scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Oct 13, 2019

തന്തയില്ലാത്തവൻ - ഒരു ടീച്ചറുടെ അനുഭവ കുറിപ്പ്

"തന്തയില്ലാത്തവൻ"


🧵🧵🧵🧵
അനുഭവക്കുറിപ്പ്
രചന: വാണി എം

എച്ച് എസ് എസ് തിരുവളയന്നൂർ


Image result for കുരുത്തം കെട്ടവൻ2013-14 അധ്യയന വർഷം. ഞാൻ ക്ലസ്റ്റർ കോഡിനേറ്റർ ആയി ജോലി ചെയ്തിരുന്ന കാലം. ജോലിയുടെ ഭാഗമായി ഒരു UP സ്കൂളിലേക്ക് ഒരു ദിവസം ഞാൻ കയറിച്ചെന്നു. ഓഫീസ് റൂമിൽ പ്രധാന അദ്ധ്യാപിക ഒരു കുട്ടിയെ ശിക്ഷിന്നു. ഞാൻ ടീച്ചറെ ഒന്നു നോക്കി. ദേഷ്യം കൊണ്ടു ഉറഞ്ഞു തുള്ളുകയാണ്. എന്താ കാര്യമെന്ന് അനേഷിച്ചപ്പോൾ ടീച്ചർ പറയാ "ഇവൻ ക്ലാസ്സിലെ കേഡിയാ. മറ്റു കുട്ടികളെ ഉപദ്രവിക്കും. എത്ര പറഞ്ഞാലും അനുസരിക്കില്ല. അതിനുള്ള ശിക്ഷയാ.എന്റെ കണ്ണുകൾ  അവന ആകെയൊന്നുഴിഞ്ഞു  വെട്ടാൻ നിൽക്കുന്ന പോത്തിന്റെ ഭാവം. 
പ്രധാന അദ്ധ്യാപികയുടെ "പോടാ ക്ലാസ്സിലേക്ക് "എന്ന ആക്രോശം എന്നെ അവനിൽ നിന്നു പിന്തിരിപ്പിച്ചു. അവൻ പോയപ്പോൾ ഞാൻ ടീച്ചറോടു ചോദിച്ചു "ആ കുട്ടിയുടെ ക്ലാസ്സിലേക്ക് ഒന്നു പൊയ്ക്കോട്ടേ. "

ടീച്ചറിന്റെ അനുവാദത്തോടെ ഞാൻ അഞ്ചാം ക്ലാസ്സിലേക്ക് കടന്നു ചെന്നു. അവിടെ മലയാളം പീരിയഡ് ആയിരുന്നു. നെൽ വയലിനെ കുറിച്ചുള്ള പാഠം. നിങ്ങൾ പാടം കണ്ടിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന് ഉണ്ട് എന്ന ഉറച്ച ഉത്തരവുമായി ആ കുട്ടി -നവീൻ. എവിടെ വെച്ചാ? എങ്ങിനെയുള്ളതാ? വിളഞ്ഞു നിൽക്കുന്നതാണോ?  അതോ ഞാറിട്ടതോ? എല്ലാതും എന്ന മറുപടിയുമായി വീണ്ടും നവീൻ. പാടത്തെ കുറിച്ച് കൂടുതൽ അറിയാനായി നവീൻ നെ ടീച്ചർ കൊണ്ടുപോയ്‌ക്കോട്ടെ. എന്ന് ഞാൻ കുട്ടികളോട് ചോദിച്ചു. അവരുടെ അനുവാദത്തോടെ ഞാനും നവീനും ക്ലാസിനു പുറത്തു കടന്നു. വരാന്തയിലൂടെ മുറ്റത്തേക്കിറങ്ങി. നവീൻ നെ  ചേർത്തുപിടിച്ചു ചോദിച്ചു. 
 മോന്റെ അച്ഛന്റെ പേര് എന്താ?.
 എന്റെ കൈ തട്ടി മാറ്റി അവൻ ഒരു മറുചോദ്യം?
ഏത് അച്ഛന്റെ പേര് ടീച്ചർക്ക് അറിയേണ്ടത്? ഞാൻ പരിഭ്രമത്തോടെ എന്ത് ചോദ്യാ മോനെ ഇത്.  ടീച്ചർക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ? അവൻ തുടർന്നു. എനിക്ക് രണ്ട് അച്ഛന്മാരുണ്ട്. ഒന്ന് ജയിലിലും, മറ്റൊന്ന്  അമ്മയോടൊപ്പവും. ഇതിലേത് അച്ഛന്റെ പേരാ  അറിയേണ്ടത്?
 ടീച്ചർക്കറിയോ ഞാൻ തന്തയില്ലാത്തവനാ.... 
 ഒന്നും മനസ്സിലാക്കാൻ ആവാതെ ഞാൻ അവന്റെ മുന്നിൽ നിന്നു  വീർപ്പുമുട്ടി. എവിടെ തുടങ്ങണം? എന്തു ചോദിക്കണം? എനിക്കൊരു രൂപവും ഇല്ല. എന്റെ കൃഷ്ണാ.... അറിയാതെ വിളിച്ചുപോയി. 
 അവനെ അടുത്തു നിർത്തി ഞാൻ പറഞ്ഞു ഇങ്ങനെയൊക്കെ പറഞ്ഞാൽ ടീച്ചർ എന്താ ചെയ്യാ. വാ നമുക്ക് വരാന്തയിൽ ഇരിക്കാം.
 അവിടെയിരുന്ന് സംസാരിക്കാം. ഞങ്ങൾ വരാന്തയിൽ ചെന്നിരുന്നു. എന്തേ മോൻ ഇങ്ങനെ പറയാൻ? 
 അവൻ പറഞ്ഞു തുടങ്ങി... അവന്റെ കഥ... 
 ടീച്ചറെ ഞാൻ എന്റെ അമ്മയ്ക്ക് കല്യാണം കഴിക്കുന്നതിനു മുന്നേ ഉണ്ടായ സന്തതിയാ.. എന്റെ അമ്മൂമ്മ പറയും നിന്റെ തല കണ്ടതും ഈ തറവാട് നശിച്ചു. പിന്നെ ശകാരവാക്കുകളായി. അമ്മൂമ്മ എപ്പോഴും പറയും തന്തയില്ലാത്തവൻ.നീ  പിറന്നതു മുതൽ ഇവിടെ എന്നും ദാരിദ്ര്യാ... ഗുണം പിടിക്കാത്തവൻ. എവിടെയെങ്കിലും പോയി തുലയ്.. അതുകേട്ട് മുത്തശ്ശിയും. തന്തയില്ലാത്തവൻ.. തന്തയില്ലാത്തവൻ... 
 കേട്ടു കേട്ടു മടുത്തു ടീച്ചറെ. എന്റെ കുറ്റം കൊണ്ടാണോ ഞാൻ ഇങ്ങനെയായത്?.
 ഇന്ന് എന്നെ എന്തിനാ ശിക്ഷിച്ചത് എന്നറിയണ്ടേ. എന്റെ വീടിനടുത്തുള്ള വിശ്വം എന്നെ തന്തയില്ലാത്തവൻ എന്നു വിളിച്ചു. അതു കേട്ട് മറ്റു കുട്ടികൾ ചിരിച്ചു. എനിക്ക് ആകെ ദേഷ്യം വന്നു. ഞാനവനെ അടിച്ചു. താഴെ വീണു. ഞാൻ പുറത്തു കയറിയിരുന്ന് ഇടിച്ചു. കണ്ടുവന്ന ക്ലാസ് ടീച്ചർ പ്രധാന അധ്യാപികയുടെ അടുത്തുകൊണ്ടുപോയി. ഇനിയൊരിക്കലും അവനെന്നെ അങ്ങനെ വിളിക്കരുത്. എനിക്കത് സഹിക്കാനാവില്ല. ആർക്കും വേണ്ടാത്ത സന്തതിയാണ് ഞാൻ. എന്നെ ആർക്കും ഇഷ്ടമല്ല... അവന്റെ കണ്ണുകൾ നിറഞ്ഞു. ആ അഞ്ചാം ക്ലാസ്സുകാരൻ തേങ്ങി. തുടർന്നുള്ള കാര്യങ്ങൾ കേൾക്കാനായി ക്ഷമയോടെ മനസ്സ് തേങ്ങി ഞാനും ഇരുന്നു. 

 എന്റെ അമ്മയുടെ ആദ്യത്തെ ഭർത്താവ് ഇപ്പോൾ ജയിലിൽ ആണ്. അമ്മ ഇപ്പോൾ രണ്ടാമത്തെ ഭർത്താവിന്റെ കൂടെയാ. ഞാനും മുത്തശ്ശിയും അമ്മൂമ്മയും ആണ് വീട്ടിൽ. അമ്മൂമ്മ അടുത്ത വീട്ടിൽ പണിക്കു പോകും.. വരുമ്പോൾ ചായയും കടിയും കൊണ്ടുവരും. അത് മുത്തശ്ശിക്ക് കൊടുക്കും.
 ടീച്ചർക്ക് വിശപ്പു വന്നാൽ എന്താ ചെയ്യാ?.. ഞാൻ
 അവന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണിലൊരു തിളക്കം.
 രാവിലെ എഴുന്നേറ്റ് അമ്മൂമ്മ ചായയുമായി വരുന്നതുവരെ ഞാൻ കാത്തിരിക്കും. ചായ മുത്തശ്ശിക്ക് കൊടുത്താൽ വീട്ടിൽ നിന്നിറങ്ങി നടക്കും. നന്നായി വിശക്കുമ്പോൾ പാടത്ത് കൂടെ ഓടും.. നമ്മൾ ഓടിയാൽ വിശപ്പ് അറിയില്ല ടീച്ചറെ. ഓടിയോടി തളർന്നാൽ വെള്ളം കുടിക്കും. റോഡ് സൈഡിലെ പൈപ്പിൽ നിന്ന്. എന്തു സ്വാദാ... പച്ച വെള്ളത്തിന്. എന്റെ മിഴികൾ നിറയുന്നുണ്ടായിരുന്നു. എന്റെ കുട്ടികൾ... വയറുനിറയെ ഭക്ഷണം കഴിക്കുന്നവർ....
 ഞാൻ ഈ സ്കൂളിൽ പഠിക്കുന്നത് എന്തിനാന്നറിയോ ടീച്ചർക്ക്. അവന്റെ ചോദ്യം എന്നിൽ പരിസരബോധം ഉണർത്തി.ഇവിടെ ഉച്ചയ്ക്ക് ചോറ് കിട്ടും. വയറു നിറയെ. ഏഴാം ക്ലാസ് കഴിഞ്ഞാൽ ഹോട്ടലിൽ പോകും. അവിടെ ഗ്ലാസ് കഴുകിയാൽ ചോറ് കിട്ടും എന്ന് എന്റെ അടുത്ത വീട്ടിലെ ചേട്ടൻ പറഞ്ഞു.
 ഒന്നും പറയാനാവാതെ അവനെ നോക്കി ഞാൻ ഇരുന്നു. നിറഞ്ഞ മിഴികളോടെ... വിങ്ങുന്ന മനസ്സോടെ.... അന്ന് ഒരു സത്യം ഞാൻ മനസ്സിലാക്കി. എന്റെ മുന്നിലിരിക്കുന്ന കുട്ടികളിൽ ചിലരെങ്കിലും പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്നവർ ആയിരിക്കും. ക്ലാസിൽ എത്തിയാൽ എല്ലാവരും ഭക്ഷണം കഴിച്ചോ എന്ന് ഇനി മുതൽ ചോദിക്കണമെന്ന് ഞാൻ എന്റെ മനസ്സിൽ കോറിയിടുമ്പോൾ നിറഞ്ഞ മിഴികളോടെ അവൻ എന്നെ നോക്കുന്നുണ്ടായിരുന്നു... സൂര്യരശ്മികൾ അവനെ ആലിംഗനം ചെയ്യുന്നുണ്ടായിരുന്നു...

 മോന് അമ്മയുടെ കൂടെ നിന്നൂടെ ഞാൻ ചോദിച്ചു. ഉം.. നന്നായിട്ടുണ്ട്... ഇന്നലെ മുത്തശ്ശിക്ക് സാധനങ്ങൾ വാങ്ങാനായി അമ്മൂമ്മ എന്റെ കയ്യിൽ പൈസ തന്നു. ഞാൻ സാധനങ്ങൾ വാങ്ങി തിരിച്ചുവന്ന് ബാക്കി പൈസ അമ്മൂമ്മയുടെ കയ്യിൽ കൊടുത്തു. അമ്മൂമ്മ വടിയെടുത്തു എന്നെ പൊതിരെ തല്ലി. കള്ളൻ.... തന്തയില്ലാത്തവൻ... താന്തോന്നി... എങ്ങിനെ നന്നാവാനാ.. ശകാരവാക്കുകൾ തുടങ്ങി.. ഞാനെന്റെ ചെവികൾ പൊത്തി. എന്തിനാ തല്ലിയത് എന്ന് എനിക്ക് മനസ്സിലായില്ല. എന്തിനാണെന്ന് ചോദിച്ചപ്പോൾ അമ്മൂമ്മ പറയാ 500 രൂപയ്ക്ക് സാധനങ്ങൾ വാങ്ങി ബാക്കി 10 രൂപ അല്ലേ. ബാക്കി നീയെടുത്തു കള്ളൻ.. മോഷണവും തുടങ്ങി. ഞാൻ എടുത്തില്ല അമ്മൂമ്മേ.. എനിക്കറിയില്ല... സത്യായിട്ടും ഞാൻ മോഷ്ടിച്ചില്ല... കടക്കാരൻ അത്രയേ തന്നുള്ളൂ..

 എന്റെ വാക്കുകൾ അമ്മൂമ്മ കേൾക്കുന്നുണ്ടായിരുന്നില്ല... ശകാരവാക്കുകൾ തുടർന്നുകൊണ്ടിരുന്നു... അവസാനം ഞങ്ങൾ രണ്ടു പേരും കൂടി കടയിലേക്ക്. അവിടെ ചെന്നപ്പോഴാ  അറിയുന്നത് 90 രൂപയെ സാധനങ്ങൾക്ക് ആയിട്ടുള്ളൂ. 100 രൂപയാണ് എന്ന് കരുതി 10 രൂപ തിരിച്ചു തന്നു. ബാക്കി പൈസ ക്ഷമാപണത്തോടെ കടക്കാരൻ അമ്മൂമ്മയ്ക്ക് നൽകി. അമ്മൂമ്മ എന്നെ നോക്കുക പോലും ചെയ്യാതെ പൈസയുമായി നടന്നു നീങ്ങി,, 

 എനിക്ക് ആകെ സങ്കടമായി. കള്ളൻ എന്ന്  എന്നെ വിളിച്ച് ആ വീട്ടിലേക്ക് ഇനി ഞാനില്ല. ദാരിദ്ര്യത്തിന്റെ  വീട്ടിലേക്ക്... നേരെ എന്റെ അമ്മ താമസിക്കുന്ന വീട്ടിലേക്ക് നടന്നു. അവിടെ ചെന്നപ്പോൾ എന്റെ രണ്ടാനച്ഛൻ എനിക്ക് തന്ന സമ്മാനം കാണണ്ടേ ടീച്ചർക്ക്. നവീൻ യൂണിഫോം ഷർട്ട് ഊരി.  തിരിഞ്ഞു നിന്നു. അവന്റെ പുറത്ത് അടിയുടെ പാടുകൾ... ആ പുറത്ത് ഞാനറിയാതെ ഒന്നു തലോടി.. എന്റെ മോനേ.... ഞാൻ അവനെ കെട്ടിപ്പിടിച്ചു... നെറുകയിൽ ചുംബിച്ചു... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഈ കുഞ്ഞുപ്രായത്തിൽ എന്തെല്ലാം അനുഭവങ്ങൾ... അവൻ കരഞ്ഞുകൊണ്ട് തുടരുന്നുണ്ടായിരുന്നു. ആ രാത്രിയിൽ ഞാൻ വീണ്ടും എന്റെ അമ്മയുടെ അടുത്തേക്ക്. വീണ്ടും എന്തോ പറയാൻ നവീൻ ശ്രമിച്ചപ്പോൾ ഞാൻ അവന്റെ വായ പൊത്തിപ്പിടിച്ചു. 


മതി മോനേ.. ഇനി ഒന്നും പറയേണ്ട... 
ഞാൻ അവനെ എന്റെ അടുത്തിരുത്തി.. 
മുടിയിൽ തലോടി... 
ആശ്വസിപ്പിച്ചു.... 
കണ്ണുകൾ ഒപ്പി.... 
ദൈവം നല്ലത് വരുത്തും.. 
അതു കേട്ടതും ദൈവം ഇല്ല ടീച്ചറെ... 
ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയാവോ... 
എല്ലാവരും എന്നെ വെറുക്കോ... 
ഞാനെന്ത് ചെയ്തിട്ടാ...
 ഇവിടെ പലരും എന്നോട് ദേഷ്യപ്പെടും. ഞാൻ ഒന്നും പറയാറില്ല.. കാരണം എനിക്ക് ഇവിടെ നിന്ന് ചോറ് കിട്ടും..
 മോന് പഠിക്കണ്ടേ? മിടുക്കനാ വേണ്ടേ? പഠിച്ചു ജോലി സമ്പാദിക്കണ്ടേ.. നല്ല കുട്ടിയാ വേണ്ടേ?.. 
എന്റെ വാക്കുകൾ കേട്ടതും അവൻ ഒന്നു ചിരിച്ചു... 
ഞാനോ.?.. 
നല്ല കുട്ടിയോ... 
എനിക്ക് എല്ലാ വിഷയത്തിനും ഡി ഗ്രേഡ് ടീച്ചറെ... 
ഞാൻ ഒന്നും പഠിച്ചാൽ മിടുക്കൻ ആവില്ല... 
ഇത് കഴിഞ്ഞാൽ ഞാൻ ഹോട്ടലിൽ...

 ആ മനസ്സിന്റെ തീരുമാനം മാറ്റാൻ കുറച്ചു സമയം എടുത്തു. സ്നേഹത്തോടെ അവനെ പഠിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റെടുത്തു. കാലത്തെ ഭക്ഷണം അതെ സ്റ്റാഫ് മീറ്റിങ്ങിൽ ചർച്ച ചെയ്തു മാനേജ്മെന്റ് പിന്തുണയോടെ പ്രാതൽ കഴിക്കാതെ വരുന്ന കുട്ടികൾക്ക്ചായ ഉപ്പുമാവ് ഇഡ്ഡലി എന്നിവ നൽകാൻ ഏർപ്പാടാക്കി.

 പിന്നീട് ഒരു ദിവസം സ്കൂൾ ഗേറ്റ് തുറന്നു വരുന്നത് കണ്ടു നവീൻ എന്റെ അടുത്തേക്ക് ഓടിവന്നു. എന്നിട്ട് പറയാ ടീച്ചറെ എനിക്ക് ഗണിതത്തിൽ ബിഗ്രേഡ്. നവീൻ സന്തോഷവാനായിരുന്നു. മറ്റു കുട്ടികളോടൊപ്പം പാറിപ്പറന്ന സ്കൂൾ ഗ്രൗണ്ടിലൂടെ അവൻ നീങ്ങി.. അവന്റെ ക്ലാസ് ടീച്ചർ അവന്  പ്രിയപ്പെട്ടതായി.
 ഞാൻ മുന്നേ പ്ലസ്ടുവിൽ പഠിപ്പിച്ച ഒരു കുട്ടിയെ കൊണ്ട് അവനെ പഠിപ്പിക്കാനായി സ്പോൺസർ ചെയ്യിപ്പിച്ചു. പക്ഷേ.. അവന്റെ അമ്മൂമ്മ.. തറവാടി യായ അമ്മൂമ്മ അതു നിഷേധിച്ചു. ഇന്ന് ആ കുട്ടി... നവീൻ.. എവിടെയാണോ ആവോ?.. 

 അധ്യാപന തീച്ചൂളയിൽ വെന്തുരുകിയ ഒരു അനുഭവം....


✒✒

ഒരിറ്റ് കണ്ണ് നീരോടു കൂടിയല്ലാതെ നിങ്ങൾക്കിത് മുഴുമിപ്പിക്കാനാവില്ല.

Share/Bookmark

No comments: