ടാറ്റ കോവിഡ് ആശുപത്രി വർത്തമാനങ്ങൾ
ടാറ്റ കോവിഡ് ആശുപത്രി ഇതുവരെ ചികിത്സ തേടിയത് 1743 പേര്‍ , നിലവില്‍ 100 പേര്‍ ചികിത്സയില്‍
കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി സെപ്റ്റംബര്‍ ഒന്‍പതിനാണ് സര്‍ക്കാരിന് കൈമാറിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കോവിഡ് ആശുപത്രിയില്‍ പുതിയതായി 191 തസ്തികകള്‍ അനുവദിച്ചിരുന്നു. നിലവില്‍ 175 ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്ടിച്ചു വരുന്നു.ആദ്യ ഘട്ടത്തില്‍ ആശുപത്രി സി.എഫ്.എല്‍.ടി.സി ആയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഏപ്രില്‍ മാസത്തോടെ ഐ.സി.യു സംവിധാനം ഏര്‍പ്പെടുത്തിയ ആശുപത്രിയില്‍ കോവിഡ് രോഗികളിലെ സി വിഭാഗം (ഗുരുതര രോഗികള്‍) രോഗികളെ പരിചരിക്കുന്ന റഫറല്‍ സെന്ററാണ്. ഇവിടെ 80 ഓക്‌സിജന്‍ ബെഡുകള്‍, 8 വെന്റിലേറ്ററുകള്‍ എന്നീ സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഏപ്രിൽ മുതൽ ജൂൺ 6 വരെ ഇരുന്നൂറോളം അതീവ ഗുരുതരാവസ്ഥയിലുള്ള കോ വിഡ് ബാധിതർ ഇവിടെ നിന്ന് രോഗമുക്തരായിട്ടുണ്ട്.
മൂന്ന് സോണുകളായി തിരിച്ച ആശുപത്രിയില്‍ ഒന്ന്, രണ്ട് സോണുകള്‍ രോഗികള്‍ക്കായും മൂന്നാം സോണ്‍ ഓഫീസ് സോണുമായി പ്രവര്‍ത്തിച്ചു വരുന്നു. 128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 200 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി.
തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ എട്ടുകോടിയോളം രൂപ സര്‍ക്കാരാണ് ചിലവഴിച്ചത്. 1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്റ്റേര്‍സ്, എട്ട് ഓവര്‍ഫ്ളോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്.
ടാറ്റ ആശുപത്രി നാള്‍ വഴികള്‍
2020 ഏപ്രില്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയനും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും ടാറ്റാ ആശുപത്രി കാസര്‍കോട് ജില്ലയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴിന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആശുപത്രി നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം തെക്കില്‍ വില്ലേജില്‍ കണ്ടെത്തി. ഏപ്രില്‍ എട്ടിന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദ്ദേശിച്ച സ്ഥലം ആശുപത്രി നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.
ഏപ്രില്‍ ഒമ്പതാം തീയ്യതി ആശുപത്രി നിര്‍മ്മാണത്തിന്റെ തുടക്കമെന്നോണം തെക്കില്‍ വില്ലേജിലെ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു.ഏപ്രില്‍ 28ന് തെക്കില്‍ വില്ലേജിലെ സ്ഥലത്തേക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ റോഡ്, സ്ഥലം നിരപ്പാക്കല്‍ എന്നിവ പൂര്‍ത്തിയാക്കി ആശുപത്രി നിര്‍മ്മാണത്തിനായി സ്ഥലം വിട്ടു നല്‍കി. മെയ് 15ന് ടാറ്റ ആശുപത്രിയുടെ ആദ്യ പ്രീ ഫാബ് സ്ട്രക്‌ച്ചേര്‍ തെക്കില്‍ വില്ലേജില്‍ സ്ഥാപിച്ചു. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ ആശുപത്രി കോമ്പൗണ്ട് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി മരത്തൈകള്‍ നടുന്നതിന് തുടക്കം റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജൂലൈ 10ന് ടാറ്റാ ആശുപത്രിയുടെ അവസാന പ്രീ ഫാബ് സ്ട്രക്ച്ചറും സ്ഥാപിച്ചു. സെപ്റ്റംബര്‍ ഒന്‍പതാം തീയ്യതി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ടാറ്റാ ആശുപത്രി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 24ന് ആരോഗ്യവകുപ്പിലെ വിദഗ്ദര്‍ ആശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി.
സെപ്റ്റംബര്‍ 30ന് ടാറ്റാ കോവിഡ് ആശുപത്രിയില്‍ പുതിയതായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചു. ആദ്യ വ്യാപനതരംഗത്തില്‍ ജില്ലാ ആശുപത്രിയെ പൂര്‍ണമായും കോവിഡ് ആശുപത്രിയായി മാറ്റേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത്തവണ ഈ അതിതീവ്ര വ്യാപന സമയത്ത് പോലും ജില്ലാ ആശുപത്രിയില്‍ കോവിഡിതര ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നത് ടാറ്റ ആശുപത്രി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്.
നിലവില്‍ 175 സ്റ്റാഫുകള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ 100 രോഗികള്‍ ചികിത്സയിലുണ്ട്. നാളിതുവരെ ടാറ്റ കോവിഡ് ആശുപത്രിയില്‍ 1743രോഗികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഇടയ്ക്ക് ചോര്‍ച്ച സംബന്ധിച്ച പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ടാറ്റയുടെ ജീവനക്കാര്‍ അത് പരിഹരിക്കാനായി ആശുപത്രിയിലെത്തി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നിലവില്‍ ലാബ് സൗകര്യം, എക്‌സ് റേ, ഇ.സി.ജി സൗകര്യങ്ങള്‍ എല്ലാം ലഭ്യമാണ് ടാറ്റ ആശുപത്രി ആര്‍.എം.ഒ ഡോ. ശരണ്യ പറഞ്ഞു.
District Collector Kasaragod
courtesy Kasargodinoridam FB Group
No comments:
Post a Comment