scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jan 20, 2011

വിവാഹം - ആര്‍ഭാടം - സ്ത്രീധനം, ഒരു ആദിവാസി മാതൃക...

വിവാഹം - ആര്‍ഭാടം - സ്ത്രീധനം - ആദിവാസികള്‍   മാതൃകയാകുമ്പോള്‍ . . . 




ഒരിക്കല്‍ ഒരു ആദിവാസി കോളനിയില്‍ ഒരു കല്യാണം നടക്കുകയാണ്‌. അവരുടെ ഊര്‌ മൂപ്പനാണ്‌ കാര്‍മ്മികത്വം വഹിക്കേണ്ടത്. അയാള്‍ സമയത്ത് എത്തിചേര്‍ന്നു. ചൂറ്റും ഒന്ന് നിരീക്ഷിച്ചു. എന്നിട്ട് വീട്ടുകാരനെ അടുത്ത് വിളിച്ചീട്ട് പറഞ്ഞു: ഈ കല്യാണം നടക്കുകയില്ല. എന്ന് വച്ചാല്‍ ഞാന്‍ നടത്തുകയില്ല.



വീട്ടുകാരന്‍ അന്തം വിട്ടു പോയി. അയാള്‍ മൂപ്പനോട് ഭവ്യതയോടെ കാരണം തിരക്കി. മൂപ്പന്‍ പറഞ്ഞു: നിങ്ങള്‍ ധൂര്‍ത്തടിച്ചാണ്‌ കല്യാണം നടത്തുന്നത്. നിങ്ങളുടെ കയ്യില്‍ അല്‍പ്പം പണമുണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ആളുകള്‍ മിക്കവരും പരമ ദരിദ്രരാണ്‌. നിങ്ങള്‍ കല്യാണം നടത്തുന്നത് പോലെ കല്യാണം നടത്താന്‍ അവര്‍ മുതിര്‍ന്നാല്‍ അവരുടെ കുടുംബം കുളം തോണ്ടും.



വീട്ടുകാരന്‍: എന്റെ മകളുടെ കല്യാണം നടക്കണം. അതിന്ന് ഞാനിപ്പോള്‍ എന്ത് ചെയ്യണം?



മൂപ്പന്‍: ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ കല്യാണം നടക്കും. ആ കട്ടില്‍ ഒഴിവാക്കി നിലത്ത് തഴപ്പായ വിരിക്കണം. അതില്‍ ഇരുന്നേ ഞാന്‍ കര്‍മ്മം ചെയ്യുകയുള്ളു. വലിയ നിലവിളക്ക് എടുത്ത് മാറ്റണം. പകരം നമ്മുടെ ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ചെറിയ വിളക്ക് വയ്ക്കണം. ഈ വലിയ പൂമാല ഒഴിവാക്കണം, പകരം നാം സാധാരണ ചെയാറുള്ളത് പോലെ പരിസരത്ത് നിന്ന് കിട്ടുന്ന നമ്മുടെ കുട്ടികള്‍ ശേഖരിച്ച പൂക്കള്‍ കൊണ്ട് മാല കെട്ടണം. എല്ലാം നമ്മുടെ പതിവ് പോലെ ആകണം. നമ്മുടെ ആളുകളുടെ ശേഷിക്കനുസരിച്ച് ചെയ്യാന്‍ കഴിയുന്നത്ര മാത്രം. 



അയാള്‍ എല്ലാം അനുസരിച്ചു. ചടങ്ങ് കഴിഞ്ഞ ശേഷം മൂപ്പന്‍, കല്യാണത്തിന്‌ വന്നവരോട് പറഞ്ഞു: നിങ്ങള്‍ കല്യാണത്തില്‍ ധൂര്‍ത്ത് കാണിക്കരുത്. നമ്മുടെ നാട്ടിലെ മുസ്‌ലിംകളെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവരുടെ പല കുടുംബങ്ങളും തകരാന്‍ കാരണം കല്യാണത്തിന്റെ അധികച്ചെലവും സ്ത്രീധനവുമാണ്‌. അത് നമ്മിലേക്ക് കടന്നു വന്നാല്‍ നമ്മളും തകര്‍ന്ന് പോകും. അത്കൊണ്ട് നമ്മള്‍ പതിവായി നടത്തി വരുന്ന ചെലവ് കുറഞ്ഞ കല്യാണം മതി നമുക്ക്. നമുക്കിടയിലെ ശേഷിയുള്ളവര്‍ അല്‍പ്പം അധികം ധനം ചെലവഴിച്ചാല്‍ അതിനൊപ്പിച്ച് ചെലവഴിക്കാന്‍ ശേഷി കുറഞ്ഞവര്‍ മുതിരും. അവര്‍ കടം വാങ്ങും. വീട്ടാന്‍ കഴിയാതെ വരും. അതവുടെ തകര്‍ച്ചക്കിടയാക്കും. അത്കൊണ്ട് ഉള്ളവരും ഇല്ലാത്തവരും ഒരു പോലെ, ചുരുങ്ങിയ ചെലവില്‍, കല്യാണം നടത്തിയാല്‍ മതി. 



ഒരേക്കര്‍ പുരയിടമുണ്ടായിരുന്ന ഒരു കുടുംബം. അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഞെരുങ്ങിയാണെങ്കിലും  ജീവിച്ചു വരുകയായിരുന്നു. അങ്ങനെയിരിക്കെ മൂത്ത കുട്ടിയുടെ കല്യാണം വന്നു. 30 സെന്റ് വിറ്റു. വരുമാനം കുറഞ്ഞു. പിന്നെ രണ്ടാമത്തെ കുട്ടിയെ കെട്ടിക്കാന്‍ അടുത്ത 40 സെന്റും വിറ്റു. കഷ്ടപ്പാടായി. നിത്യവൃത്തിയ്ക്ക് കൂലിപ്പണിക്ക് പോകേണ്ടി വന്നു. മൂന്നാമത്തേതിനെ കെട്ടിക്കാന്‍ ബാക്കി വന്നത് മുഴുവന്‍ വിറ്റു. താമസം വാടക വീട്ടിലേക്ക് മാറ്റി. ഗൃഹനാഥന്‌ ചെറിയ ചില അസുഖങ്ങള്‍ വന്നപ്പോള്‍ വാടക കൊടുക്കാന്‍ കഴിയാതെയായി. താമസം പുറമ്പോക്ക് ഭൂമിയില്‍ നാട്ടുകാര്‍ കെട്ടിക്കൊടുത്ത ഒരു ഷെഡിലേക്ക് മാറ്റി. മൂപ്പന്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് ഒന്ന് ഈ കുടുംബത്തെയായിരുന്നു.




കോയമ്പത്തൂരിലെ 30 കാരനായ ഒരു മുഹമ്മദ് അലി തന്റെ രണ്ട് പെണ്‍കുട്ടികളെ (വയസ്സ് 2,3) കിണറ്റിലെറിഞ്ഞു കൊന്നു. പോലീസ് അയാളെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞു: കുട്ടികള്‍ വളരുമ്പോള്‍ കെട്ടിച്ചയക്കണം. തനിക്ക് ഭാര്യവീട്ടുകാര്‍ 35 പവന്‍ സ്ത്രീധനം നല്‍കിയിട്ടുണ്ട്. മാസം 7500 രൂപ ശമ്പളം വാങ്ങുന്ന എനിക്ക് ഇതേപോലെ സ്ത്രീധനം നല്‍കി കുട്ടികളെ കെട്ടിച്ചയക്കാന്‍ കഴിയുകയുകയില്ല. അത്കൊണ്ടാണ്‌ കൊന്നത്. 


ഇത് നമ്മുടെ നാട്ടിലും നടക്കുന്ന കാര്യമാണ്‌. ഏറെയും നടക്കുന്നത് ഭ്രൂണാവസ്ഥയില്‍ തന്നെയാണെന്ന് മാത്രം. സ്ത്രീധന പീഡനം മൂലമുള്ള മരണം, അക്കാരണത്താലുള്ള ആത്മഹത്യ, സ്ത്രീധനം കൊടുക്കാന്‍ 
വകയില്ലാത്തത് മൂലം കല്യാണം നടക്കാത്തതിനാലുള്ള ആത്മഹത്യ! ചിലര്‍ കല്യാണം നടക്കാത്തത് മൂലം നടത്തുന്ന ഒളിച്ചോട്ടം. അങ്ങനെ പലതും നടക്കുന്നു നമ്മുടെ നാട്ടില്‍; സ്ത്രീധനം മൂലം!

ചുരുക്കി പറഞ്ഞാല്‍, കുറഞ്ഞ വരുമാനക്കാരെ സംബന്ധിച്ചിടത്തോളം സ്ത്രീധനം മാരകമാണ്‌. ഉള്ളവന്ന് കൊടുക്കാന്‍ ശേഷിയുണ്ടാകും. ഒന്നും ആലോചിക്കാതെ അവര്‍ നല്‍കും. ഈ സമ്പ്രദായം കൊണ്ട് അവര്‍ക്ക് വലിയ പ്രയാസമൊന്നുമില്ല. താല്‍ക്കാലികമായ ചെറിയ ബുദ്ധിമുട്ടൊക്കെ തോന്നിയേക്കാം എന്നേയുള്ളു. എന്നാല്‍ സാധാരണക്കാരന്‍ നടുവൊടിഞ്ഞ് മൂലയിലാവുകയാണ്. 

ഇത് പോലുള്ള നിരവധി കഥകള്‍ ഒരോരുത്തര്‍കും പറയാനുണ്ടാകും. സ്ത്രീധനമെന്ന പിശാച് വരുത്തി വയ്ക്കുന്ന ദുരന്തം. എന്തൊക്കെ ചെയ്തിട്ടും ഈ പിശാചിനെ പിടിച്ചു കെട്ടാന്‍ ആര്‍ക്കും കഴിയുന്നില്ല. കൃത്യമായി പറഞ്ഞാല്‍ അതിനാര്‍ക്കും താല്‍പര്യമില്ല. പല പരിഹാരങ്ങള്‍ മുസ്ളിം സമുദായം കണ്ടെത്തിയിട്ടുണ്ട്. 



സ്ത്രീധനം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മഹല്ല്‌ ഒരു സാക്‌ഷ്യപത്രം നല്‍കും. 'ഇയാള്‍ ദരിദ്രനാണ്‌. മകളെ കെട്ടിക്കാന്‍ വകയില്ല.'കൂട്ടത്തില്‍ 'സംഭാവന നല്‍കി സഹായിക്കണം' എന്നൊരു അഭ്യര്‍ത്തനയും. എന്നിട്ട് അയാള്‍ അതും കൊണ്ട് നാടു തെണ്ടും. എന്തെങ്കിലും ചില്ലറയൊക്കെ കിട്ടും. അതെവിടെയും എത്തുകയില്ല. ചിലേടത്ത് നാട്ടുകാര്‍ പിരിവെടുത്ത് കാര്യം നടത്തിക്കൊടുക്കും. നല്ല നാട്ടുകാര്‍ എന്ന് അവരെ എല്ലാവരും വിളിക്കും. എന്നല്‍ ഇത് രണ്ടും സ്ത്രീധന സമ്പ്രദായത്തെ നിലനിറുത്താന്‍ സഹായിക്കലാണ്‌. നമുക്കാവശ്യം അത് നിലനിറുത്തലല്ല. ഇല്ലാതാക്കലാണ്‌. അതിനെന്ത് ചെയ്യണമെന്നാണ്‌ ആലോചിക്കേണ്ടത്; അതാണ്‌ നടക്കാത്തതും.



