scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Sep 19, 2011

ഇരകള്‍ക്ക് നീതി നല്‍കൂ മോഡി സര്‍ ; എന്നിട്ടാവാം ഉപവാസം





അങ്ങയുടെ ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളുടെ കഷ്ടതയനുഭവിക്കുന്ന കലാപത്തിന്റെ ഇരകളിലും അവരുടെ സമുദായത്തിലും ബ്യൂറോക്രാറ്റുകളിലും വിശ്വാസം പുനര്‍ജനിപ്പിക്കണമെങ്കില്‍ മോഡി സര്‍ , സദ്ഭാവന ഉപവാസത്തിനൊപ്പം ചില നടപടികള്‍ക്കു കൂടി ദയവായി അങ്ങ് തുടക്കമിടേണ്ടതുണ്ട്- കഴിഞ്ഞ ദിവസം ആരംഭിച്ച ത്രിദിന ഉപവാസത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് അയച്ച തുറന്ന കത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം



From:
R.B.Sreekumar, IPS (Rtd.)
Former DGP, Gujarat
Plot No. 193, Sector8,

Dtd. 17.9.2011
O.No. RBS/FastCM/3/2011


പാദസേവകര്‍ക്ക് നന്‍മ; നേര്‍വഴിക്കാര്‍ക്ക് തിന്‍മ
ആദരണീയനായ നരേന്ദ്ര മോഡി സാഹിബ്,
1. ജനങ്ങള്‍ക്കിടയില്‍ ഐക്യവും പരസ്പര വിശ്വാസവും വളര്‍ത്തി കൊണ്ടു വരാന്‍ താങ്കള്‍ ആരംഭിക്കാന്‍ പോവുന്ന ത്രിദിന ഉപവാസ വേളയില്‍, താങ്കളെയും താങ്കളുടെ സര്‍ക്കാറിനെയും കുറിച്ച് 2002ലെ കലാപത്തിന്റെ ഇരകളിലും അതിനെ അതിജീവിച്ചവര്‍ക്കിടയിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും ഉള്ള അഭിപ്രായത്തെക്കുറിച്ച് ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. 

2. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് നമ്മുടെ ഉപനിഷത്തുക്കള്‍ പറയുന്നു. 2002 മുതലുള്ള താങ്കളുടെ സര്‍ക്കാറിന്റെ പ്രകടനം കാണുമ്പോള്‍ അതിന്റെ കൊട്ടിഘോഷിക്കപ്പെട്ട ലക്ഷ്യങ്ങളും കയ്പേറിയ യാഥാര്‍ഥ്യങ്ങളും തമ്മില്‍ യാതൊരു പൊരുത്തവുമില്ലെന്ന് ബോധ്യമാവും. ഇതിനര്‍ഥം ഉപനിഷദ് സൂക്തങ്ങള്‍ തെറ്റാണെന്നല്ല് കാരണം താങ്കളുടെ ഉപബോധ മനസ്സ് നന്‍മക്കു വേണ്ടിയുള്ളതല്ല.

3. സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയില്‍, നേര്‍വഴി പിന്തുടരുന്നവരും സത്യന്ധരുമായ ഉദ്യോഗസ്ഥരെ ദ്രോഹിക്കുകയും സ്തുതിപാഠകരും കൂട്ടിക്കൊടുപ്പുകാരുമായവരോട് ദയാപരനായിരിക്കുകയും ചെയ്യുന്ന ഒളിയജണ്ട പ്രകടമായി തന്നെ അനുവര്‍ത്തിക്കുന്നയാളാണ് താങ്കളെന്ന് നിരവധിയാളുകള്‍ കരുതുന്നു. ഇതിന് തെളിവുകള്‍ നിരവധിയാണ്.
2002ലെ ന്യൂനപക്ഷ ഉന്‍മൂലനത്തിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും ഭരണഘടനയോട് തെല്ലും കൂറില്ലാതെ പ്രവര്‍ത്തിച്ച നിരവധി ഉദ്യോഗസ്ഥരെ താങ്കള്‍ ബഹുമതി നല്‍കി ആദരിച്ചു. ഈ നരഹത്യ നമ്മുടെ രാജ്യത്തിന്റെ മനസ്സില്‍ എന്നും മായ്ച്ചു കളയാനാവാത്ത പാപക്കറയായി നിലനില്‍ക്കും. പ്രത്യേകിച്ച് ഉപനിഷത്തുക്കളുടെയും ഭഗവത് ഗീതയുടെയും ചുവടു പിടിച്ച് ഹിന്ദുത്വം പ്രചരിപ്പിക്കുന്നവര്‍ക്ക്.
4. താങ്കള്‍ക്കു വേണ്ടി കൃത്യനിര്‍വഹണത്തില്‍നിന്ന് വ്യതിചലിച്ചതിന് പാരിതോഷികങ്ങള്‍ ലഭിച്ച ചില ഉദ്യോഗസ്ഥര്‍ ഇവരാണ്. .എ.എസ് ഉദ്യോഗസ്ഥരായ ജി. സുബ്ബറാവു, അശോക് നാരായണന്‍, ഡോ. പി.കെ മിശ്ര, പി.കെ ലാഹിരി,സുധീര്‍ മംഗദ്, മഞ്ജുള സുബ്രഹ്മണ്യന്‍, കെ.സി കപൂര്‍. എ.കെ ഭാര്‍ഗവ, പി.സി പാണ്ഡേ, ജി.സി റായിഗര്‍, എം.കെ ടണ്‍ഡന്‍, ദീപക് സ്വരൂപ്, കെ. നിത്യാനന്ദം, എ.കെ ശര്‍മ, ശിവാനന്ദ് ജാ, സുധീര്‍ സിന്‍ഹ, ഡി.ജി വന്‍സാര, എസ്.എസ് ഖന്ദ്വാവാല, ജെ.മഹാപത്ര, ഒ.പി മാഥൂര്‍, എ.എസയ്യിദ്, പി.പി പാണ്ഡേ, ആശിഷ് ഭാട്ടിയ എന്നീ ഐ.പി.എസ് ഉദ്യോഗസ്ഥര്‍. ഇവര്‍ക്ക് സര്‍വീസ് നീട്ടി കൊടുത്തു. മികച്ച നിയമനങ്ങളും റിട്ടയര്‍മെന്റാനന്തര അസൈന്‍മെന്റുകള്‍ ലഭിച്ചു. ജസ്റ്റിസ് നാനാവതി കമീഷനു നല്‍കിയ ആറാം സത്യവാങ് മൂലത്തില്‍ ഇവരുടെ കുറ്റകരമായ പങ്ക് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
5.നിയമപരമല്ലാത്ത ശിക്ഷനടപടികൾക്ക് വിധേയരായ സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ച് നിങ്ങൾക്കറിവുണ്ടാകും. എന്റെ പേര് അതിന്റെ മുന്നിൽ തന്നെയുണ്ട്. വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും കലാപങ്ങളെ കുറിച്ചുമുള്ള വാർത്തകൾ 2002 ആഗസ്ത് ഒമ്പതിന് ഇലക്ഷൻ കമ്മീഷന്റെ മുന്നിൽ വച്ചതിനു ശേഷം നിരവധി മെമ്മോകൾ ലഭിച്ചു. കണ്‍ട്രോള്‍ റൂമിലെ ഹെഡ് കോൺസ്റ്റബിൾ എന്റെ അറിവില്ലാതെ ഫീൽഡ് ഓഫീസർമാർക്ക് രഹസ്യ സന്ദേശങ്ങൾ അയച്ചു എന്ന പേരിലായിരുന്നു ഒരു മെമ്മോ. അസി. കമീഷണര്‍ (ഹോം) അശോക് നാരായണൻ വക.
ഇതിനെ തുടര്‍ന്ന് സർക്കാർ അന്വേഷണം ആരംഭിച്ചു . അന്നത്തെ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ചിലെ ഡി ഐ ജി ആയിരുന്ന ഡി ജി വൻസാര
2002 ലെ രഥ യാത്ര സമയത്ത് ഒരു കുട്ടം മുസ്ലിങ്ങൾക്ക് നേരെ ആയുധങ്ങൾ പ്രയോഗിച്ചു എന്ന കാണിച്ച് അഹമ്മദാബാദ് പൊലീസ് കമീഷണര്‍ കെ അർ കൌഷിക്കിന് അയച്ച കത്തായിരുന്നു കാരണം. 2007 ൽ വ്യാജ എറ്റുമുട്ടലിന്റെയും കൊലപാതകത്തിന്റെയും പേരിൽ വൻസാര അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പേ അയാള്‍ക്കെതിരെ ഉണ്ടായ ഒരേയൊരു റിപ്പോർട്ട് ഇതായിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പകരം ചീഫ് സെക്രട്ടറി എന്റെ മേൽ അന്വേഷണം ആരംഭിച്ചു. അന്നത്തെ ഡി.ജി.പി കെ ചക്രവർത്തി എന്റെ റിപ്പോര്‍ട്ട് എന്റെ ജോലിയുടെ ഭാഗമാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പിന്നീട് എന്റെ മേലുള്ള ശിക്ഷാ നടപടികളിലേക്ക് വഴി തെളിച്ചു.
സർ,
താങ്കൾ എപ്പോഴെങ്കിലും വൻസാരയുടെ മുകളിലുള്ള എന്റെ റിപ്പോർട്ടിന്റെ കാര്യം ഗൌരവത്തോടെ കണ്ടിരുന്നെങ്കില്‍ അനേകം നിരപരാധികളുടെ മരണം ഒഴിവാക്കാമായിരുന്നു. താങ്കളുടെ ഭരണത്തിനും, ഗുജറാത്ത് പോലീസിനും ചീത്തപ്പേര് ഒഴിവാക്കാമായിരുന്നു. ഒരു കള്ളനെ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ ഒരു പോലീസു കാരനെ ശിക്ഷിച്ചതിന്റെ ഉത്തമോദാഹരണമാണ് ഇത്.
 
6. പിന്നീട്, 2005 ഫെബ്രുവരിയില്‍ എനിക്കു നേരെ ഒമ്പതു കുറ്റങ്ങളുള്ള ചാര്‍ജ് ഷീറ്റ് നല്‍കപ്പെട്ടു. ജുഡീഷ്യല്‍ കമീഷനു മുന്നില്‍ സത്യം പറഞ്ഞതിന് എന്നെ സര്‍വീസില്‍നിന്ന് നീക്കം ചെയ്യാനുള്ള കുറ്റപത്രം. കമീഷനു നല്‍കിയ മൂന്ന് സത്യവാങ്മൂലങ്ങളായിരുന്നു കാരണം. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ജ്ഞാനത്തിനും വിശ്വാസ്യതക്കും വിപദിധൈര്യത്തിനും നന്ദി. എനിക്കെതിരായ കുറ്റപത്രം റദ്ദാക്കാനും എന്റെ സ്ഥാനക്കയറ്റം മുന്‍കാല പ്രാബല്യത്തോടെ വകവെച്ചു തരാനും കോടതി സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കി.

7. കൃത്യനിര്‍വഹണത്തില്‍ സത്യസന്ധത കാണിച്ചതിന് താങ്കളുടെ സര്‍ക്കാറിന്റെ ഉഗ്രകോപത്തിനു വിധേയരായ മറ്റു ചിലര്‍ ഇവരാണ്. ഐ.പി.എസ് ഓഫീസര്‍മാരായ രാഹുല്‍ ശര്‍മ, വിവേക് ശ്രീവാസ്തവ, ഹിമാന്‍ശു ഭട്ട്, എം.ഡി അന്‍ഡാനി, സതീഷ് വര്‍മ്മ, എച്ച്.ആര്‍് ഗെഹ്ലോട്ട്, പി.സി താക്കൂര്‍, കുല്‍ദീപ് ശര്‍മ, എ.കെ സുറോലിയ. ഐ.എ.എസ് ഓഫീസറായ ജെ.എസ് റാണ. ഇദ്ദേഹത്തിന്റെ പെന്‍ഷന്‍ പോലും തടഞ്ഞു വെച്ചു. (ഇക്കാര്യങ്ങള്‍ കമീഷനു മുന്നില്‍ ഞാന്‍ സമര്‍പ്പിച്ച ആറാം സത്യവാങ്മൂലത്തില്‍).

8. ചില പ്രദേശങ്ങളുടെ ചുമതല വഹിച്ചിരുന്ന ഓഫിസര്‍മാരുടെ സ്തുത്യര്‍ഹ സേവനവും ന്യൂനപക്ഷ വിരുദ്ധ വേട്ടക്കു കൂട്ടുനില്‍ക്കാത്തതിന് നിങ്ങളുടെ സര്‍ക്കാറില്‍നിന്ന് അവര്‍ക്കുണ്ടായ ദുരനുഭവങ്ങളുമാണ് 2002 കലാപങ്ങളെക്കുറിച്ച് അധികമാരും അറിയാത്ത മറ്റൊരു വിവരം. ആനന്ദ്, ദാഹോദ്, മെഹ്സാന, എസ്.കെ ജില്ലകളിലെ ഗ്രാമങ്ങളില്‍നിന്നു വ്യത്യസ്തമായി കലാപ വേളയില്‍ ഏഴു മരണം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൂറത്തിലെ പൊലീസ് കമീഷണറായിരുന്ന വി.കെ ഗുപ്തയാണ് ഇതിന് ഉത്തമ ഉദാഹരണം. സംസ്ഥാന ഭരണകൂടത്തിന്റെ മനോഭാവത്തില്‍ മനംമടുത്ത് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷന്‍ വാങ്ങിപ്പോവുകയായിരുന്നു. രാജ്ഘോട്ട് പട്ടണത്തിലും ഭാവ്നഗര്‍, ജംനഗര്‍, വല്‍സാദ്, സുരേന്ദ്രനഗര്‍, ഭറൂച്ച്, കച്ച് ജില്ലകളിലും കലാപം ഫലപ്രദമായി തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നത്.

9. അങ്ങയുടെ ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളുടെ കഷ്ടതയനുഭവിക്കുന്ന കലാപത്തിന്റെ ഇരകളിലും അവരുടെ സമുദായത്തിലും ബ്യൂറോക്രാറ്റുകളിലും വിശ്വാസം പുനര്‍ജനിപ്പിക്കണമെങ്കില്‍ മോഡി സര്‍ , സദ്ഭാവന ഉപവാസത്തിനൊപ്പം ചില നടപടികള്‍ക്കു കൂടി ദയവായി അങ്ങ് തുടക്കമിടേണ്ടതുണ്ട്.

1. കലാപത്തിന്റെ ആസൂത്രകര്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരെ അന്വേഷണം നടത്താനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും നിങ്ങളുടെ പൊലീസിനോട് ആവശ്യപ്പെടുക. നീതിന്യായ വ്യവസ്ഥ തടസ്സപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കും കോടതികളില്‍ തെളിവ് നല്‍കുന്നതില്‍നിന്ന് സാക്ഷികളെ വിലക്കിയവര്‍ക്കുമെതിരെയും നടപടിയുണ്ടാവണം. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, പ്രത്യേകാന്വേഷണ സംഘം പോലും ഇതുവരെ കലാപത്തിന് കൂട്ടുനിന്ന ഒരു ഇന്‍സ്പെക്ടറെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഏതാനും ഇന്‍സ്പെക്ടര്‍മാര്‍ വിചാരിച്ചാല്‍ ഇത്ര ദീര്‍ഘവും വ്യാപകവുമായ കലാപം സംഘടിപ്പിക്കാനും ഇരകള്‍ക്കു നീതി നിഷേധിക്കാനും കഴിയുമോ?

2. സഞ്ജീവ് ഭട്ടിനെയും രാഹുല്‍ ശര്‍മയെയും രജനീഷ് റായിയെയും കുല്‍ദീപ് ശര്‍മയെയും പോലുള്ള ഉദ്യോഗസ്ഥരോടുള്ള പകപോക്കലും അച്ചടക്ക നടപടികളും ഏകപക്ഷീയമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കുക.

3. ചേരികളില്‍ ദുരിത ജീവിതം നയിക്കുന്ന ആയിരക്കണക്കിന് വരുന്ന കലാപഇരകളുടെ ആശ്വാസത്തിനും അനുരഞ്ജനത്തിനും പുനരധിവാസത്തിനും ആത്മാര്‍ഥമായ പദ്ധതി പ്രഖ്യാപിക്കുക.

4. സ്വീകാര്യമെങ്കില്‍ ഉപവാസത്തിന്റെ അവസാനം സത്യഗ്രഹ വേദിയില്‍തന്നെ ഈ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും കലാപ ഇരകളിലാരിലെങ്കിലുംനിന്ന് പഴച്ചാര്‍ വാങ്ങിക്കഴിച്ച് നിരാഹാരത്തിന് അന്ത്യം കുറിക്കുകയും ചെയ്യുക.
ഗുജറാത്തിലെ ആറും കേരളത്തിലെ മൂന്നും മുഖ്യമന്ത്രിമാര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ച പരിചയം എനിക്കുണ്ട്. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ അപാരമായ തന്റേടവും ഊര്‍ജവും സാമര്‍ഥ്യവുമുള്ള നേതാവാണ് നിങ്ങളെന്നു സമ്മതിക്കാന്‍ എനിക്ക് തെല്ലും മടിയില്ല. ഇന്ത്യന്‍ പൌരന്‍മാരില്‍ ഒരു വിഭാഗത്തെ പുറംതള്ളാനും വേര്‍തിരിച്ചു നിര്‍ത്താനും അവരോടു വിദ്വേഷം കാണിക്കാനുമുള്ള സംഘ്പരിവാര്‍ പ്രബോധനങ്ങളെ മനസ്സില്‍നിന്നു പിഴുതെറിയാനുള്ള യജ്ഞമായി ഈ ഉപവാസത്തെ പരിവര്‍ത്തിക്കൂ. അതു സാധ്യമായാല്‍ നിങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിനു വെട്ടിത്തിളങ്ങുന്ന അമൂല്യ സ്വത്തായി മാറുമെന്നാണ് ഒരു മുതിര്‍ന്ന പൌരന്‍ എന്ന നിലയില്‍ എന്റെ എളിയ അഭിപ്രായം.
പിറന്നാള്‍ ദിനത്തില്‍ ആശംസകളും പ്രാര്‍ഥനകളും.
ഊഷ്മള അഭിവാദ്യങ്ങള്‍.
വിശ്വസ്ഥതയോടെ
ആര്‍. ബി ശ്രീകുമാര്‍.

ഉറവിടം നലാമിടം

Share/Bookmark

No comments: