രാത്രിഏറെ വൈകിയിട്ടും ഉറങ്ങാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ അനിയത്തിയെ ഉമ്മ ശകാരിച്ചു. അവള്‍ ഓടിപ്പോയി തലയിണയില്‍ മുഖമമര്‍ത്തി കരയാന്‍ തുടങ്ങി.
ഞാന്‍ മദ്രസയിലേക്കുള്ള ഖുര്‍ആന്‍ പഠനം മന:പാഠമാക്കുന്ന തിരക്കിലായിരുന്നു...
"കൂടുതല്‍ നന്‍മ പ്രവര്‍ത്തിച്ചവരെ സ്വര്‍ഗ്ഗത്തിലും കൂടുതല്‍ തിന്‍മ പ്രവര്‍ത്തിച്ചവരെ നരകത്തിലും പ്രവേശിപ്പിക്കും" ഞാന്‍ ആവര്‍ത്തിച്ചു ഉരുവിട്ട് കൊണ്ടിരുന്നു.
ഇടയ്ക്കു ഉമ്മ കയറി, അനിയത്തി കേള്‍ക്കാനെന്നോണം എന്നോട് ചോദിച്ചു.
"നിനക്ക് സ്വര്‍ഗ്ഗത്തില്‍ പോകണോ അതോ നരകത്തില്‍ പോകണോ?"
അനിയത്തിയുടെ മറുപടി: "എനിക്ക് ലുലുവില്‍ പോയാല്‍ മതി"
ഞാന്‍ സാമാന്യം ഉറക്കെ തന്നെ ചിരിച്ചു. ഉമ്മ ഗൌരവത്തില്‍ തുടര്‍ന്നു: "നരകത്തെക്കുറിച്ച് നിനക്കറിയോ? ധിക്കാരികള്‍ക്കുള്ള സങ്കേതം!
കുളിരോ പാനീയമോ ഇല്ല. ആളിക്കത്തുന്ന അഗ്നി!! കുടിക്കാന്‍ ചുട്ടു തിളച്ച വെള്ളവും ദുര്‍നീരും . ആമാശയത്തെപ്പോലും
ഉരുക്കിക്കളയുന്ന തീയുടുപ്പുകള്‍! തൊലിയും മാംസവും ഉരിച്ചു കളയും......"
ഉമ്മ മുഴുവന്‍ പറഞ്ഞു തീരും മുന്‍പ് അനിയത്തി ആകാംക്ഷയോടെ ചോദിച്ചു: "അപ്പോള്‍ സ്വര്‍ഗ്ഗത്തിലോ?"സ്വര്‍ഗ്ഗം ഒരു പറുദീസയാണ്. ഉടുക്കാന്‍ പച്ച പട്ടാടകള്‍! ഇരിക്കാന്‍ ചാരുമഞ്ജങ്ങള്‍!! കുടിക്കാന്‍ തേനൂറും പാനീയങ്ങള്‍!!! അതുമായി
ഓടി നടക്കുന്ന കൊച്ചു കൊച്ചു ബാല്യങ്ങള്‍. ചിപ്പികളില്‍ ഒളിപ്പിച്ചുവച്ച മുത്തുകള്‍ പോലെ! അവര്‍ ഓടി നടക്കുന്നത് കണ്ടാല്‍
വിതറപ്പെട്ട മുത്തുകളാണോ എന്ന് തോന്നും".
ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു: "ആരാണവര്‍?"
സ്വര്‍ഗ്ഗം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മാതാ പിതാക്കളുടെ ചെറുപ്പത്തില്‍ മരിച്ചു പോയ കുട്ടികളാണെന്നും, അതല്ല സ്വര്‍ഗ്ഗ വാസികളുടെ സേവനത്തിനായി അല്ലാഹു പ്രത്യേകം സൃഷ്ട്ടിച്ച കുട്ടികളാണെന്നും പറയപ്പെടുന്നു.
""സ്വര്‍ഗ്ഗത്തില്‍ പൂക്കളുണ്ടോ?" അനിയത്തി ചോദിച്ചു. ഉമ്മ പറഞ്ഞു: "പിന്നെ! അതി മനോഹരമായ ഉദ്യാനം. അതില്‍ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍. അതില്‍ ഏതു പൂവും നിനക്ക് പറിക്കാം. ആരും നിന്നെ വഴക്ക് പറയില്ല"
No comments:
Post a Comment