എം.പി. അബ്ദുസ്സമദ് സമദാനി
കേരളത്തിന്റെ അജന്‍ഡയില്‍ ഏതൊക്കെയാണ് ഇന്നത്തെ മുഖ്യവിഷയങ്ങള്‍? കേരള ജനതയുടെ ചിന്തയും ചര്‍ച്ചയും കര്‍മപരിപാടിയും ആരാണ് നിര്‍ണയിക്കുന്നത്? കുഴക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരംതേടുന്ന ദിനങ്ങളാണ് കടന്നുപോകുന്നത്.
തീര്‍ത്തും അനുചിതവും അനാവശ്യവുമായി വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വേണ്ടി അമൂല്യമായ സമയവും അനര്‍ഘമായ വിഭവങ്ങളും വിനിയോഗിക്കുന്നവരാണ് മലയാളികള്‍ എന്ന് പുറത്തുള്ള ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങിയിരിക്കുന്നു. ശരിയും കൃത്യവുമായ അജന്‍ഡ സ്വരൂപിക്കുന്നതിനോ അതിലെ മുന്‍ഗണനാക്രമം നിര്‍ണയിക്കുന്നതിനോ കഴിയാതെ പോകുന്നത് ഒരു ജനസമൂഹത്തെ സംബന്ധിച്ച് വലിയ നഷ്ടം തന്നെ. ക്ഷേമവും വികസനവും ഏറെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന പ്രബുദ്ധതയും ഫലശൂന്യമായ വാദകോലാഹലങ്ങളില്‍ ലയിച്ചില്ലാതെയാകുന്നു. ഈ നഷ്ടക്കച്ചവടത്തില്‍ കൊട്ടിയടയ്ക്കപ്പെടുന്നത് പുരോയാനത്തിന്റെ വാതായനങ്ങളാണെന്ന വസ്തുത തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ഏറെ ഖേദകരം.
സ്വന്തം നാട്ടില്‍ മലയാളികള്‍ സ്വതഃസിദ്ധമായ മികവോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന അഭിപ്രായം ഇക്കാലത്ത് ആരും തള്ളിക്കളയുമെന്ന് തോന്നുന്നില്ല. പ്രവാസലോകത്ത് കേരള സന്തതികള്‍ കാണിക്കുന്ന വിസ്മയകരമായ പ്രകടനം മാത്രം മതി ഇതിന് ഉപോദ്ബലകമായി. ഈ അന്തരത്തിന്റെ കാരണം വ്യക്തമാണ്. കേരളത്തിന് പുറത്ത് എവിടെപ്പോയാലും കഷ്ടപ്പെട്ട് അധ്വാനിക്കണം. നാട്ടിലെപ്പോലെ അവിടെയൊന്നും വിവാദങ്ങളും വിതണ്ഡ വാദങ്ങളും കൊഴുക്കുന്നില്ല.
ഉത്കൃഷ്ടമായ ഒട്ടേറെ സല്‍ഗുണങ്ങളുടെ വിളനിലമാണ് കേരളീയ ജീവിതപരിസരം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മനോഹരമായ ഈ ഭൂപ്രദേശവും അവിടെ പാര്‍ക്കുന്ന വൃത്തിയുള്ള മനുഷ്യരും അവര്‍ മൊഴിയുന്ന സുന്ദരമായ ഭാഷയുമെല്ലാം അഭിമാനമാണ് പകര്‍ന്നേകുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും ദുരഭിമാനം വന്ന് ഭവിക്കുന്നു. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് സ്വന്തം ദേശത്തിന് നാമകരണം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ ജനവിഭാഗം എന്ന് സ്വയം അഹങ്കരിക്കുന്നവര്‍ നാടിന്റെ വികസനത്തിലും ജനജീവിതത്തിന്റെ പുരോഗതിയിലും പിറകോട്ടാണ് പോകുന്നതെന്ന യാഥാര്‍ഥ്യം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്.
കേര മരത്തില്‍നിന്നാണ് 'കേരള'ത്തിന്റെ ഉത്പത്തിയെങ്കിലും നാളികേരത്തിന്റെ കാര്യം ഇപ്പോഴും കഷ്ടമായിത്തന്നെ തുടരുന്നു. മറ്റു കാര്‍ഷികോത്പന്നങ്ങളുടെ കാര്യവും അത്രയൊന്നും മെച്ചമല്ല. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ശക്തവും സംയുക്തവുമായ സമ്മര്‍ദം ചെലുത്താന്‍ കഴിയാത്തതിന്റെ പരിണതഫലമാണ് ഈ പതിതോവസ്ഥയെന്ന് കാണാന്‍ കഴിയും.
കഞ്ഞിക്കുള്ള അരിപോലും പുറത്തുനിന്ന് വാങ്ങേണ്ട ഗതിയാണ് മലയാളിക്ക്. എന്നിട്ടല്ലേ പച്ചക്കറികളുടെ കാര്യം. ആഹാരത്തിനുള്ള വകയ്ക്കായി അയല്‍ക്കാരനെ ആശ്രയിക്കേണ്ട ഗതികേട് വന്നിട്ടും നാം ഉണര്‍ന്നിട്ടില്ല.
കേരളത്തിലെ പുഴകളോരോന്നും വറ്റിവരണ്ടുപോവുകയാണ്. വേനല്‍ക്കാലത്ത് വന്‍ നദികളില്‍പ്പോലും ദുര്‍ബലമായി ഒഴുകുന്ന വെള്ളത്തില്‍ എത്രത്തോളം മാലിന്യവും വിഷാംശവുമുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞു. മാമല നാട്ടിലെ മലകള്‍ പലതും കിട്ടിയ കാശിന് ഇടിച്ചുവിറ്റു കഴിഞ്ഞു. കുന്നുകള്‍ക്ക് മുമ്പില്‍ കാത്തുകിടക്കുന്ന ടിപ്പര്‍ലോറികളുടെ നീണ്ട നിരകള്‍ നമ്മുടെ പ്രബുദ്ധതയെ നോക്കി പരിഹസിക്കുന്നതും നാം അറിയാതെ പോകുന്നു. കുഴിയാന ചോരുന്നതു നോക്കിനടക്കുന്ന നാം ആന ചോരുന്നതറിയുന്നില്ല.
ലോകത്ത് ഏറ്റവുമധികം ബന്ദാക്കലും സ്തംഭിപ്പിക്കലും നടക്കുന്ന ഭൂപ്രദേശവും ഇതുതന്നെ. അത്തരം സംരംഭങ്ങളില്‍ ജീവന്‍ ഹോമിക്കപ്പെട്ടവര്‍ ഈ ലോകത്തുനിന്ന് തിരോധാനം ചെയ്തു. എന്നാല്‍ ബന്ദ് ദിവസം ശരീരത്തിലെ മര്‍മത്തില്‍ ഏറുകൊണ്ട ചിലരെങ്കിലും ഇപ്പോഴും ജീവച്ഛവമായി അവശേഷിക്കുകയും നമ്മുടെ പുരോഗമന ബോധത്തിന് മുമ്പില്‍ ചോദ്യചിഹ്നങ്ങള്‍ വരയ്ക്കുകയും ചെയ്യുന്നു. തൊട്ടടുത്ത തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയും പിന്തുണയുമുള്ള ബന്ദും ഹര്‍ത്താലും മാത്രമേ നടക്കുകയുള്ളൂ എന്ന് നാം അറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അത് അഞ്ച് വര്‍ഷത്തിനിടയില്‍ ഒന്നോ രണ്ടോ തവണ മാത്രം.
ക്യാമ്പസിന്റെ അക്കാദമികവത്കരണം കേരളത്തില്‍ ഇന്നും മരീചിക മാത്രം. കലാശാലയിലുള്ളവര്‍ക്ക് രാഷ്ട്രീയബോധം സ്വാഭാവികമായും ഉണ്ടാകാം. പക്ഷേ, അത് വിജ്ഞാനകേന്ദ്രങ്ങളുടെ അകത്തളത്തിലും മണിമുറ്റത്തും പകയും വിരോധവും സംഘര്‍ഷസംഘട്ടനങ്ങളും സൃഷ്ടിക്കാനുള്ള ന്യായീകരണമല്ല. രാഷ്ട്രീയാവബോധത്തിനും രാഷ്ട്രീയാതിപ്രസരത്തിനും ഇടയില്‍ വരയ്‌ക്കേണ്ട വരയെക്കുറിച്ച് പ്രബുദ്ധ സമൂഹത്തിന് ഒരു വിവേചനം ആവശ്യമാണ്. ലോകത്തെവിടെയും ക്യാമ്പസുകള്‍ അറിവിന്റെ സുഗന്ധം പരത്തുന്ന അക്കാദമികാന്തരീക്ഷത്തിലേക്ക് വളരുകയാണെന്ന സത്യത്തിന് നേരേ നാം കണ്ണടച്ചുകൂടാ.
ലോകത്തെവിടെയും ഒരാള്‍ കൊലചെയ്യപ്പെടുന്നതും ഒരു വ്യക്തിയുടെ ജീവന്‍ ഹനിക്കുന്നതും വലിയ സംഭവവും വമ്പിച്ച അപരാധവുമാണ്. എന്നാല്‍ അത് കേരളത്തിലെ ഏതെങ്കിലും റോട്ടിലോ റെയില്‍പ്പാളത്തിലോ ആണെങ്കില്‍ അത്ര ഗൗരവമുള്ള കാര്യമല്ല. റോഡപകടങ്ങളുടെ നാടായിത്തീര്‍ന്നിരിക്കുന്നു കേരളം. രാപകല്‍ ഭേദമില്ലാതെ മലയാളക്കരയിലെ മോര്‍ച്ചറികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ വാഹനഗതാഗതത്തില്‍ ആരോ കാണിക്കുന്ന അശ്രദ്ധ ഹേതുമായിത്തീരുന്നു. ദിവസേന റോഡ് കൊലക്കളമാകുന്നു. അവിടം മൃതദേഹങ്ങളും കബന്ധങ്ങളുംകൊണ്ട് ഭീതിജനകമായിത്തീരുന്നു. മരിച്ചവര്‍ മരിച്ചു. പാതിജീവനും കാല്‍ ജീവനും കൊണ്ട് തിരിയാനും മറിയാനും കഴിയാതെ ശയ്യാവലംബികളായിത്തീരുന്ന അസംഖ്യം ഹതഭാഗ്യരുടെ സ്ഥിതിയും ദയനീയം.
ഏതു മരണവും നാട്ടില്‍ വലിയ വിഷയമാണ്. എന്നാല്‍ അത് റോട്ടില്‍ വെച്ചാണെങ്കില്‍ നിസ്സാരമായി എഴുതിത്തള്ളാന്‍ അധികൃത വിഭാഗങ്ങളും പൊതുസമൂഹവും തീരുമാനിച്ചുവെന്ന് തോന്നുന്നു. അത്രയ്ക്കുണ്ട് നിസ്സംഗത. അപകടം വിപുലവും മരണസംഖ്യ അല്പം കൂടുതലുമാണെങ്കില്‍ ഏറിയാല്‍ രണ്ടുമൂന്നു ദിവസം ചര്‍ച്ചചെയ്യും. പിന്നെ ചാനലുകളിലും വാര്‍ത്താപത്രങ്ങളിലും പുതിയ വാര്‍ത്തകള്‍ക്കായി ദുരന്തത്തിന്റെ ബാക്കി പത്രംപോലും തിരസ്‌കൃതമാകും. ചൂടുള്ള വല്ല വിവാദവും വന്നാല്‍ അതിന് മുമ്പുതന്നെ ചര്‍ച്ചയുടെ ഗതിമാറും. അങ്ങനെ പൂക്കിപറമ്പില്‍ ആളിക്കത്തിയ ബസ്സും കരിക്കട്ടയായിത്തീര്‍ന്ന അതിലെ മനുഷ്യരും പുല്ലുമേട് ദുരന്തത്തില്‍ മൃതിയടഞ്ഞ തീര്‍ഥാടകരും വിസ്മൃതിയുടെ കയങ്ങളിലേക്ക് തള്ളപ്പെടുന്നു. അള്‍ഷിമേഴ്‌സ് ബാധിച്ച സമൂഹമനസ്സിന് ഇത്തരം മറവികള്‍ ശീലമായിക്കഴിഞ്ഞു.
വര്‍ധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ച് അതി ഗൗരവത്തോടെ ചിന്തിക്കാനോ അടിയന്തരമായി നിവാരണനടപടികള്‍ സ്വീകരിക്കാനോ ഒരു ശ്രമവും നടക്കുന്നില്ല. റോഡപകടങ്ങളെയും അതിലെ മരണങ്ങളെയും വളരെ ലാഘവത്തോടെ കാണാന്‍ എല്ലാവരും തീരുമാനിച്ച മട്ടാണ്. വിപുലമായ ചര്‍ച്ചകളും സംവാദങ്ങളും വഴി എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ട പ്രശ്‌നമാണിത്. എന്നാല്‍ ഇവിടെ സംവാദങ്ങളില്ല, വിവാദങ്ങളേയുള്ളൂ.എന്തിലുമേതിലും നീളുന്ന വാദപ്രതിവാദങ്ങള്‍. സാധാരണക്കാരന്റെ നീറുന്ന പ്രശ്‌നങ്ങളും അതിന്റെ പരിഹാര മാര്‍ഗങ്ങളും സംസ്ഥാന വികസനസംബന്ധിയായ പര്യാലോചനകളും നടപടികളുമെല്ലാം അതില്‍ മുങ്ങിപ്പോകുന്നു. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരന്ത പരിഹാരം മുതല്‍ ഏകാധിപത്യത്തിനെതിരെ ഈജിപ്ഷ്യന്‍ ജനത കൈവരിച്ച വിജയമാകുന്ന ലോകസംഭവം വരെയുള്ള സുപ്രധാന വിഷയങ്ങള്‍ക്ക് ഈ കുത്തൊഴുക്കില്‍ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യുന്നു.
നിഷേധാത്മകതയുടെ പുറംതോട് തകര്‍ത്ത് സൃഷ്ട്യുന്‍മുഖതയുടെ നവീനമായൊരു ജീവിത പഥത്തിലേക്ക് പ്രവേശിക്കാന്‍ നമുക്ക് സമയം അതിക്രമിച്ചിരിക്കുന്നു. അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിച്ച് നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും മുഖ്യലക്ഷ്യമായി കണ്ടുകൊണ്ടുള്ള പുതിയൊരു കര്‍മപരിപാടിക്ക് രൂപം നല്‍കേണ്ടിയിരിക്കുന്നു. അനാവശ്യമായ തര്‍ക്കങ്ങളും കോലാഹലങ്ങളും ഒരു ജനതയെയും അഭിവൃദ്ധിയിലേക്ക്‌നയിച്ചിട്ടില്ല. പഴകിപ്പുളിച്ച വരട്ടുവാദങ്ങളുടെ പിന്‍ബലത്തിലല്ല നിത്യനൂതനമായ കര്‍മവീര്യത്തിന്റെ ഊര്‍ജപ്രസാരണ ശക്തിയിലാണ് ജപ്പാനും ചൈനയുമെല്ലാം ഉയിര്‍ത്തെഴുന്നേറ്റത്. തമിഴ്‌നാട്ടുകാരും ബിഹാറുകാരുമെല്ലാം ഇന്ന് ചില മേഖലകളിലെങ്കിലും കേരളീയര്‍ക്ക് മുമ്പേ നടക്കാന്‍ യോഗ്യത ആര്‍ജിക്കുകയാണ്. ദുരഭിമാനം വെടിഞ്ഞ് മറ്റുള്ളവരുടെ നന്മകള്‍ സ്വായത്തമാക്കാന്‍ നാം ശീലിക്കേണ്ടതുണ്ട്.ഇന്ത്യയുടെ ഹൃദയനക്ഷത്രമാണ് കേരളം. ഈ കൊച്ചു സംസ്ഥാനം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായിട്ടുണ്ട്. മലയാളി തന്റെ കര്‍മശേഷികൊണ്ടാണ് ലോകത്തെ ജയിച്ചത്. കേരളീയ സുകൃതങ്ങളുടെ ആ മഹനീയ പൈതൃകം കൈമോശം വന്നുകൂടാ. അത് വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാനുള്ള ഉത്തരവാദിത്വം സമകാലിക മലയാളി സമൂഹത്തിനുണ്ട്.
കേരളത്തിന്റെ പുതിയ തലമുറ വിദ്യാഭ്യാസത്തിലും വിവേകത്തിലും മുതിര്‍ന്നവരുടെ മുമ്പിലാണ്. ശാസ്ത്രസാങ്കേതിക വിദ്യയിലും അവര്‍ ബഹുദൂരം മുന്നേറിയിരിക്കുന്നു. നമ്മുടെ ഈ യുവ മസ്തിഷ്‌കങ്ങള്‍ തേടുന്നത് വാഗ്വാദങ്ങളല്ല. അറിവും തൊഴിലും സാംസ്‌കാരികമായ ഉല്‍ക്കര്‍ഷവുമാണ് അവര്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടത്. ഘടികാര സൂചിയെ പിറകോട്ട് തിരിക്കരുതെന്നാണ് ഇളംതലമുറ ആവശ്യപ്പെടുന്നത്.
ഏറ്റവും വലിയ വികസനം റോഡും തോടും പാലവും പാളവും ഒന്നുമല്ല; മനസ്സിന്റെ വികസനമാകുന്നു. മാനസ വികാസത്തിന്റെ ഉന്നത പദമേറാന്‍ കേരളീയ സമൂഹത്തിന് സമയം സമാഗതമായിരിക്കുന്നു.
വിവാദങ്ങളില്‍ വിജ്ഞാനമില്ല. വേദമാകുന്ന അറിവ് സംവാദങ്ങളിലൂടെയും സംവേദനങ്ങളിലൂടെയുമാണ് പ്രസാരണം ചെയ്യപ്പെടുന്നത്. അതു സമൂഹത്തെയും സംസ്‌കാരത്തെയും ശക്തവും ദീപ്തവുമാക്കുന്നു. വിവാദം മനസ്സിനെ മലിനീകരിക്കുന്നു. സംവാദമാകട്ടെ അതിനെ വിമലീകരിക്കുന്നു. വിവാദത്തെ ഉപജീവിക്കുന്ന മാനസം ശുഷ്‌കമായിരിക്കും. സംവാദത്തിലാകട്ടെ സൗഹൃദവും ആര്‍ദ്രതയും പൂത്തുലയും.
അല്ലാമാ ഇഖ്ബാലിന്റെയും വൈലോപ്പിള്ളി ശ്രീധരമേനോന്റെയും ഈ വരികള്‍ ഇന്ത്യക്കാര്‍ എന്ന നിലയിലും മലയാളികള്‍ എന്ന നിലയിലും നമ്മുടെയുള്ളിലുണ്ടായിരിക്കേണ്ട ജാഗ്രതയെ അനുസ്മരിപ്പിക്കുകയാണ്.
''അകന്നുപോയവരെ ഇണക്കിച്ചേര്‍ത്താലും
ദൈ്വതഭാവമത്രയും മായ്ച്ചുകളഞ്ഞാലും
നമ്മുടേതാമീ ദേശത്ത്
പുതിയൊരു ക്ഷേത്രം പണിതുയര്‍ത്തിയാലും!''
അത് നമ്മുടെ കര്‍മക്ഷേത്രമാകട്ടെ!
''ഏത് ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും!''
നമ്മുടെ കൊന്നപ്പൂക്കള്‍ വാടാതിരിക്കട്ടെ
മാതൃഭൂമി
No comments:
Post a Comment