സ്ത്രീധനം ചോദിച്ച് വാങ്ങുകയില്ലെന്ന് തീരുമാനിച്ച ചിലരുണ്ട്. ചോദിക്കാതെ കിട്ടുന്നതിന്ന് അവര്‍ക്കെതിര്‍പ്പില്ല. കിട്ടുന്നത് വാങ്ങും. നമ്മള്‍ ചോദിച്ചിട്ടില്ലല്ലോ എന്ന് ന്യായം പറയും. വേറെ ചിലര്‍ ചോദിക്കുകയില്ല. എന്നാല്‍ ചോദിക്കാതെ തന്നെ കിട്ടുമെന്ന് കണ്ടാലേ അവര്‍ കല്യാണത്തിന്ന് മുതിരുകയുള്ളു. അതിന്ന് പറ്റുന്ന പാര്‍ട്ടിയുമായേ ഇടപാട് നടത്തുകയുള്ളു. ഇനിയും ചിലര്‍ നേര്‍ക്ക് നേരെ ചോദിക്കുകയില്ല. മകളെ കെട്ടിച്ചപ്പോള്‍ അല്ലെങ്കില്‍ അനുജന്റെ മകളെ കെട്ടിച്ചപ്പോല്‍ ഇത്രയാണ്‌ കൊടുത്തത് എന്നൊക്കെ വെറും നാട്ടു വര്‍ത്തമാനം പോലെ പറയും. അതില്‍ നിന്ന് മറുകക്ഷി എല്ലാം ഗ്രഹിക്കും. ഗ്രഹിച്ചില്ലെങ്കില്‍ ബന്ധം ഉലയും. ചിലപ്പോള്‍ സ്റ്റൌ പൊട്ടിത്തെറീക്കുന്നിടം വരെ കാര്യം എത്തും. 


ചിലേടത്ത് മറ്റൊരു സമ്പ്രദായമുണ്ട്. സ്ത്രീധനം ചര്‍ച്ചയ്ക്ക് വരുകയേ ഇല്ല. എന്നാല്‍, മഹ്‌ര്‍ ചര്‍ച്ച വളരെ ഗൌരവത്തില്‍ നടക്കും. 

വരന്റെ ആളുകള്‍ പറയും: ഞങ്ങള്‍ 10 പവന്‍ മഹ്‌ര്‍ നല്‍കാമെന്ന്. 

അപ്പോള്‍ വധുവിന്റെ ആളുകള്‍ പറയുന്നു: 10 വേണ്ട; 5 മതി എന്ന്. 

ഇതിന്റെ ഗുട്ടന്‍സ് അറിയാത്തവര്‍ അല്‍ഭുതപ്പെട്ട് പോകും. 10 (മഹ്‌ര്‍) നല്‍കാമെന്ന് പറഞ്ഞാല്‍ 100 (സ്ത്രീധനം) കിട്ടണമെന്നാണ്‌ അര്‍ത്ഥം. 10 വേണ്ട 5 മതി എന്നതിന്ന് 100 തരാന്‍ കഴിയില്ല 50 മാത്രമേ ഞങ്ങള്‍ക്ക് തരാന്‍ കഴിയൂ എന്നും. വരന്‍ വധുവിന്‌ നല്‍കേണ്ട ധനത്തിന്റെ പേരായ മഹ്‌ര്‍ ഇവിടെ, നേര്‍ വിപരീതദിശയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന സ്ത്രീധനത്തിന്റെ കോഡായി ഉപയോഗിക്കുന്നു.



സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്ന് ചിലര്‍ സമ്മതിക്കും. എന്നാല്‍ കൊടുക്കുന്നത് തെറ്റാണെന്ന് അവര്‍ക്കും അഭിപ്രായമില്ല. ചിലര്‍ കൊടുക്കുകയും മറ്റു ചിലര്‍ വാങ്ങുകയും ചെയ്യുമ്പോഴാണ്‌ ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. സ്ത്രീധനം വാങ്ങുക മാത്രമല്ല; കൊടുക്കുകയും ഇല്ല എന്ന് എല്ലാവരും ചെര്‍ന്ന് തീരുമാനിക്കണം. വാങ്ങുന്നത് പോലെത്തന്നെ കൊടുക്കുന്നതും തെറ്റാണെന്ന തീരുമാനത്തില്‍ സമുദായം എത്തണം.അല്ലാതിരുന്നാല്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. 



ജീവനോടെ കുഴിച്ചു മൂടപ്പെട്ട കുഞ്ഞിനോട് 'എന്ത് കുറ്റത്തിനാണ്‌ നീ കൊല്ലപ്പെട്ടതെന്ന്' അല്ലാഹു ചോദിക്കുമെന്ന് ഖുര്‍ആന്‍ (81/8,9) പറഞ്ഞിട്ടുണ്ട്. സ്ത്രീധനം കാരണമായി കൊല്ലപ്പെട്ട കുഞ്ഞിനോടും യുവതിയോടും അല്ലാഹു ചോദിക്കുകയില്ലേ? സ്ത്രീധന പീഡനത്താല്‍ കൊല്ലപ്പെട്ട യുവതിയോടും  സ്ത്രീധനം നല്‍കാന്‍ കെല്‍പ്പില്ലാത്തത് മൂലം ആത്മഹത്യ ചയ്ത യുവതിയോടും അല്ലാഹു ചോദിക്കുകയില്ലേ? 



അവര്‍ പറയുക നാട്ടില്‍ നിലവിലുണ്ടായിരുന്ന സ്ത്രീധന സമ്പ്രദായമാണ്‌ ഞങ്ങളെ കൊന്നത് എന്നാകില്ലേ? അത് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന വ്യക്തികള്‍ കുറ്റക്കാര്‍ തന്നെ. എന്നാല്‍ ഈ കൊടുക്കലും വാങ്ങലും അനിവാര്യമാക്കി മാറ്റുന്നത് നാട്ടില്‍ നിലവിലുള്ള സമ്പ്രദായമാണല്ലോ. അപ്പോള്‍ വ്യക്തിയേക്കാള്‍ വില്ലന്‍ സമ്പ്രദായമാണ്‌. ഈ സമ്പ്രദായമാണ്‌ ഇല്ലാതാകേണ്ടത്. 'ചോദിച്ചിട്ടല്ല കിട്ടിയത്' എന്നോ; 'ചോദിക്കാതെ തന്നെ കൊടുത്തതാണ്‌' എന്നോ പറയുന്നത് കൂടി ഇല്ലാതാകണം. അപ്പോഴേ ഈ സമ്പ്രദായം ഇല്ലാതാവുകയുള്ളു. ചോദിച്ചിട്ടോ ചോദിക്കാതെയോ നല്‍കുന്നവരും വാങ്ങുന്നവരും ഈ സമ്പ്രദായം നില നിറുത്തുകയാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീധനം നല്‍കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ധനം സമാഹരിച്ച് നല്‍കുന്നവരും ഈ സമ്പ്രദായം നിലനിറുത്തുക തന്നെയാണ്‌ ചെയ്യുന്നത്. അറിഞ്ഞ് കൊണ്ട് ഇതിന്ന് കൂട്ട് നില്‍ക്കുന്ന മഹല്ല്‌ കമ്മിറ്റികളും കാര്‍മ്മികത്വം വഹിക്കുന്നവരും എല്ലാം ഈ സമ്പ്രദായം നിലനിറുത്തുന്നവരായി മാറുകയാണ്‌ ചെയ്യുന്നത്. 



മാറിയ ചിന്ത അനിവാര്യമാണ്‌. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണെന്ന് പ്രഖ്യാപിക്കണം. ചോദിച്ചോ ഇല്ലേ എന്ന കര്‍മ്മശാസ്ത്ര പ്രശ്നം പരിഗണിക്കേണ്ടതില്ല. ചോദിച്ചീട്ടായാലും അല്ലെങ്കിലും കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്‌. കാരണം സ്ത്രീധനം എന്ന സമ്പ്രദായമാണ്‌ യഥാര്‍ത്ഥ വില്ലന്‍. ആ സമ്പ്രദായം ഇല്ലാതായെങ്കിലേ മേല്‍ പറഞ്ഞ ദുരിതങ്ങള്‍ക്കറുതി വരുകയുള്ളു.

ആദിവാസി ഊരിലെ മൂപന്റെ അത്ര വിദ്യാഭ്യാസം പോലും  നമ്മുടെ സമൂഹത്ത്തിനില്ലാതെ പോയോ? അതോ ഉറക്കം നടിക്കുകയാണോ? ഒരു സമൂഹവും സ്വയം മാറ്റത്തിനു thayyaarakathidaththOlam  അവരെ മാറ്റുകയില്ല എന്ന് അള്ളാഹു സൂചിപ്പിച്ചിട്ടുണ്ട്, കേവലം പത്രത്താളുകളിലും, കോടതി വ്യവഹാരങ്ങളിലും മാത്രമായി ഒതുങ്ങുന്ന ഒരു വിഷയമായി ഇത് മാറിയിട്ടുണ്ട്, കല്യാണ 'മാമാങ്കങ്ങളെക്കുറിചാണെങ്കില്‍  പറയതിരിക്കലാണ് നല്ലത് എന്ന് തോന്നുന്നു, അത്രക്കും ഭീഭാത്സമാണ് ഇപ്പോഴത്തെ അവസ്ഥ. സാധാരണക്കാരന്‌ കല്യനതെക്കുരിച്ചു ആലോചിക്കാന്‍ പറ്റാത്ത ഒരു തരത്തിലേക്ക് അത് മാറിപ്പോയിരിക്കുന്നു. ഭക്ഷണത്തിലെ ധൂരുത് മാത്രമല്ല, കല്യാണ രാത്രികളില്‍ നടക്കുന്ന 'പാര്‍ടി'കളും ഡി ജെ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പെക്കുത്തുകളും അതിനിടയിലെ 'വെള്ള'മടിയും പിന്നെ കുറെ ബഹളങ്ങള്‍ വേറെയും, ഇതിനെതിരെ ആര്‍ക്കും സംസാരിക്കാന്‍ പറ്റാത്ത തരത്തിലാണ് ഇന്നത്തെ യുവതയുടെ നടപ്പും, ആരെങ്കിലും  ഉപദേശിക്കാന്‍ ചെന്നാല്‍ കേള്‍ക്കുന്ന ഒരു തലമുറയൊക്കെ കഴിഞ്ഞു പോയി എന്ന ഒരു ഭാവമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക, അത് കൊണ്ട് തന്നെ ആരും ഇത്തരം 'സാഹത്തിനു' മുതിരാറില്ല എന്നതാണ് വസ്തുത.
ഇത്തരം ആള്‍കൂട്ടങ്ങള്‍ നിങ്ങള്‍ക്ക് ഒരു പക്ഷെ കേരളത്തിലെ എല്ലാ പട്ടണങ്ങളിലും/ഗ്രാമങ്ങളിലും  ദര്‍ശിക്കാന്‍ സാധിക്കും. WHO CARES  എന്നതാണ് ഇത്തരക്കാരുടെ പോളിസി. ആരെയും കൂസാതെയുള്ള നടത്തവും ആഹ ഭാവങ്ങളും. ഇവര്‍ എന്തു ചെയ്താലും അതിനെ പിന്തുണയ്ക്കുന്ന ഒരു 'വലിയ' വിഭാഗത്തെയും കൂടെ കാണാം. ഇവരെ ഫ്രീക് പിള്ളേര്‍ എന്നും യോ യോ ടീം എന്നൊക്കെയാണ് വിളിക്കപ്പെടുന്നത്.  ഇതെവിടെ ചെന്നെത്തും എന്ന് യാതൊരു നിശ്ചയവുമില്ല. 
ഇവരുടെ    പേരിനു   കൂടെ നിങ്ങള്‍  ഒരു പക്ഷെ വലിയ വലിയ രണ്ടോ  മൂന്നോ  നാലോ  അക്കങ്ങള്‍  കണ്ടു  എന്ന് വരാം , കൂടെ University സര്‍ട്ടിഫിക്കറ്റ്ഉം  , ഇവര്‍ക്ക്  അറിവ്  മാത്രമേ  ഉള്ളൂ , തിരിച്ചറിവില്ലാത്ത  ഇരു  കാലികള്‍  എന്ന് വിളിക്കുന്നതാവും  ഏറ്റവും  ശരി . 

ഇതിനെതിരെയൊക്കെ  പ്രതികരിക്കേണ്ട  സാമൂഹിക  സാംസ്‌കാരിക  മത  സംഘടനകള്‍ക്ക്  ഇതൊരു  വിഷയമേ  അല്ല  എന്നതാന്  അവരുടെ ഇപ്പോഴത്തെ  പ്രവര്‍ത്തനങ്ങളില്‍  നിന്നും  കാണുന്നത് . സമൂഹത്തെ  സംസ്കരിക്കാത്ത  സാംസ്കാരിക  സംഘടനകളുടെ  കൂത്തരങ്ങായ     ഈ  കൊച്ചു  കേരളത്തില്‍  ഇതിനപ്പുറവും  നമുക്ക്  പ്രതീക്ഷിക്കാം. 



Share/Bookmark

No comments: