സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍:
ആറാമത്തെ വയസ്സിലാണ് അമ്മയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നത്. അതുവരെ കഥ പറഞ്ഞു തരികയും മുടി കെട്ടി ഒരുക്കി സ്കൂളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്ന അമ്മ ഇനി ഇല്ല എന്ന് ആദ്യം എനിക്ക് മനസ്സിലായിരുന്നില്ല. കൊല്ലത്ത് മൺറോതുരുത്തിലെ സ്കൂളിൽ നിന്ന് അടുത്ത വീട്ടിലെ ചേച്ചിയാണ് അന്ന് കൂട്ടിക്കൊണ്ടു വന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും കൂടെ തന്നെ ഇരിക്കണമെന്നും ആരൊക്കെയോ പറഞ്ഞു. കരച്ചിലിന്റെ നനവുള്ള ശബ്ദങ്ങൾ, കെട്ടുപോയ പൂക്കളുടെ മരണ ഗന്ധം... ശ്വാസം നിലച്ചതു പോലെ നിലത്ത് തളർന്നു കിടന്ന ആ ദിവസം എങ്ങനെ മറക്കാനാണ്?
പിന്നീട് അച്ഛൻ മുരളീധരനായിരുന്നു എനിക്കെല്ലാം. അച്ഛന്റെ ജീവിതം എനിക്കുവേണ്ടി മാത്രമായി. ഇടയ്ക്കാടുള്ള അച്ഛന്റെ വീടും കുണ്ടറയിലെ ബോർഡിങ് സ്കൂളുമായി പിന്നീടുള്ള ലോകം. എങ്കിലും ഇടയ്ക്കെല്ലാം അമ്മയുടെ ശൂന്യത വല്ലാതെ വിഷമിപ്പിക്കും.
ഞാൻ നന്നായി പഠിക്കണമെന്നും ഉയർന്ന വിജയങ്ങൾ നേടണമെന്നുമായിരുന്നു അച്ഛന്റെ ആഗ്രഹം. പത്താം ക്ലാസിൽ ഉയർന്ന റാങ്ക് നേടിക്കാണാൻ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹത്തിനൊത്ത് ജീവിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും അന്നൊന്നും അതൊന്നും സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. നല്ല പ്രതീക്ഷയോടെ എഴുതിയ മെഡിക്കൻ എൻട്രൻസിനും പരാജയമായിരുന്നു. അങ്ങനെയാണ് വെറ്ററിനറി ഡോക്ടറാകാനുള്ള എൻട്രൻസ് പരീക്ഷ പാസാകുന്നതും മണ്ണൂത്തി കോളജിൽ അഡ്മിഷൻ നേടുന്നതും. മൂന്നാം റാങ്കോടെ കോഴ്സ് പാസാകുമ്പോൾ ആദ്യമായി അച്ഛന്റെ ആഗ്രഹം സാധിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം എന്നെ വീർപ്പുമുട്ടിച്ചിരുന്നു.
അടൂര്‍ കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ മുരളീധരന്‍പിള്ളയുടെ മകളായ എസ്. അനു വെറ്ററിനറി ഡോക്ടറാണ്.
ആ കാലത്താണ് അച്ഛൻ ഇടയ്ക്കിടെ പറഞ്ഞിരുന്ന ഒരു കാര്യത്തെക്കുറിച്ച് സീരിയസായി ആലോചിക്കുന്നത്. പെൺകുട്ടികൾ അധികാരമുള്ള തൊഴിലിടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മാത്രമേ സമൂഹം അവരെ ശരിയായ വിധത്തിൽ പരിഗണിക്കുകയുള്ളൂ എന്ന്. ഇനി ഐ .എ.എസ് കോച്ചിങ്ങിനു പോകാനുള്ള കാശു കൂടി അച്ഛനോട് ചോദിക്കുന്നതെങ്ങനെ? അവിടെയും പരാജയമാണെങ്കിൽ എത്ര വലിയ നിരാശയായിരിക്കും അച്ഛനുണ്ടാവുക. ഒരായുസ്സു മുഴുവൻ മകൾക്കു വേണ്ടി ജീവിച്ച അച്ഛന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാത്ത മകളായി മാറില്ലേ ഞാൻ?. മൂന്നു മാസത്തോളം മണ്ണൂത്തിയിലെ കോളജിൽ റിസർച്ച് അസിസ്റ്റന്റായി ജോലി ചെയ്തു നേടിയ പണം കൊണ്ടാണ് ചെന്നൈയിലെ പരിശീലന സ്ഥാപനത്തിൽ ഫീസടച്ച് ഐ. എ.എസ് കോച്ചിങ്ങിനായി ചേരുന്നത്.
ചെന്നൈയിലെ ഒരു കോളജിൽ പിജിക്ക് അഡ്മിഷൻ കിട്ടിയെന്ന് അച്ഛനോട് കള്ളം പറഞ്ഞാണ് പരിശീലനത്തിനു ചേർന്നത്. റിസൾട്ട് വരുമ്പോൾ അച്ഛനൊരു സർപ്രൈസ് കൊടുക്കണമെന്നായിരുന്നു മനസ്സിൽ. ഫീസടച്ചു കഴിഞ്ഞപ്പോൾ തന്നെ നിത്യജീവിതത്തിനു പണമില്ലാതെയായി. അടുത്ത സുഹൃത്തുക്കളായ ഡോ. വിദ്യയും അമൽ മുരളിയുമായിരുന്നു ഈ കാലയളവിൽ താങ്ങായത്.
പുസ്തകം വാങ്ങാൻ കാശില്ലാതെ വിഷമിച്ചപ്പോൾ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് സ്വന്തം പുസ്തകങ്ങൾ പങ്കുവച്ചു. മത്സരപരീക്ഷയുടെ പരിശീലന ലോകത്ത് ഇത്തരം പങ്കുവയ്ക്കലുകൾ അപൂർവമാണ്. എട്ടു മാസത്തോളം ചെന്നൈയിൽ കോച്ചിങ്ങിനായി തങ്ങി. വലിയ പ്രതീക്ഷയോടെയാണ് 2015–ലെ ഐ. എ.എസ് പ്രിലിമിനറി പരീക്ഷ എഴുതുന്നത്. വൻ പരാജയമാണ് ആദ്യശ്രമം സമ്മാനിച്ചത്. തിരിച്ചു വീട്ടിലെത്തുമ്പോൾ എന്റെ മനസ്സ് ആകെ കെട്ടുപോയിരുന്നു. അച്ഛനെ കണ്ടതും കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു. കാര്യമറിയാതെ അച്ഛനന്നു പകച്ചു. ആ സമയത്താണ് ഹരിയാനയിലെ ബറോലിയിലെ വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൽ, ഓൾ ഇന്ത്യ എൻട്രൻസ് വഴി പി.ജി അഡ്മിഷൻ കിട്ടിയ വിവരമറിയുന്നത്.
ബറോലിയിലെത്തി ആദ്യ മാസങ്ങൾ വലിയ നിരാശയായിരുന്നു. അച്ഛന്റെ ആഗ്രഹത്തിനൊത്തുയരുക എന്ന വലിയ ലക്ഷ്യം തകർന്നു പോയതു പോലെ. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. ആദ്യത്തെ സെമസ്റ്റർ ബ്രേക്കിൽ നാട്ടിൽ വന്ന് മടങ്ങും വഴി ഒരിക്കൽക്കൂടി ചെന്നൈയിലെ പരിശീലന സ്ഥാപനത്തില്‍ പോയി. ഓപ്ഷനൽ സബ്ജക്ട്, വെറ്ററിനറി സയൻസിൽ നിന്നു സോഷ്യോളജി എന്ന് തീരുമാനിക്കുന്നത് അന്നാണ്.
ഇഗ്‌നോയുടെ ബി.എ. സോഷ്യോളജി ടെക്സ്റ്റുകൾ സംഘടിപ്പിച്ച് പഠനം തുടങ്ങി. എത്ര സമയം പഠനത്തിനു വേണ്ടി മാറ്റി വയ്ക്കണം എന്നൊന്നും അറിയില്ല. സ്വന്തം പഠനം എങ്ങനെ പ്ലാൻ ചെയ്യണമെന്ന് പറഞ്ഞു തരാൻ കഴിയുന്ന വഴികാട്ടിയില്ല. അച്ഛൻ കുട്ടിക്കാലം തൊട്ടേ പറഞ്ഞിരുന്ന ‘റിവിഷൻ’ ആദ്യമായി പരീക്ഷിച്ചു. പഠിച്ച പാഠങ്ങൾ വീണ്ടും പഠിച്ചുറപ്പിക്കുക. അതായിരുന്നു വാസ്തവത്തിൽ ഗുണം ചെയ്തത്.
ഇതിനിടയിൽ പിജി കോഴ്സിന്റെ അസൈൻമെന്റുകളും പേപ്പറുകളും. സിവിൽ സർവീസ് ഒരു പരീക്ഷണമാണ്. അതില്ലെങ്കിലും ജീവിക്കണമല്ലോ. കോളജിൽ നിന്നു മാസം തോറും ലഭിക്കുന്ന ചെറിയ ഫെലോഷിപ്പ് ആയിരുന്നു സഹായം. ഹോസ്റ്റൽ ചെലവും മറ്റും കഴിഞ്ഞാൽ ബാക്കിയുള്ള തുക കൂട്ടുകാരുടെ കടം വീട്ടാനേ തികയൂ. കൂട്ടുകാരൊക്കെ സിനിമയ്ക്കു പോകുമ്പോഴും ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴുമെല്ലാം വിട്ടുനിന്നു. സിവിൽ സർവീസ് പരീക്ഷയുടെ ഓൺലൈൻ ടെസ്റ്റ് സീരീസിൽ പങ്കെടുക്കാൻ ആറായിരം രൂപ സംഘടിപ്പിക്കാൻ പെട്ടപാട്. 2016–ലെ പ്രിലിമിനറി പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ വലിയൊരാശ്വാസമായിരുന്നു. ആദ്യ കടമ്പ ഇതാ കടന്നിരിക്കുന്നു.
മെയിൻ പരീക്ഷയിൽ 700 മാർക്കായിരുന്നു ലക്ഷ്യം വച്ചത്. റിസൾട്ടു വന്നപ്പോൾ 898 മാർക്ക്. ഇന്റർവ്യൂവിനു പങ്കെടുക്കാന്‍ ഡൽഹിയിലെത്തുമ്പോഴും അച്ഛനോട് ഒന്നും പറഞ്ഞിട്ടില്ല. ഇന്റർവ്യൂവിനു വരുന്ന ഓരോ മലയാളിയുടെയും കേരള ഹൗസിലെ താമസവും യാത്രാ ചെലവും കേരള സർക്കാരാണ് വഹിക്കാറ്. ഹോസ്റ്റൽ വിലാസമായിരുന്നതുകൊണ്ട് കേരള സർക്കാരിന്റെ കണക്കിൽ ഞാൻ പെട്ടതുമില്ല.ആ സഹായം ഒന്നുമില്ലാതെ ഞാൻ പരീക്ഷ എഴുതി.
ഒരു ദിവസം വീട്ടിലേക്കു പോരാനായി ബറോലിയിൽ നിന്ന് ഡൽഹിയിലെത്തുമ്പോൾ നല്ല പനി. വൈകുന്നേരം അച്ഛൻ വിളിച്ചപ്പോൾ പനിയുടെ കാര്യമെല്ലാം പറഞ്ഞു. ജൂൺ രണ്ടിനു പിറന്നാളാണ്. ആ ദിവസം തന്നെ പരീക്ഷാഫലം വരും. ഇത്തവണത്തെ പിറന്നാൾ തോൽവിയിലായിരിക്കല്ലേ എന്ന് പ്രാർഥിച്ചിരിക്കുമ്പോഴാണ് ചെന്നൈയിൽ നിന്ന് ഫോൺ വരുന്നത്. ലിസ്റ്റിൽ പേരുണ്ടെന്നും 42–ാം റാങ്കാണെന്നു പറഞ്ഞതും ഞാൻ വിശ്വസിക്കാൻ തയാറായില്ല.
പതിയെപ്പതിയെ മനസ്സ് ആ സത്യം അംഗീകരിച്ചു, എന്റെ സ്വപ്നം –എന്റെ അച്ഛന്റെ സ്വപ്നം... ഈ കൈപ്പിടിയിലുണ്ടെന്ന്. സന്തോഷം പങ്കുവയ്ക്കാനായി അച്ഛനെ വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച്ഓഫ്. കൂട്ടുകാരുടെ സഹായത്താൽ രാവിലത്തെ ഫ്ലൈറ്റിനു ടിക്കറ്റെടുക്കുമ്പോൾ അച്ഛനെ നേരിട്ടു കണ്ടു മാത്രമേ ഈ സന്തോഷം പറയൂ എന്നായിരുന്നു വാശി.
എയർപോർട്ടിലേക്കു പോകും വഴി അതാ വരുന്നു അച്ഛന്റെ വിളി. പനി വിവരം അന്വേഷിക്കാൻ. നാട്ടിലേക്കു ധൃതിപ്പെട്ടു വരുന്നതെന്തിനെന്നു ചോദിച്ചപ്പോൾ പറയാതിരിക്കാനായില്ല. ഫോണിന്റെ മറുതലയ്ക്കൽ ഒരു തേങ്ങലാണ് കേട്ടത്. പിന്നെ, കുറച്ചുനേരം ഒറ്റയ്ക്കിരിക്കണമെന്നു പറഞ്ഞ് ഫോൺകട്ട് ചെയ്തു.
വൈകുന്നേരം ഞാൻ വീട്ടിലെത്തിയപ്പോഴേക്കും മുറ്റത്ത് നിറഞ്ഞ ചിരിയോടെ അച്ഛൻ. കേരളത്തിൽ നാലാം റാങ്കുണ്ടായിരുന്നിട്ടും പത്രങ്ങളിലൊന്നും തന്നെ വിജയിയുടെ ലിസ്റ്റിൽ എന്റെ പേരില്ലായിരുന്നു.
പിജി പഠനത്തിനു ചേരുമ്പോൾ ജീവിതത്തെ സ്വാധീനിച്ച കാര്യത്തെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടിരുന്നു.
അന്നു ഞാൻ എഴുതിയത് ഉറുമ്പുകളെക്കുറിച്ചാണ്. വലുപ്പത്തിൽ തീരെ ചെറുതായിരുന്നിട്ടും അച്ചടക്കത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ലക്ഷ്യത്തിലേക്കു പോകുന്ന ഉറുമ്പുകൾ. 🐜🐜🐜
ഒരു ഉറുമ്പിന്റെ മനസ്സ് മാത്രം മതി, മറ്റൊന്നും വേണ്ട ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ ചെന്നു ചേരാൻ...ഇപ്പോൾ തമിഴ്നാട് കേഡറിലെ ഐ. എ. എസ് ഉദ്യോഗസ്ഥ ആണ് ഡോ: എസ്. അനു മുരളി.
No comments:
Post a Comment