"വിശ്വവിമോചകനായ മുഹമ്മദ് നബിയുടെ ഇതരമതങ്ങളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടും സമീപനരീതിയും അമുസ്ലിം സഹോദരങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വ്യക്തമാക്കിക്കൊടുക്കേണ്ടത് മുസ്ലിങ്ങളുടെ ബാധ്യതയാണ്. "
അബ്ദുന്നാസര്‍ മഅ്ദനി
വ്യത്യസ്ത മത സാംസ്കാരിക തനിമകള്‍ സഹവര്‍ചനിച്ചും സഹകരിച്ചും ഒരു രാഷ്ട്രമായി നിലകൊള്ളുന്ന സാമൂഹിക അവസ്ഥയെയാണ് ബഹുസ്വരത കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയെപ്പോലുള്ള ബഹുസ്വരസമൂഹത്തില്‍ വ്യത്യസ്ത മത_ഭാഷ_സാംസ്കാരിക വിഭാഗങ്ങളുടെ പരസ്പരാശ്രിതത്തോടെയും സഹകരണ
ത്തോടെയുമുള്ള സാമൂഹിക ജീവിതചനിനുതകുന്ന ഒരു നയസമീപനരീതി രൂപപ്പെടുത്തി എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ബഹുസ്വരസമൂഹത്തില്‍ സമാധാനപൂര്‍വകമായ സഹവര്‍തിത്വം സാധ്യമാകാന്‍ ചില മുന്നുപാധികള്‍ ഉണ്ട്. ഓരോ ജനവിഭാഗചനിനും തങ്ങളുടെ സാംസ്കാരിക അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ നിലനില്‍ക്കാനുള്ള അവകാശമാണ് ഏറ്റവും പ്രധാനമായത്. ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ''നാം നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ ശരീഅത്തും കര്‍മമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്. ദൈവം ഇച്ഛിച്ചിരുന്നുവെങ്കില്‍ നിങ്ങളെ ആസകലം ഒരൊറ്റ സമുദായമാക്കുവാന്‍ അവന് കഴിയുമായിരുന്നു.'' (5:48)
ആചാരങ്ങളും അനുഷ്ഠാനങ്ങളും വിഭിന്നവും വ്യത്യസ്തവുമാണെന്നത് പരസ്പരം പോരടിപ്പിക്കാനോ ആധിപത്യം പുലര്‍ത്താനോ ഉള്ള സൂചകങ്ങളാകരുത് എന്നും നന്മയില്‍ സഹകരിച്ചുകൊണ്ട് പോവുകയാണ് ഉചിതമായ രീതി എന്നും മറ്റൊരു സൂക്തം വ്യക്തമാക്കുന്നു: ''നന്മയുടെയും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു. പാപകരവും അതിക്രമകരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവുന്നതുമല്ല.'' (5:2)
ഈ സൂക്തം വര്‍ഗീയവാദത്തിന്റെ അടിസ്ഥാനസ്തംഭങ്ങളെ കടന്നാക്രമിക്കുകയാണ്. സ്വന്തം സമൂഹത്തിന്‍റെ തിന്മകളോടുപോലും നിസ്സഹകരിക്കണമെന്നാണ് ഇവിടെ വിശുദ്ധവചനം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതേ ആശയം തന്നെ മറ്റൊരിടത്ത് ഈ വിധമാണ് വ്യക്തമാക്കിയിരിക്കുന്നത്: ''ഒരു ജനതയോടുള്ള വിരോധം നിങ്ങളെ നീതിയില്‍ നിന്ന് വ്യതിചലിപ്പിക്കാതിരിക്കട്ടെ! നീതി പാലിക്കുവിന്‍! അതാണ് ദൈവഭക്തിയോട് ഏറ്റവും അനുയോജ്യമായിട്ടുള്ളത്.'' (5:8)
ദൈവേച്ഛയ്ക്ക് പൂര്‍ണമായും വഴങ്ങുക എന്നതാണ് ഇസ്ലാം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. സൂര്യന്‍ , ചന്ദ്രന്‍ , നക്ഷത്രങ്ങള്‍ , ഗ്യാലക്സികള്‍ എന്നിവ മുസ്ലിമാണെന്ന് പറയുന്നത് ഈ അര്‍ഥത്തിലാണ്. മനുഷ്യന്റെ ശരീരവും പ്രാപഞ്ചിക ശക്തികളും ശാസ്ത്രനിയമങ്ങളുമൊക്കെ ഈ
അര്‍ഥത്തില്‍ മുസ്ലിമാണ്. അബ്രഹാമിക മതപാരമ്പര്യത്തിലും അബ്രഹാമേതര
പാരമ്പര്യങ്ങളിലും ഇസ്ലാം ഉണ്ടായിരുന്നതായി ഖുര്‍ആന്‍ നിരൂപിക്കുന്നുണ്ട്. (4:41, 4:164_165, 6:130_131) മുസ്ലിങ്ങള്‍ പോലും വേണ്ടത്ര പരിഗണിക്കാതിരിക്കുന്നതും എന്നാല്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമായിരിക്കുന്നതുമായ ഒരാശയമാണ് പ്രവാചകത്വത്തിന്റേത്. ഭൂമുഖത്ത് വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത ദേശങ്ങളില്‍ ആഗതരായ എല്ലാ പ്രവാചകന്മാരെയും അംഗീകരിക്കാനും ആദരിക്കാനും അവര്‍ക്കിടയില്‍ വിവേചനം കാട്ടാതിരിക്കാനും ഓരോ മുസ്ലിമും ബാധ്യസ്ഥനാണ്.
ഇതനുസരിച്ച് ജൂതമതം, ക്രിസ്തുമതം, സൌരാഷ്ട്രിയന്‍ മതം എന്നിവയെ മാത്രമല്ല, മുഹമ്മദ് നബിക്കുമുമ്പ് വേദഗ്രന്ഥവുമായി ആഗതരായ മുഴുവന്‍ പ്രവാചകന്മാരെയും വിശ്വസിക്കേണ്ടത് മുസ്ലിമിന്റെ വിശ്വാസത്തിന്റെ തന്നെ തേട്ടമാണ്. അടിസ്ഥാനപരമായി ഈ പ്രവാചകന്മാരുടെ സ്രോതസ്സ് ഒന്നാണെന്നും അവര്‍ പ്രബോധനം ചെയ്ത ആശയങ്ങള്‍ക്ക് സാധര്‍മ്യമുണ്ടെന്നും മുസ്ലിം വിശ്വസിക്കുന്നു; അല്ലെങ്കില്‍ വിശ്വസിച്ചേ പറ്റൂ. അഥവാ ചരിത്രത്തില്‍ നടന്ന വിവിധ കൈക്രിയകള്‍, കാലഘട്ടത്തിന്റെ അനിവാര്യത, സാമൂഹിക രാഷ്ട്രീയാവസ്ഥ, പൌരോഹിത്യത്തിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ എന്നിവ മാത്രമാണ് പരസ്പരമുള്ള മതവൈരുധ്യങ്ങള്‍ക്ക് അടിയാധാരമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദിമ വിശുദ്ധിയോടെ മത_വേദ പ്രമാണങ്ങള്‍ ലഭിച്ചാല്‍ അവയിലെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് തമ്മില്‍ വൈരുധ്യങ്ങളില്ല എന്ന ആശയം നമുക്ക് സിദ്ധിക്കുന്നു.
ബഹുമത സാംസ്കാരിക തനിമകള്‍ അന്ത്യനാള്‍ വരെ നിലനില്‍ക്കുകതന്നെ ചെയ്യുമെന്നത് ഖുര്‍ആന്റെ മുഖ്യ പ്രമേയങ്ങളിലൊന്നാണ്. (10:99, 5:47_48, 49:13, 22:40) അതുകൊണ്ടുതന്നെ എല്ലാം ഉടച്ചുവാര്‍ത്ത് എല്ലാറ്റിനെയും ഒന്നാക്കുക എന്ന ലക്ഷ്യം മുസ്ലിങ്ങള്‍ക്ക് ഉണ്ടാവുക വയ്യ. മനുഷ്യരാശിയുടെ ഉത്പത്തി ഒരൊറ്റ മാതാപിതാക്കളില്‍ നിന്നാണെന്നതാണ് മുഹമ്മദ് നബിയുടെ അടിസ്ഥാന പ്രബോധനങ്ങളില്‍ പ്രധാനമായത്. (4:1, 21:92) അദ്ദേഹം പ്രഖ്യാപിച്ചു: ''അനറബിക്ക് അറബിയേക്കാളോ, അറബിക്ക് അനറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.'' (ബുഖാരി). ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെ: ''മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി. പരസ്പരം നിങ്ങള്‍ പരിചയപ്പെടേണ്ടതിന്ന്. നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവരാകുന്നു ദൈവത്തിങ്കല്‍ ഏറ്റവും ഔന്നത്യമുള്ളവര്‍. '' (49:13) വ്യത്യസ്ത ഭാഷാ_സാംസ്കാരിക തനിമകള്‍ നിലനില്‍ക്കുന്നു എന്നും വൈവിധ്യങ്ങളോടെത്തന്നെ നിലനില്‍ക്കേണ്ടതുണ്ടെന്നും പ്രവാചകന്‍ പഠിപ്പിച്ച പാഠങ്ങളിലുണ്ട്. ഇക്കാര്യം ഖുര്‍ആനില്‍ ഈ വിധം വായിക്കാം: 'ആകാശഭൂമികളുടെ നിര്‍മിതിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. തീര്‍ച്ചയായും ജ്ഞാനമുള്ളവര്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.'' (30:22)
എല്ലാ മത ആരാധനകളുടെയും പവിത്രത എക്കാലത്തും സൂക്ഷിക്കപ്പെടണമെന്ന് പ്രവാചകന്‍ മുഹമ്മദ്നബി പഠിപ്പിച്ചു. ഖുര്‍ആനില്‍ നാം ഇങ്ങനെ വായിക്കുന്നു: 'ദൈവം ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിച്ചുകൊണ്ടിരുന്നില്ലായിരുന്നുവെങ്കില്‍ ദൈവത്തിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.' (22:40)
വ്യത്യസ്തതകളുണ്ടെങ്കിലും ദൈവത്തിന്റെ നാമങ്ങള്‍ തന്നെയാണ് വിവിധ ആരാധനാലയങ്ങളില്‍ നിന്നുയരുന്നത് എന്നത് ഇവിടെ അടിവരയിട്ട് വായിക്കേണ്ടതാണ്. എല്ലാവിധ മത_സങ്കുചിതത്വങ്ങളെയും ഈ സൂക്തം തിരസ്കരിക്കുന്നു. ഒരു പടികൂടി കടന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: 'ഉറപ്പായി അറിയുക: ഈ അറബി പ്രവാചകനില്‍ വിശ്വസിച്ചവരോ ജൂതന്മാരോ ക്രിസ്ത്യാനികളോ സാബികളോ ആരുമാകട്ടെ, ദൈവത്തിലും അന്ത്യദിത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാകുന്നതല്ല.' (2:62)
എല്ലാ വേദക്കാരോടും പ്രത്യേക പരിഗണന നല്‍കുന്ന ഇസ്ലാം, വേദവിശ്വാസികളിലെ നന്മകളെ ഉള്‍ക്കൊള്ളാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട്: 'ദൈവത്തിലും നിങ്ങള്‍ക്കവതീര്‍ണമായ വേദത്തിലും അതിനു മുമ്പ് അവതീര്‍ണമായ വേദത്തിലും വിശ്വസിക്കുന്നവരായി വേദക്കാരില്‍ ചിലരുണ്ട്. ദൈവത്തിന്റെ മുമ്പില്‍ ഭക്തിപൂര്‍വം നിലകൊള്ളുന്നവര്‍ . ദൈവത്തെ ഭയപ്പെടുന്നവര്‍ .ദൈവത്തിന്റെ സൂക്തങ്ങളെ അവര്‍ തുച്ഛവിലയ്ക്ക് വില്‍ക്കുകയില്ല. അവരുടെ നാഥങ്കല്‍ അവര്‍ക്ക് പ്രതിഫലമുണ്ട്.' (3:199)
മറ്റു ആരാധനാലയങ്ങളോടും വിശ്വാസങ്ങളോടുമുള്ള അസഹിഷ്ണുത ഇസ്ലാം വിരുദ്ധമായ ആശയമായി ഖുര്‍ആന്‍ എടുത്തുദ്ധരിക്കുന്നത് വായിക്കുക: ''ഈ ജനം അല്ലാഹുവിനെ (ദൈവചെന) വെടിഞ്ഞ് വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നിങ്ങള്‍ ആക്ഷേപിച്ചു കൂടാത്തതാകുന്നു.'' (6:108) മുഹമ്മദ് നബിയെ ഏറ്റവും ഹീനമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മതവിഭാഗങ്ങളെപ്പറ്റി ചരിത്രചനില്‍ നാം ഒട്ടേറെ വായിക്കുന്നുണ്ട്.
ഇതിനു മറുപടിയായി പ്രസ്തുത മതവിഭാഗങ്ങളുടെ പ്രവാചകരെയോ ആരാധനാമൂര്‍ത്തികളെയോ ആക്ഷേപിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ് എന്നതിനാല്‍ ഇത്തരമൊരു നെറികേട് മുസ്ലിങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ല. സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന് ഈ നിലപാട് ഏറെ പ്രയോജനകരമാണ് എന്നതില്‍ ആരാണ് തര്‍ക്കിക്കുന്നത്?
മുസ്ലിങ്ങളില്‍ എന്നതുപോലെ വേദക്കാരിലും നല്ലവരും ചീത്തവരുമുണ്ട് എന്ന ആശയവും ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുണ്ട്: ''വേദവിശ്വാസികളില്‍ ചിലര്‍ ഇവ്വിധമുണ്ട്. നിങ്ങള്‍ ഒരു സമ്പല്‍ക്കൂമ്പാരം തന്നെ അവരെ വിശ്വസിച്ചേല്പിക്കുന്നു എങ്കിലും അവരത് നിങ്ങള്‍ക്ക് തിരിച്ചു തരും.'' (3:75)
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗത്തിന് ഒരു പ്രസക്തിയുമില്ലെന്ന ആശയം ഖുര്‍ആന്റെ മുഖ്യപ്രമേയങ്ങളിലൊന്നാണ്. (2:256) ജൂത ക്രൈസ്തവ സൌരാഷ്ട്ര വിഭാഗങ്ങളെ മുഹമ്മദ് നബിയുടെ കാലത്തു തന്നെ സംരക്ഷിത ജനവിഭാഗമായി (ദിമ്മികള്‍) പരിഗണിക്കപ്പെട്ടിരുന്നു. ഈ പദവി പില്‍ക്കാല ഖലീഫമാര്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്കും വകവെച്ചുകൊടുത്തു. മുഹമ്മദ്ബ്നു ഖാസിമിന്റെ സിന്ധാക്രമണത്തിനുശേഷം ഇസ്ലാമിക രാഷ്ട്രം ഹിന്ദുക്കളെ വേദക്കാരായി അംഗീകരിച്ചത് ഇന്ത്യാ ചരിത്രവിദ്യാര്‍ഥികള്‍ക്ക് സുപരിചിതമാണ്. ഇതിനര്‍ഥം സ്വന്തം സാംസ്കാരിക വിശ്വാസത്തനിമകള്‍ സംരക്ഷിച്ചുകൊണ്ട് പുലരുവാന്‍ അനുവദിക്കുന്ന അവസ്ഥ മാത്രമാണ് യഥാര്‍ഥ ഇസ്ലാമിക രാഷ്ട്രത്തിലുണ്ടാവുക എന്നാണ്.
ഇസ്ലാമിക ചരിത്രത്തില്‍ ഉടനീളം അന്യമതവിഭാഗങ്ങളോട് ഏറ്റവും ഉദാത്തമായി സഹവസിച്ചതിന്റെ ചിത്രം പരന്നുകിടക്കുന്നു. സൌരാഷ്ട്ര (പാഴ്സി) മതക്കാരെ വേദക്കാരായി പരിഗണിക്കാന്‍ മുഹമ്മദ് നബി നിര്‍ദേശം നല്‍കിയത് ഹിജ്റ ഒമ്പതാം ആണ്ടിലാണ്. അതിനു മുമ്പ്തന്നെ അബ്സീനിയ (എത്യോപ്യ) യിലേക്ക് ഹിജ്റ (പലായനം) ചെയ്യുവാന്‍ തന്റെ അനുയായികളില്‍ ഒരു വിഭാഗത്തിന് നബി നിര്‍ദേശം നല്‍കിയിരുന്നു. അവിടെയാകട്ടെ മുഖ്യമായും ക്രൈസ്തവരാണുണ്ടായിരുന്നത്. മദീനയിലേക്ക് ഹിജ്റ പോയ ശേഷം അവിടെയുണ്ടാക്കിയ രാഷ്ട്രീയ ഭരണക്രമത്തിലും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള കോണ്‍ഫെഡറേഷന്‍ എന്ന ആശയം മുഴച്ചുനില്‍ക്കുന്നതായി കാണാം. ഐക്യം, നീതി, ഉഭയകക്ഷി സഹകരണം, തുല്യാവകാശങ്ങള്‍ , പൌരസ്വാതന്ത്ര്യം എന്നീ അത്യുദാത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മക്കയില്‍ നിന്നുള്ള മുസ്ലിങ്ങള്‍ , മദീനാ മുസ്ലിങ്ങള്‍ , ജൂതഗോത്രങ്ങള്‍ , ക്രൈസ്തവ വിഭാഗങ്ങള്‍ , പ്രാചീന അറബി സമൂഹങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു ബഹുമുഖ സംസ്കാരചനിന്റെ കൂടിച്ചേരലാണ് ഇസ്ലാമിക ഭരണമായി മുഹമ്മദ് നബി നടത്തിയത്. മദീനയില്‍ നിന്ന് ബനൂനദീര്‍ ഗോത്രം പുറത്താക്കപ്പെടും വരെ നബിയുടെ സെക്രട്ടറി ഒരു ജൂതനായിരുന്നു. ഹാരിസ്ബ്നു ഖല്‍ദ എന്ന ജൂത ഡോക്ടര്‍ പ്രവാചകന്റെയും ഭിഷഗ്വരനായിരുന്നു. ക്രിസ്ത്യാനികളുടെ ജൂതപീഡന ചരിത്രമുഹൂര്‍ത്തങ്ങളില്‍ സ്പെയിന്‍ , ഉത്തരാഫ്രിക്ക, സിറിയ, ഇറാഖ്, തുര്‍ക്കി തുടങ്ങിയ മുസ്ലിം രാഷ്ട്രങ്ങളിലൊക്കെ ജൂതന്മാര്‍ അഭയാര്‍ഥികളായി എത്തിയിരുന്നു. അവരവിടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പുലര്‍ന്നിരുന്നു എന്ന യാഥാര്‍ഥ്യം 1948
വരെയുള്ള യഹൂദ സാഹിത്യങ്ങളില്‍ ധാരാളമായി പരാമര്‍ശിക്കുന്നത് കാണാം.
ക്രിസ്താബ്ദം 628_ല്‍ മൌണ്ട് സീനായിലെ സെന്റ് കാതറിന്‍ ക്രിസ്ത്യന്‍ ആശ്രമത്തിലെ പുരോഹിതന്മാര്‍ക്ക് മുഹമ്മദ് നബി നല്‍കിയ അവകാശപ്രഖ്യാപന രേഖയിലും ആരാധനാ സ്വാതന്ത്ര്യത്തിനവകാശം, വ്യക്തി നിയമപരിരക്ഷ, പൌരാവകാശ സംരക്ഷണം എന്നിവ ഉറപ്പുനല്‍കുന്നതു കാണാം. ഹിജ്റ 10_ാമാണ്ടില്‍ നജ്റാനില്‍ നിന്നു വന്ന ക്രൈസ്തവ സംഘത്തെ നബി സ്വന്തം മസ്ജിദില്‍ താമസിക്കാന്‍ ഏര്‍പ്പാടു ചെയ്തതും അവരവിടെ പ്രാര്‍ഥിച്ചതും ചരിത്രത്തില്‍ സുവിദിതമാണ്. വേദക്കാരുമായി നടക്കേണ്ട ചര്‍ച്ചയുടെ മര്‍മം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതിലും പാരസ്പരികത എന്ന ആശയം കാണാം: ''വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കേണ്ട പ്രമാണത്തിലേക്ക് വരുവിന്‍ . അതായത് ദൈവമല്ലാത്ത ആര്‍ക്കും നാം ആരാധന നടത്താതിരിക്കുക. ആരെയും അവന്റെ പങ്കാളികളാക്കാതിരിക്കുക. ചിലരെ ദൈവത്തെ കൂടാതെയുള്ള രക്ഷിതാക്കളായി വരിക്കാതിരിക്കുക.'' (3:64)
എല്ലാ അര്‍ഥത്തിലുള്ള മതപീഡനത്തെയും എതിര്‍ക്കുന്ന സന്ദേശമാണ് പ്രവാചകന്‍ മുന്നോട്ടുവെച്ചത് എന്നത് ഖുര്‍ആന്‍ 85:5_8 സൂക്തങ്ങളില്‍ നിന്ന് വ്യക്തമാണ്. മതവിഭാഗങ്ങളുടെ പരസ്പര സഹകരണം, നന്മയിലൊന്നിക്കല്‍ എന്നീ ആശയങ്ങള്‍ ഖുര്‍ആന്‍ അടിക്കടി ഉയര്‍ത്തുന്നുണ്ട്: ''മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ നിങ്ങളുടെ വസതികളില്‍ നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നിങ്ങള്‍ നീതിയിലും നന്മയിലും വര്‍ത്തിക്കുന്നത് ദൈവം വിലക്കുകയില്ല. നിശ്ചയം, ദൈവം നീതിനിഷ്ഠയുള്ളവരെ സ്നേഹിക്കുന്നു.''(60:8) ''പ്രവാചകരേ, യുക്തിപൂര്‍വമായും ശ്രേഷ്ഠമായ സദുപദേശത്തോടെയും താങ്കളുടെ നാഥന്റെ സരണിയിലേക്ക് പ്രബോധനം ചെയ്യുക. ഉല്‍കൃഷ്ടമായ രീതിയില്‍ ജനങ്ങളോട് സംവാദം ചെയ്യുക.'' (16:125) ''നിങ്ങള്‍ വേദക്കാരോട് സംവാദത്തിലേര്‍പ്പെടരുത്, ഏറ്റവും ശ്രേഷ്ഠമായ രീതിയിലല്ലാതെ_ അവരില്‍ ധിക്കാരികളായവരൊഴിച്ച്. അവരോട് (ധിക്കാരികളോട്) പറയുവിന്‍ ഞങ്ങളിലിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെയാണ്.'' (29:46)
ഇസ്ലാമിനോട് കൊടിയ വിദ്വേഷവും വെറുപ്പും ശത്രുതയും വെച്ചുപുലര്‍ത്തുന്നവരോടുള്ള ആത്മബന്ധം മാത്രമാണ് ഖുര്‍ആന്‍ നിരോധിക്കുന്നത്. (60:9 നോക്കുക) സത്യത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും ശത്രുക്കളായ നിഷേധികളെയാണ് ഖുര്‍ആന്‍ കാഫിര്‍ (അവിശ്വാസി) എന്ന് വിളിക്കുന്നത്. അമുസ്ലിം എന്ന അര്‍ഥത്തില്‍ കാഫിര്‍ എന്ന പദം പ്രചാരം നേടിയത് ഏറ്റവും തെറ്റിദ്ധാരണാജനകമാണ്; ഖുര്‍ആന്‍ വിരുദ്ധവും.
മര്‍ദിതരായ എല്ലാ ജനവിഭാഗങ്ങളുടെയും മോചനം പ്രവാചകന്‍ ലക്ഷ്യമാക്കിയിരുന്നുവെന്ന് താഴെ പറയുന്ന ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നു: ''ദൈവത്തിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് യുദ്ധം ചെയ്യുന്നില്ല? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ എന്ന് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്യുന്നില്ല? ).'' (4:75)
വിശ്വവിമോചകനായ മുഹമ്മദ് നബിയുടെ ഇതരമതങ്ങളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടും സമീപനരീതിയും അമുസ്ലിം സഹോദരങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വ്യക്തമാക്കിക്കൊടുക്കേണ്ടത് മുസ്ലിങ്ങളുടെ ബാധ്യതയാണ്. മതത്തിന്റെ പേരിലുള്ള സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കി നന്മയ്ക്കും നീതിക്കും വേണ്ടി സഹകരിക്കാനും ഒന്നിക്കാനും ഈ നബിദിനം നമുക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു; പ്രാര്‍ഥിക്കുന്നു.
courtesy - മാതൃഭൂമി
No comments:
Post a Comment