പി.എം സാലിഹ്
വിദ്യാര്‍ഥികള്‍ ഇടപെടുന്ന സംസ്‌കാരം, പഠനം, കല, രാഷ്ട്രീയം എന്നിവയെ ഉള്‍കൊള്ളുന്ന ചേരുവയാണ് ഒരു വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ കാഴ്ച്ചപ്പെടലുകള്‍. കേവലം സിലബസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഉടായിപ്പുകളല്ല ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ രാഷ്ട്രീയം. ഫിലീംഫെസ്റ്റുവെലും അക്കാദമിക് ആക്റ്റിവിസവും വിദ്യാഭ്യാസ സഹായവും സമരപ്രവര്‍ത്തനങ്ങളും ഈ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കാതലാവുന്നത് അതുകൊണ്ടാണ്.
ഏതൊരു സംഘടനയുടെയും പ്രസ്ഥാനത്തിന്റെയും രൂപീകരണ ഉദ്ദേശ്യം ഒരു ആദര്‍ശത്തിന്റ മൂര്‍ത്തീകരണമായിരിക്കും. നന്നേ ചുരുങ്ങിയത് ചില താല്‍പര്യങ്ങളെങ്കിലും അതിന്റെ പ്രചോദിത ക്രേന്ദമായി വര്‍ത്തിച്ചുണ്ടാകാം. വേദം ഗ്രന്ഥം ജനങ്ങള്‍ക്കു വേണ്ടി, പ്രവാചകന്മാര്‍ ജനങ്ങള്‍ക്ക് വേണ്ടി, തുടങ്ങിയ മാസ് ബേസ്ഡ് (ജനകീയ അടിത്തറ )ആദര്‍ശത്തിന്റെ പിന്‍ബലമാണ് എസ്.ഐ.ഒ (സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ)വിനുള്ളത്. വര്‍ഗീയതയിലോ വിഭാഗീയതയിലോ അതിന് വിശ്വാസമില്ല. മനുഷ്യനെ അഭിമുഖീകരിക്കുന്ന (അവന്റെ സകലമാന അവസ്ഥകളിലും)തൊഴിലാളികളെയും,മുതലാളിമാരേയും വേര്‍തിരിക്കാന്‍ സാധിക്കാത്ത ദര്‍ശനമാണ് എസ്‌ഐഒ മുന്നോട്ട് വെക്കുന്നത്. ഒരേ പാഠ്യപദ്ധതി, ഒരോയിനം ഗ്രന്ഥങ്ങള്‍ ഒരേയൊരു സമരമാര്‍ഗങ്ങള്‍ എന്ന നിര്‍ണിതമായ ഏകരൂപത്തിന്റെ ആവര്‍ത്തനം വിദ്യാര്‍ഥിയുടെ മസ്തിഷ്‌കത്തെ മരവിപ്പിക്കുമെന്നും, ഒരു വസ്തുവിനെ വിവിധ രൂപത്തിലും വ്യത്യസ്തമായ കോണുകളിലും നിന്നും വീക്ഷിക്കുമ്പോഴാണ് സര്‍ഗാത്മാകത നാമ്പെടുക്കുന്നതെന്നും ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം വിശ്വസിക്കുന്നു.മനുഷ്യന്റെ പ്രശന്നങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഒരു കോണിലൂടെ മാത്രം പരിഹാരം നിര്‍ദേശിക്കുന്നതും വര്‍ഗ്ഗം, വംശം, നീതി നിശ്ചയിക്കുന്നതും അതിനെ സംബന്ധിച്ച് അപരിചിതമാണ്. മൂല്യങ്ങളേയോ അവകാശങ്ങളെയോ വേര്‍തിരിച്ച് കാണാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സാധിക്കുകയില്ല അതുകൊണ്ട് വര്‍ഗീയത വിഭാഗീയത എന്നീ ശബ്ദങ്ങള്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തെ സംബന്ധിച്ച് അശ്ലീലമായ പദാവലികളാണ്. വൈവിധ്യങ്ങളെ മനോഹരമായി കൂട്ടിയിണക്കുന്നതിലൂടെയാണ് സര്‍ഗാത്മകമായ ഒരു കാമ്പസ് ഉടലെടുക്കുകയുള്ളുവെന്നും ഏക ശബ്ദത്തിന്റെ ഇടിമുഴക്കം സമരാവേശമല്ലെന്നും ഗുണ്ടായിസമാണെന്നും പറയാനുള്ള ആര്‍ജ്ജവം എസ്.ഐ.ഒവിനുണ്ടാവുന്നത് അത് പ്രതിനിധാനം ചെയ്യുന്ന ‘മാസ്‌ബേസ്ഡ്’
ആദര്‍ശത്തിന്റെ കരുത്ത് കൊണ്ടാണ്.
മനുഷ്യനെ അവന്റെ ദൗത്യ നിര്‍വഹണത്തിന് സജ്ജനാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വിദ്യയുടെയും വിദ്യാര്‍ഥിയുടെയും വിദ്യാഭ്യാസത്തിന്റെയും വിപ്ലവാത്മകമായ ഈ വിഭാവനകളില്‍ നിന്നാണ് വിദ്യാര്‍ഥി പ്രസ്ഥാനം ഉയിരെടുക്കുന്നത്.വിദ്യാര്‍ഥികളുടെ ഈ കൂട്ടായ്മക്ക് വളരെ സുപ്രധാനങ്ങളായ ഉത്തരവാദിത്വങ്ങളാണ് നിര്‍വഹിക്കാനുള്ളത്. വിദ്യാര്‍ഥികളുടെ സവിശേഷമായ അസ്തിത്വത്തെ ഇസ്‌ലാമും അതുപോലെ തന്നെ ആധുനിക സമൂഹവും അംഗീകരിക്കുന്നു. നിലനില്‍ക്കുന്ന വിദ്യാഭ്യാസ ക്രമവും സാമൂഹിക-സാമ്പത്തിക സാംസ്‌കരിക രാഷ്ട്രീയ ശക്തികളും വിദ്യാര്‍ഥി സമൂഹത്തില്‍ വ്യക്തമായി നിര്‍വചിതമായ വിദ്യാര്‍ഥി സമൂഹത്തിന് അതിന്റെതായ രാഷ്ട്രീയവും സംസ്‌ക്കരവും പഠന പ്രവര്‍ത്തനസമരശൈലികളും സമൂഹം അനുവദിച്ച് കൊടുക്കുന്നുമുണ്ട്. വിദ്യാര്‍ഥി സമൂഹത്തിനുള്ളില്‍ നിന്നും വെല്ലുവിളികളും പ്രലോഭനങ്ങളും അവരെ വ്യത്യസ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി വലിച്ച് കൊണ്ടുപോകാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തികളുടെ സാന്നിദ്ധ്യം. കുറുവടി ,കോളരുപിടുത്തം, ഗയിറ്റടിക്കല്‍, കണ്ണുരുട്ടല്‍, മസില്‍പവര്‍ പോളിസികള്‍ തുടങ്ങിയ ക്ഷുദ്രശക്തികളുടെ ആധിപത്യം, ഇസ്ലാമിക വിദ്യാര്‍ഥിപ്രസ്ഥാനത്തെ ഒരനിവാര്യതയാക്കിമാറ്റുന്നു. വിജ്ഞാനമാര്‍ജിച്ചവര്‍ക്ക് സമൂഹത്തില്‍ വളരെ സുപ്രധാന ദൗത്യം നിര്‍വഹിക്കാനുണ്ട് എന്നതാണ് ഇസ്ലാമിന്റെ പാഠം .വിവിരമുള്ളവര്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെങ്കില്‍ വിദ്യാര്‍ഥി സമൂഹം മാത്രമല്ല മുഴുവന്‍ സമൂഹവും ജീര്‍ണിച്ച് നാശോന്മുഖമായി തീരും. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാഭാസത്തിന്റെ മഹത്തായ ലക്ഷ്യങ്ങളെയും അവയെ സാക്ഷാല്‍ക്കരിക്കാനുള്ള വിദ്യാഭാസത്തിന്റെ തന്നെ ഭാഗമായ പരിശീലനപദ്ധതികളെയും തകിടം മറിക്കാന്‍ ആധുനിക വിദ്യാഭാസ ദല്ലാളന്മാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .ഈ അവസരത്തില്‍ വിദ്യാര്‍ഥിസമൂഹത്തെ അവരുടെ യാഥാര്‍ത്ഥ ദൗത്യത്തിലേക്ക് ക്ഷണിക്കുകയും ആ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച് പോകാതെ നില നിര്‍ത്തുകയും ചെയ്യുന്ന ഇസ്ലാമിക വിദ്യാര്ഥി പ്രസ്ഥാനത്തിന്റെ സംഘശക്തിക്ക് വളരെ പ്രധാന്യമേറുന്നു. മതേതരത്വത്തിന്റെ അടുപ്പില്‍ വേവിച്ചെടുത്ത ദേശ, ഭാഷ,വര്‍ഗ, വംശ, വിഭവങ്ങളില്‍ മൂല്യത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ഒരു വിദ്യാര്‍ഥി സമൂഹത്തിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയില്ല എന്നല്ല അവരുടെ ശക്തി ആധിപത്യം എന്നിവ വിദ്യാര്‍ഥസമൂഹത്തിന് അലോസരമുണ്ടാകുന്നു. വൈവിധ്യങ്ങളെ തച്ചുടക്കുന്നു. ആവിഷ്‌കാരങ്ങളെ നിഷേധിക്കുന്നു. സംവാദങ്ങളെ ഭയപ്പെടുന്നു തുടങ്ങിയ നിരവധി ജനാധിപത്യ വിരുദ്ധ ആശയങ്ങളെ അവരില്‍ നിന്ന് ഉത്ഭവിക്കുകയും ചെയ്യും. എന്നാല്‍ ഇസ്ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് ഇത്തരം ഭീകരതകള്‍ ഉടലെടുക്കുകയില്ല. കാരണം മൂല്യപ്രഭാവമാണ് അതിന്റെ ആധിപത്യം. വളരെക്കുറച്ച് ആളുകള്‍ മാത്രമാണെങ്കിലും പ്രതിയോഗികള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് ഈ പ്രഭാവമാണ് .ഒരേ വാര്‍പ്പ് മാതൃകയില്‍ സമഗ്രാധിപത്യത്തിന്റെ വഴികളും പ്രയോഗികതകളും ലോകത്തിന് പരിചയപ്പെടുത്തിയത് ഇസ്ലാമോ ഇസ്ലാമിക പ്രസ്ഥാനങ്ങളോ അല്ല. ജര്‍മ്മന്‍ സോഷിലിസ്റ്റ് പാര്‍ട്ടിയുടെ ലീഡറാണ് ഹിറ്റലര്‍, ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ് മുസോളിനി. റഷ്യന്‍ സോഷ്യലിസത്തിന്റെ ചുക്കന്‍ പിടിച്ചവരാണ് ലെനിനും സ്റ്റാലിനും .സമത്വമെന്ന അധികാര അനുഭൂതികള്‍ക്ക് നിറംതേച്ച് പിടിപ്പിച്ച് സമഗ്രാധിപത്യത്തിന്റെ ദ്രംഷ്ടകള്‍ പുറത്തെടുത്തവരായിരുന്നു അവര്‍. ഇസ്‌ലാമിനും ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനത്തിനും മതേത്വരത്വത്തിന്റെ വര്‍ണ്ണമടിക്കേണ്ടതില്ല. മനുഷ്യനന്മക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് മനുഷ്യാവിഷ്‌ക്കരാങ്ങളെയും സ്വാതന്ത്ര്യാഭിനിവേശത്തെയും അംഗീകരിക്കാന്‍ സാധിക്കും.
ഇസ്‌ലാമിന്റെ ആദര്‍ശബോധത്തില്‍ നിന്നാണ് വിദ്യാര്‍ഥി പ്രസ്ഥാനം അതിന്റെ കരുത്ത് സമ്പാദിക്കുന്നത്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇസ്‌ലാമിക പ്രബോധനം ചെയ്യുക എന്നതാണ് എസ്.ഐ.ഒവിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ പ്രഥമഗണനീയമായിട്ടുള്ളത്. മനുഷ്യനന്മക്കതീര്‍ണമായ ദൈവിക ഗ്രന്ഥത്തിന്റെ വാഹകരാണ് ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍. മനുഷ്യനെ (എല്ലാ പരിഗണനങ്ങള്‍ക്കുമപ്പുറo) സ്‌നേഹിക്കാനും സേവിക്കാനും അവര്‍ക്കു സാധിക്കുന്നു. തൊട്ടടുത്തിരിക്കുന്നവന്റെ ദുഃഖമറിയാനും പരിഹരിക്കാനുമുള്ള ആവേശം കേവല രാഷ്ട്രീയ താല്‍പര്യങ്ങളല്ല മറിച്ച് അവന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന്റെ നേട്ടമാണ്. ഈ ആദര്‍ശാനുഭൂതികളാണ് അവരുടെ പരമമായ ശക്തി. ഇസ്‌ലമിക വിദ്യാര്‍ഥി പ്രസ്ഥാനം നിര്‍വഹിക്കുന്ന ഏതൊരു പ്രവര്‍ത്തനവും അടിസ്ഥാനപരമായി ഇസ്‌ലാമിന്റെ പ്രബോധനമായിരിക്കും. അതിന്റെ മണവും നിറവും ഗുണവും ഇസ്‌ലാമായിരിക്കും. ഖുര്‍ആനിലും പ്രവാചക ചര്യയിലധിഷ്ഠിതമായ ഒരു സമ്പൂര്‍ണ്ണ ജീവിത ക്രമത്തെയാണ് ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്നത്. തരംതിരിച്ച് അധികാരം അരക്കെട്ടുറപ്പിക്കുന്ന ഫേഡറേഷന്‍ സിസ്റ്റമല്ല ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റേത്. എണ്‍പതുകളുടെ പ്രക്ഷുബ്ദ്ധമായി വിദ്യാര്‍ഥി വിപ്ലവത്തിന്റെ ക്രമാനുഗതമായ ഒഴുക്കാണത്. തലോടിയും തള്ളിമാറ്റിയും എല്ലാവരെയും പരിഗണിച്ചും, ഉള്‍ക്കൊണ്ടുമുള്ള ചലനാത്മകത. സര്‍ഗ്ഗവൈവിധ്യങ്ങള്‍ക്കും അതിലിടമുണ്ട്. സമഗ്രാധിപത്യത്തോട് അത് നിദാന്തമായി കലഹിക്കുന്നു. വിജ്ഞാനവും വിപ്ലവവും സമന്വയിപ്പിച്ച വിദ്യാര്‍ഥി ആവേശത്തിന്റെ ശരിയായ ദിശയാണ് അത് നിര്‍ണ്ണയിച്ച് കൊടുക്കുന്നത്. ഇസ്‌ലാമിന്റെ ആദര്‍ശത്തെയും വീക്ഷണത്തെയും കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപ്പാട് അവ മനുഷ്യരുടെ-വിദ്യാര്‍ഥികളുടെ-സ്വത്വത്തിലേക്കു സ്വാംശീകരിക്കപ്പെടേണ്ടതും ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പ്രകാശിതമാവേണ്ടതുണ്ടെന്നതുമാണ്. നന്മയും തിന്മയും വിദ്യാര്‍ഥിയുടെ അസ്ത്വിതമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. തന്നിലെയും തനിക്കു ചുറ്റുമുള്ള തിന്മകളെ ചെറുക്കാനും നന്മകളെ സ്ഥാപിക്കാനും തയ്യാറാകാത്ത കാലത്തോളം വിദ്യാര്‍ഥികളുടെ അസ്ത്വത്വം നിരര്‍ത്ഥകമായിരിക്കും. അതിനാല്‍ തന്നെ വിദ്യാര്‍ഥിസമൂഹത്തിന്റെ അസ്ത്വിത്വത്തിന് തന്നെ അര്‍ത്ഥം പകരുന്ന ഈ ദൗത്യത്തെ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം അതിന്റെ ഉദേശലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ വ്യവസ്ഥയിലും വിദ്യാഭ്യസ സ്ഥാപനങ്ങളുടെ സാംസ്‌കാരികാന്തരീക്ഷത്തിലും ഇടപെട്ടുകൊണ്ട് തങ്ങളുടെ ഭാവിപൗരത്വത്തെ രൂപപ്പെടുത്തിയെടുക്കാനാണ് സകലരും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ വിദ്യാര്‍ഥി സമൂഹം തങ്ങള്‍ വിദ്യാഭ്യാസം ചെയ്യിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ വ്യവസ്ഥയെക്കുറിച്ചും തങ്ങളുടെ കാമ്പസുകളുടെ സാംസ്‌കാരികാന്തരീക്ഷത്തെക്കുറിച്ചും എപ്പോഴും ബോധവന്‍മാരായിരിക്കും. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയും കാമ്പസുകളും വിദ്യാര്‍ഥികളില്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനും , സമൂഹത്തിന് അനിവാര്യമായ പൗരന്‍മാരായ ഭാവിപൗരന്‍മാരായി വളരാനും ആവശ്യമായ മൂല്യബോധം ഉണര്‍ത്താനും പര്യാപ്തമായതല്ല. ഈ ലക്ഷ്യങ്ങള്‍ പ്രായോഗികമാക്കാനാവശ്യമായ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്നതുമല്ല. എന്നല്ല വിദ്യര്‍ഥികളെ അരഷ്ട്രീയരാക്കുന്നതിന് സഹായിക്കുന്നതുമാണ്. വിദ്യാര്‍ഥികള്‍ ഗ്യാങ്ങുകളും ഫാന്‍സുകളും ക്ലബ്ബുകളുമായി തീരുന്നത്. അടിക്കേണ്ടതിനെയും പൊളിക്കേണ്ടതിനെയും സ്വാംശീകരിച്ച് അടിപൊളിയന്മാരായി മാറുന്നതും അരാഷ്ട്രീയതയുടെ ഭീഭത്സമായ സ്വാധീനം കൊണ്ടാണ്. ഇവിടെയാണ് വിപ്ലവാവേശമുള്ള ധാര്‍മ്മിക കരുത്തുള്ള വിദ്യാര്‍ഥി പ്രസ്ഥാനം അനിവാര്യമാവുന്നതും,അതോടൊപ്പം വെല്ലുവിളിയാവുന്നതും.
അത്യുജ്ജലമായ ഒരു കര്‍മ്മ മാതൃകയാണ് ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റേത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാന മാര്‍ഗദര്‍ശിയും അവലംബവും ഖുര്‍ആനും സുന്നത്തുമായിരിക്കും. വിദ്യക്കും,വിദ്യാര്‍ഥിക്കും വിദ്യാഭ്യാസത്തിനും ഇസ്‌ലാമിന്റെ അടിസ്ഥാന സ്രോതസ്സുകളായ ഖുര്‍ആനും സുന്നത്തും നിര്‍ണ്ണയിച്ച് നല്‍കുന്ന സവിശേഷതകളാണ് ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ കര്‍മ്മമതൃകകയെയും പ്രവര്‍ത്തനസംസ്‌കാരത്തെയും നിശ്ചയിക്കുന്നത്. ശക്തമായ ഈ ആദര്‍ശാടിത്തറ. സാമ്പ്രദായിക വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും, കേവല ആള്‍കൂട്ടങ്ങളില്‍ നിന്നും വ്യതിരക്തമായ ഒരു കര്‍മ്മമാതൃക നിലനിര്‍ത്താന്‍ ഇസ്‌ലാമികപ്രസ്ഥാനത്തിന് കെല്‍പ്പേകുന്നതാണ്. നിലവിലുള്ള വിദ്യാഭ്യാസ ക്രമത്തിന്റെയും കാമ്പസ് സംസ്‌കാരങ്ങളുടെയും അവസ്ഥകള്‍ക്കും താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്നതല്ല അതിന്റെ പ്രവര്‍ത്തന സംസ്‌കാരം. വിപ്ലവവാദങ്ങളുമായി മുഷ്ടിചുരുട്ടി കറങ്ങിനടക്കുന്ന സംഘടനകള്‍ പോലും ഫാഷന്‍ഷോക്കും റാഗിംഗിനും നേതൃത്വം നല്‍കുന്ന സന്ദര്‍ഭമാണിത്. ഇഹലോകത്തെ വര്‍ണ്ണപകിട്ടുകള്‍ക്കപ്പുറം ജീവിതത്തിന് യാഥാര്‍ത്ഥ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനം ഇമ്മാതിരി പേക്കൂത്തുകള്‍ക്കെതിരെ ശക്തമായി ഇടപെടാന്‍ സന്നദ്ധരാവുന്നു. ദൈവപ്രീതിയും പരലോകമോക്ഷവുമായിരിക്കണം ഒരു യഥാര്‍ത്ഥ വിദ്യാര്‍ഥിയുടെ അടിസ്ഥാന പ്രചോദകങ്ങള്‍ എന്ന് ഈ പ്രസ്ഥാനം വിശ്വസിക്കുന്നു. ഭൗതികമായ ആര്‍ത്തികളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്നതിലൂടെ അധിനിവേശത്തിന്റെയും അടിമത്തത്തിന്റെയും സകലമാനവിദ്യാഭ്യാസപദ്ധതികള്‍ക്കുംഅതീതമായിത്തീരണം വിദ്യാര്‍ഥിസമൂഹം. ഈയൊരു പ്രതലത്തിലേക്ക് വിദ്യാര്‍ഥികളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനം ശ്രമിക്കുന്നത്. അതിനാല്‍ തന്നെ കാമ്പസുകളില്‍ മാത്രമല്ല വിദ്യാര്‍ഥി ഇടപെടുന്ന സകലസ്ഥലങ്ങളിലും ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനത്തിന് ഉത്തരവാദിത്വങ്ങളും പ്രവര്‍ത്തനമണ്ഡലങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. വര്‍ഗ്ഗീയ വിദ്വേഷവും വര്‍ഗ്ഗീയസംഘട്ടനവും കാമ്പസ് (ഭീകരത) വിനാശവും ഇളക്കിവിടുന്നതോ ആയ മുഴു പ്രവര്‍ത്തനശൈലികളില്‍ നിന്നും ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനം അതിന്റെ ശക്തമായ ആദര്‍ശപിന്‍ബലംകൊണ്ട് പൂര്‍ണ്ണമായും മോചിതമായിരിക്കും.
ഉന്നത വിദ്യാഭ്യാസം വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ പ്രസക്തി അത് നിര്‍വഹിക്കുന്ന ദൗത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതൊരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയും പ്രഥമ അജണ്ടയില്‍ ഉള്‍പ്പെടുന്നത് വിദ്യാഭ്യാസവും വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുമാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യസത്തിലെ പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍ അന്വേഷിക്കാനോ പരിഹരിക്കാനോയുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നോ വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെയോ സമൂഹത്തിന്റെയോ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. എതെങ്കിലും സംരംഭങ്ങള്‍ ഉണ്ടായാല്‍ തന്നെ വിവാദമായി അവസാനിക്കാനോ രാഷ്ട്രീയക്കാരുടെയും സര്‍വീസ് യൂണിയനുകളുടെയും താല്‍പര്യങ്ങളാല്‍ അട്ടിമറിക്കപ്പെടാനോ ആയിരിക്കും അതിന്റെ വിധി. കൊളോണിയല്‍ കാലത്ത് ആരംഭിച്ചതും ലോകത്തേതാണ്ടെല്ലാ രാജ്യങ്ങളും കൈയൊഴിഞ്ഞതുമായ അഫിലിയേറ്റഡ് യൂനിവേഴ്‌സിറ്റ് സമ്പ്രദായത്തിനും അതിന്റെ ചിട്ടവട്ടങ്ങള്‍ക്കും ഈ പിന്നാക്കാവസ്ഥയില്‍ വലിയ പങ്കുണ്ട്. ഇന്നും ഈ രീതി നിലനില്‍ക്കുന്നതിനുപിന്നില്‍ രാഷ്ട്രീയക്കാരുടെയും സര്‍വീസ് യൂണിയനുകളുടെയും നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. അവരുടെ താല്‍പര്യങ്ങള്‍ക്ക് ഒരു ഇളക്കവും തട്ടാത്ത രീതിയിലുള്ള മാറ്റങ്ങള്‍ക്കെ അവര്‍ പച്ചക്കൊടി കാണിക്കുകയുള്ളു. അല്ലെങ്കില്‍ കൂടാലോചന സിദ്ധാന്തങ്ങളുമായി രംഗത്തുവന്ന് പരിഷ്‌ക്കാര ശ്രമങ്ങളെ കടല്‍കടത്തുന്ന രീതിയാണ് കേരളത്തില്‍ കാണാനാവുന്നത്.
ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ച സാം പിത്രോഡ അധ്യക്ഷനായ നാഷണല്‍ നോളജ് കമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച യു.ആര്‍ അനന്തമൂര്‍ത്തി കമ്മീഷന്റെയും ഡോ. എം. വിജയന്‍ കമ്മീഷന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലും റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം ചര്‍ച്ചചെയ്യുന്നതിന് പകരം അതിലെ ചില നിര്‍ദ്ദേശങ്ങള്‍ വിവാദമാക്കുക എന്ന സമീപനങ്ങളാണ് ഒട്ടുമിക്ക മലയാള പത്ര-ദൃശ്യമാധ്യമങ്ങളും വിദ്യഭ്യാസ പ്രവര്‍ത്തകരില്‍ ഒരുവിഭാഗവും സ്വീകരിച്ചത്.
പ്രൈമറി സെക്കണ്ടറി തലങ്ങളില്‍ വികസിത രാഷ്ട്രങ്ങളോടൊപ്പം എത്തിനില്‍ക്കുന്ന നിലവാരം കേരളത്തിലുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളെക്കാള്‍ പിന്നിലണ്. സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ പോലുള്ള ദേശീയാടിസ്ഥാനത്തിനുള്ള പ്രവേശന പരീക്ഷകളിലും മറ്റും കേരളത്തിലെ വിദ്യാര്‍ഥികളുടെ പ്രകടനം ഇതിന്റെ സൂചകങ്ങളാണ്. ലോകമെമ്പാടും വിദ്യാഭ്യാസ രംഗത്ത് പുതിയ ചിന്തകളും പഠനങ്ങളും സജീവമായിനടക്കുന്നുണ്ട്. തല്‍ഫലമായി വിദ്യാഭ്യാസത്തിന്റെ ഘടനയില്‍, ഉള്ളടക്കത്തില്‍ പരീക്ഷയെയും മൂല്യനിര്‍ണയത്തെയും സംബന്ധിച്ച കാഴ്ച്ചപാടില്‍ വലിയ മറ്റങ്ങള്‍ വന്നുകഴിഞ്ഞു. ഡീംഡ് യൂനിവേഴ്‌സിറ്റി,ഓട്ടോണമസ് കോളേജുകള്‍, ഓപ്പണ്‍ യൂനിവേഴ്സ്റ്റികള്‍, ക്രഡിറ്റ് സെമിസ്റ്റര്‍ സമ്പ്രദായം ബോധനശാസ്ത്രത്തില്‍ നൂതനരീതികള്‍, നിരന്തര മൂല്യനിര്‍ണ്ണയം,ഗ്രേഡിംഗ് രീതി എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. ഇത്തരം പരിഷ്‌ക്കരണ നിര്‍ദേശങ്ങള്‍ മുന്നില്‍ വരുമ്പോള്‍ സമഗ്രമായ വിശകലനങ്ങള്‍ നടത്തുകയോ മറ്റോ ചെയ്യുന്നതിന് പകരം വിവാദ പര്‍വ്വങ്ങളിലോ സാങ്കല്‍പ്പിക അപകടങ്ങളുടെ ഭീതിയിലോ തളച്ചിടുകയാണ് സാധാരണയായി ചെയ്യുക. ഡീംഡ് യൂനിവേഴ്‌സിറ്റികള്‍ വരുന്നു, ഓട്ടോണമസ് കോളേജുകള്‍ ഉണ്ടാവുന്നു എന്ന് കേള്‍ക്കുമ്പോഴേക്ക് യൂനിവേഴ്‌സിറ്റികളുടെ നിലവാരം തകരില്ലേ,ഡിഗ്രികള്‍ക്ക് വിലയില്ലാതാവില്ലെ എന്നൊക്കെയാണ് ആശങ്കകള്‍. എന്നാ ല്‍ ലോകത്തെമ്പാടുമുള്ള അനുഭവങ്ങള്‍ മറിച്ചാണ്. അമേരിക്കയിലെയും യൂറോപ്പിലെയും വിദ്യാഭ്യാസ രംഗത്തെ പ്രവണതകള്‍ ഇത്തരം രീതികളെ സ്വാംശീകരിച്ചതാണെന്നും കാണാന്‍ കഴിയും. നമ്മുടെ നാട്ടില്‍ തന്നെയുള്ള ഐ.ഐ.ടി, ഐ.ഐ.എം,
കേന്ദ്രയൂനിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കോഴ്‌സ് സംഘാടനവും ബോധന മൂല്യനിര്‍ണ്ണ സംവിധാനങ്ങളും വിദ്യാഭ്യാസ നിലവാരത്തെ ഉയര്‍ത്തുകയാണല്ലോ ചെയ്തിട്ടുള്ളത്. വ്യത്യസ്ത ഐ.ഐ.ടികളില്‍ അതാതിടങ്ങളിലെ അധ്യാപകര്‍തന്നെ വ്യത്യസ്ത സിലബസുകള്‍ നിശ്ചയിച്ചതുകൊണ്ടോ നിരന്തരമൂല്യനിര്‍ണ്ണയങ്ങള്‍ നടപ്പാക്കിയതുകൊണ്ടോ ഐ.ഐ.ടികളുടെ നിലവാരം തകര്‍ന്നതായി കാണാന്‍ കഴിയില്ല. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകളുടെ അനുഭവവും ശ്രദ്ധേയമാണ്. ഇവയുടെ രംഗപ്രവേശനത്തോടെ നമ്മുടെ പൊതുവിദ്യാലങ്ങളുടെ നിലവാരം താഴുകയല്ല മറിച്ച് നിലവാരമുയര്‍ത്താന്‍ നാം നിര്‍ബന്ധിതമായതാണ് അനുഭവം. ഇന്ധിരാഗാന്ധി നാഷ്ണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി ബിരുദദാരികള്‍ക്ക് നിലവാരമില്ലെന്നും കേട്ടിട്ടില്ല. മറിച്ച് നമ്മുടെ ബിരുദധാരികളേക്കാള്‍ നിലവാരമുണ്ടുതാനും. ഫലത്തില്‍ പുതിയ സമ്പ്രദായങ്ങള്‍ ഉണ്ടാകുമ്പോള്‍ നിലവാരം ഉയരുകയും താഴ്ന്ന നലവാരമുള്ളവര്‍ നിലനില്‍പ്പിനായി ഉയര്‍ന്ന നിലവാരത്തിലെത്താന്‍ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്യുക എന്നതാണ് കാണാന്‍ കഴിയുന്നത്. പരിഷ്‌കരണ നിര്‍ദേശങ്ങള്‍ എത്ര നല്ലതാണെങ്കിലും അതിന്റെ ഭാവി വ്യക്തമായ ദശാബോധവും ഇച്ഛാശക്തിയുമുള്ള ഭരണനേതൃത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്. നിര്‍ദേശങ്ങള്‍ വേണ്ടത്ര ചര്‍ച്ചചെയ്ത് ആശങ്കകള്‍ ദൂരീകരിച്ചും മതിയായ മുന്നൊരുക്കത്തോടെ മാത്രമെ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാവൂ. പഠനത്തിന് ആവശ്യമായി അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അധ്യാപകരുടെ നിയമനം, അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിന്റെ അനുയോജ്യമായ പുനഃനിര്‍ണ്ണയം, മതിയായ സാമ്പത്തിക സ്രോതസ്സിന്റെ ലഭ്യത എന്നീ നിരവധി വെല്ലുവിളികളെ നേരിടുന്നതിനെ ആശ്രയിച്ചിരിക്കുന്നു പരിഷ്‌കരണങ്ങളുടെ വിജയസാധ്യത. പുതിയ ചിന്തകള്‍ അനിവാര്യമാണ്.
കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കുകയില്ലെന്നത് അവരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി നഷ്ടമാണ്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമൂഹം ഒന്നാകെ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയെന്നതും സമൂഹത്തിന്റെ പൊതുവികസനത്തെ ബാധിക്കുന്നതാണ്. അത്‌കൊണ്ടാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠനചിലവ് എങ്ങനെ കാണും എന്ന ചര്‍ച്ച പ്രസക്തമാവുന്നത്. ബദല്‍ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണങ്ങള്‍ ഇനിയും സജീവമാകുന്നില്ല. വിദ്യാര്‍ഥികള്‍കക് സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റുകൾ, വ്യവസായ സംരംഭങ്ങളുടെ സംഭാവന, അലുംമ്‌നി സംഭാവന, വ്യക്തികളുടെയും സംഘടനകളുടെയും കാരുണ്യനിധികള്‍ തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന രീതിയില്‍ സംവിധാനം ഉണ്ടാവേണ്ടതുണ്ട്. ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ നിയമത്തില്‍ തന്നെ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഒരു പൊതുഫണ്ട് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ശ്രമം നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ മേഖലയിലുള്ള ഒരു ശ്രമവും സര്‍ക്കാറിനറെ ഭാഗത്ത് നിന്നുണ്ടായിട്ടല്ല എന്നതാണ് വസ്തുത. സ്വകാര്യസംരംഭങ്ങളിലൂടെ നിധികള്‍ രൂപീകരിക്കുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ത്വരിതഗതിയില്‍ നടത്തുകയും ചെയ്യാതെ വിദ്യാര്‍ഥിസേവനത്തെക്കുറിച്ച് നടത്തുന്ന വാചകമടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം. വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ പിന്നാക്കം നില്‍കുന്ന മലബാര്‍ മേഖലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ പ്രഖ്യാപിച്ച് നടപ്പിലാക്കാനും ഭരണകൂടം തയ്യാറാവണം. ഉന്നതവിദ്യാഭ്യസ പരിഷ്‌കരണം സ്വാശ്രയ വിദ്യാഭ്യാസം തുടങ്ങിയ സമകാലിക വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ കൃത്യമായ ഇടം നിശ്ചയിക്കാന്‍ ഇസ്‌ലാമിക വദ്യാര്‍ഥി പ്രസ്ഥാനത്തിന് സാധിച്ചത് കൊണ്ടാണ് കേരളീയ സമൂഹത്തില്‍ അത് സ്വയം അടയാളപ്പെടുത്തിയത്. ഇനിയും ശക്തമായ സാന്നിദ്ധ്യമാവാന്‍ അതിന് കഴിയേണ്ടതുണ്ട്.
No comments:
Post a Comment