മഹാന്‍മാരായ പ്രവാചകന്മാരുടെ ബോഡി വേസ്റ്റ്- ശരീരവിസര്‍ജ്യം- പരിശുദ്ധമോ അതോ മറ്റേതൊരു മനുഷ്യന്റേതും പോലെ ദൂരെ കളയേണ്ട മാലിന്യമോ? സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി തിരുമേനിയുടേത് എന്നു പറഞ്ഞു കാന്തപുരം എ.പി വിഭാഗം സുന്നികള്‍ കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിക്കുന്ന തലമുടി(?) കഴുകിയ വെള്ളം പവിത്രമായി കരുതി കുപ്പികളിലും കന്നാസുകളിലുമാക്കി ആളുകള്‍ കൊണ്ടുപോവുന്നതു നേരില്‍ക്കണ്ടപ്പോഴാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഈ ആധുനികയുഗത്തില്‍ ലഭിച്ചുവരുന്ന സ്വീകാര്യതയില്‍ അമ്പരപ്പു തോന്നിയത്. മുഹമ്മദ് നബിയുടെ ജന്മമാസമായ റബീഉല്‍ അവ്വല്‍ തന്നെ ഈ രോമദര്‍ശനത്തിനു തിരഞ്ഞെടുത്തത് തികച്ചും ബോധപൂര്‍വമാണ്. മകരസംക്രാന്തിനാളില്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന വൈദ്യുതി ബോര്‍ഡും സഹകരിച്ചു കര്‍പ്പൂരം കത്തിച്ചുണ്ടാക്കുന്ന പ്രകാശത്തെ ദിവ്യവെളിച്ചമായി ചിത്രീകരിച്ച് ഒരുവശത്തു പാവപ്പെട്ട ഹിന്ദുവിശ്വാസികളെ ഭീകരമായി ചൂഷണം ചെയ്യുമ്പോള്‍, എവിടെനിന്നോ കൊണ്ടുവന്ന ഒരു തലനാര്(?) വെള്ളത്തിലിട്ടു മുക്കി മുസ്ലിംവിശ്വാസികളെക്കൊണ്ടുതന്നെ കുടിപ്പിച്ചു മറ്റൊരു കൂട്ടര്‍ തങ്ങള്‍ക്കു ചുറ്റുമുള്ളവരെ അന്ധവിശ്വാസത്തിന്റെ കൊടുംകാട്ടില്‍ ശാശ്വതമായി അടച്ചുപൂട്ടുന്നു. രണ്ടിലുമടങ്ങിയ മഠയത്തരം പകല്‍പോലെ പ്രകടമാണെങ്കിലും തിരഞ്ഞെടുപ്പും വോട്ടുബാങ്കും മുമ്പില്‍ക്കണ്ട് എതിര്‍ശബ്ദം പുറപ്പെടുവിക്കാതിരിക്കാന്‍ ഓരോരുത്തരും പരമാവധി കരുതലെടുക്കുന്നു.
102 പേര്‍ ചവിട്ടിയരയ്ക്കപ്പെടുകയും ഹൈക്കോടതി ഗത്യന്തരമില്ലാതെ ഇടപെടുകയും ചെയ്തപ്പോഴാണ് ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ മകരവിളക്കുദിവസം തെളിയുന്ന തട്ടിപ്പിന്റെ ഗുട്ടന്‍സ് മറനീക്കി പുറത്തുകൊണ്ടുവരാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങിയത്. കാരന്തൂര്‍ മര്‍കസിനു മുമ്പില്‍ നിശ്ചിതദിവസം കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ആളുകള്‍ അറിഞ്ഞുതുടങ്ങുകയും തുര്‍ക്കിയിലേതുപോലെ വിശുദ്ധകേശപ്രദര്‍ശനത്തോടനുബന്ധിച്ചു തലമുടി ഉറൂസും മറ്റും വര്‍ഷാവര്‍ഷം അരങ്ങേറുകയും ചെയ്യുമ്പോള്‍, ഗതാഗതക്കുരുക്കിനു ശക്തികൂടി അപകടം സംഭവിക്കുമ്പോള്‍ ഒരുപക്ഷേ, ഇക്കാര്യത്തിലും ബന്ധപ്പെട്ടവര്‍ കണ്ണുതുറക്കുമായിരിക്കും. അതുവരെ വിശ്വാസികള്‍ രോമവെള്ളം കുടിച്ചു വയര്‍ വീര്‍പ്പിക്കട്ടെ.
പച്ചമലയാളത്തില്‍ തലമുടി എന്നോ തലനാര് എന്നോ ശിരോരോമമെന്നോ പറയുന്നതിനു പകരം 'ശഅ്റെ മുബാറക്' എന്നാണു മര്‍കസുകാര്‍ തങ്ങളുടെ കൈവശമുള്ള മുടിനാരിനെ പരിചയപ്പെടുത്തിക്കണ്ടത്. അറബിഭാഷയിലുള്ള 'ശഅ്റി'നെ ഉര്‍ദു സ്റൈലില്‍ മുബാറക്കിലേക്കു ചേര്‍ത്തു മുടിയെ രണ്ട് അന്യഭാഷകള്‍ക്കിടയില്‍ ഒളിപ്പിച്ചതിന്റെ ഗുട്ടന്‍സ് സഖാഫി പണ്ഡിറ്റുകള്‍ വിശദീകരിക്കുമായിരിക്കും. തിരുനബിയുടെ തിരുകേശം എന്നോ കശ്മീരികളെപ്പോലെ വിശുദ്ധമുടി എന്നര്‍ഥത്തില്‍ ഹസ്രത്ത് ബാല്‍ എന്നോ പറയാതെ, മുടിയെ ശഅ്റെ മുബാറക്കാക്കിയതു തൊട്ട് ആരംഭിക്കുന്നു ഇത്തരം കാര്യങ്ങളിലുള്ള നിഗൂഢതകള്‍. ഇരിക്കട്ടെ, കാരന്തൂരിലുണ്െടന്നു പറയുന്ന രോമം 1500 വര്‍ഷത്തിനപ്പുറം ജീവിച്ച മുഹമ്മദ് നബിയുടേതു തന്നെയാണ് എന്നു കൃത്യമായി തെളിഞ്ഞാല്‍പ്പോലും പ്രവാചകകേശത്തെ ബഹുമാനിക്കാനും അതു കാലങ്ങളിലൂടെ സൂക്ഷിച്ച് അതു കഴുകിയ വെള്ളം പാനം ചെയ്യാനും വിശ്വാസി ആജ്ഞാപിക്കപ്പെട്ടിട്ടുണ്േടാ എന്നത് ആഴത്തില്‍ പരിശോധിക്കേണ്ട കാര്യങ്ങളാണ്. പക്ഷേ, അതിനു മുമ്പ് കൈയിലിരിപ്പ് തിരുമേനിയുടേതാണെന്നു തെളിയേണ്ടതുണ്ട്. പ്രവാചകശരീരത്തിലെ അല്‍പ്പം രോമങ്ങള്‍ തുര്‍ക്കിയിലെ ടോപ് കാപിയിലും കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദിലുമുള്ളതായി വിശ്വസിക്കപ്പെടുന്നു എന്നതു വാസ്തവമാണ്. കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദിന്റെ മുന്‍വശം, വിശുദ്ധകേശം ആ പള്ളിയില്‍ എങ്ങനെ വന്നു എന്നതിനെക്കുറിച്ച രേഖ എഴുതിവച്ചത് ഈ ലേഖകന്‍ വളരെ സമയമെടുത്തു ചേര്‍ത്തുവായിച്ചുനോക്കിയിട്ടുണ്ട്. നബിതിരുമേനിയുടേത് എന്ന് ഉറപ്പിച്ചുപറയാവുന്നവിധം തലമുടികൈമാറ്റത്തിന്റെ പരമ്പര- സനദ്- സമര്‍ഥിക്കുന്ന കാര്യത്തില്‍ പ്രസ്തുത രേഖ അപര്യാപ്തവും അപൂര്‍ണവുമാണ്.
നബി കരീം ഒരു കാര്യം പറഞ്ഞു, അല്ലെങ്കില്‍ ചെയ്തു എന്നു കണിശമായി പറയാന്‍ അംഗീകൃതമായ, എല്ലാവര്‍ക്കുമറിയാവുന്ന ചില മാനദണ്ഡങ്ങളുണ്ട്. നബിയുടെ പേരക്കുട്ടി ഹുസയ്ന്റെ കൈവശമുണ്ടായിരുന്ന തിരുമേനിയുടെ തിരുകേശം ഹുസയ്ന്റെ സന്താനപരമ്പരകളില്‍പ്പെട്ട മദീനയിലെ സയ്യിദ് ഹാമിദിന്റെ പക്കലെത്തിയെന്നും അദ്ദേഹമത് അശ്ഹരി എന്നു പേരായ ഇന്ത്യന്‍ കച്ചവടക്കാരനു വിറ്റുവെന്നും പറയുമ്പോള്‍ അത് ഒരു ആഖ്യാനമേ ആവുന്നുള്ളൂ. ആര്‍ക്കും അത്തരം ചരിത്രം നിര്‍മിച്ചു പറയാം. തലമുടി വിശ്വാസത്തിന്റെയും മതപരമായ അനുഷ്ഠാനത്തിന്റെയും ഭാഗമാവുമ്പോള്‍ സ്വീകാര്യയോഗ്യമായ ഒരു ഹദീസിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന നിഷ്ഠയും കണിശതകളും മുടിയുടെ ഉദ്ഭവത്തിലും അതിന്റെ കൈമാറ്റക്കാര്യത്തിലും പാലിക്കപ്പെടേണ്ടതായിട്ടുണ്ട്. ഹസ്രത്ത് ബാല്‍ മസ്ജിദിലെ വിശുദ്ധകേശത്തിന്റെ തുടര്‍ന്നുള്ള ചരിത്രം നല്ലൊരു വായനാവിനോദമാണ്. ഈ തലമുടിയെക്കുറിച്ചു മുഗള്‍ചക്രവര്‍ത്തിയായ ഔറംഗസീബ് അറിഞ്ഞു. ചക്രവര്‍ത്തി തലമുടി നബിതിരുമേനിയുടേതു തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ വിവിധതരത്തിലുള്ള പരിശോധനകള്‍ നടത്തി (തലമുടി നബിതിരുമേനിയുടേതാണ് എന്നതിനു വിശ്വസനീയമായ രേഖകളും തെളിവുകളുമുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു രാസപരിശോധന ആവശ്യമായി വരുമായിരുന്നില്ല!). തന്റെ മുമ്പില്‍ ഹാജരാക്കിയ തലമുടിയില്‍ തേന്‍ പുരട്ടുകയായിരുന്നു രാജാവ് ആദ്യമായി ചെയ്തത്. തിരുനബിയുടേതാണു തലമുടിയെങ്കില്‍ തേന്‍ പുരട്ടിയാലും അതില്‍ ഈച്ച വന്നിരിക്കില്ല. പ്രതീക്ഷിച്ചപോലെ തന്നെ ഔറംഗസീബിന്റെ ലാബിലെ തേന്‍ പുരട്ടിയ തലമുടിയിലും ഒരൊറ്റ ഈച്ചയും വന്നിരുന്നില്ല (ഇതിന്റെ മറ്റൊരു അര്‍ഥം, മുഹമ്മദ് നബിയുടെ ശരീരത്തില്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഒരീച്ചയും വന്നിരുന്നിട്ടില്ല എന്നുകൂടിയാണ്!).
അടുത്ത പരീക്ഷണം തലമുടി കത്തിക്കലായിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ തലമുടി പ്രവാചകന്റേതാകയാല്‍ അതു കത്താന്‍ കൂട്ടാക്കിയില്ല. സൂര്യപ്രകാശത്തില്‍ വച്ചു. മുടിക്ക് നിഴലുണ്േടാ എന്നു പരിശോധിക്കലായിരുന്നു അടുത്ത ഘട്ടം. അതിലും മുടി വിജയിച്ചു. തിരുകേശത്തിനു നിഴലില്ല. അതോടെ ഉറപ്പായി, തലനാര് മുഹമ്മദ് നബിയുടേതുതന്നെ. കാന്തപുരം ഗ്രൂപ്പിന്റെ പക്കലുള്ള തലമുടി പരീക്ഷണാര്‍ഥം ഒന്നു കത്തിച്ചുനോക്കാന്‍ ഈയുള്ളവന്‍ ഒരിക്കലും പറയില്ല; അഥവാ, അതു കത്തിപ്പോയാല്‍! ഈ ലേഖകനെ സംബന്ധിച്ചിടത്തോളം പ്രധാനം, പോരിശയാക്കപ്പെട്ട മര്‍കസിലെ തലമുടി പ്രവാചകന്റേതാണ് എന്നുവന്നാല്‍ തന്നെയും പ്രവാചകന്മാരുടെ മുടിയോ നഖമോ എടുത്തു സൂക്ഷിക്കാനും അതു നിക്ഷേപിച്ച പാനീയം ആണ്ടിലൊന്നോ രണ്േടാ തവണ പുറത്തെടുത്തു കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണ്േടാ എന്നതാണ്. നബിതിരുമേനി ഹജ്ജ്കര്‍മത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്യവെ അദ്ദേഹത്തിന്റെ തലമുടി വിശ്വാസികളില്‍ ചിലര്‍ വാരിയെടുത്തതായും അതു മറ്റുള്ളവര്‍ക്കിടയില്‍ വീതിച്ചുനല്‍കാന്‍ പ്രവാചകന്‍ അരുളിയതായും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതു നേരാണ്. നബിതിരുമേനിയുടെ മലമോ മൂത്രമോ രക്തമോ നജസല്ലെന്നു പറഞ്ഞവരെ അറബി-ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. അത്തരം വരികള്‍ കാണുമ്പോള്‍ ചാടിക്കടന്നുപോവലാണ് ഞങ്ങളെപ്പോലുള്ളവരുടെ പതിവ്. അശുദ്ധമല്ലെങ്കില്‍ പിന്നെ അവ രണ്ടും നിര്‍വഹിച്ച നബി ശൌച്യം ചെയ്യുകയോ ശരീരഭാഗം കഴുകുകയോ ചെയ്യേണ്ടതുണ്ടായിരുന്നില്ല എന്നാണര്‍ഥം. അതേയവസരം നബി ശൌച്യം ചെയ്തതിനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം കുളിച്ചു ശരീരശുദ്ധി വീണ്െടടുത്തതിനും നിരവധി തെളിവുകളുണ്ട്. അതിന്റെ വ്യവസ്ഥകളാവട്ടെ, കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ഏറെയുണ്ടുതാനും.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൂലോകത്തെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി പ്രവാചകനാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അങ്ങനെ ആവാത്തപക്ഷം വിശ്വാസം പൂര്‍ണമാവുകയില്ല. എന്നാല്‍, പ്രവാചകനെ അതിമാനുഷനാക്കി അദ്ദേഹത്തെ പരിഹാസ്യനാക്കലല്ല പ്രവാചകസ്നേഹം. 'മുഹമ്മദ് നബി നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യന്‍ മാത്രമാണ്' എന്നു പറയുന്നത് നബിതിരുമേനിക്ക് അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ ആണ്. അപ്പോഴേ അദ്ദേഹത്തിനു വെളിപ്പെട്ട ദിവ്യവചനങ്ങള്‍ക്ക് അമാനുഷികത കൈവരൂ. ഒരു സാധാരണ മനുഷ്യനായിട്ടും പ്രതിസന്ധികള്‍ക്കു മുമ്പില്‍ അദ്ദേഹം പര്‍വതം കണക്കെ ഉറച്ചുനിന്നു; കഠിനതരങ്ങളായ പീഡനങ്ങളെ പൂപോലെ നേരിട്ടു; ഭൂമിയോളം ക്ഷമിച്ചു; ജനഹൃദയങ്ങളെ തലമുറ വ്യത്യാസമില്ലാതെ കീഴടക്കി. അദ്ദേഹം സാധാരണ മനുഷ്യരെപ്പോലെ ഉറങ്ങിയും ഉണര്‍ന്നുമാണ് ഇത്രയും സംഘടിപ്പിച്ചത്. മനുഷ്യസഹജമായ ബലങ്ങളും ദുര്‍ബലതകളുമില്ലെങ്കില്‍ ഈ പറയുന്നതിലൊക്കെ എന്തര്‍ഥമാണുള്ളത്? പ്രവാചകസ്നേഹമെന്നത് തിരുമേനിയുടെ മുടിയോടോ നഖത്തോടോ ഉള്ള സ്നേഹമല്ല. അതായിരുന്നുവെങ്കില്‍ 23 വര്‍ഷത്തെ അദ്ദേഹത്തിന്റെ ശരീരമാലിന്യങ്ങള്‍ എടുത്തു സൂക്ഷിക്കാത്ത പൂര്‍വികതലമുറകള്‍ മനുഷ്യരാശിയോടു വന്‍ പാതകമാണു ചെയ്തിരിക്കുന്നത്. അവര്‍ക്ക് എളുപ്പം മോക്ഷം ലഭിക്കുമായിരുന്ന ചില മാധ്യമങ്ങളാണല്ലോ അവരുടെ അശ്രദ്ധ കാരണം നഷ്ടപ്പെട്ടുപോയത്.
എ പി ഉസ്താദിനോട് ഒരു കാര്യം ഉണര്‍ത്തട്ടെ. പരസ്പരം തലതല്ലിക്കീറാന്‍ ഇഷ്ടംപോലെ വിഷയങ്ങള്‍ വേറെയിരിക്കുന്നു എന്നിരിക്കെ, ദയവായി ഈ സമുദായത്തെ, എവിടെനിന്നോ കടത്തിക്കൊണ്ടുവന്ന തലനാര് മുക്കിയ വെള്ളം കുടിപ്പിച്ചു പരസ്പരം ഒരു പുതിയ തമ്മില്‍ത്തല്ലിനു കളമൊരുക്കേണ്ട.
തേജസ് ഓണ്‍ലൈന്‍
No comments:
Post a Comment