മുത്ത്വലാഖ് അടിയന്തിരമായി നിരോധിക്കണം (ത്വലാഖ് - കുട്ടിക്കളിയല്ല)
ഒറ്റയിരുപ്പില്‍ മൂന്നു ത്വലാഖും ഒന്നിച്ചു പറയുന്ന മുസ്‌ലിം വിവാഹ നിയമത്തിലെ മുത്ത്വലാഖ് നിരോധിക്കണമെന്ന ഡോ: പാം രാജ്പുത് സമിതി റിപ്പോര്‍ട്ട് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പൂര്‍ണമായും സ്വാഗതാര്‍ഹമാണ്.
ഖുര്‍ആന്‍ പറയുന്നു: ''വിവാഹമോചനം രണ്ടുവട്ടമാകുന്നു. തുടര്‍ന്ന് ഇണയെ ഭംഗിയായി പിരിച്ചയക്കുകയോ ന്യായമായ രീതിയില്‍ കൂടെനിര്‍ത്തുകയോ ചെയ്യേണ്ടതാകുന്നു.'' (ബഖറ: 229)
വിവാഹമോചനത്തിന്റെ ശരിയായ രീതിയാണ് ഈ സൂക്തത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ഖുര്‍ആന്‍ അവതരിക്കുന്നതിനു മുമ്പ് അറബികള്‍ക്കിടയിലെ വിവാഹം, വിവാഹമോചനം എന്നിവ വ്യവസ്ഥാപിതമായിരുന്നില്ല. ''രണ്ടുവട്ടം'' എന്നതിന്റെ താല്‍പര്യം തിരിച്ചെടുക്കാനുള്ള അവകാശം നിലനില്‍ക്കുന്ന വിവാഹമോചനം രണ്ടുവട്ടമാകുന്നു എന്നതാണ്. വിവാഹമോചനത്തിന്റെ ശരിയായ രൂപം ഇപ്രകാരമാണ്: ഇണയുമായി ഒത്തുപോകില്ല എന്ന അവസ്ഥ വന്നാല്‍ പ്രസ്തുത വിഷയം ചര്‍ച്ചക്കു വെക്കുക എന്നതാണ് ഒന്നാം ഘട്ടം.
ഖുര്‍ആന്‍ പറയുന്നു; ''ദമ്പതികള്‍ക്കിടയില്‍ ബന്ധം അറ്റുപോകുമെന്ന് ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ അവന്റെ കുടുംബത്തില്‍നിന്ന് ഒരു മധ്യസ്ഥനെ നിയോഗിക്കുക; ഒരു മധ്യസ്ഥനെ അവളുടെ കുടുംബത്തില്‍നിന്നും. അവരിരുവരും യോജിപ്പ് ആഗ്രഹിച്ചാല്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പിന്റെ വഴി തുറന്നു കൊടുക്കുന്നതാകുന്നു. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.'' (നിസാഅ്: 35)