scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 11, 2020

കാസർക്കോട് ജില്ലാ വികസനം - കണക്കുകൾ സംസാരിക്കട്ടെ..

കാസർക്കോട് ജില്ല - കണക്കുകൾ സംസാരിക്കട്ടെ.

(നോട്ട് - 2019 ഇൽ എഴുതിയ ലേഖനമാണ്, എന്ത് കൊണ്ടോ പബ്ലിഷ് ചെയ്തിരുന്നില്ല , കൊറോണ കാലത്ത് കാസർക്കോട് ജില്ലയുടെ അപര്യാപതത ചർച്ച ചെയ്യുന്ന സമയത്ത്  ചർച്ചാ വിഷയം എന്ന നിലയിൽ ഇപ്പോൾ പബ്ലിഷ് ചെയ്യുന്നു)

Kasaragod district - Wikidataകേരളം ആരു ഭരിച്ചാലും കാസർക്കോട് ജില്ലയ്ക്ക് കാര്യമായ മെച്ചം ഉണ്ടാവാറില്ല എന്നതാണ് നേരനുഭവം.. 

ഈ വിഷയത്തിൽ സാധാരണഗതിയിൽ നാമെല്ലാവരും കേരള സർക്കാരുകളെയാണ് പ്രതി സ്ഥാനത്ത് നിർത്താറുള്ളത്, വിഷയത്തെ മറ്റൊരു ആംഗിളിൽ കൂടി നോക്കിക്കാണാനാണു ഇവിടെ ശ്രമിക്കുന്നത്.

കാസർകോടിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് സംസ്ഥാന സർക്കാരിനെ മാത്രം പഴി ചാരുന്നതിന് മുൻപ്, നമുക്ക് നമ്മുടെ ത്രിതല പഞ്ചായത്തുകളുടെ അവസ്ഥ കൂടി പരിശോധിക്കുന്നത് നന്നാവും എന്നു തോന്നുന്നു.

അതായത് ഓരോ പഞ്ച വത്സര പദ്ധതികളിലും പ്രഖ്യാപിക്കുന്ന പദ്ധതി തുകകകളുടെ എത്ര % ഫണ്ടുകളാണ്‌ ചിലവഴിക്കുന്നത്, എത്ര ലാപസായി പോകുന്നു എന്നുള്ളതിന്റെ കണക്ക് നമുക്ക് സംഘടിപ്പിക്കാൻ സാധിക്കണം. ഒരു RTI സമർപ്പിച്ചാൽ വളരെ എളുപ്പത്തിൽ ലഭ്യമാകാവുന്ന കണക്കുകളാണ് ഇത്. (നാട്ടിലുള്ള സാമൂഹിക പ്രവർത്തകർ ഈ കാര്യത്തിൽ ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു)

അതിലെ ഡാറ്റകൾ പരിശോധിച്ച് കൃത്യമായ റിപ്പോർട്ടുമായി ജനങ്ങളുടെ മുൻപിൽ സമർപ്പിച്ചാൽ, ഇത്രയും കാലം നമ്മൾ കണ്ണും പൂട്ടി വോട്ട് ചെയ്തതിന്റെ ബാലൻസ് ഷീറ്റ് അവർക്ക് നൽകാൻ സാധിക്കും.

ഓരോ വർഷവും ഫെബ്രുവരി മാർച്ച് മാസത്തെ പത്രങ്ങൾ പരിശോധിച്ചാൽ, ജില്ലാ പഞ്ചായത്ത് അങ്ങനെ ചെയ്യും മുൻസിപ്പാലിറ്റി മല മറിക്കും ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകൾ ഇന്നതോക്കെ ചെയ്യും ഇത്ര കോടികളുടെ ബജറ്റാണ് എന്നൊക്കെ നമുക്ക് വായിക്കാൻ പറ്റും, അതൊക്കെ വായിച്ച് നാം മലർപ്പൊടിക്കാരന്റെ സ്വപ്നത്തിലുമായിരിക്കും.

എന്നാല് ജനുവരിയിൽ വീണ്ടും പത്ര വാർത്ത വരും ജില്ലയിൽ ഏറ്റവും കൂടുതൽ പദ്ധതി തുക വിനിയോഗിച്ചത് --- ഇന്ന പഞ്ചായത്താണ്, അവർ അനുവദിച്ച ഫണ്ടിന്റെ 35% ഉപയോഗിച്ചു !!! എന്നിങ്ങനെ.. 
അതും നമുക്ക് കേവലം വാർത്തകൾ മാത്രം.
എന്നിട്ട് മാർച്ച് 31 നു രാത്രിയിൽ ഒരു ഓട്ടപ്പാചലിൽ ചില സ്ഥലത്ത് റോഡ് ടാർ ചെയ്യുന്നു മറ്റിടങ്ങളിൽ ബൾബ് ഫിറ്റ് ചെയ്യുന്നു, പൊട്ടിപ്പൊളിഞ്ഞ സ്കൂളും ഓഫീസും പുട്ടി ഇട്ടു നന്നാക്കുന്നു ആകെ മൊത്തം ബഹളമയം ജഗപൊക.. 

തീർന്നു. 

ഇതാണ് നാം നമ്മുടെ ചുറ്റുപാടും കണ്ടു കൊണ്ടിരിക്കുന്നത്.

ഇതിനൊരു അറുതി ഉണ്ടാവണമെങ്കിൽ കണക്കുകൾ സംസാരിക്കണം.അതിനു ഡാറ്റാ സ്വരൂപിച്ചു analysis ചെയ്യണം.ഇഴ കീറി പരിശോധിക്കണം.
നടെ പറഞ്ഞ ത്രിതല പഞ്ചായത്തുകളുടെ ഒപ്പം എംപി യെ കൂടാതെ ജില്ലയിലെ അഞ്ചു എംഎൽഎമാരുടെ പദ്ധതി വിഹിതം കൂടി ഉൾപ്പെടുത്തണം. അതും പഠന വിധേയമാക്കണം. അവർ എത്ര % ചിലവഴിച്ചു, എവിടെയൊക്കെയാണ് ചിലവഴിച്ചത്, ഏതു മേഖലയിലാണ് ചെലവാക്കിയത്, നേരത്തെ അവർ ചിലവഴിച്ചു നിർമ്മിച്ചവയുടെ ഇപ്പോഴത്തെ അവസ്ഥ എന്ത് (ഉദാഹരണത്തിന് ബാവിക്കര പദ്ധതി!) എന്നിങ്ങനെ ഇഴ കീറി പരിശോധിക്കണം.

ഇതിന്റെയൊക്കെ കൂടെ വേണം സംസ്ഥാന സർകാർ പൊതു പദ്ധതികൾ പരിശോധിക്കാൻ. ജില്ലക്കായി എത്ര പദ്ധതികൾ പ്രഖ്യാപിച്ചു, അതിൽ എത്ര എണ്ണം പ്രഖ്യാപനങ്ങളിലും തറക്കല്ലിലും ഒതുങ്ങിപ്പോയി (മെഡിക്കൽ കോളേജ് പോലെ!) എത്ര പദ്ധതികൾ പൂർത്തീകരിച്ചു എന്നിങ്ങനെയുള്ള കണക്കുകൾ.. ഇത് നമുക്ക് മറ്റു ജില്ലകളുമയും താര തമ്യം ചെയ്യാവുന്നതാണ്.. 

മറ്റു ജില്ലകളെ താരതമ്യം ചെയ്യുന്നതിന് മുൻപ് അടിസ്ഥാന വിഷയങ്ങളിലെ നമ്മുടെ അനുപാതവും മറ്റു ജില്ലകളുടെ അനുപാതവും മനസ്സിലാക്കി ഇരിക്കേണ്ടതുണ്ട്, എത്ര ആളുകൾക്ക് എത്ര ഡോക്ടർമാർ, ആശുപത്രികൾ, സ്‌കൂളുകൾ അവിടത്തെ അധ്യാപക വിദ്യാർത്ഥി അനുപാതം, കോളേജ് താലൂക് വില്ലേജ് തുടങ്ങി പോലീസ് സ്റ്റേഷൻ വരെയുള്ള അടിസ്ഥാന വിഭവങ്ങളിൽ നമ്മൾ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ എവിടെ നിൽക്കുന്നു എന്നറിഞ്ഞിരിക്കേണ്ടതാണ്. ഉദ്യോഗ തസ്തികൾ അതിൽ എത്ര % ഒഴിഞ്ഞു കിടക്കുന്നു, എത്ര കാലമായി ഒഴിഞ്ഞു കിടക്കുന്നു തുടങ്ങിയ കണക്കുകൾ പരിശോധിക്കുന്നത് എന്ത് കൊണ്ട് നാം പിന്നിലായി എന്നതിന് കൃത്യമായ ഉത്തരമാവും.

പറഞ്ഞുവന്നത്, നമ്മുടെ ആഭ്യന്തരമായ കഴിവുകേടുകൊണ്ടു, നിരുത്തര വാദപരമായ പെരുമാറ്റം കൊണ്ടുമുണ്ടായ നഷ്ടം എത്ര എന്നതിന്റെ കണക്കെടുപ്പ് കൂടി നാം നടത്തേണ്ടതുണ്ട്. ഇതുവരെയും നമ്മുടെ ജനപ്രതിനിധികൾ നാഥനില്ലാ കളരികൾ ചോദ്യം ചോദിക്കാൻ ആളില്ലാത്ത ഒഴിഞ്ഞ പോസ്റ്റിൽ ഗോളടിച്ചു ജീവിതം നയിച്ചിരുന്ന അവസ്ഥക്ക് അറുതി ഉണ്ടാവണം. അതിനു നാം നമ്മുടെ അവകാശങ്ങളെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും കൃത്യമായ ബോധമുള്ളവരും ബോധ്യമുള്ളവരുമാവണം. ചോദ്യങ്ങൾ ചോദിക്കുന്ന ഒരു സമൂഹം ഇവിടെ ഉയർന്നു വരണം, നമ്മുടെ പുതു തലമുറയിൽ നിദ ഫാത്തിമമാർ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കണം, ഞാനും നിങ്ങളുടെ നിദ ഫാത്തിമമാരാവണം ഉറച്ച ശബ്ദത്തോടെ ചോദ്യം ചോദിക്കുന്നവരാവണം, നമ്മുടെ നിലപാടുകൾ രാഷ്ട്രീയ നേതൃത്വത്തിന് അടിയറവെക്കുന്ന കാസർകോടിന്റെ ചരിത്രം ഇനിയും നാം ആവർത്തിക്കാൻ പാടില്ല, ഇലക്ഷൻ കഴിഞ്ഞു ജനപ്രതിനിധികളെ  തിരഞ്ഞെടുത്തു കഴിഞ്ഞാൽ അവരെ കൊണ്ട് കൃത്യമായി "പണിയെടുപ്പിക്കാൻ" (അവരെ കല്യാണ സൽക്കാരങ്ങളിൽ മാത്രം ആനയിക്കാനല്ല!!) നമുക്ക് സാധ്യമാവണം. കേരളത്തിന് തന്നെ മാതൃകയാവുന്നു തരത്തിൽ സംസ്ഥാന യുവജനോത്സവത്തെ ഗ്രാമോത്സവമാക്കിയ കാസർക്കോട്ടെ എന്റെ സഹോദരന്മാർക്ക് ഇതും എളുപ്പത്തിൽ സാധിക്കാവുന്നതേയുള്ളൂ. ഒത്തോരുമിച്ചു ഒരേ ലക്ഷ്യത്തിൽ നമുക്ക് പ്രയാണം ചെയ്യാം, തെറ്റുകളിൽ നിന്ന് പാഠമുൾക്കൊള്ളാനും തിരുത്താനും നമുക്ക മത്സരിക്കാം,  എന്നാലേ നമുക്ക് ഇനി മുന്നോട്ടുള്ള കാലങ്ങളിൽ അവ തിരുത്തി ജില്ലയുടെ വികസനം സാധ്യമാക്കുകയുള്ളൂ.. 
#Fromsana
Hafeezkv

വാൽ 
നേരത്തെ സൂചിപ്പിച്ചു, ഇത് ഒരു വര്ഷം മുൻപേ കുറിച്ചതാണ്. അടുത്ത പഞ്ചായത്ത് ഇലക്ഷൻ പടിവാതിൽക്കലാണ്, കാസർക്കോട് ജില്ലയുടെ സമഗ്ര വികസനം കൊറോണ കാലത്തെ കർണ്ണാട റോഡ് മണ്ണിട്ടടച്ചത് മുതൽ എല്ലാ കാസർക്കോട്ടുകാരുടെയും ചർച്ചാ വിഷയമാണ്. ഞങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കണം എന്ന ചിന്ത എല്ലാവരിലും ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു. പോരാത്തതിന് ഏറ്റവും കൂടുതൽ റവന്യൂ ഭൂമിയുള്ള കേരളത്തിലെ ജില്ലകളിൽ ഒന്ന് എന്ന അർത്ഥത്തിൽ, ഇന്ത്യയിലെ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ള ജില്ല എന്ന നിലയിൽ, ജില്ലയുടെ സമഗ്ര വികസനം എന്നുള്ളത് ഇനി വെറും തറക്കല്ലിൽ ഒതുക്കാൻ പറ്റാത്ത കാലത്തിലൂടെയാവും നാം കടന്നു പോകേണ്ടത്. ഇലക്ഷന് മുൻപായി ഇങ്ങനെ ഒരു ബാലൻസ് ഷീറ്റ് നിങ്ങൾക്ക് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചാൽ, മുന്നണി സമവാക്യങ്ങൾക്കപ്പുറം ജനങ്ങൾ നിങ്ങളെ പിന്തുണക്കും. ഇത് ജില്ലയിലെ ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവസരമാണ്.
ഇലക്ഷൻ വരെയുള്ള രാഷ്ട്രീയം മാത്രം മതിയാവും നമുക്ക്, ഇലക്ഷൻ കഴിഞ്ഞാൽ അവർ നമ്മുടെ പ്രതിനിധികളായി വർത്തിക്കാൻ പ്രസിഡന്റിനും അങ്ങനെ ഉൾകൊള്ളാൻ ജനതക്കും സാധിച്ചാൽ കാസർക്കോട് പഴയത് പോലെയാവില്ല. 

Share/Bookmark

No comments: