ഒരു വര്‍ഷം കൂടി കടന്നു പോകുമ്പോള്‍, സാംസ്‌കാരിക കേരളത്തിന് സംഭവിച്ച 'അകാല നര'?!!യെക്കുറിച്ചുള്ള ഒരു വിശകലനമാണ് ഇവിടെ ചേര്‍ക്കുന്നത്. നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാം ...
മൌനം വിദ്വാനു ഭൂഷണം എന്ന തത്വമാണ് കേരളത്തിലെ സാംസ്കാരിക രംഗം 2010ല്‍ കൈകൊണ്ടതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാകാന്‍ തരമില്ല. കാരണം അത്രക്കും കുറ്റകരമായ മൌനമാണ് പല സുപ്രധാന വിഷയങ്ങളിലും അവരുടെ നിലപാടുകളായി പുറത്ത് വന്നത്. ഇത് കണ്ടു ലജ്ജിക്കണോ അതോ കണ്ണ് നീര്‍ പോഴിക്കണോ എന്ന് നിങ്ങള്‍ക്കു തീരുമാനിക്കാം...നിങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ എന്തവകാശം എന്ന് പണ്ടാരോ ചോദിച്ചത് പോലെയാണ് കാര്യങ്ങളുടെ പോക്ക്, ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവന്‍ അനഭിമാതനാവുകയോ, ഒറ്റപ്പെടുത്തുകയോ ചെയ്യാന്‍ വിധിക്കപ്പെടാന്‍ മാത്രം എന്തു തെറ്റാണു ഇവര്‍ സമൂഹത്തോട് ചെയ്തത്?
ഒരു കാലത്ത് ജനങ്ങളുടെ പക്ഷത്താണ് എന്ന് ജനം പോലും വിശ്വസിച്ചിരുന്ന
കമ്യുനിസ്ടുകള്‍ ഇന്ന്, അവര്‍ നേരത്തെ വിളിച്ച മുദ്രാവാക്യം അറം പറ്റിയത് പോലെ, 'ബൂര്‍ഷാ' മുതലാളിമാരായി വാഴുന്നു, പണിയെടുക്കുന്ന തൊഴിലാളികള്‍ എന്നുള്ളത് (അങ്ങനെയൊരു വിഭാഗം അവരുടെ നിഘണ്ടുവിലുണ്ടോ ആവോ?) കേവലം പ്രസങ്കങ്ങളില്‍ ഉപയോഗിക്കുന്ന 'ആലങ്കാരിക' പ്രയോഗം മാത്രമായി മാറിപ്പോയിരിക്കുന്നു... ഇപ്പോള്‍ അവര്‍ സംസാരിക്കുന്നത് മാര്‍ട്ടിന്‍മാര്‍ക്ക് വേണ്ടിയും, കണ്ടല്‍, അമ്യുസ്മെന്റ്റ്, വാട്ടര്‍ തീം പാര്‍ക്കുകള്‍ക്ക് വേണ്ടിയും മാത്രമായിരിക്കുന്നു. ഇതിനെ വികസനം എന്ന് ഓമനപ്പേരിട്ട് വിളിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി, അതിനെതിരെ ആര്നെകിലും സംസാരിച്ചാല്‍ അവന്‍ വികസന വിരോധികളായി...!!!
എക്സ്പ്രസ് ഹൈവേക്കെതിരെ സംസാരിച്ചവര്‍, ഭരണത്തിലേറിയപ്പോള്‍, നാല് വരിപ്പാത എന്ന് പേര് മാറ്റി വിളിച്ചു അതുമായി മുന്നോട്ടു പോകുന്നു, എന്നാല്‍ നിലവിലുള്ള റോഡുകള്‍ 'കുഴികള്'
എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന് ഭരണക്കാരെ നോക്കി കൊഞ്ഞനം കുത്തുന്നത് കണ്ടില്ലെന്നു നടിക്കുന്നു...
എന്നിട്ടിപ്പോള്‍ ദേശീയ പാത നാല്പത്തഞ്ച് വരിയാക്കാന്‍ രാഷ്ട്രീയ കേരളം ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നു.... ഇതിനു ഒരു മാസം മുന്‍പ് നടന്ന സര്‍വ്വ കക്ഷി സമ്മേളനത്തില്‍ പാത മുപ്പതു മീറ്റര്‍ മതി എന്ന നിലപാടില്‍ നിന്നും എന്തു വെളിപാടാണ് ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നും ലഭിച്ചത് എന്ന് പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുണ്ട്....
ലോട്ടറിക്കെതിരെ സംസാരിച്ചവര്‍ (ഇടതനും, വലതനും), മാധ്യമ വാര്‍ത്ത സൃഷ്ടിക്കുക എന്നതല്ലാതെ വിഷയം എങ്ങുമെത്താതെ ഉപേക്ഷിച്ചു എന്ന് വേണം കരുതാന്‍...
കൈ വെട്ടു സംഭവവും, മദനിയുടെ അറസ്റ്റു നാടകവും ഒക്കെ തന്നെ മലയാളിക്ക് ഇന്ന് കേവലം ന്യൂസ് അവര്‍ ചര്‍ച്ച എന്നതല്ലാതെ മറ്റൊരു ചലവും അത് സൃഷ്ടിച്ചിട്ടില്ല (പരസ്പര വിശ്വാസം നഷ്ടപ്പെടാന്‍ ഉപകരിച്ചു എന്ന് വേണമെങ്കില്‍ മാധ്യമങ്ങള്‍ക്കവകാശപ്പെടാം).
വര്‍ഷാവസാന കണക്കെടുക്കുമ്പോള്‍ സാധാരണ എല്ലാവരും 'വളര്‍ച്ചയുടെ' കണക്കെടുപ്പും നടത്താറുണ്ട്.... നമ്മുടെ ദൈവത്തിന്റെ നാട്ടിലെ നേട്ടങ്ങളെക്കുറിച്ചെണുമ്പോള്‍ ആദ്യ സ്ഥാനങ്ങളില്‍ വരിക മദ്യ വില്‍പനയില്‍ കൈവരിച്ച നേട്ടവും കൊട്ടേഷന്‍ ആക്രമണങ്ങളും പോലീസ് പീടനവുമായിരിക്കും എന്നതില്‍ സംശയമില്ല, അത്രത്തോളം വളര്‍ന്നു നമ്മുടെ കൊച്ചു കേരളം.
സ്വാശ്രയ വിദ്യാഭ്യാസം ഇന്നും കീറാമുട്ടിയായ് നില്‍ക്കുമ്പോള്‍ തന്നെ ബ്രിട്ടീഷുകാരന്റെ പഴയ തന്ത്രമായ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ആയുധം മെഡിക്കല്‍ മാനജുമെന്റുകള്‍ക്ക് നേരെയും പ്രയോഗത്തില്‍ വരുത്തിയതായി കാണാന്‍ സാധിക്കും... വിദ്യാഭ്യാസവും 'കച്ച'വടമാകുമ്പോള്‍ ഇതിനപ്പുറവും വരും നാളുകളില്‍ പ്രതീക്ഷിക്കാം... ഇതിനെതിരെ പ്രതികരിക്കേണ്ട വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഭരണ യന്ത്രത്തിന് അടിയറവു പറഞ്ഞു പതിയും താഴ്ത്തി സുഖ നിദ്രയിലാണ്, പ്രതി പക്ഷത്തിനാനെങ്കില്‍ ഒരു 'പ്രതി'പക്സതിന്റെ കരുത്തില്ല താനും. പാവം ജനം മന്ത് കാലനെപ്പോലെ, ചികിത്സ കിട്ടാതെ, വലതു കാലിലെ മന്ത് ഇടതു കാലിലേക്കും തിരിച്ചും ഓരോ അഞ്ചു വര്‍ഷം കഴിയും തോറും മാറ്റി നാട്ടു കൊണ്ടിരിക്കുന്നു...
ഇടതനെയും വലതനെയും മാറിമാറി ചുമന്നു മുതുകൊടിഞ്ഞ കേരളത്തെ രക്ഷിക്കാന്‍ 'പഞ്ചവത്സര' പരീക്ഷണങ്ങള്ക്കൊണ്ടാവില്ലെന് നത് നാം അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യമാണ്. എന്നിട്ടെന്ത്; ഇപ്പോള്‍ ഭരിച്ചു മുടിച്ചവരോടുള്ള അമര്‍ഷം തീര്‍ക്കാന്‍ ജനം മുമ്പേ ഭരിച്ചുമുടിച്ചവരെ വീണ്ടും അധികാരമേല്‍പ്പിക്കുന്നു. രാഷ്ട്രീയമുക്തമാവേണ്ട പഞ്ചായത്തുകളില്‍ പോലും പാര്‍ട്ടിയേമാന്മാരെ നാം ഭരണത്തിലേറ്റുന്നു. തെരഞ്ഞെടുപ്പിന്റെ ആര്‍പ്പുവിളികളും പോര്‍വിളികളും മുറുകുമ്പോള്‍ നാം ഗാന്ധിജിയെയും വികസനത്തെയും സൗകര്യപൂര്‍വം വഴിവക്കിലിരുത്തുന്നു. അഴിമതിക്കും പകല്‍ക്കൊള്ളക്കും തോന്നിവാസിങ്ങള്‍ക്കും മാപ്പുനല്‍കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും കുടിവെള്ളമെത്താത്ത കുടിലും സൗകര്യപൂര്‍വം മറന്നുപോവുന്നു. പിന്നെ നമുക്ക് പാര്‍ട്ടിയാണ് മതം. ചിഹ്നമാണ് ദൈവം. ഇനി നമ്മള്‍ ജനം തോറ്റാലെന്ത്, പാര്‍ട്ടി ജയിച്ചല്ലോ എന്നതാണാശ്വാസം. ഈ ആശ്വാസത്തിന്റെ സൗകര്യത്തിലാണ് നാടിന്റെ കാവലേറ്റവര്‍ രാജ്യത്തെയും പാര്‍ലമെന്റിനെയും മൂകസാക്ഷിയാക്കി ലക്ഷം കോടികള്‍ വെട്ടിവിഴുങ്ങുന്നത്. നമ്മള്‍ ജയിപ്പിച്ച പാര്‍ട്ടികള്‍ തന്നെയാണ് ഉളുപ്പില്ലാതെ ഇത്തരക്കാരെ ന്യായീകരിക്കുന്നതും, രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും. കീടനാശിനിയുടെ പ്രയോഗമേറ്റ് കീടങ്ങളെപ്പോലെ പിടയുന്ന മനുഷ്യജന്മങ്ങളെ കണ്ണുകൊണ്ട് കണ്ടിട്ടും നെഞ്ചുരുകാത്ത നിഷ്ഠൂരന്മാരെ തെരഞ്ഞെടുത്തതും നമ്മള്‍ തന്നെയാണ്. ഇതൊക്കെ സഹിച്ച് തീര്‍ക്കുക എന്നതാണോ നമ്മുടെ നാടിന്റെ വിധി. അല്ലേ അല്ല. നമ്മുടെ നാടും അതിന്റെ സാഹചര്യവവും മാറിയേതീരൂ എന്ന കാര്യത്തില്‍ നമുക്ക് സംശയമേയില്ല. തീര്‍ച്ചയായും മാറ്റത്തിന് ചുക്കാന്‍ പിടിക്കേണ്ടത് വിപ്ലവബോധമുള്ള യുവാക്കള്‍ തന്നെയാണ്.
ഇടതനെയും വലതനെയും മാറിമാറി ചുമന്നു മുതുകൊടിഞ്ഞ കേരളത്തെ രക്ഷിക്കാന്‍ 'പഞ്ചവത്സര' പരീക്ഷണങ്ങള്ക്കൊണ്ടാവില്ലെന്
'എവിടെ മനുഷ്യനുണ്ടവിടെയെല്ലാമുയിര്‍ത്തെഴുന്നേല്‍ക്കുമെന്റെയീ ഗാനം' എന്നു പാടിയ ഒ.എന്‍.വിക്ക് ജ്ഞാനപീഠം കിട്ടിയ പ്രിയ വര്‍ഷമായിരുന്നു എന്നിങ്ങനെ കണക്കെടുത്ത് സമാധാനിക്കാമെന്നല്ലാതെ എത്ര എഴുത്തുകാര്‍, ബുദ്ധിജീവികള്‍ വാഴുന്നവനെതിരെ വീഴുന്നവന്റെയൊപ്പം താങ്ങായിനിന്നിട്ടുണ്ട്? വാര്‍ത്താസംബന്ധമായി കേസിലെ സാക്ഷികളോട് സംസാരിച്ചതിന്റെ പേരില്‍ തെഹല്‍ക വാരികയുടെ ലേഖിക
കെ.കെ. ഷാഹിനക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തപ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എഴുത്തുകാരില്‍ പലരും. അടിയന്തരാവസ്ഥയില്‍ എഴുത്തുകാരെന്തുചെയ്തു എന്ന ചര്‍ച്ച ഇപ്പോഴും പൊടിപൊടിക്കുന്നുണ്ട്.
2010ല്‍ മനുഷ്യാവകാശം ബീഡിക്കുറ്റിപോലെ ചവിട്ടിഞെരിക്കപ്പെട്ടപ്പോള്‍,
ലൗ ജിഹാദിന്റെ കോലാഹലം സോപ്പുകുമിളപോലെ കെട്ടടങ്ങിയപ്പോള്‍, മാധ്യമ സ്ഥാപനങ്ങളെ കോര്‍പറേറ്റുകള്‍ ഹൈജാക്കു ചെയ്തപ്പോള്‍,
ഇറോം ശര്‍മിള അന്നപാനീയങ്ങള്‍ വെടിഞ്ഞ് നീതിക്കായി മരണത്തിന്റെ മരത്തണലിലേക്ക് അനുനിമിഷം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍,
ബിനായക് സെന്നി നെതിരെ നീതിപീഠം തന്നെ കുരുക്കുകളെറിഞ്ഞപ്പോള്‍, എന്റെ നിലപാടെന്തായിരുന്നു എന്ന് ഈ രണ്ടായിരത്തിപ്പത്തിന്റെ സൂര്യന്‍ മറയുമ്പോള്‍ നെഞ്ചത്ത് കൈവെച്ച് നമ്മുടെ ഓരോ എഴുത്തുകാരനും /എഴുത്തുകാരിയും ചോദിക്കട്ടെ.
ആരോഗ്യകരമായ ഒരു ചര്‍ച്ചപോലും പൊറുപ്പിക്കാനാവാത്ത അന്തരീക്ഷമാണിവിടെ. പോയവര്‍ഷം നടന്ന സ്വത്വവിവാദ ബഹളങ്ങളോര്‍ക്കുക. ഡോ. പി.കെ. പോക്കറും കെ.ഇ.എന്നും ഒളിച്ചുകടത്തിക്കൊണ്ടുവന്ന എന്തോ ഒന്നാണെന്ന അര്‍ഥത്തിലായിരുന്നു ചര്‍ച്ചയിലേറെയും നടന്നത്. സാമ്രാജ്യത്വ- ഫാഷിസ്റ്റ് വിരുദ്ധസമരത്തിന്റെ പ്രത്യയശാസ്ത്ര ഉള്ളടക്കത്തെ തിരസ്‌കരിച്ച് ഇരവാദക്കാര്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നു എന്ന അര്‍ഥത്തിലായിരുന്നു ഏറെപ്പേരും ചര്‍ച്ചയില്‍ ഇടപെട്ടത്. സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തോട് മൃദുസമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയോട് പിണങ്ങിനില്‍ക്കുന്ന ചിലര്‍ക്ക് പാര്‍ട്ടിപത്രത്തിലും വേദിയിലും ഇടംകിട്ടി എന്നതൊഴിച്ചാല്‍ പാര്‍ട്ടിക്ക് ഇത് ഏറെ നഷ്ടമുണ്ടാക്കുകയാണ് ചെയ്തത്. സ്വത്വം എന്ന് കേള്‍ക്കുമ്പോഴേക്കും അതിന് ബിന്‍ലാദിന്‍ എന്നു കൂടി അര്‍ഥമുണ്ടെന്ന് വിശ്വസിക്കുന്നവരാണല്ലോ ഏറെപ്പേരും. ആരോഗ്യകരമായ ഒരു സംവാദംപോലും അസാധ്യമാക്കുന്ന വംശീയ വെറികള്‍ നമ്മള്‍ ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട്. പൂണൂലും കുടുമയും ഉള്ളിന്റെയുള്ളില്‍ ഭയഭക്തിയോടെ ആരും കാണാതെ മലയാളി സൂക്ഷിക്കുന്നുണ്ട്.
നമ്മുടെ ചോരയുടെ അവസാനത്തെ തുള്ളിയും ഊറ്റിവലിക്കുന്ന, മരിച്ചവരുടെ തലയോട്ടികള്‍ തേച്ചുമിനുക്കുന്ന ബോംബുകളെക്കുറിച്ച് പാടിയ ഹരോള്‍ഡ് പിന്ററെ ഓര്‍ക്കുന്നു. നമുക്കാകെ ബാക്കിയുള്ളത് ബോംബുകളാണെന്ന് പാടിയ നൊബേല്‍ സമ്മാനം നേടിയ പ്രശസ്ത നാടകകൃത്ത് ഹരോള്‍ഡ് പിന്റര്‍. അദ്ദേഹത്തിന് ഒരിക്കല്‍ അമേരിക്കന്‍ എംബസി വിരുന്നൊരുക്കുന്നു. അമേരിക്കന്‍ അംബാസഡര്‍ ഹസ്തദാനം നല്‍കി സ്വീകരിക്കാന്‍ കൈനീട്ടുന്നു. ചോരക്കറ പുരണ്ട ആ അംബാസഡറുടെ കൈകള്‍ തട്ടിമാറ്റി, അമേരിക്കന്‍ അധിനിവേശ സൈന്യം അബൂഗുറൈബിലും മറ്റും നടത്തിയ ക്രൂരതകള്‍ മനസ്സില്‍വെച്ച് പിന്റര്‍ ചോദിക്കുന്നു: 'നിങ്ങള്‍ മറ്റുള്ളവരോട് ചെയ്യുന്നതുപോലെ, നിങ്ങളുടെ ലൈംഗികാവയവത്തിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ എങ്ങനെയുണ്ടാവും?' ക്രോധത്തിന്റെ വാക്കുകളെറിഞ്ഞ് പിന്റര്‍ വിരുന്ന് ബഹിഷ്‌കരിച്ച് പുറത്തുവരുന്നു. ഹരോള്‍ഡ് പിന്റര്‍ പറഞ്ഞു: 'അത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളായിരുന്നു.'
2010 വിടപറയുമ്പോള്‍, ഇത്തരം അഭിമാനകരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നമ്മുടെ എത്ര ബുദ്ധിജീവികള്‍ക്ക്, എഴുത്തുകാര്‍ക്ക്, സാംസ്‌കാരികനായകര്‍ക്ക് കഴിയും?
ഛത്തിസ്ഗഢിലെ ദന്തേവാഡ വനത്തില്‍ ഉദയം കാണാന്‍ ഉറക്കമൊഴിക്കുന്ന വിപ്ലവകാരികള്‍ക്കൊപ്പം ദിനരാത്രങ്ങള്‍ ചെലവഴിച്ച, ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കുന്ന ഒരു
അരുന്ധതി റോയിയെ നമുക്ക് ചൂണ്ടിക്കാട്ടാം. അതിനപ്പുറം ശക്തമായ ഇടപെടല്‍ നടത്തുന്ന എത്ര എഴുത്തുകാരുണ്ട് നമുക്ക്?
നരേന്ദ്രമോഡി ബഹുമാന്യനായ ജസ്റ്റിസ് കൃഷ്ണയ്യരെ കണ്ടതും കഴിഞ്ഞ വര്‍ഷം. ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു: ജസ്റ്റിസ് കൃഷ്ണയ്യര്‍ പരേതരോട് സംസാരിക്കുന്നത് മലയാളിക്ക് മനസ്സിലാക്കാനാവും. വംശഹത്യക്ക് കൂട്ടുനിന്ന നരേന്ദ്രമോഡിയോട് സംസാരിച്ചത് മലയാളി പൊറുപ്പിക്കില്ല.
2010ന്റെ സാഹിത്യ സാംസ്‌കാരിക രംഗത്തിന്റെ കണക്കെടുപ്പല്ലിത്. ഒരു വര്‍ഷം കൂടി പോയി മറയുമ്പോള്‍ നമ്മുടെ ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്‍, സാംസ്‌കാരിക നായകര്‍ എവിടെനില്‍ക്കുന്നു എന്ന് നോക്കിക്കാണാനുള്ള ഒരു ശ്രമം. പുകയില്ലാത്ത അടുപ്പുകളാണിന്ന് കേരളത്തില്‍. നീതികേടിനെതിരെ പകകൊണ്ട് പുകയുന്ന മസ്തിഷ്‌കങ്ങളും കേരളത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തീയും പുകയും എവിടെയുമില്ല.
No comments:
Post a Comment