ലോക്ക് ഡൌണും മൊബൈലും മൂന്നു (അനുഭവ) കഥകൾ
ലോക്ക് ഡൌൺ ആയതിനു ശേഷം ആളുകള് ജീവിച്ചത് തന്നെ മൊബൈലും ഇന്റേർനെറ്റും കയ്യിലുള്ളത് കൊണ്ട് എന്നാണ് സാധാരണ പറയാറ്. മറ്റെല്ലാത്തിനെക്കാളും ജാഗ്രതയോടെയാണ് ആളുകള് മൊബൈലിനെ പ്രണയിച്ചത് പരിപാലിച്ചത്. എന്റെ മൂന്നു സുഹൃത്തുക്കൾക്ക് ഈ ലോക്ക് ഡൌണ് കാലത്തുണ്ടായ മൊബൈലനുഭവങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.
ഒന്ന്
ലോക്ക് ഡൌണും ട്രോളും പിന്നെ മൊബൈലും
ട്രോളന്മാർക്ക് ഒരു വിഷയം വീണു കിട്ടാന് കാത്തിരിക്കുകയാണല്ലോ, ഉടനെ അവ ഹാസ്യമായോ വീഡിയോ ആയോ ഒക്കെ സോഷ്യല് സ്പേസില് കറങ്ങി നടക്കുകയായി.
അങ്ങനെ വന്നവയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ലോക്ക് ഡൌണ് കാലത്ത് മോബലിന്റെ ഡിസ്പ്ലേ പോയാൽ എന്നു പറയുന്നത്. യാഥാർത്യത്തിൽ അത് ട്രോളയായിരുന്നില്ല എന്റെ സുഹൃത്തിനെ സംബന്ധിച്ചേടത്തോളം അവന്റെ നേരനുഭവമായിരുന്നു. ഞങ്ങളുടെ കോളേജ് അലുംമ്നി ഗ്രൂപ്പില് ചങ്ങാതി ഈ ട്രോള് ഷെയര് ചെയ്ത തൊട്ടടുത്ത ദിവസം തന്നെ മൂപ്പരുടെ മൊബൈലിന്റെ ഡിസ്പ്ലേ പണി പറ്റിച്ചു. ട്രോള് ശാപമാണോ, ഇനി ട്രോള് ഷെയര് ചെയ്ത മൊബൈല് വാക്ക് പാലിച്ചതാണോ, ദൈവത്തിനാറിയാം.
പാവം ഇപ്പോഴും പാതി ജീവൻ നഷ്ടപ്പെട്ട പോലെ കാസർക്കോടിന്റെ ഏതോ കോണിൽ കുഞ്ചൻ നമ്പിയാരെ കടമെടുത്താൽ തേരാ പാരാ നടക്കുന്നു..
രണ്ട്
ലോക്ക് ഡൌണ്, ചായ, ബിസ്കറ്റ്, മൊബൈല്
ഞങ്ങളുടെ വില്ലയിലെ സുഹൃത്താണ് ഇവിടത്തെ താരം. പൊതുവേ തീറ്റ പ്രിയനാണ് സുഹൃത്തു. ഖത്തറിൽ ഞങ്ങളുടെ വില്ലയായ ഓമശ്ശേരി ഹൌസിലെ മെസ്സ് വളരെ പ്രശസ്തമാണ്. ഇത്രക്കും സുഭിക്ഷമായ മറ്റൊരു ബാച്ചിലര് മെസ്സ് ദോഹയില് ഉണ്ടാവുമോ എന്നത് സംശയമാണ്. ഞങ്ങളുടെ മെസ്സിലെ കൂടാതെ പുറമെ ഉള്ള ഭക്ഷണം കൊണ്ട് വന്നാലും ഇവിടെ ബാക്കിയാവാറില്ല എന്നത് മറ്റൊരു പ്രത്യേകത.
കഥയിലേക്ക് വരാം. ഇത് നടക്കുന്നത് നാട്ടിലാണ്. മൂപ്പരുടെ ചെറിയ കുട്ടി വീട്ടിൽ ചായയിൽ ബിസ്കറ്റ് മുക്കി തിന്നു കൊണ്ടിരിക്കുകയായിരുന്നു. ഭക്ഷണ ടേബിളിൽ അച്ചാറു പോലെ നമ്മളുടെ എല്ലാവരുടെയും കയ്യിലും തൊട്ട് കൂട്ടാൻ മൊബൈലും ഉണ്ടാവുമല്ലോ, ഇല്ലെങ്കിലെങ്ങനേയാ ഭക്ഷണം ഇറങ്ങുക അല്ലേ? ബിസ്കറ്റും ചായയും കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടി അടുത്തുണ്ടായിരുന്ന മൊബൈല് എടുത്തു ചായയിൽ മുക്കി !!
പിന്നെ ബാക്കി കഥ പറയാനുണ്ടോ!!!
മൂന്നു
ക്വറന്റൈൻ, Work from home, ഹാൻഡ് വാഷ്, iPhone XI
Covid19 വന്നതോട് കൂടി എല്ലാവരും വള്ളിയില്ലാതെ വീട്ടിനകത്ത് കെട്ടിയിടപ്പെട്ട അവസ്ഥയിലായി എന്നു പറയേണ്ടതില്ലല്ലോ. ഖത്തറിൽ എല്ലാ ഓഫീസുകളിലും 20% ഹാജര് മാത്രം നില നിരത്തിയാല് മതി ബാക്കി ഉള്ളവര് വീട്ടിലിരുന്നു ജോലി ചെയ്താല് മതി എന്നാണ് സര്ക്കാര് നിർദ്ദേശം. അത് കൊണ്ട് തന്നെ ആളുകള്ക്ക് ആഴ്ചയില് ഒന്നോ രണ്ടോ ദിവസം മാത്രം ഓഫീസിൽ പോയാൽ മതി എന്ന അവസ്ഥയായി. റമദാൻ കൂടി കൊറോണ കാലത്ത് വിരുന്ന് വന്നതോടെ ആളുകളുടെ ടൈംടേബിൾ മുഴുവന് തകിടം മറിഞ്ഞു!!! ഇവിടത്തെ കഥാ പാത്രം എന്റെ സുഹൃത്ത് സര്ക്കാര് സർവ്വീസിലാണ് ജോലി. സോഫ്റ്റ്വെയര് ഫീൽഡില് ആയത് കൊണ്ട് തന്നെ ചില സമയങ്ങളില് ചങ്ങാതി നല്ല തിരക്കിലും ടെൻഷനിലും ആയിരിക്കും.
കൊറോണ വ്യാപനം നടന്നതിന് ശേഷം വീട്ടില് നിന്നു പുറത്തു പോയാൽ അകത്ത് കയറുന്നതിന് മുൻപ് കൈ 20 സെക്കൻഡ് കഴുകണം എന്നത് അലിഖിത നിയമായി എല്ലാവരും അംഗീകരിച്ച് പട്ടാള ചിട്ടയോടെ നടപ്പിലാക്കുകയാണല്ലോ, ചെറിയ കുട്ടികളൊക്കെ ഉള്ള കുടുംബങ്ങൾ അതില് കൂടുതല് ജാഗ്രത കാണിക്കുന്നുമുണ്ട്. നമ്മുടെ കഥാപാത്രം, ഇങ്ങനെ ജോലിക്കിടെ കൈ കഴുകുന്ന സമയത്ത് തന്റെ പുതു പുത്തൻ iphone xi എടുത്ത് 20 സെക്കൻഡ് നല്ല വൃത്തിയായി കഴുകി. ഇത് കഴുകി തീരുന്നത് വരെ തന്റെ മൊബൈലാണ് ക്ലീന് ചെയ്യുന്നത് എന്ന ബോധം പോലും ചങ്ങായിക്ക് ഉണ്ടായിരുന്നില്ല എന്നതാണ്, മൊത്തം ഒരു യാന്ത്രികത.
തിരിച്ചറിവ് വന്നപ്പോഴേക്കും മൊബൈൽ പിണങ്ങി കഴിഞ്ഞിരുന്നു. ദോഹയിൽ നിന്നും അഞ്ഞൂറു റിയാലിന് പുതിയ ഡിസ്പ്ലേ വാങ്ങി ഇട്ടു മൂപ്പർ പ്രശ്നം പരിഹരിച്ചൂ.
നിങ്ങള്ക്കും ഉണ്ടാവും ഇതുപോലത്തെ ലോക്ക് ഡൌൺ മൊബൈൽ അനുഭവങ്ങൾ !!! ഷെയർ ചെയ്യുമല്ലോ
No comments:
Post a Comment