scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 3, 2012

ബഹുസ്വരത: തത്ത്വവും പ്രയോഗവും


വി എ മുഹമ്മദ് അശ്റഫ്
 ലോകജനതയുടെ മൂന്നിലൊന്ന് മുസ്ളിംകളും അമുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അധിവസിക്കുന്ന അവസ്ഥയില്‍ 'ബഹുസ്വരത'യെക്കുറിച്ച ശരിയായ അവബോധം തന്നെ വളര്‍ത്തിയെടുക്കപ്പെടേണ്ടതുണ്ട്. വിവിധ മതാനുയായികള്‍ ഒത്തൊരുമയോടെ കഴിയാനുതകും വിധം, മത-സാംസ്കാരിക ബഹുത്വത്തെക്കുറിച്ച ദിവ്യതത്വങ്ങള്‍ മുസ്ളിം കലാലയങ്ങളില്‍ പഠിപ്പിക്കേണ്ടത് അത്യന്തം ഗൌരവതരമായ കാര്യമാണ്
ബഹുസ്വരത പുതിയ ഒരു ആശയമോ ധര്‍മമോ ആയി ഇസ്ളാം സ്വയം പരിചയപ്പെടുത്തുന്നില്ല. മനുഷ്യാരംഭം മുതല്‍ ദൈവത്തില്‍ നിന്ന് കാലാകാലങ്ങളായി ലഭ്യമായ മാര്‍ഗദര്‍ശനമായി ഇസ്ളാം സ്വയം നിര്‍വചിക്കുന്നു: "നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം  വഴി ഇപ്പോള്‍ താങ്കളിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ധര്‍മത്തെ തന്നെ താങ്കള്‍ക്ക് നല്കിയിരിക്കുന്നു.'' (വി.ഖു. 42:13)


വി എ മുഹമ്മദ് അശ്റഫ്

ബഹുസ്വരത പുതിയ ഒരു ആശയമോ ധര്‍മമോ ആയി ഇസ്ളാം സ്വയം പരിചയപ്പെടുത്തുന്നില്ല. മനുഷ്യാരംഭം മുതല്‍ ദൈവത്തില്‍ നിന്ന് കാലാകാലങ്ങളായി ലഭ്യമായ മാര്‍ഗദര്‍ശനമായി ഇസ്ളാം സ്വയം നിര്‍വചിക്കുന്നു: "നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം  വഴി ഇപ്പോള്‍ താങ്കളിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ധര്‍മത്തെ തന്നെ താങ്കള്‍ക്ക് നല്കിയിരിക്കുന്നു.'' (വി.ഖു. 42:13)

വിവിധ ദേശങ്ങളും ജനതകളും തമ്മില്‍ നിലനില്ക്കുന്ന വൈവിധ്യങ്ങള്‍ ദൈവനിശ്ചിതമാണെന്നാണ് ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നത്. "താങ്കളുടെ രക്ഷിതാവ് ഇച്ഛിച്ചിരുന്നുവെങ്കില്‍ , അഖില മാനവരെയും ഒരൊറ്റ സമുദായമാക്കാന്‍ കഴിയുമായിരുന്നു.'' (വി.ഖു.11:118). "ആകാശഭൂമികളുടെ നിര്‍മാണവും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു.'' (വി.ഖു.30:22). "മനുഷ്യരേ, ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; നിങ്ങള്‍ പരസ്പരം പരിചയപ്പെടേണ്ടതിന് .'' (വി.ഖു. 49:13).

വിഭവങ്ങളിലും അധികാരത്തിലും ജ്ഞാനത്തിലും ജീവിതവൃത്തിലുമുള്ള ഏറ്റക്കുറച്ചിലുകളും ദൈവനിശ്ചിതമാണ്. (വി.ഖു. 16:71, 2:247, 58:11, 3:140, 13:26). മനുഷ്യവാസമുള്ള എല്ലാ ഭൂപ്രദേശത്തും സമുദായങ്ങളിലും പ്രവാചകന്മാരെ നിയോഗിച്ചുകൊണ്ട് ദൈവം മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമരുളുകയുണ്ടായി (വി.ഖു. 35:24). അവരില്‍ ചിലര്‍ക്ക് വേദഗ്രന്ഥങ്ങള്‍ നല്കപ്പെട്ടു (42:15, 3:84, 4:26, 4:162, 2:4, 2:285). എല്ലാ പ്രവാചകന്മാരും എല്ലാ വേദഗ്രന്ഥങ്ങളും ഒരൊറ്റ സന്ദേശമായിരുന്നു അടിസ്ഥാനപരമായി ഉയര്‍ത്തിപ്പിടിച്ചത്. അഥവാ, സനാതനമായ ധര്‍മം ഒന്നുതന്നെയായിരുന്നു. എന്നാല്‍ ആരാധനാരീതികളിലും ശരീഅത്തിലും വ്യത്യാസം സ്വാഭാവികമായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: "നിങ്ങളില്‍ എല്ലാവര്‍ക്കും ഓരോ ശരീഅത്തും കര്‍മമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്.'' (വി.ഖു. 5:48)

അടിസ്ഥാനപരമായ സന്ദേശം ഒന്നുതന്നെയായതുകൊണ്ട് പൊതുവായ ധാരയിലേക്ക് ത്വരിതഗമനം ചെയ്യലാണ് എല്ലാ ധര്‍മ മാര്‍ഗങ്ങളും കരണീയമായി സ്വീകരിക്കേണ്ടത്. "വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്ക് വരുവിന്‍. അതായത്, ദൈവം അല്ലാത്ത ആര്‍ക്കും നാം ഇബാദത്ത് ചെയ്യാതിരിക്കുക, ആരെയും അവന്റെ പങ്കാളികളാക്കാതിരിക്കുക; നാം ചിലര്‍ ചിലരെ ദൈവത്തെക്കൂടാതെയുള്ള രക്ഷിതാക്കളായി വരിക്കാതിരിക്കുക.'' (വി.ഖു.3:64)

ബഹുസ്വരത: അടിസ്ഥാനതത്വങ്ങള്‍
മനുഷ്യരൊക്കെ ഒരൊറ്റ ഇണകളില്‍ (ജോടി) നിന്നാണ് ഉരുവം കൊണ്ടിരിക്കുന്നത് (വി.ഖു.4:1). മനുഷ്യര്‍ ഒരൊറ്റ വംശീയ വിഭാഗമാണ്: "നിങ്ങളുടെ ഈ സമുദായം യഥാര്‍ഥത്തില്‍ ഒരൊറ്റ സമുദായമാകുന്നു; ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ എനിക്ക് ഇബാദത്ത് ചെയ്യുവിന്‍''(21:92). പ്രപഞ്ചം മുഴുക്കെ ദൈവത്തിന്റെ അധികാരമണ്ഡലത്തിന്‍ കീഴിലാണ്: 'വാന-ഭൂവനങ്ങളിലുള്ളതൊക്കെയുംബോധപൂര്‍വമായും അല്ലാതെയും അവന്റെ മാത്രം ആജ്ഞാനുവര്‍ത്തി(മുസ്ലിം)കളാകുന്നു'' (3:84). മനുഷ്യസ്വാതന്ത്യ്രം ഇച്ഛാസ്വാതന്ത്യ്രത്തിന്റെ തലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിശ്വാസിയും അവിശ്വാസിയും വേര്‍തിരിയുന്നത് (15:29,32, 7:9, 38:72). സാമുദായിക മതമായി നിലനില്ക്കുക എന്നതല്ല ഇസ്ളാമിക സമൂഹത്തിന്റെ ബാധ്യത (3:104). മറിച്ച്, മതങ്ങളെ ഏകോപിപ്പിക്കുന്ന ശക്തിയായി വര്‍ത്തിക്കുക എന്നതാണ്. അതുകൊണ്ട് തന്നെയാണ് ഇതര വേദവിശ്വാസികളിലെ നന്മകളെ തുറന്നംഗീകരിക്കാന്‍ ഖുര്‍ആന്‍ ഉദ്യുക്തമാകുന്നത്. "വേദവിശ്വാസികളെല്ലാവരും ഒരുപോലെയല്ല. സന്മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു വിഭാഗവും അവരിലുണ്ട്. അവര്‍ നിശാവേളകളില്‍ ദൈവത്തിന്റെ സൂക്തങ്ങള്‍ പാരായണം ചെയ്യുകയും അവന്റെ മുമ്പില്‍ പ്രണമിക്കുകയും ചെയ്യുന്നു. ദൈവത്തിലും അന്ത്യനാളിലും വിശ്വസിക്കുന്നു. ധര്‍മമനുശാസിക്കുന്നു. അധര്‍മം നിരോധിക്കുന്നു. സുകൃതങ്ങളില്‍ ഉല്‍സുകരാവുകയും ചെയ്യുന്നു. അവര്‍ സജ്ജനങ്ങളുമാകുന്നു. അവര്‍ ചെയ്യുന്ന ഒരു നന്മയും വിലമതിക്കപ്പെടാതിരിക്കുകയില്ല.'' (3:113-114)

നന്മയില്‍ പരസ്പരം മത്സരിച്ചുകൊണ്ട് സമാധാനപരമായി സഹവര്‍ത്തിക്കുന്ന വിവിധ മതാനുയായികളുടെ കൂട്ടത്തെയാണ് ഉദാത്തമായി ഖുര്‍ആന്‍ എടുത്തുകാട്ടുന്നത് (29:46, 60:8, 22:67-69). അതുകൊണ്ട് തന്നെയാണ് വേദവാഹകരോട് പ്രത്യേക മമത തന്നെ പ്രകടിപ്പിക്കാന്‍ ഇസ്ലാം ആവശ്യപ്പെടുന്നത് (5:5). പൊതുവെ ജൂത-ക്രൈസ്തവ മതക്കാരെയാണ് വേദവാഹകരായി വിലയിരുത്താറുള്ളത്. എന്നാല്‍ സൊറോസ്ട്രിയരും ഇന്ത്യയിലെ ഹൈന്ദവ-ബൌദ്ധ മതസ്ഥരും ഇതിലുള്‍പ്പെടുമെന്ന് കരുതുന്ന പണ്ഡിതന്മാരുണ്ട്. ഉപനിഷത്തുകളെ ഏകേശ്വരവാദത്തിന്റെ സ്രോതസ്സായി മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ പുത്രന്‍ ദാരാഷിഖോവ് വിശേഷിപ്പിച്ചു.

വേദവാഹകരോട് ഈ വിധമുള്ള സമീപനമാണ് പുലര്‍ത്തേണ്ടതെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: "അവരോട് പറയുവിന്‍: ഞങ്ങളിലേക്കിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ.'' (29:46). അതുകൊണ്ട് തന്നെയാണ് മസ്ജിദുകളല്ലാതെയുള്ള ആരാധനാ ഗേഹങ്ങളെയും ദൈവത്തിന്റെ സ്മരണകളുണര്‍ത്തപ്പെടുന്ന മന്തിരങ്ങളായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്: "ദൈവം ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടിരിക്കുന്നില്ലായിരുന്നുവെങ്കില്‍ ദൈവത്തിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടുപോകുമായിരുന്നു.'' (22:40). പങ്കുകാരില്ലാത്തവിധം അതുല്യനാണ് അല്ലാഹുവെങ്കിലും (17:111), വിഗ്രഹങ്ങളെ ഭര്‍ത്സിക്കുന്നതിനെഖുര്‍ആന്‍ എതിര്‍ക്കുന്നു (6:108). മറ്റു മതവിഭാഗങ്ങളുടെ വികാരങ്ങളെ മാനിക്കാന്‍ കൂടി ഈ സൂക്തം പ്രേരണ നല്കുന്നുണ്ട്.

ബഹുസ്വരതയുടെ സ്ഫുലിംഗങ്ങള്‍
ഖലീഫാ അലി(റ) (ചരമം ക്രിസ്താബ്ദം 66), മാലിക് അല്‍ അശ്തരിനെഈജിപ്തിലേക്കുള്ള ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള കത്തില്‍ ഇങ്ങനെപറയുന്നു: "നിങ്ങളുടെ ഹൃദയം പ്രജകളോടുള്ള സ്നേഹം, കാരുണ്യം, ദയ എന്നിവകളാല്‍ നിര്‍ഭരമാകണം. എന്തെന്നാല്‍ അവര്‍ ഒന്നുകില്‍ മതത്തിലെ നിങ്ങളുടെ സോദരരാണ്. അല്ലെങ്കില്‍ സൃഷ്ടിയില്‍ തുല്യരാണ്.'' ആദമിന്റെ സന്തതികളെന്ന നിലയില്‍ എല്ലാ മനുഷ്യരും ആദരിക്കപ്പെട്ടിരിക്കുകയാണെന്നത് ഖുര്‍ആന്റെ മൌലികപാഠങ്ങളിലൊന്നാണ് (17:70) എന്നോര്‍ക്കുക. അതുകൊണ്ട് തന്നെയാകണം സൃഷ്ടിയിലെ തുല്യത എന്ന പദം അലി(റ) ഉപയോഗിച്ചത്.

സ്പെയിനിലെ അമവി ഭരണകൂടം, ഉത്തരാഫ്രിക്കയിലെ ഫാതിമിഡുകള്‍, മധ്യ-പൌരസ്ത്യ ദേശത്തെ ടര്‍ക്കിഷ് ഓട്ടോമന്‍ ഭരണം എന്നിവിടങ്ങളില്‍ പൊതുവെ മതസഹിഷ്ണുത കളിയാടിയിരുന്നുവെന്ന് ലോകചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മുഗള്‍ ഭരണകൂടം, മൈസൂര്‍ സുല്‍ത്താന്മാര്‍ (ഹൈദര്‍-ടിപ്പു) എന്നിവരിലും ഇത് നമുക്ക് കണ്ടെത്താം. മുസ്ളിം രാഷ്ട്രത്തില്‍ അമുസ്ളിം പൌരന്മാര്‍ക്ക് വ്യഭിചാരം, കളവ് എന്നിവക്കുള്ള ഹുദൂദ് നിയമങ്ങള്‍ നടപ്പാക്കരുതെന്ന് ഇമാം അബൂഹനീഫ വാദിച്ചിരുന്നു. (Abdul Hamid Abu Sulayman, Towards an Islamic Theory of International Relations I.I.I.T: Hendon 1994, p-10)

"അമുസ്ളിം പൌരന്മാരുടെ ജീവന്‍, സമ്പത്ത്, അഭിമാനം, മതവിശ്വാസം, ആരാധനാരീതികള്‍, വ്യക്തിനിയമം, സ്ഥാവര-ജംഗമ സ്വത്തുക്കള്‍ എന്നിവ സംരക്ഷിക്കാന്‍ ഇസ്ളാമിക രാഷ്ട്രം ബാധ്യസ്ഥമാണ്.''(lsmail Raji Al Faruqi, Lois Lamya al Faruqi, The Cultural Atlas of Islam, Macmillan: Newyork, 1986, p. 199). "എല്ലാ ആരാധനാലയങ്ങളുടെയും കേടുപാടുകള്‍ തീര്‍ക്കുക, റബ്ബിമാര്‍, പുരോഹിതര്‍ എന്നിവരുടെ ശമ്പളം കൊടുക്കുക എന്നിവയും ഇസ്ളാമിക രാഷ്ട്രത്തിന്റെ ചുമതലയാണ്.'' (Abdul Rahman Momin, Pluralism and Multi culturalism, AJISS, Vol 18, No.2, Spring 2001, p-135)

"അംറുബ്നു ആസ് ഈജിപ്ത് പിടിച്ചടക്കിയപ്പോള്‍ (ക്രിസ്താബ്ദം 640) അദ്ദേഹം ക്രിസ്ത്യന്‍ ജനതക്ക് അവരുടെ മതസ്വാതന്ത്യ്രം പൂര്‍ണമായി നല്കുകയുണ്ടായി. ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്ക് അവരുടെ മുഴുവന്‍ സ്വത്തുക്കളും അടക്കി അനുഭവിക്കാനുള്ള അവകാശം അദ്ദേഹം നല്കി.''(Majid Khadduri, The Islamic Law of Nations: Shaybani's Siyar, Johns Hopkins press. Baltimore, 1966, p. 11-12)

"ജറൂസലം പിടിച്ചടക്കിയ രണ്ടാം ഖലീഫ ഉമര്‍ (റ), ക്രിസ്ത്യാനികള്‍ക്ക് എഴുതിക്കൊടുത്ത അവകാശപ്പത്രികയില്‍ പറയുന്ന് നോക്കുക: ദൈവദാസനും വിശ്വാസികളുടെ നേതാവുമായ ഉമറില്‍ നിന്ന് ഈലിയ നിവാസികള്‍ക്കുള്ള ഉറപ്പ്: നിങ്ങളുടെ ജീവന്‍, സമ്പത്ത്, ചര്‍ച്ചുകള്‍, കുരിശുകള്‍, സമ്പൂര്‍ണ മതസ്വാതന്ത്യ്രം എന്നിവ വാഗ്ദാനം ചെയ്യുന്നു. ചര്‍ച്ചുകള്‍ വാസസ്ഥലങ്ങളാക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യില്ല. വിശ്വാസ സ്വാതന്ത്യ്രത്തില്‍ ഒരു ഇടപെടലും നടത്തില്ല.'' (Thomas W. Arnold, The Preaching of Islam, Low price publication: Delhi, 1997 (1896), p. 102-103).

മുസ്ളിം ചരിത്രത്തില്‍ ബഹുസ്വരതയുടെ ഉദാഹരണങ്ങള്‍ ധാരാളം കാണാം. കാരന്‍ ആംസ്ട്രോംഗ് എഴുതുന്നത് നോക്കുക: "ഇസ്ളാമിക സാമ്രാജ്യത്തില്‍ ജൂത-ക്രൈസ്തവ-സൌരാസ്ട്രിയക്കാര്‍ മതസ്വാതന്ത്യ്രം അനുഭവിച്ചിരുന്നു. ഇതാകട്ടെ മറ്റു മതപാരമ്പര്യങ്ങളെ അംഗീകരിക്കുന്ന ഖുര്‍ആനിക വേദഗ്രന്ഥത്തിന്റെ അധ്യാപന പ്രകാരമായിരുന്നു. വേദക്കാരെ ആദരിക്കാന്‍ ദൈവം കല്പിച്ചതാണ്.''(Karan Armstrong, The curse of the Infidel, The Guardian, 20 June 2002).

മുസ്ളിം സ്പെയിന്‍: ബഹുസ്വരതയുടെ മാതൃക
ക്രിസ്താബ്ദം 711ലായിരുന്നു താരിഖ് ഇബ്നു സിയാദിന്റെ നേതൃത്വത്തിലുള്ള മുസ്ളിംകള്‍ ആദ്യമായി സ്പെയിനില്‍ കാല് കുത്തിയത്. അവിടെ ഭരിച്ചിരുന്ന വിസിഗോത്തു ഭരണാധികാരികളുടെ അതിക്രമങ്ങള്‍ അവസാനിപ്പിച്ച മോചകരായി സ്പാനിഷ് ജനത മുസ്ളിംകളെ കണ്ടു. അവര്‍ അധികാരത്തിലേറിക്കഴിഞ്ഞപ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധമുള്ള സഹിഷ്ണുതയാണ് സ്പെയിന്‍ ദര്‍ശിച്ചത്. അബ്റഹാമിക മത പാരമ്പര്യത്തിന്റെ അടിസ്ഥാനമാണ് തങ്ങള്‍ക്കുള്ളതെന്ന ബോധ്യത്താല്‍ ക്രൈസ്തവ-ജൂത സമൂഹങ്ങളെ അല്പം വേറിട്ട് ചലിക്കുന്ന മതസഹയാത്രികരായി കാണാനുള്ള വിശാലത മുസ്ളിം ഭരണകൂടം പുലര്‍ത്തി. ഏതാണ്ട് 800 വര്‍ഷങ്ങളോളം ഈ വിധം മുസ്ളിം സ്പെയിന്‍ നിലനിന്നു.

ഈ ഭരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ജൂതന്മാരായിരുന്നു. ഫലസ്തീനില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അവര്‍ ആദ്യമായി തങ്ങളുടെ ഉജ്ജ്വലമായ ധൈഷണിക സ്വാതന്ത്യ്രം ആസ്വദിക്കുകയായിരുന്നു. അവരുടെ ഏറ്റവും ധിഷണാശാലി 1135 ല്‍ കൊര്‍ദോവയില്‍ ജനിച്ച മോശെ ബിന്‍ മൈമൂന്‍ (മോസസ് മൈമനൈഡ്ഡ്) ആയിരുന്നു; മുവഹിദ് ഭരണകൂടത്തിന്റെ ചില നയങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടി വന്നുവെങ്കിലും. കൈറോവിലെത്തിയ മൈമനൈഡ്സിനെ സ്വലാഹുദ്ദീന്‍ അയ്യൂബി സ്വന്തം ഭിഷഗ്വരനായിനിയമിക്കുകയും കൈറോ യൂണിവേഴ്സിറ്റിയില്‍ വൈദ്യശാസ്ത്രാധ്യാപകനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

സ്പെയിനിലെ ഗ്രനഡയിലെ അവസാനത്തെ സുല്‍ത്താന്‍ ഭരണം 1492ല്‍ തകര്‍ന്നു. സ്പെയിനിലെ മുസ്ളിംകളെയും ജൂതന്മാരെയും ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ട് ആട്ടിയോടിക്കപ്പെട്ടപ്പോള്‍ ബഹുസ്വരതയ്ക്ക് പകരം ഏകശിലാരൂപത്തിലുള്ള വര്‍ഗീയ-വംശീയതകള്‍ താണ്ഡവമാടുകയായിരുന്നു.

ദുര്‍വ്യാഖ്യാനങ്ങള്‍
ഏത് വേദഗ്രന്ഥങ്ങളെയും പോലെ ഖുര്‍ആനും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സ്ഥാപിത താല്പര്യക്കാരാണ് ഇതിന് മുന്നിട്ടിറങ്ങിയിരുന്നത്. ദാറുല്‍ഹര്‍ബ്, ദാറുല്‍ഇസ്ളാം എന്നിങ്ങനെയുള്ള വിഭജനത്തിന് ഖുര്‍ആനില്‍ പേരുകളില്ലെങ്കിലും മുസ്ളിം വ്യാഖ്യാനങ്ങളില്‍ അത് വലിയ സ്വാധീനം ചെലുത്തി. അമുസ്ളിം പൌരന്മാരെ അന്യായമായി അക്രമിക്കുന്നതിന്റെ പേരാക്കി ജിഹാദിനെഅധപ്പതിപ്പിച്ചതില്‍ ഇസ്ളാമോഫോബിസ്റ് ദുഷ്പ്രചാരകര്‍ മാത്രമല്ല ഉത്തരവാദികള്‍. നിരപരാധികള്‍ക്ക് നേരെയുള്ള അന്യായമായ അതിക്രമങ്ങള്‍ക്ക് പോലും ജിഹാദ് എന്ന് പേരിട്ട് വിളിക്കുന്നവരെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കുന്നത് ആത്മവഞ്ചനയാണ്. 'ഖുര്‍ആന്‍ കൊണ്ട് ജിഹാദ് ചെയ്യുക' എന്ന സൂക്തം മാത്രം മതി ഏത് തെറ്റിദ്ധാരണയും നീക്കാന്‍ (25:52).

അടിച്ചേല്പിക്കപ്പെടുന്ന യുദ്ധത്തെ ചെറുത്തു നില്ക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നയസമീപനങ്ങളെ (വി.ഖു. 9:5) സാമാന്യവത്കരിക്കുകയാണ് ഫാസിസ്റ്-സാമ്രാജ്യത്വവാദികള്‍ ചെയ്യുന്നത്. ജൂത-ക്രൈസ്തവരെ ആത്മമിത്രങ്ങളാക്കരുതെന്ന നിര്‍ദേശവും (5:51) യുദ്ധ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. അതല്ലെങ്കില്‍ മറ്റൊരു സൂക്തവുമായി ഇത് വൈരുധ്യത്തിലാവും. "ദീനിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ നിങ്ങളുടെ വസതികളില്‍ നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായവരോട് നിങ്ങള്‍ നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് ദൈവം വിലക്കുകയില്ല. നിശ്ചയം, ദൈവം നീതിനിഷ്ഠയുള്ളവരെ സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ നിങ്ങളുടെ ഭവനങ്ങളില്‍ നിന്ന് ആട്ടിയോടിക്കുകയും നിങ്ങളെ ആട്ടോയോടിക്കുന്നതില്‍ പരസ്പരം സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍ നിന്ന് മാത്രമാകുന്നു ദൈവം നിങ്ങളെ വിരോധിക്കുന്നത്.'' (60:8-9)

മതപരിത്യാഗിക്ക് വധശിക്ഷ പോലുള്ള മുസ്ളിം വ്യാഖ്യാനങ്ങള്‍ ആഴത്തിലുള്ള ഖുര്‍ആന്‍-ഹദീസ് പഠനങ്ങള്‍ തെറ്റാണെന്ന് സൂചിപ്പിക്കുന്നു. സകലത്തിലും കഴിവുറ്റവനായ ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചത് തനിക്ക് ഇബാദത്ത് ചെയ്യാനാണ് എന്നിരിക്കെ (വി.ഖു. 57:1-2, 51:56), ഇക്കാര്യത്തില്‍ ധിക്കാരം പ്രകടിപ്പിച്ചുകൊണ്ട് ദൈവാര്‍പ്പണത്തില്‍ നിന്ന് മനുഷ്യരെ തടഞ്ഞു അവരെ വഴികേടിലാക്കുമെന്ന് ശപഥം ചെയ്ത ഇബ്ളീസിനെപോലും യഥേഷ്ടം പുലരാന്‍ അവസരം നല്കിയിരിക്കുകയാണ് (7:11-18). മനുഷ്യരെ നിര്‍ബന്ധിക്കാനല്ല, കാര്യങ്ങള്‍ വ്യക്തമാക്കിക്കൊടുക്കാനാണ് പ്രവാചക നിയോഗം എന്ന് ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നുണ്ട്. (3:164, 21:107, 50:45, 2:256) മലേഷ്യയിലെ സുപ്രീംകോടതി ഒരു മുസ്ളിമിന്റെ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനം ശിക്ഷാര്‍ഹമായ കുറ്റമല്ല എന്ന് നിരീക്ഷിച്ചത് ശ്രദ്ധേയമാണ്.(Muhammed Hashim Kamali, Freedom ofExpression in Islam, Ilmiah Publishers Kuala Lumpur, 1998, p 87-107)

താഴെ ചേര്‍ക്കുന്ന സൂക്തത്തെയാണ് മതപരിത്യാഗിയുടെ വധം എന്ന ആശയത്തിനെതിരായ അവിതര്‍ക്കിതായ തെളിവായി മുഹമ്മദ് ഹാഷിം കമാലി ഉദ്ധരിക്കുന്നത്: "സത്യത്തില്‍ വിശ്വസിക്കുകയും പിന്നെ നിഷേധിക്കുകയും പിന്നെയും വിശ്വസിക്കുകയും വീണ്ടും നിഷേധിക്കുകയും പിന്നെ നിഷേധത്തില്‍ തന്നെ മുന്നോട്ടു നീങ്ങുകയും ചെയ്തവരുണ്ടല്ലോ, അവര്‍ക്ക് ദൈവം ഒരിക്കലും മാപ്പു കൊടുക്കുകയില്ല. ഒരിക്കലും അവര്‍ക്കവന്‍ നേര്‍വഴി കാണിച്ചുകൊടുക്കുകയുമില്ല'' (വി.ഖു. 4:137). കമാലി എഴുതുന്നു: "ഈ സൂക്തത്തിന്റെ ആശയം സുവ്യക്തമാണ്. ആദിമ ചെയ്തി തന്നെ ശിക്ഷാര്‍ഹമാണെങ്കില്‍ ആവര്‍ത്തിച്ചുള്ള വിശ്വാസ-അവിശ്വാസാവസ്ഥകളിലേക്കുള്ള ചാഞ്ചാട്ടം സാധ്യമല്ലല്ലോ?'' (Kamali, Ibid, p.47-98)

പാക്കിസ്താനിലെ മുന്‍ ചീഫ്ജസ്റിസ് എസ് എ റഹ്മാന്‍ മതപരിത്യാഗിയുടെ ശിക്ഷ എന്ന പഠനത്തില്‍ ഇത് സംബന്ധമായി ഖുര്‍ആനിലും ഹദീസിലും വന്ന തെളിവുകള്‍ പരിശോധിച്ചുകൊണ്ട്, ഖുര്‍ആന്‍ ഇരുപത് തവണയെങ്കിലും ഇത്തരം അവസ്ഥ പരാമര്‍ശിക്കുമ്പോഴും വധശിക്ഷ നിര്‍ദേശിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടുന്നു. (S A Rahman, The Punishment of Apostasy in Islam, p 63-64; Quoted by Kamali, Ibid, p 93). മന്‍ബദ്ദല ദീനഹു ഫ ഖത്ലൂഹു (മതം മാറ്റിയവരെ വധിക്കുക) എന്ന ഹദീസ്, നിവേദക പരമ്പരയുടെ ശൃംഖലയില്‍ ധാരാളം പ്രശ്നങ്ങളുള്ളതായി ജസ്റിസ് റഹ്മാന്‍ കണ്ടെത്തുന്നു. (lbid, p 93). ഇസ്ളാമിന്റെ 'ബഹുസ്വര വിരുദ്ധസ്വഭാവ'ത്തിനുള്ള ഏറ്റവും വലിയ തെളിവുദ്ധരിക്കുന്നതാണ് മുര്‍ത്തദ്ദിന്റെ വധശിക്ഷാ പ്രശ്നം എന്നോര്‍ക്കുക.

ഹോളോകോസ്റ് പോലുള്ള ഭീകരതകള്‍ 'അപരര്‍ക്ക്' എതിരെ മുസ്ലിം നാടുകളില്‍ നടന്നിട്ടില്ല എന്നത് അഭിമാനകരമാണ്. ലോകജനതയുടെ മൂന്നിലൊന്ന് മുസ്ളിംകളും അമുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അധിവസിക്കുന്ന അവസ്ഥയില്‍ 'ബഹുസ്വരത'യെക്കുറിച്ച ശരിയായ അവബോധം തന്നെ വളര്‍ത്തിയെടുക്കപ്പെടേണ്ടതുണ്ട്. വിവിധ മതാനുയായികള്‍ ഒത്തൊരുമയോടെ കഴിയാനുതകും വിധം, മത-സാംസ്കാരിക ബഹുത്വത്തെക്കുറിച്ച ദിവ്യതത്വങ്ങള്‍ മുസ്ളിം കലാലയങ്ങളില്‍ പഠിപ്പിക്കേണ്ടത് അത്യന്തം ഗൌരവതരമായ കാര്യമാണ് എന്ന് പാശ്ചാത്യ ഇസ്ളാമിക ചിന്തകന്‍ , സച്ചെദിനഎടുത്തുകാട്ടിയത് ഇതുകൊണ്ടാണ്. (Abdul Aziz Sachedina, The Islamic Roots of Democratic Pluralism, Oxford University Press: Oxford, 2001, p 13)

Share/Bookmark

No comments: