scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jun 27, 2022

ഡോ. ഐ.എം. വിജയൻ; ഒരേയൊരു ഐ.എം. വിജയൻ.

 ഡോ. ഐ.എം. വിജയൻ; ഒരേയൊരു ഐ.എം. വിജയൻ.

ഇന്ത്യൻ ഫുട്ബോളിലെ സംഭാവനകൾ പരിഗണിച്ച് ഐ.എം.വിജയന് റഷ്യയിലെ അക്കാൻഗിർസ്ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബഹുമതി.

ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയൻ ആണ്.

അമ്പതുകളുടെ അവസാനത്തിലാണ്.

ആംസ്റ്റർഡാമിൽ ദ്രായർ എന്ന് പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. പെട്രൊനെല്ല ബെർനാഡ ദ്രായർ. അയാക്സിന്റെ സ്റ്റേഡിയത്തിലെ തൂപ്പുകാരി. ഭർത്താവ് മരിച്ചപ്പോൾ സ്റ്റേഡിയം വൃത്തിയാക്കുന്ന പണി കൊണ്ട് മക്കളെ നോക്കി. ആ പണം കൊണ്ട് അതിലൊരുത്തനെ അയാക്സിൽ ഫുട്ബോൾ കളിക്കാനും പഠിക്കാനും വിട്ടു. കളിച്ച് കളിച്ച് ഫുട്ബോളെല്ലാം അവനായി മാറി.  ഇപ്പോ അയാളുടെ പേരിലാണ് ആ സ്റ്റേഡിയം. അമ്മ തൂപ്പുകാരിയായിരുന്ന സ്റ്റേഡിയം. യൊഹാൻ ക്രൈഫ് അരീന.



എഴുപതുകളിൽ തൃശൂരിൽ അങ്ങനെ ഒരു സ്ത്രീ ഉണ്ടായിരുന്നു. കൊച്ചമ്മു. ഭർത്താവ് മരിച്ചപ്പോൾ കൂലിപ്പണി കൊണ്ട് മക്കളെ വളർത്തി. അതിലൊരു മകന്റെ പേരിലുള്ള ഒരു സ്റ്റേഡിയത്തിന് രണ്ടു മാസം മുൻപാണ് തറക്കല്ലിട്ടത്. 'ഐ.എം. വിജയൻ സ്‌പോർട്സ് കോംപ്ലക്സ്'. 

ഒരു ഇന്റർവ്യൂവിൽ രവി മേനോനാണ് യൊഹാൻ ക്രൈഫിന്റെയും ഐ.എം. വിജയന്റെയും സമാനതകൾ പറയുന്നത്. അമ്മക്ക് ഗോളുകൾ സമർപ്പിക്കുന്നവർ. അമ്മ വളർത്തിയുണ്ടാക്കിയ ഫുട്ബോൾ ഇതിഹാസങ്ങൾ. സമീകരിക്കുന്നില്ല.

ക്രൈഫിനെ പോലെയല്ല ഐ എം വിജയൻ. ക്രൈഫ് മൈതാനത്ത് സോഡ വിൽക്കാൻ പോയിട്ടില്ല. ക്രൈഫ് പട്ടിണി കിടന്നിട്ടില്ല. ക്രൈഫ് കഴിക്കാനില്ലാത്തത് കൊണ്ട് സ്കൂളിൽ വൈകിയെത്തിയിട്ടില്ല. ക്രൈഫ് ക്ലാസ് പൂർത്തിയാക്കും മുമ്പ് ടീച്ചറുടെ സമ്മതം വാങ്ങി സെവൻസ് കളിക്കാൻ പോയിട്ടില്ല. ക്രൈഫ് സെലക്ഷന് വേണ്ടി വെയിലത്ത് പിന്നെയും പിന്നെയും കളിച്ചിട്ടില്ല. പ്രായമാകും മുമ്പ് ടീമിലെത്തി കാത്തിരുന്നിട്ടില്ല. ക്രൈഫ് ഇന്ത്യയിൽ ജനിച്ചിട്ടില്ല, കളിച്ചിട്ടില്ല 

കഷ്ടപ്പാടുകളുടെ കഥ പറഞ്ഞ് പറഞ്ഞ് പരന്നൊഴുകിയെന്ന് വിജയൻ തന്നെ ഇപ്പോ എല്ലായിടത്തും പറയാറുണ്ട്. അപ്പോ നമുക്ക് ഫുട്ബോളിനെ കുറിച്ച് സംസാരിക്കാം. 

250 ആഭ്യന്തര ഗോളുകൾ !

ഇന്നാട്ടിൽ അത് അത്ഭുതമാണ്. 338 മത്സരങ്ങളിൽ നിന്ന് ഐ.എം. വിജയൻ അടിച്ച് കൂട്ടിയത് 250 ഗോളുകൾ. സെവൻസ് ചേർത്തിട്ടല്ല. ഔദ്യോഗികം മാത്രം. ശരാശരി 0.739. വിജയനൊപ്പം ഇന്ത്യൻ ഫുട്ബോളിൽ ചേർത്ത് വായിക്കുന്ന രണ്ട് പേരുകളുണ്ട്. ബൂട്ടിയയും ഛേത്രിയും. ബൂട്ടിയ കരിയറിൽ ആകെ നേടിയത് 100 ഗോളുകൾ. 226 മത്സരങ്ങൾ. ശരാശരി -0.384. ഛേത്രി ഇതുവരെ 124 ഗോളുകൾ

252 മത്സരങ്ങൾ. ശരാശരി - 0.49.

ഛേത്രി എങ്ങനെ ഓടിയാലും വിജയന്റെ 250 ഗോളുകൾ എന്ന ദൂരത്തെത്തില്ല.

അന്താരാഷ്ട്ര ഗോളുകളോ?

ഐ എം - 40 ഗോൾ 79 മത്സരം

ബൂട്ടിയ - 40 ഗോൾ 104 മത്സരം 

ഛേത്രി - 83 ഗോൾ 127 മത്സരം.

വിജയൻ കളിച്ചിരുന്നത് ബൂട്ടിയക്കൊപ്പമാണെന്ന ഓർമകളും ഈ സ്റ്റാറ്റിൽ മറഞ്ഞ് കിടക്കുന്നുണ്ട്.

ഇതൊക്കെ കണക്ക്.

ഇനി കളിയഴകിലേക്ക് വന്നാൽ, 

ഒ ആർ രാമചന്ദ്രൻ ഒരനുഭവം എഴുതിട്ടുണ്ട്.

"എയര്‍ ക്ലബ്ബാണ്‌ എരുമപ്പെട്ടിയിലെ വലിയ ടീം. തൃശ്ശൂരില്‍ നിന്നൊരു നേതാജി ക്ലബ്ബ്‌ വരുന്നു, അവരോടു കളിക്കാന്‍. ജോബ്‌ മാസ്റ്റര്‍ ട്രോഫി സെവന്‍സ്‌, ലോകകപ്പ്‌ ഫുട്ബോളിനേക്കാളൊക്കെ വലുതായി തോന്നിയിരുന്ന കാലത്തെ കാര്യമാണ്‌. 

ഏതു ടീം കളിച്ചാലുമുണ്ടാകും കുമ്മായവര മറഞ്ഞു കാണികള്‍. ഗ്രൗണ്ടില്‍ നേരത്തെ എത്തണം. ഇല്ലെങ്കില്‍ സ്ഥലം കിട്ടില്ല. കളിക്കു പോകാന്‍ അനുമതി കിട്ടല്‍ തന്നെ ലോകകപ്പു കാണാന്‍ അവസരം കിട്ടുന്നതു പോലെയാണ്‌. അപൂര്‍വഭാഗ്യം. 

നേരത്തെ എത്തിയാല്‍ കളിക്കാര്‍ ബൂട്ടു കെട്ടുന്നതും കാണാം. രഹസ്യഭാഗങ്ങളില്‍ കൈകടത്തി അവര്‍ എന്താണ്‌ തിരുകി വെക്കുന്നത്‌? കളിക്കിടെ മൂത്രമൊഴിക്കാന്‍ വെക്കുന്ന ബൗളാണെന്ന്‌ ദാസന്‍ പറഞ്ഞത്‌ കളിയായോ കാര്യമായോ എന്നോര്‍മ്മയില്ല. അബ്ഡമന്‍ ഗാര്‍ഡെന്ന വാക്കു പോലും അന്നു കേട്ടിട്ടില്ല. 

എതിര്‍ടീം എത്തിയിരിക്കുന്നു. നിരാശ തോന്നി, 13 വയസ്സു തികയാത്ത കുറെ ചെക്കന്മാര്‍. മെലിഞ്ഞുണങ്ങിയ കറുത്ത ചെക്കന്‌ ഏറിയാല്‍ 12 വയസ്സുണ്ടാവും. അതിലും കുറവേ തോന്നിക്കൂ. കളിക്കിറങ്ങും മുമ്പ്‌ അവനിത്തിരി കഞ്ഞി വെള്ളം പാര്‍ന്നു കൊടുക്കടാ എന്നാരോ പറഞ്ഞപ്പോള്‍ ടീം ബൂട്ടു കെട്ടുന്നതു കാണാന്‍ വട്ടം കൂടി നിന്ന കുട്ടികള്‍ ആര്‍ത്തു ചിരിച്ചു. 

എയര്‍ ക്ലബ്ബ്‌ കത്തി നില്‍ക്കുന്ന കാലമാണ്‌. എവിടെപ്പോയാലും ജയം. സാലി എന്ന ഞങ്ങളുടെ റൊണാള്‍ഡോ മൈതാനത്തിന്റെ ഏതു ഭാഗത്തു നിന്നടിച്ചാലും ഗോളാണ്‌. ഇടവേളക്കു മുമ്പു തന്നെ അഞ്ചു ഗോളടിച്ച്‌ എയര്‍ക്ലബ്ബിന്റെ വമ്പന്മാരൊക്കെ ബൂട്ടഴിച്ചു. കാണികളും കുറെ പിരിഞ്ഞു. പന്തുരുളാന്‍ തുടങ്ങിയാല്‍ അതു നിലയ്ക്കും വരെ നിന്നിടത്തു നിന്നനങ്ങില്ലെന്നുള്ള ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം ബാക്കിയായി. ദാസന്‍ പറഞ്ഞു. കളി തുടങ്ങിയാല്‍ കഴിഞ്ഞേ പോകാവൂ. 

ഇടവേളക്ക്‌ കഞ്ഞിവെള്ളം പോലും കുടിക്കാത്ത കറുമ്പന്‍ ചെക്കന്‍ ഇറങ്ങി. ഊര്‍ന്നു പോകുന്ന ട്രൗസര്‍ വലിച്ചു കയറ്റണം. ബനിയന്‍ ഇടയ്ക്കിടെ വലിച്ചുയര്‍ത്തി മുഖം തുടയ്ക്കണം. പാകമല്ലാത്ത ആരുടെയോ വാങ്ങിക്കെട്ടിയ ബൂട്ട്‌ ഇടയ്ക്കിടെ ലേസ്‌ കെട്ടണം. കാണികള്‍ ചിരിച്ചു മറിയുന്നു. 

എയര്‍ ക്ലബ്ബ്‌ തലക്കനത്തിലാണ്‌ കളി. ഡ്രിബ്ല് ചെയ്ത്‌ ഗോളിയെയും കടന്ന്‌ ഗോളടിക്കാതെ മടങ്ങുന്നു. ബാക്‌ പാസ്‌ ചെയ്യുന്നു. പകരമിറങ്ങിയവര്‍ക്ക്‌ പന്തു നല്‍കി കളിപ്പിക്കുന്നു. ഒരു പരിശീലന മാച്ചിന്റെ ലാഘവം. 

ദാസന്‍ പറഞ്ഞു. ചെക്കന്‍മാര്‍ക്ക്‌ കയ്യടിക്കടാ. നാട്ടുകാര്‍ക്ക്‌ തലക്കനമിത്തിരി കൂടുതലാ. 

ഒറ്റക്കു തുടങ്ങിയ ദാസന്‌ കുറച്ചു കഴിഞ്ഞപ്പോഴേക്കും പത്തു പേരെക്കൂടി കൂട്ടു കിട്ടി. കറുമ്പന്‍ ചെക്കന്‌ അവര്‍ പ്രത്യേകം നല്‍കി കയ്യടി. ഒരു ബാക്പാസ്‌ ഗോളി സത്താറില്‍ നിന്നു റാഞ്ചി ചെക്കന്‍ ആദ്യഗോളടിച്ചതോടെ ഗ്രൗണ്ട്‌ മുഴുവന്‍ അവര്‍ക്കൊപ്പമായി. 

പിന്നീടുള്ള 20 മിനുട്ട്‌ കണ്ട ഫുട്ബോളാണ്‌ ഫുട്ബോള്‍. കറുമ്പന്‍ എലുമ്പന്‍ വമ്പന്മാരെയൊക്കെ മൂക്കു കൊണ്ട്‌ നിലത്തെഴുതിച്ചു. ഇടത്തു കൂടിയും വലത്തു കൂടിയും പാഞ്ഞു. 'സെന്റര്‍ ഔട്ട്' എന്നു കുട്ടികള്‍ തര്‍ക്കിക്കുന്ന, മധ്യവരക്കപ്പുറത്തു നിന്നുള്ള ഗോളുകള്‍ ഉതിര്‍ത്തു. ഓരോ അഞ്ചു മിനുട്ടിടവേളക്കും വന്നു ഓരോ ഗോള്‍. കളി തീരുമ്പോള്‍ സ്കോര്‍ 5-5. പരിഭ്രമിച്ച സംഘാടകര്‍ എക്സ്ട്രാ ടൈമും ഷൂട്ടൗട്ടും ഉപേക്ഷിച്ച്‌ അടുത്ത ഞായറാഴ്ച വീണ്ടും കളിക്കുമെന്ന്‌ പ്രഖ്യാപിച്ചു തടിതപ്പി. 

വിസില്‍ മുഴങ്ങിയപ്പോള്‍ ഷര്‍ട്ടൊക്കെ വലിച്ചൂരി, ആര്‍ത്തുവിളിച്ച്‌ ദാസന്‍ ഗ്രൗണ്ടിലേക്കു പാഞ്ഞു. പൂഴി വാരി മേലേക്കെറിഞ്ഞു. ചെരുപ്പൂരി തലക്കു മേലേ പൊക്കി ക്ലാപ്പടിച്ചു. കറുമ്പനെ എടുത്തുയര്‍ത്തി വട്ടം ചുറ്റി. ഗ്രൗണ്ടിനു പുറത്തുള്ള ഐസ്ക്രീംകാരന്റെ പെട്ടിയില്‍ നിന്ന്‌ രണ്ടു കയ്യിലും രണ്ടു നിറമുളള ഐസ്ക്രീമുകള്‍ വാങ്ങിത്തന്നു. രണ്ടു കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കു മടങ്ങുമ്പോള്‍ പെട്ടെന്നു പെയ്ത മഴ നനഞ്ഞു കൊണ്ടു തന്നെ നടന്നു. കളിയില്‍ വലിയവരും ചെറിയവരുമില്ലെടാ. കളി തീരും വരെ എന്തും നടക്കുമെടാ... മദ്യപിച്ച പോലെയും സ്വപ്നത്തിലെന്ന പോലെയും കളിയെക്കുറിച്ചുതന്നെ അവന്‍ പുലമ്പിക്കൊണ്ടിരുന്നു."

നിസംശയം, ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനി വളപ്പിൽ മണി വിജയനാണ്.

( എഴുത്തിന് കടപ്പാട് )


Share/Bookmark

No comments: