UAE ഫുജൈറ ബദിയ മസ്ജിദിന്റെ ചരിത്രം
UAEയുടെ ഫുജൈറയിലാണ് 1446ല്‍ ഓട്ടോമന്‍ ഭരണകാലത്ത് നിർമിച്ച ഈ പള്ളി ചരിത്ര രേഖകളില്‍ നിന്നും ആരാണ് പണിതത് എന്ന് വ്യക്തമല്ല. വലിയ മാറ്റം കൂടാതെ ഇപ്പോഴും ഈ പള്ളിയെ സൂക്ഷിക്കുന്നു എന്നത് വളരെ പ്രശംസയുളവാക്കുന്നു.
ഫോട്ടോ 1 - ബദിയ മസ്ജിദിന് മുന്നില്‍ ലേഖകനും അദ്ദേഹത്തിന്റെ ഭാര്യ പിതാവും - ചിത്രം 24-10-1991ല്‍ പകർത്തിയത്.
പെട്രോള്‍ കിട്ടുന്നതിന് മുമ്പ് പോലും പാമരന്മാരായ ജനങ്ങളില്‍ നിന്നും പണം പിടുങ്ങാനായി ഇല്ലാത്ത യാതൊരു ഇതിഹാസങ്ങളും ഈ പള്ളിയെപ്പറ്റി ഉണ്ടാക്കിയിട്ടില്ല. കാരണം അന്നും ഇന്നും അറബികള്‍ ധനത്തിന് വേണ്ടി ദീനിനെ വിൽക്കാറില്ല. ആമാശയത്തിന് വേണ്ടി ആശയത്തെ വിൽക്കാറില്ല. രണ്ടു എയര്‍ കണ്ടീഷനും നാല് ഇലക്ട്രിക് വിളക്കുകളും കുറച്ച് വർഷങ്ങൾക്ക് മുൻപ് ഫിറ്റ് ചെയ്തു എന്നതൊഴിച്ചാല്‍ ബാക്കി എല്ലാം പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ പോലെ തന്നെയാണിന്നും. ഇതിന്റെ പിന്നില്‍ പോർത്തുഗീസുകാര്‍ പണിത ഒരു കോട്ട ഇപ്പോഴുമുണ്ട്.
UAE സുരക്ഷിതത്വം പുരാതനകാലം മുതല്‍ ഏറ്റെടുത്തത് ബ്രിട്ടീഷുകാരാണെന്നിരിക്കെ ഈ കോട്ട എന്ത് കൊണ്ട് പോർട്ടുഗീസ്‌കാര്‍ പണിതത് എന്ന്‍ സ്വാഭാവീകമായി എനിക്കും സംശയം ഉണ്ടായിരുന്നു. ഒരു പക്ഷെ മസ്കത്ത് & ഒമാന്റെ സുരക്ഷിതത്വം പോർട്ടുഗീസുകാര്‍ ആയിരുന്നതിനാലും ആ രാജ്യത്തിന്റെ വളരെ അടുത്ത് കിടക്കുന്നതും രണ്ടു ഭാഗങ്ങളായി കിടക്കുന്ന മസ്കത്തിന്റേയും ഒമാന്റെയും ഇടയിലുള്ള ഫുജൈറയിലുള്ള സ്ഥലമായത് കൊണ്ടാവാം പോർട്ടു്ഗീസുകാര്‍ ആ കോട്ട പണിതത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അത് മാത്രമല്ല, ഇതിന്നടുത്തുള്ള, ചുറ്റും UAE വലയം ചെയ്തിട്ടുള്ള ൦ വട്ടത്തിലുള്ള മദ്ഹ എന്ന മസ്കത്തിന്റെ സ്ഥലവും ഈ പള്ളിയിൽ നിന്നും ദൂരെ അല്ല എന്നുള്ളത് എന്റെ ചരിത്രനിരീക്ഷണത്തിന് ബലമേകുന്നു.
ഇതിന്നടുത്ത് തന്നെ പള്ളിയില്ലാത്തിടത്ത് ഖബറുകളുടെ അവശിഷ്ടങ്ങൾ ഞാൻ കാണുകയുണ്ടായി. ഇപ്പോൾ അവിടെ ആരെയും മറവ് ചെയ്യുന്നില്ല. അതിൽ നിന്ന് ഞാനൊന്ന് മനസ്സിലാക്കുന്നു - പണ്ടൊക്കെ യാത്രകളെല്ലാം ജലമാർഗം ആയിരുന്നത് കൊണ്ട് മരണപ്പെട്ടവരെ അടുത്തുള്ള കരയിൽ മറവ് ചെയ്യുന്നു. ഇസ്ലാം മത നിയമപ്രകാരം കടൽ യാത്രക്കിടക്ക് ആരെങ്കിലും മരിച്ചാൽ, ഇന്നത്തെ പോലെ ഫ്രീസർ പരിപാടി ഇല്ലാതിരുന്ന വളരെ പഴയ കാലത്ത്, എന്തിനേറെ ഞങ്ങൾ പത്തേമാരിയിൽ പോയപ്പോഴും ആ മയ്യിത്ത് കഫൻ ചെയ്ത് കടലിലേക്ക് ഇറക്കുകയാണ് ചെയ്യാറ്.
ഈ പള്ളിയുടെ മുൻഭാഗത്തെ ഫോട്ടോവിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക. വുളു (അംഗശുദ്ധി വരുത്തൽ) എടുക്കാനുള്ള അന്നത്തെ കിണർ ഇന്നുമുണ്ട്. ചുമരുകൾ ഉണ്ടാക്കിയിരിക്കുന്നത് കടൽപുറ്റും മറ്റുമൊക്കെ ഉപയോഗിച്ചാണ്.
ഫോട്ടോ 2 - ബദിയ മസ്ജിദിന്റെ മുൻഭാഗം |
വിരലിലെണ്ണാവുന്ന തലമുറയ്ക്ക് മുമ്പ് ഈ പള്ളിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജനവാസമുണ്ടായിരുന്നില്ല. ഈ പള്ളിയില്‍ മിനാരങ്ങള്‍ ഇല്ല, നാല് ഡോമുകള്‍ ഉണ്ട്. അകത്ത് ചുമരില്‍ ഗ്യാപ് ഉണ്ടാക്കി അതിലാണ് പരിശുദ്ധ ഖുർആൻ സൂക്ഷിച്ചിരുന്നത്. എണ്ണ വിളക്കുകള്‍ വെച്ചിരുന്ന സ്ഥലം ഇപ്പോഴുമുണ്ട്. കടലില്‍ നിന്നുള്ള കല്ലുകള്‍ ഇത് പണിയാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ പള്ളി പണിതവര്‍ ബദുക്കളായ, സ്ഥിരമായി ഒരിടത്തും താമസിക്കാത്ത, കുറച്ചു മാസങ്ങള്‍ മാത്രം താമസിക്കുന്ന അറബികളായിരിക്കും എന്ന് ഞാന്‍ ഊഹിക്കുന്നു. കാരണം അത് കൊണ്ടാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിരമായ ജനവാസമില്ലാതിരുന്നത്. അങ്ങിനെ ഉള്ളവരുടെ ഖബറുകള്‍ ആയിരിക്കാം ഞാന്‍ കണ്ട ഖബറുകള്‍ എന്ന് ഉറപ്പിക്കാന്‍ ഇതും എനിക്ക് കാരണമായിട്ടുണ്ട്. മീന്‍ പിടുത്തക്കാരായ, ആടുകളെ കൂടെ താമസിപ്പിക്കുന്ന ബദുക്കളോട് ഒരിക്കല്‍ ഞാനിതിനെപ്പറ്റി അന്വേഷിച്ചു. അവരില്‍ നിന്നും എനിക്ക് കിട്ടിയ മറുപടി അത് തന്നെയാവാം എന്നാണ്. ഞാന്‍ ഗൾഫില്‍ ചെന്ന സമയത്ത് ബദുക്കളുടെ വീടുകളില്‍ നമ്മളൊക്കെ ചെല്ലുന്നത് അവര്‍ അനുവദിച്ചിരുന്നില്ല. പിന്നീട് ഞാന്‍ ഇവരുമായോക്കെ ഇടപഴകേണ്ടി വന്നു. ഷെയ്ഖിന്റെ ഓഫീസ് ജോലി അതിനു എനിക്ക് ഒരു മുതൽകൂട്ടായി.
ഫോട്ടോ 1 - ബദിയ മസ്ജിദിന് മുന്നില്‍ ഞാനും എന്റെ ഭാര്യാപിതാവും 24-10-1991ല്‍
ഫോട്ടോ 2 - ബദിയ മസ്ജിദിന്റെ മുൻഭാഗം
കടപ്പാട് https://www.facebook.com/sheriff.ibrahim.5 ന്റെ ഫേസ്ബുക് പോസ്റ്റ്
(അദ്ദേഹത്തിന്റെ പെര്മിഷനോടെ പ്രസിദ്ധീകരിക്കുന്നത്)
No comments:
Post a Comment