scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 12, 2010

തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം പതിപ്പ് ഇനി ഇന്റര്‍നെറ്റിലും

തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം ഡിജിറ്റല്‍ പതിപ്പ് ഇനി ഇന്റര്‍നെറ്റിലും ലഭ്യമാവുകയാണ്. നേരത്തെ സി.ഡി, ഡി.വി.ഡി രൂപത്തില്‍ ലഭ്യമായ സോഫ്റ്റ്വെയര്‍ പതിപ്പിന്റെ എല്ലാ സവിശേഷതകളും നിലനിര്‍ത്തുന്നതോടൊപ്പം പുതിയ ചില സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വെബ് പതിപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കാവുന്ന അറിവിന്റെ ശേഖരം അപരിമേയമാണ്. വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക വിജ്ഞാനങ്ങള്‍ക്ക് ഇന്ന് ഇന്റര്‍നെറ്റില്‍ വലിയൊരു ശേഖരം തന്നെയുണ്ട്. ഖുര്‍ആന്റെ നൂറുക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങളും വിവിധ ലോക ഭാഷകളിലേക്കുള്ള മൊഴിമാറ്റങ്ങളും വ്യത്യസ്ത ഖാരിഉകളുടെ വിവിധ രീതിയിലെ ഖുര്‍ആന്‍ പാരായണങ്ങളും ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ ശേഖരങ്ങളും നെറ്റില്‍ ലഭ്യമാണ്. ഇക്കൂട്ടത്തില്‍ മലയാള ഭാഷക്ക് കാര്യമായ വിഹിതമുണ്ടായിരുന്നില്ല. ഈ വിടവ് നികത്താന്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം വെബ് എഡിഷന് ഏറെക്കുറെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം.
ടെക്നോളജിയുടെ വികാസം, നമ്മുടെ വായനാശീലത്തെ പുസ്തകത്താളുകളില്‍ നിന്ന് അതിവേഗം കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് പറിച്ചു നട്ടുകൊണ്ടിരിക്കുകയാണ്. പുസ്തകത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ വായനക്ക് ഒരുപാട് മികവുകളുണ്ട്. ഈ മികവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം കമ്പ്യൂട്ടര്‍ പതിപ്പ് തയാറാക്കിയത്. ഒന്നേകാല്‍ വര്‍ഷത്തോളം നീണ്ടുനിന്ന കഠിനാധ്വാനത്തിന്റെ ഫലമായി പുറത്തിറങ്ങിയ സോഫ്റ്റ്വെയര്‍ മലയാളി സമൂഹം അത്യധികം ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്. ലളിതമായ മുഖപ്പേജ്, ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടന, എളുപ്പത്തില്‍ പരിശീലിക്കാവുന്ന ഉപയോഗക്രമം തുടങ്ങിയവയൊക്കെ ഡിജിറ്റല്‍ പതിപ്പിന്റെ സവിശേഷതകളായിരുന്നു.
ഉസ്മാനി ലിപി, ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ഥം, മലയാളത്തിലും ഇംഗ്ളീഷിലും ആയത്തുകളുടെ അര്‍ഥം, വ്യത്യസ്ത രീതികളില്‍ ഇന്‍ഡക്സ് സൌകര്യം, ഖുര്‍ആന്‍ ആദ്യം മുതല്‍ പേജ് മറിച്ച് വായിക്കാനും പാരായണം കേള്‍ക്കാനും സൌകര്യം, മൂന്ന് പ്രശസ്ത ഖാരിഉകളുടെ പാരായണം, തഫ്ഹീമിലെ ആയിരക്കണക്കിന് പദങ്ങളുടെ വിശദീകരണം, വിപുലമായ സെര്‍ച്ച് സൌകര്യം, തജ്വീദ് പഠനത്തിന് പ്രത്യേകം സംവിധാനം, സന്ദര്‍ഭോചിതമായി തെരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെയും മാപ്പുകളുടെയും ശേഖരം, വീഡിയോ ക്ളിപ്പുകള്‍, ഖുര്‍ആന്‍ പഠനത്തിലേക്ക് വെളിച്ചം പകരുന്ന ഈടുറ്റ ലേഖനങ്ങള്‍, ഖുര്‍ആന്‍ ക്വിസ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ ഇതിനെ കിടയറ്റ സോഫ്റ്റ്വെയറാക്കി. കേവലം പേജ് മറിച്ചുള്ള വിരസമായ വായനാ രീതിക്ക് പകരം ഡിജിറ്റല്‍ സംവിധാനത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി തഫ്ഹീമുല്‍ ഖൂര്‍ആന്റെ വിവര വൈപുല്യങ്ങളിലേക്ക് അനായാസം വായനക്കാരെ എത്തിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ അവലംബമാക്കിയപ്പോള്‍ മലയാളം സോഫ്റ്റ്വെയര്‍ രംഗത്ത് പുതിയൊരു മുന്നേറ്റത്തിന് തന്നെ തുടക്കം കുറിക്കുകയായിരുന്നു.
തഫ്ഹീം വെബ് പതിപ്പില്‍, നേരത്തെ ലഭ്യമായിരുന്ന അലി അബ്ദുര്‍റഹ്മാന്‍ അല്‍ഹുദൈഫി, അഹ്മദ് അല്‍അജമി, സഅദ് അല്‍ഗാംദി എന്നിവരുടെ പാരായണത്തിന് പുറമെ അബ്ദുല്‍ ബാസിത്വ്, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫര്‍, മഹ്മൂദ് ഹുസരി, മിന്‍ശാവി, ഹാനി റാഫി, മസ്ജിദുല്‍ ഹറാമിലെ ഇമാമുമാരായ ശൈഖ് സുദൈസ്, ശൈഖ് ശുറൈം തുടങ്ങിയ പതിനാറ് ലോകപ്രശസ്ത ഖാരിഉകളുടെ പാരായണം കേള്‍ക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. ഖുര്‍ആന്റെ ഇംഗ്ളീഷ് മൊഴിമാറ്റത്തിന്റെ ഓഡിയോ ആവിഷ്ക്കാരവും കേള്‍ക്കാന്‍ സംവിധാനമുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളുടെ അറബി ടെക്സ്റ് 'തന്‍സീല്‍ ഡോട്ട് ഇന്‍ഫോ' (tanzil.info) എന്ന വെബ്സൈറ്റില്‍ നിന്നാണ് എടുത്തിരിക്കുന്നത്. അറബിക് യൂണികോഡില്‍ തയാറാക്കി സ്വതന്ത്ര ഉപയോഗത്തിനായി സമര്‍പ്പിക്കപ്പെട്ട ഇതിലെ ഖുര്‍ആന്‍ ടെക്സ്റ് അത്യധികം ആകര്‍ഷകമാണ്.
തഫ്ഹീമിന്റെ മലയാളം പദങ്ങളില്‍ സെര്‍ച്ച് ചെയ്യാനുള്ള സൌകര്യവും വെബ് പതിപ്പിന്റെ പ്രത്യേകതയാണ്. സ്ക്രീനിന്റെ ഇടതു ഭാഗത്തുള്ള കീബോര്‍ഡ് ലേഔട്ടില്‍ മൌസ് ക്ളിക്ക് ചെയ്ത് പദങ്ങള്‍ നല്‍കാവുന്നതാണ്. സോഫ്റ്റ്വെയര്‍ പതിപ്പിനെ അപേക്ഷിച്ച് വെബ് പതിപ്പിന്റെ പേജ് രൂപകല്‍പന കുറച്ചുകൂടി ലളിതവും ആകര്‍ഷകവുമാണ്. പേജ് ഡിസ്പ്ളേ ഘടനയുടെ സങ്കീര്‍ണതകള്‍ പരമാവധി ഒഴിവാക്കി അതിവേഗം വിവരങ്ങള്‍ ലഭിക്കാനുള്ള സങ്കേതങ്ങളാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പേജുകളുടെ ഇടതുവശത്ത് ക്രമീകരിച്ച മെനുകളില്‍ മൌസ് ബട്ടണ്‍ ക്ളിക്ക് ചെയ്ത് ബന്ധപ്പെട്ട ഉപപേജുകളിലേക്ക് അതിവേഗം എത്തിച്ചേരാം. വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച കൂടുതല്‍ പഠനത്തിന് സഹായകമായ ഏതാനും സൈറ്റുകളിലേക്ക് ലിങ്കുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
2008 ഒക്ടോബറില്‍ തഫ്ഹീമുല്‍ഖുര്‍ആന്റെ മലയാളം ഡിജിറ്റല്‍ പതിപ്പ് പുറത്തിറക്കിയപ്പോള്‍ തന്നെ, ഇതിന് ഓണ്‍ലൈന്‍ പതിപ്പ് കൂടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വെബ് സൈറ്റ് കോര്‍ഡിനേറ്ററായ കെ.എ നാസറിന്റെ നേതൃത്വത്തില്‍ ഒരുപറ്റം പ്രവര്‍ത്തകര്‍ ഏറെക്കുറെ സന്നദ്ധ സേവനമെന്ന നിലക്കുതന്നെ ഈ ദൌത്യം ഏറ്റെടുക്കുകയും ചെയ്തു. വെബ് പതിപ്പിന്റെ ഡാറ്റാബെയ്സ് തയാറാക്കിയ കെ.ടി ഹനീഫ്, സൈറ്റിന്റെ രൂപകല്‍പനയില്‍ മുഖ്യ പങ്കുവഹിച്ച ഷൈജര്‍ നവാസ്, നബീല്‍ കല്ലായില്‍, ടി. അഹ്മദ് മുഹ്സിന്‍, സി.ടി അബൂദര്‍റ്, ഫായിസ് മായനാട്, ശഹീന്‍ മായനാട്, ശിഫാന കല്ലായി, അന്‍ഷദ് വണ്ടാനം, ജലീല്‍ ഒതളൂര്‍ എന്നിവരുടെ സേവനങ്ങള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
സോഫ്റ്റ്വെയര്‍ പതിപ്പില്‍ കണ്ടെത്തിയ ചെറിയ പിഴവുകള്‍ വെബ് പതിപ്പില്‍ തിരുത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പാകപ്പിഴവുകള്‍ തിരുത്താന്‍ സാധിക്കുമെന്നതും വെബ് പതിപ്പിന്റെ സവിശേഷതയാണ്. 'തഫ്ഹീം ഡോട്ട് നെറ്റ്' (http://thafheem.net) http://thafheem.net/ എന്നാണ് വിലാസം.



Share/Bookmark

No comments: