scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Sep 14, 2020

പുതിയ കോഴ്സുകളെ സ്വാഗതം ചെയ്യുന്നു.!!!

 പുതിയ കോഴ്സുകളെ സ്വാഗതം ചെയ്യുന്നു.!!!

#നല്ല ഗൃഹപാഠം ചെയ്ത് വേണം നടപ്പിലാക്കാൻ#
ദേശീയതലത്തിൽ സർവകലാശാലകളെയും, സാങ്കേതി സ്ഥാപനങ്ങളെയും, ആർട്സ്& സയൻസ് കോളേജുകളെയും വിലയിരുത്തുന്ന NIRF റാങ്കിംഗ് പ്രസിദ്ധീകരിച്ചതിൽ പ്രതീക്ഷിച്ചപോലെ പോലെ ആദ്യത്തെ ഇരുപത് സർവ്വകലാശാലകളിലും,ആർട്ട്സ്& സയൻസ് കോളേജുകളിലും കേരളത്തിൽ നിന്നും ഒന്നും ഉൾപ്പെട്ടിട്ടില്ല.ആദ്യ പത്ത് എൻജിനീയറിംഗ് കോളേജുകളിലും, നമ്മുടെ സംസ്ഥാനത്തിൻ്റേതെന്ന് പറയാൻ ഒന്നുമില്ല. വിഭവ പരിമിതി യിൽ ഞെരുങ്ങി കഴിയുന്ന,മാറ്റങ്ങളെ ഉൾക്കൊള്ളാൻ മടിക്കുന്ന, സർവ്വോപരി ബ്യൂറോക്രസിയുടെ പിടിയിൽ അമർന്നു കഴിയുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതിലപ്പുറം പ്രകടനത്തിന് സാധ്യതയില്ല.

സംസ്ഥാനത്ത് കോളേജുകളിൽ ന്യൂജെൻ കോഴ്സുകൾ ആരംഭിക്കുന്നതിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി, ഓണേഴ്സ് ബിരുദവും, സംയോജിത പി.ജി പ്രോഗ്രാമുമുണ്ട്. അന്യസംസ്ഥാനങ്ങളിൽ പോയി പഠിക്കാനുള്ള കുട്ടികളുടെ പ്രയാസങ്ങൾ കണക്കിലെടുത്തു കൂടി വൈകിയാണെങ്കിലും എടുത്ത ഈ തീരുമാനങ്ങളിൽ ചില പരിഷ്കരണ സൂചനകളുണ്ട്, യഥാത്ഥ്യബോധത്തിൻ്റെ ലാഞ്ചനയുണ്ട്,പക്ഷെ ഇതൊക്കെ നടപ്പിലാക്കേണ്ട സർവ്വകലാശാലകളിലെത്തു മ്പോൾ എന്തു സംഭവിക്കുമെന്നത് ഊഹിക്കാൻ പ്രയാസമില്ല.

ഇപ്പോൾ തന്നെ വൈകിയിട്ടുണ്ട്, പ്രഖ്യാപനം കഴിഞ്ഞിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടുണ്ട്, സംസ്ഥാനത്തെ സർവ്വകലാശാലകൾ അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാറായി, പുതിയ കോഴ്സുകളുടെ, പാഠ്യപദ്ധതി, റഗുലേഷൻ, അദ്ധ്യാപകർ തുടങ്ങി നിരവധി വിഷയങ്ങൾ, വേണമെങ്കിൽ വലിച്ചു നീട്ടി ഈ വർഷാവസാനം വരെ നീട്ടിക്കൊണ്ടു പോകാം, ചേരുന്ന കുട്ടികൾക്ക് മനം മടുത്തു വിപരീതഭിപ്രായമുയരുകയും ചെയ്താൽ കോഴ്സുകൾ ആരംഭഘട്ടത്തിൽ തന്നെ താളം തെറ്റാനും സാധ്യതയുണ്ട്, നമ്മുടെ സംസ്ഥാനത്തെ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ ഇതൊക്കെ പ്രതീക്ഷിക്കാം, അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

അതോടൊപ്പം ബന്ധപ്പെട്ടവരൊക്കെ കാണേണ്ട ചില കാര്യങ്ങളുണ്ട്, പഠിച്ചെവിടെയെങ്കിലും എത്താൻ ആഗ്രഹിക്കുന്ന കുട്ടികളൊക്കെയും കേരളം വിട്ട് ഡൽഹി മുതൽ കർണാടക,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നത് വർദ്ധിച്ചു.വിദേശത്തേക്കും പോക്ക് കൂടി വരുന്നു.നല്ല കോളേജുകളും, സർവ്വകലാശാലകളും തേടിയുള്ള യാത്രയാണത്. കാരണം ലളിതം തൊഴിൽ മേഖലയിൽ മുന്നേറാൻ ആവശ്യമായ വൈദ്യഗ്ദ്യങ്ങളോ, സാമൂഹിക ജീവിതത്തിന്നു തന്നെയും ആവശ്യമായ ശേഷികളോ,ശാസ്ത്ര ഗവേഷണ മേഖലകൾക്ക് അനിവാര്യമായ വിപുലമായ വിഷയപരിജ്ഞാനമോ ആർജിക്കാൻ തക്ക രീതിയിലല്ല നമ്മുടെ സ്ഥാപനങ്ങളുടെ പ്രവർത്തനരീതി.

നോബൽ പുരസ്കാര ജേതാവ് സർവ്വശ്രീ.അഭിജിത് ബാനർജി കൽക്കട്ട സർവ്വകലാശാലയാണ് തന്നിലെ "സാമ്പത്തിക ശാസ്ത്രകാരനെ വളർത്തിയ" തെന്ന് പറയുകയുണ്ടായി. വെറും കണക്കെഴുത്തു പിള്ളമാരെ സൃഷ്ടിക്കുന്ന കൊമേഴ്സ് ബിരുദവും, ഗുമസ്ഥരെ ഉൽപാദിപ്പിക്കുന്ന സയൻസ് ബിരുദവും, ബാങ്ക് ക്ലാർക്കുമാർക്കു വേണ്ടിയുള്ള ബി.ടെക്ക് ബിരുദവുമൊക്കെയാണ് നമുക്കുള്ളത്.

സംഗതി വ്യക്തമല്ലേ? നമ്മുടെ നാട്ടിലെ ബിരുദക്കാരുടെ തൊഴിൽ ക്ഷമത(Fit rate) 10 to12 % മാത്രം. തൊഴിൽ മേഖലകൾക്കാവശ്യമായ വൈദഗ്ദ്യങ്ങളോ, ആശയ വിനിമയശേഷി, ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള പ്രാപ്തി, നേതൃത്വ ശേഷി തുടങ്ങിയ കഴിവുകൾ (Soft skills) പoനത്തോടൊപ്പം ആർജിക്കുന്ന തരത്തിൽ പാഠ്യപദ്ധതിയും, പoന രീതികളും കാമ്പസുകളും, സർവ്വോപരി മാറേണ്ടതുണ്ട്. നിരന്തരമായ പര്യാലോചനകളും പരിഷ്കാരങ്ങളും ആവശ്യമായ ഉന്നതവിദ്യാഭ്യാസരംഗം നടപടിക്രമങ്ങളുടെ നീരാളിപ്പിടുത്തത്തിൽ ഞെരിഞ്ഞമരുകയാണ് ഒപ്പം ഫണ്ടിൻ്റെ കുറവും.
ഒച്ചിൻ്റെ വേഗതയിൽ നാം മുന്നോട്ടു പോകുമ്പോഴേക്കും ലോകം വളരെ മുന്നോട്ടു പോയിട്ടുണ്ടാവും. പാഠ്യപദ്ധതി കാലാനുസൃതമാക്കുകയും, വിദ്യാർത്ഥി കേന്ദ്രീകൃതമായ പoന രീതികൾ ആവിഷ്കരിച്ചും, ഏതു സാധാരണ വിദ്യാർത്ഥിയെയും, അവൻ്റെ കഴിവുകൾ പുറത്തെടുക്കാനും ശ്രേയസ്കരമായ സാമൂഹ്യ ജീവിതത്തിനും, അനുയോജ്യമായ തൊഴിലിനും പ്രാപ്തമാക്കുകയും ചെയ്യുന്ന തരത്തിൽ സ്ഥാപനങ്ങളെ പരിവർത്തിപ്പിക്കാൻ സർക്കാറിനും, സർവ്വകലാശാലകൾക്കും സാധിക്കുമ്പോൾ മാത്രമെ ദൗത്യം പൂർത്തിയാവൂ.
പ്രൊഫ.കെ.എ.നാസർ, കുനിയിൽ

Share/Bookmark

No comments: