സ്ക്രാപ്പുകൾക്കും കഥ പറയാനുണ്ട്
ദോഹയിൽ ഒക്ടോബർ 25 മുതൽ നവംബർ രണ്ടു വരെ നടക്കുന്ന സ്ക്രാപ്പ് ആർട്ട് എക്സിബിഷൻ അനുഭവ കുറിപ്പ്


എന്നാൽ സ്ക്രാപ്പ് ആര്ട്ട് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ?
creativity at its peak

ഇശാ നമസ്കാരം കഴിഞ്ഞു ഞാനും ഷിയാസും കൂടി സ്ക്രാപ്പ് എക്സിബിഷൻ നടക്കുന്ന എൻട്രൻസിൽ എത്തി, അപ്പോൾ നമ്മുടെ സെക്യൂരിറ്റിക്കാരൻ പയ്യൻ പറഞ്ഞു ഇന്ന് ഫാമിലി ദിവസം എന്ന്. അവിടെ ഉണ്ടായിരുന്ന തമിഴ് ടീമിനെ ചട്ടം കെട്ടി ഞങ്ങൾ അകത്ത് കടന്നു.
അകത്തെ വിഭവങ്ങൾ കണ്ടപ്പോൾ ശരിക്കും അമ്പരന്നു.
നമ്മൾ ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന ആണി മുതൽ വാഹനങ്ങളുടെ പാർട്സ് വരെ ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്ന വസ്തുക്കൾ കണ്ടപ്പോൾ മൂക്കത്ത് വിരൽ വെച്ച് പോയി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവരുടെ കരവിരുതിൽ തീർത്ത കലാ രൂപങ്ങൾ അവിടെ പ്രദർശനത്തിനു വെച്ചിട്ടുണ്ട്. ലോകത്തെ മികച്ച മുപ്പത് കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്ശനത്തിനുള്ളത്.ചെറുതും വലുതുമായ ഒരുപാട് വിഭവങ്ങള്അവരിൽ ചില കലാകാരന്മാരെ പരിചയപ്പെടാനും സംവദിക്കാനും അവസരം ലഭിച്ചു.

അമേരിക്കയിലെ nebraska എന്ന സ്ഥലത്തു 1907ൽ സ്ഥാപിതമായ സ്‌കൂൾ ഇപ്പോൾ ആ കൊച്ചു പട്ടണത്തിൽ കേവലം അഞ്ഞൂറിൽ താഴെ ജന സംഖ്യ ആയത് കൊണ്ട് അവർ അവിടത്തെ പഴയ സ്‌കൂൾ വിൽക്കുമ്പോൾ അത് കാശ് കൊടുത്ത വാങ്ങിച്ചു അവർ തന്റെ സ്റ്റുഡിയോ പണിതു, കഴിഞ്ഞ പതിനഞ്ച് വർഷമായി അവർ ഈ ജോലി തുടരുന്നു.
അവരുടെ വർക്ക് ഷോപ്പിനെ എല്ലാവരും സ്റ്റുഡിയോ എന്നാണ് വിളിക്കുന്നത്. ഓരോ ആർട്ട് വർക്കും തീർക്കാൻ രണ്ടാഴ്ച മുതൽ ആറുമാസം വരെ സമയം എടുക്കുന്നുണ്ട് എന്നാണ് അവർ പറഞ്ഞത്.


ഒമാനിലെ ചെറുപ്പക്കാരനായ ആർട്ടിസ്റ്റ് Abdulkareem Al-Rawahi പരിചയപെട്ടു, അദ്ദേഹം അവിടത്തെ ആർട്സ് കോളേജിലെ പ്രൊഫസ്സർ ആണ്, തന്റെ കലാ രൂപങ്ങൾ ഒക്കെയും ഒറ്റക്കിരിക്കുന്ന മനുഷ്യരെയാണ് നിർമ്മിച്ച് വച്ചിരിക്കുന്നത്, ഇത് കണ്ട ഷിയാസ് അദ്ദേഹത്തോടെ ചോദിച്ചു, നിങ്ങൾ സിംഗിൾ ആണല്ലേ എന്ന്, അത് ചിരി പടർത്തി, നിങ്ങളുടെ ആർട്ട് വർക്കുകൾ ഒക്കെ സിംഗിൾ ആയത് കൊണ്ട് ചോദിച്ചതാണ് എന്ന് പറഞ്ഞപ്പോൾ താൻ ഏകാകിയായിരിക്കാൻ ഇഷ്ടപ്പെടുന്നു എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ആഴ്ചകളും മാസങ്ങളും എടുത്ത് തന്നെയാണ് അബ്ദുൽ കരീമും തന്റെ വർക്കുകൾ കംപ്ലീറ്റ് ചെയ്തത്. ഇദ്ദേഹം പക്ഷെ ഈ ഫീൽഡിൽ പുതിയ ആളാണ്.
തുടർന്ന് ഞങ്ങൾ കണ്ടു മുട്ടിയത് അമേരിക്കക്കാരനായ ജോൺ ലോപ്പസ് ആയിരുന്നു, വലിയ കുതിര മൂങ്ങ യാക് അങ്ങനെ ഹെവി വൈറ്റ് വസ്തുക്കൾ ആണ് മൂപ്പരുടെ കലാ സൃഷ്ടികൾ എല്ലാം തന്നെ നാല് മുതൽ ആറു മാസം വരെ സമയം എടുത്ത് നിർമ്മിച്ചവ.
ഇവരുടെ നിർമ്മാണ രീതി അന്വേഷിച്ചപ്പോൾ പറഞ്ഞത്, ആദ്യം ഇവർ സ്ക്രാപ്പ് കളക്ട് ചെയ്യും, പിന്നെ അതിൽ നിന്നും കലാരൂപം ഡിസൈൻ ചെയ്യും എന്നാണ്.
രണ്ടു റഷ്യൻ കലാകാരന്മാരെ ഒരുമിച്ചു കിട്ടി,maksim bulygin & Alexei Medvedkov എന്നിവരായിരുന്നു അവർ, മാക്സിം ട്രെയിൻ നിർമ്മിക്കുന്നതിൽ അഗ്രഗണ്യനാണ് നേരിട്ട് കണ്ടില്ലെങ്കിൽ നിങ്ങൾ ഇതൊക്കെയും സ്ക്രാപ്പ് കൊണ്ടുണ്ടാക്കിയതാണോ എന്ന് സംശയിക്കുന്ന തരത്തിലാണ് ഓരോ വർക്കിന്റെയും പെർഫെക്ഷനും ഫിനിഷിങ്ങും. വലിയ വലിയ യന്ത്രങ്ങളുടെ അകത്തെ നെറ്റും ബോൾട്ടും ബെയറിങ്ങും ഒക്കെ ഉപയോഗിച്ചുള്ള വിവിധ തരം പക്ഷി മൃഗാദികളുടെ രൂപങ്ങൾ ഉണ്ടാക്കുകയാണ് അലക്സിയുടെ ഹോബി, ഇവരും പത്ത് വർഷത്തിലധികമായി ഈ ഫീൽഡിൽ. തങ്ങളുടെ വർക്ക് സ്റ്റേഷനെ എല്ലാവരും സ്റ്റുഡിയോ എന്നാണ് വിളിച്ചിരുന്നത്.
തുർക്കിക്കാരൻ ആജാനുബാഹുവായ, എന്നാൽ അദ്ദേഹത്തിന്റെ ആകാരത്തിനേക്കാൾ കൂടുതൽ സൗമ്യനായ Murat Yildilriimcakar നെ കണ്ടു മുട്ടി. ആഫ്രിക്കക്കാരെ പോലെ മുടി നെയ്തു സുന്ദരനായിരുന്നു മുറാദ് പല താരതത്തിലുള്ള മീനുകൾ ആയിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് കൂടെ നായ കുറുക്കൻ കഴുകൻ തുടങ്ങി വിവിധയിനം പക്ഷികൾ കോഴികൾ അങ്ങനെ ഒരുപാട് കലാ രൂപങ്ങൾ, ഓരോന്നും ഒന്നിനൊന്നു മെച്ചം.
മെസ്സിയുടെ നാട്ടുകാരനായ അർജന്റീനക്കാരൻ julian andres നെ കണ്ടു മുട്ടി, മനോഹരമായ കുതിരയും കാലമാനുമൊക്കെ അദ്ദേഹത്തിന്റെ കലാ സൃഷ്ടികളായിരുന്നു. ഒറിജിനലിനെ വെല്ലുന്ന കലാ രൂപങ്ങൾ. ഈ കുതിരയെ നിർമ്മിക്കാൻ ആറുമാസം സമയമെടുത്ത് എന്നാണ് ജൂലിയൻ പറഞ്ഞത്.
അദ്ദേഹം കലയുമായി ബന്ധമില്ലാതെ ഈ ഫീൽഡിൽ എത്തിപ്പെട്ട ഒരാളാണ്,കുറെ കാലം നാട്ടിൽ അകൗണ്ടന്റായി ജോലി ചെയ്തിരുന്ന ജൂലിയൻ പിന്നീട് അത് മതിയാക്കി ആർട്ടിലേക്ക് മാറുകയായിരുന്നു.
മെസ്സിയെക്കുറിച്ചു ചോദിച്ചപ്പോൾ അടുത്ത വര്ഷം കഴിഞ്ഞു ഇങ്ങോട്ടു വരുന്നുണ്ടല്ലോ എന്നായിരുന്നു മറുപടി, ഞങ്ങളൊക്കെ അതിനായി കാത്തിരിക്കുകയാണ് എന്ന് മറുപടിയും നൽകി, 2022 ഖത്തർ ലോകകപ്പ് ഫുടബോൾ ആയിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. ഫുടബോളിനെ കുറിച്ച് കൂടി കുറച്ചു സംസാരിച്ചു ഞങ്ങൾ അവിടന്ന് അടുത്ത സ്റ്റാളിലേക്ക് നടന്നു.
റഷ്യക്കാരനായ denis kulikov നെ പരിചയപ്പെട്ടു, ജുറാസിക്കളെയും പലതരം മത്സ്യങ്ങളും രൂപങ്ങളുമാണ് അദ്ദേഹത്തിന്റെ ആർട്ട് വർക്കുകളിൽ അധികവും, എൺപതിൽ അധികം കലാരൂപങ്ങൾ ഇതിനിടകം അദ്ദേഹം നിർമ്മിച്ച് കഴിഞ്ഞിട്ടുണ്ട്
എക്‌സിബിഷനിൽ നാല് റഷ്യൻ കലാകാരന്മാർ പങ്കെടുത്തതിൽ മൂന്നു പേരെ പരിചയപ്പെടാൻ സാധിച്ചു, അവരെല്ലാവരും നല്ല വൃത്തിയിൽ ഇംഗ്ളീഷ് സംസാരിക്കുന്നു എന്നുള്ളതാണ്, അവരുടെ പ്രോജക്ടുകളെക്കുറിച്ചു അവർ വാചാലരാകുന്നു. അധികപേരും കാഴ്ചകൾ കണ്ടു മാത്രം മടങ്ങുബോൾ ഞങ്ങളെ പോലെ ചിലർ മാത്രമാണ് അവരെ അഭിനന്ദിക്കുകയും അവരോടു സംസാരിക്കുകയും ചെയ്യുന്നത്. ഒരു കലാകാരനെ സംബന്ധിച്ചെടുത്തോളം അവരുടെ കലാ സൃഷ്ടികളെ കുറിച്ച് ലഭിക്കുന്ന അഭിപ്രായങ്ങൾ അവർ വല്ലാതെ വിലമതിക്കുന്നു എന്നതിൽ സംശയമില്ല.
ഹോളണ്ടുകാരനായ Georgie Poulariani യെ കണ്ടു മുട്ടി, നെതര്ലാന്ഡില് നിന്നുള്ള ഏക കലാകാരനായിരുന്നു അദ്ദേഹം ഉള്ളം കയ്യിൽ പൂമ്പാറ്റയെ പിടിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കലാ സൃഷ്ടി എല്ലാവരെയും ആകർഷിക്കും എന്നതിൽ സംശയമില്ല മുടിയൊക്കെ നീട്ടി ഡാൻസ് ചെയ്യുന്ന ഒരു പെൺകുട്ടി, ശൗര്യത്തോടെ ഇരിക്കുന്ന സിംഹം അങ്ങനെ ഒരുപാട് മറ്റു കലാ രൂപങ്ങളുമായിട്ടാണ് അദ്ദേഹം ദോഹയിൽ വന്നിട്ടുള്ളത്.
