ഒരു ദിവസം കൈയ്യില്‍ ഒരു വാളുമായി ഉമര്‍ പുറപ്പെട്ടു. നബിയെ വധിക്കുകയായിരുന്നു ലക്ഷ്യം. യാത്രാമധ്യേ തന്റെ സഹോദരി ഫാത്വിമയും ഭര്‍ത്താവും ഇസ്ലാം സ്വീകരിച്ചവിവരം ഉമര്‍ അറിഞ്ഞു. ഒട്ടും താമസിച്ചില്ല. സഹോദരിയുടെ ഭവനത്തിലേക്ക് ഉമര്‍ പാഞ്ഞു. ഖബ്ബാബ്(റ) ഫാത്വിമക്കും ഭര്‍ത്താവ് സഈദിനും ഖുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിക്കുകയാണ്. ഖുര്‍ആന്‍ എഴുതിയ ഫലകം നോക്കി ഫാത്വിമ പാരായണം ചെയ്യുന്നു. ഉമര്‍ പുറത്തുനിന്ന് അത് കേട്ടു. പെട്ടന്ന് ഉമര്‍ വാതിലില്‍ മുട്ടി. ഫാത്വിമ ഖുര്‍ആന്‍ എഴുതിയ ഫലകം ഒളിപ്പിച്ചുവെച്ചു. ഖബ്ബാബ് ഉമറിന്റെ ദൃഷ്ടിയില്‍ പെടാതെ മാറിനിന്നു. വാതില്‍ തുറക്കപ്പെട്ടു. ഉമര്‍ ശരവേഗത്തില്‍ മുറിക്കുള്ളില്‍ കടന്നു. 'എന്താണ് ഇവിടെ കേട്ടത്?' ഉമര്‍ അട്ടഹസിച്ചു. ആരും ഒന്നും പറഞ്ഞില്ല.
ഉമര്‍ സഈദിനു നേരെ തിരിഞ്ഞു. 'നിങ്ങള്‍ ആ മുഹമ്മദിന്റെ മതത്തില്‍ ചേര്‍ന്നതായറിഞ്ഞു.' സഈദിന്റെ മുഖത്ത് ഉമറിന്റെ കൈ ആഞ്ഞുപതിച്ചു. തടയാന്‍ ശ്രമിച്ച ഫാത്വിമക്കും അടികിട്ടി.
ഫാത്വിമ ഉറച്ചസ്വരത്തില്‍ പറഞ്ഞു: 'നിങ്ങള്‍ തോന്നിയത് ചെയ്തുകൊള്ളുക. ഞങ്ങള്‍ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചിരിക്കുന്നു.'
ഉമര്‍ അവരുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അടികൊണ്ട് രക്തം വാര്‍ന്നൊലിക്കുന്ന മുഖം. എന്നിട്ടും ആ മുഖത്തുകാണുന്ന നിശ്ചയദാര്‍ഢ്യം! കോപം അടങ്ങിയ ഉമര്‍ ഖുര്‍ആന്‍ എഴുതിയ ഫലകം ആവശ്യപ്പെട്ടു. ഫ്വാത്വിമ ഉമറിനോട് ശുദ്ധിയായി വരുവാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ഉമര്‍ വന്നപ്പോള്‍ ഖുര്‍ആന്‍ എഴുതിയ ഫലകം നല്‍കി. ഉമര്‍ ആ ഖുര്‍ആന്‍ വചനം വായിച്ചു. സൂറഃ ത്വാഹയിലെ വചനങ്ങള്‍. ഉമര്‍ ചിന്തിച്ചു. എന്താണതിന്റെ പൊരുള്‍?
"ത്വാഹാ, താങ്കള്‍ പ്രയാസപ്പെടുന്നതിനുവേണ്ടിയല്ല നാം താങ്കള്‍ക്ക് ഈ ഖുര്‍ആന്‍ അവതരിപ്പിച്ചത്. ഇത് (അല്ലാഹുവെ) ഭയപ്പെടുന്നവര്‍ക്ക് ഉല്‍ബോധനം മാത്രം. ഭൂമിയും അത്യുന്നതങ്ങളായ ആകാശങ്ങളും സൃഷ്ടിച്ചവനില്‍നിന്ന് അവതീര്‍ണമായത്.'' ഉമര്‍ വീണ്ടും വീണ്ടും വായിച്ചു.
ഉമര്‍ ചിന്തിച്ചു! ആഴത്തില്‍ ചിന്തിച്ചു!! എത്ര മനോഹരമാണീ വാക്യങ്ങള്‍!! തീര്‍ച്ചയായും ഇത് ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ വചനം തന്നെ!!
ഉമര്‍ പിന്നീട് അവിടെ നിന്നില്ല. വളരെ വേഗം ദാറുല്‍അര്‍ഖം ലക്ഷ്യമാക്കി നടന്നു. അവിടെയായിരുന്നു നബിയും സഖാക്കളും സമ്മേളിച്ചിരുന്നത്. ഊരിപ്പിടിച്ച വാളുമായി പാഞ്ഞുവരുന്ന ഉമറിനെക്കണ്ട് സ്വഹാബികള്‍ ജാഗ്രത പൂണ്ടു. 'ഉമര്‍ വന്നുകൊള്ളട്ടെ. നല്ല ഉദ്ദേശ്യത്തോടെയാണ് വരുന്നതെങ്കില്‍ അയാള്‍ക്ക് നല്ലത്. അല്ലെങ്കില്‍ ഇതാ ഈ വാളുകൊണ്ട് ആ കഴുത്ത് ഞാനരിയും.' ഹംസ(റ) സ്വഹാബികളോട് ഇപ്രകാരം പറഞ്ഞ് തയ്യാറായിനിന്നു.
നബിയുടെ സമീപത്ത് ചെല്ലുവാന്‍ ഉമറിന് അനുവാദം ലഭിച്ചു. അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ പിടിച്ചുകൊണ്ട് നബി ചോദിച്ചു: 'ഉമര്‍, എന്തുദ്ദേശ്യത്തോടുകൂടിയാണ് താങ്കളുടെ വരവ്?'
ഉമര്‍ വിനയാന്വിതനായി പ്രതിവചിച്ചു: 'സത്യവിശ്വാസം സ്വീകരിക്കുവാനാണ് ഞാന്‍ വന്നിട്ടുള്ളത്'
'അല്ലാഹു അക്ബര്‍! അല്ലാഹുഅക്ബര്‍!' (ദൈവം വലിയവന്‍, ദൈവം വലിയന്‍) സ്വഹാബികളുടെ കണ്ഠങ്ങളില്‍നിന്ന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടുള്ള തക്ബീര്‍ധ്വനികള്‍ മുഴങ്ങി. സന്തോഷാശ്രുക്കള്‍ പൊഴിച്ച് അവര്‍ ഉമറിനെ ആശ്ളേഷിച്ചു.
ഉമര്‍ തന്റെ ധന്യജീവിതം ദൈവികമാര്‍ഗത്തില്‍ സമര്‍പ്പിച്ചു. അദ്ദേഹം ഇസ്ലാം ആശ്ളേഷിച്ചത് കാട്ടുതീപോലെ മക്കയില്‍ പ്രചരിച്ചു. മക്കയില്‍ മുസ്ലിംകളുടെ ആത്മവീര്യം വര്‍ദ്ധിക്കാന്‍ ഇത് ഏറെ സഹായകമായി. അന്ന് ഖുറൈശികളില്‍ ഉമറിനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. അദ്ദേഹം കഅ്ബയില്‍ ചെന്ന് പരസ്യമായി നമസ്കരിച്ചു. സത്യവിശ്വാസികളുടെ ശക്തിയും എണ്ണവും വര്‍ധിക്കാന്‍ ഉമറിന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു.
നബിയും സ്വഹാബികളും മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തത് ഏറെക്കുറെ രഹസ്യഭാവത്തോടുകൂടിയായിരുന്നു. എന്നാല്‍ ഉമര്‍ പരസ്യമായാണ് മദീനയിലേക്ക് യാത്രയായത്. മദീനയിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം കഅ്ബയില്‍ പോയി ഏഴുപ്രാവശ്യം ത്വവാഫ് ചെയ്തു. മഖാമുഇബ്രാഹീമില്‍ നമസ്കരിച്ചു. അവിടെയുണ്ടായിരുന്ന മുശ്രിക്കുകളോട് അദ്ദേഹം പറഞ്ഞു: 'ഞാനിതാ മദീനയിലേക്കു പുറപ്പെടുന്നു. ആരുടെയെങ്കിലും ഉമ്മക്ക് മകന്‍ നഷ്ടപ്പെടണമെങ്കില്‍, ആരുടെയെങ്കിലും മക്കള്‍ക്ക് പിതാവില്ലാതാകണമെങ്കില്‍, ആരുടെയെങ്കിലും ഭാര്യമാര്‍ക്ക് ഭര്‍ത്താവില്ലാതാവണമെങ്കില്‍ ഈ താഴ്വരക്കപ്പുറത്ത് എന്നെ തടയാന്‍ വരട്ടെ.' അദ്ദേഹത്തെ തടയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ധീരനായ ഉമര്‍ അങ്ങനെ മദീനയിലേക്കു ഹിജ്റ ചെയ്തു. നബിയോടൊപ്പം എല്ലാ യുദ്ധങ്ങളിലും മുന്നണിപ്പോരാളിയായി അദ്ദേഹം പങ്കെടുത്തിരുന്നു.
