സി ദാവൂദ്
വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ നാടായ പരപ്പനങ്ങാടിയില്‍ ഈ ഏപ്രില്‍ രണ്ടിന് റെയില്‍വേ സ്റേഷനില്‍ അതിരാവിലെ കണ്ട കാഴ്ച ഇങ്ങനെ: തെക്കുനിന്നു രാവിലെ അവിടെയെത്തുന്ന ഓരോ ട്രെയിനും നിര്‍ത്തുമ്പോള്‍, ഉണങ്ങിയ ഉന്നക്കായ പൊട്ടിത്തെറിച്ചാലെന്നപോലെ, ഓരോ ബോഗിയില്‍നിന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന വിദ്യാര്‍ഥികളുടെ സംഘം പ്ളാറ്റ്ഫോമിലേക്ക് തെറിച്ചുനിറയുന്നു. തലേദിവസം എറണാകുളത്തു നടന്ന അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞുവരുന്നവരാണ് അവര്‍. കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലെല്ലാം ഈ കാഴ്ചതന്നെയായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതുന്ന ജില്ലയാണു മലപ്പുറം. കോഴിക്കോട് ഏതാണ്ട് മൂന്നാംസ്ഥാനത്തു വരും.
എന്നാല്‍, അഖിലേന്ത്യാ എന്‍ട്രന്‍സിന് തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമേ പരീക്ഷാകേന്ദ്രങ്ങളുള്ളൂ. കാസര്‍കോഡ് മുതല്‍ പാലക്കാട് വരെ, മലബാറിലെ മുഴുവന്‍ കുട്ടികളും കൊച്ചിയിലേക്കു മരണയാത്ര നടത്തിവേണം പരീക്ഷ എഴുതിവരാന്‍. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് സമ്പൂര്‍ണമായും കേന്ദ്രത്തിലേതു പാതിയും ലീഗിന്റെ കൈയിലിരിക്കെയാണ് മലബാറിലെ വിദ്യാര്‍ഥികള്‍ ഇങ്ങനെ ദുരിതപ്പരീക്ഷ എഴുതേണ്ടിവരുന്നത്. ലളിതമായ ഒരു ഉത്തരവ് വഴി പരിഹരിക്കാവുന്നതു മാത്രമാണീ പ്രശ്നം. പക്ഷേ, ലീഗ് അതു ചെയ്യില്ല. അതിനു പല കാരണങ്ങളുണ്ട്. ഒന്നാമതായി, അതിനുള്ള ഇച്ഛാശക്തി അവര്‍ക്കില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസ വകുപ്പ് കൈവശം വച്ചിട്ടും മലപ്പുറവും മലബാറും വിദ്യാഭ്യാസകാര്യത്തില്‍ ഇപ്പോഴും ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് ഈ ഇച്ഛാശക്തിയില്ലായ്മകൊണ്ടു തന്നെയാണ്. രണ്ടാമതായി, കോഴിക്കോട്ട് അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉന്നയിക്കുന്ന വിദ്യാര്‍ഥിസംഘടന, ലീഗിന്റെ കാഴ്ചപ്പാടില്‍ മതരാഷ്ട്രവാദികളും തീവ്രവാദികളുമാണ്. അവര്‍ ഉന്നയിച്ച ഒരാവശ്യത്തില്‍ അനുഭാവപൂര്‍വം പ്രതികരിച്ച് കോഴിക്കോട്ട് പരീക്ഷാകേന്ദ്രം തുടങ്ങിയാല്‍ ലീഗ്, 'തീവ്രവാദികള്‍ക്കു വഴങ്ങി' എന്നുപറഞ്ഞ് 'ദേശീയമാധ്യമ'ങ്ങള്‍ ഒന്നാംനാള്‍ വാര്‍ത്തകള്‍ വീശും. രണ്ടാംനാള്‍ തീവ്രവാദികള്‍ക്കു വഴങ്ങുന്നതിനെതിരേ തീവ്രവാദവിരുദ്ധ സേനയുടെ മേജര്‍ ജനറലായ ലീഗിലെ യുവനേതാവും മലബാറിലെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ കോപ്പിയടിക്കാന്‍ സൌകര്യമൊരുക്കുന്നതിനെതിരേ വി എസും പ്രസ്താവനയിറക്കും (രണ്ടുപേരും യഥാര്‍ഥത്തില്‍ ഒരേ വിചാരധാര പങ്കുവയ്ക്കുന്നവരാണ്). മുസ്ലിംകളുടെ ആഘോഷദിവസങ്ങളായ രണ്ടു പെരുന്നാളുകള്‍ക്കും തലേന്നാള്‍ പ്രഖ്യാപിക്കുന്ന 'മിന്നല്‍ അവധി' സമ്പ്രദായം അവസാനിപ്പിച്ച് മൂന്നുദിവസം മാന്യമായ അവധി നല്‍കണമെന്നു കഴിഞ്ഞവര്‍ഷം എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കുകയുണ്ടായി. ഇതുവരെയും അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. നിസ്സാരവും ലളിതവുമായ കാര്യങ്ങളില്‍ വരെ തീരുമാനമെടുത്തു നടപ്പാക്കാനുള്ള ആര്‍ജവം ലീഗ് കാണിക്കാറില്ലെന്നാണു പറഞ്ഞുവരുന്നത്. അങ്ങനെയിരിക്കെ ഇനിയൊരു അഞ്ചാംമന്ത്രി കൂടി ആയിട്ടെന്തു കാര്യം എന്ന് ആളുകള്‍ ചോദിക്കുന്നുവെങ്കില്‍ അതു സ്വാഭാവികം മാത്രം.
മുസ്ലിംലീഗിന് അഞ്ചല്ല, അതില്‍ കൂടുതലും മന്ത്രിസ്ഥാനങ്ങള്‍ക്ക് അര്‍ഹതയുണ്െടന്ന കാര്യത്തില്‍ പ്രാഥമിക രാഷ്ട്രീയമറിയുന്നവര്‍ക്ക് രണ്ടഭിപ്രായമുണ്ടാവില്ല. എന്നാല്‍, പാണക്കാട് ഹൈദരലി തങ്ങള്‍ തിരുവനന്തപുരത്തേക്കും കോട്ടയത്തേക്കും വണ്ടി കയറിപ്പോയി കെഞ്ചിയിട്ടും അഞ്ചാംമന്ത്രി മാത്രം വന്നില്ല. വേണ്ടസമയത്തു വേണ്ടതുപോലെ വിലപേശാത്തതാണ് കാര്യങ്ങള്‍ ഇത്രയും സങ്കീര്‍ണമാവാന്‍ കാരണം. അങ്ങനെ വിലപേശേണ്ടതില്ലെന്നു തീരുമാനിച്ചത് ലീഗിന്റെ മുന്‍നിരനേതൃത്വം തന്നെയാണ്. പണവും പത്രാസുമുള്ള ഒരാള്‍ മന്ത്രികൂടിയായാല്‍ പാര്‍ട്ടിയിലെ തന്റെ അപ്രമാദിത്വത്തിന് പരിക്കേല്‍ക്കുമെന്നു ഭയന്ന നേതാവുതന്നെയാണ് അലി വെറുമൊരു കാത്തിരിപ്പുമന്ത്രിയാവുന്നതിനു പിന്നില്‍ കളിച്ച ഒന്നാമത്തെയാള്‍.
എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയിക്കഴിഞ്ഞിരിക്കുന്നു. ഒരുപിടി നേതാക്കന്‍മാരില്‍നിന്നു വിഷയം പാര്‍ട്ടി അണികള്‍ ഏറ്റെടുത്തിരിക്കുന്നു. അവരുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ അഞ്ചാം മന്ത്രിസ്ഥാനം ലഭിക്കുകയല്ലാതെ വഴിയില്ലെന്ന അവസ്ഥയില്‍ ലീഗ് എത്തി. അപ്പോള്‍ അതിനെ മറികടക്കാനാണ് 'സമുദായ സന്തുലനം' എന്ന പേരില്‍ പുതിയൊരു സിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. സി.പി.എമ്മും കോണ്‍ഗ്രസ്സും രണ്ടു കൂട്ടരെയും യഥാര്‍ഥത്തില്‍ ഭരിക്കുന്ന പെരുന്നയിലെ പരമോന്നത സഭയും ഈ സിദ്ധാന്തം പറഞ്ഞാണ് ലീഗിന്റെ മന്ത്രിസ്ഥാനത്തെ എതിര്‍ക്കുന്നത്. കേരള ജനസംഖ്യയില്‍ 11-12 ശതമാനം മാത്രം വരുന്ന നായര്‍സമുദായത്തിന് നാലു മന്ത്രിമാരും സ്പീക്കറുമടക്കം അഞ്ചു പദവികളുണ്ട് (കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം പുറമെ). 20 ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ക്ക് മുഖ്യമന്ത്രിയടക്കം (ടി എം ജേക്കബ് ജീവിച്ചിരിക്കെ) ആറു മന്ത്രിപദവികള്‍; കൂടാതെ കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പും (മൊത്തം ഏഴു പദവികള്‍. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം പുറമെ). 28 ശതമാനം വരുന്ന മുസ്ലിംകള്‍ക്ക് അഞ്ചു മന്ത്രിസ്ഥാനങ്ങള്‍ മാത്രം. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഈ അവസ്ഥയില്‍ ഒരു വര്‍ഷമായി യു.ഡി.എഫ് കേരളം ഭരിക്കുന്നു. പക്ഷേ, ഇതിനിടയില്‍ മഹത്തായ സാമുദായിക സന്തുലനത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ല. പക്ഷേ, ലീഗിന് ഒരു മന്ത്രി കൂടി വരുമ്പോഴേക്ക് സന്തുലനഭിത്തി പൊടുന്നനെ പൊളിഞ്ഞുവീഴുമെന്നാണ് എല്ലാവരും കോറസായി പാടുന്നത്.
പാണക്കാട് തങ്ങളും ലീഗും അപമാനിക്കപ്പെടുന്ന ഈയവസ്ഥ ഒരര്‍ഥത്തില്‍ ലീഗിന് അര്‍ഹതപ്പെട്ടതുതന്നെയാണ്. ഭരണ, ഉദ്യോഗ, പോലിസ്തലങ്ങളില്‍ പ്രകടവും ഭീകരവുമായ മുസ്ലിംവിവേചനം നിലനില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ ലീഗ് ഒരിക്കലും കൂട്ടാക്കിയിരുന്നില്ല.
എന്നല്ല, അങ്ങനെയുണ്െടന്നു പറയുന്നവരെ തീവ്രവാദികളെന്നു പറഞ്ഞ് വേട്ടയാടാന്‍ അവര്‍ ആരേക്കാളും മുന്നിലായിരുന്നു. പഴയ അടിമ-ഉടമ ബന്ധത്തിന്റെ ഓര്‍മയില്‍ മുസ്ലിംകളെ കാണുന്ന സവര്‍ണ മേല്‍ക്കോയ്മാവാദമാണു നമ്മുടെ നാട്ടില്‍ മതേതരത്വം എന്ന പേരില്‍ അറിയപ്പെടുന്നത്. ആ അവസ്ഥയില്‍ തികഞ്ഞ അടിമത്തമനസ്സോടെ ഉടമയുടെ കാല്‍ വന്ദിച്ച് സ്വസ്ഥത കൊള്ളുകയെന്നതാണ് ലീഗിന്റെ അടിസ്ഥാനരാഷ്ട്രീയം. അങ്ങനെ കാല്‍വന്ദിക്കുമ്പോള്‍ മേലാളര്‍ പതിച്ചുകൊടുക്കുന്ന 'മിതവാദ'ലേബലില്‍ ഉള്‍പ്പുളകം കൊള്ളുകയെന്നതാണ് അതിന്റെ ഏറ്റവും വലിയ സാംസ്കാരികപ്രവര്‍ത്തനം.
മുസ്ലിംവിരുദ്ധത എന്ന ഈ പ്രത്യയശാസ്ത്രത്തെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ ലീഗിന് ഒരിക്കലും സാധിച്ചില്ല. പ്രമാദമായ ഇ-മെയില്‍ കേസും അതുതന്നെയാണ് ആവര്‍ത്തിച്ചുതെളിയിക്കുന്നത്. പത്തിരുനൂറ് മുസ്ലിംകളെ ഒറ്റയടിക്കു സിമി മുദ്രകുത്തി വേട്ടയാടാനുള്ള പദ്ധതിയാണ് ഇ-മെയില്‍ വിവാദത്തിലൂടെ വെളിച്ചത്തുവന്നത്. സിമിയെന്നു മുദ്രകുത്തിയത് തെറ്റായിപ്പോയെന്നു സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. എന്നിട്ടും ആ തെറ്റു ചെയ്ത ആള്‍ക്കെതിരേ യാതൊരു നടപടിയുമില്ല. പോലിസ് രേഖ പുറത്തെത്തിച്ചുവെന്ന ആരോപണമുന്നയിച്ച് വിവിധ മേഖലകളിലെ മുസ്ലിംകളെ വേട്ടയാടാനുള്ള പദ്ധതികള്‍ അണിയറയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. രസകരമായ കാര്യം, ഈ വേട്ടയില്‍ മുമ്പേനിന്നു കുതിക്കുന്നത് സാക്ഷാല്‍ ലീഗും അതിന്റെ മുന്‍നിരമന്ത്രിയുമാണ് എന്നതാണ്. സാക്ഷാല്‍ പ്രവീണ്‍ തൊഗാഡിയയുടെ പ്രസ്താവനകളെപ്പോലും കടത്തിവെട്ടുന്ന തരത്തിലാണ് ലീഗ് പത്രം ഇതുസംബന്ധമായ വാര്‍ത്തകള്‍ കൊടുക്കുന്നത്.
ഈ അടിമ, കീഴാള, അധമബോധത്തെ മഹത്തായ മിതവാദമായി വ്യാഖ്യാനിച്ചാണ് ലീഗ് ഇക്കാലമത്രയും നല്ലപിള്ള ചമഞ്ഞു കഴിഞ്ഞുകൂടിയത്. മേലാളന്റെ ഉച്ഛിഷ്ടം തിന്നലാണ് മഹത്തായ കാര്യമെന്ന് അവര്‍ വിചാരിച്ചുപോയി. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നവരെ അവര്‍ തീവ്രവാദികളാക്കി. അടിയന്തരാവസ്ഥ, ബാബരി മസ്ജിദ്, സിറാജുന്നീസ, മഅ്ദനി, ഇ-മെയില്‍ എന്നു തുടങ്ങി നിര്‍ണായകമായ എല്ലാ സന്ദര്‍ഭത്തിലും അന്തസ്സില്ലാത്ത ഈ അധമബോധമാണു ലീഗ് ഉയര്‍ത്തിപ്പിടിച്ചുപോന്നത്. അവസാനം അതേ മേല്‍ക്കോയ്മാവാദികളില്‍നിന്നുതന്നെ ലീഗ് കനത്ത പ്രഹരം ഏറ്റുവാങ്ങുകയാണ്. ഭാഷാ അധ്യാപകരെ ഹെഡ്മാസ്റര്‍മാരാക്കുമെന്ന പാണക്കാട് തങ്ങളുടെ പരസ്യപ്രസ്താവനയും അതിനനുസരിച്ചുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവും മുഖ്യമന്ത്രി തടഞ്ഞുവച്ചത് ഇതേ സമയത്തുതന്നെയാണെന്ന് ഓര്‍ക്കുക. ചരിത്രത്തിലെ ഏറ്റവും വലിയ നിയമസഭാ പ്രാതിനിധ്യമുണ്ടായിരിക്കെയാണ് ഈ അപമാനങ്ങള്‍ ലീഗിനെ തേടിവരുന്നത്. സമുദായത്തിന്റെ ആത്മാഭിമാനം പണയംവച്ചാണ് ലീഗ് ഇക്കാലമത്രയും അധികാരത്തിന്റെ ചക്കരപ്പായസം നുകര്‍ന്നത്. അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ചു മാരത്തണ്‍ ചര്‍ച്ചകള്‍ ഇനിയും നടക്കും; തിരുവനന്തപുരം-ഡല്‍ഹി ഷട്ടില്‍ സര്‍വീസ് ഇനിയുമേറെ നടക്കും. ആത്മാഭിമാനമില്ലാതെ ഇപ്പം കിട്ടും, ഇപ്പം കിട്ടും എന്ന് ലീഗ് നേതൃത്വം പറഞ്ഞുകൊണ്േടയിരിക്കും. ഏറ്റവും ശക്തിയുള്ള സന്ദര്‍ഭത്തില്‍ ഏറ്റവും ദുര്‍ബലമായ നിലയില്‍ ലീഗ് ആയത് വലിയൊരു കാവ്യനീതി തന്നെയാണ്.
പിന്‍കുറി: കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടികേന്ദ്രത്തില്‍ വച്ച് വിചാരണയ്ക്കു വിധേയനായി കൊല്ലപ്പെട്ട സംഭവം വലിയ കാംപയിനായി ലീഗ് ഏറ്റെടുത്തിട്ടുണ്ട്. നല്ലകാര്യം തന്നെ. പക്ഷേ, ഈ ചെറുപ്പക്കാരന്‍ ഒന്നരമണിക്കൂര്‍ സി.പി.എം തടവില്‍ കഴിഞ്ഞിട്ടും അവനെ രക്ഷിക്കാന്‍ അങ്ങോട്ടു പോയിനോക്കാന്‍ പോലും ഈ മഹത്തായ പാര്‍ട്ടിയുടെ ഒരു നേതാവുമുണ്ടായില്ല എന്നത് ജനകീയവിചാരണയ്ക്കു വിധേയമാവേണ്േട? ഭരണത്തിന്റെ പിന്‍ബലം, തീവ്രവാദത്തിനെതിരേ പടനയിച്ചതിന്റെ തടിമിടുക്ക്, സ്ഥലം എം.എല്‍.എ എന്നീ അനുകൂലസാഹചര്യങ്ങള്‍ എല്ലാമുണ്ടായിട്ടും സഹായത്തിനുവേണ്ടി കേണ സ്വന്തം അനുയായിയെ രക്ഷിക്കാന്‍ കഴിയാത്തവര്‍ നേതാവെന്നു പറഞ്ഞ് ബിരിയാണി തിന്നുകൊണ്േടയിരിക്കുന്നതിന്റെ അര്‍ഥമെന്താണ്?
courtesy - തേജസ്
No comments:
Post a Comment