കുറച്ചധികം സമയം അദ്ദേഹത്തോടൊപ്പം ഞങ്ങൾ ചിലവഴിച്ചു, ഒന്ന് രണ്ടു പ്രോജക്ടുകൾ വിറ്റുപോയി എന്നും അവസാനം പരിപാടി കഴിഞ്ഞു പോകുമ്പോൾ ഞങ്ങൾക്ക് പാർട്ടി നൽകാം എന്നൊക്കെ പറഞ്ഞാണ് അവിടെ നിന്ന് പിരിഞ്ഞത്.
Barbara Licha എന്ന ആസ്‌ത്രേലിയൻ കലാകാരിയെയാണ് ഞങ്ങൾ പരിചയപ്പെട്ടത്, ബാർബറ ലീഹ എന്നാണ് ഷിയാസ് അവരെ വിളിച്ചത്, അത് അവരെ വല്ലാതെ ആകർഷിച്ചു, എന്നെ എല്ലാവരും ലീശാ എന്നാണ് വിളിക്കാറ് എന്നും ലീഹ എന്നാണ് ശരിക്കും പ്രൊനൗൺസ് ചെയ്യേണ്ടത് എന്നും അവർ പറഞ്ഞു, അതിനവർ നന്ദി പറഞ്ഞു. ശരിക്കും പോളണ്ട് കാരിയായ ബാർബറ ആസ്‌ത്രേലിയയിലേക്ക് കൂടു മാറിയതാണ്.
അവരുടെ കലാ രൂപങ്ങളൊക്കെ കൂട്ടിനകത്തുള്ള മനുഷ്യരായിട്ടാണ് കാണപ്പെട്ടത് അതിനെ കുറിച്ച് ചോദിച്ചപ്പോൾ അവരുടെ പ്രതികരണം നാമോരോരുത്തരും നമ്മൾ തന്നെ ഉണ്ടാക്കിയ തടവറകളിലാണ് അതാണ് ആ തടവറ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ്
കാണുമ്പോൾ വളരെ സിംപിൾ ആയി എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നവയായി അവരുടെ വർക്കുകകൾ തോന്നാമെങ്കിലും അതിന്റെ അർത്ഥ തലങ്ങൾ കൂടി സഞ്ചരിക്കുമ്പോൾ അത് അതി വിശാലമാണ്.
ഞങ്ങൾ പരിചയപ്പെട്ട കലാകാരന്മാരിൽ അധിക പേർക്കും ആർട്ടിലോ ഫൈൻ ആർട്സിലോ ഡിഗ്രി ഡിപ്ലോമ ഉള്ളവരാണ്, എന്നാൽ ചിലർ കുടുംബ പരമായി കലാകാരന്മാരായവരും (പാരമ്പര്യ കാലാകാരന്മാർ) അവരുടെ കൂട്ടത്തിൽ ഉണ്ട് .
ഞങ്ങൾ അത് വരെ കണ്ടിരുന്നത് ഇരുമ്പ് സ്ക്രാപ്പുകൾ ഉപയോഗിച്ചുള്ള കലാ സൃഷ്ടികൾ ആയിരുന്നു എന്നാൽ അടുത്ത റൂമിൽ ഒരുക്കി വെച്ചിരുന്നത് ewaste ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്ന കലാ സൃഷ്ടികളായിരുന്നു, ഇറ്റലി ജപ്പാൻ ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള കലാ കാരന്മാരാണ് ഇതിന്റെ പിന്നിൽ, ഇന്നലത്തെ സമയം അവസാനിച്ചതിനാൽ ഞങ്ങൾക്ക് അവരെ പരിചയപ്പെടാനോ അവരുടെ കലാ രൂപങ്ങൾ കൂടുതലായി നടന്നു കണ്ടു പരിചയപ്പെടാനോ സാധിച്ചില്ല.
ഇരുപത്തി അഞ്ചാം തീയതി വ്യാഴാഴ്ച ആരംഭിച്ച ഈ എക്സിബിഷൻ അടുത്ത വെള്ളിയാഴ്ച വരെ തുടരും. ഇനിയും ഒരുപാട് സ്റ്റാളുകൾ അതിനകത്ത് വരാനിരിക്കുന്നു എന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചതു, ദോഹയിലുള്ള കൂട്ടുകാർ ഇത് മിസ്സ് ചെയ്യരുത് എന്നാണ് നിങ്ങളോടു പറയാനുള്ളത്.

No comments:
Post a Comment