Hey listen! Here is he! The native Bapa. A reluctant secularist!
എന്ന് ആദ്യംതന്നെ അയാള്‍ അവതരിപ്പിക്കപ്പെടുന്നു. ദേശ്യഭാഷയുടെ കരുത്തും അതിന്റെ ധ്വനിഭേദങ്ങളും നഷ്ടപ്പെടാതെ, സങ്കടത്തിന്റെയും രോഷത്തിന്റെയും പരിഹാസത്തിന്റെയും ഭിന്നസ്വരങ്ങള്‍ കലര്‍ത്തി സംസാരിച്ചുകൊണ്ട്, സ്വാഭാവികമായ ശരീരഭാഷയുടെയും ഭാവങ്ങളുടെയും തനിമയോടെ, ശ്രദ്ധേയനായ നടന്‍ മാമുക്കോയയാണ് ഇതില്‍ ബാപ്പയായി നിറഞ്ഞുനില്‍ക്കുന്നത്. മകന്റെ പേരില്‍ തന്റെയും കുടുംബത്തിന്റെയും വേദന അയാള്‍ പങ്കുവയ്ക്കുന്നു.
ഇന്നും ഇന്നലെയും മിനിഞ്ഞാന്നും ചിലപ്പോക്കെ നാളേം മറ്റന്നാളും ങ്ങള് പത്രത്തില്‍ കാണണത് ഞമ്മളെ മോന്‍ കുഞ്ഞൂന്റെ ഫോട്ടാ....
എന്ന് അയാള്‍ തുടക്കത്തിലേ നിസ്സഹായനാകുന്നു. സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും കണ്ണില്‍ തീവ്രവാദിയാണ് മകന്‍. ബാപ്പ തുടരുന്നു.
പിന്നെ ഓന്റെ പെട്ടീല് ഓളു കൊടുത്ത അരിയുണ്ടയ്ക്കും ബോണ്ടയ്ക്കും പഴംപൊരിക്കും പകരം ബേറൊരു സാധനോണ്ട്. ബോംബ്. ബോംബേയ്!!
അവിശ്വസനീയതയുടെയും ആ വാര്‍ത്തയോടുള്ള വേദന കലര്‍ന്ന പരിഹാസത്തിന്റെയും മൂര്‍ച്ചയുള്ള സ്വരങ്ങള്‍ ബാപ്പയുടെ വാക്കില്‍ കലരുന്നു.
പക്കേങ്കില് ഓളു പറയണത് രാജ്യദ്രോഹിയാണേല്‍ ഓന്റെ മയ്യത്ത് കാണണ്ടാന്നാ.
എന്നു വീണ്ടും സങ്കടച്ചുഴിയിലേക്ക് അയാള്‍ നഷ്ടപ്പെടുന്നു.
ബാപ്പയുടെ അവസ്ഥയുടെ ചിത്രീകരണം മാത്രമല്ല ആല്‍ബത്തിലുള്ളത്. അതിനോടു ചേര്‍ന്നുനില്‍ക്കുകയും അതിനടിസ്ഥാനമായിത്തീരുന്ന സമകാലികാവസ്ഥയോടു പ്രതികരിക്കുകയും ചെയ്യുന്ന യുവത്വത്തിന്റെ ശബ്ദവുമുണ്ട്. റാപ്പ് ശൈലിയില്‍ ഇംഗ്ലീഷിലുള്ള ആ ഭാഗങ്ങള്‍ക്കുമുണ്ട് വ്യക്തമായ രാഷ്ട്രീയവും അതു തുറന്നടിക്കാനുള്ള ശേഷിയും.
No skepticism in my lyricism
I raise an iron fist against terrorism
Islam is peace in the definition
People are brainwashed by the television
തീവ്രവാദത്തെ തള്ളിപ്പറയുകയും എതിര്‍ക്കുകയും ചെയ്യുന്ന ഈ വരികള്‍ ഇസ്ലാമിന്റെ സമാധാനസന്ദേശത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. പക്ഷേ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജപ്രതിനിധാനത്തിനെതിരേ ശക്തമായി നിലയുറപ്പിക്കുകയും ചെയ്യുന്നു. മുന്‍വിധികള്‍ മാറ്റിവച്ചുകൊണ്ട് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അടുത്ത വരികള്‍.
Open your eyes
Take away the prejudice
Bombing innocents, I'll call you a terrorist
I don't care if you are an Al-Qaeda militant
Or if the world call you the US president..
ബാപ്പയ്ക്കു പക്ഷേ പ്രകടമായ രാഷ്ട്രീയത്തെക്കാള്‍ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും സാഹചര്യങ്ങളെക്കുറിച്ചാണു പറയാനുള്ളത്. ആ സാഹചര്യങ്ങളാണ് പുറംനാട്ടിലേക്കു മറ്റൊരാളുടെ കൂടെ മകനെ അയയ്ക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. പുറംനാട്ടിലെ തണുപ്പോര്‍ത്ത് പുതയ്ക്കാന്‍ ഒരു തട്ടവും അയാള്‍ മകനു കൊടുത്തു.
ഇന്നലെ പത്രത്തിലാണു കണ്ടത് ആ തട്ടത്തില് ബേറൊരു അറബിപ്പേരുണ്ട് ന്ന്! അതുള്ളോരുടെ കൈയീ കാണും. തസ്ബീഹല്ല.. പിന്നെ? ബോംബ്! ഏത്? ബോംബേയ്!
We are a music movement, engaging in multiple genres of music, upholding Collective Self-Respect of the oppressed
എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ സംഗീതബാന്‍ഡിന്റെ ആ നിലപാടിനെയും സമീപനരീതിയെയും സാധൂകരിക്കുന്നതാണ് തുടര്‍ന്നുമുള്ള വരികള്‍. നിന്ദിതരുടെയും പീഡിതരുടെയും ദരിദ്രരുടെയും വിമതസ്വരം ഇതില്‍ കേള്‍ക്കാം.
'I am a rebel' is a sound of a loyal
Coz, the rebel is the only loyal
വെള്ളക്കാരോടു പടവെട്ടിയ തന്റെ കുടുംബപാരമ്പര്യത്തെ ബാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒപ്പം ഇപ്പോള്‍ വന്നുപെട്ട അവസ്ഥയെയും. ദാരിദ്ര്യം, അതു വരുത്തിവച്ച ബാധ്യതകള്‍, പൊലീസിന്റെയും ഒപ്പം മാധ്യമങ്ങളുടെയും പീഡനങ്ങള്‍ ഇവകൊണ്ട് പേടിച്ചും മടുത്തും സഹികെട്ട് ബാപ്പയ്ക്കും ഒടുവില്‍ തോന്നിപ്പോകുന്നു:
രാജ്യദ്രോഹിയാണേല്‍ ഓന്റെ മയ്യത്ത് ഞമ്മക്കും കാണണ്ടാ
എങ്കിലും ഒന്നു മാത്രം അയാള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല:
എന്നാലും... ബോംബേയ്..
ബാപ്പയായി വരുന്ന മാമുക്കോയ ഈ സംഗീത ആല്‍ബത്തിലുടനീളം പുലര്‍ത്തുന്ന സ്വര-ഭാവഭേദങ്ങളുടെ സൂക്ഷ്മത പറയാതിരിക്കാനാവില്ല. ഒപ്പം ചടുലമായ താളത്തിന്റെ പിന്തുണയോടെയുള്ള ഹാരിസിന്റെ റാപ്പും. മൂര്‍ച്ചയുള്ള വരികളെഴുതി ഈ ആല്‍ബം സംവിധാനം ചെയ്തത് മുഹ്‌സിന്‍ പരാരിയാണ്. ചടുലമായ ദൃശ്യവിന്യാസങ്ങള്‍ സംഗീതത്തിന്റെയും ഒപ്പം ഉള്ളിലുള്ള ജീവിതത്തിന്റെയും സംഘര്‍ഷങ്ങള്‍ക്കു മൂര്‍ച്ച നല്‍കുന്നു. ജിജോ ഏബ്രഹാമാണ് ക്യാമറ. സംഗീതം സംവിധാനം ചെയ്ത റോയ് ജോര്‍ജ് സംഗീതശൈലിയിലും ഒപ്പം അതിന്റെ സാംസ്കാരികരാഷ്ട്രീയത്തിലും സൂക്ഷ്മമായ അവബോധം പുലര്‍ത്തുന്നു. ഈ സംഗീത ആല്‍ബം ശ്രദ്ധിക്കപ്പെടുമെന്നതിന് ഒരു സംശയവുമില്ല. അതിന് ആല്‍ബമെന്ന നിലയിലുള്ള സാങ്കേതികമായ സൂക്ഷ്മത മാത്രമല്ല കാരണം.
ഹിന്ദി, തമിഴ്, മലയാളം സിനിമാഗാനങ്ങളിലൂടെ ഹിപ് ഹോപ്പിന്റെ സംഗീതസങ്കേതങ്ങള്‍ നമുക്കു പരിചയമുണ്ട്. എന്നാല്‍ ഹിപ്-ഹോപ്പിന്റെ രാഷ്ട്രീയമായ സാധ്യതകള്‍ അവ ഉപയോഗിക്കാറില്ല. വിനോദഗാനങ്ങള്‍ക്കപ്പുറത്തെ മാനങ്ങള്‍ അവയ്ക്കില്ല. ഹിപ്പ് ഹോപ്പിന്റെ സാംസ്കാരികപരിസരവും അവയ്ക്ക് അന്യമാണ്. എന്നാല്‍ ഈ ആല്‍ബം അങ്ങനെയല്ല. ഉറപ്പിച്ചു പറയാം. ഇത്തരത്തിലൊന്ന് മലയാളത്തില്‍ ആദ്യമാണ്.