്ഷന്‍ 130) എന്നീ കുറ്റങ്ങള്‍ ചുമത്തി ചഞ്ചല്‍ഗുഡ ജയിലിലടയ്ക്കുകയും ചെയ്തു.
ചഞ്ചല്‍ഗുഡ ജയിലിലെത്തിയ കലീം പക്ഷേ, സത്യത്തിലേക്കുതുറന്ന മൂന്നാം കണ്ണായി മാറുകയായിരുന്നു എന്ന് പറയാം , അല്ലേ?
അവിടെവെച്ചാണ്  അസിമാനന്ദ സ്വാമിയെ പരിചയപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഞാന്‍ പരിചയപ്പെടുകയായിരുന്നില്ല, സഹതാപംകൊണ്ട് അടുത്തുപോയതാണ്. ആരോടും മിണ്ടാതെ ആരുടെയും സഹായമില്ലാതെ തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു അന്നൊക്കെ അസിമാനന്ദ. ഏതോ കുറ്റത്തിന് ജയിലിലെത്തിയ പ്രായമായ മനുഷ്യന്‍ എന്നാണ് ഞാന്‍ കരുതിയത്. പ്രായമായ മനുഷ്യരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യണമെന്നാണല്ലോ നമ്മള്‍ പഠിച്ചിരിക്കുന്നത്. ആ  നിലക്ക് അദ്ദേഹത്തിന് ഭക്ഷണവും വെള്ളവുമൊക്കെ എത്തിച്ചുകൊടുക്കും. ഭക്ഷണത്തിന്റെ ഇടവേളകളില്‍ എന്തെങ്കിലുമൊക്കെ സംസാരിക്കും. അതിനിടെ, ഒരിക്കല്‍ ഞാന്‍ എന്ത് കുറ്റത്തിനാണ് ജയിലില്‍ അകപ്പെട്ടതെന്ന് ചോദിച്ചു. എനിക്ക് മനസ്സറിവുപോലുമില്ലാത്ത മക്കാ മസ്ജിദ് സ്‌ഫോടനത്തിന്റെ പേരില്‍ ഒന്നരക്കൊല്ലം ജയിലില്‍ കിടന്നതും പഠനം പാതിവഴിയില്‍ പൊലീസ് തുലച്ചതുമെല്ലാം  വിവരിച്ചതുകേട്ട് കുറച്ചുനേരം നിശ്ശബ്ദനായിരുന്ന അദ്ദേഹം പതുക്കെ പറഞ്ഞു: എന്നോട് ക്ഷമിക്കുക. എന്തിനെന്ന് ഞാന്‍ ചോദിച്ചില്ലെങ്കിലും അന്നേ ചില സന്ദേഹങ്ങള്‍ ഉടലെടുത്തിരുന്നു. അതിനിടെ, വിശദമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജന്‍സി അസിമാനന്ദയെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.

കുറച്ചു ദിവസത്തിനുശേഷം സി.ബി.ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്നെ കാണാനെത്തി. ''നീ എന്താണ് അസിമാനന്ദയോട് പറഞ്ഞത്'' എന്ന് ചോദിച്ചു. ഒന്നും മനസ്സിലാകാതെ മിഴിച്ചുനില്‍ക്കവെ ആ   ഉദ്യോഗസ്ഥനാണ് വിശദീകരിച്ചത്,  അസിമാനന്ദ സത്യമെല്ലാം തുറന്നുപറഞ്ഞ് കുറ്റമേറ്റ കാര്യം. അസിമാനന്ദക്ക്  എന്നെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു. ഇതനുസരിച്ച് പ്രത്യേക അനുമതിയോടെ വീണ്ടും അസിമാനന്ദയെ സന്ദര്‍ശിച്ചപ്പോള്‍, ഒരു കുമ്പസാരത്തിന്റെ രൂപത്തില്‍ കുറ്റമെല്ലാം ഏറ്റുപറയുകയായിരുന്നു. ഒപ്പം, വീണ്ടും ക്ഷമാപണം നടത്തുകയും ചെയ്തു. എനിക്ക് ഒരുകാര്യമേ പറയാനുണ്ടായിരുന്നുള്ളൂ: അങ്ങ് യഥാര്‍ഥത്തില്‍ പശ്ചാത്തപിക്കുന്നുണ്ടെങ്കില്‍ ക്ഷമ ചോദിക്കേണ്ടത് എന്നോടല്ല, ഈ രാജ്യത്തോടാണ്. കാരണം, നിങ്ങളുടെ പ്രവൃത്തികളുടെ പേരില്‍ പീഡനമേല്‍ക്കുന്ന നൂറുകണക്കിന് പേരാണ് രാജ്യത്തെ വിവിധ ജയിലുകളില്‍ നരകിച്ച് കഴിയുന്നത്.

പശ്ചാത്താപത്തിന്റെ ഭാണ്ഡവും പേറി തുറന്നുപറച്ചിലിന്റെയും അന്വേഷണത്തിന്റെയും പാതയിലൂടെ അസിമാനന്ദ മുന്നേറുകയാണ്. കലീമിന് കോടതി ജാമ്യം അനുവദിച്ചു-ഇക്കഴിഞ്ഞ ജനുവരി 17ന്. ഇനി ഒരു മോഹമുണ്ട്. മാതാവിന്റെ വാക്ക് നെഞ്ചേറ്റി നിയമപഠനം പൂര്‍ത്തിയാക്കണം. അഭിഭാഷകനായി പണം സമ്പാദിക്കാനല്ല, നിരപരാധികളായി ജയിലില്‍ കഴിയുന്ന നൂറുകണക്കിന് ആളുകള്‍ക്ക് നിയമപോരാട്ടത്തിലൂടെ മോചനത്തിന്റെ മാര്‍ഗം തുറക്കാന്‍.


Share/Bookmark

No comments: