CIPLA കൊറോണ അമേരിക്ക
CIPLA എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഇൻഡസ്ട്രിയൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറിയെന്ന മരുന്ന് കമ്പനി ഇന്ത്യയിൽ സ്ഥാപിച്ചത് 1935ൽ ഖ്വാജ ഹമീദ് എന്ന ഒരു ബോംബെക്കാരനാണ്.
മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെയും കടുത്ത ആരാധകനായിരുന്ന ഖ്വാജാ ഹമീദ്, യഥാർത്ഥ ദേശീയവാദിയായിരുന്നു. അദ്ദേഹം സാധാരണക്കാർക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകൾ നിർമ്മിക്കാൻ തയ്യാറായി. മലേറിയ, ക്ഷയം എന്നിവയ്ക്കുള്ള മരുന്നുകൾ മാത്രമല്ല മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ആർത്രൈറ്റിസ് തുടങ്ങിയ പതിവ് രോഗങ്ങൾക്കുള്ള മരുന്നുകളും സിപ്ലയുടെ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തു.CIPLA ജനറിക് മെഡിസിൻ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ അന്നത്തെ അമേരിക്ക ഇന്ത്യ ഗവണ്മെന്റിനോട് സിപ്ലക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസെടുക്കാനാവശ്യപ്പെട്ടു. അന്നത്തെ സിപ്ലയുടെ മേധാവിയായിരുന്ന കേംബ്രിഡ്ജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദമെടുത്ത ഖ്വാജയുടെ മകൻ യൂസഫ് ഹമീദിനെ ശ്രീമതി ഇന്ദിരാഗാന്ധി വിളിച്ച് അമേരിക്കയുടെ പരാതിയെ കുറിച്ച് സംസാരിച്ചു, പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയുന്ന വിലകുറഞ്ഞതും, ഗുണനിലവാരമുള്ളതുമായ മരുന്നുകൾ നിർമ്മിക്കുകയെന്ന തന്റെ പിതാവിന്റെ ആശയമാണ് താൻ പിൻപറ്റുന്നതെന്ന് യുസുഫ് ഹമീദ് ഇന്ദിരാഗാന്ധിയോട് പറഞ്ഞു. പിതാവ് കമ്പനി തന്നെ ഏൽപ്പിക്കുമ്പോൾ ഈ കമ്പനി എന്തിനു സ്ഥാപിതമായിയെന്ന് എപ്പോഴും ഓർമയിലുണ്ടാവണമെന്ന് ഉപദേശിച്ചിരുന്നു. ആ ഉപദേഷം ഇങ്ങനെയായിരുന്നു, “ലോകമെമ്പാടുമുള്ള മറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ലാഭമുണ്ടാക്കാനല്ല, മറിച്ച് ഗുണനിലവാരമുള്ള മരുന്നുകളുടെ അഭാവത്തിൽ മരിക്കേണ്ടിവരുന്ന ദരിദ്രർക്ക് ആശ്വാസവും ആരോഗ്യ സംരക്ഷണവും എത്തിക്കുന്നതിനാണ്.”