ടാറ്റ ആശുപത്രി, MIC, പിന്നെ എൻ എ നെല്ലിക്കുന്നും - ആരംഭത്തിലെ കല്ലുകടികൾ
എന്നാൽ രണ്ടാം ദിനം തന്നെ കല്ല് കടി എന്ന കണക്കെ വിവാദവും കൂടെ വന്നു.
കാസർക്കോട് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ തെക്കിൽ വില്ലേജിലാണ് സർക്കാർ ടാറ്റക്കായി പതിനഞ്ചേക്കര് സ്ഥലം അനുവദിച്ചത്.
ശരിക്കും പറഞ്ഞാൽ, ചട്ടഞ്ചാലിൽ നിന്നും കാസർക്കോട്ടേക്കുള്ള നാഷണൽ ഹൈവേയിൽ തെക്കിൽ ഹെയർ പിന് വളവിനു മുകളിലുള്ള കാട് നിറഞ്ഞ ചെങ്കുത്തായ കുന്നാണ് സർക്കാർ അനുവദിച്ചു നൽകിയിരുന്നത്. സ്ഥലം പരിശോധിച്ച ടാറ്റ ടീം ഇത് നിർമ്മാണത്തിന് അനുയോജ്യമല്ല എന്നറിയിച്ചു, തുടർന്ന്, ചട്ടഞ്ചാലിലെ പൗര പ്രമുഖരുമായും രാഷ്ട്രീയ നേതാക്കളോടും കൂടിയാലോചിച്ചു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സമസ്തയുടെ സ്ഥാപനമായ MIC (മലബാർ ഇസ്‌ലാമിക് കോംപ്ലക്സ്) ന്റെ സ്ഥലംടാറ്റയ്ക്ക് കാട്ടി കൊടുത്തു. അത് അനുയോജ്യമാണ് എന്ന റിപ്പോർട്ടാണ് ടാറ്റ ജില്ലാ അധികൃതരെ അറിയിച്ചത്. നിർമ്മാണം നടത്തുന്നതിൽ തങ്ങൾക്ക് വിയോചിപ്പില്ല എന്നും കമ്മിറ്റി കൂടി തീരുമാനിക്കണം എന്നും അവർ അറിയിക്കുകയും ചെയ്തു, എന്നാൽ ഉടൻ തന്നെ കളക്ടറുടെ നേതൃത്തത്തിൽ പ്രവർത്തി ആരംഭിക്കുകയും ചെയ്തു. ഇതൊക്കെയും ഏപ്രിൽ 11 വൈകുന്നേരം വരെയുള്ള കഥകൾ - (Utharadesham News Link)
എന്നാൽ മാനേജ്‌മെന്റ് മീറ്റിങ് ചേരാതെ വിഷയത്തിൽ നിലപാടെടുക്കാൻ സാധിക്കില്ല എന്ന് MIC അറിയിക്കുകയും വിഷയത്തിൽ ഇടപെടണം എന്ന് പറഞ്ഞു അവർ കാസർക്കോട് എംഎൽഎ എൻ എ നെല്ലിക്കുന്നിന് നൽകിയ കത്ത് വിവാദമാകുകയും ചെയ്തു!!
mic മാനേജ്‌മെന്റിന്റെ കത്ത് ലഭിച്ച ഉടനെ, എൻ എ നെല്ലിക്കുന്ന് എം എൽ എ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടു ജില്ലാ കളക്ടർക്ക് മറ്റൊരു കത്ത് സ്വന്തം ലെറ്റർ ഹെഡിൽ നൽകി. ഈ രണ്ടു കത്തുകളും പിടിച്ചു സോഷ്യൽ മീഡിയയിൽ അടിപിടി കൂടുന്നതാണ് നാം പിന്നീട് കാണുന്നത്, വിവാദമായതോടെ പലരും വിഷയം അന്വേഷിച്ചു ബന്ധപ്പെട്ടിരുന്നു. നാട്ടിലുള്ള പത്ര പ്രവർത്തകർ അടക്കമുള്ളവരെ വിളിച്ചു ഞാനും കാര്യം അന്വേഷിച്ചിരുന്നു.
MIC മാനേജ്‌മെന്റ് അനുകൂല തീരുമാനം കൈക്കൊള്ളുകയും, പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള അവരുടെ സബ്കമ്മിറ്റി
അടുത്ത ദിവസം, അതായത് ഏപ്രിൽ 12നു കളക്ടറുടെ സാന്നിധ്യത്തിൽ കാസർക്കോട് താലൂക്കിൽ വെച്ച് നടന്ന മീറ്റിങ്ങിൽ, mic വിട്ടു നൽകുന്ന സ്ഥലത്തിന് തുല്യമായ സർക്കാർ സ്ഥലം നൽകാമെന്ന ധാരണയിൽ mic സ്ഥലം നൽകുകയും പതിനാറാം തീയതിയോടു കൂടി നിർമ്മാണങ്ങൾ പ്രവൃത്തി ആരംഭിക്കാം എന്ന് തീരുമാനമാവുകയും ചെയ്തു
ഈ സമയത്ത് രാഷ്ട്രീയം പറയാൻ തീരെ താല്പര്യമില്ല!!, രാഷ്ട്രീയ നിലപാട് ഇല്ലാത്തത് കൊണ്ടല്ല, ഇത് അതിനുള്ള സമയമല്ല എന്നത് കൊണ്ടാണ് തൽക്കാലം വേണ്ടാ എന്ന് വെക്കുന്നത്. എന്നാലും രാഷ്ട്രീയ വിഴുപ്പലക്കുകൾ കാണുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാവുന്നു. അവ ഇവിടെ കുറിക്കുന്നു.
- ടാറ്റാ പ്രഖ്യാപിച്ച ആശുപത്രിയുടെ പേരിൽ, ഇങ്ങനെ ഒരു കത്ത് കൊടുക്കാനുണ്ടായ സാഹചര്യം ഉണ്ടായതെങ്ങനെ?
- അതുണ്ടാക്കിയത് ആരാണ്?
- എന്തിനാണ് ആശുപത്രി നിർമിക്കാൻ ഒരു നിലക്കും സാധ്യമല്ലാത്ത (ചെങ്കുത്തായ ചെരിഞ്ഞ സ്ഥലം എന്ന് ടാറ്റാ ടീം വിധി എഴുതേണ്ടി വന്ന സ്ഥലം) സ്ഥലം നൽകി സർക്കാർ വിഡ്ഢിത്തം കാണിച്ചത്?
- കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ റവന്യൂ ഭൂമിയുള്ള ഒരു ജില്ലയിൽ (അതും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ എന്ന ചന്ദ്രേട്ടന്റെ ജില്ലയിൽ) ആശുപതി നിർമ്മാണത്തിന് നൽകിയ സ്ഥലം, തെക്കിൽ ചുരത്തിനു മുകളിലുള്ള കാട് മൂടിയ സ്ഥലം, മഴക്കാലത്ത് ആ വഴിയിൽ കൂടി വാഹനങ്ങൾ പോലും മണ്ണിടിഞ്ഞു വീഴുമോ എന്ന് ഭയന്ന് യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ മുകളിലുള്ള ചെങ്കുത്തായ സ്ഥലം നൽകി ഇതൊരു പ്രഹസനമാക്കിയ സർക്കാരിന്റെ പ്രവർത്തിയെ എന്ത് കൊണ്ട് ഇവിടെ ചോദ്യം ചെയ്യുന്നില്ല?
- ആരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തത്?
മലബാർ ഇസ്‌ലാമിക് കോംപ്ലക്സ് അവരുടെ മാനേജ്‌മെന്റ് മീറ്റിങ്ങിൽ കാര്യങ്ങൾ തീരുമാനിക്കും അതുവരെ നടപടികൾ നിർത്തിവെക്കണം എന്ന് പറഞ്ഞത് അവരുടെ ന്യായത്തെ അതിന്റെ മെറിറ്റിൽ എടുക്കുക എന്നതാണ് കളക്ടറും സർക്കാരും ചെയ്യേണ്ടിയിരുന്നത്, അവരുടെ അനുമതി ഇല്ലാതെ നിർമ്മാണ പ്രവർത്തി ആരംഭിച്ച സർക്കാരിന്റെ പ്രവൃത്തിയും മാന്യമല്ലാത്തതായി, അതാണ് വിവാദങ്ങൾക്ക് വഴി വെച്ചത്.
ഇപ്പോൾ ജില്ലയിൽ ഒരു വിഭാഗം പറഞ്ഞു നടക്കുന്നത്, മംഗലാപുരം ലോബിക്ക് വേണ്ടി എംഎൽഎ യുടെ നേതൃത്വത്തിൽ കളിക്കുന്നതാണ് എന്നാണ്, അവർക്ക് കാസർക്കോട് ആശുപത്രി വരുന്നത് ഇഷ്ടമല്ലത്രെ എന്നിങ്ങനെ പോകുന്നു അവരുടെ ജല്പനങ്ങൾ, ആരോപണങ്ങൾ.
ആരോപണങ്ങൾ മുഖവിലക്കെടുത്ത് കൊണ്ട് ചോദിക്കട്ടെ:-
- 2013ഇൽ തറക്കല്ലിട്ട, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മാണത്തിന് ആവശ്യമായ തുക നബാര്ഡില് നിന്നും പാസാക്കിയ പണംചിലവഴിക്കാത്ത പിണറായി സർക്കാരിന്റെയും, ശൈലജ ടീച്ചറുടെയും പ്രവൃത്തി, നിങ്ങളുടെ ലോജിക്ക് പ്രകാരം മംഗലാപുരം ലോബിക്ക് വേണ്ടി തന്നെയുള്ളതല്ലേ?
- കാസർകോട്ട് മെഡിക്കൽ കോളജിനു വേണ്ടി കഴിഞ്ഞ അഞ്ചു ബജറ്റുകളിലായി ഈ സർക്കാർ എത്ര ഫണ്ടാണ് ഇതുവരെ വിനിയോഗിച്ചത്?
- കാസർകോടിന്റെ കൂടെ കുറ്റിയടിച്ചവർ (പാലക്കാട്, മഞ്ചേരി,മലപ്പുറം) പഠനം തുടങ്ങിയപ്പോൾ കാസർക്കോട്ടെ മെഡിക്കൽ കോളേജ് ആകെ ഇപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി തീർത്തത് അക്കാദമിക് ബ്ലോക്കിന്റെ മാത്രം, അവിടെയും പണി ചെയ്യാതിരിക്കുന്നത്, വൈകിപ്പിക്കുന്നത് ലീഗ് mla മാരാണോ?
- ഇനി ബാക്കിയുള്ള ബ്ലോക്കുകളുടെ പണി ത്വരിതഗതിയിൽ തീർക്കാൻ എന്ത് നടപടിയാണ് സർക്കാർ കൈക്കൊള്ളുക?
- കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച ജില്ലയായിട്ടു കൂടി, കാസർക്കോട് ജില്ലയിലുള്ള ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ , phc, chc കൾ എന്നിവയുടെയെക്കോ അവസ്ഥകളിൽ എന്ത് മാറ്റമാണ് ഒരുമാസമായി ഈ സർക്കാർ കൊണ്ട് വന്നിട്ടുള്ളത്?
- എല്ലാ ജില്ലകളിലും കൊറോണ വിഷയം മന്ത്രിമാർ നേരിട്ട് ഇടപെട്ട് കൈകാര്യം ചെയ്യുമ്പോൾ കാസർക്കോട് മാത്രം എന്ത് കൊണ്ട് മന്ത്രിയെ നിയമിക്കാതെ കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്? ?
ഞങ്ങൾ മനസ്സിലാക്കുന്നു, ഇരു മുന്നണികളും കൂടി കാസർക്കോട് ജില്ലക്കാരെ ചതിക്കുകയായിരുന്നു. ഓരോ കാസർക്കോട് ജില്ലക്കാരനും ഇത് അടക്കം പറഞ്ഞു കൊണ്ടിരിക്കുന്നു. അതിൽ മുന്നണി ബേധമില്ല എന്ന് മാത്രം, ഇതിന്റെ frustration (ഞങ്ങൾ ചെടി എന്ന് പറയും) തീർക്കാൻ വേണ്ടിയാണ് ഈ തമ്മിൽ തല്ല് എന്നതിനപ്പുറം ഒരു മാനവും ഈ സൈബർ അടികൾക്ക് നൽകേണ്ടതില്ല!!
ചോദ്യങ്ങൾ ഇനി ഒരുപാടു ബാക്കിയുണ്ട്, അത് കണക്കുകൾ നിരത്തി ചോദിയ്ക്കാൻ വേണ്ടി മാറ്റി വെക്കുന്നു.
ടാറ്റ പ്രഖ്യാപിച്ച ആശുപത്രി ഉടൻ പണി തീർത്ത് അവർ അവരുടെ വാക്ക് പാലിക്കുമെന്ന് പ്രത്യാശിക്കാം, (എന്നാൽ ഇപ്പോഴും കേരളത്തിന്റെ മൊത്തം ആരോഗ്യ രംഗത്തിന്റെ ശരാശരിയേക്കാൾ താഴെയുള്ള കാസർക്കോട്ടെ ആരോഗ്യ വകുപ്പിന്റെ അവസ്ഥയിൽ മാറ്റം വരുത്താൻ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നത്?!!)
മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുഖവിലക്കെടുക്കുന്നു, എന്നാൽ സർക്കാരിന്റെ അജണ്ടയിൽ മാത്രം ഉണ്ടായത് കൊണ്ട് കാര്യമില്ലല്ലോ, പണം അനുവദിച്ചു പ്രവൃത്തികൾ ഇനിയെങ്കിലും അടിയന്തിര സ്വഭാവത്തിൽ തീർക്കാൻ കനിവുണ്ടാവണം !!
നാട്ടുകാരോട് രണ്ടു വാക്ക്:
സുഹൃത്തെ, ഇപ്പോൾ ചേരി തിരിഞ്ഞു അടി കൂടേണ്ട സമയമല്ല, നിങ്ങളുടെ ചുറ്റും ഒന്ന് കണ്ണോടിക്കുക, വീട്ടിനടുത്തുള്ള ഹെൽത്ത് സെന്ററുകളുടെ അവസ്ഥ എന്താണ്, വില്ലേജ് ഓഫീസിൽ ഓഫീസർ ഉണ്ടോ? രണ്ടും മൂന്നും വില്ലേജ് ഓഫീസുകൾ ചേർന്നുള്ള ഗ്രൂപ് വില്ലേജ് ഓഫീസ് സംവിധാനം ഒഴിവാക്കണമെന്നു പ്രഭാകരൻ കമ്മീഷൻ പറഞ്ഞ കാര്യത്തിൽ വല്ല മാറ്റവും വന്നിട്ടുണ്ടോ, തുടങ്ങി തന്റെ വീടിനു ചുറ്റുമുള്ള സകല കാര്യങ്ങളും ഒന്ന് ചികഞ്ഞു പുറത്ത് കൊണ്ട് വരൂ, കരയുന്ന സമയത്തെ പാല് ലഭിക്കൂ എന്നത് Universal law ആണ്, നമുക്ക് ഈ അവസരം ഉപയോഗിക്കാം, മൂപ്പെളിമകൾ നമുക്ക് തിരഞ്ഞെടുപ്പ് സമയമാകാറാകുമ്പോൾ ചർച്ച ചെയ്യാം. എല്ലാവരും ഒന്ന് ഉഷാറാക്ക്, ഇനിയും പുറം കാലുകൊണ്ട് തട്ടിക്കളിക്കുന്നവർ എന്ന പേരുദോഷം കേട്ടിരിക്കാൻ വയ്യ!!
No comments:
Post a Comment