നബിയുടെ സന്തതസഹചാരിയായ പ്രതിഭാശാലി
മദീനയില്‍ നബിയുടെ സന്തതസഹചാരിയായിരുന്നു ഉമര്‍. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനും കാര്യങ്ങള്‍ കേട്ടുപഠിക്കാനും അദ്ദേഹം അത്യധികം ഉത്സാഹം കാണിച്ചു. ഭരണപരമായ കാര്യങ്ങളില്‍ നബി ഉമറിനോടഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് പലപ്പോഴും ഖുര്‍ആന്‍ അവതരിക്കുകയുണ്ടായി. 'ഉമറിന്റെ നാവിലും ഹൃദയത്തിലും അല്ലാഹു സത്യത്തെ കുടിയിരുത്തിയിട്ടുണ്ട് എന്ന നബിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തിന്റെ നിദര്‍ശനമാണ്. നബിയുമായുള്ള നിരന്തരസഹവാസവും അറിവുനേടാന്‍ കാണിച്ച ജാഗ്രതയും ശുഷ്കാന്തിയും ബുദ്ധിവൈഭവവും കാരണം ഖുര്‍ആന്റെ ആഴവും അര്‍ഥവും നന്നായി ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
സമ്പത്ത് ദൈവത്തിന്റെ മാര്‍ഗത്തില്‍
ഉമര്‍ സമ്പത്ത് ഇസ്ലാമിനുവേണ്ടി ചെലവഴിക്കുന്നതില്‍ അതിയായ താല്‍പര്യം കാണിച്ചു. തബൂക്ക് യുദ്ധത്തിനുവേണ്ടി നബി വിഭവങ്ങള്‍ സമാഹരിച്ചപ്പോള്‍ സമ്പത്തിന്റെ പകുതിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്ത് ഉമര്‍ മാതൃക കാണിച്ചു.
നബിയുടെ മരണത്തെത്തുടര്‍ന്ന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുവാന്‍ മുന്‍കൈയെടുത്തത് ഉമറായിരുന്നു. ഒന്നാം ഖലീഫയായി അബൂബക്കറിനെ തിരഞ്ഞെടുക്കുവാന്‍ അദ്ദേഹമാണ് നിര്‍ദേശിച്ചത്. അബൂബക്കര്‍ സിദ്ദീഖിന്റെ ഭരണകാലത്ത് ഭരണപരമായ കാര്യങ്ങളില്‍ ഖലീഫയെ ഉമര്‍ നിരന്തരം സഹായിച്ചുകൊണ്ടിരുന്നു. നാട്ടിലെ അശരണരും ആലംബഹീനരുമായ ആളുകളെ നേരിട്ടുചെന്ന് സഹായിച്ച് ഇസ്ലാമിന്റെ ഉന്നതവും മഹനീയവുമായ മാതൃക സൃഷ്ടിച്ച ഉമര്‍ മാനവചരിത്രത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നു. മുസ്ലിംകളല്ലാത്ത രാജ്യനിവാസികളോട് തികഞ്ഞ സഹിഷ്ണുതയോടെയും സ്നേഹത്തോടെയും പെരുമാറി ജനങ്ങള്‍ക്ക് മാതൃകയായി. ഇക്കാരണങ്ങളാല്‍ ഖലീഫയാകുന്നതിന്റെ മുമ്പുതന്നെ ഇസ്ലാമിന്റെ ഉദാത്തമായ മാതൃകയാകുവാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. അബൂബക്കര്‍ സിദ്ദീഖിന്റെ അന്ത്യസമയത്ത് തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഖലീഫക്കും സ്വഹാബികള്‍ക്കും ഏറെ ചിന്തിക്കേണ്ടിവന്നില്ല. അബൂബക്കറിന്റെ തീരുമാനം ജനങ്ങള്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
copied on 29 Dec 2012 (ഇത്രയും കാലം ഡ്രാഫ്റ്റിൽ ആയിരുന്നു എന്ന് സാരം - എന്റെ മടി)
copied on 29 Dec 2012 (ഇത്രയും കാലം ഡ്രാഫ്റ്റിൽ ആയിരുന്നു എന്ന് സാരം - എന്റെ മടി)
No comments:
Post a Comment