പിണറായി ഇരുന്നിടം കുഴിക്കുന്നു - ഈ കളി അപകടകരമാണ്
Dr. അബ്ദുസ്സലാം അഹമ്മദ്
ബി.ജെ.പി യിൽ അമിത്ഷായുടെ അതേ റോളാണ് സി.പി.എമ്മിൽ പിണറായി വിജയൻ നിർവഹിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടിയുടെ തത്വങ്ങളും ഭാവിയും മറന്ന് അധികാര രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ.
ഒടുവിൽ പിണറായി ഇല്ലാത്ത ഒരു കാലം വരും. അന്ന് കേരള സി.പി.എം ജ്യോതിബാസു ഇല്ലാത്ത ബംഗാൾ സി.പി.എം പോലെയാവും. പിണറായി ഉണ്ടാക്കിയെടുത്ത സാമുദായിക ധ്രുവീകരണവും മുസ്‌ലിം വിരുദ്ധതയും ബി.ജെ.പി സമർത്ഥമായി ഉപയോഗിക്കും. സി.പി.എം ഉഴുതുമറിച്ച കേരള മണ്ണിൽ ബി.ജെ.പി വിളവെടുക്കും. സി.പി.എം വിതച്ചത് ബി.ജെ.പി കൊയ്യും. പശ്ചിമ ബംഗാളിൽ 2014 ലോകസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന സി.പി.എമ്മിന്റെ 27 ശതമാനം വോട്ട് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 7.5 ശതമാനമായി കുറഞ്ഞു. സി.പി.എമ്മിന്റെ 20 ശതമാനം വോട്ടുകളും കോൺഗ്രസിന്റെ 7 ശതമാനം വോട്ടുകളും തൃണമൂലിന്റെ 2 ശതമാനം വോട്ടുകളും ബി.ജെ.പി സ്വന്തമാക്കി. 42 ലോക്സഭാ സീറ്റിൽ 18 സീറ്റും ബി.ജെ.പി നേടിയതങ്ങനെയാണ്. അന്നും ഇന്നും ബംഗാളിൽ ബി.ജെ.പിയിലേക്ക് ഏറ്റവുമധികം വോട്ട് ചോരുന്നത് സി.പി.എമ്മിൽ നിന്ന്. സി.പി.എം ഉണ്ടാക്കുന്ന മുസ്‌ലിം വിരുദ്ധത കാരണം സി.പി.എമ്മുകാർക്ക് ബി.ജെ.പി ആകാൻ എളുപ്പം. ആ ദുരന്തത്തിലേക്ക് കേരളം എന്ന മതസൗഹാർദ്ദത്തിന്റെ സ്വർഗ ഭൂമിയെ തള്ളിയിട്ട മഹത്വമാണ് ഇന്നത്തെ സി.പി.എം നേതാക്കൾ ചരിത്രത്തിൽ നേടിയെടുക്കാൻ പോകുന്നത്... കേരളത്തിലെ ക്രിസ്ത്യാനികളെ വരുതിയിലാക്കുന്നതോടെ മുസ്‌ലിംകളെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് കണക്കുകൂട്ടി ബിജെപി കരുനീക്കുമ്പോൾ അതേ കാര്യം തന്നെയാണ് സി പി എമ്മും ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ മുസ്‌ലിംകൾ മാത്രം വെറുതെയിരിക്കില്ല. അങ്ങനെ, ഫലത്തിൽ രാജ്യത്ത് മറ്റിടങ്ങളിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കാൻ പോകുകയാണെന്നും അതിന്റെ നഷ്ടം ഒരു കൂട്ടർക്കോ ഒരു പാർട്ടിക്കോ ആയിരിക്കില്ല, എല്ലാവർക്കുമായിരിക്കും എന്ന് മലയാളികൾ ഇപ്പോൾ തിരിച്ചറിയുന്നില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരും.
No comments:
Post a Comment