കൊറോണക്കു ശേഷമുള്ള ലോകം - പ്രവാസികളോട് പറയാനുള്ളത്
ഇന്നലെ രണ്ടു അടുത്ത സുഹൃത്തുക്കളുടെ ഫോൺ ലഭിച്ചു, ഒരാൾ ദോഹയിലെ തരക്കേടില്ലാത്ത കമ്പനിയിലെ ഉയര്ന്ന ഫിനാൻസ് തസ്തികയിൽ ജോലി ചെയ്യുന്നവൻ, രണ്ടാമത്തെ ആൾ അറബ് സ്റ്റൈലിൽ സ്ത്രീകളുടെ വസ്ത്രം ഡിസൈൻ ചെയ്തു കൊടുക്കുന്ന ടൈലർ. രണ്ടു പേരുടെയും ജോലി നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് വിളിച്ചത്, ഇതിപ്പോള് ജിസിസി രാഷ്ട്രങ്ങളിൽ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു.കൊറോണ കാലമാണ്, ലോക്ക് ഡൌൺ കാലത്ത് വീട്ടിനകത്തിരിക്കേണ്ടി വന്നത് കൊണ്ട് തങ്ങളുടെ കയ്യിലിരിപ്പ് സമ്പാദ്യങ്ങൾ ഒക്കെ കാലിയായി ഒഴിഞ്ഞ കേയുമായിട്ടാണ് ആളുകൾ നാട്ടിലും മറു നാട്ടിലും കഴിഞ്ഞു കൂടുന്നത്, നാട്ടിൽ സർക്കാർ റേഷൻ നല്കി സഹായിക്കുമ്പോൾ പ്രവാസത്തിൽ സാമൂഹിക സംഘടനകൾ ആ ബാധ്യത നിറവേറ്റുന്നു എന്ന വെത്യാസം മാത്രം. കൊറോണക്കു ശേഷം വരാൻ പോകുന്നത് ക്ഷാമ കാലമാണ്, തുടര്ന്ന് ക്ഷേമവും. രാജാവിന്റെ സ്വപ്ന വ്യാഖ്യാനം നടത്തിയ പ്രവാചകൻ യൂസുഫ് (അ) കഥ പറയുന്നുണ്ട് വിശുദ്ധ ഖുർആനിൽ. ഏഴു സമൃദ്ധിയുടെ വര്ഷങ്ങള്ക്ക് ശേഷം വരാന് പോകുന്ന ഏഴ് കടുത്ത ക്ഷാമ വർഷത്തെ കുറിച്ചായിരുന്നു സ്വപ്നം, രാജാവിനോടു ഖജനാവിന്റെ താക്കോൽ കയ്യിൽ വാങ്ങി ആ ക്ഷേമ കാലത്തെ യൂസുഫ് നബി സമർത്ഥമായി നേരിട്ട സംഭവമാണ് അവിടെ വിവരിക്കുന്നത്.
